2016 ജനുവരി 8, വെള്ളിയാഴ്‌ച
2016 ജനുവരി 1, വെള്ളിയാഴ്‌ച
2015 ഫെബ്രുവരി 21, ശനിയാഴ്‌ച
മാതൃഭാഷാവധം- കെ.പി. രാമനുണ്ണി
ഇന്ന് ലോക മാതൃഭാഷാദിനം
നാട്ടിലെ ജനങ്ങള്ക്ക് മാതൃഭാഷാ വ്യവഹാരം നിഷേധിക്കുന്നത് എല്ലാ തരത്തിലും ആളെപ്പിടിച്ച്
കൊല്ലുന്നതിന് തുല്യമാണെന്നാണ് പഞ്ചാബി മാതൃഭാഷാപ്രസ്ഥാനമായ ഭാഷാ ചേതനാ
മഞ്ചിന്റെ നായകന് ജോഗാസിങ് വിലയിരുത്തിയത്
'മലയാളം ഒന്നാം ഭാഷയാക്കുന്നതും പഠന ഭാഷയാക്കുന്നതും വ്യവഹാര ഭാഷയാക്കുന്നതും ഇനി മലയാളികളുടെ മാത്രം പ്രശ്‌നമായിരിക്കില്ല. മാതൃഭാഷാപ്പോരാളികളായ പഞ്ചാബികളുടെ കൂടി പ്രശ്‌നമായിരിക്കും. ഏതെങ്കിലും രാജ്യത്ത് ഭരണകൂടം ആളുകളെ പിടിച്ച് കൊല്ലുന്നുണ്ടെങ്കില് ലോകത്തെ മനുഷ്യാവകാശപ്രവര്ത്തകരെല്ലാം ചാടി വീണ് ഇടപെടുകയില്ലേ? അതേപോലെ ഗൗരവമേറിയ പ്രശ്‌നമാണ് ഒരു നാട്ടില് നാട്ടുകാര്ക്ക് മാതൃഭാഷയിലൂടെയുള്ള പഠനമോ മറ്റ് വ്യവഹാരങ്ങളോ നിഷേധിക്കുന്നത്.'
ഈ വര്ഷത്തെ തുഞ്ചന് ഉത്സവത്തിലെ ദേശീയ സെമിനാറില് സാങ്കേതികതയുടെ ആധിപത്യം ഭാഷയിലും സംസ്‌കാരത്തിലും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കാനെത്തിയെ ജോഗാസിങ്ങിന്റെ വാക്കുകളാണിവ. മാതൃഭാഷാ ഭ്രാന്തനായ ഏതോ സര്ദാര്ജിയുടെ വീണ്വാക്കുകളായി ഇതിനെ ഒരിക്കലും കണക്കിലെടുത്തുകൂടാ. കാരണം ജോഗാസിങ് പഞ്ചാബി മാതൃഭാഷാപ്രസ്ഥാനമായ ഭാഷാ ചേതനാമഞ്ചിന്റെ നായകന് മാത്രമല്ല. പട്ട്യാല സര്വകലാശാലയിലെ ലിംഗ്വിസ്റ്റിക്‌സ് പ്രൊഫസറാണ്. പഞ്ചാബി സാഹിത്യ അക്കാദമിയുടെയും കേന്ദ്രീയ ലേഖക് സഭയുടെയും ഉപദേശകസമിതി അംഗമാണ്. പഞ്ചാബി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും യു.ജി.സി. നെറ്റ് എക്‌സാമിനേഴ്‌സ് പാനല് മെമ്പറുമാണ്. ധാരാളം ദേശീയ, അന്തര്‌ദേശീയ സെമിനാറുകളില് പ്രബന്ധങ്ങള് അവതരിപ്പിക്കാന് ക്ഷണിക്കപ്പെടുന്ന പണ്ഡിതനാണ്.
ലോകവ്യാപകമായി നടത്തിയ പഠനനിരീക്ഷണങ്ങളുടെ ഉള്ബലത്തോടുകൂടിയാണ് നാട്ടിലെ ജനങ്ങള്ക്ക് മാതൃഭാഷാ വ്യവഹാരം നിഷേധിക്കുന്നത്, എല്ലാ തരത്തിലും ആളെപ്പിടിച്ച് കൊല്ലുന്നതിന് തുല്യമാണെന്ന് ജോഗാസിങ് വിലയിരുത്തിയത്. എന്തെല്ലാമാണ് അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ വീക്ഷണങ്ങളും വാദഗതികളുമെന്ന് പരിശോധിക്കാം.
ഇംഗ്ലീഷാണ് വര്ത്തമാനകാലത്തിന്റെ ഭാഷയെന്നും ഇംഗ്ലീഷിലൂടെ മാത്രമേ പുതുവിജ്ഞാനവും പുരോഗതിയും നേടാന് സാധിക്കൂ എന്നുമുള്ള ധാരണ ഒരു പോസ്റ്റ് കൊളോണിയല് കള്ളമിത്താണെന്ന് അദ്ദേഹം പറയുന്നു. എന്തെന്നാല് ശാസ്ത്രഗണിത പഠനങ്ങളില് ഏറ്റവും മികച്ച പത്തു രാജ്യങ്ങളില് ഒമ്പതെണ്ണത്തിലും പഠനമാധ്യമം ഇംഗ്ലീഷല്ല, തദ്ദേശീയ ഭാഷകളാണ്. ഏഷ്യയിലെ അത്യുന്നത നിലവാരമുള്ള 50 യൂണിവേഴ്‌സിറ്റികളുടെ കണക്കെടുക്കുകയാണെങ്കില് അതില് വളരെ കുറച്ച് എണ്ണത്തില് മാത്രമേ ഇംഗ്ലീഷ് പഠനമാധ്യമമായി നിലനില്ക്കുന്നുള്ളൂ. ഇന്ത്യക്കാര്ക്ക് ഇംഗ്ലീഷേ അറിഞ്ഞുകൂടാതിരുന്ന പതിനേഴാം നൂറ്റാണ്ടില് ലോക വാണിജ്യത്തിലെ ഭാരതീയവിഹിതം 22 ശതമാനമായിരുന്നപ്പോള് ബ്രിട്ടീഷ് അധിപത്യത്തിനും ആംഗലപ്രചാരണത്തിനും ശേഷം അത് കുറഞ്ഞ് കുറഞ്ഞ് 1.5 ശതമാനത്തിലാണ് എത്തി നില്ക്കുന്നത്. മാതൃഭാഷയിലൂടെയുള്ള ബോധനത്തിന്റെ ഗുണഗണങ്ങള് തിരിച്ചറിഞ്ഞ് കൂടുതല്ക്കൂടുതല് രാജ്യങ്ങള് തങ്ങളുടെ സ്വന്തം ഭാഷകളിലേക്ക് ഉന്നതവിദ്യാഭ്യാസമടക്കം മടക്കിയെടുക്കുയാണ്. ഫിലിപ്പീന്‌സില് അവരുടെ മാതൃഭാഷയായ ടാഗലോഗില് പഠിക്കുന്ന കുട്ടികളാണ് മറ്റുള്ളവരെ അപേക്ഷിച്ച് മുന്പന്തിയില് നില്ക്കുന്നത്. സ്വീഡനിലേക്ക് കുടിയേറിപ്പാര്ത്ത ഫിന്‌ലന്ഡുകാരുടെ മക്കളില് സ്വന്തം ഭാഷയായ ഫിന്നിഷ് അറിയുന്നവര്ക്ക് മാത്തമാറ്റിക്കല് സ്‌കില് പോലും കൂടുതലാണുള്ളത്. റഷ്യക്കാരും ജര്മന്കാരും ഫ്രഞ്ചുകാരും ചൈനക്കാരും ജപ്പാന്കാരും കൊറിയക്കാരും ഇംഗ്ലീഷ് ഭാഷയെ തൊട്ടുതീണ്ടാതെയാണല്ലോ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളില് നോബേല് സമ്മാനം വരെ നേടുന്നത്.
ഇംഗ്ലീഷിന്റെ കേദാരമായ അമേരിക്കയിലും കാനഡയിലും ന്യൂസീലന്‍ഡിലും നോണ്ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള് വര്ധിച്ചുകൊണ്ടിരിക്കുന്നു. ചൈനീസ് മീഡിയം സ്‌കൂളുകളുടെയും ചൈനീസ് പഠിക്കുന്നവരുടെയും പെരുപ്പം രണ്ടായിരാമാണ്ടിനെ അപേക്ഷിച്ച് അമേരിക്കയിലിന്ന് പത്തിരട്ടിയാണ്. ഇംഗ്ലീഷ് ആധിപത്യ രാജ്യങ്ങളിലെല്ലാം ഭാഷാന്യൂനപക്ഷങ്ങള് ഇംഗ്ലീഷിനെ വെടിഞ്ഞ് തങ്ങളുടെ മാതൃഭാഷകളിലേക്ക് എത്തുന്ന കാഴ്ച അദ്ഭുതകരമാണ്. ലോകവ്യാപകമായിത്തന്നെ എല്ലാ തുറകളിലും ഇംഗ്ലീഷിന്റെ ഉപയോഗവും മാന്യതയും കുറഞ്ഞുകൊണ്ടിരിക്കുന്നു. രണ്ടായിരാമാണ്ടില് ഇന്റര്‌നെറ്റിലെ 80 ശതമാനം ഉള്ളടക്കവും ആംഗലത്തിലായിരുന്നെങ്കില് ഇപ്പോള് അത് നാല്പത് ശതമാനത്തിന് കീഴേക്ക് പോയിരിക്കുന്നു. ബഹുഭാഷോന്മുഖമായ പ്രവണത ലോകമൊട്ടാകെ കാറ്റു പിടിക്കുന്നതിനാല് ഇംഗ്ലീഷില് മാത്രം പത്രാസടിക്കുന്ന മാതൃഭാഷാ അജ്ഞര്ക്ക് പല കമ്പനികളും ജോലി നിഷേധിക്കുന്നുണ്ട്. പ്രശസ്ത ഇംഗ്ലീഷ് മാഗസിനായ ഇക്കണോമിക്സ്റ്റിന്റെ അഭിപ്രായത്തില് ഇംഗ്ലീഷല്ലാതെ മറ്റൊന്നും വശമില്ലെന്ന ഒറ്റക്കാരണത്താല് ബ്രിട്ടീഷുകാര്ക്ക് പല മണ്ഡലങ്ങളിലും വമ്പിച്ച നഷ്ടവും തിരിച്ചടിയും നേരിടുന്നു. മൈക്രോസോഫ്റ്റിന്റെ കണക്കനുസരിച്ച് ഇന്ത്യന് കൊമേഴ്‌സിന്റെ 95 ശതമാനവും ഇന്ത്യന് ഭാഷകളിലൂടെ നടക്കുമ്പോള് ആംഗലത്തിലൂടെയുള്ള കച്ചവടം വെറും അഞ്ച് ശതമാനമാണ്.
മാതൃഭാഷാമാധ്യമം അന്യഭാഷാമാധ്യമത്തെ പഠനത്തിന്റെ സര്വതലങ്ങളിലും കടത്തിവെട്ടുന്നതിന് വസ്തുനിഷ്ഠമായ കാരണങ്ങളുണ്ട്. ഒന്നാമതായി മത്സ്യത്തെ ചെളിയില് ഇഴയ്ക്കുന്നതിന് പകരം വെള്ളത്തില് നീന്താന് വിടുന്നതിന്റെ ജനിതക ആനുകൂല്യം തന്നെ. രണ്ടാമതായി തെറ്റ് പറ്റുമോ എന്ന ഭയമില്ലാതെ കുട്ടികള്ക്ക് സ്വയം ആവിഷ്‌കരിക്കാന് സാധിക്കുന്നു. മൂന്നാമതായി മാതൃഭാഷ ഒന്നാം ഭാഷയായ മള്ട്ടിലിന്ഗ്വല് എജുക്കേഷനില് (MLE) അധ്യാപക വിദ്യാര്ഥി വിനിമയം സുഗമമാകുന്നു. സര്വോപരി മാതൃഭാഷ വിദ്യാര്ഥികളെ സമൂഹത്തില് വേരുള്ളവരാക്കി ഉറപ്പിക്കുന്നു.
മാതൃഭാഷയല്ല കുട്ടികളുടെ പഠനമാധ്യമമെങ്കില് അവരുടെ സമയത്തിന്റെയും ഊര്ജത്തിന്റെയും ഭൂരിഭാഗവും അന്യഭാഷയുമായി ഗുസ്തി പിടിക്കാനാണ് വിനിയോഗിക്കേണ്ടി വരിക. അതിനിടയില് പഠനവിഷയം പറ്റേ ചോര്ന്ന് പോകുകയും ചെയ്യും. മാതൃഭാഷാ മാധ്യമം ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പഠനത്തിന് മാത്രമല്ല, അന്യഭാഷാ പഠനത്തിന് കൂടി അത്യന്തം ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തലുകള്. അങ്ങനെ നോക്കുമ്പോള് ഇംഗ്ലീഷില് പോലും പ്രാഗല്ഭ്യമുണ്ടാകാന് മാതൃഭാഷാ മാധ്യമത്തിലാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് വരുന്നു. (കേരളം മുഴുക്കെ മലയാളം മീഡിയമായിരുന്ന കാലത്തെ പഴയ എസ്.എസ്.എല്.സി.ക്കാര് ആംഗലം വെറും ഒരു വിഷയമായി പഠിച്ചാണ് മറ്റ് സംസ്ഥാനങ്ങളില് ഇംഗ്ലീഷ് അധ്യാപകരായി പോയിരുന്നതെന്ന് ഓര്ക്കുക. ഇന്നാണെങ്കില് മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ പത്താം തരക്കാര്ക്കും ഇംഗ്ലീഷോ മലയാളമോ മര്യാദയ്ക്കറിയാത്ത അവസ്ഥയാണുള്ളത്. കനത്ത ഫീസ് വാങ്ങുന്ന പബ്ലിക് സ്‌കൂളുകളിലെ കുട്ടികള്ക്ക് നല്ല ആക്‌സന്റുണ്ടാകുമെന്നല്ലാതെ ഷേക്സ്പിയറോ ജെയിംസ് ജോയ്‌സോ വായിച്ചാല് തിരിയില്ല.)
ഇംഗ്ലീഷ് പോലൊരു അന്യഭാഷ പഠിക്കാന് ആ ഭാഷ പഠനമാധ്യമമാക്കുകയാണ് വേണ്ടതെന്ന സങ്കല്പ്പം ഏറ്റവും വലിയ വങ്കത്തരമാണ്. അതേപോലെ തന്നെ അര്ഥശൂന്യമാണ് പുതിയൊരു ഭാഷ പഠിക്കാന് ചെറുപ്പത്തിലേ അതിന്റെ പഠനം തുടങ്ങണമെന്നതും മാതൃഭാഷാപഠനം മറ്റ് ഭാഷാപഠനങ്ങള്ക്ക് വിഘ്‌നം സൃഷ്ടിക്കുമെന്നതും. സത്യം നേരേ മറിച്ചാണ്. മാതൃഭാഷാ വൈദഗ്ധ്യം അന്യഭാഷകള് പരിശീലിക്കുന്നതിന് ഗംഭീരന് മസ്തിഷ്‌ക ഉപകരണങ്ങളാണ് കുട്ടികള്ക്ക് നല്കുന്നത്. മാതൃഭാഷാ ജ്ഞാനത്തിലൂടെ അവര് ഭാഷയുടെ പ്രതീകാത്മക ചിഹ്നങ്ങളും സങ്കല്പനസൂത്രങ്ങളും വേഗത്തില് ആര്ജിക്കുന്നു. സ്വതന്ത്രമായ വിനിമയത്തിന് പ്രാപ്തരാകുന്നു. പാലു കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുംപോലെ വ്യാകരണനിയമങ്ങള് സ്വാഭാവികമായി സ്വായത്തമാക്കുന്നു.
കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ രാജ്യത്തൊട്ടാകെ സുബോധമുള്ളവര് കലഹിച്ച പോലെ കേരളത്തിലെ മാതൃഭാഷാ അവഗണനയ്‌ക്കെതിരെ തമിഴനും കര്ണാടകയിലെ മാതൃഭാഷാ അവഗണനയ്‌ക്കെതിരെ ഹിന്ദിക്കാരനുമെല്ലാം സമരം ചെയ്യേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്.
ഐക്യമലയാളപ്രസ്ഥാനം നിരന്തരം നടത്തിയ സമരങ്ങള്ക്ക് ശേഷവും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്ബന്ധ ഒന്നാം ഭാഷയാക്കുന്നതിന്റെയും കോടതി ഭാഷ മലയാളമാക്കുന്നതിന്റെയും മറ്റും കാര്യങ്ങള് അവതാളത്തിലാണല്ലോ. സമഗ്ര മലയാളഭാഷാ ബില്‍ പാസാക്കിക്കൊള്ളാമെന്ന വാഗ്ദാനത്തിന്റെ പേരില് 2013 മാര്ച്ച് മാസത്തില് പ്രസ്ഥാനം നടത്തിയ നിരാഹാരസമരം പിന്വലിച്ചെങ്കിലും പിന്നെയും ഏഴോളം അസംബ്ലികള് കോലാഹലപ്പെട്ട് പിരിഞ്ഞു കഴിഞ്ഞു. ക്ഷമകെട്ട്, അപമാനിതരായ ഐക്യമലയാളപ്രവര്ത്തകര് ഫിബ്രവരി 21 മുതല് വിപുലമായ സമരപരിപാടികള് അവിഷ്‌കരിച്ചിട്ടുണ്ട്. മാര്ച്ച് 24ാ തിയ്യതി തലസ്ഥാനനഗരിയില് ഭാഷാസ്‌നേഹികളുടെ ഒരു ദിവസത്തെ സൂചനാ സത്യാഗ്രഹം മാര്ച്ച് 30, 31 തിയ്യതികളില് ഹൈക്കോടതിയില് നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള വാഹനപ്രചാരണജാഥ ഏപ്രില് എട്ടാം തിയ്യതി മുതല് ഭാഷാപ്രവര്ത്തകരുടെയും എഴുത്തുകാരുടെയും അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം ഏപ്രില് എട്ടാം തിയ്യതിയായിട്ടും സമഗ്ര ഭാഷാ ബില്‍ കേരളസര്ക്കാര് പാസാക്കിയില്ലെങ്കില് തലേക്കെട്ട് കെട്ടിയൊരു സര്ദാര്ജി സെക്രട്ടേറിയറ്റ് നടയ്ക്കല് മലയാള സംരക്ഷണത്തിനായി നിരാഹാരം കിടക്കുന്ന ചേതോഹരമായ കാഴ്ച നമുക്കെല്ലാം കാണാം.
2013 നവംബർ 1, വെള്ളിയാഴ്‌ച
മുടിക്കണോ നാം മക്കളെ- കെ.പി.രാമനുണ്ണി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തലമുറയെ അതില്‍നിന്ന് രക്ഷിക്കുന്നതിനുപകരം കഴുമരത്തിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ചചെയ്യുന്നപോലെയാണ് ഇപ്പോഴത്തെ പാഠ്യപദ്ധതി തര്‍ക്കങ്ങളെന്ന് തോന്നുന്നു. അസീസ്‌കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും വേണ്ട കെ.സി.എഫ്. 2007 തുടര്‍ന്നാല്‍ മതിയെന്നും മറ്റുമുള്ള വാദങ്ങള്‍ക്ക്, കൊലക്കയര്‍ മാറ്റണോ അതോ പഴയത് മതിയോ എന്ന പ്രശ്‌നത്തിന്റെ പ്രസക്തിയേ സത്യത്തില്‍ ഉള്ളൂ. എന്തെന്നാല്‍, പഴയ പാഠ്യപദ്ധതിയായാലും പുതിയ പാഠ്യപദ്ധതിയായാലും അത് പ്രവര്‍ത്തനക്ഷമമാകുന്നത് ഭാഷയിലൂടെയാണ്. നമ്മുടെ സ്‌കൂള്‍ പഠിപ്പിന് കൊള്ളാത്ത അന്യഭാഷയിലൂടെ നടപ്പില്‍വരുത്തുമ്പോള്‍ ഏത് പാഠ്യപദ്ധതിയായാലും കുട്ടികളെ സര്‍ഗാത്മകതലത്തില്‍ കൊല്ലുകയാണ് ചെയ്യുന്നത്. കേരളത്തില്‍ കൂടുതല്‍ക്കൂടുതല്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് മീഡിയം എജ്യുക്കേഷനും നിശ്ശബ്ദമായി ചെയ്തുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. ഈ മഹാപാതകത്തിന് ചൂട്ടുപിടിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെടിപ്പില്ലാതെത്തന്നെ ഇറങ്ങിയിട്ടുമുണ്ട്.
പകര്‍ച്ചവ്യാധിയുടെ ആരംഭം
ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഭരണഘടന വിഭാവനംചെയ്ത ഭാഷാസംസ്ഥാനങ്ങളുടെ വികാസസ്വപ്നത്തിനൊത്ത് വിദ്യാഭ്യാസം സ്റ്റേറ്റ്‌ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതായത്, പ്രാദേശിക ഭാഷാസംസ്‌കൃതിയിലൂടെയുള്ള അധ്യയനം എന്നതുതന്നെ ഉദ്ദേശ്യം. എന്നാല്‍, ഭരണനടത്തിപ്പിന്റെ അനിവാര്യ തിന്മയായ ബ്യൂറോക്രസിയുടെ ചില ഗതികേടുകള്‍ കേന്ദ്രസര്‍ക്കാറിന് നേരിടേണ്ടിവന്നു. ഇടയ്ക്കിടെ സ്ഥലംമാറ്റപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് തങ്ങള്‍ പോകുന്ന ഇടങ്ങളില്‍ മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടാന്‍ സാധ്യമല്ലല്ലോ. എന്തുചെയ്യും? ആ പ്രശ്‌നത്തിനുള്ള മുട്ടുശാന്തിയായാണ് ഇംഗ്ലീഷ് പഠനമാധ്യമമായ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ രാജ്യത്ത് പരിമിതമായി സ്ഥാപിക്കപ്പെട്ടത്.
പിന്നീട് ബ്യൂറോക്രാറ്റുകള്‍ മാത്രമല്ല, ഹിപ്പോക്രാറ്റുകള്‍ കൂടി സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ കുട്ടികളെ അയയ്ക്കാന്‍ തുടങ്ങി. രാജ്യത്താകമാനം ഇത്തരം വിദ്യാലയങ്ങള്‍ തഴച്ചുവളര്‍ന്നു. പണ്ടേ തുക്ടി സായ്‌വാകാന്‍ പരാക്രമം കാട്ടുന്ന, സാമ്രാജ്യത്വഹാല് ഒട്ടും മാറിയിട്ടില്ലാത്ത കേരളക്കരയില്‍നിന്നാണ് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കുള്ള എന്‍.ഒ.സി.കള്‍ ഏറ്റവുമധികം കുറിക്കപ്പെട്ടതെന്ന് കാണാം.
പിന്നീട്, 1990-കള്‍ മുതല്‍ നിവൃത്തിയില്ലായ്മയില്‍മാത്രം വിദേശഭാഷാമാധ്യമമെന്ന തത്ത്വത്തെ കുരുതികൊടുത്ത് സംസ്ഥാനസര്‍ക്കാര്‍ പ്രൈവറ്റ് അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് വ്യാപകമായ അനുമതി നല്‍കി. അതോടെ നാട്ടിലെങ്ങും വിദ്യാഭ്യാസ കച്ചവടക്കാര്‍ മൊഞ്ചുള്ള കെട്ടിടങ്ങളും ലങ്കുന്ന യൂണിഫോമുകളും പ്രദര്‍ശിപ്പിച്ച് പിള്ളേരെ മാട്ടിപ്പിടിക്കാന്‍ ഒരുമ്പട്ടിറങ്ങി. മിടുക്കും ചുറ്റുപാടുമുള്ള കുട്ടികള്‍ അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലും ചണ്ടിപണ്ടാരങ്ങള്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലുമെന്ന അവസ്ഥ ഉരുത്തിരിഞ്ഞു.
സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടി അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം എത്തിയിട്ടും അണ്‍എയ്ഡഡ് സ്‌കൂളുകള്‍ നിയന്ത്രിച്ച് രാഷ്ട്രത്തിന്റെ വിദ്യാഭ്യാസനയത്തിനൊത്ത് തങ്ങളുടെ വിദ്യാലയങ്ങള്‍ മെച്ചപ്പെടുത്താനല്ല സര്‍ക്കാര്‍ മുതിര്‍ന്നത്. കള്ളന്റെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരനെപ്പോലെ അണ്‍എയ്ഡഡ് സ്‌കൂളുകളുമായി മത്സരിക്കാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ഇംഗ്ലീഷ്മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. കവര്‍ച്ചയ്ക്കായാലും കള്ളക്കടത്തിനായാലും മത്സരം മഹത്തരമാണെന്ന ഉദാരീകരണയുക്തി അപ്പോഴേക്ക് പ്രചരിച്ചുകഴിഞ്ഞിരുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ ഇംഗ്ലീഷ്മീഡിയത്തിന്റെ തുടക്കം പലതരം പ്രശ്‌നങ്ങളാണ് പൊടുന്നനെ ഉണ്ടാക്കിയത്. വിവിധ വിഷയങ്ങള്‍ ആംഗലേയത്തില്‍ പഠിപ്പിക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരില്ല, പാഠപുസ്തകങ്ങളില്ല, പഠനസഹായികളുമില്ല. മിടുക്കുള്ള മാഷന്മാരെ ഇംഗ്ലീഷ് ഡിവിഷനുകളിലേക്ക് പറഞ്ഞയച്ച് കഴിവുകുറഞ്ഞവരെ മലയാളം ഡിവിഷനുകളില്‍ നിലനിര്‍ത്തിയത് ഇംഗ്ലീഷ് മീഡിയത്തെ മെച്ചപ്പെടുത്തിയില്ലെന്ന് മാത്രമല്ല, മലയാളം മീഡിയത്തെ കൂടുതല്‍ പാപ്പരാക്കുകയും ചെയ്തു. മലയാളം മീഡിയത്തിന്റെ അധോഗതി ഇംഗ്ലീഷ് മീഡിയത്തിന് വേണ്ടിയുള്ള മുറവിളി വളര്‍ത്തി. രണ്ട്ക്ക് ഒന്ന് എന്ന അനുപാതം ഒന്ന്ക്ക് ഒന്ന് എന്നാക്കാന്‍ പ്രേരിപ്പിച്ചു. ഇംഗ്ലീഷറിയാത്ത മക്കളും ഇംഗ്ലീഷില്‍ തപ്പുന്ന മാഷന്മാരും തമ്മിലുള്ള യുദ്ധംവെട്ട് പിള്ളേരെ മലയാളത്തില്‍ വിഷയങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ഇംഗ്ലീഷില്‍ ഉത്തരക്കടലാസില്‍ ഛര്‍ദിപ്പിക്കുന്ന ഏര്‍പ്പാടിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്.
മേല്‍പ്പറഞ്ഞ വിക്രിയകള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോഴും ദേശീയതലത്തിലെ സകല വിദ്യാഭ്യാസ കമ്മീഷനുകളും മാതൃഭാഷയിലൂടെയുള്ള ബോധനമാര്‍ഗത്തെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു എന്നതാണ് സത്യം. മാത്രമല്ല, മാതൃഭാഷയാണ് കുട്ടികളില്‍ വിഷയഗ്രഹണം സുഗമമാക്കുന്നതെന്നും അവരുടെ ഭാഷേന്ദ്രിയത്തെ പുഷ്ടിപ്പെടുത്തുന്നതെന്നും പുതിയ അന്വേഷണങ്ങള്‍ തിരിച്ചറിഞ്ഞു. മാതൃഭാഷ ഒരു ജനതയുടെ ജന്മാവകാശമാണെന്ന് ഐക്യരാഷ്ട്രസഭയും പ്രഖ്യാപിച്ചു. ഒടുവില്‍ 2009-ലെ ഇന്ത്യന്‍ ആര്‍.ടി.ഇ.ആക്ട് എട്ടാംക്ലാസ് വരെയെങ്കിലും പഠനമാധ്യമം മാതൃഭാഷയാക്കണമെന്ന് കര്‍ശനമായി നിഷ്‌കര്‍ഷിച്ചു. (നിവൃത്തിയില്ലാത്ത സന്ദര്‍ഭങ്ങളിലൊഴികെ- നിവൃത്തിയില്ലായ്മ എന്നുപറഞ്ഞാല്‍ പഞ്ചാബിയായ ഉദ്യോഗസ്ഥന്‍ കേരളത്തില്‍ ജോലിചെയ്യുമ്പോള്‍ അയാളുടെ മക്കള്‍ക്ക് പഞ്ചാബി മീഡിയം നല്‍കാന്‍ സാധിക്കാത്ത നിവൃത്തിയില്ലായ്മയാണ്. ഇംഗ്ലീഷ് മീഡിയം കച്ചവടക്കാര്‍ പണവും സ്വാധീനവുമായി പിറകെ നടക്കുന്നതിന്റെ നിവൃത്തിയില്ലായ്മയല്ല.)
എന്നിട്ടും ഈ ഒക്ടോബര്‍ എട്ടാം തീയതി നടന്ന സംസ്ഥാന കരിക്കുലംകമ്മിറ്റിയോഗം ഇംഗ്ലീഷ് മീഡിയംനടത്തിപ്പ് സുഖസുന്ദരമാക്കാന്‍ പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി.യെക്കൊണ്ടുതന്നെ പുറത്തിറക്കിക്കാനാണ് തീരുമാനിച്ചത്. ഇതിന്റെ തുടര്‍ച്ച ഇംഗ്ലീഷ് മീഡിയം ടീച്ചേഴ്‌സിനുള്ള ട്രെയിനിങ്ങുകളും മറ്റുമായി കേരളം മൊത്തം അന്യഭാഷാ പഠനമാധ്യമത്തിലേക്ക് പരിണമിപ്പിക്കാനുള്ള ഒത്താശയായി ഉരുത്തിരിയും. ഈ വൈരുധ്യം തിരുവനന്തപുരം ഡയറ്റ് അധ്യാപകനായ എ. മുഹമ്മദ് കബീര്‍ കരിക്കുലംകമ്മിറ്റിയോഗത്തില്‍ സൂചിപ്പിച്ചപ്പോള്‍ ഹാളില്‍ കനത്ത നിശ്ശബ്ദത വിങ്ങി. ഒരു യൂണിയന്‍ പ്രതിനിധിയും പ്രശ്‌നത്തെ ഗൗരവപൂര്‍വം ഏറ്റുപിടിച്ചില്ല.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയമില്ലെങ്കില്‍ കുട്ടികള്‍ കുടിയൊഴിയുമെന്നും ജനത്തിന്റെ മിഥ്യാഭ്രമങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പ് വഴങ്ങണമെന്നുമായിരുന്നു പൊതുവേ കേട്ട ലളിതയുക്തി. അപ്പോള്‍ നിര്‍ണായകമായ ഒരു വിഷയത്തെ സംബന്ധിച്ച് സര്‍ക്കാറിന് വ്യക്തമായ നയപരിപാടികള്‍ ആവശ്യമില്ലേ? ഒരുകൂട്ടം ആളുകള്‍ ആത്മഹത്യാപ്രവണത കാണിക്കുന്നെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്ക് ഭംഗിയുള്ള കയര്‍ക്കുരുക്കുകള്‍ വിതരണംചെയ്യുകയാണോ വേണ്ടത്? സ്‌കൂള്‍വിദ്യാഭ്യാസം അന്യഭാഷയില്‍ ചെലുത്തുന്നത് രക്ഷാകര്‍തൃത്വത്തിന്റെ ആത്മഹത്യയും കുഞ്ഞുപ്രജ്ഞകളുടെ കൊലപാതകവും തന്നെയാണ്.
സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും കുറ്റകൃത്യം
അത്യന്തം സമ്പുഷ്ടമായൊരു മാതൃഭാഷയുള്ളപ്പോള്‍ അന്യഭാഷയിലൂടെ സ്‌കൂള്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കുന്നത് ഏതുനിലയ്ക്ക് നോക്കിയാലും സമൂഹവും സര്‍ക്കാറും ചെയ്യുന്ന കുറ്റകൃത്യമാണെന്ന് കാണാം.
ഒന്നാമതായി അത് ഭരണഘടനാതത്ത്വങ്ങളുടെയും ദേശീയ വിദ്യാഭ്യാസനയങ്ങളുടെയും ഐക്യരാഷ്ട്രസഭാ വീക്ഷണങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. രണ്ടാമതായി പുത്തന്‍ വിജ്ഞാനവിസ്‌ഫോടനങ്ങള്‍ക്കുനേരേയുള്ള കടുത്ത മുഖംതിരിക്കലാണ്. ആറുമാസംവരെ മുലപ്പാലൊഴികെയുള്ള ഏത് പാലും കുഞ്ഞുങ്ങള്‍ക്ക് അപകടമാണെന്ന് തെളിഞ്ഞാല്‍ ടിന്‍പാല്‍ വര്‍ജിക്കുന്നതിനായി അതിന്റെ ദോഷഫലങ്ങള്‍ പ്രചരിപ്പിക്കേണ്ടപോലെയായിരിക്കണം ഇംഗ്ലീഷ് മീഡിയത്തോടും തലയ്ക്ക് വെളിവുള്ളവര്‍ പുലര്‍ത്തേണ്ട സമീപനം.
എങ്ങനെയാണ് വിമുക്തി
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സകല സ്‌കൂളുകളിലും പത്താംക്ലാസ്‌വരെ മലയാളമല്ലാത്ത പഠനമാധ്യമങ്ങള്‍ നിയമത്താല്‍ നിരോധിക്കല്‍മാത്രമേ നാട്ടില്‍ പടര്‍ന്നിട്ടുള്ള 'ആംഗലോളിസ'ത്തിന് പ്രതിവിധിയുള്ളൂ എന്നാണ് എസ്.സി.ഇ.ആര്‍.ടി.യിലെ ചില ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇത്തരം നടപടികള്‍ക്ക് മൗലികാവകാശലംഘനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലേയെന്ന് സംശയംതോന്നാം. എന്നാല്‍, അത്തരം പരീക്ഷണസാധ്യതയും തള്ളിക്കളയാന്‍ വയ്യെന്ന് കര്‍ണാടകത്തിലെ സകലവിദ്യാലയങ്ങളിലും പഠനമാധ്യമം കന്നടമാത്രമാക്കി സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് ഹൈക്കോടതിശരിവെച്ചത് തെളിയിക്കുന്നു.സ്വകാര്യ മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍പോയിട്ടുള്ള ഈ കേസില്‍ കേരളസര്‍ക്കാറിനും കര്‍ണാടകത്തിന്റെ ഭാഗം കക്ഷിചേരാവുന്നതാണ്. സ്വകാര്യ മാനേജ്‌മെന്റുകളുടെ മൗലികാവകാശ സംരക്ഷണം കുഞ്ഞുങ്ങളുടെ മൗലികാവകാശധ്വംസനമായി മാറുന്നു എന്ന വാദവും ഉയര്‍ത്താവുന്നതാണ്- തിരിച്ചറിവില്ലാത്ത കുട്ടികളുടെ നേര്‍ക്കുള്ള പൂതനാപ്രയോഗം.
ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് ഇങ്ങനെയൊരു നീക്കം നടത്തുകയാണെങ്കില്‍ ഇന്നേവരെ തുടര്‍ന്നുവന്ന എല്ലാ കക്ഷിരാഷ്ട്രീയപാപങ്ങള്‍ക്കും അത് പ്രായശ്ചിത്തമായി ഭവിക്കും.
കുട്ടികള്‍ക്ക് ഇക്കാലത്ത് ഇംഗ്ലീഷ് അറിയേണ്ടേ, മറുനാടുകളില്‍ അവര്‍ക്ക് പിഴയ്‌ക്കേണ്ടേ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചാണ് തത്പരകക്ഷികള്‍ സാധാരണക്കാരുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് ആട്ടിത്തെളിക്കാറുള്ളത്. ഇംഗ്ലീഷ് അറിയാനും മറ്റുദേശങ്ങളില്‍ പിഴയ്ക്കാനും ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കുകയല്ല, നല്ലപോലെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് വേണ്ടത്. ഒന്നാം ക്ലാസ്മുതല്‍തന്നെ പ്രഗല്ഭരായ അധ്യാപകരെവെച്ച് എല്ലാ വിദ്യാലയങ്ങളിലും ഇംഗ്ലീഷ് ഒരു വിഷയമായി പഠിപ്പിച്ചാല്‍ കുട്ടികള്‍ അസ്സലായി ഇംഗ്ലീഷ് കൈകാര്യംചെയ്യാന്‍ തുടങ്ങും. അതേസമയം, ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളിലെ മാതൃഭാഷയുടെ ഇടനിലക്കുറവ് സൃഷ്ടിക്കുന്ന വിഷയഗ്രഹണവീഴ്ച, വികാരദാരിദ്ര്യം, പ്ലാസ്റ്റിക്‌വത്കരണം, സ്വന്തം നാടിനോടുള്ള പുച്ഛം എന്നീ വിപത്തുകളില്‍നിന്ന് അവര്‍ രക്ഷപ്പെടുകയും ചെയ്യും.
അന്യഭാഷാ മാധ്യമത്തിലുള്ള അധ്യയനം കുട്ടികള്‍ക്കുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും പഠനം മാതൃഭാഷയില്‍ നടത്തിയാലുള്ള അത്ഭുതനേട്ടങ്ങളെക്കുറിച്ചും എഴുത്തുകാരായ എഴുത്തുകാരെല്ലാം പ്രചണ്ഡമായ പ്രചാരണം സമൂഹത്തില്‍ നടത്തുകതന്നെ വേണം. ഇതില്‍ സംഭവിക്കാവുന്ന ചെറിയൊരു ഇടങ്ങേറ് പല എഴുത്തുകാരുടെയും കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠനം
പൂര്‍ത്തീകരിച്ചവരാണ് എന്നതാണ്! മലയാളം മീഡിയം സ്‌കൂളുകളുടെ ശോച്യാവസ്ഥകൊണ്ടും അന്യഭാഷാ പഠനമാധ്യമത്തിന്റെ ആപത്തിനെക്കുറിച്ച് ഇത്രത്തോളം തിരിച്ചറിവ് ഇല്ലാതിരുന്നതുകൊണ്ടും സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിച്ചുപോയി എന്നതിനാല്‍ ആരുംതന്നെ തിരിഞ്ഞുകളിക്കേണ്ടതില്ല. പറ്റിപ്പോയ അമളിയില്‍ കടിച്ചുതൂങ്ങുന്നതിനേക്കാള്‍ അത് അംഗീകരിച്ച് തിരുത്തുന്നതിലാണ് ധീരത. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതുകൊണ്ട് തങ്ങളുടെ കുട്ടികള്‍ക്ക് വലിയ കുഴപ്പമൊന്നും പറ്റിയിട്ടില്ലല്ലോ എന്നാണെങ്കില്‍ നഷ്ടപ്പെട്ടുപോയ വസന്തസാധ്യതകള്‍ അത്യുദാത്തമായിരുന്നേനേ എന്നേ ഉത്തരമുള്ളൂ.
സകല വിവരവുമുണ്ടെങ്കിലും ഒരുതരം മണ്ടത്തരം, എല്ലാ സുഖസൗകര്യങ്ങളുമുണ്ടെങ്കിലും ഒരുജാതി വിഷണ്ണത, എത്ര സ്‌നേഹിച്ചാലും തിരിച്ചൊരു കൂറില്ലായ്മ, എന്താച്ചാ ആയ്‌ക്കോട്ടെ എന്ന മട്ടുംമാതിരിയും-ഇതെല്ലാം നമുക്ക് നമ്മുടെ കുട്ടികളില്‍ തോന്നുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മലയാളത്തിന്റെയും മലയാളസാഹിത്യത്തിന്റെയും പോഷണക്കുറവുകൊണ്ട് തന്നെയാണ്.
പൊതുബോധവും സര്‍ക്കാര്‍നയവും മാതൃഭാഷാ പഠനമാധ്യമത്തിന്റെ വഴിക്ക് വന്നാലും അന്യഭാഷാ ലോബിയുടെ കൂട്ടിക്കൊടുപ്പുകാരായി ചിലര്‍ ബാക്കിനില്‍ക്കും. കുഞ്ഞുങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന പുതുകാല കംസന്മാരായി, വേദഗ്രന്ഥോചിതമായ ഉര്‍ഫിനെ ധിക്കരിക്കുന്നവരായി, ശാസ്ത്രസത്യങ്ങളെ കൊഞ്ഞനം കുത്തുന്ന അന്ധവിശ്വാസികളായി. അവരെ അപ്പോള്‍ നമുക്ക് ഒന്നിച്ച് നേരിടേണ്ടിവരും.
2013 സെപ്റ്റംബർ 15, ഞായറാഴ്‌ച
വേണം മസ്തിഷ്‌ക-ഹൃദയ സമന്വിതമായ പാഠ്യപദ്ധതി - കെ.പി. രാമനുണ്ണി
കേരള കരിക്കുലം ഫ്രേംവര്‍ക്ക് 2007-ല്‍ (കെ.സി.എഫ്.) ആരോപിക്കപ്പെട്ട ദൗര്‍ബല്യങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ടും ആര്‍.ടി.ഇ. ആക്ട് 2009-ന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടും യുനെസ്‌കോയുടെ ഗ്ലോബല്‍ മോണിറ്ററിങ് റിപ്പോര്‍ട്ടും (ജി.എം.ആര്‍. ഓഫ് യുനെസെ്കാ-2012), നാഷണല്‍ കരിക്കുലം ഫ്രേംവര്‍ക്ക് ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍.സി.എഫ്.ടി.ഇ.-2010), എജ്യുക്കേഷന്‍ ഫോര്‍ വാല്യൂസ് ഇന്‍ സ്‌കൂള്‍സ് - എ ഫ്രേം വര്‍ക്ക്, വിഷന്‍- 2030 എന്നിവയുടെ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ടുമാണ് പുതിയ പാഠ്യപദ്ധതിയുടെ ദര്‍ശനവും മാര്‍ഗനിര്‍ദേശതത്ത്വങ്ങളും തയ്യാറാക്കേണ്ടതെന്ന് തീര്‍ച്ച. മസ്തിഷ്‌കത്തിന്റെയും ഹൃദയത്തിന്റെയും ലയത്തെ ലക്ഷ്യംവെക്കേണ്ട ഈ പാഠ്യപദ്ധതി ശാസ്ത്രരംഗത്തും വൈജ്ഞാനികരംഗത്തും പ്രസരിക്കുന്ന പുത്തന്‍ വെളിച്ചങ്ങളെയും സ്വാംശീകരിക്കേണ്ടതാണ്.
കെ.സി.എഫ്. 2007-ലെ പ്രശ്‌നാധിഷ്ഠിത സമീപനത്തില്‍ (ഇഷ്യൂ ബേസ്ഡ് അപ്രോച്ച്) സൂചിതമായ എട്ട് പ്രശ്‌നങ്ങളും പ്രാധാന്യമുള്ളതാണെങ്കിലും പഠനവിഷയങ്ങള്‍ അവയ്ക്കകത്ത് മാത്രം അടച്ചിടണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ഉചിതമല്ല. എട്ട് പ്രശ്‌നങ്ങളും എപ്പോഴും കുത്തിച്ചെലുത്താനുള്ള ശ്രമത്തില്‍ ആവര്‍ത്തനവിരസതയുടെ ചവര്‍പ്പ് പഠനത്തിന് അനുഭവപ്പെടുത്തരുത്.
പ്രശ്‌നാധിഷ്ഠിത സമീപനത്തിലെ എട്ട് പ്രശ്‌നങ്ങളും നിഷേധാത്മകമായ രീതിയില്‍ അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍ മനോഭാവപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവയെ സര്‍ഗാത്മകവും ക്രിയാത്മകവുമായ രീതിയില്‍ സന്നിവേശിപ്പിക്കേണ്ടതാണ്.
സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാന്മാര്‍ഗികവുമായ കാര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാനുള്ള ശേഷിയാണല്ലോ വിമര്‍ശനാത്മക ബോധനവിദ്യയിലൂടെ (ക്രിട്ടിക്കല്‍ പെഡഗോഗിയിലൂടെ) വിദ്യാര്‍ഥികള്‍ക്ക് പകരാന്‍ എന്‍.സി.എഫ്. ഉദ്ദേശിച്ചത്. സാമൂഹികവിഷയങ്ങളെ വ്യത്യസ്ത വീക്ഷണകോണിലൂടെ നോക്കിക്കാണുന്നതിലൂടെ ജനാധിപത്യബോധവും അത് കുട്ടികളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, വിമര്‍ശനാത്മക ബോധനവിദ്യാ സങ്കല്‍പ്പത്തിന്റെ പ്രയോഗം പ്രായോഗികതലത്തില്‍ വികലമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തിനെയും ഏതിനെയും വിമര്‍ശനബുദ്ധ്യാ മാത്രം വിലയിരുത്താന്‍ പ്രേരിപ്പിക്കുന്നത് വിദ്യാര്‍ഥികളില്‍ 'ഫെസ്റ്റീഡിയസ് നേച്ചര്‍' (കുറ്റം കണ്ടെത്തല്‍ സ്വഭാവം) സൃഷ്ടിക്കുമെന്ന് മനഃശാസ്ത്രം പറയുന്നു. ഇത് അപകടകരമാണ്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാന്മാര്‍ഗിക പ്രശ്‌നങ്ങളെ വിമര്‍ശിക്കുമ്പോള്‍തന്നെ സര്‍ഗാത്മകമായ പരിഹാരങ്ങളും വിദ്യാര്‍ഥികളില്‍നിന്ന് ഉണ്ടാക്കിയെടുക്കണം. എല്ലാ അവസ്ഥകളോടുമുള്ള വിടാത്ത വിമര്‍ശം മാറ്റി താരതമ്യേന മെച്ചപ്പെട്ട അവസ്ഥകളെ അംഗീകരിക്കുന്ന താരതമ്യാത്മകവിമര്‍ശനം വിമര്‍ശനാത്മക നയത്തിന്റെ തന്നെ ഭാഗമാക്കണം. വിമര്‍ശനത്തിന് തിരികൊളുത്തുന്ന മനുഷ്യന്റെ അതൃപ്തിയാണ് ലോകത്തിന്റെ എല്ലാ പുരോഗതിക്കും കാരണമായതെങ്കിലും നേടിയേടത്തോളം കാര്യങ്ങളില്‍ തൃപ്തിയും ആവശ്യമാണ്. സ്ഥായീഭാവമായ അതൃപ്തി കുട്ടികളുടെ വ്യക്തിജീവിതത്തിന്റെ ഗുണനിലവാരത്തെയും സഹജീവികളുമായുള്ള ബന്ധത്തെയും തകരാറിലാക്കുന്നു.
വിജ്ഞാനം ഒരു സാമൂഹിക ഉത്പന്നമായതിനാല്‍ സാമൂഹികമായ ഇടപെടലിലൂടെ വിദ്യാര്‍ഥികളെ സ്വയം പഠനത്തിലേക്ക് എത്തിക്കുക എന്ന സാമൂഹിക നിര്‍മാണാത്മക രീതി (സോഷ്യല്‍ കണ്‍സ്ട്രക്റ്റിവിസ്റ്റ് രീതി) കുറച്ചുവര്‍ഷങ്ങളായി വമ്പിച്ച മാറ്റം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ അടച്ചിടാതെ വേഗത്തില്‍ സാമൂഹികജീവിതവുമായി ബന്ധപ്പെടുത്താന്‍ സാമൂഹികനിര്‍മാണാത്മകത്വം (സോഷ്യല്‍ കണ്‍സ്ട്രക്റ്റിവിസം) സഹായിക്കുന്നു. ചര്‍ച്ചകളും തര്‍ക്കങ്ങളും അവരുടെ ചിന്താശക്തിയെയും ഉയര്‍ത്തുന്നു. അതോടൊപ്പം സാമൂഹിക ഇടപെടലിന്റേതായ പ്രവര്‍ത്തനം കുട്ടികളുടെ ആരോഗ്യകരമായ ക്ലാസ്മുറി പഠനത്തെ ശ്വാസംമുട്ടിക്കാതിരിക്കാനും ശ്രദ്ധവെക്കണം. എഴുത്തും വായനയും പഠിപ്പിക്കേണ്ട സമയത്ത് അത് വേണ്ടെന്ന് വെക്കരുത്. അടിസ്ഥാനഗണിതം അവരില്‍ ഉറപ്പിക്കണം. ആവശ്യത്തിനുള്ള പകര്‍ത്തിയെഴുത്തും ഗൃഹപാഠവും കൊണ്ട് അക്ഷരബോധവും വളര്‍ത്തണം.
മനഃപാഠം പഠിക്കല്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നും കവിതകളും ശ്ലോകങ്ങളും ദിവസവും കാണാതെ ചൊല്ലി ശീലിക്കുന്നവര്‍ക്ക് വാര്‍ധക്യത്തിലും ഓര്‍മശക്തി കുറയുന്നില്ലെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മസ്തിഷ്‌കവ്യായാമമെന്ന നിലയ്ക്ക് മനഃപാഠം പഠിച്ച് അതിലുള്ള പ്രാവീണ്യം തെളിയിക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടേണ്ടതാണ്.
പഠനപ്രവര്‍ത്തനങ്ങളുടെ ആധിക്യം അധ്യാപകനില്‍നിന്ന് യാതൊന്നും ലഭിക്കാന്‍ ഇടയില്ലാതാക്കി അവരെ വെറും 'ഫെസിലിറ്റേറ്റര്‍മാരാക്കി' മാറ്റുന്നതും അഭിലഷണീയമായിരിക്കില്ല. അധ്യാപകന്‍ ക്ലാസ്മുറിയില്‍ പ്രസംഗിക്കുന്ന വിഷയങ്ങള്‍ക്കൊപ്പം അദൃശ്യമായ കുറേ പാഠങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍നിന്ന് കുട്ടികള്‍ക്ക് കാലാകാലമായി ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ജീവിതത്തോടുള്ള മനോഭാവം നിര്‍ണയിക്കുന്ന ആവേശങ്ങളും ഉത്സാഹങ്ങളും വൈകാരികതകളും തത്ത്വശാസ്ത്രങ്ങളും എല്ലാം ഇതില്‍ പെടും. അളക്കാനും തൂക്കാനും നിര്‍വചിക്കാനും കഴിയാത്ത ഈ വിദ്യാദാനം ഏതെങ്കിലും തരത്തില്‍ മുടങ്ങിപ്പോകുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും തിരിച്ചുപിടിക്കേണ്ടതാണ്. അധ്യാപകന്റെ വിജ്ഞാന-അനുഭവശേഖരങ്ങളെ വിദ്യാര്‍ഥികള്‍ക്ക് ജിജ്ഞാസയോടെ കേട്ടിരിക്കാനുള്ള സമയം 'സ്‌കൂള്‍ പിരീഡുകളില്‍' ഉണ്ടാവുകതന്നെ വേണം.
വിദ്യാഭ്യാസ ഗുണനിലവാരവും
ഭരണഘടനാ മൂല്യങ്ങളും
'വിദ്യാഭ്യാസ അവകാശനിയമം' (ആര്‍.ടി.ഇ. ആക്ട്-2009) ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പുവരുത്താനും ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്ത മൂല്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉയര്‍ത്തിപ്പിടിക്കാനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നുണ്ട്. സിലബസിന്റെ മികവിനോടൊപ്പം മൂല്യനിര്‍ണയസമ്പ്രദായങ്ങളും അതിന്റെ മാനദണ്ഡങ്ങളും സുപ്രധാനമാണ്. ഗംഭീരന്‍ സിലബസുണ്ടാവുകയും അത് പഠിച്ചിറങ്ങുന്നു എന്ന് പറയപ്പെടുന്ന വിദ്യാര്‍ഥികള്‍ ഒന്നും അറിയാത്തവരാകുകയും ചെയ്യുന്ന അവസ്ഥ കര്‍ശനമായി തടയുകതന്നെ വേണം.
ഭരണഘടനയുടെ ആമുഖത്തില്‍ (പ്രീയാംബിളില്‍) വിവരിക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക്കിനെക്കുറിച്ചുള്ള ദര്‍ശനസംഹിതകളേക്കാള്‍ പ്രധാനമാണ് മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍. ഇന്ത്യന്‍ ജനാധിപത്യം എവിടെയാണ് എത്തിച്ചേരേണ്ടത് എന്ന സ്വപ്നം വെറുമൊരു വ്യാമോഹപദ്ധതിയല്ല, ചില തത്ത്വബോധ്യങ്ങളുടെ പ്രകാശനമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയോടെ അന്തസ്സില്‍ ജീവിക്കാനുള്ള അവകാശം, ആരോഗ്യപരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള ഉറപ്പ്, ആരും ആരുടെയും കീഴിലല്ലാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മാര്‍ഗനിര്‍ദേശക തത്ത്വങ്ങളുടെ മുഖ്യഅജന്‍ഡകളാണ്. ജനാധിപത്യം, മതേതരത്വം എന്നിവയ്‌ക്കൊപ്പം സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നോര്‍ക്കണം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭക്തിപ്രസ്ഥാനക്കാലത്ത് ഉയിര്‍കൊണ്ട ജനകീയാഭിലാഷങ്ങളുടെ പരിണതപദം കൂടിയാണ് സോഷ്യലിസം. പരിസ്ഥിതിയിലെ പച്ചപ്പുപോലെ മേല്‍പ്പറഞ്ഞ സകലകാര്യങ്ങളും തളിര്‍ത്ത് നില്‍ക്കുന്നതായിരിക്കണം പുതിയ പാഠ്യപദ്ധതി.
മാതൃഭാഷ എന്ന
മനുഷ്യാവകാശം
ഇന്ന് ഇംഗ്ലീഷ് മീഡിയം പഠിച്ച് പുറത്തിറങ്ങുന്ന മിക്കകുട്ടികള്‍ക്കും ഒരു ഖണ്ഡിക തെറ്റില്ലാത്ത ഇംഗ്ലീഷില്‍ എഴുതാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഭൂരിപക്ഷം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും മാത്തമാറ്റിക്‌സുമെല്ലാം അധ്യാപകര്‍ കുട്ടികള്‍ക്ക് മലയാളത്തിലാണ് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുന്നത്. പിന്നെ അക്കാര്യം വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് വാചകങ്ങളില്‍ കരണ്ടെടുത്ത് ഉത്തരക്കടലാസുകളില്‍ ഛര്‍ദിക്കുകയാണ് പതിവ്. സമയത്തിന്റെയും ഊര്‍ജത്തിന്റെയും സുഗമമായ ചിന്താപ്രവാഹത്തിന്റെയും കനത്ത പാഴാക്കലാണ് ഈ ഏര്‍പ്പാട്.
ഗവണ്‍മെന്റ് ഓഫ് ഇന്ത്യാസ് റിപ്പോര്‍ട്ട് ഓണ്‍ വാല്യൂ ബേസ്ഡ് എജ്യുക്കേഷനും എന്‍.സി.എഫിന്റെ എജ്യുക്കേഷന്‍ ഫോര്‍ പീസും മൂല്യവിദ്യാഭ്യാസത്തിന്റെ സംസ്ഥാപനത്തെക്കുറിച്ച് വളരെ വേവലാതിപ്പെടുന്നുണ്ട്. എജ്യുക്കേഷന്‍ ഫോര്‍ വാല്യൂസ് ഇന്‍ സ്‌കൂള്‍സ്- എ ഫ്രേം വര്‍ക്ക് എന്ന രേഖ കുട്ടികളില്‍ സംഭവിക്കുന്ന മൂല്യശോഷണത്തെ അക്കമിട്ട് നിരത്തിക്കൊണ്ട് വെറും വസ്തുതാപഠനത്തോടുള്ള അമിതാഭിമുഖ്യത്തിന്റെ ദുരന്തഫലങ്ങളെ സൂചിപ്പിക്കുന്നു.
സ്‌നേഹവും സമാധാനവും ശാന്തിയും സമൂഹത്തില്‍ പുലരാന്‍ അവശ്യം ആവശ്യമായ മൂല്യതത്ത്വങ്ങളിലേക്ക് കുട്ടികള്‍ ഉണരണമെങ്കില്‍ ഇന്നത്തെ പാഠ്യഭാഗങ്ങളില്‍ നിന്ന് വിഭിന്നമായൊരു വിദ്യോദയസാധന സ്‌കൂളുകളില്‍ വേണ്ടിവരും. അതിനെയാണ് സൗന്ദര്യാത്മകവിദ്യാഭ്യാസം എന്ന നാമത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണസമിതിക്കുവേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
ബുദ്ധിപരവും വൈകാരികവുമായ മേഖലകള്‍ തമ്മിലുള്ള സമന്വയമാണ് മൂല്യങ്ങളില്‍ കലാശിക്കുന്നതെങ്കില്‍ സാഹിതീയവും സൗന്ദര്യാത്മകവുമായ തലങ്ങളിലൂടെയാണ് ആ പ്രക്രിയ സാക്ഷാത്കാരത്തിലെത്തുന്നത്. കലയും സാഹിത്യവും ആസ്വദിക്കാനുള്ള ശേഷി വളര്‍ത്തുന്നതിനുള്ള ഉപാധികൂടിയായിരിക്കണം വിദ്യാഭ്യാസം. ബുദ്ധിപരമായ ശേഷിയോടൊപ്പം സൗന്ദര്യാസ്വാദനശേഷിയും വികസിക്കണമെങ്കില്‍ സാഹിത്യപഠനം നിര്‍ബന്ധമായി വേണം. സാഹിത്യപഠനം എന്നത് സൗന്ദര്യാത്മക വിദ്യാഭ്യാസമാണ്.
അത് വൈകാരിക വിദ്യാഭ്യാസം കൂടിയാണ് (എഫക്റ്റിവിറ്റി). ആസ്വാദനശേഷി വര്‍ധിപ്പിക്കുന്ന തരത്തില്‍ മാതൃഭാഷയിലൂടെയുള്ള ശരിയായ സാഹിത്യപഠനം ഒരേസമയം മൂല്യപരവും സൗന്ദര്യാത്മകവുമായ അവബോധം വിദ്യാര്‍ഥിക്ക് നല്‍കുന്നു. അതിനാല്‍ എല്ലാ ക്ലാസുകളിലും മാതൃഭാഷയും മാതൃഭാഷാസാഹിത്യവും നിര്‍ബന്ധ പഠനവിഷയമാക്കണം.
പല വികസിതരാജ്യങ്ങളിലും പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍കൂടി സാഹിത്യ-കലാപഠനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ആരോഗ്യനികേതനം ആത്മാവില്‍ അലിയിച്ച ഒരു ഡോക്ടര്‍ അക്ഷരവിരോധിയായ മറ്റൊരുവനില്‍ നിന്ന് താരതമ്യങ്ങളില്ലാത്തവിധം വ്യത്യസ്തനായിരിക്കും. ഏത് പ്രൊഫഷണല്‍ മിടുക്കും പ്രവര്‍ത്തനക്ഷമമാകേണ്ടത് സമൂഹത്തിലായതിനാല്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സഹജീവിയോടുള്ള മനോഭാവം നിര്‍ണായകമാകുകയും അത് നിര്‍ണയിക്കാനുള്ള ഉപാധിയെന്ന നിലയ്ക്ക് സാഹിത്യത്തിലൂടെയുള്ള സൗന്ദര്യാത്മകവിദ്യാഭ്യാസം അതിപ്രധാനമാകുകയും ചെയ്യുന്നു.
ജീവലോകമാണ് പ്രാഥമികം
എത്രയധികം ആധുനികമായ മാധ്യമങ്ങളും വിവരസാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തിയാലും അതിനെല്ലാം പുറത്തുള്ള യഥാര്‍ഥലോകമാണ് (അതിനെ ജീവലോകം- ലൈഫ് വേള്‍ഡ് എന്ന് വിളിക്കാം) പ്രാഥമികവും പ്രധാനവുമെന്ന കാര്യം മറന്നുപോകരുത്. പഞ്ചേന്ദ്രിയങ്ങളെല്ലാം അറിവിന്റെ സ്രോതസ്സുകളാണ്. അവയെല്ലാം ഉണര്‍ന്നിരിക്കുന്നത് ജീവലോകത്താണ്. അതിനാല്‍ത്തന്നെ വിദ്യാര്‍ഥിയെ യഥാര്‍ഥജീവലോകവുമായി നിരന്തരം ബന്ധിപ്പിച്ചുനിര്‍ത്താനും അതുമായുള്ള ബന്ധത്തിന്റെ നിലവാരം പരിശോധിക്കുന്നത് മൂല്യനിര്‍ണയത്തിന്റെ ഭാഗമാക്കാനും ശ്രമിക്കേണ്ടതാണ്. കമ്പ്യൂട്ടറിനകത്തെ വെര്‍ച്വല്‍ ലോകത്ത് ഉള്ള കാര്യങ്ങള്‍ യഥാര്‍ഥലോകമല്ല, അതിന്റെ ഇമേജുകള്‍ മാത്രമാണ് എന്ന് വിദ്യാര്‍ഥിയെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. യഥാര്‍ഥലോകത്ത് യഥാര്‍ഥത്തിലുള്ള സഹജീവീവിനിമയങ്ങളുടെ, സാമൂഹികബന്ധങ്ങളുടെ, പ്രാഥമികത്വം ഉറപ്പിക്കേണ്ടതുമുണ്ട്.ലൈഫ് വേള്‍ഡുമായുള്ള ബന്ധക്കുറവ് കുട്ടികളില്‍ ഒരുതരം വസ്തുരതി ഉത്പാദിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ജീവപ്രകൃതിയോട് മനുഷ്യനുള്ള നൈസര്‍ഗികമായ അടുപ്പം (ബയോഫീലിയ) കൂടി അവരില്‍ പലപ്പോഴും നശിച്ചുപോകുന്നു. വികസിതരാജ്യങ്ങളിലെ കൗമാരക്കാര്‍ രാപകല്‍ മൊബൈല്‍ഫോണിലെ വെര്‍ച്വല്‍ ലോകത്ത് മുഴുകി സഹപാഠികളെയോ അയല്‍ക്കാരെയോ എന്തിന്, സഹോദരനെയോ സഹോദരിയെയോ പോലും തിരിഞ്ഞുനോക്കാത്തത് ലൈഫ് വേള്‍ഡ് നഷ്ടത്തിന്റെ ഗുരുതരാവസ്ഥ തന്നെയാണ്.
എന്‍.സി.എഫില്‍ പറഞ്ഞപോല വൃക്ഷങ്ങളും സസ്യങ്ങളും മൃഗങ്ങളും പറവകളും കീടങ്ങളുമെല്ലാമടങ്ങുന്ന ജീവലോകത്തിന്റേതായ ജൈവവൈവിധ്യത്തോട് (ബയോഡൈവേഴ്‌സിറ്റിയോട്) കുട്ടികളില്‍ സ്‌നേഹവും ആദരവും പരിഗണനയും സൃഷ്ടിക്കണമെങ്കില്‍ അവരില്‍ ലൈഫ് വേള്‍ഡ് ബന്ധം ഉറപ്പിക്കുകതന്നെ വേണം.
മൂന്നാംലോക പരിപ്രേക്ഷ്യം
തീര്‍ത്തും വ്യക്തിവത്കരണത്തിന് വിധേയമായി സാമൂഹികമൂല്യങ്ങള്‍ പലതും നഷ്ടപ്പെട്ട അവസ്ഥയിലാണ് പാശ്ചാത്യസമൂഹങ്ങള്‍. എന്നാല്‍, ഇപ്പോഴും സാമൂഹികബന്ധങ്ങളും മനുഷ്യ-പ്രകൃതി ബന്ധവും നിലനില്ക്കുന്ന ഇടമാണ് മൂന്നാംലോക സമൂഹങ്ങള്‍. ആ സാമൂഹികതയില്‍നിന്ന് വിദ്യാര്‍ഥിയെ പറിച്ചെടുത്ത് കേവലം കമ്പനി എക്‌സിക്യൂട്ടീവുകളാക്കി മാറ്റുക എന്നതായിരിക്കരുത് നമ്മുടെ വിദ്യാഭ്യാസത്തിലെ ആധുനികീകരണം. പരമ്പരാഗതമായ സമൂഹരൂപങ്ങളില്‍ നിലനിന്ന സാമൂഹികബോധത്തെ നമ്മുടെ രാഷ്ട്രം വിഭാവനംചെയ്യുന്ന മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങളായി പരിവര്‍ത്തനംചെയ്ത് വികസിപ്പിക്കുകയാണ്‌വേണ്ടത്. ആധുനികീകരിക്കുക എന്നാല്‍, പ്രാദേശിക മുദ്രകളെയും സവിശേഷതകളെയും അവഗണിക്കലാണ് എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. പ്രാദേശികതയുടെ സാംസ്‌കാരികവും ചരിത്രപരവും പാരിസ്ഥിതികവുമായ ഘടകങ്ങളെ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് നാം ശരിയായ രീതിയില്‍ ലോകമാനവികതയ്ക്ക് സംഭാവന ചെയ്യുന്നത്. പ്രീ-പ്രൈമറി, പ്രൈമറി, സെക്കന്‍ഡറി ഘട്ടങ്ങളിലെല്ലാം പഠനം ആരംഭിക്കേണ്ടത് മുമ്പിലുള്ള ലോകത്തോടും സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള ബന്ധത്തിലൂടെയാണ്. സാംസ്‌കാരികവും പാരിസ്ഥിതികവും ബോധപരവുമായി തനിമ ഉത്പാദിപ്പിക്കുന്നതായിരിക്കണം പാഠ്യപദ്ധതി.
വിജ്ഞാനശാഖകള്‍ തമ്മിലുള്ള വ്യത്യാസം
ലക്ഷ്യം
ഏതെങ്കിലും പ്രത്യേക മേഖലയിലെ ആളുകളെ സൃഷ്ടിക്കല്‍ മാത്രമല്ല, പൊതുജീവിതത്തിന്റെ എല്ലാ മേഖലയിലും ഉള്ള ആളുകളെ സൃഷ്ടിക്കലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും മാത്രമല്ല, പ്യൂര്‍ സയന്‍സ് രംഗത്തെ സയന്റിസ്റ്റുകള്‍, മറ്റ് വിഭാഗങ്ങളിലുള്ള വിദഗ്ധര്‍, ജനനേതാക്കള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ തുടങ്ങിയവരെയെല്ലാം സൃഷ്ടിക്കുന്നതിന് പര്യാപ്തമാകണം വിദ്യാഭ്യാസം, അതിനുതകുന്ന സമഗ്രമായ അടിത്തറ പ്രീ-പ്രൈമറി, പ്രൈമറി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി മേഖലകളിലുണ്ടാകണം.
യൂറോപ്പില്‍നിന്ന് വ്യത്യസ്തമായി പരിസ്ഥിതിയിലും ഭാഷകളുടെ എണ്ണത്തിലും വൈവിധ്യം പുലര്‍ത്തുന്നതാണ് മൂന്നാംലോക രാജ്യങ്ങള്‍. ഒരു കാലഘട്ടത്തില്‍ അധിനിവേശത്തിന് വിധേയമായ സമൂഹമെന്ന നിലയില്‍ ഈ വൈവിധ്യം നമുക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ തന്നെ പരിസ്ഥിതി സംരക്ഷണവും ഭാഷാസംരക്ഷണവും തമ്മിലുള്ള ബന്ധം എടുത്തുപറയുന്നുണ്ട്. ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ പ്രീ-പ്രൈമറി ഘട്ടത്തിലെങ്കിലും അവരുടെ മാതൃഭാഷയില്‍ പഠിക്കാന്‍ അനുവദിക്കണം. സാധ്യമാകുന്നിടത്തോളം ഇത് വികസിപ്പിക്കണം.
പ്രാദേശിക ഭാഷ, മാനകഭാഷ
പ്രാദേശികഭാഷയും മാനകഭാഷയും തമ്മിലുള്ള വ്യത്യാസത്തെ എങ്ങനെയാണ് പരിഗണിക്കേണ്ടത് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സാഹിതീയവും സൗന്ദര്യാത്മകവുമായ തലങ്ങളില്‍ പ്രാദേശിക വൈവിധ്യത്തെ ആവുന്നിടത്തോളം നിലനിര്‍ത്തുന്നതും ശാസ്ത്രപഠനത്തിനും മറ്റുമുള്ള മാധ്യമമെന്ന നിലയില്‍ വരുമ്പോള്‍ മാനകഭാഷയെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് നല്ലത്.
ആണ്‍-പെണ്‍ സഹവിദ്യാഭ്യാസം
പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം രൂപപ്പെടണമെങ്കില്‍ അവര്‍ ഒരുമിച്ച് ക്ലാസിലിരുന്ന് പഠിക്കുന്ന സാഹചര്യമുണ്ടാകണം. തന്നെപ്പോലെ വ്യക്തിത്വമുള്ളവളാണ് പെണ്‍കുട്ടിയെന്ന് ഒരു ആണ്‍കുട്ടി മനസ്സിലാക്കുന്നത് ഈ ഘട്ടത്തിലാണ്. ഈ ബന്ധം വളരുന്നില്ലെങ്കില്‍ കേവലം ഒരു വസ്തുമാത്രമായി അവളെ കാണുന്ന സമീപനമാണ് രൂപപ്പെടുക. സ്ത്രീപീഡനം വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്ന ഇക്കാലത്ത് സഹവിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നതിനുള്ള ശ്രമമുണ്ടാകണം.
ഭാഷാപഠനം
പ്രാദേശിക ഭാഷാഭേദങ്ങള്‍ ഭാഷയുടെ നിലനില്പിന്റെ രീതിയാണ്. വാമൊഴി രൂപത്തില്‍ നിലനില്ക്കുന്നത് പ്രാദേശിക ഭാഷയാണ്. എന്നാല്‍, വരമൊഴിക്ക് മാനകസ്വഭാവമുണ്ട്. അച്ചടി ഭാഷയെ മാനകീകരിച്ചിട്ടുമുണ്ട്. ക്ലാസ് മുറികളില്‍ കുട്ടികളെ അവരവരുടെ പ്രാദേശിക ഭാഷാഭേദങ്ങളില്‍ ആശയപ്രകാശനം നടത്താന്‍ അനുവദിക്കണം. അതേസമയം, മാനകഭാഷ പരിചയപ്പെടുത്തുകയും വേണം. ആ ഘട്ടത്തില്‍ അക്ഷരത്തെറ്റുകളും ശരിപ്പെടുത്തിക്കൊടുക്കാവുന്നതാണ്. തെറ്റുകൂടാതെ മാതൃഭാഷ എഴുതാനുള്ള പരിശീലനം പ്രാഥമികഘട്ടത്തിലുണ്ടാകേണ്ടതുണ്ട്. ഇംഗ്ലീഷിന്റെയും ഹിന്ദി, അറബി, സംസ്‌കൃതം തുടങ്ങിയ മറ്റ് ഭാഷകളുടെയും പഠനത്തില്‍ ഈ പരിശീലനം ഉചിതഘട്ടങ്ങളില്‍ ആവശ്യമാണ്.
ഭാഷയുടെ വ്യാകരണം പ്രയോഗത്തിലാണ് നിലനില്ക്കുന്നത്. മാതൃഭാഷ സംസാരിക്കുന്ന കുട്ടി സ്വാഭാവികമായി ആ വ്യാകരണം താനറിയാതെ സ്വാംശീകരിക്കുന്നുണ്ട്. എഴുത്തിന്റെ വ്യാകരണം എഴുതിത്തന്നെ പരിശീലിക്കേണ്ടതുണ്ട്. വാക്യഘടന ഈ ഘട്ടത്തില്‍ തിരുത്തിക്കൊടുക്കാവുന്നതാണ്. വ്യാകരണം പ്രത്യേകം പഠിപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അത് പ്രയോഗത്തിന് ഊന്നല്‍ കൊടുത്തുവേണം പഠിപ്പിക്കാന്‍.
ഉപകരണ വാദത്തിനപ്പുറം
2013 മാർച്ച് 18, തിങ്കളാഴ്‌ച
മലയാളം അല്ലെങ്കില്‍ മരണം - കെ.പി. രാമനുണ്ണി
മനുഷ്യനെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികമായ മരണം ജൈവികമായ മരണത്തിന് തുല്യമാണ്. സ്വയം പ്രകാശനക്ഷമമല്ലാത്ത, തന്റേതായ തിരിച്ചറിവുകളും മുന്‍ഗണനകളും നഷ്ടപ്പെട്ട, മറ്റുള്ളവരുടെ ആശയങ്ങളും സങ്കല്‍പ്പങ്ങളും അനുകരിക്കുന്ന മനുഷ്യജീവി ശ്വാസോച്ഛ്വാസം നടത്തുന്ന മൃതദേഹം മാത്രമാകുന്നു. അതായത്, ഒരു വൈദ്യശരീരം. മനുഷ്യനെ വെറും മൃതദേഹമാക്കി വെട്ടിച്ചുരുക്കാതെ സാംസ്‌കാരികമായി ജീവിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകമാകട്ടെ അവന്റെ മാതൃഭാഷയും.
വസ്തുതകള്‍ ഇങ്ങനെയായിരിക്കെ മലയാളികളെ ഒട്ടുക്ക് സാംസ്‌കാരികഹത്യക്ക് വിധേയമാക്കുന്ന നയങ്ങളാണ് മാതൃഭാഷാ അവഹേളനത്തിലൂടെ കേരളത്തിലെ പല വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. സമയം വളരെ വൈകിയിരിക്കുന്നു. പ്രശ്‌നം ഗുരുതരമായി മൂര്‍ച്ഛിച്ചിരിക്കുന്നു. ഇനിയും ഇത് തുടര്‍ന്നാല്‍ ഒരു ജനതയ്ക്കുതന്നെ 'വംശനാശം' സംഭവിക്കുമെന്ന അവസ്ഥയിലാണ് ഐക്യമലയാളപ്രസ്ഥാനം അനിശ്ചിതകാല നിരാഹാരത്തിലൂടെ മാതൃഭാഷാസമരത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. മലയാളികളുടെ സാംസ്‌കാരികജീവന്‍ നിലനിര്‍ത്താനുള്ള അടിയന്തരനടപടികള്‍ സര്‍ക്കാര്‍ ഉടനടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
ഒന്നാമതായി കേരളമണ്ണില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി മുതല്‍ പ്ലസ്ടുവരെയുള്ള സകലക്ലാസുകളിലും മലയാളം നിര്‍ബന്ധഭാഷയാക്കാന്‍ ഈ ബജറ്റ്‌സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുക.രണ്ടാമതായി നിര്‍ബന്ധിത മാതൃഭാഷാപഠനനിയമം പ്രാവര്‍ത്തികമാക്കാനുള്ള പിരീഡുകളെയും അധ്യാപകരെയും കണ്ടെത്തി തദനുസാരിയായ കല്‍പ്പനകള്‍ പുറപ്പെടുവിക്കുക. മൂന്നാമതായി കോടതിഭാഷ മലയാളമാക്കാനുള്ള നടപടികള്‍ അടിയന്തരമായി ആരംഭിക്കുക. നാലാമതായി കേരളത്തിലെ തൊഴില്‍ പരീക്ഷകളില്‍ മലയാളത്തിന് പ്രാധാന്യവും മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനപരീക്ഷകളില്‍ മാധ്യമപദവിയും നടപ്പില്‍വരുത്തുക.
ഈയൊരു അന്ത്യശാസനത്തിന്റെ അവസ്ഥയില്‍ മാതൃഭാഷകൊണ്ടുമാത്രം മനുഷ്യന് നിലനിര്‍ത്താവുന്ന സാംസ്‌കാരികജീവനത്തെക്കുറിച്ച് ചെറുതായെങ്കിലും വിലയിരുത്തേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.മനുഷ്യനെ മനുഷ്യനാക്കിയത് അവനില്‍ വളര്‍ച്ച പ്രാപിച്ച ഭാഷേന്ദ്രിയമാണെങ്കില്‍ ആ ഭാഷേന്ദ്രിയത്തിന്റെ ഘടനയും സ്വഭാവവും കാര്യക്ഷമതയും നിശ്ചയിക്കുന്നത് മാതൃഭാഷയാണെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കയാണ്. അതായത്, മാതൃഭാഷയിലൂടെ ലഭിക്കുന്ന വെള്ളവും വളവും പരിലാളനങ്ങളുമാണ് ഒരു കുട്ടിയുടെ ഭാഷാവയവത്തെ പുഷ്ടിപ്പെടുത്തുന്നത്. അങ്ങനെ പരിപുഷ്ടിപ്പെട്ട ഭാഷാവയവത്തിലൂടെയാണ് അവനില്‍/അവളില്‍ സര്‍ഗാത്മകത പൂക്കുന്നത്, വിവിധ വിജ്ഞാനശാഖകള്‍ സ്വായത്തമാകുന്നത്, എന്തിന് മറ്റുഭാഷകള്‍ പഠിക്കാനുള്ള കെല്‍പ്പുപോലും ഉണ്ടാകുന്നത്. അതിനാലാണ് ഐക്യരാഷ്ട്രസംഘടന 'സ്വന്തം നാവ്' ഒരു ജനതയുടെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചതും ഫിബ്രവരി 21-ാം തീയതി മാതൃഭാഷാദിനമായി ആചരിക്കുന്നതും. അപ്പോള്‍ മലയാളികളെ സംബന്ധിച്ച് അവരിലുള്ള മലയാളത്തിന്റെ നിക്ഷേപങ്ങളാണ് ആത്മാഭിമാനത്തിന്റെയും സംസ്‌കാരശക്തിയുടെയും നിദാനമെന്ന് വരുന്നു. മലയാളമെന്ന മൃതസഞ്ജീവനി ലഭിക്കാത്ത തിരുവനന്തപുരത്തുകാരനാകട്ടെ, കോട്ടയത്തുകാരനാകട്ടെ, കോഴിക്കോട്ടുകാരനാകട്ടെ, നല്ല കലാകാരനാകാന്‍ കഴിയുകയില്ല, ശാസ്ത്രജ്ഞനാകാന്‍ സാധിക്കുകയില്ല, പണ്ഡിതനാകാനും ഒക്കുകയില്ല.
കൊളോണിയല്‍ കാലഘട്ടത്തില്‍ സ്വാഭാവികമായും ഇന്ത്യന്‍ഭാഷകളെ ക്ഷയിപ്പിക്കാനും ഇംഗ്ലീഷിന്റെ മേധാവിത്വം അടിച്ചേല്‍പ്പിക്കാനും ബ്രിട്ടീഷ് ഭരണകൂടം ഉത്‌സുകമായിരുന്നു. നിര്‍ഭാഗ്യവശാല്‍ യൂറോപ്യന്‍ ലൈബ്രറികളുടെ ഒറ്റ ഷെല്‍ഫിന്റെ മൂല്യമേ മൊത്തം ഇന്ത്യന്‍സാഹിത്യത്തിനുള്ളൂവെന്ന് വിശ്വസിച്ച മെക്കാളെയുടെ മിനിറ്റ്‌സ്തന്നെയാണ് വിദ്യാഭ്യാസകാര്യത്തിലും ഭരണകാര്യത്തിലും നമ്മുടെ സര്‍ക്കാര്‍ ഇന്നും പിന്തുടരുന്നത്. ചില പ്രവൃത്തികളും അതിന്റെ പരിണതഫലങ്ങളും കാണുക-1. മെഡിസിന്‍, എന്‍ജിനീയറിങ് തുടങ്ങിയ പ്രൊഫഷണല്‍ രംഗങ്ങളിലും ഉന്നതവിദ്യാഭ്യാസരംഗങ്ങളിലും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അധിനിവേശഭാഷയെയാണ് (ഇംഗ്ലീഷിനെയാണ്) പഠനമാധ്യമമാക്കി നിലനിര്‍ത്തുന്നത്. എന്നാല്‍ ചൈന, ജപ്പാന്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, കൊറിയ, തയ്‌വാന്‍, ഇന്‍ഡൊനീഷ്യ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ മാതൃഭാഷയെ ഉന്നതപഠനങ്ങള്‍ക്കെല്ലാം ഉപയോഗപ്പെടുത്തി വിജ്ഞാനത്തിന്റെ വിതരണത്തില്‍ ഇന്ത്യാമഹാരാജ്യത്തെ കടത്തിവെട്ടിയിരിക്കുന്നു.
2. ഇന്ത്യന്‍ കോടതികളില്‍ നടക്കുന്ന കേസുകള്‍ 99 ശതമാനവും തദ്ദേശീയരായ ജനങ്ങളുടേതാണ്. ഈ കേസുകള്‍ വാദിക്കുന്ന വക്കീലന്മാരും കേള്‍ക്കുന്ന ജഡ്ജിമാരും നാട്ടുഭാഷകള്‍ അറിയുന്നവരാണ്. എന്നാല്‍, കോടതിവളപ്പിലേക്ക് കടന്നാല്‍ സകലരും സായിപ്പന്മാരായി മാറേണ്ട കോമാളിത്തം ദശാബ്ദങ്ങളായി ഇവിടെ മാത്രമാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
3. ജനങ്ങളോട് നാട്ടുഭാഷയില്‍ വോട്ടുചോദിച്ച് ജയിച്ചുചെന്നാല്‍ അവരെ ഇംഗ്ലീഷില്‍ ഭരിക്കേണ്ടുന്ന ഗതികേടാണ് ഇന്ത്യയില്‍ പൊതുവേ ജനപ്രതിനിധികള്‍ക്കുള്ളത്. സാമൂഹികവും സാമ്പത്തികവുമായ സകല തുറകളിലെയും പുരോയാനത്തെ അധിനിവേശഭാഷയുടെ ഈ അഞ്ചാം ചക്രം പഞ്ചറാക്കുന്നു. എന്നാല്‍, യൂറോപ്യന്‍ പാര്‍ലമെന്റിലെ ഒരംഗത്തിന് 23 ഔദ്യോഗികഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ പ്രസംഗിക്കാന്‍ അവകാശമുണ്ട്. കൂടാതെ അനൗദ്യോഗികഭാഷകളില്‍ അഭിസംബോധന ചെയ്യാനും ആ ഭാഷയില്‍ത്തന്നെ മറുപടി ലഭിക്കാനും അവര്‍ക്ക് അവസരമുണ്ട്.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തദ്ദേശീയഭാഷകള്‍ക്ക് കിട്ടുന്ന പദവിയേക്കാള്‍ മോശമാണ് സാക്ഷരകേരളത്തിലെ മധുരമലയാളത്തിന്റെ അവസ്ഥ എന്നതാണ് വസ്തുത. മലയാള അക്ഷരങ്ങള്‍ കണ്ണില്‍പെടാതെതന്നെ ഒരു കുട്ടിക്ക് പ്രീപ്രൈമറി മുതല്‍ ബിരുദാനന്തരബിരുദമോ ഡോക്ടറേറ്റോവരെ ഇവിടെ പൂര്‍ത്തീകരിക്കാന്‍ എളുപ്പമാണ്. ഇതിനുപുറമെ അധിനിവേശഭാഷാ പ്രത്യയശാസ്ത്രത്തിന്റെ വികലസ്വാധീനത്താല്‍ ഇംഗ്ലീഷ്മാത്രമേ രക്ഷയുള്ളൂ എന്ന ധാരണ നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്. മലയാളം മീഡിയം സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും അവഗണിക്കപ്പെടുന്നു. ദിവസക്കൂലിക്കാര്‍പോലും അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ വിദ്യാഭ്യാസച്ചുമട് തങ്ങളുടെ മക്കളെക്കൊണ്ട് പേറിക്കുകയും വകതിരിവില്ലാത്ത ഇണ്ണാമന്മാരായി അവരെ വളര്‍ത്തുകയും ചെയ്യുന്നു. സാഹചര്യം മുതലെടുക്കാന്‍ വിദ്യാഭ്യാസകച്ചവടക്കാര്‍ ചില ഇംഗ്ലീഷ് ഉച്ചാരണയന്ത്രങ്ങളെ പണിക്കുവെച്ച് ബിസിനസ് നടത്തുന്നു.
ഇത്തരം ദുരന്തമൂര്‍ധന്യത്തിലാണ് ഭാഷാസ്‌നേഹത്തിലുപരി മലയാളജനതയെ സര്‍വനാശത്തില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളഐക്യവേദിയും മലയാളസമിതിയും മലയാള സംരക്ഷണവേദിയും വിവിധകാലങ്ങളില്‍ ഉദ്ഭവിച്ചതും പിന്നീട് അവ ഐക്യമലയാളപ്രസ്ഥാനമായി സംലയിച്ചതും കേരളത്തിലുടനീളം മാതൃഭാഷാപ്രധാന്യത്തെക്കുറിച്ച് പ്രബോധനങ്ങള്‍ ആരംഭിച്ചതും. ഭാഗ്യവശാല്‍ ഭാഷാസമര്‍പ്പിതരായ കുറേ ചെറുപ്പക്കാരുടെ അക്ഷീണ പരിശ്രമങ്ങള്‍ ഫലംകാണുകതന്നെ ചെയ്തു. മലയാളമെന്നുപറഞ്ഞാല്‍ മോശപ്പെട്ട സംഭവമല്ലെന്നൊരു തോന്നല്‍ കേരളീയസമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ പതുക്കെ പടര്‍ന്നുപിടിച്ചു. സകല ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും ക്ലാസിക്കല്‍ പദവി കിട്ടിയിട്ടും നമുക്ക് കിട്ടാത്തത് ആഗോളീകൃത കേരളീയന്റെ 'നൈബേഴ്‌സ് എന്‍വിയെ' (നിഷേധാത്മകമെങ്കിലും) പ്രോജ്ജ്വലിപ്പിച്ചു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍മാത്രം മക്കളെ പഠിപ്പിക്കുന്ന സുജായിമാര്‍കൂടി ആ കുട്ടികളെ മലയാള സാഹിത്യമത്സരങ്ങളില്‍ പോരാടിച്ച് സമ്മാനം നേടിക്കുന്നതില്‍ പൊങ്ങച്ചപ്പെട്ടു. ധനാത്മകമായിട്ടാണെങ്കിലും ഋണാത്മകമായിട്ടാണെങ്കിലും മലയാളമെന്നൊരു ഓളം കേരളനഗരത്തെ ചെറുങ്ങനെ അനക്കി.
എല്ലാം കഴിഞ്ഞ് കടുത്ത സമ്മര്‍ദങ്ങള്‍ക്ക് ശേഷമായിരുന്നു സംസ്ഥാനസര്‍ക്കാര്‍ 2011 മെയ്മാസത്തില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ പി. പവിത്രന്‍ വിശേഷിപ്പിച്ച തരത്തില്‍ മാതാപിതാക്കള്‍ ആഗ്രഹിക്കാതെ ജനിച്ച സന്തതിയോടുള്ള മനോഭാവമായിരുന്നു ഈ ഉത്തരവിനോട് തുടര്‍ന്നുവന്ന സര്‍ക്കാര്‍പുലര്‍ത്തിയത്. പ്രതിഷേധങ്ങള്‍ക്ക് പകരമായ കണ്ണില്‍ പൊടിയിടലുകളുടെ ഭാഗമായി പിന്നീട് 2011 ജൂണിലും 2011 സപ്തംബറിലും ഇറങ്ങിയ ഒന്നാംഭാഷാ ഓര്‍ഡറുകള്‍ ആളുകളെ കളിപ്പീരാക്കുന്ന സര്‍ക്കാര്‍ സര്‍ക്കസ്സുകളുടെ ഉത്തമോദാഹരണവും മലയാളഭാഷാതാത്പര്യത്തെ പരിഹസിക്കുന്ന കോമാളിത്തവുമായി പരിണമിക്കുകയും ചെയ്തു.
ഇനി മാതൃഭാഷാസ്‌നേഹികള്‍ക്ക് ചെയ്യാനുള്ളത് സര്‍ക്കാറിന്റെ കപടതകളെ തുറന്നുകാട്ടി നിര്‍ബന്ധിതമാതൃഭാഷാപഠനനിയമം സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുക മാത്രമാണ്. മലയാളിയായി ജന്മംകൊണ്ട ആര്‍ക്കും, അയാള്‍ ഏത് ചിന്താഗതിക്കാരനാകട്ടെ, മുന്‍ഗണനക്കാരനാകട്ടെ, പ്രത്യശാസ്ത്രക്കാരനാകട്ടെ, മതക്കാരനാകട്ടെ, മലയാളത്തെ കേരളമണ്ണില്‍ സംസ്ഥാപിക്കുന്നതിന് അവനവന്റേതായ പ്രത്യേക കാരണങ്ങളുണ്ട്. ഒന്ന് പരിശോധിച്ചു നോക്കൂ-
നാടിന്റെ സാമ്പത്തികവികസനത്തിന് മുന്‍ഗണന നല്‍കുന്നവനാണോ നിങ്ങള്‍?
മാധ്യസ്ഥഭാഷയുടെ ഘര്‍ഷണങ്ങളില്‍ ദുര്‍വ്യയം ചെയ്യപ്പെടുന്ന ഊര്‍ജസമയങ്ങള്‍ നാട്ടിലെ സകല സ്ഥാപനങ്ങളെയും സാമ്പത്തികമായി തളര്‍ത്തുകയാണ്. തദ്ദേശഭാഷാ രാഷ്ട്രങ്ങള്‍ അധിനിവേശഭാഷാ രാഷ്ട്രങ്ങളേക്കാള്‍ ദ്രുതഗതിയില്‍ സാമ്പത്തികവികാസം കൈവരിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കടുത്ത ജനാധിപത്യവാദിയാണോ നിങ്ങള്‍?
കോടതിഭാഷയും ഭരണഭാഷയും കമ്പനിഭാഷയും ബാങ്ക്ഭാഷയുമെല്ലാം ഇംഗ്ലീഷാകുന്നത് വല്ലാത്ത അന്യവത്കരണം ജനങ്ങളില്‍ സൃഷ്ടിക്കുന്നു. മലയാളത്തിലൂടെ മാത്രമേ കേരളം പരിപൂര്‍ണമായി ജനാധിപത്യവത്കരിക്കപ്പെടുകയുള്ളൂ.
നാടിന്റെ സുവര്‍ണപാരമ്പര്യത്തില്‍ അഭിമാനിക്കുന്നവനാണോ നിങ്ങള്‍?
കേരളത്തിലെ ജനസംഖ്യയില്‍ 96 ശതമാനത്തിലധികം മലയാളം സംസാരിക്കുമ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അതത് ദേശഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ 89 ഉം 65 ഉം ശതമാനം വീതമാണ്. സാക്ഷരതയിലും ജാതിവിവേചനക്കുറവിലും പൊതുബോധ നിലവാരത്തിലും കേരളം ഇതര സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ സാഹിത്യപ്രധാന പാരമ്പര്യംകൊണ്ടുതന്നെയാണ്.
ഇംഗ്ലീഷ് സ്‌നേഹിയോ സംസ്‌കൃതസ്‌നേഹിയോ അറബിസ്‌നേഹിയോ ആണോ നിങ്ങള്‍?
ഇംഗ്ലീഷിലായാലും സംസ്‌കൃതത്തിലായാലും അറബിയിലായാലും നിങ്ങള്‍ക്ക് പ്രാഗല്ഭ്യമുണ്ടാകണമെങ്കില്‍ അമ്മമലയാളം അല്ലെങ്കില്‍ ഉമ്മമലയാളം മുലയൂട്ടിവളര്‍ത്തിയ ഭാഷേന്ദ്രിയംകൊണ്ടുതന്നെ ആ ഭാഷകള്‍ പഠിക്കണം. മാതൃഭാഷ മറ്റൊരു ഭാഷയ്ക്കും എതിരല്ല. മറിച്ച് അവയിലേക്ക് നമ്മെ തലയുയര്‍ത്തി പ്രവേശിപ്പിക്കുന്ന രാജകവാടമാണ്.
ഭൂരിപക്ഷസമുദായത്തിന്റെ പ്രതിനിധിയാണോ നിങ്ങള്‍?
ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം അന്വര്‍ഥമാകുന്ന തരത്തില്‍ ഭൂരിപക്ഷസമുദായത്തിന് മറ്റ് മതസ്ഥരുമായി ഇവിടെ കൂടിക്കഴിയാന്‍ അവസരമുണ്ടാക്കിയത് മലയാളമാണ്. ലോകപ്രശസ്തമാം വിധം നിങ്ങളുടെ സാമൂതിരിക്ക് കുഞ്ഞാലിമരയ്ക്കാരുമായുണ്ടായ ബന്ധത്തിനും കാരണം മലയാളമാണ്.
നിങ്ങളൊരു ന്യൂനപക്ഷസമുദായാംഗമാണോ?
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുഖ്യധാരയില്‍ നിങ്ങളെ തലയുയര്‍ത്തിപ്പിടിച്ച് നിര്‍ത്തുന്നത് മലയാളമാണ്. ഇഷ്ടികയുടെയോ കല്ലിന്റെയോ കോണ്‍ക്രീറ്റിന്റെയോ ബലത്തിലല്ല, മലയാളഭാഷയുടെ ബലത്തിലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം പള്ളികള്‍ ചേതോഹരമാംവിധം ഉയര്‍ന്നുനില്‍ക്കുന്നത്. നിങ്ങളുടെ സ്വത്വം നിങ്ങളുടേതല്ലെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് നിങ്ങളുടേത് തന്നെയാണെന്ന് വാദിക്കാനുള്ളതും മലയാളമാണ്.
അതിനാല്‍ ഐക്യമലയാളപ്രസ്ഥാനത്തിന്റെ മാതൃഭാഷാസമരം ഏത് വിഭാഗത്തില്‍പ്പെട്ട മലയാളിയുടെയും സ്വന്തമായിരിക്കും. എം.ടി., ഒ.എന്‍.വി., സാനുമാസ്റ്റര്‍, സുഗതകുമാരി, സച്ചിദാനന്ദന്‍, പുതുശ്ശേരി രാമചന്ദ്രന്‍, എം.പി. വീരേന്ദ്രകുമാര്‍ തുടങ്ങി നേരിട്ട് പിന്തുണ അറിയിച്ച മുതിര്‍ന്ന എഴുത്തുകാരുടെ മുതല്‍ മാതൃഭാഷാ നിഷേധത്താല്‍ നാവ് കൊഞ്ഞിപ്പോകുന്ന പിഞ്ചുകുഞ്ഞിന്റെവരെ പ്രാര്‍ഥന ഈ സമരത്തിന്റെ കൂടെയുണ്ട്. പിന്നെ, മലയാളം അല്ലെങ്കില്‍ മരണം എന്ന ശീര്‍ഷകം ഒരു പേടിപ്പെടുത്തലോ ഭീഷണിയോ അല്ല. സത്യത്തില്‍ സത്യമായൊരു സത്യത്തിന്റെ ദയനീയമായ അറിയിക്കലാണ്.
(ലേഖനത്തില്‍ ഉപയോഗിച്ച ചില വിവരങ്ങള്‍ക്ക് കെ. സേതുരാമന്റെ മലയാളത്തിന്റെ ഭാവി എന്ന പുസ്തകത്തിനോട് കടപ്പാട്)