2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിയണം

തിരുവനന്തപുരം: മലയാളഭാഷാ പരിജ്ഞാനം കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കുള്ള അനിവാര്യയോഗ്യതയാക്കണമെന്ന് സംസ്ഥാന സാംസ്‌കാരിക നയം ശുപാര്‍ശ ചെയ്യുന്നു. സിവില്‍ സര്‍വീസില്‍ നിന്ന് ഓരോ സംസ്ഥാനത്തും നിയമിക്കപ്പെടുന്നവര്‍ തദ്ദേശഭാഷ പഠിക്കണമെന്ന് നിര്‍ബന്ധമുള്ളപോലെയായിരിക്കണം സര്‍ക്കാര്‍ ജോലിക്കുള്ള മലയാളത്തിലെ അറിവ്.

എന്‍ജിനീയറിങ്, മെഡിസിന്‍, ഐ.ടി. എന്നിങ്ങനെ പൊതുപരീക്ഷയിലൂടെ പ്രവേശനം നടത്തുന്ന കോഴ്‌സുകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കണം. മാതൃഭാഷയിലും ഉത്തരമെഴുതാന്‍ അനുവദിക്കുകയും വേണം. പി.ടി.തോമസ് എം.പി. അധ്യക്ഷനായ സമിതി രൂപം നല്‍കിയ കരട് സാംസ്‌കാരിക നയം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഭരണഭാഷയും കോടതി ഭാഷയും പൂര്‍ണമായും മലയാളത്തിലാക്കണം. അക്കാദമികമായ എല്ലാ മേഖലകളിലും മലയാളത്തിന് പ്രവേശനം നല്‍കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സെമിനാറുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം മാതൃഭാഷയിലായിരിക്കണം.

വൈദേശിക എഴുത്തുകാരെ ആകര്‍ഷിച്ച് മലയാളം പഠിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദേശികള്‍ക്ക് മലയാളം പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. മലയാളഭാഷയ്ക്ക് മികച്ച സംഭാവന നല്‍കുന്ന വിദേശികള്‍ക്ക് ഗുണ്ടര്‍ട്ടിന്റെ പേരില്‍ പുരസ്‌കാരം നല്‍കും. ലിപി പരിഷ്‌കരണംപോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും.

ചെറിയ ക്ലാസുകള്‍ മുതല്‍ തന്നെ സാംസ്‌കാരികാവബോധം വളര്‍ത്താന്‍ തക്ക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. പ്രീ പ്രൈമറി, പ്രൈമറി തലത്തിലുള്ള അധ്യാപകര്‍ക്ക് കൈപുസ്തകമായി സാംസ്‌കാരിക പാഠങ്ങള്‍ നല്‍കണം. സമൂഹത്തിന്റെ വാമൊഴി-വരമൊഴി സമ്പത്ത് വിദ്യാഭ്യാസത്തില്‍ ഉപയോഗിക്കണം. സ്‌കൂളുകളില്‍ കലാ, കരകൗശലരംഗങ്ങളില്‍ പരിശീലനം നല്‍കാന്‍ അധ്യാപകരെ നിയമിക്കും.

ദേശീയ സാഹിത്യ, സംഗീത, നാടക അക്കാദമികളുമായി ചേര്‍ന്നുനിന്ന് സംസ്ഥാന സര്‍ക്കാരിന്റെ അക്കാദമികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണം. കേരള സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി 25 പേരടങ്ങുന്ന സാംസ്‌കാരിക ഉപദേശക കൗണ്‍സില്‍ രൂപവത്കരിക്കണം. സാംസ്‌കാരിക മന്ത്രിയായിരിക്കണം ഈ കൗണ്‍സിലിന്റെ ചെയര്‍മാന്‍.
കേരള കലാമണ്ഡലത്തെ നാടന്‍ കലകളടക്കമുള്ള കലകളുടെയും അനുബന്ധവിഷയങ്ങളുടെയും ഉന്നതപഠനത്തിനായി ഒരു സര്‍വകലാശാലയാക്കി ഉയര്‍ത്തണം. നിലവിലുള്ള നൃത്ത, സംഗീത, കലാ കോളേജുകള്‍ ഈ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യണം. നാടകം, പാരമ്പര്യകലകള്‍ എന്നിവയും പഠനവിഷയമാക്കണം. പഴയ കൊട്ടാരങ്ങള്‍, കോട്ടകള്‍, വാസ്തുശില്പങ്ങള്‍, ചരിത്രാവശിഷ്ടങ്ങള്‍ എന്നിവ സംരക്ഷിച്ച് വിനോദ സഞ്ചാരവും പരിപോഷിപ്പിക്കാം.

അന്യം നിന്നുകൊണ്ടിരിക്കുന്ന നിലത്തെഴുത്ത് കളരികള്‍ പുനരുജ്ജീവിപ്പിക്കും.കലാസാംസ്‌കാരിക രൂപങ്ങളെ രേഖപ്പെടുത്തി സംരക്ഷിക്കാന്‍ ഡോക്യുമെന്റേഷന്‍ സെന്റര്‍ സ്ഥാപിക്കും. ചരിത്രപരമായി പ്രാധാന്യമുള്ള പ്രദേശങ്ങളെ പ്രത്യേക മേഖലകളായി പ്രഖ്യാപിക്കും. സംഗീതോപകരണങ്ങള്‍, ആഭരണങ്ങള്‍, രംഗപ്രയോഗത്തിനുള്ള കോപ്പുകള്‍ എന്നിവയുടെ നിര്‍മാണം കലാപ്രവര്‍ത്തനമായി അംഗീകരിച്ച് പരിപോഷിപ്പിക്കും.

ലൈബ്രറി സെസ്സ് ഒരു ശതമാനമാക്കി ലൈബ്രറികള്‍ക്ക് ലഭിക്കുന്ന തുകയില്‍ കുറവ് വരുത്താതെ അധികമായി ലഭിക്കുന്ന തുക സാംസ്‌കാരിക വകുപ്പിന് നല്‍കണം. എഴുത്തുകാര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ വഴി വിഖ്യാത സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കും. നാടോടി, ഗോത്രകലകള്‍ സംരക്ഷിക്കാനും നടപടിയുണ്ടാകും. കളരികളും ഗുരുകുലങ്ങളും സംരക്ഷിക്കും.

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സവിശേഷതകളെ തുല്യമായി ആദരിക്കുന്ന സാംസ്‌കാരിക നയമാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് സമിതി പറയുന്നു. എം. എല്‍.എ മാരായ പാലോട് രവി, സി.പി.മുഹമ്മദ്, അബ്ദുസമദ് സമദാനി, തോമസ് ഉണ്ണിയാടന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, ടി.പി.രാജീവന്‍, എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങിയ സമതിതിയാണ് സാംസ്‌കാരിക നയത്തിന് രൂപം നല്‍കിയത്.
02.10.2012

2012 ഓഗസ്റ്റ് 28, ചൊവ്വാഴ്ച

കാരശ്ശേരിമാഷിന് ഐക്യവേദിയുടെ സ്നേഹാദരം..

മലയാള ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിൻറെ ഹൃദയഭാവങ്ങൾക്ക് തങ്ങളുടെ സാന്നിധ്യത്താൽ പൂർണ്ണതയേകിയ ഗുരുശ്രേഷ്ഠരെ ഓർക്കുന്നു,ആദരിക്കുന്നു. കാരശ്ശേരിമാഷിന് ഐക്യവേദിയുടെ സ്നേഹാദരം.. കാരശ്ശേരി മാഷ് തൻറെ ഗുരുനാഥനായ അഴീക്കോടിനെക്കുരിച്ചെഴുതിയ 'അഴീക്കോട് മാഷ്' എന്ന പുസ്തകം മലയാളസാഹിത്യത്തിലെ ഗുരുതുല്യനായ എഴുത്തുകാരൻ ശ്രീ.എം.ടി.വാസുദേവൻ നായർ പ്രകാശനംചെയ്യുന്നു. ഭാഷാപോഷിണി പത്രാധിപർ കെ.സി.നാരായണൻ, ദേശാഭിമാനി പത്രാധിപർ ഡോ.കെ.പി.മോഹനൻ, ഡോ.പി.പവിത്രൻ എന്നിവർ പങ്കെടുക്കുന്നു...
സപ്തം.15 ശനി വൈകുന്നേരം 3 മണി കോഴിക്കോട്...

2012 ഓഗസ്റ്റ് 26, ഞായറാഴ്‌ച

ബസ്സ് ടിക്കറ്റ് മലയാളത്തിലാകണം


ഭാഷയുടെ തലത്തിലുള്ള അടിമത്തത്തില്‍ നിന്ന് നമുക്ക് രക്ഷപെടേണ്ടെ?
ഒന്നിനും ഉപയോഗമില്ലാത്ത ഒരു ഭാഷയായി മലയാളം നിലനില്‍ക്കുമോ?
മലയാളം നിലനിന്നാലല്ലെ മലയാളിയും ഓണവുമെല്ലാം ഉണ്ടാകൂ....
മലയാളം നിലനില്കട്ടെ, മലയാളിയും. എല്ലാര്‍ക്കും ഓണാശംസകള്‍...

2012 ജൂലൈ 30, തിങ്കളാഴ്‌ച

മലയാളം ഔദ്യോഗിക ഭാഷ: ശുപാര്‍ശ അംഗീകരിച്ചു

തിരുവനന്തപുരം
മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതു സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. 2012 നവംബര്‍ മുതല്‍ ഭരണഭാഷാ വര്‍ഷമായി ആചരിക്കും. കാലയളവില്‍ വിവിധ വകുപ്പുകളില്‍ ഔദ്യോഗിക ഭാഷ മലയാളം ആക്കാന്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തും. പൂര്‍ണമായി ഔദ്യോഗിക ഭാഷ മലയാളമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
www.metrovaartha.com

2012 ജൂലൈ 18, ബുധനാഴ്‌ച

പ്ലസ്‌വണ്‍: സി.ബി.എസ്.ഇ. സ്‌കൂള്‍ പരീക്ഷ പരിഗണിക്കേണ്ടെന്ന് ശുപാര്‍ശ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ നടത്തുന്ന പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി ഉപസമിതി നിര്‍ദേശിച്ചു. ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുമാത്രം പ്രവേശന മാനദണ്ഡമാക്കി പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താനും സമിതി ശുപാര്‍ശ ചെയ്തു.

സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ സീറ്റുകള്‍ മുഴുവന്‍ കൈയടക്കുന്നത് വിവാദമായതോടെ ഇക്കാര്യത്തില്‍ കരിക്കുലം കമ്മിറ്റിയുടെ നിര്‍ദേശം സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ചൊവ്വാഴ്ച ഉപസമിതി യോഗം ചേര്‍ന്നത്.

എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി. എന്നിവ വിജയിച്ചെത്തുന്നവര്‍ക്ക് പ്രവേശനത്തിനായി മൂന്ന് പോയിന്‍റ് ബോണസ് നല്‍കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വന്തം സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചവര്‍ക്കുള്ള അധിക പോയിന്‍റ് അഞ്ചായി ഉയര്‍ത്തണമെന്നാണ് സമിതിയുടെ മറ്റൊരാവശ്യം. ഇപ്പോള്‍ ഈ വിഭാഗത്തിന് രണ്ട് പോയിന്‍റാണ് അധികമായി നല്‍കുന്നത്. ഗുണമേന്മയുള്ള ഏകീകൃത സിലബസ് നടപ്പാക്കണമെന്ന നിര്‍ദേശവും ഹയര്‍ സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടര്‍ അനില്‍കുമാര്‍, എസ്.സി.ഇ.ആര്‍. ടി. റിസര്‍ച്ച് ഓഫീസര്‍ ഡോ. തിലക്, സംഘടനാ നേതാക്കളായ ജെ. ശശി, ഹരിഗോവിന്ദന്‍ എന്നിവരടങ്ങിയ സമിതി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
മാതൃഭൂമി

വിഷയത്തില്‍ മലയാള ഐക്യവേദി നടത്തിയ ഇടപെടലുകള്‍,

പ്ലസ് വണ്‍ പ്രവേശനം: കേരള സിലബസുകാരുടെ സാധ്യത മങ്ങുന്നു

പ്ലസ് വണ്‍ പ്രവേശനം : പ്രതിഷേധ ജാഥ

പ്ലസ് വണ്‍ പ്രവേശനം : മാതൃഭാഷയില്‍ പഠിച്ചുവന്ന വിദ്യാര്‍ത്ഥികളെ ചവിട്ടിപ്പുറത്താക്കരുത്

2012 ജൂലൈ 11, ബുധനാഴ്‌ച

മലയാളം ഒന്നാംഭാഷയാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു - വി.എസ്

കൊച്ചി: മലയാളം ഒന്നാംഭാഷയും നിര്‍ബന്ധിത ഭാഷയും ആക്കാനുള്ള തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മലയാളത്തെ ഒന്നാം ഭാഷയാക്കാനുള്ള ഉത്തരവ് രണ്ടാമത്തെ അധ്യയനവര്‍ഷം ആരംഭിച്ചിട്ടും നടപ്പാക്കാതെ സര്‍ക്കാര്‍ പൂഴ്ത്തിവെക്കുകയാണെന്നും അദേഹം ആരോപിച്ചു.
മഹാരാജാസ് സെന്‍റിനറി ഹാളില്‍ നടന്ന ജഗതിക് കൊങ്കണി സംഘടനയുടെ കേരള പ്രദേശ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിന് ക്ളാസിക്കല്‍ പദവി നല്‍കണമെന്ന കേരളത്തിന്‍െറ അവശ്യത്തില്‍ കേന്ദ്രം വിവേചനം കാട്ടുകയാണ്.
മലയാളത്തിന് ക്ളാസിക് പദവി നല്‍കണമെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാറിനുപോലും ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ല. അതിനാലാണ് മലയാളം ഒന്നാംഭാഷയാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത്. പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ വലിയഭാഷകള്‍ അധിനിവേശം നടത്തുകയാണ്. ഇംഗ്ളീഷും ഹിന്ദിയും മാത്രം പഠിച്ചാലെ പ്രയോജനമുള്ളൂവെന്ന തരത്തില്‍ പ്രചാരണവും നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്‍െറ പ്രവര്‍ത്തനം ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭാഷക്കുനേരെയുള്ള കടന്നുകയറ്റങ്ങള്‍ സാംസ്കാരിക അധിനിവേശമായി കണക്കാക്കണം. പ്രാദേശികഭാഷകള്‍ അതത് സമൂഹത്തിന്‍െറ സാംസ്കാരിക തനിമഉള്‍ക്കൊള്ളുന്നതാണ്. മാതൃഭാഷയെ മറക്കുകയെന്നാല്‍ അമ്മയെ മറക്കുന്നതിനു തുല്യമാണ്്. സംസ്കാരത്തിന്‍െറ കാതലാണ് ഭാഷയെന്നും വി.എസ് പറഞ്ഞു.
ജഗതിക് കൊങ്കണി സംഘടനയുടെ പ്രസിഡന്‍റ് തൊമസിഞ്ഞോ കാര്‍ഡോസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എറിക് ഒസാറിയോ മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ കെ.കെ. ഉത്തരന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നാല് സെഷനിലായി കൊങ്കണി ഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും നടന്നു.
മാധ്യമം