പി.പവിത്രന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പി.പവിത്രന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഫെബ്രുവരി 22, തിങ്കളാഴ്‌ച

മാതൃഭാഷകളുടെ കാവുതീണ്ടല്‍.

ലോക മാതൃഭാഷാദിനമായ ഫിബ്രവരി 21-ന് ഇന്ത്യയിലെ മാതൃഭാഷാസംഘടനകൾ ഡൽഹിയിൽ ഒത്തുകൂടുകയാണ്. ഭരണഘടനയിലെ എട്ടാംപട്ടികയിൽപ്പെടുത്തിയ 22 ഭാഷകൾക്കു പുറമെ അതിൽപ്പെടാത്ത ന്യൂനപക്ഷഭാഷകളുടെ സംഘടനകളും ഈ സംഗമത്തിലുണ്ടാകും. മാതൃഭാഷകൾക്കായുള്ള ഒരു പൊതു അവകാശപ്രഖ്യാപനവും അവിടെ നടക്കും.സ്വാതന്ത്ര്യസമരകാലത്തെ വാഗ്ദാനമായിരുന്ന ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപവത്‌കരണം സ്വാതന്ത്ര്യത്തിനുശേഷം നിറവേറ്റപ്പെട്ടില്ല. ഇന്ത്യാ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്താതെപോയതും ഒരു ദശകം നീണ്ടുനിന്നതുമായ മറ്റൊരു സമരം വേണ്ടിവന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ ഉണ്ടാകാൻ. 1956-ൽ കേരളം പിറന്നതിനുപിന്നിൽ ഐക്യകേരളപ്രസ്ഥാനം മാത്രമല്ല വിവിധ പ്രദേശങ്ങളിൽ നടന്ന ഭാഷാസമരങ്ങളുടെ പരിണതഫലംകൂടിയുണ്ടായിരുന്നു. രൂക്ഷമായ സമരങ്ങളാണ് പലയിടത്തും നടന്നത്.

    ഭാഷാസംസ്ഥാനങ്ങൾ ഉണ്ടായിട്ടും ഭാഷാപരമായ ജനാധിപത്യം ആദ്യം വേരുറച്ചില്ല. യൂറോപ്പിലെ പല ഭാഷകളെക്കാളും അംഗസംഖ്യയുള്ള ഇന്ത്യൻ ഭാഷകൾക്ക് അർഹമായ വികസനം തടയപ്പെട്ടു. ഇന്ത്യൻ യൂണിയന്റെ ഔദ്യോഗികഭാഷയായി ഹിന്ദി പ്രഖ്യാപിക്കപ്പെട്ടു. അത് പൂർണമായി നടപ്പാകാൻ വൈകുമെന്നതിനാൽ താത്കാലികസംവിധാനമായി ഇംഗ്ലീഷും ഔദ്യോഗികഭാഷയാക്കി. ഇതോടെ ഹിന്ദിയും ഇംഗ്ലീഷും രൂപപ്പെടുന്നതിന്‌ നൂറ്റാണ്ടുകൾക്കുമുമ്പേ ശക്തിപ്രാപിച്ചിരുന്ന മലയാളമുൾപ്പെടെയുള്ള ഭാഷകൾ അവഗണിക്കപ്പെട്ടു. ഇംഗ്ലീഷിൽ ആദ്യത്തെ ശാസ്ത്രകൃതി വരുന്നതിനുമുമ്പേ മലയാളത്തിൽ ശാസ്ത്രകൃതികൾ രൂപപ്പെട്ടിരുന്നു. 1530-ൽ പുറത്തുവന്ന ‘യുക്തിഭാഷ’ എന്ന ഗണിതകൃതി ഒരുദാഹരണം മാത്രം.
    സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെവന്ന, 1948-ലെ ഡോ. എസ്. രാധാകൃഷ്ണൻ വിദ്യാഭ്യാസ കമ്മിഷൻ ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം മാതൃഭാഷയായിരിക്കണമെന്നാണു നിർദേശിച്ചത്. ഈ കാഴ്ചപ്പാടിന്റെകൂടി അടിസ്ഥാനത്തിലാണ് ഭരണ, വിദ്യാഭ്യാസ തലങ്ങളിൽ ഉപയോഗിക്കാൻകഴിയുന്ന ഭാഷകളെന്നനിലയിൽ എട്ടാംപട്ടികയിൽ ചില ഭാഷകളെ ഉൾപ്പെടുത്തിയതും.      എന്നാൽ, ഈ മേഖല പിന്നീട് അവഗണിക്കപ്പെടുകയാണുണ്ടായത്. ഇന്ന് ഇന്ത്യയിൽ പ്രാഥമികവിദ്യാഭ്യാസത്തിൽപ്പോലും മാതൃഭാഷ പിന്തള്ളപ്പെടുന്നു. സംസ്ഥാനതലപരീക്ഷകളുടെ മാധ്യമമെന്നനിലയിൽ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ മാതൃഭാഷ അവഗണനനേരിടുന്നു. ഐ.എ.എസ്., ഐ.പി.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലെഴുതാമെന്നിരിക്കെ കേരളത്തിലെ പി.എസ്.സി. പരീക്ഷകൾ മിക്കതും ഇംഗ്ലീഷിൽ മാത്രമേ എഴുതാനാവൂ എന്നതുതന്നെ ഉദാഹരണം.

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷകൾ എട്ട് ഇന്ത്യൻ ഭാഷകളിൽ നടത്താൻ തീരുമാനിക്കപ്പെടുമ്പോൾ കേരളത്തിൽ സംസ്ഥാന പ്രവേശനപരീക്ഷകൾക്കുപോലും മലയാളം മാധ്യമമല്ല. സ്വന്തം ഭാഷയിൽ ഒബ്ജക്ടീവ് ടൈപ്പിൽനിന്ന് തിരഞ്ഞെടുത്ത് എഴുതിക്കയറുന്ന കുട്ടിയുടെ വേഗത്തോട്, പൊങ്ങച്ചത്തിനായി, അറിയാത്ത ഭാഷയിൽ എഴുതുന്ന കുട്ടിക്ക് മത്സരിച്ച് ജയിക്കാൻ കഴിയില്ല. മാതൃഭാഷയിൽ അനായാസമായി എഴുതുന്ന ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികളോടുവേണം ഇനി ഇംഗ്ലീഷിൽ എഴുതുന്ന മലയാളി മത്സരിച്ചു വിജയിക്കാൻ എന്നു മനസ്സിലാക്കിത്തുടങ്ങുമ്പോൾ ഒരുപക്ഷേ, കേരളത്തിലെ രക്ഷിതാക്കൾതന്നെ മാതൃഭാഷയിൽ പ്രവേശനപരീക്ഷഴുതാനുള്ള അവകാശത്തിനുവേണ്ടി വാദിച്ചുവെന്നുവരാം.
        കേരളത്തെപ്പോലെയല്ല മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. അതിനായി അവിടങ്ങളിലെ മാതൃഭാഷാസംഘടനകൾക്ക് ശക്തമായ സർക്കാർ  പിന്തുണയുണ്ട്. ഭരണത്തിലും വിദ്യാഭ്യാസത്തിലും കോടതിയിലും മാതൃഭാഷ ഉറപ്പിക്കുന്ന തീരുമാനമെടുത്തിട്ടുള്ള മറ്റു സംസ്ഥാനങ്ങൾ തങ്ങളുടെ ഭാഷയ്ക്ക് അഖിലേന്ത്യാതലത്തിൽ കൂടുതൽ അംഗീകാരത്തിനുവേണ്ടിയാണ് രംഗത്തുവന്നിട്ടുള്ളത്. ജില്ലാക്കോടതിവരെ നേരത്തേതന്നെ തമിഴ് ഭാഷാ ഉപയോഗം നടപ്പാക്കിയ തമിഴ്നാട് ഹൈക്കോടതിയിൽ തമിഴ് ഭാഷ ഉപയോഗിക്കാനുള്ള നിയമം പാസാക്കി പ്രസിഡന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ നിലയിൽ മറ്റു സംസ്ഥാനങ്ങളിലും മുന്നേറ്റങ്ങൾ നടക്കുന്നു.
ഇന്ത്യൻ ഭരണഘടനയിലെ എട്ടാം പട്ടികയിൽപ്പെട്ട എല്ലാ ഭാഷകളും ഇന്ത്യയിലെ ഔദ്യോഗികഭാഷകളാക്കുക എന്ന മുഖ്യാവശ്യമാണ് ഡൽഹിയിൽ ഈവർഷത്തെ ലോക മാതൃഭാഷാദിനത്തിൽ നടക്കുന്ന ഭാഷാകൂട്ടായ്മയിൽ ഉന്നയിക്കപ്പെടാൻ പോകുന്നത്. കേരളത്തിലെ മാതൃഭാഷാസംഘടനകൾകൂടി പങ്കാളിയായ ഭാഷാസമത്വാവകാശപ്രസ്ഥാനമെന്ന(കാമ്പെയ്ൻ ഫോർ ലിംഗ്വിസ്റ്റിക് ഇക്വാലിറ്റി ആൻഡ്‌ റൈറ്റ്‌സ്) പൊതുസംഘടനയാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഫിബ്രവരി 21-ന് ‘ഭാഷാവകാശപ്രഖ്യാപനം ഡൽഹി’ എന്നപേരിൽ  ഇന്ത്യൻ ഭരണഘടനയിലെ എട്ടാം പട്ടികയിൽപ്പെട്ടതും പെടാത്തതുമായ 40 ഇന്ത്യൻ ഭാഷകളുടെ പ്രതിനിധികൾ ചേർന്ന്  പത്രസമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തും.
    -1എട്ടാംപട്ടികയിൽപ്പെട്ട 22 ഭാഷകളെയും ഔദ്യോഗികഭാഷകളാക്കുക എന്ന ആവശ്യത്തിനു പുറമേ എട്ടാം പട്ടികയിൽപ്പെടുത്താനായി കാലാകാലങ്ങളായി അവശ്യപ്പെട്ട ഭാഷകളെയും ഉൾപ്പെടുത്തണമെന്നുള്ളതും ഗോത്ര, ആദിവാസിഭാഷകളുടെ സംരക്ഷണത്തിനും പുരോഗതിക്കുംവേണ്ടി അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നതും ഈ അവകാശപ്രഖ്യാപനത്തിൽപ്പെടുന്നു. കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും മാതൃഭാഷാ സംരക്ഷണത്തിനുവേണ്ടി നിലവിലുള്ള നിയമങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും നിയമങ്ങളില്ലാത്ത സംസ്ഥാനങ്ങളിൽ ഉടൻ നിയമങ്ങളുണ്ടാക്കണമെന്നും പ്രഖ്യാപനത്തിൽ ആവശ്യപ്പെടും.

     ഭരണകൂടവും വ്യവസായ-വാണിജ്യസ്ഥാപനങ്ങളും പൗരരോട് അവരവരുടെ മാതൃഭാഷയിൽ വേണം ആശയവിനിമയം നടത്താൻ, അതത് സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന കേന്ദ്രസർക്കാർ ജീവനക്കാർ ആ സംസ്ഥാനത്തെ ഭാഷ പഠിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം, ഓരോ സംസ്ഥാനത്തെയും ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ സംസ്ഥാനത്തെ ഔദ്യോഗികഭാഷ ഹൈക്കോടതിയിലുൾപ്പെടെ കോടതിഭാഷയായി അംഗീകരിക്കണം, പൊതുമേഖലാ സ്ഥാപനങ്ങളുടേതുൾപ്പെടെ, കേന്ദ്രസർക്കാറിന്റെ എല്ലാ വെബ്സെറ്റുകളും എട്ടാം പട്ടികയിൽപ്പെട്ട എല്ലാ ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കണം, എല്ലാ തലങ്ങളിലുമുള്ള അക്കാദമിക പരീക്ഷകളുടെയും തൊഴിൽ പരീക്ഷകളുടെയും മാധ്യമമായി എട്ടാം പട്ടികയിലെ ഭാഷകൾകൂടി അംഗീകരിക്കപ്പെടണം എന്നിങ്ങനെ ഇന്ത്യയിലെ പ്രാദേശികഭാഷകളുടെ ഉച്ചത്തിലുള്ള ശബ്ദമായിരിക്കും പ്രഖ്യാപനത്തിലുണ്ടാവുക.    -1 ലോകമാതൃഭാഷാദിനാചരണത്തിന് അടിസ്ഥാനമായ 1952-ലെ ബംഗ്ലാദേശിലെ രക്തസാക്ഷികളുടെയും ഇന്ത്യയിലെ വിവിധ ഭാഷകൾക്കുവേണ്ടി സമരരംഗത്തിറങ്ങിയവരുടെയും ഓർമകൾക്കുമുമ്പിൽ ജന്തർമന്ദിറിൽ വൈകിട്ട് അഞ്ചുമണിക്ക് ദീപംതെളിക്കുന്നതാണ്.

ഇംഗ്ലീഷും ഹിന്ദിയും മാത്രം ഔദ്യോഗികഭാഷകളായി അംഗീകരിക്കപ്പെട്ട ഇന്ത്യൻ യൂണിയന്റെ തലസ്ഥാനത്ത് നടക്കുന്ന ഈ ഭാഷാമുന്നേറ്റം രാജപാതയിൽ ഇന്ത്യൻ ഭാഷകൾ നടത്തുന്ന ഒരു കാവുതീണ്ടലാണ്. രാജപാതകൾ ഈ നിലയിൽ ഇന്ത്യൻ ഭാഷകൾക്കും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ജനപാതകളാക്കിമാറ്റുന്നതിനുള്ള സമരത്തിന്റെ തുടക്കമാണിത്. ഈ മുന്നേറ്റം നടക്കുമ്പോഴും ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം ശതമാനം ജനങ്ങളുടെ ഔദ്യോഗികഭാഷയായ മലയാളത്തിനുമുമ്പിൽ എല്ലാ പാതകളും തുറക്കപ്പെടുന്നത് എന്നായിരിക്കും എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ‘മലയാളത്തിൽ പഠിച്ചവർ ഈവഴി നടന്നുകൂടാ’ എന്ന ഭാഷാപരമായ തീണ്ടൽപ്പലക കേരളത്തിലെ സർവകലാശാലകളുൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും കോടതികളിൽനിന്നും എടുത്തുമാറ്റാൻ ഇനിയും എത്രനാൾ കാത്തിരിക്കണം?

2014 ഡിസംബർ 19, വെള്ളിയാഴ്‌ച

മലയാളനിയമം അട്ടിമറിക്കരുത്‌- പി. പവിത്രന്‍



27 കൊല്ലം കാത്തുകിടന്ന ഈ ശുപാര്‍ശയാണ് പുതിയ മലയാളനിയമത്തിലൂടെ നടപ്പാക്കേണ്ടിയിരുന്നത്. പക്ഷേ, ഇനിയും മന്ത്രിസഭയ്ക്ക് അവ്യക്തത മാറിയിട്ടില്ല. നിലവിലുള്ള ഉത്തരവാണ് അതെന്ന കാര്യംപോലും മന്ത്രിമാര്‍ അറിയുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്


കേരളത്തിന്റെ ഭരണഭാഷ 1982നുമുമ്പ് പൂര്‍ണമായും മലയാളമാക്കി മാറ്റണമെന്നാണ് സര്‍ക്കാറിന്റെ പ്രഖ്യാപിതനയം' (മുഖ്യമന്ത്രി എ.കെ.ആന്റണി 1978 മാര്‍ച്ച് 23) ''ഞാന്‍ കേരളത്തിലെ വനംവകുപ്പുമന്ത്രിയായിട്ട് ഏതാണ്ട് ഒരു കൊല്ലമായി. എനിക്ക് ഇംഗ്ലീഷ് അറിഞ്ഞുകൂടാ. മലയാളമേ അറിയാവൂ. ഇക്കാര്യം തുറന്നുപറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. സത്യപ്രതിജ്ഞ നിര്‍വഹിച്ചതുമുതല്‍ എന്റെ
മാതൃഭൂമി വാര്‍ത്ത
വകുപ്പിന്റെ ഭരണപരമായ എല്ലാകാര്യങ്ങളും ഞാന്‍ നടത്തുന്നത് മലയാളത്തിലാണ്. മന്ത്രിസഭായോഗങ്ങളുടെ കുറിപ്പുകളില്‍ 99 ശതമാനവും ഇംഗ്ലീഷിലാണ്. മിക്കവാറും കുറിപ്പുകളും മന്ത്രിസഭായോഗത്തിന്റെ തലേന്നാണ് കിട്ടുക. കുറിപ്പുകളുടെ മുഴുവന്‍ ഉള്ളടക്കം അറിയേണ്ട ഒരാളാണ് ഞാന്‍. ഇംഗ്ലീഷിലുള്ള കുറിപ്പുകളുടെ സാരം മലയാളത്തില്‍ പറഞ്ഞുകേട്ട് മനസ്സിലാക്കിയാണ് ഞാന്‍ മന്ത്രിസഭായോഗങ്ങളില്‍ പങ്കെടുക്കുന്നത്. കുറിപ്പുകളുടെ ഉള്ളടക്കം മുഴുവനും അതുവഴി മനസ്സിലാക്കാന്‍ സാധിക്കും എന്നെനിക്ക് അഭിപ്രായമില്ല'' (കാന്തലോട്ട് കുഞ്ഞമ്പു, വനംവകുപ്പുമന്ത്രി, 1978)

ഈ നിയമസഭയില്‍ അവതരിപ്പിക്കാനിരുന്ന മലയാളനിയമം കോടതിഭാഷയെ സംബന്ധിച്ച അവ്യക്തതകാരണം മാറ്റിവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായാണ് വാര്‍ത്തവന്നിട്ടുള്ളത്. ഒന്നാംഭാഷാ ഉത്തരവ് സംരക്ഷിക്കുന്നതും കീഴ്‌ക്കോടതി നടപടികള്‍ മലയാളത്തിലാക്കുന്നതും ഉള്‍പ്പെടെയുള്ള സമഗ്ര മലയാളനിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കെ.പി. രാമനുണ്ണിയുടെ അനിശ്ചിതകാല നിരാഹാരസമരം നടന്നത് 2013 മാര്‍ച്ചിലാണ്. ഒ.എന്‍.വി., സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങി കേരളത്തിലെ സാംസ്‌കാരികലോകത്തിന്റെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്ന ആ സമരത്തിലാണ് സാംസ്‌കാരികവകുപ്പ് മന്ത്രി, തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ സമഗ്രമലയാളനിയമം അവതരിപ്പിക്കുന്നതാണെന്ന ഉറപ്പ് എഴുതി നല്‍കിയത്. പല നിയമസഭാ സമ്മേളനങ്ങള്‍ കഴിഞ്ഞുപോയിട്ടും അതിന്റെ കരടുപോലും തയ്യാറാക്കാന്‍ സന്നദ്ധമാകാതിരുന്നപ്പോഴാണ് വീണ്ടും സമ്മര്‍ദങ്ങളുമായി സാംസ്‌കാരികലോകം രംഗത്തുവന്നത്. 2013 ഡിസംബറില്‍ മലയാളനിയമത്തിന്റെ കരട് തയ്യാറായി. ഒരു കൊല്ലം തികഞ്ഞിട്ടും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന നിയമത്തെ ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാസമിതിയുടെ അധ്യക്ഷന്‍ പാലോട് രവി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനുശേഷം ഈ നിയമസഭയില്‍ അവതരിപ്പിക്കാമെന്ന് മുഖ്യമന്ത്രിതന്നെ ഉറപ്പുനല്‍കി. അതിനുശേഷമാണ് ഇപ്പോള്‍ ഈ അട്ടിമറിശ്രമം അരങ്ങേറിയത്.

കോടതിഭാഷയെപ്പറ്റി മന്ത്രിസഭാംഗങ്ങള്‍ക്ക് അവ്യക്തതയുണ്ടെങ്കിലും ഭരണഭാഷയെ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളും ഉത്തരവുകളും അറിയുന്നവര്‍ക്ക് യാതൊരു അവ്യക്തതയുമില്ല. 1957ലെ കോമാട്ടില്‍ അച്യുതമേനോന്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1969ല്‍ നിലവില്‍വരികയും 1973ല്‍ ഭേദഗതി ചെയ്യുകയുംചെയ്ത ഔദ്യോഗികഭാഷാ ആക്ടിന്റെ അധികാരവും സിവില്‍ നടപടിക്രമം 137ാം വകുപ്പ് പ്രകാരമുള്ള അധികാരവും ക്രിമിനല്‍ നടപടിക്രമം 558 പ്രകാരമുള്ള അധികാരവും ഉപയോഗിച്ച് കേരള ഹൈക്കോടതിയുടെ കീഴിലുള്ള സിവില്‍ കോടതികളില്‍ വിധിന്യായങ്ങള്‍ എഴുതുന്നതിനും മറ്റ് നടപടികള്‍ക്കും മലയാളം ഉപയോഗിക്കാവുന്നതാണെന്ന് ഒരു വിജ്ഞാപനം 1973 മെയ് 11ലെ കേരള സാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇത്തരം ഒരു വിജ്ഞാപനം ക്രിമിനല്‍ കോടതികളെ സംബന്ധിച്ചും അതേ ഗസറ്റില്‍ത്തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് കുറച്ചുകാലം സംസ്ഥാനത്തെ ചില കീഴ്‌ക്കോടതികളില്‍ ഏതാനും വിധിന്യായങ്ങള്‍ മലയാളത്തില്‍ എഴുതുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, പിന്നീട് വീണ്ടും അത് ഇംഗ്ലീഷിലേക്ക് പൂര്‍ണമായി മടങ്ങിപ്പോവുകയാണുണ്ടായത്.

ഇത് പരിഹരിച്ച് കീഴ്‌ക്കോടതി നടപടികള്‍ പൂര്‍ണമായും മലയാളത്തിലാക്കുന്നതിനാണ് 1985ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപവത്കരിക്കുകയും 1987ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്. രണ്ടുകൊല്ലത്തിനകം കേരളത്തിലെ കോടതി നടപടികള്‍ മലയാളത്തിലാക്കണമെന്ന നിര്‍ദേശമാണ് കമ്മിറ്റി നല്‍കിയത്. 27 കൊല്ലം കാത്തുകിടന്ന ഈ ശുപാര്‍ശയാണ് പുതിയ മലയാളനിയമത്തിലൂടെ നടപ്പാക്കേണ്ടിയിരുന്നത്. പക്ഷേ, ഇനിയും മന്ത്രിസഭയ്ക്ക് അവ്യക്തത മാറിയിട്ടില്ല. മലയാളം പഠിച്ചിട്ടില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ മലയാളപരീക്ഷ പാസാകണമെന്ന നിര്‍ദേശവും എതിര്‍ക്കപ്പെട്ടു എന്ന് വാര്‍ത്ത കാണുന്നു. നിലവിലുള്ള ഉത്തരവാണ് അതെന്ന കാര്യംപോലും മന്ത്രിമാര്‍ അറിയുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്.

1978ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഞ്ചുവര്‍ഷംകൊണ്ട് കേരളത്തിലെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള ഒരു പദ്ധതി ഔദ്യോഗിക ഭാഷാസമിതി മുന്നോട്ടുവെച്ചത്. 1978 ആഗസ്ത് ഒന്നിന് ആരംഭിച്ചതാണ് പദ്ധതി. അതുപ്രകാരം 1982ഓടുകൂടി ഭരണഭാഷാമാറ്റം പൂര്‍ണമാകേണ്ടതായിരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍, സര്‍വകലാശാലകള്‍, നിയമസഭ എന്നിവിടങ്ങളില്‍ 1979'80ഓടെ ഔദ്യോഗികഭാഷ മലയാളമാക്കുന്നതാണ്. 1980'81ഓടെ കോടതിഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും തൊട്ടടുത്ത വര്‍ഷം എല്ലാ കോടതികളിലും ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമാണ് അതില്‍ വ്യക്തമായി പറഞ്ഞുവെച്ചത്. അഞ്ചുവര്‍ഷ പരിപാടി വിജയിപ്പിക്കുന്നതിന് ടി.എന്‍. ജയചന്ദ്രന്റെ പത്രാധിപത്യത്തില്‍ ഭരണഭാഷ ഐന്നാരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. ആന്റണിക്കുശേഷം പി.കെ. വാസുദേവന്‍നായരും സി.എച്ച്. മുഹമ്മദ്‌കോയയും മുഖ്യമന്ത്രിമാരായിരുന്ന ഘട്ടത്തിലും ഈ പദ്ധതിക്ക് തുടര്‍ച്ച ലഭിച്ചിരുന്നു. 1979ല്‍ അന്നത്തെ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്‌കോയ പറഞ്ഞത് കേരളം രൂപവത്കരിക്കപ്പെട്ട 1956ല്‍ത്തന്നെ മലയാളം പൂര്‍ണമായ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യേണ്ടതായിരുന്നു എന്നാണ്. ഭാഷാപ്രേമികളായ ഇവരെയൊക്കെയാണ് പുതിയകാലത്ത് ഭാഷാഭ്രാന്തന്മാരായി ചിത്രീകരിക്കപ്പെടുന്നത്!

ഭാഷാകാര്യത്തിലെ സര്‍ക്കാറിന്റെ നയം ചലച്ചിത്രലോകത്തെക്കൂടി അന്ന് സ്വാധീനിച്ചിരുന്നു.

1977വരെ കേരളത്തിലെ ചലച്ചിത്ര നിര്‍മാണസമിതി റിപ്പോര്‍ട്ട് ഇംഗ്ലീഷിലാണ് സമര്‍പ്പിച്ചിരുന്നത്. അടുത്ത വര്‍ഷമാണ് എസ്. ഗുപ്തന്‍നായര്‍ ചെയര്‍മാനായി ചലച്ചിത്രങ്ങള്‍ക്കുള്ള സമ്മാനസമിതി റിപ്പോര്‍ട്ട് ആദ്യമായി മലയാളത്തില്‍ വരുന്നത്. ആ റിപ്പോര്‍ട്ടില്‍ മലയാളത്തിന്റെ പ്രാദേശിക വൈവിധ്യത്തെക്കൂടി ഉയര്‍ത്തിപ്പിടിച്ചിരുന്നു: 'ലയാത്മകമായ സംഭാഷണ ശൈലിയാണ് ഏതുഭാഷയ്ക്കും ജീവനും ചൈതന്യവും കൊടുക്കുന്നത്. അനവധി ദേശ്യഭേദങ്ങള്‍ കേരളത്തിലുണ്ട്. കഥ നടക്കുന്ന പ്രദേശം മനസ്സിലാക്കാന്‍ സഹായിക്കുന്ന സംഭാഷണങ്ങള്‍ വളരെക്കുറച്ച് പടങ്ങളിലേ ഉള്ളൂ. പുസ്തകവാക്യങ്ങള്‍ ചതുരവടിവില്‍ പറയുന്ന കഥാപാത്രങ്ങള്‍ സംഭാഷണത്തിന്റെ സ്വാഭാവികത നശിപ്പിക്കുന്നു' എന്ന് സമിതി അഭിപ്രായപ്പെടുന്നുമുണ്ട്.

മൂന്നുവര്‍ഷംമുമ്പാണ് കോടതിഭാഷ മലയാളമാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ കാല്‍ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. കെ.കെ. നരേന്ദ്രന്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ആ നിവേദനം. കൃഷ്ണയ്യരുടെ ചരമസന്ദര്‍ഭംതന്നെ കോടതിഭാഷയെ മുന്‍നിര്‍ത്തി മലയാളഭാഷാനിയമത്തെ അട്ടിമറിക്കാന്‍ തിരഞ്ഞെടുത്തത് എന്തായാലും വളരെ ഉചിതമായി എന്ന് പറയാതെ വയ്യ!

മൂന്നാംലോക സൗന്ദര്യശാസ്ത്രം- പി.പവിത്രന്‍


2014 ഫെബ്രുവരി 24, തിങ്കളാഴ്‌ച

സത്യേന്ദ്രനാഥബോസും ലോകമാതൃഭാഷാദിനവും - പി. പവിത്രന്‍

സ്വന്തം പ്രദേശത്തും സ്വന്തം ഭാഷയിലും ഊന്നിയാണ് ഒരാള് ലോകപൗരനാകുന്നതും ലോകശാസ്ത്രജ്ഞനാകുന്നതും എന്നതിന്റെ ഉദാഹരണമാണ് ബോസ് സത്യേന്ദ്രനാഥബോസ് ജവാഹര്‌ലാല് നെഹ്‌റുവിനൊപ്പം


ഇന്ന് ലോക മാതൃഭാഷാദിനം


യൂറോപ്യന് ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും കൃതികള് ഇന്ത്യന്ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യുന്നത് സര്വസാധാരണമാണ്. എന്നാല്, ഇന്ത്യന് ശാസ്ത്രജ്ഞരുടെ കൃതികള് യൂറോപ്യന്ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യുന്നത് അത്ര സാധാരണമല്ല. 1924ല് ഒരു ഇന്ത്യന് ശാസ്ത്രജ്ഞന്റെ പ്രബന്ധം ജര്മന്ഭാഷയിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ടു. വിവര്ത്തനംചെയ്തത് മറ്റാരുമല്ല, സാക്ഷാല് ആല്ബര്ട്ട് ഐന്‍സ്െറ്റെന്തന്നെ. വിവര്ത്തനം ചെയ്യപ്പെട്ട ശാസ്ത്രജ്ഞനാകട്ടെ, സത്യേന്ദ്രനാഥബോസും (18941974).
ക്വാണ്ടം മെക്കാനിക്‌സിലാണ് ബോസിന്റെ പ്രസിദ്ധമായ സംഭാവന. 2013ല്‌ െനാേ

ബല് സമ്മാനം ലഭിച്ച, ദൈവകണമെന്ന് വിശേഷിപ്പിക്കപ്പെട്ട ഹിഗ്‌സ്‌ബോസോണ് എന്ന പേരില് മുദ്രിതമായത് സത്യേന്ദ്രനാഥബോസാണ്. ബോസിനെ മുന്നിര്ത്തി ബോസോണ് എന്ന പേര് നല്കിയതാകട്ടെ, മറ്റൊരു െനാേബല് സമ്മാനജേതാവായ പോള് ഡിറാക്കും. ബോസ്‌ഐന്‍സ്െറ്റെന് സ്റ്റാറ്റിസ്റ്റിക്‌സിലും ബോസ്‌ഐന്‍സ്െറ്റെന് ഘനീകരണത്തിലും വരുന്നതും സത്യേന്ദ്രനാഥബോസ് തന്നെ.

സത്യേന്ദ്രനാഥബോസിനെ കല്ക്കത്ത പ്രസിഡന്‌സി കോളേജില് ഭൗതികശാസ്ത്രം പഠിപ്പിച്ചത് ജഗദീശ് ചന്ദ്രബോസും രസതന്ത്രം പഠിപ്പിച്ചത് പി.സി.റേയുമായിരുന്നു. മേഘനാഥ് സാഹ സഹപാഠിയായിരുന്നു. 1916ല് കല്ക്കത്ത സര്വകലാശാലയില് ആപേക്ഷികതാസിദ്ധാന്തത്തെ സംബന്ധിച്ച ഗവേഷണം ബോസ് ആരംഭിച്ചു. 1916'21 കാലത്ത് കല്ക്കത്ത സര്വകലാശാലയില് ഫിസിക്‌സ് അധ്യാപകനായി ജോലിചെയ്തു. തുടര്ന്ന് ധാക്ക സര്വകലാശാലയില് റീഡറായി ജോലിയില് പ്രവേശിച്ചു. ആ കാലത്താണ് മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം വികിരണനിയമത്തെ മുന്നിര്ത്തി ആറ് പുറത്തിലുള്ള പ്രബന്ധം (പ്ലാങ്കിന്റെ നിയമവും പ്രകാശത്തിന്റെ ക്വാണ്ടവും) അദ്ദേഹം േേനര ആല്ബര്ട്ട് ഐന്‍സ്െറ്റെന് അയച്ചുകൊടുത്തത്. പ്രബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഐന്‍സ്െറ്റെന്തന്നെ സ്വയം അത് ജര്മന് ഭാഷയിലേക്ക് വിവര്ത്തനംചെയ്ത് പ്രസിദ്ധമായ ശാസ്ത്രജേണലില് പ്രസിദ്ധീകരിക്കുകയായിരുന്നു. ക്വാണ്ടം സ്റ്റാറ്റിസ്റ്റിക്‌സിന് അടിത്തറയിടുകയായിരുന്നു ബോസ്. തന്റെ പ്രബന്ധംേേനര ഐന്‍സ്െറ്റെനുതന്നെ അയച്ചുകൊടുക്കാന് ബോസിനെ പ്രേരിപ്പിച്ചത് എന്താകാം? തന്റെ അധ്യാപകനായ ജഗദീശ് ചന്ദ്രബോസിനെപ്പോലുള്ളവര്ക്ക് ലണ്ടനിലെ റോയല് ഇന്സ്റ്റിറ്റിയൂട്ടില്‌നിന്ന് നേരിട്ട അനുഭവമാകാം കാരണമെന്ന് ഇ.സി.ജി. സുദര്ശന് സൂചിപ്പിക്കുന്നുണ്ട്. ജഗദീശ് ചന്ദ്രബോസ് വൈദ്യുത കാന്തിക തരംഗങ്ങളുടെ പരീക്ഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്ക്ക് രൂപംകൊടുക്കുകയും റോയല് ഇന്സ്റ്റിറ്റിയൂട്ടിന് മുമ്പില് പ്രദര്ശിപ്പിക്കുകയും ചെയ്തിട്ടും മാര്‌ക്കോണിക്ക് മുന്ഗണന കിട്ടുകയും അദ്ദേഹത്തിന്‌ െനാേബല് സമ്മാനം ലഭിക്കുകയും ചെയ്തത് സുദര്ശന് എടുത്തുകാട്ടുന്നു.

സത്യേന്ദ്രനാഥബോസിനെ വ്യത്യസ്തനാക്കുന്നത് മാതൃഭാഷയോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ്. ബംഗാളിഭാഷ പഠനമാധ്യമമാക്കുന്നതിന് അദ്ദേഹം സര്വപ്രാധാന്യം നല്കി. പി.ജി. ക്ലാസുകളില് അദ്ദേഹം ബംഗാളി ഭാഷയിലാണ് ഭൗതികശാസ്ത്രം പഠിപ്പിച്ചത്. കല്ക്കത്ത സര്വകലാശാലയെക്കൊണ്ടും സര്ക്കാറിനെക്കൊണ്ടും ബംഗാളി പഠനമാധ്യമമായി അംഗീകരിപ്പിക്കാന് അക്കാലത്ത് അദ്ദേഹത്തിന് കഴിഞ്ഞു.

ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില് ഒരു സാംസ്‌കാരികഘടകംകൂടി ഉണ്ടായിരുന്നു. ശാസ്ത്രം സാര്വലൗകികമായിരിക്കെതന്നെ അതിലേക്കുള്ള വഴികള് പ്രാദേശികമായി ഭിന്നമാണെന്ന വീക്ഷണമാണ് അദ്ദേഹം സ്വീകരിച്ചത്. പ്രാദേശികമായ വസ്തുക്കളും പ്രാദേശികമായ സാങ്കേതികവിദ്യയും ഉപയോഗിച്ചുതന്നെ ഓരോ വിദ്യാര്ഥിയും സ്വന്തം പഠനോപകരണങ്ങളുണ്ടാക്കണമെന്ന കാര്യത്തില് അദ്ദേഹം നിര്ബന്ധംപിടിച്ചു. സര്വകലാശാലകള് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ വിപുലനമാകണം. സ്വന്തം പ്രദേശത്തും സ്വന്തം ഭാഷയിലും ഊന്നിയാണ് ഒരാള് ലോകപൗരനാകുന്നതും ലോകശാസ്ത്രജ്ഞനാകുന്നതും എന്നതിന്റെ ഉദാഹരണമാണ് ബോസ്.

ഇംഗ്ലീഷിനെ ഒന്നാംഭാഷാസ്ഥാനത്തുനിന്ന് പുറത്താക്കുക എന്ന പേരില് 1962ല് ഹൈദരബാദില് നടന്ന സമ്മേളനത്തില് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ തലക്കെട്ടുതന്നെ 'മാതൃഭാഷ' എന്നാണ്. ജപ്പാനിലെ ശാസ്ത്രപഠനരീതിയെക്കുറിച്ച് അദ്ദേഹം അതില് വിവരിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തില് തരിപ്പണമായ ജപ്പാനെ ലോകശക്തിയാക്കി മാറ്റിയതില് മാതൃഭാഷാ പഠനമാധ്യമത്തിന് പ്രധാന പങ്കുണ്ട്. 'ശാസ്ത്രവും ആധുനികയുഗവും' എന്ന പേരില് അവിടെ താന് പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനത്തിന്റെ മാധ്യമം തന്നെ ജാപ്പനീസ് ഭാഷയായിരുന്നു എന്ന കാര്യം അദ്ദേഹം എടുത്തുപറയുന്നു. സങ്കീര്ണമായ ജാപ്പനീസ് ലിപി പഠിക്കാന്തന്നെ ആറുവര്ഷം വേണം. എങ്കിലും ജപ്പാനിലെ ശാസ്ത്രവും തത്ത്വചിന്തയും പ്രകാശിപ്പിക്കപ്പെടുന്നത് ആ ഭാഷയിലാണ്.

മാതൃഭാഷയ്ക്കുവേണ്ടി വാദിച്ച സത്യേന്ദ്രനാഥബോസുമായി ലോക മാതൃഭാഷാദിനത്തിന് ബന്ധമുണ്ട്. ലോക മാതൃഭാഷാദിനത്തിലേക്ക് നയിച്ച ബംഗ്ലാദേശ് ഭാഷാസമരത്തിന്റെ ശില്പിയും മുന്നണിപ്പോരാളിയുമായി അറിയപ്പെടുന്ന അബുള് കാശെം (19201991) സത്യേന്ദ്രനാഥബോസിന്റെ ശിഷ്യനായിരുന്നു. കാശെമിന്റെ ബിരുദാനന്തര ബിരുദത്തിന്റെ മാര്ഗദര്ശിയും സത്യേന്ദ്രനാഥബോസായിരുന്നു.

വിഭജനത്തിന്റെ തൊട്ടുമുമ്പ് ധാക്ക സര്വകലാശാലയില്‌നിന്ന് സത്യേന്ദ്രനാഥബോസ് ഉദ്യോഗം വിട്ടുവരുമ്പോഴാണ് കാശെം 1946ല് അവിടെ ഭൗതികശാസ്ത്രത്തിന്റെ ലക്ചററായി ചേരുന്നത്. ബോസിനെപ്പോലെതന്നെ സര്വകലാശാലയില് കാശെമും ഭൗതികശാസ്ത്രം ബംഗാളി ഭാഷാമാധ്യമത്തിലാണ് പഠിപ്പിച്ചത്. പാകി സ്താനിലെ രാഷ്ട്രഭാഷ ബംഗ്ലായോ ഉറുദുവോ എന്ന പേരില് ആ വര്ഷംതന്നെ കാശെം പ്രസിദ്ധീകരിച്ച പുസ്തകമാണ് മാതൃഭാഷാവബോധത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില് വലിയ പങ്കുവഹിച്ചത്. ഭരണഭാഷയും കോടതിഭാഷയും വിദ്യാഭ്യാസ മാധ്യമവും മാതൃഭാഷയാകണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിനായി കര്മസമിതി രൂപവത്കരിച്ചു.

തുടര്ന്നുള്ള പ്രവര്ത്തനങ്ങളാണ് 1952 ഫിബ്രവരി 21ന് അനേകം പേരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ധാക്ക സര്വകലാശാലയിലെ വിദ്യാര്ഥിപ്രക്ഷോഭമായി വികസിച്ചത്. ബംഗാളിഭാഷയ്ക്കുവേണ്ടിയുള്ള മാതൃഭാഷാസ്‌നേഹികളുടെ ഈ രക്തസാക്ഷിത്വദിനമാണ് 2000 മുതല് ഐക്യരാഷ്ട്രസഭ ലോക മാതൃഭാഷാദിനമായി ആചരിക്കുന്നത്.

മാതൃഭാഷയില് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന ഒരു സര്വകലാശാല എന്ന സങ്കല്പം സത്യേന്ദ്രനാഥബോസ് മുന്നോട്ടുവെച്ചിരുന്നു. ഇതിനുള്ള നടപടികളെടുക്കാന് അദ്ദേഹം യു.ജി.സി.യോട് അഭ്യര്ഥിക്കുകയും ചെയ്തു. അദ്ദേഹം ഗുരുവായി കരുതിയ ആല്ബര്ട്ട് ഐന്‍സ്െറ്റെനാണ് ഹീബ്രു സര്വകലാശാലയ്ക്കുവേണ്ടി രംഗത്തിറങ്ങിയത് എന്നുകൂടി ഓര്ക്കാം. നിര്ഭാഗ്യവശാല് മാതൃഭാഷാ സര്വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം നമ്മുടെ നാട്ടില് സാഹിത്യലോകത്തുനിന്ന് മാത്രമാണ് ഉയര്ന്നുവന്നത്. അതിനാല്ത്തന്നെ നമ്മുടെ മലയാള സര്വകലാശാല ഭാഷാസാഹിത്യപണ്ഡിതരുടെ ഒരു ലോകം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.

ശാസ്ത്രപഠനത്തിനും ഗവേഷണത്തിനുമുതകുന്ന എത്ര വിഭാഗങ്ങള് മലയാള സര്വകലാശാലയിലുണ്ടെന്നും സാഹിത്യേതര ലോകത്തുനിന്ന് എത്ര പേര് മലയാള സര്വകലാശാലയുടെ നയരൂപവത്കരണ സമിതികളിലുണ്ടെന്നുമുള്ള ചോദ്യംകൂടി ലോക മാതൃഭാഷാദിനത്തില് നമുക്കുന്നയിക്കാം. ബംഗാളിയില് ശാസ്ത്രജ്ഞരുള്‌പ്പെടെ നേതൃത്വം കൊടുത്ത ഭാഷാസമരത്തിന്റെ ഓര്മ പുതുക്കല് കൂടിയാണല്ലോ ഫിബ്രവരി 21 . മാതൃഭാഷാഭിമാനിയായ ഒരു ശാസ്ത്രജ്ഞന് മലയാള സര്വകലാശാലയുടെ പടികടന്ന് ചെല്ലാന് ഇനിയും എത്ര മാതൃഭാഷാദിനങ്ങള്കൂടി കടന്നുപോകണം?

2014 ജനുവരി 18, ശനിയാഴ്‌ച

മാതൃഭാഷകള്‍ക്ക് ഒരു പ്രകടനപത്രിക - പി. പവിത്രന്‍

ഇന്ത്യയിലെ വിവിധ മാതൃഭാഷാസംഘടനകളുടെ കൂട്ടായ്മയായ ഭാരതീയ ഭാഷാപ്രസ്ഥാനം 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുമ്പാകെ വെക്കുന്ന പ്രകടനപത്രിക.
ഭാഷാപരമായ മനുഷ്യാവകാശം ഐക്യരാഷ്ട്രസഭ അംഗീകരിച്ച കാഴ്ചപ്പാടാണ്. ഭാഷാപരമായ വിവേചനം വര്‍ണവിവേചനം പോലെയും ലിംഗവിവേചനം പോലെയുമുള്ള മനുഷ്യത്വഹീനമായ നടപടിയായി ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ബഹുധ്രുവലോകം ബഹുഭാഷാപരം കൂടിയായിരിക്കുമെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഭരണഭാഷ ഭരിക്കുന്നവരുടെ ഭാഷയല്ല, ഭരിക്കപ്പെടുന്നവരുടെ ഭാഷയാണ് എന്നത് ജനാധിപത്യത്തിന്റെ ആദ്യപാഠമാണ്. 
ഭാഷ എന്നത് കേവലമായ ഒരു ഉപകരണമല്ല, അത് ചരിത്രപരവും സാമൂഹികവും സൗന്ദര്യാത്മകവുമായ ഒരു പ്രതിഭാസമാണ്. മാതൃഭാഷകളെ അംഗീകരിക്കുമ്പോള്‍ ഒരു ജനതയുടെ ചരിത്രപരവും സാമൂഹികവും സൗന്ദര്യാത്മകവുമായ അസ്തിത്വത്തെത്തന്നെയാണ് നാം അംഗീകരിക്കുന്നത്. 

ഇന്ത്യ ഒരു ഫെഡറല്‍സംവിധാനമാണ്. അഖിലേന്ത്യാതലത്തില്‍ സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷകള്‍ അംഗീകരിക്കപ്പെടാതിരിക്കുമ്പോള്‍ സ്വാഭാവികമായും ഇന്ത്യയുടെ അഖണ്ഡതയെയും ഏകതയെയും അത് ബാധിക്കും. ഇന്ത്യന്‍ യൂണിയന്‍ എന്ന സംവിധാനത്തില്‍ തങ്ങളുടെ ഭാഷയും സംസ്‌കാരവും നശിക്കുകയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ പ്രാദേശികതലത്തില്‍ നിഷേധാത്മക പ്രവണതകള്‍ ഉയര്‍ന്നുവരും. ഇത് ഇല്ലാതാകണമെങ്കില്‍ അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍തന്നെ ഇന്ത്യയിലെ മാതൃഭാഷകളെ സംരക്ഷിക്കുന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കേണ്ടതുണ്ട്. 
ബഹുഭാഷാനയത്തെ അംഗീകരിക്കാത്തിടത്തോളം ജനാധിപത്യം കേവലം സാങ്കേതികവും ഔപചാരികവും മാത്രമായിരിക്കും. ഒരു ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി മാതൃഭാഷയിലൂടെ മാത്രമാണ് കൈവരിക്കാനാകുക എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. പാരിസ്ഥിതികാവബോധവും മാതൃഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ഒരുവ്യക്തിയെ സംബന്ധിച്ചിടത്തോളം മാതൃഭാഷാപരിജ്ഞാനം സാമൂഹിക, സാംസ്‌കാരിക, സൗന്ദര്യാത്മക അവബോധത്തിന്റെ അടിത്തറയാണ്. ഒരു കുട്ടി മാതൃഭാഷയിലൂടെ തൊട്ടടുത്ത സമൂഹവുമായി നേടുന്ന ആഴത്തിലുള്ള ബന്ധമാണ് പില്‍ക്കാലത്ത് എല്ലാ തലങ്ങളിലുമുള്ള സാമൂഹികബന്ധങ്ങളെ നിര്‍മിക്കുന്നതിനുള്ള അടിസ്ഥാനപാഠമാകുന്നത്. ജനാധിപത്യപരമായ സമൂഹനിര്‍മാണത്തിനും രാഷ്ട്രനിര്‍മാണത്തിനും വ്യക്തികളുടെ മാതൃഭാഷാബോധനവും മാതൃഭാഷാവബോധവും അനിവാര്യമാണ്. 
ഭാഷാപരമായ വികേന്ദ്രീകരണമില്ലെങ്കില്‍ അധികാര വികേന്ദ്രീകരണം അര്‍ഥശൂന്യമായിരിക്കും. വിവരാവകാശനിയമം പോലുള്ള പുതിയ ജനാധിപത്യസംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ വിവരങ്ങള്‍ ജനതയ്ക്ക് ലഭിക്കുന്നത് മാതൃഭാഷയില്‍ത്തന്നെയായിരിക്കണം. 
ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ആദ്യത്തെ 35 ഭാഷകളില്‍ മൂന്നിലൊന്നും ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം പട്ടികയില്‍പ്പെട്ട ഭാഷകളാണ് എന്ന കാര്യം നാം മറന്നുപോകരുത്. പല യൂറോപ്യന്‍ ഭാഷകളേക്കാളും അധികം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷകളാണിവയെല്ലാം. 

യൂറോപ്യന്‍ യൂണിയനിലെ ഭാഷകളും ഇന്ത്യന്‍ ഭാഷകളും




ഇന്ത്യയിലെ ജനസംഖ്യ 121 കോടിയാണെങ്കില്‍ യൂറോപ്പിലെ ആകെ ജനസംഖ്യ 74 കോടി മാത്രമാണ്. യൂറോപ്യന്‍ യൂണിയന്‍ 24 ഭാഷകളെ ഔദ്യോഗികഭാഷകളായി അംഗീകരിച്ചിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച യൂറോപ്യന്‍ ഭാഷകളെയും ഇന്ത്യന്‍ ഭാഷകളെയും താരതമ്യം ചെയ്താല്‍ നമുക്ക് നമ്മുടെ മാതൃഭാഷകള്‍ അനുഭവിക്കുന്ന അവഗണന വ്യക്തമാകും.
ഗ്രീക്ക് ഭാഷ മാതൃഭാഷയായിട്ടുള്ളവര്‍ 1.2 കോടിയും ചെക്ക് ഭാഷ മാതൃഭാഷയായിട്ടുള്ളവര്‍ ഒരുകോടിയും സ്വീഡിഷ് മാതൃഭാഷയായിട്ടുള്ളവര്‍ 87 ലക്ഷവുമാണെന്ന് ഓര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് ലോകത്തിലുള്ള സ്ഥാനം വ്യക്തമാകും. 
ഒരൊറ്റ രാഷ്ട്രത്തിന് കീഴിലാണ് നില്‍ക്കുന്നത് എന്നതുകൊണ്ടുമാത്രം ഇന്ത്യന്‍ ഭാഷകള്‍ ഭരണ, വിദ്യാഭ്യാസ, വൈജ്ഞാനിക, നീതിന്യായ മേഖലകളില്‍ അവഗണിക്കപ്പെട്ടുകൂടാ. നമ്മുടെ രാഷ്ട്രീയമായ ഏകത നമ്മുടെ ഭാഷാവൈവിധ്യത്തെ മര്‍ദിച്ചൊതുക്കുന്നതിനും ഭാഷകളെ മുരടിപ്പിക്കുന്നതിനുമുള്ള കാരണമായിക്കൂടാ. നമ്മുടെ രാഷ്ട്രീയമായ ഐക്യം നമ്മുടെ രാജ്യത്തെ മാതൃഭാഷകള്‍ക്ക് ബാധ്യതയായി മാറുകയല്ല, സാധ്യതയായിത്തീരുകയാണ് വേണ്ടത്. 
ഇന്ത്യന്‍ യൂണിയന്‍ രണ്ട് ഭാഷകളെ മാത്രമാണ് ഔദ്യോഗികഭാഷകളായി അംഗീകരിച്ചിട്ടുള്ളത്. അതിലൊന്നാകട്ടെ ഇന്ത്യന്‍ ജനതയുടെ മാതൃഭാഷയുമല്ല. ഇന്ത്യയിലെ മിക്കഭാഷകളും യൂറോപ്യന്‍ ഭാഷകളെക്കാളേറെ ആളുകള്‍ മാതൃഭാഷയായി ഉപയോഗിക്കുമ്പോഴും തത്തുല്യമായ അംഗീകാരം ലഭിക്കുന്നില്ല എന്ന് വ്യക്തമാണ്. ഇന്ത്യയിലെ മാതൃഭാഷകള്‍ക്ക് അര്‍ഹമായ അംഗീകാരം എല്ലാതലത്തിലും ലഭിക്കേണ്ടതുണ്ട്. 
ഔദ്യോഗിക/ദേശീയഭാഷകളായി അംഗീകരിച്ച ഭാഷകളെ എല്ലാതലങ്ങളിലും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ജനാധിപത്യസംവിധാനം ആഴത്തില്‍ വേരോടിയ രാജ്യങ്ങളില്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്ന നയമാണ് എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.


ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:
ഭാഷാവൈവിധ്യത്തെ അംഗീകരിക്കുന്നതിന് നമ്മുടെ റിപ്പബ്ലിക്കിന് ഇനിയും സാധിച്ചിട്ടില്ല എന്നാണ് മേല്‍സൂചിപ്പിച്ച രാജ്യങ്ങളുമായുള്ള താരതമ്യം കാണിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഈ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ താഴെപറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു: 
1. ഭരണഘടനയിലെ എട്ടാംപട്ടികയില്‍പ്പെട്ടതും സംസ്ഥാനങ്ങളില്‍ ഔദ്യോഗികഭാഷാപദവിയുള്ളതുമായ എല്ലാ ഭാഷകളും ഇന്ത്യയുടെ ഔദ്യോഗികഭാഷകളാക്കുക.
2. അഖിലേന്ത്യാതലത്തിലുള്ള എല്ലാതരം തൊഴില്‍ പരീക്ഷകളുടെയും മാധ്യമമായി എട്ടാംപട്ടികയില്‍പ്പെട്ട മാതൃഭാഷകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക. 
3. അഖിലേന്ത്യാതലത്തിലുള്ള എല്ലാതരം പ്രവേശന പരീക്ഷകളിലും മാതൃഭാഷ മാധ്യമമായി അനുവദിക്കുക.
4. എല്ലാതരം തൊഴില്‍പരീക്ഷകളിലും മാതൃഭാഷാപരിജ്ഞാനം പരീക്ഷിക്കുന്നതിനുള്ള ചോദ്യപ്പേപ്പര്‍ നിര്‍ബന്ധമാക്കുക.
5. എല്ലാതരം പ്രവേശനപരീക്ഷകളിലും മാതൃഭാഷാപരിജ്ഞാനം പരിശോധിക്കുന്നതിനുള്ള ചോദ്യപ്പേപ്പര്‍ നിര്‍ബന്ധമാക്കുക.
6.സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍ക്ക് മാതൃഭാഷകള്‍ മാധ്യമമായി അനുവദിക്കുക. മാതൃഭാഷാപരിജ്ഞാനം പരീക്ഷിക്കുന്ന ചോദ്യപ്പേപ്പര്‍ ഉള്‍പ്പെടുത്തുക.
7. എല്ലാതരം ബാങ്കിങ് റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കും മാതൃഭാഷ മാധ്യമമായി അനുവദിക്കുക. മാതൃഭാഷാപരിജ്ഞാനം പരീക്ഷിക്കുന്ന ചോദ്യപേപ്പര്‍ ഉള്‍പ്പെടുത്തുക.
8. ഇന്ത്യന്‍ മിലിറ്ററി അക്കാദമി, നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശനപരീക്ഷകളില്‍ തദ്ദേശീയഭാഷ മാധ്യമമായി ഉപയോഗിക്കാന്‍ അനുവദിക്കുക. 
9. വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന മട്ടില്‍ എട്ടാംതരം വരെ തദ്ദേശീയഭാഷകള്‍ തന്നെ നിര്‍ബന്ധമായും പഠനമാധ്യമമാക്കുക. 
10. സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പ്രാദേശിക ഭാഷകള്‍ പഠനമാധ്യമമായി അംഗീകരിക്കുക. 
11. കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠനമാധ്യമമായി പ്രാദേശിക ഭാഷകള്‍ അംഗീകരിക്കുക.
12. ഐ.സി.എസ്.ഇ. വിദ്യാലയങ്ങളിലെ പഠനമാധ്യമമായി എട്ടാംപട്ടികയിലുള്ള ഭാഷകള്‍ അംഗീകരിക്കുക.
13. എല്ലാതരം വിദ്യാലയങ്ങളിലും ഹയര്‍സെക്കന്‍ഡറി തലംവരെ ഒന്നാംഭാഷയായി പ്രാദേശികതലത്തിലുള്ള മാതൃഭാഷ നിര്‍ബന്ധമായി പഠിപ്പിക്കുക. ഇംഗ്ലീഷ് രണ്ടാംഭാഷയായി നിലനിര്‍ത്തുക. 
14. യു.ജി.സി.-ജെ.ആര്‍.എഫ്. പരീക്ഷകള്‍ക്ക് മാധ്യമമായി മാതൃഭാഷകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക.
15. എല്ലാ സര്‍വകലാശാലകളിലും ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠനമാധ്യമമായും പരീക്ഷാമാധ്യമമായും മാതൃഭാഷകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക.
16. പിഎച്ച്.ഡി. ഉള്‍പ്പെടെ എല്ലാതരം ഗവേഷണപ്രബന്ധങ്ങളും തദ്ദേശീയ ഭാഷകളില്‍ സമര്‍പ്പിക്കാനുള്ള അനുമതി നല്‍കുക. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ പൊതുസമൂഹത്തിനും താഴെത്തട്ടിലുള്ള വിദ്യാഭ്യാസ സംവിധാനത്തിലുമെത്തണമെങ്കില്‍ ഇത് അനിവാര്യമാണ്. മേലെനിന്നുള്ള കണ്ടെത്തലുകള്‍ താഴേക്കും താഴെയുള്ള വിവരങ്ങള്‍ മേലേക്കും എത്തിച്ചേരുന്ന മട്ടില്‍ പ്രാഥമിക, ദ്വിതീയ, ഉന്നത തലങ്ങളെ ആകെ ബന്ധിപ്പിക്കുന്ന വിജ്ഞാനവിനിമയചക്രം അപ്പോഴേ പൂര്‍ത്തിയാകുന്നുള്ളൂ. ഔപചാരിക പഠനഗവേഷണങ്ങളുടെ ഫലങ്ങള്‍ അതിനുപുറത്തുള്ള വിഭാഗങ്ങള്‍ക്കും അപ്പോഴാണ് ലഭ്യമാകുക. വിവരവിനിമയത്തെ ഇത് ജനകീയമായ ഒരു പ്രക്രിയയാക്കുന്നു.
17. കേന്ദ്രസര്‍വകലാശാലകളിലും ഐ.ഐ.ടി.കളിലും ഇന്ത്യന്‍ ഭാഷാവിഭാഗങ്ങള്‍ തുടങ്ങുക. എല്ലാ കേന്ദ്രസര്‍വകലാശാലയിലും തദ്ദേശീയ ഭാഷാപഠനവിഭാഗം ആരംഭിക്കുക.
18. ഓരോ സംസ്ഥാനത്തും ഇന്ത്യയിലെ പ്രമുഖ മാതൃഭാഷകളെല്ലാം പഠിപ്പിക്കുന്ന ഒരു പഠനകേന്ദ്രം സ്ഥാപിക്കുക. ഇന്ത്യയിലെ വിവിധ ഭാഷകളിലെ ജനങ്ങള്‍ തമ്മിലുള്ള ഭാഷാപരവും സാംസ്‌കാരികവുമായ വിനിമയത്തിനുള്ള വേദിയാകണം ഇത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന തൊഴിലന്വേഷകരെയും തൊഴിലാളികളെയും ഭാഷാപരമായി സഹായിക്കാന്‍ ഈ കേന്ദ്രത്തിന് കഴിയണം. 
19. മാതൃഭാഷയില്‍ ഉന്നതവിദ്യാഭ്യാസത്തിന് പാഠപുസ്തകങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രത്യേകസംവിധാനവും ഫണ്ടും അനുവദിക്കുക.
20. വിദ്യാഭ്യാസം സംസ്ഥാനലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. 
21. 60 ശതമാനം ജനങ്ങള്‍ ഒരു സംസ്ഥാനത്ത് മാതൃഭാഷയായി ഉപയോഗിക്കുന്ന ഭാഷ ആ സംസ്ഥാനത്തെ ഹൈക്കോടതിയിലെ എല്ലാതരം നടപടികള്‍ക്കുമുള്ള മാധ്യമമായി അംഗീകരിക്കുക. ഭരണഘടനയിലെ 348-ാം അനുച്ഛേദത്തില്‍ ഇതിനുവേണ്ട ഭേദഗതി വരുത്തുക. ന്യൂനപക്ഷവിഭാഗങ്ങളുടെ ഭാഷാപരമായ അവകാശം സംരക്ഷിച്ചുകൊണ്ട് ഇത് നിര്‍വഹിക്കുക. 
22. സുപ്രീംകോടതി വിധികളുടെ പകര്‍പ്പ് കക്ഷികള്‍ക്ക് മാതൃഭാഷയില്‍ നല്‍കുക. കക്ഷികള്‍ക്ക് മാതൃഭാഷ ഉപയോഗിക്കാനുള്ള അനുവാദം നല്‍കുക. 
23. ആദിവാസികള്‍ക്ക് അവരുടെ മാതൃഭാഷാമാധ്യമത്തില്‍ പ്രാഥമികതലത്തിലുള്ള വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനമുണ്ടാക്കുക. ആദിവാസിഭാഷകളെ അത്തരം സ്ഥലങ്ങളിലെ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. 
24. പ്രത്യേക സാമ്പത്തികമേഖലകളില്‍ എല്ലാതരം ഇടപാടുകള്‍ക്കും പ്രാദേശികഭാഷകള്‍ ഉപയോഗിക്കുക. പേര് പലകകള്‍, രശീതികള്‍, വിനിമയങ്ങള്‍ എല്ലാറ്റിനും പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുക.
25. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ വിവരങ്ങളും എട്ടാംപട്ടികയില്‍പ്പെട്ട എല്ലാഭാഷകളിലും ലഭിക്കാനുള്ള സംവിധാനമുണ്ടാക്കുക.
26. എട്ടാംപട്ടികയില്‍പ്പെട്ട ഭാഷകള്‍ തമ്മിലുള്ള ഓണ്‍ലൈന്‍ വിവര്‍ത്തനത്തിന് വഴിയൊരുക്കുക. ഏതെങ്കിലും ഭാഷയില്‍ വളരുകയും പരിശീലനം ലഭിക്കുകയും ചെയ്ത ഏതൊരാള്‍ക്കും സ്വന്തം ഭാഷയില്‍ത്തന്നെ മറ്റുഭാഷകളിലുള്ള അറിവുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടാകുക എന്നതാണ് വിശാലമായ ലക്ഷ്യമാകേണ്ടത്. ഭാഷകള്‍ തമ്മില്‍ വിവരങ്ങള്‍ വിനിമയം ചെയ്യാനും പങ്കിടാനും കഴിയുന്ന അവസ്ഥ സൃഷ്ടിക്കലാകണം ലക്ഷ്യം. വിവരസാങ്കേതികവിദ്യയുടെ വിവിധ ഘടകങ്ങളിലെല്ലാമുള്ള ഭാഷാപ്രക്രിയയില്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉപയോഗിക്കണം. ഇന്ത്യന്‍ ഭാഷകളെ വികസിപ്പിക്കുന്നതിനുതകുമാറ് സ്വതന്ത്ര സോഫ്റ്റ് വേറിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ അടിയന്തരപദ്ധതി രൂപവത്കരിക്കണം. 

2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച

ഭാഷാന്യൂനപക്ഷങ്ങളും മലയാളവും - പി. പവിത്രന്‍

മലയാളം പഠിക്കാതെ കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ നിശ്ചിത കാലയളവിനുള്ളില്‍ മലയാളത്തിലെ ഒരു പരീക്ഷ പാസായിരിക്കണമെന്ന പി.എസ്.സി.യുടെ നിര്‍ദേശം ന്യൂനപക്ഷ വിരുദ്ധമാണെന്ന വാദം തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടായതാണ്. യഥാര്‍ഥത്തില്‍ 1956 നവംബര്‍ ഒന്നിന് സംസ്ഥാനം രൂപവത്കരിച്ച ഘട്ടം മുതല്‍ ഭാഷാന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍നിന്ന സംസ്ഥാനമാണ് കേരളം.

മാതൃഭാഷ പഠനമാധ്യമമായും ഭരണപരമായ എഴുത്തുകുത്തുകള്‍ക്കും ഉപയോഗിക്കാനുള്ള ജനങ്ങളുടെ അവകാശം ഭരണഘടന സംരക്ഷിക്കുന്നുണ്ട്. ഒരു സംസ്ഥാനത്ത് പ്രബലഭാഷാവിഭാഗത്തില്‍നിന്ന് വ്യത്യസ്തമായ മാതൃഭാഷ ഉപയോഗിക്കുന്നവരാണ് ഭാഷാന്യൂനപക്ഷങ്ങള്‍. അവര്‍ക്ക് മാതൃഭാഷ പ്രാഥമിക വിദ്യാഭ്യാസഘട്ടത്തിലെ മാധ്യമമെന്ന നിലയിലും സര്‍ക്കാറുമായുള്ള വിനിമയങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അവകാശമുണ്ട് എന്നത് ഭരണഘടന പ്രത്യേകം എടുത്തുപറയുന്നു. ഭൂരിപക്ഷത്തിന്റെ ഭാഷ സ്വാഭാവികമായും ഭരണഭാഷയും പഠനമാധ്യമവുമാകും എന്ന സങ്കല്പത്തിലാണ് ഇക്കാര്യംമാത്രം ഭരണഘടന പ്രത്യേകം ഊന്നുന്നത്.

ഭരണഘടനയുടെ എട്ടാംപട്ടികയില്‍ കൊടുത്തിരിക്കുന്ന ഭാഷകളില്‍പ്പെട്ട തമിഴും കന്നഡയും കേരളത്തില്‍ ഇത്തരത്തില്‍ ന്യൂനപക്ഷഭാഷാപദവി കൈയാളുന്നുണ്ട്. ഒരു മുനിസിപ്പല്‍ ടൗണിലോ അതല്ലാത്ത പ്രദേശത്തോ 15 ശതമാനം ആളുകള്‍ വ്യത്യസ്തമായ മാതൃഭാഷ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ പ്രദേശത്തെ ഭാഷാന്യൂനപക്ഷ പ്രദേശമായി കണക്കാക്കണമെന്നാണ് നിലവിലുള്ള നിയമം. ഒരു വ്യക്തിയുടെയോ കുറച്ച് വ്യക്തികളുടെയോ അല്ല, ഒരു പ്രാദേശിക സമൂഹത്തിന്റെ ഭാഷ എന്ന പദവി കൈയാളുന്നുണ്ടെങ്കില്‍ മാത്രമാണ് അതിന് ന്യൂനപക്ഷഭാഷാപദവി ലഭിക്കുന്നത്. ഈ നിലപാട് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഷകളുടെ കാര്യത്തിലേക്ക് ഇനിയും വികസിക്കേണ്ടതുണ്ടെന്നുമാത്രം.

ഈ നിലയിലാണ് കാസര്‍കോട്, തിരുവനന്തപുരം, പാലക്കാട്, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളെ ഭാഷാന്യൂനപക്ഷമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട്ട് കന്നഡയും മറ്റുജില്ലകളില്‍ തമിഴുമാണ് ന്യൂനപക്ഷപദവിയിലുള്ളത്. അവിടെ എല്ലാതരം ഭരണനടപടികള്‍ക്കും മലയാളത്തിനുപുറമേ അതത് ഭാഷകള്‍കൂടി ഉപയോഗിക്കണം എന്നുണ്ട്. ന്യൂനപക്ഷഭാഷയില്‍ നല്‍കുന്ന എഴുത്തുകള്‍ക്ക് ആ ഭാഷയില്‍ത്തന്നെ മറുപടിനല്‍കണം. മലയാളത്തിലുള്ള ഫോറങ്ങള്‍ ഇവിടങ്ങളില്‍ ന്യൂനപക്ഷഭാഷകളില്‍ക്കൂടി അച്ചടിക്കണം. തിരഞ്ഞെടുപ്പുപട്ടികയും റേഷന്‍കാര്‍ഡും അനുബന്ധരേഖകളും ആ ഭാഷയില്‍ക്കൂടി തയ്യാറാക്കണം. കോടതികളില്‍ ന്യൂനപക്ഷഭാഷയില്‍ രേഖകള്‍ ഫയല്‍ചെയ്യാന്‍ അനുവദിക്കണം. അത്തരം പ്രദേശങ്ങളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ കഴിയുന്നിടത്തോളം ആ ഭാഷ അറിയുന്നവരാകണം. നാഴികക്കല്ലുകളും സ്ഥലനാമങ്ങളും ആ ഭാഷയില്‍ക്കൂടി കൊടുത്തിരിക്കണം. തമിഴ്, കന്നഡ ഭാഷകള്‍ മാധ്യമമായെടുത്ത് പഠിക്കാനുള്ള അവകാശവും ഈ പ്രദേശത്തുണ്ട്. ഈ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍മുതല്‍ കോളേജുകള്‍വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അഞ്ചുശതമാനം സീറ്റും സംവരണംചെയ്തിട്ടുണ്ട്.

ഒരു പ്രാദേശികസമൂഹമെന്ന നിലയിലുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ നിലനില്പിനെ അംഗീകരിച്ചുകൊണ്ടുതന്നെ മലയാളം വിദ്യാഭ്യാസത്തിലും ഭരണത്തിലും ഉപയോഗിക്കേണ്ടതിനുള്ള പരിശീലനവും കേരളസര്‍ക്കാര്‍ അനുശാസിക്കുന്നുണ്ട്. അത് രണ്ടുവിധത്തിലാണ്.

1. സ്‌കൂളില്‍ ഒന്നാം ഭാഷയെന്നനിലയില്‍ അവരുടെ മാതൃഭാഷ തിരഞ്ഞെടുക്കുന്ന ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ അതിലെ രണ്ടാംപേപ്പറില്‍ രണ്ടുപിരീഡ് മലയാളംകൂടി പഠിക്കണം. ഒന്നാം ക്ലാസുമുതല്‍ നാലാം ക്ലാസുവരെ പൂര്‍ണമായും അവരുടെ മാതൃഭാഷതന്നെ പഠിച്ച് അഞ്ചാംക്ലാസുമുതല്‍മാത്രമേ ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മലയാളം ഒരുപേപ്പര്‍ പഠിക്കേണ്ടതുള്ളൂ
( 1983-ലെ ഉത്തരവ്).

2. പി.എസ്.സി.വഴി നിയമനംകിട്ടുന്ന ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ടവര്‍ ഉദ്യോഗംകിട്ടിയാല്‍ പ്രൊബേഷനുമുമ്പ് നാലുവര്‍ഷത്തിനുള്ളില്‍ ഒരുമലയാളം പരീക്ഷ പാസാകണം ( 1966-ലെ ഉത്തരവ്). ഇത് പിന്നീട് പത്തുവര്‍ഷമായി ഇളവുചെയ്തു. അതിന്റെ പാഠ്യപദ്ധതിയും വളരെ ലഘൂകരിച്ചു. പി.എസ്.സി. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഈ പരീക്ഷ നടത്തിപ്പോന്നിട്ടുണ്ട്. സമാനമായ പരീക്ഷകള്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമുണ്ട്. അന്യസംസ്ഥാനക്കാരായ ഐ.എ.എസ്., ഐ.പി.എസ്. കാര്‍ക്കും ഇത് ബാധകമാണ്.

വിദ്യാഭ്യാസത്തില്‍ മാധ്യമമെന്നനിലയിലും ഒരു വിഷയമെന്നനിലയിലും ന്യൂനപക്ഷഭാഷകളെ അംഗീകരിക്കുന്നുണ്ടെന്ന് ഈ ഉത്തരവുകള്‍ വ്യക്തമാക്കുന്നു. ഭാഷാന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അവരുടെ മാതൃഭാഷ കഴിഞ്ഞിട്ടേ മലയാളം പഠിക്കേണ്ടതുള്ളൂ എന്നും ഈ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് അടിവരയിടുന്നതാണ് പി.എസ്.സി. പരീക്ഷയുടെ മാധ്യമം ഏതായിരിക്കണമെന്ന കാര്യവും. പി.എസ്.സി. മലയാളത്തില്‍ എപ്പോഴെല്ലാം പരീക്ഷകള്‍ നടത്തുന്നുണ്ടോ അപ്പോഴെല്ലാം തമിഴ്, കന്നഡ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ എഴുതാനുള്ള അവസരവും നല്‍കണമെന്ന് 1965-ല്‍ത്തന്നെ ഉത്തരവ് നിലവിലുണ്ട്. മലയാളമല്ല, മാതൃഭാഷയാണ് പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സാമൂഹികപദവിയുള്ള സ്വന്തം മാതൃഭാഷയോട് കൂറുള്ളവര്‍ക്കേ ഉദ്യോഗത്തിലിരുന്നാലും സാമൂഹികബോധമുണ്ടാകൂ എന്നനിലപാടാണ് ഇതിലടങ്ങിയിട്ടുള്ളത്.

യഥാര്‍ഥത്തില്‍ പുതിയ നിര്‍ദേശം ഭാഷാന്യൂനപക്ഷങ്ങളെ ബാധിക്കുന്നതല്ല. അവര്‍ക്ക് ഇപ്പോഴുള്ള പത്തുവര്‍ഷത്തെ കാലയളവിനുള്ളില്‍ത്തന്നെ മലയാളം ഒരുപേപ്പര്‍ എഴുതിയെടുത്താല്‍മതി. പുതിയനിര്‍ദേശം മലയാളം മാതൃഭാഷയായിട്ടുള്ളവരെയാണ് ലക്ഷ്യംവെക്കുന്നത്. 96 ശതമാനത്തിലേറെവരുന്ന മലയാളികളില്‍ ഒരുവിഭാഗംതന്നെ മലയാളം പഠിക്കാതിരിക്കുന്നതിനെതിരെയാണ് ആ നിര്‍ദേശം. ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ആ നിര്‍ദേശത്തിലുള്ളത്.

എന്നാല്‍, ഇതിനിടയില്‍ പി.എസ്.സി.ക്ക് ഒരു അബദ്ധം പറ്റി. ആ അബദ്ധവും ഈ നിര്‍ദേശവും കൂടിക്കുഴഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. പി.എസ്.സി. പരീക്ഷയ്ക്ക് മലയാളത്തില്‍ ഒരുപേപ്പര്‍ ഉണ്ടാകുമ്പോള്‍ കന്നഡ/തമിഴ് ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അത് കന്നഡയിലോ തമിഴിലോ എഴുതാമെന്നുള്ളത് നിലവിലുള്ള നിയമമാണ്. തമിഴോ കന്നഡയോ ആണ് ഈ പരീക്ഷയില്‍ സ്വീകരിക്കുന്നതെങ്കില്‍ അവര്‍ ജോലിയില്‍പ്രവേശിച്ചാല്‍ നിശ്ചിതകാലയളവിനുള്ളില്‍ (ഇപ്പോള്‍ പത്തുവര്‍ഷം) മലയാളത്തില്‍ നേരത്തേ സൂചിപ്പിച്ച പരീക്ഷ പാസാകണം എന്നേയുള്ളൂ. ജോലിയില്‍ പ്രവേശിച്ചാല്‍മാത്രമേ ഇത് വേണ്ടൂ. അതിനര്‍ഥം കന്നഡയോ തമിഴോ മാതൃഭാഷയായിട്ടുള്ളവര്‍ക്ക് മലയാളം തീരേ അറിയില്ലെങ്കിലും പി.എസ്.സി. പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാം എന്നാണ്.

എന്നാല്‍, ഇപ്രാവശ്യം പി.എസ്.സി. ആ പരീക്ഷയുടെ കാര്യത്തില്‍ ഒരുവീഴ്ച കാണിച്ചു. ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്ന പരീക്ഷയ്ക്കുതന്നെ മലയാളപരിജ്ഞാനം ഭാഷാന്യൂനപക്ഷങ്ങള്‍ക്കുവേണം എന്നമട്ടില്‍ മലയാള ചോദ്യങ്ങള്‍ നിര്‍ബന്ധമാക്കി. ആ പരീക്ഷ പൂര്‍ണമായും മലയാളത്തില്‍ത്തന്നെ എഴുതണമെന്ന നിര്‍ദേശം കൊടുത്തു. മലയാളചോദ്യങ്ങള്‍ക്കുപകരം തിരഞ്ഞെടുക്കാന്‍ തമിഴ്/കന്നഡ ചോദ്യങ്ങള്‍ കൊടുത്തതേയില്ല. അതോടെ ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ഥികളും മലയാളത്തില്‍ ഉത്തരമെഴുതാന്‍ ബാധ്യതപ്പെട്ടു. ഇതാണ് രണ്ടുമാസം മുമ്പ് കാസര്‍കോട്ട് പി.എസ്.സി. പരീക്ഷ തടസ്സപ്പെടുത്തുന്നനിലയില്‍ കാര്യങ്ങളെത്തിച്ചത്. പി.എസ്.സി.യുടെ നിര്‍ദേശവും പി.എസ്.സി. പരീക്ഷയിലെ പാകപ്പിഴയും കൂടിക്കുഴയുകയും പരസ്​പരം തെറ്റിദ്ധരിക്കുകയും ചെയ്തപ്പോഴാണ് എളുപ്പത്തില്‍ സര്‍ക്കാറിന് മലയാളം മലയാളിക്ക് നിര്‍ബന്ധമാക്കുന്ന പി.എസ്.സി.യുടെ നിര്‍ദേശം പിന്‍വലിക്കാന്‍ കഴിഞ്ഞത്.

ഇത് നിഷ്‌കളങ്കമായ ഒരു തെറ്റിദ്ധാരണയല്ല, ഇംഗ്ലീഷ് മീഡിയത്തിന് പിന്നാലെപ്പോകുന്ന മധ്യവര്‍ഗ മനസ്സിന്റെ വ്യഗ്രതയില്‍നിന്നും മാതൃഭാഷാവിരോധത്തില്‍നിന്നുമാണ് ഈ തെറ്റിദ്ധാരണ രൂപപ്പെട്ടത്. അത് ഉദ്യോഗസ്ഥ-സര്‍ക്കാര്‍ തലങ്ങളില്‍ പ്രതിഫലിച്ചെന്നുമാത്രം.

മലയാളത്തിന്റെ ശത്രു തമിഴോ കന്നഡയോ അല്ല. മലയാളത്തിന്റെയും തമിഴിന്റെയും കന്നഡയുടെയും പൊതുശത്രു ഇംഗ്ലീഷ് മീഡിയം ലോബിയാണ്. ഇംഗ്ലീഷ്ഭാഷപോലുമല്ല. ഇംഗ്ലണ്ടിലും അമേരിക്കയിലും തങ്ങളുടെ മാതൃഭാഷയായ ഇംഗ്ലീഷ് അഭിമാന
പൂര്‍വം ഉപയോഗിക്കുന്ന തന്റേടികളുടെ ഇംഗ്ലീഷ് ഭാഷാപ്രേമമല്ല, മാതൃഭാഷ കൈയൊഴിഞ്ഞ് പകരം അന്യഭാഷ സ്വീകരിക്കുന്ന ഭീരുക്കളായ നമ്മുടെ നാട്ടുകാരുടെ ഇംഗ്ലീഷ് ഭ്രമം. (പ്രേമവും ഭ്രമവും രണ്ടാണെന്നോര്‍ക്കുക). മാതൃഭാഷ നഷ്ടപ്പെടാതെ ഇംഗ്ലീഷ് പഠിക്കാനുള്ള സംവിധാനങ്ങള്‍ മലയാളമോ തമിഴോ കന്നഡയോ മാതൃഭാഷയായ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കുണ്ട്. അതുകൊണ്ട് പി.എസ്.സി.യുടെ മാതൃഭാഷ നിര്‍ബന്ധമാക്കുന്ന നിര്‍ദേശം പിന്‍വലിച്ചത് മലയാളത്തിനുമാത്രമല്ല, കന്നഡയിലെയും തമിഴിലെയും മാതൃഭാഷാഭിമാനികള്‍ക്ക് (എന്തിന് ഇംഗ്ലണ്ടില്‍ ഇംഗ്ലീഷിനെ സ്‌നേഹിക്കുന്ന മാതൃഭാഷാഭിമാനികള്‍ക്കും) നേരേയുമുള്ള വെല്ലുവിളിയാണ്.

മലയാളം മാതൃഭാഷയായ വിദ്യാര്‍ഥികളെ മലയാളം പഠിപ്പിക്കാതിരിക്കാനുള്ള സി.ബി.എസ്.ഇ.-അണ്‍ എയ്ഡഡ്-ഇംഗ്ലീഷ് മീഡിയം ലോബിയുടെ ജനാധിപത്യവിരുദ്ധമായ നിലപാടിന് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിക്കുകയാണ് ഇപ്പോള്‍ യഥാര്‍ഥത്തില്‍ ചെയ്തിരിക്കുന്നത്. കേരളത്തിലായാലും കര്‍ണാടകത്തിലായാലും തമിഴ്‌നാട്ടിലായാലും മാതൃഭാഷാനുകൂല നിയമങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുന്നത് മാതൃഭാഷാഭിമാനികളല്ല. പകരം, ഇംഗ്ലീഷ് മാധ്യമലോബിയാണ്. ഇന്ത്യന്‍ഭാഷകള്‍ക്കുമേലുള്ള ഈ കടന്നുകയറ്റത്തെ ചെറുക്കാന്‍ ഇന്ത്യന്‍ഭാഷകളെ സ്‌നേഹിക്കുന്നവരുടെ ദേശീയമായ കൂട്ടായ്മ ആവശ്യമായിരിക്കുന്നു.

2013 മേയ് 6, തിങ്കളാഴ്‌ച

ഡോക്ടര്‍മാരുടെ രോഗം - പി. പവിത്രന്‍



ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ ഹിപ്പോക്രസിയാകാതിരിക്കണമെങ്കില്‍
ആ മൂല്യങ്ങള്‍ സൗന്ദര്യാത്മകതലത്തില്‍ വിദ്യാര്‍ഥിയിലേക്ക് വിനിമയം ചെയ്യപ്പെടണം



''തുല്യയോഗ്യതയുള്ള രണ്ട് ഡോക്ടര്‍മാരില്‍ ആരുടെ ഉപദേശമാണ് സ്വീകരിക്കേണ്ടത് എന്ന പ്രശ്‌നംവരുമ്പോള്‍ ഞാന്‍ അതില്‍ ചെക്കോവിനെ വായിച്ചയാളുടേതാണ് സ്വീകരിക്കുക'' - സൈമണ്‍ ലീസ്
ഇക്കഴിഞ്ഞ, അസിസ്റ്റന്റ് സര്‍ജന്‍മാരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ പങ്കെടുത്തവര്‍ക്ക് സാമാന്യവിജ്ഞാനമില്ലെന്ന്കാണിച്ച് പി.എസ്.സി. ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് ശ്രദ്ധേയമായ ചില വസ്തുതകളിലേക്ക് വിരല്‍ചൂണ്ടുന്നു. അടിയന്തരമായ ചില നടപടികളും അത് ആവശ്യപ്പെടുന്നു.

മുമ്പ് ഭൂത, പ്രേത, പിശാചുക്കളാണ് അന്ധവിശ്വാസങ്ങളായിരുന്നതെങ്കില്‍ ഇപ്പോള്‍ മധ്യവര്‍ഗത്തെയും ഉപരിവര്‍ഗത്തെയും ബാധിച്ചിരിക്കുന്ന അന്ധവിശ്വാസമാണ് മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്‌സുകള്‍. വിദ്യാര്‍ഥിയുടെ താത്പര്യമേതും നോക്കാതെയാണ് ഈ കോഴ്‌സുകളിലേക്ക് രക്ഷിതാക്കള്‍ മക്കളെ തള്ളിവിടുന്നത്. സാധാരണ മലയാളിയേക്കാള്‍ സാമൂഹികബോധത്തില്‍ വളരെ താഴെയാണ് ഈ കോഴ്‌സുകളില്‍നിന്ന് പുറത്തുവരുന്നവര്‍ എന്നാണ് ചെയര്‍മാന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൊതുവിജ്ഞാന പരീക്ഷ നടത്തിയാല്‍മാത്രം ഈ കുറവ് പരിഹരിക്കാന്‍ കഴിയുമോ?
നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അടിസ്ഥാനപരമായ കുറവുകളെ ഇത് എടുത്തുകാട്ടുന്നു. മാതൃഭാഷയില്‍ എഴുതാനോ വായിക്കാനോ അറിയാത്ത ആളുകളെയാണ് ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളില്‍ പലതും പുറത്തുവിടുന്നത്. മലയാളത്തില്‍ ഒരു പത്രമോ പുസ്തകമോ വായിക്കാന്‍ കഴിയാത്ത ബിരുദധാരിക്ക് എങ്ങനെ കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാകും? ഏതൊരു തൊഴിലിനേക്കാളും ഭാഷ പ്രധാനമാകുന്ന മേഖലയാണ് വൈദ്യത്തിന്റേത്. രോഗിയുടെ ഭാഷ ഡോക്ടര്‍ അറിയുന്നില്ലെങ്കില്‍ ചികിത്സ തെറ്റുമെന്നുമാത്രമല്ല, അപകടവും വരുത്തിവെക്കും. 'ഓക്കാനം' എന്ന വാക്കിന്റെ അര്‍ഥമറിയാത്ത ഡോക്ടര്‍ അത് വയറുവേദനയാണെന്ന് ധരിച്ച് മരുന്ന് എഴുതിക്കൊടുത്തതുകൊണ്ട് അനേകം സ്ത്രീകളുടെ ഗര്‍ഭം അലസിയതായി ഐക്യമലയാള പ്രസ്ഥാനത്തിന്റെ ഒരു പ്രവര്‍ത്തകന്‍ ഈയിടെ പ്രസംഗിക്കുന്നത് കേട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസംതന്നെ മാതൃഭാഷയിലാക്കണമെന്നാണ് പല വിദഗ്ധരും വാദിക്കുന്നത്. എട്ടാംതരംവരെയെങ്കിലും മാതൃഭാഷയായിരിക്കണം വിദ്യാഭ്യാസമാധ്യമം എന്ന് ഈയിടെ അംഗീകരിച്ച വിദ്യാഭ്യാസ അവകാശനിയമം പറയുന്നുണ്ട്. പക്ഷേ, അതൊന്നും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല.



വിദ്യാഭ്യാസമാധ്യമത്തെ സംബന്ധിച്ച കാര്യങ്ങള്‍പോലെത്തന്നെ പ്രധാനമാണ് സാഹിത്യമുള്‍പ്പെടെയുള്ള മാനവിക പഠനമേഖലയോട് കാണിക്കുന്ന അവഗണന. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ബിരുദപഠനത്തില്‍നിന്ന് സാഹിത്യപഠനം മിക്കവാറും ഒഴിവാക്കിയത്. സാഹിത്യ-സാംസ്‌കാരിക മേഖലയില്‍ നിന്ന് ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍വകലാശാലയിലെ ബിരുദകോഴ്‌സുകളില്‍ ഇനിയും സാഹിത്യം തിരിച്ചുവന്നിട്ടില്ല. ഇത് സര്‍വകലാശാലയിലെ സാധാരണ കോഴ്‌സുകളുടെ സ്ഥിതി. പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലാകട്ടെ, സാഹിത്യപഠനമേയില്ല. ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളിലൂടെ മലയാളം എഴുതാനും വായിക്കാനും അറിയാതെ പുറത്തുവരുന്ന, ഒരു മലയാളസാഹിത്യകൃതി പോലും വായിച്ചിട്ടില്ലാത്ത വിദ്യാര്‍ഥിക്കുള്ള കുറവ് സാമാന്യവിജ്ഞാനത്തിന്റേത് മാത്രമല്ല, സൗന്ദര്യബോധത്തിന്റേതുകൂടിയാണ്.
സാഹിത്യബോധമുണ്ടാകാന്‍ സാഹിത്യം ഒരു കോഴ്‌സായി പഠിക്കണോ എന്ന് പലരും ചോദിക്കുന്നുണ്ട്. സാഹിത്യം ക്ലാസ്മുറിയിലിരുന്ന് പഠിക്കാതെയും സാഹിത്യബോധമുണ്ടാകാം എന്നത് ശരിതന്നെയാണ്. എന്നാല്‍, ഈ വാദം ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും കൂടി ബാധകമാണെന്നോര്‍ക്കണം. നൂറുകണക്കിന് ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ നടത്തിയ എഡിസണ്‍ ആറുമാസം തികച്ച് സ്‌കൂളില്‍ പോയിട്ടില്ല എന്ന ഉദാഹരണം ചൂണ്ടിക്കാട്ടി സ്‌കൂളുകളിലോ കോളേജുകളിലോ ശാസ്ത്രമേ പഠിപ്പിക്കേണ്ടതില്ലെന്ന് ആരും വാദിക്കാറില്ലല്ലോ.

സാഹിത്യത്തിനും കലയ്ക്കും വിദ്യാഭ്യാസത്തില്‍ എന്ത് പങ്കാണുള്ളത് എന്ന ചോദ്യത്തിന് ഏറ്റവും നല്ല വിശദീകരണം നല്‍കിയത് ജര്‍മന്‍കവിയും ചിന്തകനുമായിരുന്ന ഫ്രഡറിക് ഷില്ലറാണ്. സാഹിത്യവും കലയും നല്‍കുന്നത് സൗന്ദര്യാത്മക വിദ്യാഭ്യാസമാണെന്ന് മനുഷ്യന്റെ 'സൗന്ദര്യാത്മക വിദ്യാഭ്യാസത്തെ പ്പറ്റി' (1795) എന്ന കൃതിയില്‍ അദ്ദേഹം വാദിച്ചു. ബുദ്ധികൊണ്ട് മാത്രമല്ല, വികാരംകൊണ്ടുകൂടിയാണ് മനുഷ്യന്‍ ജീവിക്കുന്നതെന്നും വികാരമണ്ഡലത്തെ വികസിപ്പിക്കുന്നതും സമകാലികമാക്കുന്നതും സൗന്ദര്യാത്മക വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറഞ്ഞു. ഭൗതികവസ്തുക്കളും ചരക്കുകളും മാത്രമല്ല, മനുഷ്യരെ ഒരു സമൂഹമാക്കി പരസ്​പരം ബന്ധിപ്പിക്കുന്നത്. സൗന്ദര്യാത്മകമായ ഉത്പന്നങ്ങള്‍ കൊണ്ടുകൂടിയാണ് മനുഷ്യര്‍ പരസ്​പരം ബന്ധിതരായിരിക്കുന്നത്. സാഹിതീയവും സൗന്ദര്യാത്മകവുമായ ഉത്പന്നങ്ങളാല്‍ പരസ്​പരം ബന്ധിപ്പിക്കപ്പെട്ട മനുഷ്യരുടെ സമുദായത്തെ അദ്ദേഹം സൗന്ദര്യാത്മക സമുദായമെന്ന് വിളിച്ചു. സാമൂഹികബന്ധത്തിന്റെയും സാമൂഹിക വിനിമയത്തിന്റെയും ഉയര്‍ന്ന രൂപമാണത്. ഏറ്റവും പുതിയ സാങ്കേതികവിദ്യാഭ്യാസം കിട്ടുന്ന വിദ്യാര്‍ഥി വികാരംകൊണ്ട് ഏറ്റവും പ്രാകൃതനാണെങ്കില്‍ അവന് ശരിയായ വിദ്യാഭ്യാസംകിട്ടി എന്ന് പറയാനാവില്ല. ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ വീട്ടില്‍ കുമിഞ്ഞുകൂടുമ്പോഴും ഏറ്റവും പ്രാകൃതമായ സൗന്ദര്യബോധമാണ് ഒരാളെ നയിക്കുന്നതെങ്കില്‍ അയാളെ പുതിയകാലത്തെ മനുഷ്യനായി പരിഗണിക്കാന്‍ കഴിയില്ല.

ബൗദ്ധികവിദ്യാഭ്യാസം വിവരശേഖരത്തെ മാത്രമാണ് അടിസ്ഥാനമാക്കുന്നതെങ്കില്‍ സൗന്ദര്യാത്മകവിദ്യാഭ്യാസം വികാരമണ്ഡലത്തെയാണ് സംബോധനചെയ്യുന്നത്. ആ നിലയില്‍ അത് വൈകാരികവിദ്യാഭ്യാസംതന്നെ. പ്രകൃതിയോടും സമൂഹത്തോടും എതിര്‍ലിംഗത്തോടുമുള്ള പെരുമാറ്റത്തെയും വികാരപരമായ ബന്ധത്തെയും നവീകരിക്കുകയാണ് സൗന്ദര്യാത്മക വിദ്യാഭ്യാസത്തില്‍ സംഭവിക്കുന്നത്. ലൈംഗികവിദ്യാഭ്യാസം നല്‍കിയാല്‍ ആണ്‍-പെണ്‍ ബന്ധം മെച്ചപ്പെടുമെന്നും സ്ത്രീപീഡനം കുറയുമെന്നുമുള്ളത് തെറ്റിദ്ധാരണയാണ്. കാമത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ബുദ്ധിപരമായ അറിവല്ല,
കാമത്തെ പ്രേമമാക്കുന്ന സൗന്ദര്യാത്മകമായ വിദ്യാഭ്യാസമാണ് ഇണയോടുള്ള ബന്ധത്തെ നവീകരിക്കുന്നത്. കുമാരനാശാന്റെ കൃതികള്‍ ഒരു മലയാളി എന്തിന് പഠിക്കണം എന്നുള്ളതിന്റെ ഉത്തരം ഇവിടെയാണ്. യഥാര്‍ഥത്തില്‍ പത്താംതരംവരെ മാത്രമുള്ള ഭാഷാപഠനമല്ല, അതും കഴിഞ്ഞ് വികാരവളര്‍ച്ചയുടെ പ്രായത്തില്‍ ലഭിക്കുന്ന സൗന്ദര്യാത്മക വിദ്യാഭ്യാസമാണ് സ്ത്രീപീഡകനായിത്തീരുമായിരുന്ന ഒരു യുവാവിനെ പ്രേമവായ്പുള്ള കാമുകനാക്കി മാറ്റുന്നത്. ഇണയോടുള്ള ഏകപക്ഷീയമായ വികാരമാണ് കാമമെങ്കില്‍ ഇണയുടെ ആഗ്രഹപാത്രമായി താന്‍ മാറിത്തീരണം എന്നുള്ള വികാരംകൂടി ചേരുമ്പോഴാണ് അത് പ്രേമമാകുന്നത്. കോളേജ്ക്ലാസുകളിലും സാഹിത്യം നിര്‍ബന്ധ പഠനവിഷയമാക്കണമെന്ന് പലരും വാദിച്ചത് ഈ സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന്റെ പ്രസക്തി മനസ്സിലാക്കുന്നതുകൊണ്ടാണ്.

ഭൗതികവിദ്യാഭ്യാസത്തിന്റെ കുറവ് പരിഹരിക്കാന്‍ ആത്മീയവിദ്യാഭ്യാസം മതി എന്ന് മതസംഘടനകളുടെയും ആത്മീയപ്രസ്ഥാനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ അധികാരികള്‍ വിചാരിക്കുന്നുണ്ട്. എന്നാല്‍, മതപരമായ വിദ്യാഭ്യാസം സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന് പകരമാകുന്നില്ല. മോശയുടെ പത്തുപ്രമാണങ്ങള്‍ അക്കമിട്ട് പഠിപ്പിക്കുന്ന ബൗദ്ധികവിദ്യാഭ്യാസത്തേക്കാള്‍ ഫലപ്രദമാണ് ക്രിസ്തു പറഞ്ഞുതന്ന കഥകള്‍ നല്‍കുന്ന വൈകാരികവിദ്യാഭ്യാസം. മതവിദ്യാഭ്യാസമാണ് മൂല്യവിദ്യാഭ്യാസമെന്നും തെറ്റിദ്ധാരണയുണ്ട്. മതവിദ്യാഭ്യാസത്തിലുള്‍ച്ചേര്‍ന്ന മാനുഷികമൂല്യങ്ങള്‍ ഏറ്റവും സമകാലികമാവുകയാണ് സാഹിത്യവിദ്യാഭ്യാസത്തിലൂടെ. ഏറ്റവും പുതിയ സാഹിത്യകൃതികള്‍ ഏറ്റവും പുതിയ ധാര്‍മികസമസ്യകളെയാണ് വിദ്യാര്‍ഥിക്ക് സൗന്ദര്യാനുഭവമായി നല്‍കുന്നത്. സാഹിത്യമെന്ന് ഇവിടെ ഉദ്ദേശിക്കുന്നത് വാമൊഴി, വരമൊഴി വ്യത്യാസമില്ലാതെ എല്ലാ സാഹിത്യരൂപങ്ങളും കലാസൃഷ്ടികളും ആധുനിക മാധ്യമസംസ്‌കാരവും മാനവികശാസ്ത്രങ്ങളുമെന്നാണ്. മൂല്യവിദ്യാഭ്യാസം മതവിദ്യാഭ്യാസമല്ല, സൗന്ദര്യാത്മക വിദ്യാഭ്യാസമാണ്. മുമ്പ് പണ്ഡിറ്റ് കെ.പി. കറുപ്പന്‍ പറഞ്ഞതുപോലെ ഭാഷയുടെയും സാഹിത്യത്തിന്റെയും ആരാധനാലയത്തിലേക്ക് എല്ലാവര്‍ക്കും പ്രവേശനമുണ്ട്. അത് എല്ലാവര്‍ക്കും പൊതുവായുള്ളതുമാണ്.
ഈ സൗന്ദര്യാത്മകവിദ്യാഭ്യാസം മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്‌സുകളിലുമുണ്ടായിരിക്കണം. 'ആരോഗ്യനികേതനം' എന്ന താരാശങ്കര്‍ ബാനര്‍ജിയുടെ നോവല്‍ എം.ബി.ബി.എസ്. കോഴ്‌സിന്റെ ഭാഗമാകണം. 'ഭൂമിയുടെ അവകാശികള്‍' എന്ന ബഷീറിന്റെ കഥ എന്‍ജിനീയറിങ് കോഴ്‌സിന്റെ കൂടെ പഠിപ്പിക്കണം. മനുഷ്യനോടും ഭൂമിയോടും ആരോഗ്യകരമായ ബന്ധം സൂക്ഷിക്കുന്ന ഡോക്ടറും എന്‍ജിനീയറും അതുവഴിയാണ് പുറത്തുവരിക. ഈ തിരിച്ചറിവ് ഇപ്പോള്‍ പാശ്ചാത്യ സര്‍വകലാശാലകളില്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. വൈദ്യമാനവികശാസ്ത്രം (മെഡിക്കല്‍ ഹ്യൂമാനിറ്റീസ്) എന്ന ഒരു പഠനശാഖതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.

സൗന്ദര്യാത്മക വിദ്യാഭ്യാസമില്ലാതെ എത്രവലിയ ശാസ്ത്രീയ വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ജനിതകശാസ്ത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങളിലൊന്നായ വാട്‌സന്‍- ക്രിക്ക് കണ്ടുപിടിത്തത്തിന് കാരണക്കാരിലൊരാളായ ജെയിംസ് വാട്‌സനെ വംശീയവിരോധം പ്രചരിപ്പിച്ചതിന്റെ പേരില്‍ ലബോറട്ടറിയില്‍നിന്ന് പുറത്താക്കുകയുണ്ടായി. ഡി.എന്‍.എ. പ്രകാരം മനുഷ്യരെ വേര്‍തിരിച്ച വാട്‌സന് മനുഷ്യരെ ഐക്യപ്പെടുത്തുന്ന വിശാലമായ സൗന്ദര്യബോധത്തിന്റെ കുറവുമാത്രമാണ് ഉണ്ടായിരുന്നത്. മഹാനായ ശാസ്ത്രജ്ഞനാകുമ്പോഴും നീചനായ മനുഷ്യനായി മാറാമെന്ന് ഇത് കാണിക്കുന്നു.

അറുപതുകളില്‍ത്തന്നെ അമേരിക്കയിലും തുടര്‍ന്നുള്ള ദശകങ്ങളില്‍ യൂറോപ്പിലാകെയും പലയിടത്തും വൈദ്യമാനവികശാസ്ത്ര കോഴ്‌സുകള്‍ അവിടത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി. ഡോക്ടര്‍മാരുടെ കോഴ്‌സില്‍ സാഹിത്യവും കലയും സാമാന്യവിജ്ഞാനങ്ങളും ഉള്‍പ്പെടുത്തുന്ന പാഠ്യപദ്ധതിയാണിത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ വൈദ്യശാസ്ത്രപഠനത്തില്‍ ഫെലിസ് ഔളും ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ലിന്റ റാഫേലും നിരവധി വര്‍ഷങ്ങള്‍ ഈ കോഴ്‌സ് നടത്തിയിട്ടുണ്ട്. ഉയര്‍ന്ന ഡോക്ടര്‍മാരെ ഉന്നതരായ മനുഷ്യരുമാക്കി തീര്‍ക്കുന്നതിനാണ് ഈ കോഴ്‌സ് സംവിധാനം. വൈദ്യധാര്‍മികത( മെഡിക്കല്‍ എത്തിക്‌സ്) വൈദ്യമാനവികശാസ്ത്രം എന്ന വിശാലമേഖലയിലെ ഒരു ഘടകം മാത്രമാണെന്ന് ഇന്ന് പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്‍ജിനീയറിങ് കോഴ്‌സിലും പലയിടത്തും സാഹിത്യമുള്‍പ്പെടുന്ന മാനവികവിഷയങ്ങള്‍ പഠനപദ്ധതിയുടെ ഭാഗമാണ്.

ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും മാത്രമല്ല, എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും സൗന്ദര്യാത്മക വിദ്യാഭ്യാസം ആവശ്യമാണ്. വക്കീലന്മാര്‍ക്കും ന്യായാധിപന്മാര്‍ക്കും ഇത് ബാധകമാണ്. സാഹിത്യത്തെയും സൗന്ദര്യമേഖലയെയും മനസ്സിലാക്കാന്‍ കഴിയാത്തത് നീതിന്യായമേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. സ്ഥലവും കാലവും കണക്കാക്കിയുള്ള ആധുനിക യുക്തിയില്‍നിന്ന് വ്യത്യസ്തമായാണ് ഭാവനാലോകം നിലനില്ക്കുന്നതെന്ന് തിരിച്ചറിയാതിരിക്കുന്നത് വലിയ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. സാഹിതീയ പാഠങ്ങളെ ചരിത്രപാഠങ്ങളായി തെറ്റിദ്ധരിച്ചതാണ് ബാബറി മസ്ജിദ് പൊളിച്ചുമാറ്റുന്നതിലെന്നപോലെത്തന്നെ അത് കുഴിച്ചുനോക്കി ചരിത്രാവശിഷ്ടം പരിശോധിക്കാനുള്ള വിധിയിലും വ്യക്തമായത്. രാമന്‍ ജനിച്ചത് വല്മീകിയുടെ മനസ്സിലാണെന്ന് മനസ്സിലാക്കണമെങ്കില്‍ ചരിത്രവിദ്യാഭ്യാസം പോരാ. സൗന്ദര്യാത്മക വിദ്യാഭ്യാസംതന്നെ വേണം. സാഹിത്യകൃതികളെയും സാഹിത്യകാരന്മാരെയും മതങ്ങളും നീതിപീഠങ്ങളും വിചാരണയ്ക്ക് വിധേയമാക്കുന്നത് സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണ്. യൂറോപ്പില്‍നിന്ന് വ്യത്യസ്തമായി സാഹിത്യസംസ്‌കാരം ഇന്ത്യന്‍ സമൂഹത്തിലും ഇന്ത്യന്‍ ഭാഷകളിലും ആഴത്തില്‍ വേരോടിയിട്ടുള്ളതാണെന്ന തിരിച്ചറിവ് ഇന്ന് ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ഭാഷകളും സാഹിത്യവും അറിയാതിരിക്കുന്നത് സമൂഹത്തെയും സമൂഹമനസ്സിനെയും മനസ്സിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്.
ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ ഹിപ്പോക്രസിയാകാതിരിക്കണമെങ്കില്‍ ആ മൂല്യങ്ങള്‍ സൗന്ദര്യാത്മകതലത്തില്‍ വിദ്യാര്‍ഥിയിലേക്ക് വിനിമയം ചെയ്യപ്പെടണം.

(അസോ. പ്രൊഫസര്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരൂര്‍ പ്രാദേശികകേന്ദ്രം, തിരുനാവായ)


മാതൃഭൂമി