2011, ഡിസംബർ 1, വ്യാഴാഴ്‌ച

മലയാളം ഒന്നാം ഭാഷ: ഉത്തരവ് നടപ്പാക്കണം - (മാതൃഭൂമി എഡിറ്റോറിയല്‍)

മലയാളം ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ട് മൂന്നുമാസം പിന്നിട്ടെങ്കിലും സ്‌കൂളുകളില്‍ അത് നടപ്പായിട്ടില്ലെന്ന റിപ്പോര്‍ട്ട് ഭാഷാഭിമാനികള്‍ക്കെല്ലാം അസ്വസ്ഥതയുണ്ടാക്കും. തീരുമാനങ്ങള്‍ കടലാസിലുറങ്ങുന്നതിന് പലപ്പോഴും കാരണമാകുന്നത് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയോ കെടുകാര്യസ്ഥതയോ ആണ്. ഭാഷയെ സ്‌നേഹിക്കുന്നവര്‍ ദീര്‍ഘകാലമായി നടത്തിവന്ന പ്രചാരണത്തെയും സമ്മര്‍ദത്തെയുംതുടര്‍ന്ന് എടുത്ത ഈ തീരുമാനം ഒട്ടും വൈകാതെത്തന്നെ നടപ്പാക്കേണ്ടതായിരുന്നു. എല്ലാ കക്ഷികളിലുംപെട്ട ജനപ്രതിനിധികള്‍ അതിനെ പിന്തുണച്ചിരുന്നു. എന്നാല്‍, അനുകൂലമായ തീരുമാനമെടുത്ത് ആവശ്യക്കാരെ തത്കാലം തൃപ്തരാക്കിയശേഷം നടപ്പാക്കല്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന ശൈലി നമ്മുടെ ഭാഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍പ്പോലും അധികൃ തര്‍ തുടരുകയാണ്. എല്ലാനിലയ്ക്കും അപലപനീയമാണിത്.

പത്താംക്ലാസ്സുവരെ, സി.ബി.എസ്.ഇ. ഉള്‍പ്പെടെ, എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഉത്തരവ് സപ്തംബര്‍ ഒന്നിനാണ് ഇറക്കിയത്. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് അതില്‍ നിര്‍ദേശിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കാനുള്ള പ്രാരംഭനടപടികള്‍പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെ ഗൗരവമായിത്തന്നെ കാണണം. വിശദമായ ആലോചനകള്‍ക്കുശേഷമാണ് മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനമെടുത്തത്. അതു നടപ്പാക്കുമ്പോഴുണ്ടാകാവുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികളും ആയിടെ നിര്‍ദേശിച്ചിരുന്നു. ഉത്തരവിലും അതിനെക്കുറിച്ച് പറയുന്നുണ്ട്. ചില ക്രമീകരണങ്ങളിലൂടെ മലയാളപഠനത്തിന് മതിയായ സമയം കണ്ടെത്താവുന്നതേയുള്ളൂ. മലയാളം അധികമായി പഠിപ്പിക്കേണ്ടിവരുന്ന സ്‌കൂളുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നോ ദിവസവേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിശ്ചയിക്കാനും അനുവദിച്ചിരുന്നു. എന്നാല്‍, പഠനസമയം ക്രമീകരിക്കാനോ പുതിയ അധ്യാപകരെ നിശ്ചയിക്കാനോ സ്‌കൂളുകള്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ക്രമീകരണങ്ങളും തീരുമാനങ്ങളും നടപ്പാക്കാന്‍ കഴിയാത്തതെന്തുകൊണ്ട് ?

മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി പറയുന്നു. ഉത്തരവിറങ്ങിയെന്നല്ലാതെ വിശദാംശങ്ങള്‍ രേഖാമൂലം തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ചില സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ പറയുന്നത്. തീരുമാനം നടപ്പാക്കല്‍ എത്രവേണമെങ്കിലും വൈകിയേക്കാം എന്നാണ് ഇത് നല്‍കുന്ന സൂചന. ഉത്തരവിറക്കിയതുകൊണ്ടുമാത്രം അധികൃതരുടെ ചുമതല തീരുന്നില്ല. അത് നടപ്പാക്കുന്നുവെന്ന് അവര്‍ ഉറപ്പുവരുത്തുകയുംവേണം. ഭരണകൂടത്തിനു മാത്രമല്ല, മലയാളിസമൂഹത്തിനാകെ അപമാനകരമാണ് ഈ അനിശ്ചിതത്വം. ഭാഷയെ വളര്‍ത്താനും പഠിതാക്കളെ അതിലേക്ക് ആകര്‍ഷിക്കാനും പലതലങ്ങളിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നവംബറില്‍ പലേടത്തും വിപുലമായ തോതില്‍ ഭാഷാവാരം ആചരിക്കുകയുണ്ടായി. ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഭാഷാഭിമാനം വളര്‍ത്താനുള്ള പരിപാടികള്‍ നടത്തിവരുന്നു. ഇവയുടെയെല്ലാം ഫലമായി ഭാഷാസംരക്ഷണത്തിനും പ്രചാരണത്തിനും സഹായകമായ ചലനങ്ങളും പ്രതികരണങ്ങളും സമൂഹത്തിന്റെ പലകോണുകളിലും കണ്ടുതുടങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍, അനുകൂലമായ നിലപാടും നടപടികളുംകൊണ്ട് സമൂഹത്തിനാകെ മാതൃക കാണിക്കാന്‍ സര്‍ക്കാറിന് കഴിയണം. മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. സര്‍ക്കാറിന്റെ തീരുമാനം പ്രാവര്‍ത്തികമാകാതിരിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് നമ്മുടെ ഭാഷ തന്നെയാണ്.

1 അഭിപ്രായം:

  1. സര്‍ക്കാറിന്റെ തീരുമാനം പ്രാവര്‍ത്തികമാകാതിരിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് നമ്മുടെ ഭാഷ തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.