മംഗളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മംഗളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ഡിസംബർ 21, തിങ്കളാഴ്‌ച

മാതൃഭാഷാ സമരം ആത്മസ്വാതന്ത്രത്തിനു വേണ്ടിയും: കെ.പി. രാമനുണ്ണി.

മാതൃഭാഷാ സമരം ആത്മസ്വാതന്ത്രത്തിനു വേണ്ടിയും: കെ.പി. രാമനുണ്ണി
Story Dated: Sunday, December 20, 2015 01:37

കല്‍പ്പറ്റ: മാതൃഭാഷയ്‌ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ഒരു ജനതയുടെ ആത്മ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങള്‍ കൂടിയാണെന്ന്‌ എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. മലയാള ഐക്യവേദി സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്‌ഥാനങ്ങള്‍ തങ്ങളുടെ മാതൃഭാഷയിലേക്ക്‌ മാറാന്‍ തുടങ്ങി. എന്നാല്‍ ഭരിക്കുന്ന ന്യൂനപക്ഷ ഉദ്യോഗസ്‌ഥര്‍ക്കു വേണ്ടിയാണ്‌ മലയാള ബില്ലിനെ അലങ്കോലമാക്കാന്‍ ശ്രമം നടക്കുന്നത്‌. സ്‌നേഹത്തിന്റെയും നല്ല പെരുമാറ്റത്തിന്റെയും ഭാഷയാണ്‌ മാതൃഭാഷ. ഭാഷക്ക്‌ വേിയുള്ള സമരം വിദ്യാഭ്യാസത്തിന്‌ വേണ്ടിയുള്ള സമരമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
മലയാള ഐക്യവേദി സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. വി.പി. മാര്‍ക്കോസ്‌ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ്‌ എം. ബാലഗോപാലന്‍, എഴുത്തുകാരി ഡോ. പി. ഗീത, മലയാള ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.കെ. സുബൈര്‍, വിനോദ്‌ പുല്ലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
സംസ്‌ഥാനതല കഥ, കവിതാ രചനാ മത്സരത്തില്‍ വിജയികളായ ദ്രുപത്‌ ഗൗതം, നിയ ബിന്‍ജില, നീരജ എസ്‌.മഹേഷ്‌, രവീന രവീന്ദ്രന്‍, ഡിന്നു ജോര്‍ജ്‌, വിഷ്‌ണുപ്രസാദ്‌ എന്നിവര്‍ക്ക്‌ കെ.പി. രാമനുണ്ണി പുരസ്‌കാരം നല്‍കി. ഭാഷാ മഞ്‌ജരി പുരസ്‌കാരം നേടി പി. അതുല്‍, മലയാള ബിരുദ റാങ്ക്‌ ജേത്രി ജാനു രാജന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
വിദ്യാര്‍ഥി മലയാള വേദി സമ്മേളനം കോഴിക്കോട്‌ സര്‍വകലാശാല ഇംഗ്ലീഷ്‌ വിഭാഗം തലവന്‍ ഡോ. എം.വി. നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രാദേശിക ചരിത്രവും മാതൃഭാഷയും എന്ന വിഷയത്തല്‍ വെള്ളനാട്‌ രാമചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. മലയാള ഐക്യവേദി കണ്‍വീനര്‍ ഇ. ദിനേശന്‍ അധ്യക്ഷത വഹിച്ചു.
മാതൃഭാഷയും മനുഷ്യാവകാശം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു.പി.കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ബിജു വാകേരി, കെ.കെ. സുരേന്ദ്രന്‍, ഡോ. രമേശന്‍, എം.എം. ഗണേഷന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്ന്‌ സംഘടനാ സമ്മേളനവും പൊതുസമ്മേളനവും നടക്കും.

മലയാളഭാഷാ ബില്‍ പസാക്കി.

തിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബന്ധമാക്കാന്‍ വ്യവസ്‌ഥ ചെയ്യുന്ന മലയാളഭാഷാ വ്യാപനവും പരിപോഷണവും ബില്‍ നിയമസഭ പസാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി മന്ത്രി കെ.സി. ജോസഫ്‌ അവതരിപ്പിച്ച ബില്‍ വിശദമായ ചര്‍ച്ചയ്‌ക്കുശേഷമാണ്‌ പാസാക്കിയത്‌.
അതേസമയം, ബില്‍ അവതരണവേളയില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സഭയില്ലാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഈ സമയം മന്ത്രിസഭാ യോഗം ചേരുകയാണെന്ന്‌ ആരോപിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതു സഭയോടുള്ള അനാദരവാണെന്നു പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ എകാധിപത്യനിലപാട്‌ ഈക്കാര്യത്തില്‍ കാണിക്കുന്നത്‌. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല എ.ഐ.സി.സിക്ക്‌ നല്‍കിയ കത്തില്‍ പറയുന്നത്‌ മുഖ്യമന്ത്രി ഏകാതിപത്യസമീപനം സ്വീകരിക്കുന്നൂവെന്നാണ്‌. രമേശ്‌ ചെന്നിത്തലയുടെ അഭിപ്രായമാണ്‌ ഈക്കാര്യത്തില്‍ തനിക്കുമുള്ളതെന്നു കോടിയേരി പറഞ്ഞു.
സഭ നടക്കുമ്പോള്‍ പുറത്തു മന്ത്രിസഭയോഗം നടക്കുന്നതായി തനിക്കറിയില്ലെന്ന്‌ സ്‌പീക്കര്‍ പറഞ്ഞു. മന്ത്രിസഭയോഗം നടക്കുന്നതായി തന്റെ അറിവിലില്ലെന്ന്‌ മന്ത്രി കെ.സി.ജോസഫും സഭയെ അറിയിച്ചു. മുഖ്യമന്ത്രിയൊഴികെയുള്ള മന്ത്രിമാര്‍ സഭയില്‍ എത്തിയതിനെതുടര്‍ന്നാണ്‌ പ്രതിപക്ഷ ബഹളം അവസാനിച്ചത്‌. മലയാള ഭാഷാ ബില്‍ അനുസരിച്ച്‌ ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റെഗുലേഷനുകളും മലയാളത്തിലാകണമെന്നു വ്യവസ്‌ഥ ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന കേന്ദ്ര നിയമങ്ങളും സംസ്‌ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തണം. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമെ അര്‍ധസര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്‌ഥാപനങ്ങള്‍ക്കും ഇതു ബാധകമാകും. അതേസമയം, സ്‌കൂളിലോ ഹയര്‍ സെക്കന്‍ഡറിയിലോ ബിരുദപഠനത്തിലോ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിനു മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ലോമയ്‌ക്കു തുല്യമായ പി.എസ്‌.സി പരീക്ഷ ജയിക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കിയാണു ബില്‍ പാസാക്കിയത്‌.
പി.എസ്‌.സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്‌ഥാപനങ്ങള്‍ അവരുടെ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയാറാക്കണം. കേന്ദ്രസര്‍ക്കാരുമായും കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനങ്ങളുമായും വിദേശരാജ്യങ്ങളുമായും മറ്റു സംസ്‌ഥാനങ്ങളുമായും ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക്‌ ഇംഗ്ലീഷ്‌ ഉപയോഗിക്കാം. സംസ്‌ഥാനത്തെ ഭാഷ ന്യൂനപക്ഷങ്ങളുമായുള്ള ഔദ്യോഗിക കത്തിടപാടുകളും മറ്റും ഇംഗ്ലീഷിലോ അവരുടെ ഭാഷയിലോ ആകുന്നതില്‍ തെറ്റില്ല.
മലയാള ഭാഷയല്ലാതെ മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്‌പുറമേ മലയാളം കൂടി പഠിക്കാന്‍ അവസരം നല്‍കണം. ഇതര സംസ്‌ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും കേരളത്തില്‍ വന്നു പഠിക്കുന്ന മലയാളികളല്ലാത്ത വിദ്യാര്‍ഥികളെ ഒന്‍പത്‌, പത്ത്‌ ക്ലാസുകളിലും ഹയര്‍സെക്കന്‍ഡറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതില്‍നിന്ന്‌ ഒഴിവാക്കും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്‌ഥാപനങ്ങളുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍ കൂടി നല്‍കണം. സര്‍ക്കാറിന്റെ ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണമെന്നും ബില്ലില്‍ വ്യവസ്‌ഥയുണ്ട്‌.

2015 ഫെബ്രുവരി 21, ശനിയാഴ്‌ച

നല്ല മലയാളം പാഠപുസ്‌തകം നമുക്കുണ്ടോ? എം. ഷാജര്‍ഖാന്‍

ഏതൊരു വേദവുമേതൊരു ശാസ്‌ത്രവുമേതൊരു
കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍
സ്വഭാഷ തന്‍ വക്‌ത്രത്തില്‍നിന്നു താന്‍ കേള്‍ക്കവേണം.
മഹാകവി വള്ളത്തോളിന്റെ ഈ വരികളില്‍നിന്നു മാതൃഭാഷയുടെ ജീവല്‍ പ്രാധാന്യമെന്താണെന്നു വ്യക്‌തമാകും ഏതൊരാള്‍ക്കും. ചിന്തയുടെ മാധ്യമം ഭാഷയാണ്‌, വിദ്യാഭ്യാസത്തിന്റെ മാധ്യമവും ഭാഷ തന്നെ. അതില്‍ മാതൃഭാഷയുടെ സ്‌ഥാനമെന്തെന്ന്‌ കവി ഉദ്‌ഘോഷിക്കുന്നു. എന്തൊക്കെയാണു മലയാളഭാഷയെ സ്‌നേഹിക്കുന്നവര്‍ കാണുന്ന സ്വപ്‌നങ്ങള്‍?
മലയാളം കേരളത്തിലെ സര്‍വവിദ്യാലയങ്ങളിലും ഒന്നാം ഭാഷയാകണം. സ്‌കൂള്‍ ക്ലാസുകളില്‍ എല്ലായിടങ്ങളിലും പഠനമാധ്യമം മലയാളമായിരിക്കണം. ഔദ്യോഗികഭാഷയും കോടതിഭാഷയും മലയാളത്തിലായിരിക്കുകയും വേണം. സര്‍വയിടങ്ങളിലും സോദരര്‍ നല്ല മലയാളം പറയുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതു കാണുക: തികച്ചും ന്യായമായ സ്വപ്‌നങ്ങള്‍. സംസ്‌ഥാനംഭരിച്ച എല്ലാ സര്‍ക്കാരുകളും മലയാളഭാഷയുടെ വികാസത്തിനു വേണ്ടി നിലകൊള്ളുന്നുണ്ട്‌ അഥവാ അങ്ങനെ ഭാവിക്കുന്നുണ്ട്‌.
എല്ലായിടത്തും മലയാളഭാഷയുടെ സാന്നിധ്യം ശക്‌തവുമാണ്‌. എന്നിട്ടുമെന്തേ മലയാളഭാഷ വിടരുന്നില്ല, പുഷ്‌പിക്കുന്നില്ല, വികസിക്കുന്നില്ലായെന്നൊക്കെയുള്ള തോന്നല്‍ പ്രകടമായി നില്‍ക്കുന്നു? മലയാളഭാഷയുടെ വികാസം ലക്ഷ്യംവച്ച്‌ എണ്ണമറ്റ കമ്മിഷനുകളും അവയുടെ റിപ്പോര്‍ട്ടുകളും അവയെ അടിസ്‌ഥാനപ്പെടുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ അനേകം ഉത്തരവുകളുമുണ്ട്‌. എന്നിട്ടും, നല്ല മലയാളം പറയുന്നവരുടെ എണ്ണം കൂടുകയല്ല കുറയുകയാണ്‌ ചെയ്യുന്നത്‌. ടെലിവിഷന്‍ അവതാരകര്‍ മാത്രമല്ല, അധ്യാപകര്‍പോലും മലയാളഭാഷാ പ്രയോഗങ്ങളില്‍ ഗുരുതരമായ തെറ്റുവരുത്തുന്നുണ്ട്‌. സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ മലയാളഭാഷാ നൈപുണി പരിശോധിച്ചാല്‍ ശോചനീയമായ സ്‌ഥിതി വ്യക്‌തമാവും.
അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട പ്രഥം എന്ന ഏജന്‍സിയുടെ ദേശീയ പഠന റിപ്പോര്‍ട്ടില്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭാഷാ നിലവാരത്തകര്‍ച്ചയെക്കുറിച്ച്‌ എടുത്തുപറയുന്നുണ്ട്‌. മലയാളഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ നാല്‍പ്പത്‌ ശതമാനത്തില്‍ താഴെയാണെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. ഭാഷാബോധനത്തിലെ വൈകല്യങ്ങളിലേക്കാണ്‌ എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും വിരല്‍ചൂണ്ടുന്നത്‌. നല്ല മലയാളം സ്‌കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കാതെ, മലയാള ഭാഷാ വികസനത്തിന്‌ വേണ്ടി കോടികള്‍ ചെലവിടുന്നത്‌ കൊണ്ടെന്ത്‌ കാര്യം?

എന്തിനേറെ, നമുക്ക്‌ നല്ല മലയാളഭാഷാ പാഠപുസ്‌തകങ്ങള്‍ ഉണ്ടോ? ഇപ്പോള്‍ നിലവിലുള്ള ഒന്നാംക്ലാസിലെ കേരളപാഠാവലി മലയാളം ഭാഗം ഒന്നു പരിശോധിച്ചാല്‍ അതില്‍ അക്ഷരപഠനത്തിനു സഹായിക്കുന്ന കലവറകളില്ലായെന്നു കാണാം. ഡി.പി.ഇ.പി. കാലത്തു ഇറങ്ങിയ പൂത്തിരി, മിന്നാമിന്നി പുസ്‌തകങ്ങളെ അപേക്ഷിച്ച്‌ ഭേദമാണ്‌ ഈ ഒന്നാംപാഠപുസ്‌തകം. പക്ഷേ 96 പേജുള്ള അഞ്ച്‌ അധ്യായങ്ങള്‍ മുഴുവന്‍ പഠിച്ചാലും കുട്ടിക്കു മലയാളഭാഷയുടെ അടിത്തറ ഉറയ്‌ക്കാന്‍ സഹായിക്കുന്ന കോപ്പുകള്‍ ലഭ്യമാവില്ല. വീട്‌ നല്ല വീട്‌, മഴമേളം, മണവും മധുരവും, ഒരുമയുടെ ആഘോഷം, നന്നായി വളരാന്‍ തുടങ്ങിയ അധ്യായങ്ങളില്‍ ചില കുഞ്ഞ്‌ കഥകളും സംഭവങ്ങളുമൊക്കെ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍, ഒന്നാം ക്ലാസിലെ കുട്ടിക്കു വേണ്ടത്‌, പാഠപുസ്‌തകത്തിലൂടെ പ്രദാനം ചെയ്യപ്പെടണമെന്ന്‌ ഉദ്ദേശ്യാധിഷ്‌ഠിതബോധനം നിഷ്‌കര്‍ഷിക്കുന്നത്‌, പുസ്‌തകത്തില്‍ കാണാനില്ല എന്ന വലിയ പരിമിതി മറികടക്കാന്‍ പരിഷ്‌കരിക്കപ്പെട്ട മലയാള ഭാഷാ പാഠപുസ്‌തകങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടോയെന്നു ഭാഷാവിദഗ്‌ധര്‍ പരിശോധിക്കുന്നതു നന്നായിരിക്കും.
മഴമേളം എന്ന രണ്ടാം അധ്യായം നിറയെ മഴ മഴ മഴവന്നു ഒരു മഴ ചെറുമഴ മഴ വന്നു മാതിരിയുള്ള ഗാനങ്ങളും കവിതകളും കൈയടക്കിയിരിക്കുന്നു. ആ അധ്യായത്തിലെ 19 പേജുകളും മഴയെക്കുറിച്ചുമാത്രമാണ്‌. കഴിഞ്ഞകാല പാഠപുസ്‌തകങ്ങളിലെ അനാവശ്യമായ അവതരണങ്ങളുടെ ആവര്‍ത്തനമാണ്‌ ഇതില്‍ മിക്കതിലും എന്നതു സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടില്ലായെന്നതിന്റെ സൂചനയായി വേണം കരുതാന്‍.
പഴയ ഒന്നാം ക്ലാസ്‌ പാഠപുസ്‌തകം വീണ്ടും താരതമ്യത്തിനു വിധേയമാക്കിയപ്പോള്‍ ഗൃഹാതുരത്വം വേട്ടയാടുകയാണ്‌. തറ പറ പുസ്‌തകം എന്ന പേരില്‍ പരിഷ്‌കാരികള്‍ തള്ളിക്കളഞ്ഞ ആ പാഠഭാഗങ്ങള്‍ എത്ര ലളിതമായിരുന്നു, മലയാളഭാഷാബോധനത്തിന്റെ വീക്ഷണത്തില്‍ വിലയിരുത്തുമ്പോള്‍. തീര്‍ച്ചയായും ആധുനിക വിദ്യാര്‍ഥിക്ക്‌ ആ പാഠപുസ്‌തകം പോരാ എന്ന കാര്യം നിസ്‌തര്‍ക്കമാണ്‌. അതിലും എത്രയോ മെച്ചപ്പെട്ട പാഠപുസ്‌തകമാണ്‌ പുതുതലമുറ കുട്ടികള്‍ അര്‍ഹിക്കുന്നത്‌. എന്നാല്‍, നമ്മുടെ സര്‍ക്കാര്‍ സിലബസിലെ പ്രാഥമിക ക്ലാസുകളിലെ മലയാള ഭാഷാ പുസ്‌തകങ്ങള്‍ക്കു കുഞ്ഞുങ്ങളെ ഭാഷയുടെ പ്രപഞ്ചത്തിലേക്കു സഞ്ചരിക്കാനുള്ള വാതില്‍ ഏതെന്നു കാട്ടിക്കൊടുക്കാനാകുന്നില്ല.
ഓരോ ക്ലാസിലേക്കുമുള്ള പാഠപുസ്‌തകങ്ങള്‍ ലക്ഷ്യാനുരോധമായാണോ തയാറാക്കപ്പെട്ടിട്ടുള്ളതെന്നും പരിശോധിക്കണം. പ്രൈമറി ക്ലാസുകളിലെ മലയാളപഠനം ഭാഷാപരമായ അടിസ്‌ഥാനകാര്യങ്ങള്‍ ലക്ഷ്യമാക്കി വേണം തയ്യാറാക്കേണ്ടത്‌. എന്നാല്‍, ഒന്നാം പാഠപുസ്‌തകത്തിലെ അധ്യായങ്ങളിലേക്ക്‌ ഒന്ന്‌ കണ്ണോടിച്ചുനോക്കിയാല്‍ നിരാശപ്പെടും. അവരുടെ ശ്രദ്ധ മഴയിലും കൃഷിയിലും പട്ടംപറത്തലിലും മറ്റുമൊക്കെയായി ചുരുങ്ങിപ്പോകുന്നു.

രണ്ടാം ക്ലാസിലെ പാഠപുസ്‌തകം എടുത്തുമറിച്ചു നോക്കൂ. ഒന്നാം ക്ലാസിലെ മലയാള പാഠങ്ങളുടെ ആവര്‍ത്തനം പോലെ മഴ കടന്നുവരുന്നു. അതിലെ ആദ്യ അധ്യായം തന്നെ പെയ്‌തിട്ടും പോരാതെ എന്ന പേരിലാണ്‌. അവസാനിക്കുന്ന അധ്യായമോ? കുംഭത്തില്‍ നട്ടാല്‍ കൃഷിക്കുണ്ടാകുന്ന അഭിവൃദ്ധിയെക്കുറിച്ചാണു വിസ്‌താരം. എന്തു വിജ്‌ഞാനമാണ്‌ ഈ പുസ്‌തകങ്ങള്‍ പകര്‍ന്നു നല്‍കുന്നത്‌? മലയാളഭാഷയോടു കുട്ടിക്ക്‌ അടുപ്പമുണ്ടാക്കുന്ന എത്ര പാഠഭാഗങ്ങളുണ്ട്‌ പൊതുവില്‍ മലയാളപാഠപുസ്‌തകങ്ങളില്‍?
പാഠപുസ്‌തകം മാത്രമല്ല കാര്യം, ക്ലാസ്‌ മുറിയിലെ അധ്യാപകന്റെ ബോധനതന്ത്രങ്ങളാണ്‌ കുട്ടിയെ വിജ്‌ഞാനത്തിലേക്ക്‌ ആകര്‍ഷിക്കുന്നത്‌ എന്ന വാദം അപ്പടി അംഗീകരിക്കാം. എന്നാല്‍, അതിനെവിടെ അധ്യാപകര്‍? ബോധനസമ്പ്രദായങ്ങള്‍ നടപ്പാക്കാന്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ഒരു ക്ലാസില്‍ ഒരു അധ്യാപിക മാത്രമേയുള്ളു എന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ? ഭാഷയും ഗണിതവും ശാസ്‌ത്രവും ഒക്കെ ഒരാള്‍തന്നെ പഠിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വിരസത എത്ര വലുതാണ്‌. ഉദ്‌ഗ്രഥിത സമീപനമെന്നൊക്കെ പറയാന്‍ കൊള്ളാം. പക്ഷേ, കുട്ടികളെ കിട്ടില്ല. സംസ്‌ഥാനത്തെ ലോവര്‍ പ്രൈമറി സ്‌കൂളുകളിലാണ്‌ ഏറ്റവുമധികം കുട്ടികള്‍ കുറഞ്ഞിട്ടുള്ളത്‌, കുറഞ്ഞുകൊണ്ടിരിക്കുന്നത്‌. സംസ്‌ഥാന സര്‍ക്കാര്‍ പൂട്ടാന്‍ തീരുമാനിച്ച 184 വിദ്യാലയങ്ങളും ലോവര്‍ പ്രൈമറി പള്ളിക്കൂടങ്ങളാണ്‌. അതിനുള്ള പ്രധാനകാരണം ഭാഷാ പഠനത്തിലെ വൈകല്യങ്ങളാണ്‌; അതിലെ നിലവാരത്തകര്‍ച്ചയാണ്‌. ഭാഷാസ്‌നേഹികള്‍ ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിച്ചിട്ടുണ്ടോ? ശ്രേഷ്‌ഠഭാഷാ പദവി അനുവദിക്കുമ്പോഴും, ഔദ്യോഗികഭാഷയായി മലയാളം പ്രഖ്യാപിക്കപ്പെടുമ്പോഴും, 100 കോടി രൂപ മലയാളം സര്‍വകലാശാലയ്‌ക്ക് നല്‍കപ്പെടുമ്പോഴും അഭിമാനപുളകിതരാകുന്നവര്‍ ക്ലാസ്‌ മുറികളില്‍ തളര്‍ന്നുകൊണ്ടിരിക്കുന്ന ഭാഷാ വിദ്യാഭ്യാസത്തിന്റെ അവസ്‌ഥകള്‍ പരിഹരിക്കുവാനുള്ള ഇടപെടലുകള്‍ക്ക്‌ മുന്‍തൂക്കം നല്‍കാത്തതെന്ത്‌?
അതല്ലെങ്കില്‍, മലയാള ഭാഷാ വികസനത്തെക്കുറിച്ചുള്ള വലിയ വലിയ പ്രോജക്‌ടുകള്‍ക്കിടയില്‍, അക്ഷരമറിയാതെ വളരുന്ന തലമുറകളുടെ എണ്ണം പെരുകികൊണ്ടേയിരിക്കും എന്ന യാഥാര്‍ഥ്യം പോലും വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോകാം.
അതിന്‌ നമുക്ക്‌ വലിയ വില ഇപ്പോള്‍ തന്നെ നല്‍കേണ്ടി വന്നിരിക്കുന്നു. നാളെ അതിന്റെ വ്യാപ്‌തി വര്‍ധിക്കും. മാതൃഭാഷാപഠനത്തിലെ സര്‍ക്കാരിന്റെ വികലനയം തിരുത്താതെ മലയാളഭാഷ വികസിക്കില്ലായെന്ന തിരിച്ചറിവില്‍ നിന്നാരംഭിക്കാം മാതൃഭാഷയുടെ വികസനവും പരിപോഷണവും.

2014 ഫെബ്രുവരി 24, തിങ്കളാഴ്‌ച

ലോകമാതൃഭാഷാദിനമാചരിക്കുന്പോൾ - ഗീത

ലോകം മുഴുവൻ മാതൃഭാഷയ്‌ക്കായി സമർപ്പിച്ച ദിവസമാണ്‌ ഫെബ്രുവരി 21. ലോകത്തിനാകെ ഒരേയൊരു മാതൃഭാഷ എന്നതല്ല സങ്കല്‌പം. ഓരോ ജനതയ്‌ക്കും അവർ ചിന്തിക്കുന്ന ഭാഷ ഉപയോഗിക്കുന്നതിനുള്ള മനുഷ്യാവകാശ പ്രഖ്യാപനമാണത്‌.
ബാബേൽ ഗോപുരം തകർക്കപ്പെട്ടതിന്റെ മാനുഷികമായ യുക്‌തിയും വ്യാഖ്യാനവുമാണത്‌. ലോക മാതൃഭാഷാദിനത്തിന്റെ പ്രാധാന്യം ചരിത്രപരമായി രൂപപ്പെട്ടതെങ്ങനെയെന്ന അനേ്വഷണം ഇവിടെ സംഗതമാണ്‌. പാകിസ്‌താൻ രൂപീകൃതമായപ്പോൾത്തന്നെ ഉർദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചു. തുടർന്ന്‌ പാകിസ്‌താനിലെ പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗീകരിച്ച ഭാഷകളുടെ കൂട്ടത്തിൽനിന്ന്‌ ബംഗാളിയെ നീക്കം ചെയ്‌തു. പാകിസ്‌താൻ സർക്കാറിന്റെ ഇത്തരത്തിലുള്ള ഭാഷാനയങ്ങൾക്കെതിരേ കലാപമാരംഭിച്ചത്‌ കിഴക്കൻ പാക്കിസ്‌ഥാനിലെ ഡാക്ക സർവകലാശാലയിലെ വിദ്യാർഥികളായിരുന്നു. 1948 മാർച്ച്‌ മുതൽതന്നെ അവർ സമരമാരംഭിച്ചിരുന്നു. തങ്ങൾ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്‌യുന്ന ബംഗാളിയെ പാകിസ്‌താനിലെ ഔദ്യോഗിക ഭാഷയാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.
രാഷ്‌ട്ര രൂപീകരണത്തിൽ സ്വന്തം പ്രസക്‌തി തിരിച്ചറിഞ്ഞ വിദ്യാർഥി പ്രസ്‌ഥാനമെന്ന നിലയിൽ ഈ ഭാഷാവാദക്കാർ ചരിത്രത്തിൽ സ്വയം സ്‌ഥാനം പിടിച്ചവരാണ്‌. പാകിസ്‌താനിലെ സർക്കാർ ഇതംഗീകരിച്ചില്ല. എന്നു മാത്രമല്ല ബംഗാളി ഭാഷ സജീവമായ കിഴക്കൻ പാകിസ്‌താനിൽ ഉർദു മാത്രം മതിയെന്ന തീരുമാനം അവർ ആവർത്തിച്ചു. സ്വന്തമായ ലിപി പാരന്പര്യമുള്ള ബംഗാളി ഭാഷയെഴുതാൻ അറബി ലിപി ഉപയോഗിക്കണമെന്നു പോലും ഈ ഘട്ടത്തിൽ അവർ ശഠിച്ചു. ഇത്‌ വലിയ പ്രതിരോധത്തിനിടയാക്കി.
1952 ജനുവരി 30 ന്‌ ഡാക്ക സർവകലാശാലയിലെ ലൈബ്രറി ഹാളിൽ ചേർന്ന സർവ കക്ഷി ആക്‌ഷൻ കമ്മിറ്റി ഫെബ്രു. 21 പ്രതിഷേധദിനമായി ആചരിക്കാൻ തീരുമാനിച്ചു. പാകിസ്‌താൻ സർക്കാറിനെ ഈ തീരുമാനം പ്രകോപിപ്പിച്ചതിൽ അദ്‌ഭുതപ്പെടാനില്ല. 1952 ഫെബ്രു 21 ന്‌ ഡാക്ക സർവകലാശാലയിലും പരിസരത്തും പാകിസ്‌താൻ സർക്കാർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പോലീസ്‌ സർവകലാശാല വളഞ്ഞു. പോലീസ്‌ വലയം ഭേദിച്ച്‌ കിഴക്കൻ പാകിസ്‌താനിലെ നിയമസഭാപരിസരത്തെത്തിയ വിദ്യാർഥികൾക്കു നേരെ വെടിവയ്‌പ്പുണ്ടായി.
അന്നും പിറ്റേന്നുമായി നടന്ന വെടിവയ്‌പ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. അനേകം പേർ ജയിലിലായി. ഭാഷയ്‌ക്കു വേണ്ടി ആദ്യമായി മരിച്ചുവീണ രക്‌തസാക്ഷികൾക്കായി അവർ വീണ മണ്ണിൽത്തന്നെ സ്‌മാരകമുയർത്താൻ ഡാക്ക സർവകലാശാലയിലെ വിദ്യാർഥികൾ തയാറായി. മൂന്നു ദിവസത്തിനുള്ളിൽ ഫെബ്രു. 24 ന്‌ തന്നെ ഷഹീദ്‌ സ്‌മൃതി സ്‌തംഭം എന്നാേലഖനം ചെയ്‌ത സ്‌മൃതി സ്‌തംഭം ഉയർത്തപ്പെട്ടു. എന്നാൽ ഫെബ്രു 26 ന്‌ പോലീസ്‌ ഈ സ്‌മാരകം നശിപ്പിച്ചു. ഭാഷയും ഭരണാധികാരവും നേർക്കുനേർ ഏറ്റുമുട്ടിയ ആദ്യത്തെ ചരിത്രസന്ദർഭമായി ഈ കലാപത്തെ വിലയിരുത്താം.
ഫെബ്രു 21 രക്‌തസാക്ഷി ദിനമായി ആചരിക്കാൻ ഡാക്ക വെടിവയ്‌പ്പിന്റെ ഒന്നാം വാർഷികത്തിൽ സർവകക്ഷി ഭാഷാസമര സമിതി തീരുമാനിച്ചു. മാതൃഭാഷാ സമരത്തിൽ ജയിലിലടക്കപ്പെട്ടവരെ തുറന്നു വിടാൻ അപ്പോഴും സർക്കാർ വിസമ്മതിച്ചു. മാത്രമല്ല, മാതൃഭാഷയായ ബംഗാളിക്കു വേണ്ടി വാദിക്കുന്നവരെ രാജ്യദ്രോഹികളായി അധികാരികൾ പ്രഖ്യാപിച്ചു. 1954 ഫെബ്രു 21 ന്റെ രക്‌തസാക്ഷി ദിനാചരണം വലിയ പ്രതിഷേധത്തിലും അറസ്‌റ്റിലുമാണവസാനിച്ചത്‌. ഇത്‌ ഭാഷയ്‌ക്കെതിരേയുള്ള സർക്കാർ നടപടിയെന്നതിനപ്പുറം ഒരു ജനതയ്‌ക്കെതിരേ ഭരണാധികാരികൾ സ്വീകരിച്ച അക്രമാസക്‌തമായ നിലപാടായിരുന്നു എന്ന്‌ വ്യക്‌തമാക്കിക്കൊണ്ട്‌ 1954 ൽ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പിൽ ബംഗാളി ഭാഷാസമരത്തെ പിന്തുണച്ച ഐക്യമുന്നണി അധികാരത്തിലെത്തി.
ആ സർക്കാരാണ്‌ ബംഗാളി ഭാഷയ്‌ക്കു വേണ്ടി അക്കാദമി സ്‌ഥാപിക്കുന്നത്‌. 1956ൽ വീണ്ടും അതേ ഐക്യമുന്നണി തെരഞ്ഞെടുക്കപ്പെട്ടു. അവർ ഭാഷാരക്‌തസാക്ഷികൾക്ക്‌ സ്‌മാരകമുണ്ടാക്കി. അതായത്‌ ഒരു പതിറ്റാണ്ട്‌ നീണ്ടുനിന്ന ഭാഷാസമരത്തിനൊടുവിൽ 1956 ഫെബ്രു 21 ന്‌ പാകിസ്‌താനിലെ രണ്ടാമത്തെ ഔദ്യോഗികഭാഷയായി ബംഗാളി അംഗീകരിക്കപ്പെട്ടു. ഐക്യരാഷ്‌ട്ര സഭ 2000 ൽ ലോകമാതൃഭാഷാദിനമായി ഫെബ്രു. 21 നെ അംഗീകരിച്ചു. ഇത്രയും മഹത്തായ സമരപാരന്പര്യമുള്ള മാതൃഭാഷാദിനം ലോകമെന്പാടും സമുചിതമായി ആഘോഷിക്കുന്പോൾ മലയാളിയുടെ മനോഭാവത്തെ സ്വയം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്‌. ഇതേ 1956 നവം ഒന്നിനാണ്‌ മാതൃഭാഷാടിസ്‌ഥാനത്തിൽ കേരളം ഒരു സംസ്‌ഥാനമായി അംഗീകരിക്കപ്പെടുന്നത്‌. കേരളം മലയാളത്തോട്‌ സ്വീകരിച്ച സമീപനമെന്തായിരുന്നു? 2013ൽ ഒരു മലയാളസർവകലാശാലയുണ്ടായതും മലയാളത്തിന്‌ ക്ലാസിക്കൽ പദവി ലഭിച്ചതും ഭാഷാപണ്‌ഡിതന്മാർ എടുത്തുപറയുന്ന നേട്ടങ്ങളായേക്കാം. എന്നാൽ ഓരോ നിമിഷത്തിലും കേരളത്തിന്റെ തെക്കും വടക്കും നടുക്കും കൂണു പോലെ മുളച്ചു പൊന്തുന്ന അൺഎയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മാധ്യമ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്തിന്റെ തെളിവാണ്‌ ? അവിടെ കോട്ടും ടൈയും ഷൂവുമിട്ട കുട്ടി സായ്‌പന്മാരും മദാമ്മക്കുട്ടികളും ഉല്‌പാദിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇവർ മലയാളം പഠിക്കുന്നില്ല എന്നതുകൊണ്ടു തന്നെ കേരളത്തിന്റെ മണ്ണിനെയോ മനസിനെയോ ആകാശത്തെപ്പോലുമോ സ്‌പർശിക്കാൻ ഇവരുടെ മനസുകൾക്കാവില്ല.
മസ്‌തിഷ്‌ക ചോർച്ചകൾക്കെതിരേ എത്ര ലക്ഷം നക്ഷത്രദീപങ്ങൾ ഉയർത്തിക്കാട്ടിയാലും ഇവർക്ക്‌ കേരളത്തിലെ വായു ശ്വസിക്കാനോ കേരളത്തിനു വേണ്ടി ചിന്തിക്കാനോ സാധ്യമാകുകയില്ല തന്നെ. കാരണം മാന്യതയുടെയും അന്തസിന്റെയും മൂശ ഇംഗ്ലീഷിലാണ്‌ വാർക്കപ്പെട്ടിരിക്കുന്നത്‌. അവന്റെ മലയാളം ഇംഗ്ലീഷിലാണ്‌ ഉച്ചരിക്കപ്പെടുന്നത്‌. അവന്റെ ബാല്യകൗമാരങ്ങളും യൗവനവും ഇംഗ്ലീഷിലാണ്‌ പുളയ്‌ക്കുന്നത്‌. ഈ വിദ്യാർഥികളുടെ രക്ഷിതാക്കളും ഇവരെ പഠിപ്പിക്കുന്ന അധ്യാപകരും വിദ്യാഭ്യാസ അവകാശ സംരംക്ഷണത്തിനായി ജാഥകൾ നടത്തുന്പോൾ അവരുയർത്തുന്ന മുദ്രാവാക്യങ്ങൾക്കർഥം ഇവിടം വിട്ടുപോയ ഇംഗ്ലീഷുകാരന്‌ ഇവിടെ ജീവിക്കുന്ന മലയാളി ഇനിയും കപ്പം കൊടുക്കണമെന്നാണ്‌.
മലയാളം പറഞ്ഞാൽ പിഴ ഈടാക്കുന്ന ഈ അധ്യാപകർ മലയാളിയുടെ നികുതി പിരിക്കുന്ന സർക്കാറിനോട്‌ ഇംഗ്ലീഷിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌ മലയാളത്തെ കൊന്ന്‌ കുഴിച്ചു മൂടാനാണ്‌. എട്ടാം ക്ലാസുവരെ വിദ്യാഭ്യാസ മാധ്യമം മാതൃഭാഷയായിരിക്കണമെന്ന, ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ അവകാശനിയമത്തിലെ വകുപ്പിനെപ്പോലും അംഗീകരിക്കാനുള്ള ജനാധിപത്യബോധം ഇവർക്കില്ല. ഇവരെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ഇച്‌ഛാശക്‌തി കേരള സർക്കാർ കാണിച്ചില്ലെങ്കിൽ മലയാളി ഗതി മുട്ടിപ്പോകും. മലയാളിക്ക്‌ ക്ലാസിക്കൽ പദവിയും മലയാളസർവകലാശാലയുമല്ല വേണ്ടത്‌, മലയാളമാണ്‌ വേണ്ടത്‌.

മംഗളം

2013 മേയ് 15, ബുധനാഴ്‌ച

സി.ബി.എസ്‌.ഇ. സ്‌കൂളുകളില്‍ മലയാളം ഒഴിവാക്കാനാകില്ലെന്ന്‌ സര്‍ക്കാര്‍

ന്യൂഡല്‍ഹി: സി.ബി.എസ്‌.സി. സ്‌കൂളുകളില്‍ മലയാളം ഒഴിവാക്കാനാവില്ലെന്ന്‌ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്‌തമാക്കി. പുതിയ സി.ബി.എസ്‌.സി സ്‌കൂളുകള്‍ക്കുള്ള മാര്‍ഗരേഖ റദ്ദു ചെയ്‌ത െഹെക്കോടതി വിധി ചോദ്യം ചെയ്‌തു സംസ്‌ഥാനം സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയിലാണ്‌ ഇക്കാര്യമറിയിച്ചിരിക്കുന്നത്‌.
സി.ബി.എസ്‌.സി സ്‌കൂളുകള്‍ തുടങ്ങാന്‍ മൂന്ന്‌ ഏക്കര്‍ ഭൂമി, 300 കുട്ടികള്‍, മലയാളഭാഷ, യു.ഐ.ഡി നമ്പര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ മാര്‍ഗരേഖയാണ്‌ െഹെക്കോടതി സ്‌റ്റേ ചെയ്‌തത്‌. നവോദയാ സ്‌കൂളുകളില്‍നിന്നും മറ്റും വരുന്ന കുട്ടികള്‍ക്ക്‌ മലയാളഭാഷ നിര്‍ബന്ധമാക്കുന്നത്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്‌ മാര്‍ഗരേഖയെ എതിര്‍ത്ത സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മറ്റു സംസ്‌ഥാനങ്ങള്‍ മാതൃഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേരളത്തിനു മാറി നില്‍ക്കാനാവില്ലെന്നും സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സല്‍ ജോജി സ്‌കറിയ മുഖേനെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

മംഗളം