2010, നവംബർ 30, ചൊവ്വാഴ്ച

മലയാള ഭാഷയ്ക്കായി സമരം ചെയ്യേണ്ടിവരുന്നത് അപമാനകരം

മലയാള ഭാഷയ്ക്കായി സമരം ചെയ്യേണ്ടിവരുന്നത് അപമാനകരം - എം.എന്‍.കാരശ്ശേരി
മാതൃഭൂമി
Posted on: 30 Nov 2010
തിരുവനന്തപുരം: മലയാളികള്‍ ഭരണം നടത്തുമ്പോള്‍ മലയാളത്തെ ഒന്നാംഭാഷയാക്കാന്‍വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് അപമാനകരമെന്ന് എം.എന്‍.കാരശ്ശേരി പറഞ്ഞു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മലയാളഭാഷ ഒന്നാംഭാഷയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ്പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയ്ക്കുവേണ്ടി മലയാളികള്‍ മലയാളികളോട് പൊരുതേണ്ട ഗതികേടിലാണ്. ബ്രിട്ടീഷ്ഭരണകാലത്തുപോലും താസില്‍ദാര്‍മുതല്‍ താഴേത്തട്ടിലുള്ളവര്‍ക്ക് ഔദ്യോഗിക കത്തിടപാടുകള്‍നടത്തിയത് മലയാളത്തിലായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമാണ് മലയാളഭാഷ തഴയപ്പെട്ടുതുടങ്ങിയതെന്നും എം.എന്‍.കാരശ്ശേരി പറഞ്ഞു.

മലയാള ഭാഷ ഒന്നാംഭാഷയാക്കാനുള്ള സമരം ഓരോ കേരളീയന്റെയും രണ്ടാം സ്വാതന്ത്ര്യസമരമാണ്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തീരുമാനിച്ചാല്‍ തീരുന്നതേയുള്ളൂ എന്നാല്‍ ഇതിന് രാഷ്ട്രീയ ഇച്ഛാശക്തിവേണം. കേരളത്തിലെ കോടതികള്‍പോലും ഇംഗ്ലീഷിലാണ് ഉത്തരവിറക്കുന്നത്. ഉദ്യോഗമേധാവികളുടെ ഇടപെടലുകളാണ് മലയാളഭാഷ ഔദ്യോഗികതലത്തില്‍ അംഗീകരിക്കപ്പെടാതെ പോകുന്നതിന് പിന്നിലെന്നും എം.എന്‍. കാരശ്ശേരി ആരോപിച്ചു.

ഏഴാച്ചേരി രാമചന്ദ്രന്‍, പിരപ്പന്‍കോട് മുരളി, നടുവട്ടം ഗോപാലകൃഷ്ണന്‍, പി.കെ.രാജശേഖരന്‍, രഘൂത്തമന്‍, പന്ന്യന്‍ രവീന്ദ്രന്‍, ദേശമംഗലം രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡി.വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി. ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഭിനയയുടെ കലാകാരന്മാര്‍ നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു. മലയാളസമിതി, മലയാള ഐക്യവേദി, മലയാളസംരക്ഷണവേദി എന്നിവരുടെ സംഘടനകളുടെ ഐക്യവേദിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഹരിദാസന്‍, ഡോ.എം.കെ.ചാന്ദ്‌രാജ്, ഡോ.പി.പവിത്രന്‍, ആര്‍.നന്ദകുമാര്‍, ഡോ. കെ.എം.ഭരതന്‍, കെ.കെ.സുബൈര്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.

മലയാളം പഠനത്തിലും ഭരണത്തിലും നിര്‍ബന്ധിത ഒന്നാംഭാഷയാക്കിക്കൊണ്ട് ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കുക, പി.എസ്.സി. പരീക്ഷകളില്‍ മലയാളം പേപ്പര്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് നല്‍കി.
-------------------------------------------------------------------------------------------------
dharna

1 അഭിപ്രായം:

  1. മലയാള ഭാഷ ഒന്നാംഭാഷയാക്കാനുള്ള സമരം ഓരോ കേരളീയന്റെയും രണ്ടാം സ്വാതന്ത്ര്യസമരമാണ്.

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.