മാതൃഭാഷയും ഇതരഭാഷകളും തമ്മില്‍ പ്രവര്‍ത്തനത്തില്‍ വലിയ അന്തരമുണ്ട്. ആശയസംവേദനത്തിന് ഉപയോഗിക്കുന്ന ഭാഷാമാധ്യമം എന്നതിനപ്പുറം മാതൃഭാഷ ഒരു ആവാസവ്യവസ്ഥകൂടിയാണ്. മാതൃഭാഷ, ഓരോ വ്യക്തിക്കും നല്‍കുന്ന ആവാസപരമായ സുരക്ഷിതബോധവും പരിസരബോധവും സാംസ്‌കാരികമായ സ്വത്വബോധവും അന്യഭാഷയ്ക്ക് നല്‍കാനാവുന്നതല്ല. ലോകത്തെവിടെയും ഒരുവ്യക്തിയുടെ സ്വത്വനിര്‍ണയനത്തിനുള്ള ഉപാധികളിലൊന്ന് അയാളുടെ മാതൃഭാഷയാണ്. ഭാഷയും സംസ്‌കാരവും തമ്മില്‍ ഇഴപിരിക്കാന്‍ കഴിയാത്ത നാടുകളെ സംബന്ധിച്ച് സ്വത്വനിര്‍ണയനത്തിന്റെ പ്രധാന ഉപാധിയും മാതൃഭാഷയാണ്. മലയാളം ഇത്തരത്തിലുള്ള ഒരു ഭാഷയാണ്.
ഒരു വ്യക്തി തന്റെ ചുറ്റുപാടുകളെ സൂക്ഷ്മതലത്തില്‍ ഗ്രഹിക്കുന്നതും തന്റെ ലോകബോധത്തിലേക്ക് സ്വാംശീകരിക്കുന്നതും മാതൃഭാഷവഴിയാണ്. മാതൃഭാഷ ഒരു ജൈവസാന്നിധ്യമായാണ് അവനില്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ, മാതൃഭാഷയിലൂടെയാണ് ഏതൊരാള്‍ക്കും ഒരു പരിസരജീവിതം ഉണ്ടാകുന്നതെന്നര്‍ഥം. ഒരാളുടെ പരിസ്ഥിതിബോധം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും അയാളുടെ മാതൃഭാഷാ പദകോശത്തിലാണെന്ന് പറയാം. തെങ്ങ് എന്ന വൃക്ഷത്തെ തന്നെയെടുക്കുക. തെങ്ങുമായി ബന്ധപ്പെട്ട് വിപുലമായ ഒരു പദകോശം മലയാളത്തിലുണ്ട്. മലയാളം മാതൃഭാഷയായിട്ടുള്ളവര്‍ തെങ്ങിനെ അറിയുന്നത് ഈ പദസമ്പത്ത് മുന്‍നിര്‍ത്തിയാണ്. തെങ്ങ്, ഓല, പട്ട, ഈര്‍ക്കിള്‍, കൊതുമ്പ്, കോഞ്ഞാട്ട, വെള്ളയ്ക്ക, കരിക്ക്, ഇളനീര്‍, പൊങ്ങ്, കൊപ്ര, വെളിച്ചെണ്ണ, ചിരട്ട, ചകിരി, മടല്‍, മൊരി എന്നിങ്ങനെ നീണ്ടുപോകുന്ന ആ പദകോശം. മാതൃഭാഷ വിട്ട് ഒരു അന്യഭാഷയില്‍ വ്യവഹരിക്കാന്‍ തുടങ്ങുന്ന ഒരാള്‍ക്ക് ഈ വാക്കുകള്‍ക്ക് തുല്യമായി ആ അന്യഭാഷയിലുള്ള എല്ലാ പദങ്ങളും അറിയേണ്ടിവരുന്നില്ല. തുല്യമായ പദങ്ങള്‍ ആ ഭാഷയില്‍ ഉണ്ടാവണമെന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ അവ പ്രയോഗിക്കാന്‍ അവസരവുമില്ല. സ്വാഭാവികമായും അയാളുടെ പ്രയോഗമേഖലയിലില്ലാത്ത പദങ്ങളും അത് സംവഹിക്കുന്ന ആശയങ്ങളും അയാളില്‍നിന്ന് അന്യമായി ഭവിക്കുന്നു. കോക്കനട്ട് ലീഫ്, കോക്കനട്ട് ഓയില്‍, കോക്കനട്ട് ട്രീ എന്നൊക്കെയുള്ള പദങ്ങള്‍കൊണ്ട് തെങ്ങുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഇംഗ്ലീഷില്‍ കൈമാറാന്‍ ഒരാള്‍ക്ക് കഴിയുമായിരിക്കാം. എന്നാല്‍, കോഞ്ഞാട്ടയും കൊതുമ്പും തെങ്ങിന്‍മൊരിയുമൊക്കെ അയാളുടെ വ്യവഹാരത്തില്‍നിന്ന് പുറത്താകുന്നു. അതോടെ അത് പ്രതിനിധാനംചെയ്യുന്ന പരിസ്ഥിതിജ്ഞാനവും അയാള്‍ക്ക് അന്യമായിത്തീരുന്നു.
തെങ്ങിന്‍പട്ടയുടെ ചുവടുഭാഗത്ത് പൂപ്പല്‍പോലെ കാണപ്പെടുന്ന ഒരു വസ്തുവാണ് 'മൊരി'. കേരളത്തിലെ ചില പ്രദേശങ്ങളില്‍ മുറിവുണക്കാനുള്ള ഉപാധിയായി ഇത് ഉപയോഗിക്കാറുണ്ട്. മൊരി എന്ന വാക്കിന് തുല്യമായി ഇംഗ്ലീഷില്‍ ഒരു വാക്കുണ്ടോ എന്നറിയില്ല. എന്തായാലും മൊരി എന്ന വാക്ക് നഷ്ടപ്പെടുന്നതോടെ ആ വസ്തു അയാള്‍ക്ക് അജ്ഞാതമായി മാറുന്നു. അതിന്റെ ഉപയോഗവും അജ്ഞാതമായി മാറുന്നു. നമ്മുടെ തദ്ദേശീയമായ ഔഷധപ്രയോഗങ്ങള്‍ പലതും നമുക്ക് അന്യമായി മാറുന്നതിന് ഒരു കാരണം അവയുടെ ഭാഷാപരമായ കോഡുകളുടെ-പദങ്ങളുടെ-നഷ്ടമാണ്. നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ ധാരാളം ഔഷധസസ്യങ്ങളുണ്ട്. പഴമക്കാര്‍ക്ക് അവയുടെ പേരും പ്രയോഗവും പരിചയമുണ്ടായിരുന്നു. പേരും സസ്യവും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അറിവ് ഇല്ലാതാവുന്നതോടെ ആ സസ്യംതന്നെ അവഗണനയിലേക്ക് പോകുന്നു. പേരറിയാത്തതുകൊണ്ടാണ് നമ്മുടെ ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങള്‍ നമ്മള്‍ നശിപ്പിച്ചുകളയുന്നത്. അങ്ങനെ നമ്മുടെ പദകോശത്തിലെ കുറവ് പരിസ്ഥിതിയെ നേരിട്ടുതന്നെ ബാധിക്കുന്നു. നമ്മുടെ മാതൃഭാഷാ വ്യവഹാരത്തിന്റെ സ്ഥിതിതന്നെ ഇപ്രകാരമാണെങ്കില്‍ അന്യഭാഷാ വ്യവഹാരത്തിലെത്തുമ്പോള്‍ നമ്മുടെ പരിസ്ഥിതിബോധത്തിന് എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ല.
നമ്മുടെ സമസ്ത വ്യവഹാരങ്ങളും നിലനില്‍ക്കുന്നത് ഭാഷാധിഷ്ഠിതമായാണെന്ന് ആധുനിക ഭാഷാശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. ഭാഷയില്ലാതെ ചിന്തയോ ആശയമോ ഉണ്ടാവുകയില്ല. ഇത് എല്ലാ ഭാഷാവ്യവഹാരങ്ങളിലും ബാധകമായ കാര്യമാണ്. പരിസ്ഥിതിയുടെ കാര്യത്തിലാവുമ്പോള്‍ ഏതെങ്കിലും ഭാഷയുമായല്ല, മാതൃഭാഷയുമായാണ് അത് ബന്ധപ്പെട്ടുനില്‍ക്കുന്നത്. പരിസ്ഥിതി നിലനില്‍ക്കുന്നത് മിക്കവാറും മാതൃഭാഷയില്‍ത്തന്നെയാണ്. മാതൃഭാഷയുടെ വ്യവഹാരമണ്ഡലത്തിലാണ് ഒരാളുടെ പരിസരജീവിതവും പരിസ്ഥിതിജീവിതവും യഥാര്‍ഥത്തില്‍ പ്രവര്‍ത്തനക്ഷമമാവുന്നത്. അതുകൊണ്ടുതന്നെ മാതൃഭാഷയുമായുള്ള ബന്ധം ദുര്‍ബലപ്പെടുന്നതിനനുസരിച്ച് പരിസ്ഥിതിയുമായുള്ള ബന്ധവും ദുര്‍ബലമാവും. അതുകൊണ്ട് പരിസ്ഥിതിസംരക്ഷണത്തിനുള്ള ഒരു പ്രധാനമാര്‍ഗം മാതൃഭാഷയുമായുള്ള ബന്ധം ദൃഢപ്പെടുത്തുക എന്നതാണ്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മിക്ക സ്‌കൂളുകളിലെയും പഠനമാധ്യമം മാതൃഭാഷയല്ല, ഇംഗ്ലീഷാണ്. കേരളത്തില്‍ ഇതിന്റെ അനുപാതം വളരെ കൂടുതലാണ്. സമീപകാലത്തായി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശത്തിനും കാര്‍ഷികവിമുഖതയ്ക്കും പിന്നില്‍ പഠനമാധ്യമത്തിലുണ്ടായ ഈ മാറ്റവും പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ ഗാര്‍ഹികാന്തരീക്ഷത്തില്‍ മാതൃഭാഷതന്നെയാണ് ഉപയോഗിക്കുന്നത്. അത്രത്തോളം പാരിസ്ഥിതികാവബോധം അവര്‍ ആര്‍ജിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇംഗ്ലീഷ് മീഡിയത്തിലുള്ള വിദ്യാഭ്യാസം ആരംഭിക്കുന്നതോടുകൂടി ഈ പാരിസ്ഥിതികബന്ധത്തിന് സ്വാഭാവികമായ തുടര്‍ച്ച എളുപ്പമല്ലാതായിമാറുന്നു. മാതൃഭാഷാവ്യവഹാരത്തിലൂടെ ലഭ്യമാവുന്ന, ലഭ്യമാവേണ്ടുന്ന പരിസ്ഥിതിപദസമ്പത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷ്ഭാഷയിലൂടെ കടന്നുവരുന്ന പദങ്ങള്‍ക്കും പരിസ്ഥിതിബന്ധത്തിനും മാത്രമേ അവസരം ലഭിക്കുന്നുള്ളൂ. ഈ അറിവ് യാന്ത്രികമോ സാങ്കേതികമോ ആണ്, ജൈവികമല്ല. നമ്മുടെ ജീവിതാനുഭവങ്ങളില്‍ നിന്നല്ല അത്തരം അറിവുകള്‍ കടന്നുവരുന്നത് എന്നതുതന്നെ കാരണം.
പരിസ്ഥിതിയെ സംബന്ധിച്ച വസ്തുനിഷ്ഠമായ ചില അറിവുകള്‍ അതിലൂടെ നേടാനായേക്കാം. എന്നാല്‍, പരിസ്ഥിതിയുമായുള്ള ആത്മബന്ധം അതിലൂടെ ഉണ്ടാക്കാനാവുകയില്ല. മാത്രമല്ല, മുന്‍പറഞ്ഞപോലെ പരിസ്ഥിതിജീവിതവുമായി ബന്ധപ്പെട്ട നിരവധി വാക്കുകള്‍ പ്രയോഗിക്കാന്‍ അവസരമില്ലാതെ നഷ്ടപ്പെട്ടുപോവുകയും ചെയ്യും. ഭാഷയുടെ മേഖലയിലുണ്ടാവുന്ന ഈ നഷ്ടം ജീവിതബോധത്തിലും ലോകബോധത്തിലുമൊക്കെ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുക. പരിസ്ഥിതി സമ്പര്‍ക്കമില്ലാത്ത, പരിസ്ഥിതിബോധം ദുര്‍ബലമായ ഒരു തലമുറയാണ് ഇങ്ങനെ ഉണ്ടായിത്തീരുന്നത്. ഇംഗ്ലീഷ് മാധ്യമത്തിലൂടെ പഠിച്ചുവരുന്ന ഒരു തലമുറ ഉന്നതമായ കരിയര്‍ ആര്‍ജിക്കുന്നുണ്ടാവാം. എന്നാല്‍, സാമൂഹികബോധം, പൗരബോധം, സാംസ്‌കാരികാവബോധം, കാര്‍ഷികാഭിമുഖ്യം, പരിസ്ഥിതിബോധം, ചരിത്രബോധത്തോടുകൂടിയ വായനശീലം തുടങ്ങിയവ അവരില്‍ താരതമ്യേന ദുര്‍ബലമായിരിക്കും. ഇങ്ങനെയുള്ള ഒരു വിഭാഗത്തിന് മേല്‍ക്കോയ്മ കിട്ടുന്ന ഒരു ലോകത്ത് പരിസ്ഥിതി ഒരു ജൈവാനുഭവമല്ലാതാവും. കാര്‍ഷികവൃത്തിയോട് ആഭിമുഖ്യമില്ലാതാവും.
ഇതിന്റെ ദൂഷ്യഫലങ്ങള്‍ കേരളം അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. മലയിടിക്കാനും വയല്‍ നികത്താനും മരം മുറിക്കാനും ജീവികളെ കൊന്നൊടുക്കാനും വികസനത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായി പെരുമാറാനും കീടനാശിനികള്‍ ആവശ്യംതന്നെ എന്ന് വാദിക്കാനും മനുഷ്യനെ പരീക്ഷണവസ്തുവാക്കാനും കൃഷിയെ അവജ്ഞയോടെ കാണാനും മടിയില്ലാത്ത ഒരു തലമുറ വളര്‍ന്നുവരുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണം മാതൃഭാഷയെ മറന്നുകൊണ്ട് നമ്മള്‍ നടത്തിയ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളാണ്. പരിസ്ഥിതി നഷ്ടപ്പെടുത്തുന്നതിനുമുമ്പേ നമ്മള്‍ മാതൃഭാഷയെ നഷ്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്. മാതൃഭാഷയുടെ നഷ്ടമാണ് പരിസ്ഥിതിയുടെ നഷ്ടമായി പിന്നീട് നമുക്ക് അനുഭവിക്കാനിടവരുന്നത്; വലിയ ഒരളവോളമെങ്കിലും. ഇംഗ്ലീഷ്മീഡിയത്തോടുള്ള വിവേകരഹിതമായ അഭിനിവേശം കൈവെടിഞ്ഞ് സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ മാതൃഭാഷാമാധ്യമത്തെ
പൂര്‍ണമായും പുനഃസ്ഥാപിക്കുന്നില്ലെങ്കില്‍ പിന്നീട് അതിനുള്ള മറുപടി നല്‍കുക പരിസ്ഥിതിതന്നെയായിരിക്കും. ദയാരഹിതമായ ആ മറുപടി അത്ര അകലെയൊന്നുമായിരിക്കില്ലെന്നും നമ്മള്‍ കരുതിയിരിക്കുക.