കടപ്പാട്: ജന്മഭൂമി
”മാതൃഭാഷ ഉള്‍പ്പെടെ ഒരു ഭാഷയും കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല” എന്നും ”പഠനമാധ്യമം തിരഞ്ഞെടുക്കുന്നത് കുട്ടികളുടെയും രക്ഷിതാക്കളുടെയും മൗലികാവകാശമാണ്” എന്നുമുള്ള സുപ്രീംകോടതിയുടെ പ്രഖ്യാപനമായിരുന്നു വാര്‍ത്തയുടെ പൊരുള്‍.
”മാതൃഭാഷയോ പ്രാദേശികഭാഷയോ പ്രാഥമിക വിദ്യാലയങ്ങളിലെ നിര്‍ബന്ധിത പഠനമാധ്യമമാക്കുന്നത് കുട്ടികളുടെ വളര്‍ച്ചയെ ദൂരവ്യാപകമായി സ്വാധീനിക്കും.” എന്നുകൂടി കോടതി നിരീക്ഷിച്ചിരിക്കുന്നു!
ഈ വാര്‍ത്ത വായിച്ചപ്പോള്‍ എന്നില്‍ പല ചോദ്യങ്ങളും ഉയര്‍ന്നു. ‘അടിച്ചേല്‍പ്പിക്കല്‍’ എന്താ കോടതികളുടെ മൗലികാവകാശമാണോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. നല്ല കാര്യങ്ങളിലാണെങ്കില്‍ സമ്മതിക്കാം.
സാമാന്യബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത മണ്ടത്തരങ്ങളായാലോ? കോടതിവിധിയായി അങ്ങനെ പലതും കണ്ടപ്പോഴെല്ലാം ചിന്തിച്ചിട്ടുണ്ട്; അതിലൂടെ ദുരനുഭവങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പാവം മനുഷ്യരെപ്പറ്റി.
അത്തരത്തില്‍ ദുര്‍വിധികള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനാകേണ്ടിവന്ന കയ്‌പ്പേറിയ അനുഭവ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. മലയാള ഭാഷയോട് പഠനകാലം മുതല്‍ താല്‍പ്പര്യം പുലര്‍ത്തിപ്പോന്ന എനിക്ക് ആ ഭാഷയില്‍ കൈവന്ന മികവുകൂടി പരിഗണിച്ചാണ് ഏലം ബോര്‍ഡില്‍ ജോലി ലഭിച്ചത്. അപ്രകാരം ആത്മാര്‍ത്ഥമായി ജോലി ചെയ്യവേ എനിക്ക് അഴിമതികളെ എതിര്‍ക്കേണ്ടി വന്നു. അപ്പോള്‍ മേലാളരുടെ മട്ടൊന്നു മാറി. ജോലിയില്‍ തുടരുക എന്ന എന്റെ മൗലികാവകാശത്തെ നിഷേധിച്ച് അവര്‍ മറ്റൊരു തീരുമാനം അടിച്ചേല്‍പ്പിച്ചു. അതിലെ അന്യായത്തിന്റെ നേരെ സുപ്രീംകോടതിയും കണ്ണടയ്ക്കുകയായിരുന്നു! എന്തുചെയ്യാം!
ആത്മഹത്യയുടെ വക്കോളമെത്തിയ എനിക്ക് മാതൃഭാഷയിലൂടെ ലഭിച്ച ധാര്‍മ്മികാവബോധമാണ് തുണയായത്. അതിനാല്‍ പ്രാഥമികതലം മുതല്‍ കുട്ടികള്‍ക്ക് ധാര്‍മ്മികപാഠങ്ങള്‍ മാതൃഭാഷയിലൂടെ നല്‍കണമെന്നാണ് എന്റെ അഭിപ്രായം. നിര്‍ഭാഗ്യവശാല്‍ അക്കാര്യം ഇന്നും ആരും ശ്രദ്ധിക്കുന്നില്ല. തല്‍ഫലമായി കുട്ടികളില്‍ കുറ്റവാസനകളും മദ്യാസക്തിയും ആത്മഹത്യാ പ്രവണതയും ഏറിവരുന്നതിന്റെ എത്രയോ വാര്‍ത്തകള്‍ നാം ദിവസവും കാണുന്നതല്ലേ?
ദേശത്തിന്റെ ഭാഷ നന്നായി പഠിക്കണമെന്നത് ദേശവാസികളെ നന്നായി സേവിക്കാന്‍ വേണ്ടിക്കൂടിയാണ്. വിദേശഭാഷ പഠിച്ച് ഡോക്ടറാകുന്നവര്‍ വിദേശത്തുപോയി വിദേശികളെ സേവിക്കാന്‍ ഇഷ്ടപ്പെടും. കൂടുതല്‍ പണം നേടലാണ് ലക്ഷ്യം. അയാള്‍ ഇവിടെയാണ് ജോലി ചെയ്യുന്നതെങ്കിലോ? രോഗികള്‍ കഷ്ടപ്പെടും; രോഗി പറയുന്ന വിവരങ്ങളൊന്നും വേണ്ടവിധം ഗ്രഹിക്കാതെയാവും ചികിത്സ!
2014 മെയ് 25ലെ പത്രത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. കാലിന്റെ ഉപ്പൂറ്റിയില്‍ വന്ന മുഴ മാറ്റാന്‍ ചെന്ന ഒരു ആണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഒരു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്രെ! അതൊരു പെണ്‍കുട്ടിയായിരുന്നെങ്കിലോ? ശസ്ത്രക്രിയ മാറിടത്തിലായെന്നും വരാം!
ഇങ്ങനെയുള്ള ‘രോഗം മാറ്റല്‍’-ഇടതു കണ്ണിന് പകരം വലതു കണ്ണില്‍ ശസ്ത്രക്രിയ മുമ്പും വാര്‍ത്തകളായി വന്നിട്ടുണ്ട്. ദേശസേവകരാകേണ്ടവര്‍ ദേശദ്രോഹികളായി മാറുന്ന അവസ്ഥയാണിത്. ഇതിനെ പ്രതിരോധിക്കാന്‍ നാട്ടുഭാഷാ പഠനത്തിലൂടെ കഴിയും. സാംസ്‌കാരികത്തനിമയും സ്‌നേഹോഷ്മളതയും അത് സമ്മാനിക്കുന്നുണ്ട്. വൈദേശികത്വത്തിലൂടെ പലപ്പോഴും കടന്നുവരിക കൃത്രിമത്വവും യാന്ത്രികതയുമത്രെ.
മാതൃഭാഷ ഒന്നാം ഭാഷയായി പഠിക്കണമെന്ന് വാദിക്കുന്നവരാരും ഇംഗ്ലീഷോ ഹിന്ദിയോ മറ്റു ഭാഷകളോ പഠിക്കരുതെന്ന് വിലക്കാറില്ല. അവയും നന്നായി പഠിക്കണമെന്നേ പറയൂ. പക്ഷേ, ഇംഗ്ലീഷ് മാധ്യമക്കാരുണ്ടല്ലോ; മഹാ സ്വാര്‍ത്ഥികളാണവര്‍. ഇംഗ്ലീഷേ പഠിക്കാവൂ, പറയാവൂ, എഴുതാവൂ എന്ന് ശഠിക്കും. ദേശഭാഷ മിണ്ടിപ്പോകരുത്; മിണ്ടിയാല്‍ ശിക്ഷകിട്ടും! ഇത് മര്യാദയാണോ? ഏകാധിപത്യമല്ലേ?
അങ്ങോട്ടെങ്ങനയാണോ അതുപോലെയല്ലേ ഇങ്ങോട്ടും വേണ്ടത്? നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനേയും കാണണ്ടേ? പരസ്പര ബഹുമാനം വേണ്ടേ? സഹകരണം വേണ്ടേ? ഇംഗ്ലീഷ് പഠിപ്പിക്കുന്നിടത്ത് മലയാളം പഠിപ്പിക്കില്ല; പഠിക്കാന്‍ അവസരം നല്‍കില്ല എന്നു പറയുന്നത് തുല്യനീതി എന്ന സങ്കല്‍പ്പത്തിന് വിരുദ്ധവും മൗലികാവകാശ നിഷേധവുമല്ലേ?
മനുഷ്യന്‍ മനുഷ്യന് അയിത്തം കല്‍പ്പിച്ച ഒരു കാലമുണ്ടായിരുന്നല്ലോ. അത് പ്രാകൃതമാണെന്ന് ഇന്ന് നാം സമ്മതിക്കുന്നുണ്ട്. എങ്കില്‍ ഒരു ഭാഷ മറ്റൊരു ഭാഷയ്ക്ക് അയിത്തം കല്‍പ്പിക്കുന്നത് പ്രാകൃതമല്ലേ?
ഇംഗ്ലീഷ് വരിഷ്ഠഭാഷയും മലയാളം നികൃഷ്ടഭാഷയുമായി കരുതുന്നത് തെറ്റല്ലേ? അത്തരത്തില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളോ സ്വകാര്യ സ്ഥാപനങ്ങളോ വിവേചനം കാണിക്കുന്നുവെങ്കില്‍ അവരെ ശിക്ഷിക്കുകയല്ലേ കോടതികള്‍ ചെയ്യേണ്ടത്?
പണച്ചാക്കുകള്‍ നടത്തുന്ന സ്‌കൂളുകളില്‍നിന്ന് പാവപ്പെട്ടവരുടെ ഭാഷയെ, നാടന്‍ ഭാഷയെ പടിപ്പുറത്ത് നിര്‍ത്തുന്നത് ഏറ്റവും വലിയ അനീതിയാണ്. ഇത് യഥാര്‍ത്ഥത്തില്‍ സാധാരണക്കാരന്റെ ഭാഷാവകാശ-ഭാഷാഭിമാന-ദേശാഭിമാന ധ്വംസനംതന്നെയാണ്!
ഒരു പുരാണകഥ ഇവിടെ പ്രസക്തമായിട്ടുണ്ട്. സകലരും തന്റെ നാമം മാത്രമേ ജപിക്കാവൂ എന്ന് കല്‍പ്പിച്ച ഹിരണ്യകശിപുവിന്റെ കഥ.
പക്ഷേ, അയാളുടെ പുത്രനായ പ്രഹ്ലാദന്‍ അത് ലംഘിച്ചു, ”നാരായണ നമഃ” എന്ന് ജപിച്ചു. അവനെ ആനയെക്കൊണ്ട് കുത്തിച്ചും, പാമ്പിനെക്കൊണ്ട് കടിപ്പിച്ചും, മലയില്‍നിന്ന് എറിഞ്ഞും, അഗ്നികുണ്ഡത്തിലെറിഞ്ഞുമെല്ലാം പീഡിപ്പിക്കുവാന്‍ ആ അസുരന്‍ മടിച്ചില്ല.
അത് അസുരഭാഷ ദേവഭാഷയെ പീഡിപ്പിച്ചതിന്റെ കഥയായിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ഭാഷ, ദുര്‍ബലന്റെ നാവരിയുവാനുള്ള പുറപ്പാടായിരുന്നു. ഭൗതികസുഖാസക്തിയുടെ ഭാഷ ആത്മീയാനന്ദഭാഷയെ നശിപ്പിക്കുവാനുള്ള ശ്രമമായിരുന്നു. അത് തടയാന്‍ ദൈവം നരസിംഹമായി അവതരിച്ചിരുന്നു.
പക്ഷേ ഇന്നോ? നാട്ടുഭാഷയായ മലയാളത്തെ സംരക്ഷിക്കാന്‍ നാംതന്നെ നരസിംഹങ്ങളായി മാറേണ്ടിവരും എന്നാണ് തോന്നുന്നത്; ഭരണകൂടവും കോടതികളും പീഡകനെ നിയന്ത്രിക്കുന്നില്ല എങ്കില്‍.
മാതൃഭാഷയെ അവഞ്ജയോടെ കാണുന്ന ഒരേ ഒരു സമൂഹമേ ഈ ഭൂലോകത്തുണ്ടാവൂ, അത് നാം മലയാളികൾ ആണെന്നതിനാൽ ലജ്ജിക്കുന്നു....
മറുപടിഇല്ലാതാക്കൂമലയാളം അറിയില്ല എന്നതില്‍ അഭിമാനം കൊള്ളുന്ന മലയാളികളാണ് ഇന്ന് കൂടുതല്‍
മറുപടിഇല്ലാതാക്കൂപി.ഐ. ശങ്കരനാരായണന്‍ contact number kittumo
മറുപടിഇല്ലാതാക്കൂ