2011, ഫെബ്രുവരി 20, ഞായറാഴ്‌ച

കരുത്ത് മലയാളത്തിലൂടെ - ഗീത

മാധ്യമം

ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം
ജനശക്തി ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു
ഫെബ്രുവരിയെ നാം ജ്വലിപ്പിക്കും
എങ്ങനെ മറക്കാന്‍ കഴിയും
എനിക്കാ ഫെബ്രുവരി 21നെ?
(എന്റെ സഹോദരങ്ങളുടെ രക്തം ചിന്തിയ ഫെബ്രുവരി 21 എന്ന കവിതയില്‍ നിന്ന്)

മാതൃഭാഷയായ ബംഗാളി ഭരണഭാഷയാക്കണമെന്നാവശ്യപ്പെട്ട് കിഴക്കന്‍ പാകിസ്താനില്‍ നടന്ന വിദ്യാര്‍ഥിപ്രക്ഷോഭത്തെപ്പറ്റി അബ്ദുല്‍ഗഫാര്‍ ചൗധരിയെഴുതിയ കവിതയാണിത്. ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുള്‍പ്പെട്ട വമ്പിച്ച ജനാവലി തങ്ങള്‍ ചിന്തിക്കുന്ന ഭാഷക്കുവേണ്ടി തെരുവിലിറങ്ങി രക്തം ചിന്തി. 1952 ഫെബ്രുവരി 21നായിരുന്നു, ചരിത്രപരമായ ഭാഷാ സമരം നടന്നത്. അങ്ങനെ കിഴക്കന്‍ പാകിസ്താനില്‍ ഔദ്യോഗികഭാഷ മാതൃഭാഷയായി ഉറപ്പിച്ചെടുത്തത് മനുഷ്യരക്തത്തിലാണ്. കിഴക്കന്‍ പാകിസ്താനില്‍ നടന്ന ഭാഷക്കുവേണ്ടിയുള്ള രക്തസമര സ്മരണയാണ് ഫെബ്രുവരി 21നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയെപ്പോലും നിര്‍ബന്ധിച്ചത്.
വ്യത്യസ്തഭാഷകളില്‍ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ജനസമൂഹങ്ങള്‍ ഒന്നടങ്കം എന്തിനാണ് ഇങ്ങനെയൊരു ലോക മാതൃഭാഷാദിനം ആചരിക്കുന്നത്? അവര്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥിസമരത്തോട് സാഹോദര്യപ്പെടുന്നത് വൈകാരികവും ബുദ്ധിപരവുമായാണ്. എന്നെ ഞാനുണ്ട് എന്നറിയിക്കുന്നത് എന്റെ ഭാഷയാണ് എന്ന തിരിച്ചറിവാണ് വികാരവും ബുദ്ധിയും. അതായത് ഭാഷയെന്നാല്‍ ആശയവിനിമയ സങ്കേതം മാത്രമല്ലെന്ന തിരിച്ചറിവാണ് മനുഷ്യരെ മനുഷ്യരാക്കുന്നത്. കാരണം, പക്ഷിമൃഗാദികള്‍ക്കിടയിലും ആശയവിനിമയം നടക്കുന്നുണ്ട്. അതിനവര്‍ സ്‌കൂളിലോ കോളജിലോ സര്‍വകലാശാലകളിലോ പോയി പഠിക്കേണ്ടതില്ലല്ലോ. സ്വഭാവികചോദനങ്ങളാണ് ഏതു ജീവിയുടെയും ആശയവിനിമയോപാധികളെ രൂപപ്പെടുത്തുന്നത്. അതായത് അതിനപ്പുറത്തുള്ള വികസിത സാംസ്‌കാരിക പ്രവര്‍ത്തനമാണ് ഏതു ജനതയുടെയും ഭാഷ.
നിര്‍ഭാഗ്യവശാല്‍ ആശയവിനിമയോപാധി മാത്രമാണ് ഭാഷയെന്നും ഭാഷക്ക് തനിയേ നില്‍ക്കാനാവില്ലെന്നും ഭാഷ മറ്റു വിഷയങ്ങളെ ആശ്രയിച്ചു മാത്രമാണ് നില്‍ക്കുന്നതെന്നുമൊക്കെ പറയുകയും പ്രചരിപ്പിക്കുകയും അടിച്ചേല്‍പിക്കുകയും ചെയ്യുന്ന അക്കാദമിക ബുദ്ധിജീവിവര്‍ഗവും അധികാരികളും നിലനില്‍ക്കുന്നത് കേരളത്തില്‍ മാത്രമായിരിക്കും. അതുകൊണ്ടാണവര്‍ ഭാഷാ സാഹിത്യങ്ങളെയും മാനവിക വിഷയങ്ങളെയും വികസനത്തിനും തൊഴില്‍സാധ്യതക്കുമെതിരെന്നു പ്രചരിപ്പിക്കുന്നതും ന്യായത്തിന്മേല്‍ മലയാളത്തെ കേരളത്തില്‍ കൊന്നുതള്ളുന്നതും. വരും തലമുറകളോടവര്‍ ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണ്. എന്തെന്നാല്‍ ചിന്തിക്കുന്ന ഭാഷയിലാണ് ഏതൊരാളും വികസിക്കുക. ശുദ്ധശാസ്ത്രം മാത്രമല്ല, സാങ്കേതികവിദ്യകളും ആള്‍ സ്വാംശീകരിക്കുന്നത് സ്വഭാഷയിലൂടെയാണ്. നമ്മുടെ സ്‌നേഹം, സമരം, വിപ്ലവം, വികസനം എല്ലാം ഭാഷയിലൂടെയാണ് സംഭവിക്കുക. മാതൃഭാഷയില്ലാതാകുന്നതോടെ ഏതു ജനതയും വംശനാശത്തിലേക്ക് നയിക്കപ്പെടും. ഭാഷയില്ലാത്തവരുടെ പാരമ്പര്യവും ചരിത്രവും സംസ്‌കാരവും ഭാഷയുള്ളവര്‍ കവര്‍ന്നെടുക്കുന്നു.
സ്വന്തം ഭാഷയെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി മലയാളികള്‍ മാറിയതിന്റെ ഫലമായി കേരളത്തില്‍ മലയാളം പരിഹാസ്യവും അപരിഷ്‌കൃതവുമെന്നു വിധിക്കപ്പെട്ടു. അങ്ങനെ മലയാളം മാധ്യമമായുള്ള സ്‌കൂളുകള്‍ കുറഞ്ഞുവരുകയും ഇംഗ്ലീഷ് മാധ്യമമായുള്ളവ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു. മലയാളം പഠിക്കുന്നതും മലയാളത്തില്‍ പഠിക്കുന്നതും തൊഴില്‍സാധ്യതയില്ലാതാക്കുമെന്നതാണ് മുഖ്യപ്രചാരണം. കേരളത്തിനു പുറത്തുപോയാല്‍ മലയാളം കൊണ്ടെന്തു പ്രയോജനമെന്ന് യുവതയെ മരവിപ്പിച്ചുനിര്‍ത്താന്‍ അധികാരികള്‍ ശ്രമിക്കുന്നു. ഏതു വിഷയവും 'സ്വഭാഷ തന്‍ വക്ത്രത്തില്‍നിന്നു'ഗ്രഹിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുകയും നമ്മുടേതാവുകയും ചെയ്യുക. ദഹിക്കാത്ത വറ്റുകള്‍ ഛര്‍ദിക്കുന്നതുപോലെ വിജ്ഞാനം വിളമ്പുന്ന അന്തസ്സാരശൂന്യരെയാണോ നമുക്കിനി വാര്‍ത്തെടുക്കേണ്ടത്?
ഉത്തരേന്ത്യയില്‍ ഹിന്ദി, അറേബ്യന്‍നാടുകളില്‍ അറബി, മറ്റേതു നാട്ടിലും അന്നാട്ടിലെ മാതൃഭാഷയുമാണ് ജീവിതഭാഷ. അപ്പോള്‍പ്പിന്നെ, അവിടെപ്പോകാന്‍ ഇംഗ്ലീഷ് മാത്രം പഠിപ്പിച്ചാല്‍ മതിയോ? മാത്രമല്ല നമ്മുടെ കുട്ടികള്‍ തൊഴിലെടുക്കേണ്ടത് നമ്മുടെ നാട്ടിലാവരുതെന്ന അബോധമായ നിര്‍ബന്ധവും ഇംഗ്ലീഷ് പ്രേമത്തിന്റെ പിന്നിലുണ്ടെന്ന് കാണാം. അതോടൊപ്പം പണ്ട് ഭരിച്ചു മടങ്ങിപ്പോയ പഴയ ഇംഗ്ലീഷുകാരനോടും ഇനി ഭരിക്കാന്‍ വരുന്ന പുതിയ ഇംഗ്ലീഷധികാരിയോടുമുള്ള വിനീതവിധേയത്വവും നമ്മുടെ അധികാരികളുടെ നടു കുനിച്ചിരിക്കുന്നു.
മാതൃഭാഷയെന്നാല്‍ വെറും ഭാഷയല്ല. അതു നാം കുടിക്കുന്ന ജീവജലമാണ്. ശ്വസിക്കുന്ന വായുവാണ്. ചവിട്ടിനില്‍ക്കുന്ന മണ്ണാണ്. നമ്മെ ഉള്ളടക്കുന്ന ആകാശമാണ്. നമ്മുടെ നാട്ടിലെ പുഴയാണ്, മലയാണ്, വയലാണ്, നമ്മുടെ അന്നമാണ്... അതുകൊണ്ടാണ് മലയാളി മലയാളത്തില്‍ ചിന്തിക്കുകയും സംസാരിക്കുകയും പ്രണയിക്കുകയും ചെയ്യുന്നത്. അഹോ കഷ്ടം! ഭാഷാടിസ്ഥാനത്തില്‍ രൂപപ്പെട്ട സംസ്ഥാനമായിട്ടും കേരളത്തില്‍ മലയാളി മലയാളം പഠിക്കണോ എന്ന് നിശ്ചയിക്കാന്‍ കമ്മിറ്റി രൂപവത്കരിക്കേണ്ട ഗതികേടിലാണ് കേരളത്തിലെ ജനാധിപത്യ സര്‍ക്കാര്‍. ഭാഷാനിന്ദയിലൂടെ മൂല്യശോഷണം നേരിട്ട ജനതയാവുന്നു മലയാളി സമൂഹം. ഭാഷയും സാഹിത്യവുമില്ലാത്തവര്‍ക്ക് ശാസ്ത്രവും സാങ്കേതിക വിദ്യകളും വഴങ്ങില്ലെന്ന അടിസ്ഥാന പ്രമാണം പോലും നമ്മുടെ നേതാക്കള്‍ മറന്നുപോയല്ലോ.
ലോക മാതൃഭാഷാദിനത്തില്‍ അണിചേര്‍ന്ന് ഭാഷാസ്വത്വം വീണ്ടെടുക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് സാധിക്കട്ടെ. അങ്ങനെ അവകാശബോധമുള്ള ഒരു ജനതയായി മലയാളി വികസിക്കട്ടെ. കാരണം, മാതൃഭാഷ ഏതു ജനതയുടെയും മൗലികാവകാശമാണ്. മലയാളമാണ് കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും. കാരണം, മലയാളമാണ് കേരളത്തിന്റെ രാഷ്ട്രീയം. അങ്ങനെ ആഗോളീകരണത്തെയും വംശനാശഭീഷണിയെയും ചെറുക്കാന്‍ മലയാളത്തിലൂടെ മലയാളി കരുത്താര്‍ജിക്കട്ടെ.

3 അഭിപ്രായങ്ങൾ:

  1. മാതൃഭാഷയെന്നാല്‍ വെറും ഭാഷയല്ല. അതു നാം കുടിക്കുന്ന ജീവജലമാണ്. ശ്വസിക്കുന്ന വായുവാണ്. ചവിട്ടിനില്‍ക്കുന്ന മണ്ണാണ്. നമ്മെ ഉള്ളടക്കുന്ന ആകാശമാണ്. നമ്മുടെ നാട്ടിലെ പുഴയാണ്, മലയാണ്, വയലാണ്, നമ്മുടെ അന്നമാണ്... അതുകൊണ്ടാണ് മലയാളി മലയാളത്തില്‍ ചിന്തിക്കുകയും സംസാരിക്കുകയും പ്രണയിക്കുകയും ചെയ്യുന്നത്. അഹോ കഷ്ടം!

    മറുപടിഇല്ലാതാക്കൂ
  2. ഭാഷാടിസ്ഥാനത്തില്‍ രൂപപ്പെട്ട സംസ്ഥാനമായിട്ടും കേരളത്തില്‍ മലയാളി മലയാളം പഠിക്കണോ എന്ന് നിശ്ചയിക്കാന്‍ കമ്മിറ്റി രൂപവത്കരിക്കേണ്ട ഗതികേടിലാണ് കേരളത്തിലെ ജനാധിപത്യ സര്‍ക്കാര്‍.

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.