സുബൈര്‍ അരിക്കുളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സുബൈര്‍ അരിക്കുളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 മേയ് 15, ബുധനാഴ്‌ച

സൗദിയിലെ നിതാഖാതും മലയാള സര്‍വകലാശാലയും - സുബൈര്‍ അരിക്കുളം


സൗദി അറേബ്യയിലെ നിതാഖാത് നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലയളവില്‍ തന്നെയാണ് 13-ാം കേരള നിയമസഭയുടെ 8-ാം  സമ്മേളനത്തില്‍ മലയാള സര്‍വകലാശാലാ ബില്‍ ഒമ്പത് മണിക്കൂറിലധികം ചര്‍ച്ചയായത്. എന്താണ് സൗദിയിലെ നിതാഖാതും കേരളത്തിലെ സര്‍വകലാശാലാ ബില്ലും തമ്മിലുള്ള ബന്ധം. നിതാഖാത് എന്നാല്‍ സൗദിയിലെ പൗരന്മാരുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ തൊഴില്‍ സ്ഥാപനങ്ങളെ വെള്ള, പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ തരംതിരിക്കലാണ്. കുറഞ്ഞ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ചുവപ്പില്‍പെടും. ചുവപ്പില്‍ പെട്ടാല്‍ പത്തില്‍ ഒരു തൊഴിലാളി സൗദി പൗരനാകണം എന്നാണ് ഭരണകൂട വ്യവസ്ഥ. ഈ ഗണത്തില്‍പെടുന്ന 3,40,000 (മൂന്നു ലക്ഷത്തി നാല്‍പതിനായിരം) ത്തോളം സ്ഥാപനങ്ങളുണ്ട് സൗദിയില്‍. ഇതിലധികവും മലയാളികളുടെ ബിനാമി ഇടപാടുകളാണ്. 1000 റിയാലിന് ഏഷ്യക്കാരനെ വെക്കുന്നിടത്ത് ഏറ്റവും കുറഞ്ഞത് 3000 റിയാല്‍ നല്‍കണം ഒരു സൗദി പൗരന്.  ഇങ്ങനെ വരുമ്പോള്‍ തൊഴിലാളി-മുതലാളി വ്യത്യാസമില്ലാതെ ലക്ഷംപേര്‍ നമ്മുടെ നാട്ടിലേക്ക് സൗദിയില്‍ നിന്നും തിരിച്ചെത്തും. 
സൗദി അറേബ്യയില്‍ മാത്രമല്ല; ഒമാനും, ഖത്തറും, കുവൈറ്റും യു എ ഇ യും എല്ലാം സ്വദേശിവത്ക്കരണത്തിന്റെ പാതയില്‍ തന്നെ. ലിബിയക്കും ഈജിപ്തിനും, ടുണീഷ്യക്കും ശേഷം ബഹിറൈനിലും തൊഴിലിനും ഭരണപങ്കാളിത്തത്തിനുമായി അടിസ്ഥാന ജനവിഭാഗം കലാപവുമായി തെരുവിലിറങ്ങിയപ്പോള്‍ തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ പരിഷ്‌ക്കരണത്തിന് തുടക്കം കുറിച്ചിരുന്നു. സൗദിയിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റമുള്ളത്. ബിരുദധാരികളും തൊഴിലിനായി കാത്തുനില്‍ക്കുന്നവരും ദിനം പ്രതി പെരുകുന്ന സൗദിയില്‍ തൊഴിലില്ലായ്മ 12.1% ആണ്. മറ്റിടങ്ങളിലും നില വ്യത്യസ്തമല്ല. അഥവാ ഭാവിയില്‍ നാം നമ്മുടെ പ്രദേശത്തു തന്നെ തൊഴിലും കൂലിയും കണ്ടെത്തികൊള്ളണമെന്നു സാരം.
ഈ സാഹചര്യത്തിലാണ് ഏപ്രില്‍ എട്ടിന് മലയാള സര്‍വകലാശാലയെക്കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍ പ്രസക്തമാകുന്നത്. കേരളത്തിന്റെ സാശ്രയത്വത്തിലൂന്നിയ വികസനം മലയാള സര്‍വകലാശാലയിലൂടെ സാദ്ധ്യമാകണമെന്നാണ് സാമാജികര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ വാദിച്ചത്. കേവലം മലയാള ഭാഷയും സാഹിത്യവും മാത്രം പഠിപ്പിക്കുന്ന ഒരു സര്‍വകലാശാല എന്ന നിലയ്ക്കല്ല മറിച്ച് വികസിക്കുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ മാതൃകയില്‍ സ്വന്തം ഭാഷയില്‍ ശാസ്ത്രവും സാമൂഹ്യശാസ്ത്രവും പഠിപ്പിക്കുന്ന ഒരു സര്‍വ്വകലാശാല എന്ന സ്വപ്‌നമാണ് അവര്‍ പങ്കു വെച്ചത്. ഒരു ഭാഷാ സര്‍വകലാശാല എന്ന നിലയില്‍ ഹീബ്രു സര്‍വകലാശാലയെ മാതൃകയാക്കുന്നത് ഉചിതമായിരിക്കുമെന്നും വാദമുയര്‍ന്നു.
റേച്ചല്‍ കോറിയെന്ന പത്രപ്രവര്‍ത്തകയെ ബുള്‍ഡോസര്‍കൊണ്ട് ചതച്ചരച്ച് കൊന്നതും ആയിരക്കണക്കിന് പാലസ്തീന്‍ സഹോദരങ്ങളെ അരിഞ്ഞ് തള്ളുന്നതുമായ ഇസ്രയേലിന്റെ നയനിലപാടുകളോട് നാം വിയോജിക്കുമ്പോഴും ഒരു ജനതയെ മുന്നോട്ടു നയിക്കുന്നതില്‍ ഹീബ്രു സര്‍വകലാശാല വഹിച്ച പങ്കിനെ നമുക്ക് ചെറുതാക്കി കാണാന്‍ കഴിയില്ല. വിവിധ ഭൂഖണ്ഡങ്ങളിലായി ചിതറിയ ജൂതന്‍മാര്‍ മെല്ലെ മെല്ലെ ഒരുമിച്ചു കൂടിത്തുടങ്ങിയത് 19 -ാം നൂറ്റാണ്ടിലാണ്. 1918 ല്‍ അവര്‍ എല്ലാവിഷയങ്ങളും ഹീബ്രുവില്‍ പഠിപ്പിക്കുന്ന സര്‍വകലാശാല സ്ഥാപിച്ചു. പിന്നീട് തികഞ്ഞ ആസൂത്രണത്തോടെ ഒച്ചിഴയും വേഗത്തില്‍ മാത്രമാണവര്‍ മുന്നോട്ട് നീങ്ങിയത്. ആദ്യ കോഴ്‌സുകള്‍ ആരംഭിക്കുന്നത് 1925ല്‍. 1928 ല്‍ ഗണിതശാസ്ത്രം, 1932 ല്‍ സസ്യശാസ്ത്രം, 1939 ല്‍ മെഡിസിന്‍, 1942 ല്‍ കൃഷിശാസ്ത്രം, 1953 ല്‍ സാമ്പത്തികശാസ്ത്രം തുടങ്ങി 1999 ല്‍ കമ്പ്യൂട്ടര്‍ സയന്‍സും ആരംഭിച്ചതോടെ ഹിബ്രുസര്‍വകലാശാലയില്‍ ഇല്ലാത്ത പഠനവിഷയങ്ങളില്ലെന്നായി. എല്ലാം പഠിപ്പിക്കുന്നത് സ്വന്തം ഭാഷയില്‍. 2000 ന് ശേഷം ശാസ്ത്രവും സാമ്പത്തികശാസ്ത്രവുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ 8 നൊബേല്‍സമ്മാനജേതാക്കളെ അവര്‍ ഈ സര്‍വകലാശാലയില്‍ നിന്നും സൃഷ്ടിച്ചു. സ്വപ്‌നം കാണുന്ന ചിന്തിക്കുന്ന ഭാഷയില്‍ തന്നെ പഠിച്ച് ലോകത്തിനാകെ ഗുണകരമാകുന്ന കണ്ടുപിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ ഇംഗ്ലീഷിലുടെ അല്ലാത്ത ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയാത്ത മലയാളികള്‍ക്ക് അത്ഭുതമായിരിക്കാം.പക്ഷേ ലോക വിപണി പിടിച്ചടക്കിയ ചൈനയും തായ്‌വാനും കൊറിയയും ജപ്പാനുമെല്ലാം അവരുടെ ഉന്നത വിദ്യാഭ്യാസമേഖല മാത്യഭാഷയിലായതിന്റെ ഗുണഫലം ഇപ്പോള്‍ അനുഭവിക്കുകയാണ്.
 യൂറോപ്പിലേയും അമേരിക്കയിലേയും പരിഗണനകളാവരുത് നമ്മുടെ മുന്‍ഗണനകള്‍. മുന്‍ഗണനകള്‍ പ്രാദേശികമായി രൂപപ്പെടണമെങ്കില്‍ മാതൃഭാഷയില്‍ പഠനം നടക്കണം. തേങ്ങയ്ക്ക് രണ്ടോ മുന്നോ വാക്കുകളേ ഇംഗ്ലീഷില്‍ കാണൂ. നമ്മുടെ വന്നിങ്ങയും ഉണ്ടയും, കൊട്ടത്തേങ്ങയും എല്ലാം അവര്‍ക്ക് 'കോക്കനട്ട് മാത്രം'. പൊങ്ങിന്റെ നിറവും രുചിയും അവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. 
യൂറോപ്പില്‍ നിന്നുല്‍ഭവിച്ച ഇംഗ്ലീഷിലുള്ള കൃഷി ശാസ്ത്രത്തില്‍ പൊങ്ങിനെക്കുറിച്ചോ ചക്കച്ചേണിയില്‍ നിന്നോ ചക്കക്കുരുവില്‍ നിന്നോ ഉല്‍പന്നം ഉണ്ടാക്കുന്നതിനെക്കുറിച്ചോ വിവരണങ്ങള്‍ ഉണ്ടാകുകയുമില്ല. കത്തുന്ന വേനലിനെ ഊര്‍ജമാക്കി മാറ്റുന്നതിനെക്കുറിച്ച് എങ്ങനെയാണ് ശൈത്യമേഖലയില്‍ താമസിക്കുന്ന യൂറോപ്യന് ആലോചിക്കാന്‍ കഴിയുക. ഇത്തരം സങ്കേതങ്ങളിലൂടെ സ്വാശ്രയത്വത്തിലൂന്നിയ വികസനവും നിതാഖാതിനെ പേടിക്കാതെയുള്ള സാമ്പത്തിക സുസ്ഥിരതയും നമുക്ക് നേടണം. ധൃതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാതെ ദീര്‍ഘകാല ആസൂത്രണത്തിലൂടെ ദശകങ്ങള്‍ കൊണ്ട് നേടിയെടുക്കാവുന്ന നേട്ടം. അങ്ങനെ അന്നം നേടിത്തരുന്ന, വിജയം നേടിത്തരുന്ന, ജീവിതം നേടിത്തരുന്ന മലയാളത്തെ നാം സൃഷ്ടിക്കുന്നില്ലെങ്കില്‍ നമുക്കെന്നും അഭയാര്‍ത്ഥികളായി കഴിയേണ്ടിവരും. 
കഴിഞ്ഞ ദിവസം പി എസ് സി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരായി പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ മിക്കവരും സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാത്തവരാണെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ചെറുപ്പം മുതല്‍ പണം മുടക്കി ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളില്‍ മാതൃഭാഷയെ തിരിഞ്ഞു നോക്കാതെ, ചുറ്റുപാടിനെക്കുറിച്ചറിയാതെ ചെറുതിനെ ചൂണ്ടയില്‍ കോര്‍ത്തിട്ട് വലുതിനെ പിടിക്കാന്‍ വെമ്പുന്നവരാക്കി അവരെ വളര്‍ത്തിയത് നമ്മളൊക്കെത്തന്നെയല്ലേ.
സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്‍ ഡോക്ടര്‍മാരാകാന്‍ ഇല്ല എന്ന വസ്തുതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ (ഉദാ. ബംഗാള്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്) അവരുടെ സ്വന്തം ഭാഷയില്‍ പ്രവേശന പരീക്ഷ എഴുതാം. എന്നാല്‍ കേരളത്തില്‍ അതിനു സാധ്യമല്ല. ഇവിടെ ബുദ്ധിയും വൈദഗ്ധ്യവുമല്ല പ്രധാനം. ഇംഗ്ലീഷ് ഭാഷാ പഠനം എന്ന മസ്തിഷക യജ്ഞത്തില്‍ വിജയിക്കുന്നുണ്ടോ എന്നതു മാത്രം.
വാല്‍ക്കഷണം: പ്രീഡിഗ്രിക്ക് ഇംഗ്ലീഷില്‍ തോറ്റുപോയതു കൊണ്ടുമാത്രം തന്റെ കായിക ജീവിതം അവസാനിപ്പിക്കേണ്ടി വരികയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത 100 മീറ്റര്‍ ഓട്ടത്തില്‍ കേമനായിരുന്ന രവീന്ദ്രനെ പോലുള്ളവര്‍ക്ക് പഠിക്കാനാണെങ്കിലും മലയാള സര്‍വ്വകലാശാല ഉപകരിക്കുമെങ്കില്‍ നിരവധി കായിക താരങ്ങള്‍ ഉയര്‍ന്നു വരുന്നതെങ്കിലും സ്വപ്‌നം കണ്ടുകൊണ്ട് ഈ ആലോചന അവസാനിപ്പിക്കട്ടെ.
 
(ലേഖകന്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ ചെയര്‍മാനാണ്)

2012 ഒക്‌ടോബർ 31, ബുധനാഴ്‌ച

സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിക്കണം

സര്‍ക്കാര്‍ ഖജനാവിലെ രണ്ടു കോടിയിലധികം തുക ചെലവിട്ടു കൊണ്ടുള്ള വിശ്വമലയാള മഹോത്സവം തിരുവനന്തപുരത്ത് നടക്കുകയാണല്ലോ. രണ്ടു കോടിയുടെ ഇരഎറിഞ്ഞ് ക്ളാസിക്കല്‍ പദവി എന്ന നൂറ് കോടിയുടെ മീന്‍പിടിക്കുക എന്നതാണ് ഉദ്ദേശ്യമെങ്കില്‍ സര്‍ക്കാര്‍ അതിനുമുമ്പേ നടപ്പാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
സര്‍ക്കാറിന്‍െറ ഔദ്യാഗിക ഭാഷ മലയാളമാണെന്ന് പറയുമ്പോഴും സാംസ്കാരിക വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളില്‍നിന്ന് പുറത്തിറങ്ങുന്ന മിക്ക ഉത്തരവുകളും ആംഗലേയത്തില്‍ തന്നെയാണ്. കേരളത്തില്‍ പൊതുവിതരണവകുപ്പ് നടത്തി വരുന്ന മാവേലി സ്റ്റോറുകളിലെ ബില്ലുകള്‍ ഇപ്പോഴും ഇംഗ്ളീഷില്‍ തന്നെയാണ് വിതരണം ചെയ്യുന്നത്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളുടെ ബോര്‍ഡുകളും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ബോര്‍ഡുകളും മലയാളത്തില്‍ ആയിരിക്കണം എന്ന് ഉത്തരവുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല.
ഇന്ത്യയില്‍ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഹൈകോടതി ഭാഷ ഉള്‍പ്പെടെ മാതൃഭാഷ ആക്കിയിട്ടും കേരളത്തില്‍ വഞ്ചി തിരുനക്കരയില്‍ നിന്ന് ഇളക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. 1969ലും 73ലും 75ലും കീഴ്കോടതി ഭാഷ മലയാളമാക്കുന്നതിനായി ഉത്തരവുകളും സര്‍ക്കുലറുകളും പുറത്തിറങ്ങിയെങ്കിലും പ്രായോഗികമായി ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിനടപടികള്‍ മലയാളത്തില്‍ നിര്‍വഹിക്കുന്നതിന് വേണ്ടി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 1985ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ അധ്യക്ഷനായി ഏഴംഗ സമിതി രൂപവത്കരിച്ചത്. രണ്ടുവര്‍ഷമെടുത്ത് വിശദമായി പഠിച്ച് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ‘സാധാരണക്കാരായ വ്യവഹാരിക്കും കോടതിനടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ളീഷ് ഭാഷയാകുന്ന ഇരുമ്പുമറ മാറിയാലല്ലാതെ സാധാരണക്കാര്‍ക്ക് കോടതിനടപടികളില്‍ കൂടുതല്‍ സജീവമായി സഹകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല’ എന്നാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറഞ്ഞത്. ജില്ലാകോടതികള്‍ വരെയുള്ള കീഴ്കോടതികള്‍ ആദ്യം മലയാളത്തിലാവണമെന്നും തുടര്‍ന്ന് ഹൈകോടതിയിലും ഭാഷാമാറ്റം പരിഗണിക്കാവുന്നതാണെന്നും കമീഷന്‍ എടുത്തുപറയുന്നു. കീഴ്കോടതി ഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിന് രണ്ടുവര്‍ഷത്തെ കാലയളവാണ് കമീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍ നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 25വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാറും ഹൈകോടതിയും ഇക്കാര്യത്തില്‍ ഒരു നടപടിയും കൈക്കൊണ്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.
കോടതികളില്‍ ഉപയോഗിക്കുന്ന ഇംഗ്ളീഷ് ഭാഷ വിദ്യാസമ്പന്നരായ മലയാളികള്‍ക്ക് പോലും മനസ്സിലാവുന്നില്ല എന്നതാണ് സത്യം. ഭാഷയുടെയും സാങ്കേതിക പദങ്ങളുടെയും ദുര്‍ഗ്രഹത നിലനില്‍ക്കുന്നത് കൊണ്ടുതന്നെ അദാലത്തുകളില്‍ പോലും വന്‍തുക നല്‍കി വക്കീലന്മാരെ കൂട്ടിവരേണ്ട ഗതികേടിലാണ് കേരളീയര്‍. ജനാധിപത്യം പുലരുന്നു എന്നു പറയുമ്പോഴും നീതി തേടിയെത്തുന്ന ബഹു ഭൂരിപക്ഷത്തിനും മനസ്സിലാകാത്ത ഭാഷയില്‍ ജനാധിപത്യത്തിന്‍െറ പ്രധാന സ്തംഭങ്ങളിലൊന്നായ ജുഡീഷ്യറി പ്രവര്‍ത്തിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്.
കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കാനായി (ഇന്ത്യയില്‍ മാതൃഭാഷ അല്‍പം പോലും പഠിക്കാതെ ഏത് ബിരുദവും കരസ്ഥമാക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമാണ് കേരളം) 2010 മേയ് ആറ് മുതല്‍ 2011 മേയ് 19 വരെ വിവിധ ഉത്തരവുകള്‍ ഇറങ്ങിയെങ്കിലും ഏട്ടിലെപശു പുല്ലു തിന്നാത്തതുകൊണ്ടുതന്നെ ഇതുവരെ നടപ്പായിട്ടില്ല. ആത്മാര്‍ഥമായ ഒരു ശ്രമവും സര്‍ക്കാറിന്‍േറയോ വിദ്യാഭ്യാസ വകുപ്പിന്‍േറയോ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നതിനാല്‍ ഉത്തരവ് കടലാസില്‍ ഉറങ്ങുകയാണ്.
കേരളവികസനത്തിന് ഭാവിയില്‍ ഏറ്റവുംകൂടുതല്‍ സംഭാവനകള്‍ നല്‍കേണ്ട ഒരു സര്‍വകലാശാലയാണ് മലയാള സര്‍വകലാശാല. എന്നാല്‍, കേന്ദ്ര സര്‍വകലാശാലക്ക് 400 ഏക്കറിലധികവും അലീഗഢ് സര്‍വകലാശാലയുടെ ഒരു കേന്ദ്രത്തിന് 450 ഏക്കറും കണ്ടെത്താന്‍ കഴിഞ്ഞ സര്‍ക്കാറിന് വിശാലമായ ഒറ്റ കാമ്പസ് പോലും മലയാള സര്‍വകലാശാലക്കായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആസ്ഥാന കാര്യാലയം തിരൂര്‍ തുഞ്ചന്‍ കോളജിലും ലൈബ്രറി 30 കിലോമീറ്റര്‍ ദൂരെ തിരുന്നാവായയിലും വകുപ്പുകള്‍ വിവിധ പഞ്ചായത്തുകളിലും എന്നിങ്ങനെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സ്ഥലം ലഭ്യമാവുന്ന ഒറ്റസ്ഥലത്ത് തുടങ്ങുന്നതിന് പകരം ആരുടെയെല്ലാമോ താല്‍പര്യ സംരക്ഷണത്തിനായി ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ ചുരുക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല. മാത്രമല്ല ലോകത്തെ വിവിധ ഭാഷകളില്‍നിന്ന് ശാസ്ത്രവും സാമൂഹിക ശാസ്ത്രവും ഉള്‍പ്പെടെയുള്ള വിജ്ഞാനം മലയാളത്തില്‍ എത്തിക്കാനും എല്ലാ വിഷയങ്ങളും (വൈദ്യശാസ്ത്രം ഉള്‍പ്പെടെ) മലയാളത്തില്‍ പഠിക്കാനുമുതകുന്ന തരത്തിലുള്ള ഉന്നതമായ ഒരു സങ്കല്‍പനം മലയാള സര്‍വകലാശാലയുടെ ഉള്ളടക്കത്തില്‍ ഉണ്ടാവുകയും വേണം. ഇലകളുടെ ഫോസിലുകള്‍ ചുമക്കുന്ന ഭാഷയായല്ല നാളെയുടെ പ്രതീക്ഷകളെ പ്രതിനിധാനം ചെയ്യുന്ന ഭാഷയായി മലയാളത്തെ ഉയര്‍ത്തുക എന്നതായിരിക്കണം സര്‍വകലാശാലയുടെ ലക്ഷ്യം. അത്തരം ഒരു സര്‍വകലാശാലക്ക് മാത്രമേ ഭാവിയില്‍ നിലനില്‍പുണ്ടാവൂ എന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്.
വിഷയങ്ങളിലൊന്നും ആത്മാര്‍ഥമായ നടപടികള്‍ സ്വീകരിക്കാതെ അനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കുന്നത് തികച്ചും അപഹാസ്യമാണ്. വിശ്വമലയാള മഹോത്സവം എന്നപേരില്‍ കോടികള്‍ ചെലവഴിച്ച് കെട്ടുകാഴ്ചകള്‍ നടത്തുകയല്ല, കോടതിയും ഭരണവും വിദ്യാഭ്യാസവും മലയാളത്തിലാക്കി ആത്മാര്‍ഥത തെളിയിക്കുകയാണ് ഇത്തരുണത്തില്‍ ജനാധിപത്യ സര്‍ക്കാറിന് അഭികാമ്യം. 
-സുബൈര്‍ അരിക്കുളം
(മലയാള ഐക്യവേദി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
മാധ്യമം
31.10.2012