മാതൃഭൂമി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാതൃഭൂമി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 ഏപ്രിൽ 30, ഞായറാഴ്‌ച

എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും.

തിരുവനന്തപുരം ∙ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും ഹയര്‍ സെക്കണ്ടറി തലം വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് ആയി നിയമം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. 

കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടുവരുന്നത്.

മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കും.

തിരുവനന്തപുരം: മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം പിന്‍വലിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമംവരുന്നു. പത്താംക്ലാസ് വരെ മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടാണ് തയാറായിരിക്കുന്നത്.

സി.ബി.എസ്.ഇ.യില്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഭാഷാപഠനം ഇല്ലാത്തതിനാലാണ് പത്താം ക്ലാസ് വരെയാക്കി ഇത് പരിമിതപ്പെടുത്തിയത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സിന്റെ കരട് ചര്‍ച്ചയ്ക്ക് വന്നേക്കും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളുടെ അഫിലിയേഷന്‍ അതത് ബോര്‍ഡുകളുമായിട്ടാണ്. അത്തരം സ്‌കൂളുകള്‍ക്ക് നല്‍കുന്ന എതിര്‍പ്പില്ലാ രേഖയാകും (എന്‍.ഒ.സി.) സര്‍ക്കാര്‍ പിന്‍വലിക്കുക. 12 വരെ ഭാഷാപഠനം നിര്‍ബന്ധമാക്കണോയെന്ന കാര്യത്തില്‍ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ മലയാളപഠനം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍, എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.,സ്വാശ്രയ സ്‌കൂളുകളിലെല്ലാം നിയമം ബാധകമായിരിക്കും. ഭാഷാന്യൂനപക്ഷങ്ങളുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും നിയമം നടപ്പാക്കും. പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാകും പഠനം. മലയാളത്തിന് പരീക്ഷയും നടത്തണം. വിദേശത്തുനിന്നോ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മലയാളം പഠിക്കാതെ ഉയര്‍ന്ന ക്ലാസുകളിലേക്ക് വരുന്ന കുട്ടികളും മലയാളം പഠിക്കണം. അവര്‍ക്ക് ആദ്യവര്‍ഷം പരീക്ഷയുണ്ടാകില്ല. സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കുന്നത് നിയമവിരുദ്ധമാണ്. അത്തരം സ്‌കൂളുകള്‍ക്ക് 500 രൂപ പിഴയിടും. മൂന്ന് പ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ ആ സ്‌കൂളിന്റെ എന്‍.ഒ.സി. പിന്‍വലിക്കും. സംസ്ഥാനത്ത് അഫിലിയേറ്റ് ചെയ്ത സ്‌കൂളാണെങ്കില്‍ അംഗീകാരം റദ്ദാക്കും. തമിഴ്‌നാട് 2006-ല്‍ പത്താം ക്ലാസ് വരെ തമിഴ് പഠനം നിര്‍ബന്ധമാക്കിയിരുന്നു. ആദ്യ വര്‍ഷം ഒന്നാം ക്ലാസിലും പിന്നീട് ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. മലയാള ഭാഷാപഠനം എല്ലാക്ലാസിലേക്കും ഒരുമിച്ച് തുടങ്ങാനാണ് ഓര്‍ഡിനന്‍സിന്റെ കരടില്‍ നിര്‍ദേശിക്കുന്നത്. ഇക്കാര്യത്തിലും മന്ത്രിസഭയുടെ തീരുമാനം നിര്‍ണായകമാകും. കരിക്കുലത്തിന്റെ ഭാഗമാകണം - പൊതുവിദ്യാഭ്യാസ സെക്രട്ടറി മലയാളഭാഷ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ പഠിച്ചാലേ ഉദ്ദേശിക്കുന്നഫലം ലഭിക്കൂവെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പറഞ്ഞു. നിലവിലുള്ള വിഷയങ്ങള്‍ക്കൊപ്പം ആഡ് ഓണ്‍ വിഷയമായി മലയാളം പഠിച്ചാല്‍ വഴിപാടുപോലാകും. ഒറ്റയടിക്ക് എല്ലാ ക്ലാസുകളിലും നടപ്പാക്കണോ എന്നത് മന്ത്രിസഭ തീരുമാനിക്കണം. തമിഴ്‌നാട്ടില്‍ സമാനരീതിയില്‍ തമിഴ് പഠനം നിര്‍ബന്ധമാക്കിയപ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും കോടതി തീരുമാനം അംഗീകരിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്നക്ലാസുകളില്‍ നിര്‍ബന്ധിക്കരുത് - മാനേജ്‌മെന്റ് അസോസിയേഷന്‍ എട്ടാം ക്ലാസ് വരെ മലയാള ഭാഷ പഠിപ്പിക്കുമെന്ന് സി.ബി.എ്‌സ്.ഇ. മാനേജ്‌മെന്റ് സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം പറഞ്ഞു. എട്ടാം ക്ലാസ് വരെ അതത് സംസ്ഥാനങ്ങളിലെ ഭാഷ പഠിപ്പിക്കുക സി.ബി.എസ്.ഇ. നയമാണ്. എന്നാല്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ ഭാഷാ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികള്‍ക്കുണ്ട്. മറ്റേതെങ്കിലും ഭാഷ തിരഞ്ഞെടുത്ത കുട്ടി മലയാളവും പഠിക്കണമെന്ന് വന്നാല്‍ അധികഭാരമാകും. ഇത് അഖിലേന്ത്യാ മാതൃകയ്ക്ക് വിരുദ്ധമാകും.

2017 മാർച്ച് 3, വെള്ളിയാഴ്‌ച

ഹൈക്കോടതികളില്‍ ഹിന്ദിയും പ്രാദേശികഭാഷകളും ഉപയോഗിക്കണമെന്ന് പാര്‍ലമെന്ററി സമിതി

ഹൈക്കോടതികളില്‍ ഹിന്ദിയും പ്രാദേശികഭാഷകളും ഉപയോഗിക്കണമെന്ന് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു. ജുഡീഷ്യറിയുടെ അനുമതി തേടാതെതന്നെ കേന്ദ്രസര്‍ക്കാരിന് ഇക്കാര്യം നടപ്പാക്കാന്‍ അധികാരമുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു നിലവില്‍ സുപ്രീംകോടതിയിലും രാജ്യത്തെ 24 ഹൈക്കോടതികളിലും ഇംഗ്ലീഷിലാണ് വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നത്. കൊല്‍ക്കത്ത, മദ്രാസ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടക ഹൈക്കോടതികളില്‍ യഥാക്രമം ബംഗാളി, തമിഴ്, ഗുജറാത്തി, ഹിന്ദി , കന്നട ഭാഷകള്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങളെല്ലാം 2012 ഒക്ടോബര്‍ 11-ന് സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. '97-ലെയും '99-ലെയും സമാനമായ വിധികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സുപ്രീംകോടതി ഈ ആവശ്യം നിരാകരിച്ചത്. എന്നാല്‍, ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇംഗ്ലീഷിന് പുറമേ മറ്റ് പ്രാദേശിക ഭാഷകളും ഹൈക്കോടതികളില്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടി. നിയമ, പേഴ്‌സണല്‍കാര്യ വകുപ്പുകള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് സമിതിയാണ് ഇക്കാര്യം ശുപാര്‍ശചെയ്തത്. ഭരണഘടനയിലെ 348-ാം വകുപ്പ് പ്രകാരം ഹൈക്കോടതികളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ഭാഷകള്‍ ഉപയോഗിക്കുന്നതിന് ജുഡീഷ്യറിയുമായുള്ള കൂടിയാലോചന ആവശ്യമില്ല. ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകള്‍ ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ് -പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി പറയുന്നു. 1965-ല്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച തീരുമാനപ്രകാരം ഹൈക്കോടതികളില്‍ ഉപയോഗിക്കുന്ന ഭാഷ മാറ്റുന്നതിന് മുമ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായങ്ങള്‍ തേടാന്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, 1965-ലെ തീരുമാനം പുനഃപരിശോധിക്കുന്നതിനായി 2016 ജൂലായില്‍ കേന്ദ്രമന്ത്രിസഭ തയ്യാറാക്കിയ കരട് മന്ത്രിസഭാ കുറിപ്പിന്റെ കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് പാര്‍ലമെന്ററിസമിതി ശുപാര്‍ശ ചെയ്തു.
 
ഹൈക്കോടതികളില്‍ ഹിന്ദിയോ പ്രാദേശിക ഭാഷകളോ ഉപയോഗിക്കുന്നതിന് രാഷ്ട്രപതി അനുമതി നല്‍കുന്നതിനുമുമ്പ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തേടല്‍ ആവശ്യമില്ല എന്ന തരത്തില്‍ തീരുമാനമെടുക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

2016 ഫെബ്രുവരി 22, തിങ്കളാഴ്‌ച

മാതൃഭാഷകളുടെ കാവുതീണ്ടല്‍.

ലോക മാതൃഭാഷാദിനമായ ഫിബ്രവരി 21-ന് ഇന്ത്യയിലെ മാതൃഭാഷാസംഘടനകൾ ഡൽഹിയിൽ ഒത്തുകൂടുകയാണ്. ഭരണഘടനയിലെ എട്ടാംപട്ടികയിൽപ്പെടുത്തിയ 22 ഭാഷകൾക്കു പുറമെ അതിൽപ്പെടാത്ത ന്യൂനപക്ഷഭാഷകളുടെ സംഘടനകളും ഈ സംഗമത്തിലുണ്ടാകും. മാതൃഭാഷകൾക്കായുള്ള ഒരു പൊതു അവകാശപ്രഖ്യാപനവും അവിടെ നടക്കും.സ്വാതന്ത്ര്യസമരകാലത്തെ വാഗ്ദാനമായിരുന്ന ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപവത്‌കരണം സ്വാതന്ത്ര്യത്തിനുശേഷം നിറവേറ്റപ്പെട്ടില്ല. ഇന്ത്യാ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്താതെപോയതും ഒരു ദശകം നീണ്ടുനിന്നതുമായ മറ്റൊരു സമരം വേണ്ടിവന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ ഉണ്ടാകാൻ. 1956-ൽ കേരളം പിറന്നതിനുപിന്നിൽ ഐക്യകേരളപ്രസ്ഥാനം മാത്രമല്ല വിവിധ പ്രദേശങ്ങളിൽ നടന്ന ഭാഷാസമരങ്ങളുടെ പരിണതഫലംകൂടിയുണ്ടായിരുന്നു. രൂക്ഷമായ സമരങ്ങളാണ് പലയിടത്തും നടന്നത്.

    ഭാഷാസംസ്ഥാനങ്ങൾ ഉണ്ടായിട്ടും ഭാഷാപരമായ ജനാധിപത്യം ആദ്യം വേരുറച്ചില്ല. യൂറോപ്പിലെ പല ഭാഷകളെക്കാളും അംഗസംഖ്യയുള്ള ഇന്ത്യൻ ഭാഷകൾക്ക് അർഹമായ വികസനം തടയപ്പെട്ടു. ഇന്ത്യൻ യൂണിയന്റെ ഔദ്യോഗികഭാഷയായി ഹിന്ദി പ്രഖ്യാപിക്കപ്പെട്ടു. അത് പൂർണമായി നടപ്പാകാൻ വൈകുമെന്നതിനാൽ താത്കാലികസംവിധാനമായി ഇംഗ്ലീഷും ഔദ്യോഗികഭാഷയാക്കി. ഇതോടെ ഹിന്ദിയും ഇംഗ്ലീഷും രൂപപ്പെടുന്നതിന്‌ നൂറ്റാണ്ടുകൾക്കുമുമ്പേ ശക്തിപ്രാപിച്ചിരുന്ന മലയാളമുൾപ്പെടെയുള്ള ഭാഷകൾ അവഗണിക്കപ്പെട്ടു. ഇംഗ്ലീഷിൽ ആദ്യത്തെ ശാസ്ത്രകൃതി വരുന്നതിനുമുമ്പേ മലയാളത്തിൽ ശാസ്ത്രകൃതികൾ രൂപപ്പെട്ടിരുന്നു. 1530-ൽ പുറത്തുവന്ന ‘യുക്തിഭാഷ’ എന്ന ഗണിതകൃതി ഒരുദാഹരണം മാത്രം.
    സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെവന്ന, 1948-ലെ ഡോ. എസ്. രാധാകൃഷ്ണൻ വിദ്യാഭ്യാസ കമ്മിഷൻ ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം മാതൃഭാഷയായിരിക്കണമെന്നാണു നിർദേശിച്ചത്. ഈ കാഴ്ചപ്പാടിന്റെകൂടി അടിസ്ഥാനത്തിലാണ് ഭരണ, വിദ്യാഭ്യാസ തലങ്ങളിൽ ഉപയോഗിക്കാൻകഴിയുന്ന ഭാഷകളെന്നനിലയിൽ എട്ടാംപട്ടികയിൽ ചില ഭാഷകളെ ഉൾപ്പെടുത്തിയതും.      എന്നാൽ, ഈ മേഖല പിന്നീട് അവഗണിക്കപ്പെടുകയാണുണ്ടായത്. ഇന്ന് ഇന്ത്യയിൽ പ്രാഥമികവിദ്യാഭ്യാസത്തിൽപ്പോലും മാതൃഭാഷ പിന്തള്ളപ്പെടുന്നു. സംസ്ഥാനതലപരീക്ഷകളുടെ മാധ്യമമെന്നനിലയിൽ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ മാതൃഭാഷ അവഗണനനേരിടുന്നു. ഐ.എ.എസ്., ഐ.പി.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലെഴുതാമെന്നിരിക്കെ കേരളത്തിലെ പി.എസ്.സി. പരീക്ഷകൾ മിക്കതും ഇംഗ്ലീഷിൽ മാത്രമേ എഴുതാനാവൂ എന്നതുതന്നെ ഉദാഹരണം.

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷകൾ എട്ട് ഇന്ത്യൻ ഭാഷകളിൽ നടത്താൻ തീരുമാനിക്കപ്പെടുമ്പോൾ കേരളത്തിൽ സംസ്ഥാന പ്രവേശനപരീക്ഷകൾക്കുപോലും മലയാളം മാധ്യമമല്ല. സ്വന്തം ഭാഷയിൽ ഒബ്ജക്ടീവ് ടൈപ്പിൽനിന്ന് തിരഞ്ഞെടുത്ത് എഴുതിക്കയറുന്ന കുട്ടിയുടെ വേഗത്തോട്, പൊങ്ങച്ചത്തിനായി, അറിയാത്ത ഭാഷയിൽ എഴുതുന്ന കുട്ടിക്ക് മത്സരിച്ച് ജയിക്കാൻ കഴിയില്ല. മാതൃഭാഷയിൽ അനായാസമായി എഴുതുന്ന ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികളോടുവേണം ഇനി ഇംഗ്ലീഷിൽ എഴുതുന്ന മലയാളി മത്സരിച്ചു വിജയിക്കാൻ എന്നു മനസ്സിലാക്കിത്തുടങ്ങുമ്പോൾ ഒരുപക്ഷേ, കേരളത്തിലെ രക്ഷിതാക്കൾതന്നെ മാതൃഭാഷയിൽ പ്രവേശനപരീക്ഷഴുതാനുള്ള അവകാശത്തിനുവേണ്ടി വാദിച്ചുവെന്നുവരാം.
        കേരളത്തെപ്പോലെയല്ല മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. അതിനായി അവിടങ്ങളിലെ മാതൃഭാഷാസംഘടനകൾക്ക് ശക്തമായ സർക്കാർ  പിന്തുണയുണ്ട്. ഭരണത്തിലും വിദ്യാഭ്യാസത്തിലും കോടതിയിലും മാതൃഭാഷ ഉറപ്പിക്കുന്ന തീരുമാനമെടുത്തിട്ടുള്ള മറ്റു സംസ്ഥാനങ്ങൾ തങ്ങളുടെ ഭാഷയ്ക്ക് അഖിലേന്ത്യാതലത്തിൽ കൂടുതൽ അംഗീകാരത്തിനുവേണ്ടിയാണ് രംഗത്തുവന്നിട്ടുള്ളത്. ജില്ലാക്കോടതിവരെ നേരത്തേതന്നെ തമിഴ് ഭാഷാ ഉപയോഗം നടപ്പാക്കിയ തമിഴ്നാട് ഹൈക്കോടതിയിൽ തമിഴ് ഭാഷ ഉപയോഗിക്കാനുള്ള നിയമം പാസാക്കി പ്രസിഡന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ നിലയിൽ മറ്റു സംസ്ഥാനങ്ങളിലും മുന്നേറ്റങ്ങൾ നടക്കുന്നു.
ഇന്ത്യൻ ഭരണഘടനയിലെ എട്ടാം പട്ടികയിൽപ്പെട്ട എല്ലാ ഭാഷകളും ഇന്ത്യയിലെ ഔദ്യോഗികഭാഷകളാക്കുക എന്ന മുഖ്യാവശ്യമാണ് ഡൽഹിയിൽ ഈവർഷത്തെ ലോക മാതൃഭാഷാദിനത്തിൽ നടക്കുന്ന ഭാഷാകൂട്ടായ്മയിൽ ഉന്നയിക്കപ്പെടാൻ പോകുന്നത്. കേരളത്തിലെ മാതൃഭാഷാസംഘടനകൾകൂടി പങ്കാളിയായ ഭാഷാസമത്വാവകാശപ്രസ്ഥാനമെന്ന(കാമ്പെയ്ൻ ഫോർ ലിംഗ്വിസ്റ്റിക് ഇക്വാലിറ്റി ആൻഡ്‌ റൈറ്റ്‌സ്) പൊതുസംഘടനയാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഫിബ്രവരി 21-ന് ‘ഭാഷാവകാശപ്രഖ്യാപനം ഡൽഹി’ എന്നപേരിൽ  ഇന്ത്യൻ ഭരണഘടനയിലെ എട്ടാം പട്ടികയിൽപ്പെട്ടതും പെടാത്തതുമായ 40 ഇന്ത്യൻ ഭാഷകളുടെ പ്രതിനിധികൾ ചേർന്ന്  പത്രസമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തും.
    -1എട്ടാംപട്ടികയിൽപ്പെട്ട 22 ഭാഷകളെയും ഔദ്യോഗികഭാഷകളാക്കുക എന്ന ആവശ്യത്തിനു പുറമേ എട്ടാം പട്ടികയിൽപ്പെടുത്താനായി കാലാകാലങ്ങളായി അവശ്യപ്പെട്ട ഭാഷകളെയും ഉൾപ്പെടുത്തണമെന്നുള്ളതും ഗോത്ര, ആദിവാസിഭാഷകളുടെ സംരക്ഷണത്തിനും പുരോഗതിക്കുംവേണ്ടി അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നതും ഈ അവകാശപ്രഖ്യാപനത്തിൽപ്പെടുന്നു. കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും മാതൃഭാഷാ സംരക്ഷണത്തിനുവേണ്ടി നിലവിലുള്ള നിയമങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും നിയമങ്ങളില്ലാത്ത സംസ്ഥാനങ്ങളിൽ ഉടൻ നിയമങ്ങളുണ്ടാക്കണമെന്നും പ്രഖ്യാപനത്തിൽ ആവശ്യപ്പെടും.

     ഭരണകൂടവും വ്യവസായ-വാണിജ്യസ്ഥാപനങ്ങളും പൗരരോട് അവരവരുടെ മാതൃഭാഷയിൽ വേണം ആശയവിനിമയം നടത്താൻ, അതത് സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന കേന്ദ്രസർക്കാർ ജീവനക്കാർ ആ സംസ്ഥാനത്തെ ഭാഷ പഠിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം, ഓരോ സംസ്ഥാനത്തെയും ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ സംസ്ഥാനത്തെ ഔദ്യോഗികഭാഷ ഹൈക്കോടതിയിലുൾപ്പെടെ കോടതിഭാഷയായി അംഗീകരിക്കണം, പൊതുമേഖലാ സ്ഥാപനങ്ങളുടേതുൾപ്പെടെ, കേന്ദ്രസർക്കാറിന്റെ എല്ലാ വെബ്സെറ്റുകളും എട്ടാം പട്ടികയിൽപ്പെട്ട എല്ലാ ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കണം, എല്ലാ തലങ്ങളിലുമുള്ള അക്കാദമിക പരീക്ഷകളുടെയും തൊഴിൽ പരീക്ഷകളുടെയും മാധ്യമമായി എട്ടാം പട്ടികയിലെ ഭാഷകൾകൂടി അംഗീകരിക്കപ്പെടണം എന്നിങ്ങനെ ഇന്ത്യയിലെ പ്രാദേശികഭാഷകളുടെ ഉച്ചത്തിലുള്ള ശബ്ദമായിരിക്കും പ്രഖ്യാപനത്തിലുണ്ടാവുക.    -1 ലോകമാതൃഭാഷാദിനാചരണത്തിന് അടിസ്ഥാനമായ 1952-ലെ ബംഗ്ലാദേശിലെ രക്തസാക്ഷികളുടെയും ഇന്ത്യയിലെ വിവിധ ഭാഷകൾക്കുവേണ്ടി സമരരംഗത്തിറങ്ങിയവരുടെയും ഓർമകൾക്കുമുമ്പിൽ ജന്തർമന്ദിറിൽ വൈകിട്ട് അഞ്ചുമണിക്ക് ദീപംതെളിക്കുന്നതാണ്.

ഇംഗ്ലീഷും ഹിന്ദിയും മാത്രം ഔദ്യോഗികഭാഷകളായി അംഗീകരിക്കപ്പെട്ട ഇന്ത്യൻ യൂണിയന്റെ തലസ്ഥാനത്ത് നടക്കുന്ന ഈ ഭാഷാമുന്നേറ്റം രാജപാതയിൽ ഇന്ത്യൻ ഭാഷകൾ നടത്തുന്ന ഒരു കാവുതീണ്ടലാണ്. രാജപാതകൾ ഈ നിലയിൽ ഇന്ത്യൻ ഭാഷകൾക്കും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ജനപാതകളാക്കിമാറ്റുന്നതിനുള്ള സമരത്തിന്റെ തുടക്കമാണിത്. ഈ മുന്നേറ്റം നടക്കുമ്പോഴും ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം ശതമാനം ജനങ്ങളുടെ ഔദ്യോഗികഭാഷയായ മലയാളത്തിനുമുമ്പിൽ എല്ലാ പാതകളും തുറക്കപ്പെടുന്നത് എന്നായിരിക്കും എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ‘മലയാളത്തിൽ പഠിച്ചവർ ഈവഴി നടന്നുകൂടാ’ എന്ന ഭാഷാപരമായ തീണ്ടൽപ്പലക കേരളത്തിലെ സർവകലാശാലകളുൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും കോടതികളിൽനിന്നും എടുത്തുമാറ്റാൻ ഇനിയും എത്രനാൾ കാത്തിരിക്കണം?

2015 ഡിസംബർ 21, തിങ്കളാഴ്‌ച

മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം നാളെ കല്പറ്റയില്‍ തുടങ്ങും.

കല്പറ്റ: മലയാള ഐക്യവേദി ആറാം സംസ്ഥാന സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ കല്പറ്റയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച 4.30-ന് കല്പറ്റയില്‍ വിളംബര ജാഥ നടക്കും. ശനിയാഴ്ച 10 മണിക്ക് കല്പറ്റ ടൗണ്‍ഹാളില്‍ വിദ്യാര്‍ഥി മലയാളവേദി സമ്മേളനം ഡോ. എം.വി. നാരായണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും. വിദ്യാര്‍ഥി മലയാളവേദി സംഘടനാ സമ്മേളനത്തില്‍ പി.എസ്. ശ്രീദേവി അധ്യക്ഷത വഹിക്കും. രണ്ടു മണിക്ക് എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
4.30-ന് മാതൃഭാഷയും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ സെമിനാര്‍! കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഒ.കെ. ജോണി മോഡറേറ്ററാകും. കെ.കെ. ബിജു, കെ.കെ. സുരേന്ദ്രന്‍, ഡോ. രമേശന്‍, എം.എം. ഗണേശന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഗോത്രഭാഷയില്‍ സുജിത ഉണ്ണികൃഷ്ണന്‍ കാവ്യാലാപനം നടത്തും. രാജന്‍ കെ. ആചാരി ആദിവാസി പാട്ടുകള്‍ അവതരിപ്പിക്കും.
ഞായറാഴ്ച 8.30-ന് കല്പറ്റ സഹ. ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടനാ സമ്മേളനം. ഡോ. വി.പി. മാര്‍ക്കോസ് അധ്യക്ഷത വഹിക്കും. 12.30-ന് പൊതുസമ്മേളനം ഡോ. സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. ഡോ. സോമന്‍ കടലൂര്‍ അധ്യക്ഷത വഹിക്കും. ഡോ. കെ.എം. അനില്‍ മുഖ്യപ്രഭാഷണം നടത്തും. കണ്‍വീനര്‍ പ്രൊഫ. പി.സി. രാമന്‍കുട്ടി, ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.െക. ജയചന്ദ്രന്‍, സെക്രട്ടറി കെ. ഷാജി, ഐക്യ മലയാള സമിതി കണ്‍വീനര്‍ എം.വി. പ്രദീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മലയാളഭാഷാ ബില്‍ നിയമസഭ പാസാക്കി.

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാംക്ലാസ് മുതല്‍ പത്ത് വരെ മലയാളം നിര്‍ബന്ധ ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള മലയാള ഭാഷാ ബില്‍ നിയമസഭ ഏകകണ്‌ഠേന പാസ്സാക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. അണ്‍എയ്ഡഡ് സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും നിയമപരമായ തടസ്സങ്ങള്‍ ഇതിനുണ്ടെന്ന് മുഖ്യമന്ത്രിക്കുവേണ്ടി ബില്‍ അവതരിപ്പിച്ച മന്ത്രി കെ.സി.ജോസഫ് സഭയെ അറിയിച്ചു.
അനുഭവങ്ങളുടെയും വെളിച്ചത്തിന്റെയും അടിസ്ഥാനത്തില്‍ ബില്ലില്‍ പിന്നീട് ഭേദഗതികള്‍ വരുത്താം. മലയാളികള്‍ക്ക് ഭാഷാഭ്രാന്തില്ല. എല്ലാ ഭാഷകളുടെയും സമ്മിശ്രരീതിയാണ് മലയാളികള്‍ അവലംബിക്കുന്നത്. മലയാളത്തിനായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കില്ല. നിലവിലുള്ള ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിനെ മലയാളഭാഷാവികസന വകുപ്പായി പുനര്‍നാമകരണം ചെയ്യും.
നിയമം തയ്യാറാക്കുന്നതിന് കാലതാമസം നേരിട്ടതുകൊണ്ടാണ് ബില്‍ അവതരണം വൈകിയത്. ഇതിനെ തിരഞ്ഞെടുപ്പ് സ്റ്റണ്ടായി കണ്ട് കുറ്റപ്പെടുത്തിയതില്‍ വേദനയുണ്ടെന്നും ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ നിയമം ഭാഷാന്യൂനപക്ഷങ്ങളുടെ ഒരു അവകാശവും ഇല്ലാതാക്കില്ലെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും മലയാളത്തിലാകണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന കേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണം. എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും. സ്‌കൂളിലോ പ്ലസ്ടുവിലോ ബിരുദപഠനത്തിലോ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിന് മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ലോമയ്ക്ക് തുല്യമായ പി.എസ്.സി. പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥ ബില്ലില്‍നിന്ന് നീക്കി.
സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോര്‍ഡുകളിലെ വിവരങ്ങളും മലയാളത്തിലാക്കണം. സര്‍ക്കാരില്‍നിന്നോ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നോ പ്രതിഫലം വാങ്ങി നടത്തുന്ന പരിപാടികളുടെ ബോര്‍ഡുകള്‍, പരസ്യങ്ങള്‍, രസീതുകള്‍, ബില്ലുകള്‍, അറിയിപ്പുകള്‍ എന്നിവയെല്ലാം മലയാളത്തിലാക്കണം.
കേന്ദ്രസര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദേശ രാജ്യങ്ങള്‍, മറ്റ് സംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങളുമായുള്ള ഔദ്യോഗിക കത്തിടപാടുകളും മറ്റും ഇംഗ്ലീഷിലോ അവരുടെ ഭാഷയിലോ ആകുന്നതില്‍ തെറ്റില്ല. കോടിയേരി ബാലകൃഷ്ണന്‍, സി.ദിവാകരന്‍, മാത്യു ടി.തോമസ്, ബെന്നി ബഹനാന്‍, മുല്ലക്കര രത്‌നാകരന്‍, വി.ചെന്താമരാക്ഷന്‍, എന്‍.ഷംസുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

2015 നവംബർ 3, ചൊവ്വാഴ്ച

മലയാള ഭാഷാനിയമം വരാതെ സര്‍ക്കാര്‍ ആദരിക്കേണ്ടെന്ന് എം. ടിയും സുഗതകുമാരിയും.

മലയാള ഭാഷാനിയമം വരാതെ സര്‍ക്കാര്‍ ആദരിക്കേണ്ടെന്ന് എം. ടിയും സുഗതകുമാരിയും.

കേരളപ്പിറവി ദിനത്തില്‍ വായ് മൂടിക്കെട്ടി ഭാഷാസ്നേഹികള്‍.

കേരളപ്പിറവി ദിനത്തില്‍ വായ് മൂടിക്കെട്ടി ഭാഷാസ്നേഹികള്‍.

കോടതിഭാഷ മലയാളത്തിലാവണം- മന്ത്രി കെ. സി. ജോസഫ്..

കോടതിഭാഷ മലയാളത്തിലാവണം- മന്ത്രി കെ. സി. ജോസഫ്.