2010, നവംബർ 1, തിങ്കളാഴ്‌ച

മലയാളം നിര്‍ബന്ധമല്ലാത്ത സ്ഥിതി തുടരുന്നതില്‍ മുഖ്യമന്ത്രിക്ക് ദുഃഖം

Posted on: 02 Nov 2010
മലയാളം നിര്‍ബന്ധമല്ലാത്ത സ്ഥിതി തുടരുന്നതില്‍
മുഖ്യമന്ത്രിക്ക് ദുഃഖം

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമല്ലാത്ത സ്ഥിതി തുടരുന്നതില്‍ ആത്മാര്‍ഥമായി ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ത്രിഭാഷാ പദ്ധതി നിര്‍ബന്ധമാക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ മലയാളം സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം തുടരണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാള ദിനാചരണവും ഭാഷാവാരാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''കേരളത്തിലെ വിദ്യാലയങ്ങളില്‍ ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമാണ്. മലയാളം നിര്‍ബന്ധമല്ല. ഈ അപമാനകരമായ അവസ്ഥ ഇനിയും തിരുത്താന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായി ദുഃഖിക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഈ അവസ്ഥ ഔദ്യോഗികമായി മാറ്റിയെടുക്കുക എളുപ്പമല്ല. പരസ്​പരം പഴിചാരുന്നതിന് പകരം ഇതെങ്ങനെ മാറ്റാമെന്ന് കൂട്ടായി ആലോചിക്കണം. കേരളത്തിലെ എല്ലാ വിഭാഗത്തിലും പെട്ട സ്‌കൂളുകളില്‍ മലയാളം മാതൃഭാഷയായ കുട്ടികള്‍ നിര്‍ബന്ധമായും മലയാളം പഠിച്ചിരിക്കണം''-മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ മലയാളത്തില്‍ ഫയലുകള്‍ എഴുതുന്നത് 50 ശതമാനമേ ആയിട്ടുള്ളൂ. കോടതിഭാഷ മലയാളത്തിലാക്കണം. മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ മലയാളം മിഷന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജ്ഞാനപീഠം ലഭിച്ച കവി ഒ.എന്‍.വി. കുറുപ്പിന് മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. മന്ത്രി എം.എ. ബേബി അധ്യക്ഷത വഹിച്ചു. മലയാളത്തിന് ക്ലാസിക്കല്‍ പദവിക്കായുള്ള അവകാശവാദം കേന്ദ്രത്തില്‍ ഉന്നയിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മന്ത്രി സി. ദിവാകരന്‍, ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസ്, പി.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടര്‍ പി.കെ. രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ഭരണഭാഷ മലയാളമാക്കുന്നതിന്റെ മികവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി സമ്മാനങ്ങള്‍ നല്‍കി.

3 അഭിപ്രായങ്ങൾ:

  1. “'കേരളത്തിലെ വിദ്യാലയങ്ങളില്‍ ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമാണ്. മലയാളം നിര്‍ബന്ധമല്ല.”

    എന്തൊരു ദുരവസ്ഥ!

    മറുപടിഇല്ലാതാക്കൂ
  2. "തമിഴ്‌നാട്ടിലെ മലയാളം സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം തുടരണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു." - ആദ്യം പോയി സ്വന്തം നാട്ടില്‍ പഠിപ്പിക്കെന്ന് കരുണാനിധി പറഞ്ഞാലോ...!!!

    മറുപടിഇല്ലാതാക്കൂ
  3. മലയാളം വായിക്കാനും എഴുതാനും അറിയാത്ത വലിയ നിലയിലുള്ള ജോലിയുള്ള മലയാളികള്‍ സുലഭമാണ്. ചിലര്‍ മലയാളം അറിയാത്തത് ഗമയായിപ്പോലും കരുതുന്നു.മലയാളം വേണ്ടാത്തവർ കേരളം വിടുക .ആരും ഇവിടെ പിടിച്ചു വെക്കുന്നില്ല .കേരളത്തിൽ മലയാളത്തിൽ സംസാരിക്കാനും എഴുതാനും പഠിക്കാനും സാധിക്കുന്നില്ലെങ്കിൽ പിന്നെ ഏതു ദേശത്താണ് അതിനു കഴിയുന്നത്‌ .

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.