2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച
ലോകമാനവികത മാതൃഭാഷയിലൂടെ - പി.ഐ. ശങ്കരനാരായണന്‍
ഒരു ദേശത്തിന്റെ ഭാഷ അവിടത്തെ സംസ്‌കാരത്തിന്റെ പ്രതീകമാണ്. സംസ്‌കാരം മനുഷ്യബന്ധങ്ങളുടെ പ്രാണവായുവും. അത് നഷ്ടപ്പെട്ടാല്‍ മനുഷ്യന്‍ ചലിക്കുന്ന ശവം മാത്രമാണ്; അല്ലെങ്കില്‍ യന്ത്രമാണ്
മാതൃഭാഷയുടെ ഉറപ്പുള്ള പാറയിന്മേലാണ് നാട്ടിന്‍പുറത്തെയും നഗരത്തിലെയും കുട്ടികള്‍ അവരുടെ വളര്‍ച്ചയുടെ അടിത്തറ പണിയേണ്ടത്.
മഹാത്മാഗാന്ധി, ഹരിജന്‍ വാരിക, 9.9.1939
നാം കേരളീയര്‍. നമ്മുടെ ഭാഷ മലയാളം. ചിലര്‍ അഭിമാനിക്കുന്നു, മറ്റുചിലര്‍ അതിനെ അവഗണിക്കുകയും ചെയ്യുന്നു. അവഗണനയുടെ അളവ് കൂടിക്കണ്ടപ്പോള്‍ അതൊന്ന് കുറയ്ക്കണമെന്ന് ഭാഷാഭിമാനികള്‍ക്ക് തോന്നി. അതിന്റെ ഫലമായാണ് നവംബര്‍ ഒന്ന് മലയാളഭാഷാദിനമായി നാം ആചരിച്ചുവരുന്നത്.
ഏതു ദേശക്കാരനും മാതൃഭാഷയെച്ചൊല്ലി അഭിമാനം ഉണ്ടായിരിക്കണം. മാതൃഭാഷയെ സംരക്ഷിക്കേണ്ടതും വളര്‍ത്തേണ്ടതും അതത് ദേശക്കാരുടെ സാംസ്‌കാരികമായ ഉത്തരവാദിത്വമാണ്. ഇക്കാര്യം ലോകത്തിനെ മുഴുവന്‍ ബോധ്യപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭയ്ക്കും തോന്നി. അവര്‍ എല്ലാ രാഷ്ട്രങ്ങളോടും ദേശങ്ങളോടും ഫിബ്രവരി 21 ലോക മാതൃഭാഷാദിനമായി ആചരിക്കാന്‍ ആഹ്വാനംചെയ്തു.
അങ്ങനെ, എല്ലാ ദേശക്കാരും ഫിബ്രവരി 21-ന് മാതൃഭാഷാദിനം ആചരിക്കുകയാണ്. മലയാളികളായ നാം നവംബര്‍ ഒന്നിന് ഭാഷാദിനം ആഘോഷിച്ചതല്ലേ? ഇപ്പോള്‍ രണ്ടാംവട്ടവും ആഘോഷിക്കണമോ എന്ന് ചിലമടിയന്മാര്‍ ചോദിച്ചേക്കാം, ചില വിരോധികളും! ഇനി മൂന്നാംവട്ടവും നാലാംവട്ടവും ആഘോഷിക്കാന്‍ വകയുണ്ടോ എന്ന് പരിഹസിച്ചേക്കാം!
പരിഹസിക്കേണ്ട; വകയുണ്ട്! കേരളവര്‍ഷപ്പിറവി ചിങ്ങം ഒന്നിനാണല്ലോ. അന്നും മലയാളഭാഷാദിനമാകാം. ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദിനം ഡിസംബര്‍ 30-നാണെന്ന് ചിലര്‍ നിശ്ചയിച്ചിട്ടുണ്ട്. അന്ന് നിശ്ചയമായും മലയാളദിനമാണ്. സരസകവി കുഞ്ചന്റെയും പൂന്താനം, ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍, ചന്തുമേനോന്‍, സി.വി. രാമന്‍പിള്ള, ഉണ്ണായിവാരിയര്‍ എന്നിങ്ങനെയുള്ള മഹാന്മാരുടെയുമെല്ലാം ജന്മദിനങ്ങള്‍ മലയാളഭാഷാദിനങ്ങളാക്കേണ്ടതാണ്. ചുരുക്കത്തില്‍, വര്‍ഷത്തിലെ 365 ദിവസവും ഒരു ദേശസ്‌നേഹിയുടെ മനസ്സില്‍ ആ ദേശത്തിന്റെ ഭാഷയും പ്രാണശക്തിയായി ജ്വലിക്കേണ്ടതാണ്.
എന്തിനാണ് മാതൃഭാഷ പഠിക്കുന്നത്? മലയാളം പഠിച്ചാല്‍ ജോലികിട്ടുമോ? എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ഇംഗ്ലീഷ് മര്‍ദനസ്‌കൂളുകളില്‍ പഠിക്കുന്നവരാണ് പലപ്പോഴും അങ്ങനെ ചോദിക്കുന്നത്. നല്ലൊരു ജോലി നേടി സുഖിച്ച് ജീവിക്കണമെന്നേ അവര്‍ക്കുള്ളൂ. അതിന് കുറച്ച് ഇംഗ്ലീഷും സാങ്കേതികവിദ്യകളും അറിഞ്ഞാല്‍ മതി. മലയാളം പഠിച്ച് സമയംകളയണോ? വ്യാകരണവും കാവ്യവും പഠിച്ച് ഭാരം കൂട്ടണോ എന്നാവും ചോദ്യം. ഒരു ഭാഷ പഠിച്ചാല്‍ പോരേ? ഇംഗ്ലീഷ് പഠിച്ചാല്‍ പോരേ എന്നും.
അങ്ങനെ ചോദിക്കുന്ന സുഖിയന്മാരോട് ഒന്നുചോദിക്കട്ടെ. രണ്ടോ നാലോ സെന്റ് ഭൂമിയില്‍ വലിയ വീടുവെച്ച്, മുന്നില്‍ രണ്ടോ മൂന്നോ കാറുകളും ബൈക്കുകളും കുത്തിത്തിരുകി പ്രദര്‍ശിപ്പിക്കുന്നതെന്തിന്? ഒരു വീട്ടില്‍ ഒരു കാറ് പോരേ? ചിലര്‍ക്ക് ഒരു വീടും മതിയാകില്ല; പ്രമുഖ നഗരങ്ങളില്‍ ഫ്‌ളാറ്റുകളും വില്ലകളും വേണം. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ഭൗതികസുഖങ്ങളുടെ പിറകേ ഓടുകയാണ് മനുഷ്യന്‍... എവിടംവരെ?
ഒരു ദേശത്തിന്റെ ഭാഷ അവിടത്തെ സംസ്‌കാരത്തിന്റെ പ്രതീകമാണ്. സംസ്‌കാരം മനുഷ്യബന്ധങ്ങളുടെ പ്രാണവായുവും. അത് നഷ്ടപ്പെട്ടാല്‍ മനുഷ്യന്‍ ചലിക്കുന്ന ശവം മാത്രമാണ്; അല്ലെങ്കില്‍ യന്ത്രമാണ്. സുഖാനുഭവങ്ങളും ജീവിതംതന്നെയും ക്ഷണികമാണെന്ന കാര്യം മനസ്സിലാക്കാതെ, മാതൃഭാഷയെയും സംസ്‌കാരത്തെയും മനുഷ്യബന്ധങ്ങളെയും ചവിട്ടിമെതിച്ചുകൊണ്ടാണ് പലരും പരക്കംപായുന്നത്. നാട്ടുഭാഷകളെയും നന്മകളെയും വിഴുങ്ങുന്ന ഇംഗ്ലീഷിനും യന്ത്രസാങ്കേതികതയ്ക്കും അടിമപ്പെട്ട് വളരുന്ന കുട്ടികള്‍, പിന്നീട് അച്ഛനമ്മമാരെ 'വേസ്റ്റ് മാനേജ്‌മെന്റ്' തത്ത്വമനുസരിച്ചാവും കാണുക! ഒന്നുകില്‍ വഴിയോരത്ത്, അല്ലെങ്കില്‍ വൃദ്ധസദനത്തില്‍!
സംസ്‌കാരമുള്ളവര്‍ ജ്ഞാനദാഹികളും വിശാല മാനവികതയുള്ളവരും ആയിരിക്കും. ആകാവുന്നത്ര പുതിയഭാഷകള്‍ അവര്‍ പഠിച്ചുകൊണ്ടിരിക്കും. അങ്ങനെ വിവിധഭാഷകള്‍ പഠിച്ച് മഹത്തായ സംഭാവനകള്‍ ലോകത്തിന് നല്‍കിയവരെപ്പറ്റി നാം ഓര്‍ക്കേണ്ടതുണ്ട്. അവര്‍ നല്ല മാതൃകകളാണ്.
മലയാളത്തിന്റെ സൗഭാഗ്യമായിത്തീര്‍ന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ ഓര്‍ക്കൂ. ജര്‍മന്‍കാരനായിരുന്നു. ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, ലാറ്റിന്‍ എന്നീ ഭാഷകള്‍ പഠിച്ചശേഷം ഇന്ത്യയിലേക്ക് പുറപ്പെട്ടു. ക്രിസ്തുമത പ്രചാരണമായിരുന്നു ലക്ഷ്യം. ആദ്യം ബംഗാളില്‍ എത്തുമെന്ന് കരുതുകയാല്‍ കപ്പലില്‍വെച്ചുതന്നെ ബംഗാളിയും ഹിന്ദിയും പഠിച്ചു. കപ്പലിറങ്ങിയതോ മദ്രാസില്‍(ചെന്നൈ)! ഉടനെ തമിഴ് പഠിക്കുകയായി. അവിടെനിന്ന് മംഗലാപുരത്തെത്തിയപ്പോള്‍ കന്നഡയും തെലുങ്കും സ്വായത്തമാക്കി. ഒടുവില്‍, കേരളത്തില്‍ തലശ്ശേരിക്കാരനായി 23 വര്‍ഷം ജീവിച്ചു. അനേകം ഗ്രന്ഥങ്ങള്‍ രചിച്ച് മലയാളത്തിന് അവിസ്മരണീയനായി.
ഇതിന്റെ ഒരു മറുവശംകൂടി പറയാം. മാതൃഭാഷയും സംസ്‌കാരവുമൊന്നും വേണ്ട, നന്നല്ല, ഇംഗ്ലീഷ് പഠിക്കണം, ഇംഗ്ലീഷുകാരെപ്പോലെ ജീവിക്കണം, അതാണ് മാന്യത എന്നുകരുതിയ ഒരാളുണ്ടായിരുന്നു, ബംഗാളില്‍. കൃഷ്ണധനഘോഷ് എന്നുപേരായ അദ്ദേഹം ഭാര്യയെയും നാലുമക്കളെയുംകൂട്ടി ഇംഗ്ലണ്ടില്‍ ചെന്നു. മൂന്നുമക്കളെ അവിടെ നിര്‍ത്തി പഠിപ്പിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. അതില്‍ ഒരാളുടെ പേര് അരവിന്ദഘോഷ് എന്നായിരുന്നു.
ഏഴുമുതല്‍ 21 വയസ്സുവരെ ഇംഗ്ലണ്ടില്‍ കഴിഞ്ഞ അരവിന്ദന്‍, ഇംഗ്ലീഷിനുപുറമെ ഫ്രഞ്ച്, ജര്‍മന്‍, ഗ്രീക്ക്, ലാറ്റിന്‍, ഇറ്റാലിയന്‍ എന്നീ ഭാഷകള്‍കൂടി സ്വായത്തമാക്കിയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. നാടിനെ അറിയാന്‍ നാട്ടുഭാഷകളും സംസ്‌കൃതവും പഠിച്ചേപറ്റൂ എന്ന് അരവിന്ദന് ബോധ്യമായി.
ഗുജറാത്തിയും മഠാത്തിയും ബംഗാളിയും ഹിന്ദിയുമെല്ലാം പഠിച്ച അരവിന്ദന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തീപ്പന്തങ്ങളില്‍ ഒന്നായിത്തീര്‍ന്നു. പിന്നീട് പുതുശ്ശേരിയില്‍ ആശ്രമം സ്ഥാപിച്ച് തമിഴിലും പ്രാവീണ്യം നേടി. ദീര്‍ഘകാലത്തെ പുതുശ്ശേരിവാസം മലയാളം ഉള്‍പ്പെടെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളെയും അദ്ദേഹത്തിന് പ്രിയപ്പെട്ടതാക്കി. ഒടുവില്‍, വിശ്വമാനവികതയുടെയും ആത്മീയസാധനയുടെയും ഭാഷയാണ് അദ്ദേഹം വല്ലപ്പോഴും സംസാരിച്ചത്. ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള അരവിന്ദഘോഷിന്റെ 'സാവിത്രി' എന്ന കാവ്യം ഇംഗ്ലീഷില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഒന്നത്രെ.
ഭാഷാപഠനത്തിന്റെ കാര്യത്തില്‍ പ്രത്യേക പ്രസക്തിയുള്ളതുകൊണ്ടാണ് മഹത്തായ രണ്ട് ജീവിതങ്ങളെപ്പറ്റി സൂചിപ്പിച്ചത്. ജര്‍മന്‍കാരനായ ഒരാള്‍ മലയാളനാട്ടില്‍വന്ന് മലയാളത്തിന് മഹത്വമുണ്ടാക്കുന്നു; ബംഗാളിയായ ഒരാള്‍ ഇംഗ്ലണ്ടില്‍ പോയി പഠിച്ച് ഇംഗ്ലീഷിനും മഹത്വമുണ്ടാക്കുന്നു. ഇത്തരത്തില്‍ എത്രയോ പേരുണ്ട്. ഏത് വിപരീതാവസ്ഥയിലും എത്ര ഭാഷകള്‍ വേണമെങ്കിലും പഠിക്കാമെന്നാണ് ഇവര്‍ നമ്മോടുപറയുന്നത്. താത്പര്യമാണ് പ്രധാനം, കഠിനപ്രയത്‌നവും. ഇക്കൂട്ടര്‍ക്ക് ദേശാതിര്‍ത്തികളില്ല. ലോകമാനവികതയാണ് ലക്ഷ്യം. മഹാത്മാഗാന്ധിയും രവീന്ദ്രനാഥടാഗോറും ഉള്‍പ്പെടെ എത്രയോപേര്‍ ഈ നിരയിലുണ്ട്. അതില്‍ അണിനിരക്കാന്‍ നമുക്കും കഴിയണം.
ഭാഷകള്‍ തമ്മില്‍ എതിര്‍പ്പുകളോ യുദ്ധമോ വേണ്ട. പരസ്പരം കൊടുത്തും വാങ്ങിയും വികസിച്ചുകൊണ്ടേയിരിക്കണം; ലോക മാനവികതയിലേക്ക്. അതിന് അത്യാവശ്യമായും ഒരാള്‍ മാതൃഭാഷയില്‍ ആദ്യം മികവ് നേടിയിരിക്കണം. മാതൃഭാഷയെ സ്‌നേഹിക്കണം. തുടര്‍ന്ന് അയല്‍ക്കാരെയും അവരുടെ ഭാഷയിലൂടെ സ്‌നേഹിക്കാന്‍ പഠിക്കാം. ഐക്യരാഷ്ട്രസഭ ലോക മാതൃഭാഷാദിനം ആചരിക്കാന്‍ നമ്മോടുപറയുന്നത് സ്‌നേഹത്തിന്റെ ഭാഷ വിശ്വമെങ്ങും വ്യാപിക്കട്ടെ എന്ന ആഗ്രഹത്തോടെയാണ്. നമുക്ക് അത് സഫലമാക്കാം, ജീവിതവ്രതം തന്നെയാക്കാം. ഓരോ കുട്ടിയും മാതൃഭാഷയില്‍ ആദ്യം മിടുക്കരാകട്ടെ. പിന്നീട് മറ്റുഭാഷകളില്‍ മിടുമിടുക്കരുമാകട്ടെ!
2013, ഫെബ്രുവരി 8, വെള്ളിയാഴ്ച
2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച
ഒന്നാംഭാഷാ ഉത്തരവ് അറബിക്കടലില്‍ - പി. പവിത്രന്‍
സഹിഷ്ണുതയുടെ സൗന്ദര്യബോധം നമ്മുടെ മക്കളിലേക്കും പടരണമെങ്കില്‍ എല്ലാവരും മാതൃഭാഷ പഠിക്കുന്നുവെന്ന് ഉറപ്പിക്കേണ്ടതുണ്ട്
''നമ്മള്‍ ഇവിടെ സമ്മേളിക്കുമ്പോള്‍ നമ്മുടെ മാതൃഭാഷ നമ്മുടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഒന്നാംഭാഷയായി പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ്പടിക്കല്‍ ഭാഷാസ്‌നേഹികള്‍ നിരാഹാരസമരം നടത്തുന്നുവെന്നത് നമ്മള്‍ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവരെ സംബന്ധിച്ച് ലജ്ജാകരംതന്നെയാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെയും പാഠ്യപദ്ധതിയില്‍ അതതിടത്തെ മാതൃഭാഷയ്ക്ക് ഇല്ലാത്ത ദുരനുഭവം കേരളത്തില്‍ മലയാളത്തിനുണ്ടായത് ഇക്കാലമത്രയായിട്ടും നമുക്ക് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ബഹുമാനപ്പെട്ട അംഗം പ്രകടിപ്പിച്ച ഉത്കണ്ഠ ന്യായമാണ്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലുമെന്നല്ല, നമ്മുടെ സംസ്ഥാന പരീക്ഷാബോര്‍ഡിനുകീഴിലുള്ള വിദ്യാലയങ്ങളില്‍പ്പോലും മാതൃഭാഷ ഒന്നാംഭാഷയല്ല എന്നത് വലിയ കുറച്ചിലാണ്. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ നമ്മുടെ വിദ്യാഭ്യാസവകുപ്പിനും കരിക്കുലംകമ്മിറ്റികള്‍ക്കും മനപ്പൂര്‍വമോ അല്ലാതെയോ പറ്റിയ തെറ്റാണിത്. മാതൃഭാഷ പഠിക്കാതെ സ്‌കൂള്‍ ഫൈനല്‍ പാസാകാമെന്ന അവസ്ഥയാണുള്ളത്'' -സ്വയം ലജ്ജിച്ചുകൊണ്ട് കേരള നിയമസഭയില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ജനപ്രതിനിധികളെ നോക്കി 2010ഡിസംബര്‍ 22ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയാണിത്. സെക്രട്ടേറിയറ്റിനുമുമ്പില്‍ നിരാഹാരമനുഷ്ഠിക്കുന്ന ഭാഷാസ്‌നേഹികളെ ചൂണ്ടിക്കാട്ടി സഭാംഗമായ സി.പി. മുഹമ്മദ് അവതരിപ്പിച്ച ഉപക്ഷേപത്തിനുള്ള മറുപടിയിലാണ് വി.എസ്. ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വി.എസ്. സര്‍ക്കാറിന്റെ അവസാനനാളുകളില്‍ 2011 മെയ് ആറിനാണ് മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
കഴിഞ്ഞ സര്‍ക്കാറിന്റെ മുന്‍ഗണനയിലുണ്ടായിരുന്ന ഒന്നായിരുന്നില്ല മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുക എന്ന നയം. അങ്ങനെയായിരുന്നെങ്കില്‍ അത് ഈ അവസാനനാളുകളിലേക്ക് മാറ്റിവെക്കേണ്ടതുണ്ടായിരുന്നില്ല. രണ്ടുവര്‍ഷത്തോളം സമരമായും എഴുത്തായും പ്രസ്താവനകളായും ഇക്കാര്യത്തില്‍ വന്ന പ്രതിഷേധമാണ് സര്‍ക്കാറിനെക്കൊണ്ട് അന്ന് ആ നടപടിയെടുപ്പിച്ചത്. 'മാതൃഭൂമി' ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ നിരവധി മുഖപ്രസംഗങ്ങള്‍ എഴുതി. പ്രൊഫ. സുകുമാര്‍ അഴീക്കോട്, എം.ടി., ഒ.എന്‍.വി. തുടങ്ങിയവര്‍ അനേകം പ്രസ്താവനകള്‍ ഇറക്കി. കേരളത്തിലെ മാതൃഭാഷാ സ്‌നേഹികളുടെ സംഘടനകളായ മലയാള ഐക്യവേദിയും മലയാളസമിതിയും മലയാള സംരക്ഷണവേദിയും 'ഐക്യമലയാളപ്രസ്ഥാന'മെന്ന പേരില്‍ ഒറ്റക്കെട്ടായി ഭരണ, പ്രതിപക്ഷഭേദമില്ലാതെ സാംസ്‌കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനുമുമ്പില്‍ സമരവുമായെത്തി. ഈ സാഹചര്യവും വി.എസ്. വ്യക്തിപരമായി കാണിച്ച താത്പര്യവും ചേര്‍ന്നപ്പോഴാണ് മലയാളം നിര്‍ബന്ധിത ഒന്നാംഭാഷ എന്ന ഉത്തരവ് സംഭവിച്ചത്.
ചരിത്രപരമായിരുന്നു ആ ഉത്തരവ്. മറ്റൊരു ഭാഷയുടെയും പഠനസമയത്തെ ബാധിക്കാത്ത ആ ഉത്തരവില്‍ പ്രധാനമായി അഞ്ചുകാര്യങ്ങളാണ് പറഞ്ഞിരുന്നത്.
1. കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായിരിക്കും. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുപിരീഡായി പഠിപ്പിക്കുന്ന രണ്ടാംഭാഷയുടെ രണ്ടാംപേപ്പറിന് ഒരു പിരീഡുകൂടി ചേര്‍ത്ത് ഇനി മുതല്‍ പത്താംക്ലാസുവരെ മൂന്ന് പിരീഡ് മലയാളം പഠിപ്പിക്കണം.
2. മലയാളം തീരേ പഠിപ്പിക്കാതിരിക്കുന്ന, ബ്രിട്ടീഷുകാലത്ത് രൂപം നല്‍കപ്പെട്ട ഓറിയന്റല്‍ സ്‌കൂളുകള്‍ എന്ന പേരിലുള്ള വിദ്യാലയങ്ങളിലും പത്താംക്ലാസുവരെ ഇനിമുതല്‍ ആഴ്ചയില്‍ മൂന്നുപിരീഡ് മലയാളം പഠിപ്പിച്ചിരിക്കണം.
3. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകള്‍ പിന്തുടരുന്ന ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാലയങ്ങളിലും മലയാളം പത്താം ക്ലാസുവരെ മൂന്ന് പിരീഡ് പഠിപ്പിച്ചിരിക്കണം. അതിന് സന്നദ്ധമല്ലാത്ത സ്‌കൂളുകള്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുത്.
4. കേരളത്തില്‍ ചില പ്ലസ്ടുസ്‌കൂളുകളില്‍ കുട്ടികള്‍ ആഗ്രഹിച്ചാല്‍പോലും മലയാളം രണ്ടാംഭാഷയായി പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അത്തരം സ്‌കൂളുകളില്‍ നിര്‍ബന്ധമായും മലയാളം പഠിപ്പിക്കാനുള്ള സാധ്യത ഉറപ്പാക്കണം. മലയാളം പഠിപ്പിക്കാത്ത പ്ലസ്ടു സ്‌കൂളുകള്‍ ഇനി ഉണ്ടായിരിക്കരുത്.
5. കേരളത്തിലെ എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും മലയാളം പഠിക്കാന്‍ അവസരമുണ്ടാകണം.
പ്രഖ്യാപനം ഗംഭീരം തന്നെ. മാതൃഭാഷാശിശു ആരോഗ്യവാനും സുന്ദരനുമാണ്. എന്നാല്‍, മാതാപിതാക്കള്‍ ആഗ്രഹിക്കാതെ ജനിച്ച സന്തതിക്ക് സംഭവിക്കുന്ന ഉപേക്ഷയാണ് ഈ ഉത്തരവിന് പിന്നീട് അനുഭവിക്കേണ്ടിവന്നത്. വഴിയിലുപേക്ഷിക്കപ്പെട്ട അതിനെ സംരക്ഷിക്കാന്‍ അനാഥമന്ദിരംപോലും ഉണ്ടായില്ല. അടുത്ത സര്‍ക്കാര്‍ വന്നു. ആദ്യം ഈ ഉത്തരവ് ഈ വര്‍ഷം നടപ്പാക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അതിന് പ്രതികരണങ്ങളുണ്ടായി. അപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് പറഞ്ഞു. 2011 ജൂണ്‍ 27-ന് ഇതുകാണിച്ച് ഒരു ഉത്തരവ് ഇറങ്ങി. വിചിത്രമായിരുന്നു ആ ഉത്തരവ്. സാധാരണ ക്ലാസ്‌സമയത്തിന് മുമ്പോ ക്ലാസ് സമയത്തിന് ശേഷമോ മലയാളത്തിനുള്ള ഈ അധിക പിരീഡുകള്‍ പഠിപ്പിക്കാം. അതിനായി ഒരു ചില്ലിക്കാശും സര്‍ക്കാര്‍ ചെലവാക്കുന്നതുമല്ല. അവിഹിതസന്തതിക്ക് ചെലവുനല്‍കാന്‍ പിതാവ് തയ്യാറല്ലെന്നര്‍ഥം. തസ്തികയും പിരീഡുമില്ലാതെ മലയാളം പഠിപ്പിക്കാന്‍ കഴിയുമെന്ന അദ്ഭുതം! ഫിസികേ്‌സാ കെമിസ്ട്രിയോ എന്‍ജിനീയറിങ്ങോ മെഡിസിനോ പഠിപ്പിക്കാന്‍ അതത് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കണമെന്ന് വാദിക്കുന്നത് അതത് ബിരുദധാരികളുടെ തൊഴില്‍പ്രശ്‌നമല്ല, പൊതുപ്രശ്‌നവും വിദ്യാര്‍ഥികളുടെ അവകാശപ്രശ്‌നവുമാണ്. അത് മലയാളമാകുമ്പോള്‍ കേരളത്തിന്റെ പൊതുവായ സാംസ്‌കാരികപ്രശ്‌നവുമാണ്. എന്നാല്‍, മലയാളം പഠിപ്പിക്കാന്‍ പിരീഡും തസ്തികയും വേണമെന്ന് വാദിക്കുന്നത് അധ്യാപകരുടെ സ്വകാര്യപ്രശ്‌നം മാത്രമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. പിരീഡും തസ്തികയുമില്ലാതെ എവിടെനിന്നോ അധ്യാപകവേഷം കെട്ടിയ ചിലര്‍ പ്രത്യക്ഷപ്പെട്ട് ഇല്ലാത്ത മണിക്കൂറുകള്‍ ഉണ്ടാക്കിവേണം മലയാളം പഠിപ്പിക്കാന്‍!
ഈ ഉത്തരവിനെതിരെ എല്ലാ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായപ്പോള്‍ മറ്റൊരു ഉത്തരവ് 2011 സപ്തംബര്‍ ഒന്നിന് വന്നു. അതുപ്രകാരം ഒരു ദിവസത്തെ എല്ലാ പിരീഡുകളില്‍നിന്നും അഞ്ചുമിനിറ്റുവീതം ശേഖരിച്ച് ഒരു പിരീഡുണ്ടാക്കണം. അത് ആരുപഠിപ്പിക്കും എന്ന കാര്യത്തില്‍ അപ്പോഴും വ്യക്തതയുണ്ടായില്ല. ഒടുവില്‍, ദിവസവേതനത്തില്‍ അധ്യാപകരെ ഡയറ്റിന്റെ ചെലവില്‍ ഇതിനായി നിയമിക്കാമെന്ന് 2012 മെയ് 10-ന്റെ സെക്രട്ടറിതലചര്‍ച്ചയില്‍ തീരുമാനമായി. എന്നിട്ടും ഉത്തരവിലെ ആത്മാര്‍ഥതക്കുറവ് അവ്യക്തതകളായി നിലനില്‍ക്കുന്നതുകൊണ്ട് പൊതുവിദ്യാലയങ്ങളില്‍പോലും അധികാരികള്‍ അധിക പിരീഡുകള്‍ പഠിപ്പിക്കാന്‍ തയ്യാറായില്ല. ഓറിയന്റല്‍ സ്‌കൂളുകള്‍, ഇംഗ്ലീഷ്മാധ്യമ വിദ്യാലയങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരുനടപടിക്കും തയ്യാറായതുമില്ല.
അതിനിടയില്‍ പുതിയ ഇംഗ്ലീഷ്മാധ്യമ വിദ്യാലയങ്ങള്‍ തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണം എന്ന വകുപ്പിനെയും അവര്‍ ചോദ്യംചെയ്തു. മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം എതിര്‍വാദത്തില്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അങ്ങനെ ഇംഗ്ലീഷ് മീഡിയക്കാരന്‍ മലയാളം പഠിച്ചിരിക്കണമെന്നത് നിയമപരമായ ബാധ്യതയല്ലാതായി.
പൊതുവിദ്യാലയങ്ങളിലും ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളിലും ഇങ്ങനെയാണ് ഇത് തള്ളപ്പെട്ടതെങ്കില്‍ ഒന്നാംഭാഷാ ഉത്തരവില്‍ പറഞ്ഞ പ്ലസ്ടുതലത്തിലെ അവസ്ഥയും തീരേ വ്യത്യസ്തമല്ല. പ്ലസ്ടുതലത്തില്‍ മലയാളം പഠിക്കാന്‍ അവസരമില്ലാത്ത സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിനുള്ള നിര്‍ദേശമോ അതിനുള്ള നടപടികളോ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മലയാളമെടുത്ത് പഠിക്കാമെന്ന നിര്‍ദേശത്തിനാകട്ടെ ഒരു തുടര്‍നടപടിയും ഉണ്ടായില്ല.
ഈ അവഗണനയുടെ പരകോടിയിലാണ് നമുക്ക് ക്ലാസിക്കല്‍പദവിയുടെ കോടികളുടെ വാഗ്ദാനം ലഭിക്കുന്നത്. പി.കെ. രാജശേഖരന്‍ മുമ്പ് ഒരു ലേഖനത്തില്‍ എഴുതിയതുപോലെ ക്ലാസില്‍ പഠിപ്പിച്ചിട്ടുമതി ക്ലാസിക്കല്‍ പദവി നേടേണ്ടത് എന്ന കാര്യത്തില്‍ നമുക്ക് യാതൊരു നിര്‍ബന്ധവുമുണ്ടായില്ല. തമിഴിന് ക്ലാസിക്കല്‍പദവി നേടുന്നതിനുമുമ്പ് ആ ഭാഷ ക്ലാസില്‍ പഠിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ എന്താണ് ചെയ്തത് എന്ന് നാം മനസ്സിലാക്കണം. തമിഴ് നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്നതിനുള്ള ഉത്തരവ് കോടതികളില്‍ ചോദ്യം ചെയ്യാതിരിക്കാന്‍ അവര്‍ അതിനായി ഒരു ബില്‍ നിയമസഭയില്‍ കൊണ്ടുവരികയാണ് ചെയ്തത്. അത്തരത്തില്‍ ഒന്നാംഭാഷാ ഉത്തരവ് സംരക്ഷിക്കുന്ന മട്ടിലുള്ള ഒരുബില്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ കേരളസര്‍ക്കാറും തയ്യാറാകണം. സ്വഭാഷയെ വീട്ടില്‍ പട്ടിണിക്കിട്ടുകൊണ്ട് പുറത്ത് അതിന് ആരോഗ്യശ്രീമാന്‍പദവി വേണമെന്ന് വാദിക്കുന്നത് അപഹാസ്യമാണ്.
മാതൃഭാഷാ വിദ്യാഭ്യാസത്തോട് ഇന്നോളമുള്ള സര്‍ക്കാറുകളുടെ സമീപനത്തില്‍ കണ്ടത് കേരളത്തിലെ പൊതുസമൂഹത്തിന്റെ മനോഭാവംകൂടിയാണ്. എന്നാല്‍, വിദ്യാഭ്യാസത്തില്‍ മാതൃഭാഷ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഇന്ന് എല്ലാ അര്‍ഥത്തിലും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. വിദ്യാഭ്യാസ അവകാശനിയമംതന്നെ,എട്ടാംതരംവരെയെങ്കിലും മാതൃഭാഷയാകണം പഠനമാധ്യമം എന്നുപറയുന്നത്‌നോക്കുക. മാതൃഭാഷാ വിദ്യാഭ്യാസം എങ്ങനെ ഒരു സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് മനസ്സിലാക്കാന്‍ കെ. സേതുരാമന്‍ എഴുതിയ ഏറേ ചര്‍ച്ചചെയ്യപ്പെട്ട 'മലയാളത്തിന്റെ ഭാവി' എന്ന പുസ്തകം ഒന്ന്മറിച്ചുനോക്കുകയെങ്കിലും ചെയ്യുക. മലയാളിയുടെ സാംസ്‌കാരികമൂലധനമാണ് മലയാളം എന്ന ഭാഷയും അതില്‍ രചിക്കപ്പെട്ട സാഹിത്യവും. പുതിയ ലോകത്ത് സാമ്പത്തികരംഗത്തുപോലും ഭൗതിക ഉത്പന്നങ്ങളേക്കാള്‍ പ്രാധാന്യം നേടുന്നുണ്ട് സാംസ്‌കാരിക ഉത്പന്നങ്ങള്‍. പത്രങ്ങളും പുസ്തകങ്ങളും ദൃശ്യമാധ്യമങ്ങളും മറ്റുമുള്‍ക്കൊള്ളുന്ന നമ്മുടെ മാതൃഭാഷാവ്യവസായം പരമ്പരാഗത വ്യവസായങ്ങളേക്കാള്‍ സാമ്പത്തിക മേഖലയില്‍ പ്രധാനവുമാണ്.
എന്തുകൊണ്ടാണ് കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മതസഹിഷ്ണുത കാണിക്കുന്നത് എന്ന കാര്യം പലപ്പോഴും നാം ചര്‍ച്ചചെയ്യാറുണ്ട്. അതിന് കാരണം തങ്ങളാണെന്ന് ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും അവകാശവാദമുയര്‍ത്താറുമുണ്ട്. എന്നാ ല്‍, അതിന്റെ ശരിയായ ഉത്തരം നാമെല്ലാം ഒരേഭാഷയിലും സാഹിത്യത്തിലുമാണ് വളര്‍ന്നത് എന്നതാണ്. കേരളത്തില്‍ മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും പൊതുവായ മാതൃഭാഷയായ മലയാളം മതേതരത്വമെന്ന നമ്മുടെ ഭരണഘടനാമൂല്യത്തെക്കൂടി ഊട്ടിയുറപ്പിക്കുന്നതാണ് അത് തന്റേതല്ലാത്ത മതത്തിന്റെ മൂല്യങ്ങളെയും സൗന്ദര്യാത്മക മൂല്യങ്ങളായി സ്വാംശീകരിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നു. (ഇതല്ല മറ്റു സംസ്ഥാനങ്ങളില്‍ പലയിടത്തും. വ്യത്യസ്തമതങ്ങള്‍ ഭാഷകൊണ്ടുതന്നെ പരസ്പരപ്രവേശമില്ലാതെ വേറിട്ടുനില്‍ക്കുന്നു). മാതൃഭാഷാവിദ്യാഭ്യാസം കിട്ടാത്തപുതിയ തലമുറയാണ് വര്‍ഗീയതയിലേക്ക് വീഴുന്നതും. സഹിഷ്ണുതയുടെ സൗന്ദര്യബോധം നമ്മുടെ മക്കളിലേക്കും പടരണമെങ്കില്‍ എല്ലാവരും മാതൃഭാഷ പഠിക്കുന്നുവെന്ന് ഉറപ്പിക്കേണ്ടതുണ്ട്. കോടതി ഈ കാര്യം പരിഗണിക്കേണ്ടതായിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ, നേട്ടങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുമ്പില്‍ പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ ചിത്രം നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ അഭിനന്ദനവാക്യങ്ങളും വെച്ചാണ് ഒന്നാംഭാഷാ ഉത്തരവ് നല്‍കിയിരുന്നത്. അഴീക്കോടിന്റെ ആത്മാവ് രോഷാകുലമാകാതിരിക്കാനെങ്കിലും അദ്ദേഹം അന്തരിച്ച് ഒരുവര്‍ഷം കഴിയുന്ന ഈ വേളയില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. അതായിരിക്കും അദ്ദേഹത്തിന് ഏറ്റവും ഉചിതമായ സ്മാരകവും.
(ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ തിരൂര്‍ കേന്ദ്രം, തിരുന്നാവായയിലെ അസോ. പ്രൊഫസറാണ് ലേഖകന്‍)
മാതൃഭൂമി
07.02.2012
2013, ഫെബ്രുവരി 5, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)