2015, ജനുവരി 11, ഞായറാഴ്‌ച

സമരവിളംബരം 2015 ജനുവരി 16 പോസ്റ്റര്‍

മാതൃഭാഷയായ മലയാളത്തിന് വിദ്യാഭ്യാസഭരണ രംഗങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി മലയാള ഐക്യവേദി, മലയാള സമിതി, മലയാള സംരക്ഷണവേദി എന്നീ മാതൃഭാഷസംഘടനകളുടെ പൊതുവേദിയായ ഐക്യമലയാള പ്രസ്ഥാനം സമരരംഗത്താണെന്ന കാര്യം താങ്കള്‍ക്കറിവുള്ളതാണല്ലോ. തമിഴിനോടും തെലുങ്കിനോടും കന്നടയോടുമൊപ്പം ശ്രേഷ്ഠഭാഷാപദവി വേണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ മുമ്പില്‍ വാദിക്കുകയും അത് നേടിയെടുക്കുകയും ചെയ്ത നമ്മള്‍ ആ സംസ്ഥാനത്തിലെ സര്‍ക്കാറുകള്‍ ആ ഭാഷകള്‍ക്ക് നല്‍കിയ പദവി നല്‍കാന്‍ തയ്യാറില്ലെന്നതാണ് ഖേദകരം. മലയാളത്തിന് ശ്രേഷ്ഠഭാഷയെന്നത് ഒരു അലങ്കാരപദവി മാത്രമാണ്. നാം നിരന്തരമായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി മലയാളം സ്‌കൂള്‍ തലത്തില്‍ നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്നതിനുള്ള ഉത്തരവിറങ്ങിയെങ്കിലും അത് ഒരിടത്തും പ്രവൃത്തിയില്‍ വന്നിട്ടില്ല. ഭരണഭാഷയാക്കുന്ന പ്രവര്‍ത്തനം ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.കോടതിഭാഷയുമാക്കുന്നതിനുള്ള പഴയകാല ഉത്തരവുകള്‍ വെളിച്ചം കണ്ടിട്ടില്ല.ഭരണതലത്തിലും വിദ്യാഭ്യാസ മേഖലയിലും മലയാളത്തിന് അര്‍ഹമായ സ്ഥാനം നല്‍കുന്ന സമഗ്ര മലയാളനിയമം നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കണമെന്ന് ഐക്യമലയാള പ്രസ്ഥാനം നിരന്തരം ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2013 മാര്‍ച്ചില്‍ പ്രസിദ്ധനോവലിസ്റ്റും തിരൂര്‍ തുഞ്ചന്‍പറമ്പിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ ശ്രീ. കെ.പി.രാമനുണ്ണി സമഗ്ര മലയാളനിയമം നിയമസഭയില്‍ അവതരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്തിയത്. തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം പാസ്സാക്കുമെന്ന മന്ത്രിതലത്തിലുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ പല നിയമസഭാ സമ്മേളനങ്ങള്‍ കഴിഞ്ഞുപോയിട്ടും നിയമം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. തുടര്‍ന്ന് നിയമസഭാ മാര്‍ച്ചുള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തിയപ്പോള്‍ നിയമം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പു നല്‍കിയിരുന്നതാണ്. ഈ ഡിസംബറിലെ നിയമസഭയില്‍ അത് അവതരിപ്പിക്കുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും അതുണ്ടായില്ല.ഈ സാഹചര്യത്തില്‍ വീണ്ടും സമരരംഗത്തിറങ്ങാന്‍ മലയാളഭാഷാസ്‌നേഹികളും ഐക്യമലയാള പ്രസ്ഥാനവും നിര്‍ബന്ധിതമായിരിക്കുന്നു. 2015 ഫെബ്രുവരി 16 ന് നിയമസഭയുടെ മുമ്പില്‍ കേരളത്തിലെ സാഹിത്യസാംസ്‌കാരിക നായകരുടെ നേതൃത്വത്തില്‍ വമ്പിച്ച നിരാഹാരസരം ആരംഭിക്കുകയാണ്. ജില്ലാതലങ്ങളില്‍ അനുഭാവ സമരങ്ങളും നടക്കും. സമരവിളംബരമെന്ന നിലയില്‍ ജനുവരി 16 ന് രാവിലെ അക്ഷരം പഠിക്കുന്ന പ്രായത്തിലുള്ള പിഞ്ചുകുട്ടികള്‍ തിരുവനന്തപുരത്ത് 'ഞങ്ങള്‍ക്ക് മലയാളം പഠിക്കണം' എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ട് കാന്‍വാസില്‍ മലയാള അക്ഷരം കുറിച്ചുകൊണ്ട് ഭാഷാവകാശപ്രഖ്യാപനം നടത്തും. കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാകാരന്മാര്‍ സെക്രട്ടറിയേറ്റിനു ചുറ്റുമുള്ള ക്യാന്‍വാസില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രചനകള്‍ നടത്തും. മാതൃഭാഷയ്ക്കു വേണ്ടിയുള്ള ഈ മഹാപ്രക്ഷോഭത്തിലണിനിരക്കാന്‍ ജനാധിപത്യവിശ്വാസികളായ എല്ലാവരോടും അഭ്യാര്‍ത്ഥിക്കുന്നു.സമരം വമ്പിച്ച വിജയമാക്കുന്നതിനു വേണ്ടിയുള്ള സ്വാഗതസംഘരൂപീകരണയോഗം ജനുവരി 9 ന് പ്രസ്സ് ക്ലബിനടത്തുള്ള ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ 4.30 ന് ചേരുകയാണ്. യോഗത്തില്‍ താങ്കളുടെ സജീവമായ സാന്നിധ്യമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.കണ്‍വീനര്‍ : എം.വി.പ്രദീപന്‍ സെക്രട്ടറി : ഹരിദാസന്‍9496729248 9495688556 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.