ജന്മഭൂമി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജന്മഭൂമി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 ഏപ്രിൽ 30, ഞായറാഴ്‌ച

ഭരണഭാഷ മലയാളം: പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനം.

കണ്ണൂര്‍: ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഓഫീസുകളിലെയും ഫയല്‍ മലയാളത്തിലാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ജില്ലാതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. രണ്ടുമാസത്തിനകം പൂര്‍ണതോതില്‍ ഭരണഭാഷ മലയാളമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം ഇ മുഹമ്മദ് യൂസഫ് നിര്‍ദേശിച്ചു. ഓഫീസ് കാര്യങ്ങള്‍ മാതൃഭാഷയിലാക്കണമെന്നതില്‍ നിര്‍ബന്ധബുദ്ധിയോടെയുള്ള സമീപനമാണ് സംസ്ഥാന സര്‍കാരിനുള്ളത്. അതിനനുസരിച്ച് ഫലപ്രദമായ നടപടികള്‍ ജീവനക്കാര്‍ കൈക്കൊള്ളണമെന്നും എഡിഎം ആവശ്യപ്പെട്ടു.
പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് മുന്നു മാസത്തിലൊരിക്കല്‍ ജില്ലാ മേധാവികള്‍ ഏകോപന സമിതിക്ക് നല്‍കണം. ഓരോ വകുപ്പിലും കൈവരിച്ച നേട്ടം, ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലന പരിപാടികള്‍, ഭരണഭാഷ മലയാളമാക്കാന്‍ വകുപ്പ് തലത്തില്‍ രൂപീകരിച്ച കര്‍മ്മപരിപാടി എന്നിവ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകളാണ് നല്‍കേണ്ടത്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

ജന്മഭൂമി: http://www.janmabhumidaily.com/news612515#ixzz4fiCLYrJ2

2015 ഡിസംബർ 21, തിങ്കളാഴ്‌ച

മലയാള ഭാഷാ ബില്‍ നിയമമാകുമ്പോള്‍.

മാതൃഭാഷാപഠനം പ്രോത്സാഹിപ്പിക്കാനും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കാനും വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ വ്യാപനവും പരിപോഷണവും സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുന്നു. ഇത് സംബന്ധിച്ച ബില്‍ പാസ്സാക്കിയാണ് നിയമസഭാസമ്മേളനം സമാപിച്ചത്. മലയാളം ഔദ്യോഗിക ഭാഷയും, സാര്‍വത്രികവുമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ വിപുല ചര്‍ച്ചകള്‍ക്കുശേഷം തയാറാക്കിയ ബില്ലാണ് നിയമസഭ പാസാക്കിയത്.

കേരള ഔദേ്യാഗിക ഭാഷകള്‍ നിയമം(1969) അനുസരിച്ച്, ഇംഗ്ലിഷും മലയാളവും ഇവിടെ ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം, സമഗ്ര മലയാളഭാഷാ നിയമാണു ബില്ലിന്റെ ലക്ഷ്യം. ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും എല്ലാം ഇനി മലയാളത്തിലാക്കും. ഇംഗഌഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാനകേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപുറമെ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഇത് ബാധകമാകും. പിഎസ്‌സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയാറാക്കണം. ഏകീകൃത ലിപി വിന്യാസം നടപ്പാക്കണം. കീഴ്‌കോടതികളിലെ കേസുകളും വിധിന്യായങ്ങളും പെറ്റികേസുകളിലെ വിധിന്യായവും അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാസ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലുംകൂടി രേഖപ്പെടുത്തണം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോര്‍ഡുകളിലെ വിവരങ്ങളും മലയാളത്തിലാകണം.

സംസ്ഥാനത്ത് നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യാവസായിക ഉല്‍പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തില്‍ കൂടി രേഖപ്പെടുത്തണം. കേരളത്തിനകത്തെ സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തില്‍ വേണം. വിവരസാങ്കേതികരംഗത്ത് മലയാളഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍കൂടി നല്‍കണം. സര്‍ക്കാറിന്റെ ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണം. തുടങ്ങി മലയാളത്തിന്റെ സമഗ്ര വികാസത്തിന് ഉപകരിക്കുന്ന വ്യവസ്ഥകള്‍ അടങ്ങുന്നബില്ലാണ് പാസ്സാക്കിയത് ഭരണഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കാന്‍ നിയമം വന്നെങ്കിലും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം വേണം. നീക്കം അട്ടിമറിക്കുന്നത് ഉദ്യോഗസ്ഥരെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഭരണഭാഷ മലയാളത്തിലാക്കുക സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇക്കാര്യത്തിനായി പല നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്ന് ഔദ്യോഗികഭാഷാ ഉന്നതതല സമിതി യോഗത്തില്‍ മുഖ്യമന്ത്രിതന്നെ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ഉദ്യോഗസ്ഥര്‍ക്കില്ല. തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവര്‍ വകുപ്പ് തലവന്മാരാണ്. അവര്‍ കാണിക്കുന്ന ഉദാസീനത ലക്ഷ്യം തെറ്റിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ധ്വനി.സ്വാതന്ത്ര്യത്തിനുമുമ്പ് തമിഴനായ സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്നപ്പോഴാണ് ഭരണഭാഷ മലയാളമാക്കാന്‍ പ്രത്യേക നടപടികള്‍ എടുത്തത് എന്നത് ശ്രദ്ധേയമാണ്. സര്‍ സി.പി. സര്‍ക്കാരുദ്യോഗസ്ഥരുടെ വേഷത്തിലും മാറ്റം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളം രൂപംകൊണ്ടശേഷമുള്ള സര്‍ക്കാരുകളെല്ലാം ഭരണഭാഷ മലയാളമാവണമെന്ന ഭരണഘടനാ നിബന്ധനയില്‍ വേണ്ടുവോളം വെള്ളം ചേര്‍ക്കുകയായിരുന്നു.

ഭരണത്തിനും പഠനത്തിനും തക്ക യോഗ്യത മലയാളം നേടുന്നതിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റിറ്റൂട്ട് പോലുള്ള സ്ഥാപനംതന്നെ തുടങ്ങിയെങ്കിലും യഥാര്‍ത്ഥത്തില്‍ ഗുണമൊന്നും ഉണ്ടായില്ല. ഭാഷാനയത്തിന് ബില്ലല്ല, നിയമം നടപ്പാക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തിയാണ് ആവശ്യം.

2014 നവംബർ 5, ബുധനാഴ്‌ച

ഭാഷയില്‍ ഇന്നും അയിത്താചാരമോ? - പി.ഐ. ശങ്കരനാരായണന്‍

കടപ്പാട്: ജന്മഭൂമി
                  
             മാതൃഭാഷ അടിച്ചേല്‍പ്പിക്കരുത്” എന്ന തലക്കെട്ടില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു പത്രവാര്‍ത്ത കാണുകയുണ്ടായി.
”മാതൃഭാഷ ഉള്‍പ്പെടെ ഒരു ഭാഷയും കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല” എന്നും ”പഠനമാധ്യമം തിരഞ്ഞെടുക്കുന്നത് കുട്ടികളുടെയും രക്ഷിതാക്കളുടെയും മൗലികാവകാശമാണ്” എന്നുമുള്ള സുപ്രീംകോടതിയുടെ പ്രഖ്യാപനമായിരുന്നു വാര്‍ത്തയുടെ പൊരുള്‍.
”മാതൃഭാഷയോ പ്രാദേശികഭാഷയോ പ്രാഥമിക വിദ്യാലയങ്ങളിലെ നിര്‍ബന്ധിത പഠനമാധ്യമമാക്കുന്നത് കുട്ടികളുടെ വളര്‍ച്ചയെ ദൂരവ്യാപകമായി സ്വാധീനിക്കും.” എന്നുകൂടി കോടതി നിരീക്ഷിച്ചിരിക്കുന്നു!

ഈ വാര്‍ത്ത വായിച്ചപ്പോള്‍ എന്നില്‍ പല ചോദ്യങ്ങളും ഉയര്‍ന്നു. ‘അടിച്ചേല്‍പ്പിക്കല്‍’ എന്താ കോടതികളുടെ മൗലികാവകാശമാണോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. നല്ല കാര്യങ്ങളിലാണെങ്കില്‍ സമ്മതിക്കാം.
സാമാന്യബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത മണ്ടത്തരങ്ങളായാലോ? കോടതിവിധിയായി അങ്ങനെ പലതും കണ്ടപ്പോഴെല്ലാം ചിന്തിച്ചിട്ടുണ്ട്; അതിലൂടെ ദുരനുഭവങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പാവം മനുഷ്യരെപ്പറ്റി.

അത്തരത്തില്‍ ദുര്‍വിധികള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനാകേണ്ടിവന്ന കയ്‌പ്പേറിയ അനുഭവ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. മലയാള ഭാഷയോട് പഠനകാലം മുതല്‍ താല്‍പ്പര്യം പുലര്‍ത്തിപ്പോന്ന എനിക്ക് ആ ഭാഷയില്‍ കൈവന്ന മികവുകൂടി പരിഗണിച്ചാണ് ഏലം ബോര്‍ഡില്‍ ജോലി ലഭിച്ചത്. അപ്രകാരം ആത്മാര്‍ത്ഥമായി ജോലി ചെയ്യവേ എനിക്ക് അഴിമതികളെ എതിര്‍ക്കേണ്ടി വന്നു. അപ്പോള്‍ മേലാളരുടെ മട്ടൊന്നു മാറി. ജോലിയില്‍ തുടരുക എന്ന എന്റെ മൗലികാവകാശത്തെ നിഷേധിച്ച് അവര്‍ മറ്റൊരു തീരുമാനം അടിച്ചേല്‍പ്പിച്ചു. അതിലെ അന്യായത്തിന്റെ നേരെ സുപ്രീംകോടതിയും കണ്ണടയ്ക്കുകയായിരുന്നു! എന്തുചെയ്യാം!
ആത്മഹത്യയുടെ വക്കോളമെത്തിയ എനിക്ക് മാതൃഭാഷയിലൂടെ ലഭിച്ച ധാര്‍മ്മികാവബോധമാണ് തുണയായത്. അതിനാല്‍ പ്രാഥമികതലം മുതല്‍ കുട്ടികള്‍ക്ക് ധാര്‍മ്മികപാഠങ്ങള്‍ മാതൃഭാഷയിലൂടെ നല്‍കണമെന്നാണ് എന്റെ അഭിപ്രായം. നിര്‍ഭാഗ്യവശാല്‍ അക്കാര്യം ഇന്നും ആരും ശ്രദ്ധിക്കുന്നില്ല. തല്‍ഫലമായി കുട്ടികളില്‍ കുറ്റവാസനകളും മദ്യാസക്തിയും ആത്മഹത്യാ പ്രവണതയും ഏറിവരുന്നതിന്റെ എത്രയോ വാര്‍ത്തകള്‍ നാം ദിവസവും കാണുന്നതല്ലേ?
ദേശത്തിന്റെ ഭാഷ നന്നായി പഠിക്കണമെന്നത് ദേശവാസികളെ നന്നായി സേവിക്കാന്‍ വേണ്ടിക്കൂടിയാണ്. വിദേശഭാഷ പഠിച്ച് ഡോക്ടറാകുന്നവര്‍ വിദേശത്തുപോയി വിദേശികളെ സേവിക്കാന്‍ ഇഷ്ടപ്പെടും. കൂടുതല്‍ പണം നേടലാണ് ലക്ഷ്യം. അയാള്‍ ഇവിടെയാണ് ജോലി ചെയ്യുന്നതെങ്കിലോ? രോഗികള്‍ കഷ്ടപ്പെടും; രോഗി പറയുന്ന വിവരങ്ങളൊന്നും വേണ്ടവിധം ഗ്രഹിക്കാതെയാവും ചികിത്സ!

2014 മെയ് 25ലെ പത്രത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. കാലിന്റെ ഉപ്പൂറ്റിയില്‍ വന്ന മുഴ മാറ്റാന്‍ ചെന്ന ഒരു ആണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഒരു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്രെ! അതൊരു പെണ്‍കുട്ടിയായിരുന്നെങ്കിലോ? ശസ്ത്രക്രിയ മാറിടത്തിലായെന്നും വരാം!
ഇങ്ങനെയുള്ള ‘രോഗം മാറ്റല്‍’-ഇടതു കണ്ണിന് പകരം വലതു കണ്ണില്‍ ശസ്ത്രക്രിയ മുമ്പും വാര്‍ത്തകളായി വന്നിട്ടുണ്ട്. ദേശസേവകരാകേണ്ടവര്‍ ദേശദ്രോഹികളായി മാറുന്ന അവസ്ഥയാണിത്. ഇതിനെ പ്രതിരോധിക്കാന്‍ നാട്ടുഭാഷാ പഠനത്തിലൂടെ കഴിയും. സാംസ്‌കാരികത്തനിമയും സ്‌നേഹോഷ്മളതയും അത് സമ്മാനിക്കുന്നുണ്ട്. വൈദേശികത്വത്തിലൂടെ പലപ്പോഴും കടന്നുവരിക കൃത്രിമത്വവും യാന്ത്രികതയുമത്രെ.

മാതൃഭാഷ ഒന്നാം ഭാഷയായി പഠിക്കണമെന്ന് വാദിക്കുന്നവരാരും ഇംഗ്ലീഷോ ഹിന്ദിയോ മറ്റു ഭാഷകളോ പഠിക്കരുതെന്ന് വിലക്കാറില്ല. അവയും നന്നായി പഠിക്കണമെന്നേ പറയൂ. പക്ഷേ, ഇംഗ്ലീഷ് മാധ്യമക്കാരുണ്ടല്ലോ; മഹാ സ്വാര്‍ത്ഥികളാണവര്‍. ഇംഗ്ലീഷേ പഠിക്കാവൂ, പറയാവൂ, എഴുതാവൂ എന്ന് ശഠിക്കും. ദേശഭാഷ മിണ്ടിപ്പോകരുത്; മിണ്ടിയാല്‍ ശിക്ഷകിട്ടും! ഇത് മര്യാദയാണോ? ഏകാധിപത്യമല്ലേ?
അങ്ങോട്ടെങ്ങനയാണോ അതുപോലെയല്ലേ ഇങ്ങോട്ടും വേണ്ടത്? നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനേയും കാണണ്ടേ? പരസ്പര ബഹുമാനം വേണ്ടേ? സഹകരണം വേണ്ടേ? ഇംഗ്ലീഷ് പഠിപ്പിക്കുന്നിടത്ത് മലയാളം പഠിപ്പിക്കില്ല; പഠിക്കാന്‍ അവസരം നല്‍കില്ല എന്നു പറയുന്നത് തുല്യനീതി എന്ന സങ്കല്‍പ്പത്തിന് വിരുദ്ധവും മൗലികാവകാശ നിഷേധവുമല്ലേ?

മനുഷ്യന്‍ മനുഷ്യന് അയിത്തം കല്‍പ്പിച്ച ഒരു കാലമുണ്ടായിരുന്നല്ലോ. അത് പ്രാകൃതമാണെന്ന് ഇന്ന് നാം സമ്മതിക്കുന്നുണ്ട്. എങ്കില്‍ ഒരു ഭാഷ മറ്റൊരു ഭാഷയ്ക്ക് അയിത്തം കല്‍പ്പിക്കുന്നത് പ്രാകൃതമല്ലേ?
ഇംഗ്ലീഷ് വരിഷ്ഠഭാഷയും മലയാളം നികൃഷ്ടഭാഷയുമായി കരുതുന്നത് തെറ്റല്ലേ? അത്തരത്തില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളോ സ്വകാര്യ സ്ഥാപനങ്ങളോ വിവേചനം കാണിക്കുന്നുവെങ്കില്‍ അവരെ ശിക്ഷിക്കുകയല്ലേ കോടതികള്‍ ചെയ്യേണ്ടത്?

പണച്ചാക്കുകള്‍ നടത്തുന്ന സ്‌കൂളുകളില്‍നിന്ന് പാവപ്പെട്ടവരുടെ ഭാഷയെ, നാടന്‍ ഭാഷയെ പടിപ്പുറത്ത് നിര്‍ത്തുന്നത് ഏറ്റവും വലിയ അനീതിയാണ്. ഇത് യഥാര്‍ത്ഥത്തില്‍ സാധാരണക്കാരന്റെ ഭാഷാവകാശ-ഭാഷാഭിമാന-ദേശാഭിമാന ധ്വംസനംതന്നെയാണ്!
ഒരു പുരാണകഥ ഇവിടെ പ്രസക്തമായിട്ടുണ്ട്. സകലരും തന്റെ നാമം മാത്രമേ ജപിക്കാവൂ എന്ന് കല്‍പ്പിച്ച ഹിരണ്യകശിപുവിന്റെ കഥ.

പക്ഷേ, അയാളുടെ പുത്രനായ പ്രഹ്ലാദന്‍ അത് ലംഘിച്ചു, ”നാരായണ നമഃ” എന്ന് ജപിച്ചു. അവനെ ആനയെക്കൊണ്ട് കുത്തിച്ചും, പാമ്പിനെക്കൊണ്ട് കടിപ്പിച്ചും, മലയില്‍നിന്ന് എറിഞ്ഞും, അഗ്നികുണ്ഡത്തിലെറിഞ്ഞുമെല്ലാം പീഡിപ്പിക്കുവാന്‍ ആ അസുരന്‍ മടിച്ചില്ല.

അത് അസുരഭാഷ ദേവഭാഷയെ പീഡിപ്പിച്ചതിന്റെ കഥയായിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ഭാഷ, ദുര്‍ബലന്റെ നാവരിയുവാനുള്ള പുറപ്പാടായിരുന്നു. ഭൗതികസുഖാസക്തിയുടെ ഭാഷ ആത്മീയാനന്ദഭാഷയെ നശിപ്പിക്കുവാനുള്ള ശ്രമമായിരുന്നു. അത് തടയാന്‍ ദൈവം നരസിംഹമായി അവതരിച്ചിരുന്നു.
പക്ഷേ ഇന്നോ? നാട്ടുഭാഷയായ മലയാളത്തെ സംരക്ഷിക്കാന്‍ നാംതന്നെ നരസിംഹങ്ങളായി മാറേണ്ടിവരും എന്നാണ് തോന്നുന്നത്; ഭരണകൂടവും കോടതികളും പീഡകനെ നിയന്ത്രിക്കുന്നില്ല എങ്കില്‍.