മലപ്പുറം: പൊതുപരീക്ഷകൂടാതെ പത്താംക്ലാസ് യോഗ്യത നേടിയ സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് ഏകജാലകം വഴി പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നല്‍കിയത് സംസ്ഥാന സിലബസുകാരായ നിരവധി വിദ്യാര്‍ഥികളുടെ സാധ്യത ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ട്രയല്‍ അലോട്ട്‌മെന്റ് പുറത്തുവന്നപ്പോള്‍ സി ബി എസ് ഇ വിദ്യാര്‍ഥികളില്‍ മിക്കവരും സീറ്റുറപ്പിച്ചപ്പോള്‍ സാധാരണ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പുറത്താണ്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കേന്ദ്ര സിലബസില്‍ പഠിച്ചവര്‍ക്കും ആദ്യ അലോട്ട്‌മെന്റ് മുതല്‍ തന്നെ സംസ്ഥാന സിലബസിലേക്ക് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കുകയായിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ സി ബി എസ് ഇ, ഐ സി എസ് ഇ ക്കാര്‍ക്ക് മൂന്നാമത്തെ അലോട്ട്‌മെന്റ് മുതലാണ് ഇതിനുളള അവസരം ലഭിച്ചിരുന്നത്. അപ്പോള്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് നല്‍കിയതിനു ശേഷമുള്ള സീറ്റുകളിലാണ് സി ബി എസ് ഇ ക്കാര്‍ പ്രവേശനം നേടാറുളളത്. ഇക്കുറി സംസ്ഥാനത്തെ പത്താംക്ലാസ് ഫലം നേരത്തേ വന്നെങ്കിലും കേന്ദ്ര സിലബസുകാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം ഒരുക്കുന്നതിന് ഏകജാലക സംവിധാനത്തിന്റെ നടപടിക്രമങ്ങള്‍ വൈകിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. പൊതു പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യതനേടുന്ന സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സ്‌കൂള്‍തല പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്കുമായെത്തുന്ന സി ബി എസ് ഇക്കാര്‍ ഉയര്‍ത്തുന്നത്.
സി ബി എസ് ഇ യില്‍ പരീക്ഷാബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ എഴുതണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ തല പരീക്ഷയെഴുതി യോഗ്യത തെളിയിക്കുകയാണ് ചെയ്യുന്നത്. സി ബി എസ് ഇ സ്‌കൂളുകളുടെ സംഘടന തയ്യാറാക്കുന്ന മാതൃകാ ചോദ്യപേപ്പറില്‍ നിന്ന് അതാത് സ്‌കൂളുകള്‍ താത്പര്യമുള്ള ഒരെണ്ണം തിരഞ്ഞെടുക്കുകയാണ് പതിവ്. മൂല്യനിര്‍ണയവും അതാത് സ്‌കൂളുകളില്‍ തന്നെയാണ് നടത്തുന്നത്. സ്‌കൂള്‍ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് സി ബി എസ് ഇ ക്ക് അപ്‌ലോഡ് ചെയ്ത് നല്‍കിയാല്‍ ബോര്‍ഡ് മാര്‍ക്ക് ലിസ്റ്റ് നല്‍കും. ഈ സാഹചര്യത്തില്‍ സി ബി എസ് ഇക്കാര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കാനുള്ള സ്ഥിതിവിശേഷമാണുള്ളത്. ഇങ്ങനെ ലഭിക്കുന്ന മാര്‍ക്കും സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടത്തുന്ന പൊതുപരീക്ഷയായ എസ് എസ് എല്‍ സിയുടെ മാര്‍ക്കും തുല്യമായാണ് പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കുന്നത്. സ്വാഭാവികമായും സ്‌കൂള്‍ നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിക്കുന്ന സി ബി എസ് ഇ വിദ്യാര്‍ഥികളുടെ മെറിറ്റുമായി തട്ടിച്ചുനോക്കുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ നിന്ന് പത്താംക്ലാസ് പരീക്ഷയെഴുതി മികച്ച ഗ്രേഡ് നേടിയവര്‍ പോലും വളരെ പിറകിലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.