2016, ജനുവരി 4, തിങ്കളാഴ്‌ച

മധുരം കിനിയും മലയാളം.

മധുരം കിനിയും മലയാളം…
Sunday, Nov 1, 2015,11:07 ISTBY വിദ്യ സാബു

    മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
    ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
    അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
    സമ്മേളിച്ചീടുന്നതൊന്നാമതായ്
    മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
    മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍’’
- വളളത്തോള്‍ നാരായണമേനോന്‍
ഇന്ന് കേരളപ്പിറവി… കേരളത്തിന്‍റെ മണ്ണില്‍ മലയാള ഭാഷയുടെ ചെറുവേരുകള്‍ പതിഞ്ഞതും പിന്നെ ആഴങ്ങള്‍ തേടിയതും ഓര്‍മപ്പെടുത്തുന്ന ദിനം. യഥാര്‍ഥത്തില്‍ കേരളപ്പിറവി കേരളീയ വസ്ത്രമണിയുന്ന ഒരാഘോഷം മാത്രമാണിന്ന്. ഭാഷാടിസ്ഥാനത്തില്‍ ഒരു സംസ്ഥാനം രൂപീകൃതമായതിന്‍റെ ആഘോഷങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലാത്ത കാലഘട്ടത്തിലൂടെയാണ് കേരളത്തിലെ ഭരണരംഗം സഞ്ചരിക്കുന്നതെന്ന് ഈ ദിവസം നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മലയാള ഭാഷയെ പരിപോഷിപ്പിക്കുക, പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച മലയാളം ഐക്യവേദി എന്ന ഭാഷ സംഘടനയുടെ പിറവിക്ക് ഇന്നു പ്രസക്തിയേറുന്നതും ഇതുകൊണ്ടാണ്. ഇതേ പേരില്‍ ബ്ലോഗും നടത്തുന്നുണ്ട് സംഘടന. മലയാളം ഐക്യവേദിയുടെ സാരഥ്യം വഹിക്കുന്നവരില്‍ ഒരാളായ കോഴിക്കോട് വടകര സ്വദേശിയും മലയാളം ഭാഷാ അധ്യാപകനുമായ പി. പവിത്രന്‍ മലയാള ഭാഷയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത് ഏറെ ഇഷ്ടത്തോടെ. ആ വാക്കുകളില്‍ നിന്നു വായിച്ചെടുക്കാം മലയാളത്തോടുളള സ്നേഹം.
മലയാളം ഭാവിയുടെ ഭാഷ
ഒരു കല്യാണക്കുറിയും ചരമക്കുറിയും തമ്മിലുളള അന്തരം ലളിതമായി പറഞ്ഞു തന്നു കൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. കേരളത്തില്‍ കല്യാണക്കുറികള്‍ ഇംഗ്ലിഷില്‍ തയാറാക്കുന്നു. എന്നാല്‍ ഒരു ചരമക്കുറിപ്പ് എപ്പോഴും മലയാളത്തിലാണ് അച്ചടിക്കുന്നത്. ഇതാണ് ഈ ഭാഷകള്‍ തമ്മിലുളള അന്തരം. മലയാളത്തെ മരണത്തിന്‍റെ ഭാഷയായാണ് മലയാളികള്‍ തന്നെ കാണുന്നത്. എന്നാല്‍ മലയാളം ഭാവിയെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ഭാഷയാവണമെന്നു പറയുന്നു പി. പവിത്രന്‍. മലയാളം മരണം കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല. അത് ഭാവിയുടെ ചിഹ്നമാകണം. പൊതുവേ ഭാഷാസ്നേഹികള്‍ ധരിച്ചിരിക്കുന്നത് പഴമയിലേക്കുളള തിരിച്ചു പോക്കാണ് ഭാഷയെന്നാണ്.
എന്നാല്‍ ഇത് തെറ്റായ ഒരു ധാരണയാണ്. പലതരം ആള്‍ക്കാര്‍ക്ക് പലതരത്തില്‍ ഇടപെടാനുളള മാധ്യമമാകണം ഭാഷ. ആഭ്യന്തരമായ സൂക്ഷ്മ ഭേദങ്ങളുണ്ടാവുന്നത് ഭാഷയുടെ വളര്‍ച്ചയെ കാണിക്കുന്നു. ഭാഷ എപ്പോഴും പുതുമയെ തേടുന്നതാവണം. അനുഭവത്തിന്‍റെ സൂക്ഷ്മഭാവങ്ങള്‍ കാണിക്കുന്നതാണ് ഭാഷയെന്നും അദ്ദേഹം പറയുന്നു.
ഭാഷ സാഹിത്യത്തിന്‍റേത് മാത്രമല്ല

ഭാഷയെ സാഹിത്യകാരന്മാരുടെ മാത്രം കുത്തകയായി കാണരുത്. മലയാളത്തിന്‍റെ ഇന്നത്തെ അധഃപതനത്തിന് കാരണം തന്നെ ഭാഷയെ സാഹിത്യത്തിന്‍റേത് മാത്രമായി കണ്ടുവെന്നതാണ്. കര്‍മമേഖലയുടെ താഴേക്കിടയില്‍ നിന്ന് മുകള്‍ തട്ടില്‍ വരെ എത്തുന്നതാണ് ഭാഷയെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍. ശാസ്ത്രജ്ഞര്‍ക്ക് വേണ്ടിയുളള ശാസ്ത്ര ഭാഷ മുതല്‍ സ്ത്രീകള്‍, കര്‍ഷകര്‍, പിന്നാക്ക സമുദായക്കാര്‍ തുടങ്ങിയവരില്‍ വരെ ഭാഷയെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇന്ന് ഭാഷയില്‍ കാണുന്ന വലിയൊരു മാറ്റം സമൂഹത്തിന്‍റെ എത്തപ്പെടാത്ത പല മേഖലകളിലേക്കും ഭാഷയുടെ സ്വാധീനം എത്തിയിട്ടുണ്ടെന്നതാണ്. ദളിത് വിഭാഗങ്ങളില്‍ നിന്നും മലയോര മേഖലകളില്‍ നിന്നും സ്ത്രീകള്‍ക്കിടയില്‍ നിന്നുമൊക്കെയുളളവര്‍ സാഹിത്യത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. ഇത് ഭാഷയെ സംബന്ധിച്ച് വലിയൊരു മാറ്റം തന്നെയാണ്.
മാതൃഭാഷയ്ക്ക് വേണ്ടിയുളള സമരം
മാതൃഭാഷയ്ക്ക് വേണ്ടിയുളള സമരം- മലയാള പൈതൃക വേദി ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകമാണിത്. വിദ്യാഭ്യാസവും ഭരണവും കോടതിയും മലയാളത്തില്‍ എന്ന നയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഭാഷാ സംഘടനയാണ് മലയാളം ഐക്യവേദി. ഇന്ന് മലയാളം മാധ്യമമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്.
അതുപോലെ ഭരണഭാഷയായി മലയാളത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വീണ്ടും ആംഗലേയ ഭാഷയിലേക്ക് തിരികെ പോകുന്ന സ്ഥിതിയാണുളളത്. കോടതി ഭാഷയും സാധാരണ ജനങ്ങള്‍ക്ക് മനസിലാവാത്ത കടിച്ചാല്‍പ്പൊട്ടാത്ത ഇംഗ്ലിഷ് വാക്കുകള്‍ ഉള്‍ക്കൊളളുന്നവയാണ്. ഇതിനൊക്കെ എതിരേയാണ് മലയാളം പൈതൃക വേദി ഭാഷാനിയമം വേണമെന്ന ആവശ്യം ശക്തമാക്കുന്നത്. ഇതോടൊപ്പം മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനുളള ഭാഷാ
ക്യാംപുകളും ബോധവത്കരണ ക്ലാസുകളുമൊക്കെ മലയാള പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു.
ഭാഷ ജനകീയമാകണം
ഭാഷ എപ്പോഴും ജനകീയമാകണം. ഭാഷാശുദ്ധിയെന്നു പറയുന്നത് അത്ര സൂക്ഷ്മമായി കാണേണ്ട ഒന്നല്ല. ഇന്ന് തകഴിയെ പോലെയോ ബഷീറിനെ പോലെയോ എഴുതുന്നവരില്ല. പുതിയ തലമുറയ്ക്ക് ജനകീയമായ അടിത്തറയില്ലെന്നതാണ് ഇതിന് കാരണം. ബഷീറിന്‍റെയൊക്കെ എഴുത്ത് ഭാഷാപണ്ഡിതന്മാര്‍ അംഗീകരിച്ച ഭാഷയല്ല. എന്നാല്‍ ഇവരുടെ കൃതികളൊക്കെ ജീവിതത്തിന്‍റെ സൂക്ഷ്മ ഭാവങ്ങളിലേക്ക് ഇറങ്ങിച്ചെന്നവയാണ്. കുമാരനാശാന്‍റെ കാവ്യ ഭാവനയോ, വളളത്തോളിന്‍റെ പദസമ്പത്തോ ഇന്നത്തെ എഴുത്തുകാര്‍ക്ക് സാധ്യമാകുന്നതല്ല. ശാസ്ത്രജ്ഞനൊരു ഭാഷ, സാഹിത്യകാരനൊരു ഭാഷ, കര്‍ഷകര്‍ക്കൊരു ഭാഷ ഇങ്ങനെ ഭാഷയ്ക്ക് വിവിധ തലങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. ഇതൊക്കെ ഭാഷയെ കൂടുതല്‍ ജനകീയമാക്കുകയും വളര്‍ത്തുകയും ചെയ്യുന്നുവെന്നും പവിത്രന്‍ പറയുന്നു.
പരിപോഷണമല്ല, ഉന്മൂലനം
മലയാള ഭാഷയെ പരിപോഷിപ്പിക്കാനുളള ശ്രമമല്ല, ഉന്മൂലനം ചെയ്യാനുളള ശ്രമമാണ് നമ്മുടെ സര്‍ക്കാറുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്നതിന് മുന്‍പ്, അതായത് ഒരു 30 വര്‍ഷം മുന്‍പ് ഊര്‍ജിതമായി നടന്ന ഭാഷാ പരിപോഷണ പ്രവര്‍ത്തനങ്ങളെല്ലാം ഈ പദവി കിട്ടിയതോടെ അവസാനിപ്പിച്ചുവെന്നു പറയുന്നു പവിത്രന്‍. 80 കളിലേക്ക് കടന്നതോടെയാണ് ഭാഷയെ എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യാനുളള ശ്രമങ്ങള്‍ നടന്നത്.
ഭരണം ജനങ്ങളിലേക്ക് എത്തരുതെന്ന ഉദ്ദേശ്യമായിരുന്നു ഇതിന് പിന്നില്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനങ്ങള്‍ വ്യക്തി കേന്ദ്രീകൃതമായി ചിന്തിക്കുന്നവരാണ്. കേരളത്തില്‍,കേരളപ്പിറവി ദിനത്തില്‍ മാത്രം ഓര്‍മിക്കുന്ന ഒന്നാണ് മലയാള ഭാഷ. തമിഴ്നാട്, കര്‍ണാടകം പോലെയുളള സംസ്ഥാനങ്ങള്‍ മാതൃഭാഷയ്ക്ക് വേണ്ടതെല്ലാം ചെയ്തു വച്ചിട്ടാണ് ശ്രേഷ്ഠഭാഷാ പദവിക്ക് ശ്രമിച്ചത്. എന്നാല്‍ മലയാളത്തെ ശ്രേഷ്ഠാഭാഷാ പദവിക്ക് പരിഗണിച്ചപ്പോള്‍ വെറുതേ പോയി പദവിയും വാങ്ങി വരുക മാത്രമാണ് ചെയ്തത്.
തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിസ്ഥാനം തന്നെ ഭാഷയാണ്. അതുപോലെ കര്‍ണാടകത്തിലും ബംഗാളിലുമൊക്കെ നടന്നത് എത്രയെത്ര ഭാഷാ സമരങ്ങള്‍… കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും ഭാഷാ സമരം ഏറ്റെടുത്തില്ലെന്നു തന്നെ പറയാമെന്നും പവിത്രന്‍.