മാധ്യമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാധ്യമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ഏപ്രിൽ 2, വ്യാഴാഴ്‌ച

2015 ഫെബ്രുവരി 21, ശനിയാഴ്‌ച

ഭാഷ ഒരു ജനതയുടെ സംസ്കാരം- ജയകുമാര്‍.

ഇന്ന് ലോക മാതൃഭാഷാ ദിനം
മാതൃഭാഷയുടെ വൈകാരിക പ്രാധാന്യത്തെക്കുറിച്ചാണ് നാം സാധാരണ ചിന്തിക്കാറ്. വിജ്ഞാന സമ്പാദനത്തിലും , വ്യാവഹാരിക ജീവിതത്തിലും മാതൃഭാഷക്ക് അവകാശപ്പെട്ട പ്രാധാന്യത്തെക്കുറിച്ച് വേണ്ടത്ര അവബോധം സമൂഹത്തില്‍ പുലരുന്നുണ്ടെന്നുപറഞ്ഞുകൂടാ. ഇംഗ്ളീഷ് മീഡിയത്തിലൂടെയുള്ള വിദ്യാഭ്യാസമെന്നത് മനുഷ്യപുരോഗതിക്ക് അനിവാര്യമായ ഒന്നാണെന്ന പ്രബലമായ ധാരണയില്‍ പ്രീ പ്രൈമറി ഘട്ടം മുതല്‍ തന്നെ മാതൃഭാഷയിലല്ലാതെ കുട്ടികളുടെ വിദ്യാഭ്യാസ പ്രക്രിയ ആരംഭിക്കുന്നു. കുഞ്ഞുങ്ങള്‍ക്കാവശ്യവും ഗുണകരവുമാണ് ഇംഗ്ളീഷ് മീഡിയത്തിലുള്ള വിദ്യാഭ്യാസം എന്ന ഉത്തമബോധ്യത്തിലാണ് രക്ഷിതാക്കള്‍ ഇതിന് തുനിയുന്നത്. അതിന് അവരെ പഴിച്ചുകൂടാ. മാതൃഭാഷയിലുള്ള വിദ്യാഭ്യാസം, പ്രത്യേകിച്ച് പ്രാഥമിക തലത്തില്‍, എന്തുമാത്രം പ്രധാനപ്പെട്ടതാണെന്നും, കുഞ്ഞുങ്ങളുടെ ഭൗതിക വളര്‍ച്ചക്കും ആത്മവിശ്വാസത്തിനും ആവിഷ്കാര ധൈര്യത്തിനും അത് വഹിക്കുന്ന പങ്ക് എത്ര വലുതാണെന്നും മനസ്സിലാക്കിക്കൊടുക്കുന്നതില്‍ പൊതുസമൂഹം പരാജയപ്പെട്ടതാണ് ഇതിന് കാരണം.
സര്‍വകലാശാല വിദ്യാഭ്യാസം മാതൃഭാഷയില്‍ വേണമോ വേണ്ടയോ എന്ന ചര്‍ച്ച അവിടെ നില്‍ക്കട്ടെ. പ്രീ പ്രൈമറി, പ്രൈമറി തലങ്ങളിലെങ്കിലും മാതൃഭാഷാ വിദ്യാഭ്യാസത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് ഒരു സമവായമുണ്ടാക്കാന്‍ നമുക്ക് കഴിയേണ്ടതാണ്. സ്വന്തം ഭാഷയിലൂടെയല്ലാതെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി അറിവുകളും അനുഭൂതികളും ആശയങ്ങളും വിശ്വാസങ്ങളും ഒരു കുട്ടിക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ളെന്ന് തിരിച്ചറിയാന്‍ സാമാന്യബോധം മതിയാകും. ഭാഷയിലൂടെ പ്രകാശിതമാകുന്നത് ഒരു ജനതയുടെ സംസ്കാരമാണ്; തലമുറകളുടെ സഞ്ചിതാനുഭവങ്ങളാണ്; നൂറ്റാണ്ടുകളായി സ്ഫുടം ചെയ്തെടുത്ത ആശയങ്ങളാണ്. അവയെ ഒരിക്കലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ മറ്റൊരു ഭാഷക്ക് സാധിക്കുകയില്ല. നമ്മുടെ ഭാഷയിലെഴുതപ്പെട്ട ഒരു കഥയോ നോവലോ വായിക്കാതെ അതിന്‍െറ ഇംഗ്ളീഷ് പരിഭാഷയേ വായിക്കൂ എന്ന് ശാഠ്യംപിടിച്ചാല്‍ ആ വായനക്കാരന് നഷ്ടപ്പെടുന്നത് എത്ര വലിയ അനുഭവ ധന്യതയാണ്! ഇതുപോലെയാണ് ലോകത്തോടുള്ള ബന്ധം വികസിപ്പിച്ചെടുക്കാന്‍ സ്വന്തം ഭാഷ ലഭ്യമായിരിക്കെ അത് ബോധപൂര്‍വം നിരാകരിച്ച് അന്യഭാഷ തേടിപ്പോകുന്നത്.
പഠിക്കുന്ന വിഷയങ്ങള്‍ അനുഭവമേഖലയിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ മാതൃഭാഷയിലൂടെ മാത്രമേ സാധിക്കൂ. അപ്പോള്‍ മാത്രമേ കുട്ടികളുടെ മൗലിക ചിന്തയും ഭാവനയും വിരിയുകയുള്ളൂ. ആ ആത്മവിശ്വാസത്തില്‍നിന്ന് മാത്രമേ അറിവിന്‍െറ ഓരോ മേഖലയിലും അഗ്രഗാമികളെ സൃഷ്ടിക്കാനാവൂ. കാരണം, ആത്മധൈര്യമാണ് ബൗദ്ധികമായ സാഹസികതക്കുവേണ്ട ഏറ്റവും അടിസ്ഥാനമൂലകം. ആത്മധൈര്യമാണ് ഇളം പ്രായത്തിലേ നമ്മള്‍ ചോര്‍ത്തിക്കളയുന്നത്. ഇംഗ്ളീഷ് പഠിക്കട്ടെ; ഒരു പുതിയ ഭാഷയായി. പക്ഷേ, മലയാളം മറക്കുന്നതെന്തിന്? രണ്ടാംകിട വിദ്യാര്‍ഥികളെയാണോ നമുക്കാവശ്യം? സമ്പന്നമായ ഒരു ഭാഷ സ്വന്തമായുണ്ടായിട്ട് അതിന്‍െറ വിലയറിയാതെ, വിലപ്പെട്ടതെന്ന് ധരിച്ചുപോയ ഇംഗ്ളീഷ് മീഡിയം വിദ്യാഭ്യാസത്തോടുള്ള മലയാളിയുടെ സമീപനം മാറിയെങ്കിലേ വൈജ്ഞാനിക മേഖലയില്‍ സ്വയം അടയാളപ്പെടുത്താനുള്ള നേട്ടങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍നിന്നും സര്‍വകലാശാലകളില്‍ നിന്നും ഉണ്ടാവുകയുള്ളൂ.

2014 നവംബർ 5, ബുധനാഴ്‌ച

നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം- കല്‍പറ്റ നാരായണന്‍




   കടപ്പാട്:മാധ്യമം.


                   
            ഇന്ന് കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപവത്കരിച്ചിട്ട് അരനൂറ്റാണ്ടിലേറെ പിന്നിട്ടപ്പോഴും നാം ഭാഷാപരമായി വളര്‍ച്ച നേടിയോ? കേരളീയന് മലയാളത്തിലൂടെ എത്താവുന്ന ഉയരം മറ്റൊരു ഭാഷയിലൂടെയും എത്താവതല്ല. ഭാവുകത്വമുള്ള മലയാളിക്ക് ആശാനോളം വരില്ല ടെന്നിസനും ബ്രൗണിങ്ങും കീറ്റ്സും. മലയാളിയുടെ ഭാഷാപരമായ പരാധീനതകളെക്കുറിച്ച് ചില ആലോചനകള്‍
ആദ്യത്തെ ഇരുട്ടിനെ (chaos) ജയിക്കാന്‍ മനുഷ്യനെ തുണച്ചത് മാതൃഭാഷയാണ്. ആദ്യ ഇരുട്ട് തരണം ചെയ്യാന്‍ ശിശുവിനെ തുണച്ചത് മാതാവുച്ചരിച്ച ഭാഷയായതിനാല്‍ അത് ‘മാതൃ’ഭാഷയായി. അമ്മയില്ലാത്ത കുഞ്ഞിന് അച്ഛനോ മാതൃപിതൃ സഹോദരിമാരിലാരെങ്കിലുമോ സഹോദരിയോ അമ്മയെ അനുകരിച്ചുകൊണ്ടാണ് ഈ ‘രക്ഷ’ നല്‍കുന്നത് എന്നതിനാലും പില്‍ക്കാലത്ത് നാമാര്‍ജിക്കുന്ന ഭാഷകളുടെയെല്ലാം അമ്മയായതിനാലും അത് ‘മാതൃഭാഷ’. ഗര്‍ഭസ്ഥ ശിശുവിനോട് കൊഞ്ചുന്ന അമ്മ അതിന് ‘സംസാര’ത്തിലെ വഴികള്‍ പരിചയപ്പെടുത്തുകയുമാണ്. അന്ധയും ബധിരയും മൂകയുമായ ഹെലന്‍ കെല്ലര്‍ ഭാഷ സ്വായത്തമാക്കിയ നിമിഷം അനുഭവിച്ച പ്രബുദ്ധത (enlightenment) ക്രമേണ പലപ്പോഴായി അത്ര അമ്പരപ്പോടെയല്ളെങ്കിലും അനുഭവിക്കുന്ന കാതും കണ്ണും നാവുമെല്ലാമുള്ള ഒരു സാമാന്യ ശിശു. ഭാഷ കൈവരിച്ചതോടെ താന്‍ അന്ധയോ ബധിരയോ മൂകയോ അല്ലാതായിത്തീര്‍ന്നെന്ന് ഹെലന്‍ കെല്ലര്‍ പറയുന്നു. സാമാന്യശിശു കണ്ണുതുറന്നിരിക്കുന്നുവെങ്കിലും അര്‍ഥവത്തായി കാണുന്നത് (നോക്കല്‍ അറിയലായി - ലുക്കിങ് സീയിങ്ങായി - മാറുന്നത്), കാതു തുറന്നിരിക്കുന്നുവെങ്കിലും അര്‍ഥവത്തായി കേള്‍ക്കുന്നത് സ്വായത്തമാക്കുന്ന ഭാഷയുടെ പരിധിക്കനുസരിച്ചാണ്. ബാല്യം സാക്ഷാത്കാരങ്ങളുടെ ഒരുത്സവ കാലം ആണ്. (സാക്ഷാത്കാരമെന്നാലോ മൗലികമായും ഭാഷാ സാക്ഷാത്കാരം തന്നെ. വഴങ്ങിയില്ല എന്നതിന് ഭാഷയായില്ല എന്നും പറയാം). ബാല്യം ആനന്ദകരമാവുന്നതിനുള്ള കാരണം അവള്‍/അവന്‍ അന്യവല്‍കരണം സംഭവിക്കുന്നതിനു മുമ്പുള്ള ഭാഷയില്‍ (സൂചകവും സൂചിതവും രണ്ടല്ലാത്ത ബോര്‍ഹസ് പറയുമ്പോലെ ഇടിയും അതിന്‍െറ ദേവതയും രണ്ടല്ലാത്ത ഭാഷയില്‍) സംവദിക്കുന്നതിനാലാണ്. സാക്ഷാത്കാരങ്ങളുടെ മാധ്യമമായ ‘മാതൃഭാഷ’യാണ് അവരുടെ മാധ്യമം എന്നതിനാലാണ്. (‘ബാല്യകാലസഖിയുടെ’ ആദ്യധ്യായങ്ങളുടെ സൗന്ദര്യമുള്ള ഒരു കൃതിയും മലയാളത്തില്‍ ഞാന്‍ വായിച്ചിട്ടില്ല, കാരണം മറ്റൊന്നല്ല). ശബ്ദം അര്‍ഥമുള്ള പദങ്ങളായി മാറുന്നതും കാഴ്ചകള്‍ പദാര്‍ഥങ്ങളായി മാറുന്നതും ഈ മാധ്യമത്തിന്‍െറ തുണയാല്‍. ഒരു ഈസോപ് കഥയില്‍ നേത്രരോഗം വന്ന് അന്ധയായിത്തീര്‍ന്ന ഒരുവള്‍ ചികിത്സക്ക് വിധേയയാവുന്നു. പൂര്‍ണമായി കാഴ്ച തിരിച്ചു കിട്ടിയാലേ പ്രതിഫലം തരൂ എന്ന ഉടമ്പടിയില്‍. ചികിത്സ കഴിഞ്ഞുപോവുമ്പോള്‍ വൈദ്യന്‍ നിത്യവും ഓരോ വിശിഷ്ട വസ്തു ആ വീട്ടില്‍നിന്ന് കടത്തുന്നു. പൂര്‍ണമായി കാഴ്ച തിരിച്ചുകിട്ടിയപ്പോള്‍ അവള്‍ പ്രതിഫലം നല്‍കാന്‍ വിസമ്മതിച്ചു. കേസ് കോടതിയിലത്തെി. അവള്‍ പറഞ്ഞു. മുമ്പ് കാഴ്ചയുണ്ടായിരുന്നപ്പോള്‍ ഞാന്‍ കണ്ടിരുന്നതൊന്നും ഇപ്പോള്‍ കാണാനാവുന്നില്ല. മുമ്പ് കണ്ടിരുന്നതെല്ലാം കാണാന്‍ കഴിയുമ്പോഴല്ളേ കാഴ്ച തിരിച്ചുകിട്ടിയെന്ന് പറയാനാവൂ. കാണുന്ന വസ്തുക്കളുടെ തിരിച്ചറിവല്ളേ കാഴ്ച. ഭാഷാസ്വാധീനമില്ലാത്ത ഒരുവള്‍ കാണുന്നെങ്കിലും കാണാത്ത, കേള്‍ക്കുന്നെങ്കിലും കേള്‍ക്കാത്ത പറയുന്നെങ്കിലും പറയാത്ത ഒരാള്‍. മനുഷ്യശിശു നാനാവിധത്തില്‍ വളരുന്നു; ഭാഷയിലൂടെ. പാദവും പദവും മാറിപ്പോവുന്നതില്‍ ചിലപ്പോള്‍ ഒൗചിത്യമുണ്ട്.
ഭാഷയാണ് മനുഷ്യന്‍െറ അതിര്‍ത്തി എന്ന് പറയുന്നു വിന്‍ഗിന്‍സ്റ്റിന്‍. മാതൃഭാഷയിലാണ് ഈ അതിര്‍ത്തിക്കല്ലുകള്‍ നാട്ടിയിട്ടുള്ളത്. കേരളീയന് മലയാളത്തിലൂടെ എത്താവുന്ന ഉയരം മറ്റൊരു ഭാഷയിലൂടെയും എത്താവതല്ല. ഭാവുകത്വമുള്ള ഒരു മലയാളിക്ക് ആശാനോളം വരില്ല ടെന്നിസനോ ബ്രൗണിങ്ങോ കീറ്റ് സോ? (ഒരിംഗ്ളീഷുകാരന് അതുമറിച്ചാവും. കവിതയുടെ മാധ്യമം ഏതെങ്കിലും ഭാഷയാവുക വയ്യ. മാതൃഭാഷയിലേ നാനാവിതാനങ്ങളുള്ള അനുഭവം ആവിഷ്കരിക്കപ്പെടൂ. കവിതയാണ് മാതൃഭാഷ എന്നൊരു സഹൃദയന്‍ പറയുന്നുവെങ്കില്‍ അതില്‍ ഈ കാരണവുമുണ്ടാവും). തത്ത്വചിന്തയോ ശാസ്ത്രസാങ്കേതിക വിചാരങ്ങളോ കേരളീയര്‍ അവ്യക്തഭാഷയില്‍ ആവിഷ്കരിക്കുന്നുവെങ്കില്‍ മാതൃഭാഷയതിനുള്ള ഉപസ്ഥിതി നേടാത്തതിനാല്‍. (മാതൃഭാഷയെ പുഷ്ടിപ്പെടുത്തി വരും തലമുറയെ ഏത് നൂലാമാലയും ആവിഷ്കരിക്കാനുള്ള പദകോശം നേടിക്കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മലയാള സര്‍വകലാശാലയും സാഹിത്യ അക്കാദമിയും സാംസ്കാരികവകുപ്പും ചെയ്യേണ്ടിയിരുന്നത്. ഇപ്പോഴത്തെ നിലയില്‍ കട്ടിലിനടിയില്‍ ഫുട്ബാള്‍ കളിക്കുന്ന കുട്ടികള്‍ക്കുള്ള ‘ഇടമേ’ മലയാളഭാഷയില്‍ നമുക്കുള്ളൂ. ഒരിക്കല്‍ ശ്രീനാരായണഗുരുവും പിന്നൊരിക്കല്‍ എം. ഗോവിന്ദനും സമീപകാലത്ത് നിസ്സാര്‍ അഹമ്മദും അഗാധമായ ചിന്തകള്‍ മലയാളത്തില്‍ ആവിഷ്കരിക്കാനുള്ള ശ്രമം നടത്തിയിരുന്നു.പക്ഷേ അതിനൊക്കെ പിന്തുണ നല്‍കേണ്ട സ്ഥാപനങ്ങള്‍ അനര്‍ഹര്‍ക്ക് ‘ഇടം’ നല്‍കാന്‍ മത്സരിച്ച് ‘ഇട’മെന്നാല്‍ കേവലമായ ഇടമാക്കി ചുരുക്കി) അന്യഭാഷ നമ്മെ ഒരു ‘തുടക്കമേ’ ആക്കൂ. മാതൃഭാഷ നമ്മെ ഒരു തുടര്‍ച്ചയാക്കുന്നു. കേരളത്തില്‍ അനവധി തുടങ്ങള്‍. തുടര്‍ച്ചകള്‍ നന്നെക്കുറച്ച്.
ദേശത്തെക്കാള്‍ വലിയ ‘തന്മ’യാണ് ഭാഷ. കേരളത്തിലൊരിടത്ത് രണ്ട് സെന്‍റ് സ്ഥലം വാങ്ങി, നികുതിയടച്ച്, വോട്ടേഴ്സ് ലിസ്റ്റില്‍ പേരും ചേര്‍ത്താല്‍ ഒരാള്‍ക്ക് കേരളീയനാകാം. മലയാളിയാവാനാവില്ല. മലയാളിയും മലയാളിയും തമ്മില്‍ പങ്കിടുന്ന ലോകങ്ങള്‍ കേരളീയനും കേരളീയനും തമ്മില്‍ സാധ്യമല്ല. ഐക്യകേരള പ്രസ്ഥാനം പക്ഷേ ദേശമാണ് ഭാഷയെക്കാള്‍ വലിയ തന്മയെന്ന് തെറ്റിദ്ധരിച്ചു. ‘മലയാളം’ എന്ന പേര് ഈ നാടിന് നല്‍കുന്നതിന് പകരം ‘കേരളം’ എന്ന പേര് നല്‍കി. (ദാരിദ്ര്യം കൊണ്ടായിരിക്കണം, വിശപ്പ് കൊണ്ടായിരിക്കണം,അപ്പം കൊണ്ടുമാത്രം ജീവിക്കാം എന്ന ഊറ്റം കൊണ്ടായിരിക്കണം). കേരളത്തിന് ചുരുങ്ങിയ വിസ്തൃതിയേയുള്ളൂ. ‘മലയാള’ത്തിന് അനന്തമായ വിസ്തൃതി. ‘ മലയാളം നമ്മുടെ മാതൃഭൂമി’ എന്ന ഭാവുകത്വമുള്ള ശീര്‍ഷകമാകുമായിരുന്നു അങ്ങനെയെങ്കില്‍ ഇ.എം.എസിന്‍െറ പുസ്തക ശീര്‍ഷകം.(‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്നൊരു വിസംവദിക്കുന്ന ശീര്‍ഷകമാണിപ്പോഴത്.) ‘ഭാഷ’ എന്ന വലിയ ‘തന്മ’ നമ്മെ വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുമായിരുന്നു. ‘മലയാള’ മായിരുന്നു നമ്മുടെ നാടിന്‍െറ പേരെങ്കില്‍ ഇക്കാലമാവുമ്പോഴേക്കും കേരളീയരുടെ ജീവിതത്തിന്‍െറ ഭാഷ മാതൃഭാഷയാകുമായിരുന്നു. (കോടതി ഭാഷയും ഭരണ ഭാഷയുമെല്ലാം മലയാളമാക്കീ നാം എന്നൊക്കെ വമ്പ് പറയാമെങ്കിലും ഈ ഭാഷകള്‍ ‘ഇംഗ്ളീഷിനെക്കാള്‍’ അന്യവല്‍കരണം സംഭവിച്ച പരിഭാഷാ ഭാഷകള്‍. ഉളുത്തുകയറും അതിലെന്തെങ്കിലും എഴുതുമ്പോള്‍. ലജ്ജകൊണ്ട് കുനിഞ്ഞു പോവും അതിലെന്തെങ്കിലും പറയുമ്പോള്‍) പഠന മാധ്യമം മാതൃഭാഷയല്ലാത്തൊരു കുട്ടിയോട് അനുകമ്പ തോന്നുമായിരുന്നു അങ്ങനെയെങ്കില്‍. മാതൃഭാഷയാണ് ഭൂമിയിലെ ഏറ്റവും വലിയ ഭാഷ, അതില്‍ പഠിക്കാന്‍ ഭാഗ്യമില്ലാതെ പോകുന്ന പാവം പണക്കാരോടുള്ള പുച്ഛം കൊണ്ട് നാം കുഴങ്ങുമായിരുന്നു. ഒരു പക്ഷേ അതിനും യുക്തിയുണ്ടായിരിക്കാം. അറിയുന്ന ഭാഷയില്‍ വിഷയങ്ങള്‍ പഠിക്കുന്നതിനു പകരം അറിയാത്ത ഭാഷയില്‍ വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ അന്യവത്കരണത്തിന്‍െറ അസ്വസ്ഥത തോന്നില്ലായിരിക്കാം.
എങ്കിലും ചോദിക്കട്ടെ, നമ്മുടെ മാതൃഭാഷ ആരുടെ മാതൃഭാഷയാണ്? പാഠപുസ്തകങ്ങളും പ്രബന്ധങ്ങളും പത്രങ്ങളും ചാനലുകളും പ്രഭാഷണങ്ങളും ആരുടെ ഭാഷയിലാണ് സംസാരിക്കുന്നത്? ശബ്ദതാരാവലി ആരുടെ മാത്രം പദനക്ഷത്രങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്? ആദിവാസികളുടെ, ദലിതരുടെ പദങ്ങള്‍ എത്രയുണ്ട് നമ്മുടെ നിഘണ്ടുക്കളില്‍? സവര്‍ണന് സവര്‍ണനായതില്‍ അഭിമാനം തോന്നിക്കുന്ന,അയാളുടേതല്ലാത്ത മറ്റെല്ലാ പദങ്ങളും അപരിഷ്കൃതമാക്കുന്ന അവസ്ഥ നിരന്തരം സൃഷ്ടിക്കുകയല്ളേ ഒരു പക്ഷേ സര്‍ഗാത്മ സാഹിത്യം ഒഴിച്ചുള്ള നമ്മുടെ ഭാഷാ സന്ദര്‍ഭങ്ങളെല്ലാം. ടെലിവിഷനോ കമ്പ്യൂട്ടറോ മൊബൈലോ ഇന്നോളം മലയാളമായോ? ക്ളച്ചിന് ‘പിടി’ എന്ന പദം ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര പെട്ടെന്ന് മലയാളി സവാരി (ഡ്രൈവിങ്) പഠിക്കുമായിരുന്നു! ഒരു വൈദേശിക പദത്തിന്‍െറ തുല്യമായ പദം സൃഷ്ടിക്കാന്‍ സംസ്കൃതപദകോശം സൂക്ഷിച്ച കലവറ മുറിയിലേക്ക് നാം പായുന്നതെന്തിന്? നാട്ടുഭാഷയില്‍ നിന്നൊരു പദം സ്വീകരിക്കാനോ, നാട്ടുഭാഷയുടെ താളമുള്ളൊരു ശബ്ദം ‘അഭിധ’യാക്കി കൈക്കൊള്ളാനോ നാം ശ്രമിക്കാത്തതെന്ത്? മണ്ണെണ്ണ, തീപ്പെട്ടി, തീവണ്ടി എല്ലാം രചിച്ച മനസ്സ് പിന്നീടെന്തേ പുതിയൊരധമബോധത്താല്‍ ഒളിവിലായി?
ദലിതന്‍െറ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവന്‍ പോലും ഈ വരേണ്യ ഭാഷയുടെ പുറകെ പോകുന്നതെന്തിന്? സംസ്കൃതത്തിന്‍െറ ഉടുപ്പിട്ടാല്‍ പ്രബുദ്ധനാവുമോ?

പ്രശസ്തനായ ഒരു വിദേശിയോ ക്രിക്കറ്റ് ചലച്ചിത്രതാരമോ, പ്രധാനമന്ത്രിയോ കാണാതെ ഉരുവിട്ട് പഠിച്ച ഒരു മലയാളപദം ഉച്ചരിക്കുമ്പോള്‍ എന്തൊരു കൈയടിയാണ് നമ്മുടെ സമ്മേളന ഹാളുകളില്‍. എന്‍െറ ഭാഷയില്‍ എന്നോട് സംസാരിക്കുന്നവരോട് എനിക്കെത്ര മമതയാണ്. ‘പാര്‍ക്കലാം’ എന്നൊരു തമിഴ് പദം കൊണ്ട് ഉത്തരേന്ത്യന്‍ അധികാരശക്തിയെ നിലക്കുനിര്‍ത്തിയ കാമരാജ് തമിഴര്‍ക്ക് എത്രമാത്രം പ്രിയങ്കരനായി എന്ന് നാം കണ്ടതല്ളേ? യു.എന്നില്‍ ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ നാടിന്‍െറ ഭാഷ എന്ന് തലയുയര്‍ത്തുന്നു നാം. മാതൃഭാഷയില്‍ നിന്നൊരു പദം നിഘണ്ടുവില്‍ കാണുന്ന ദിവസം, ഒൗദ്യോഗിക ഭാഷയില്‍ കാണുന്ന ദിവസം ഒരാദിവാസി അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍െറ വ്യാപ്തി നാം തിരിച്ചറിയേണ്ടതല്ളേ? ഒരു പണിയന് ദ്വിഭാഷിയെവെച്ച് വി.ജെ.ടി ഹാളില്‍ സംസാരിക്കാവുന്ന നാള്‍ എന്ന് വരും?
ദരിദ്രരില്‍ ദരിദ്രനായവന് എന്‍െറ പ്രവൃത്തി എങ്ങനെ പ്രയോജനപ്പെടും എന്ന ഉത്കണ്ഠ എന്നെ നയിക്കേണമേ എന്ന ഗന്ധിയന്‍ പ്രാര്‍ഥന ഭാഷയുടെ കാര്യത്തില്‍ വിവര്‍ത്തനം ചെയ്താല്‍ ഇങ്ങനെയായിരിക്കും. സകലര്‍ക്കും സുഗ്രഹമാകുന്ന ലളിതമായ ഭാഷയില്‍ ഏറ്റവും സങ്കീര്‍ണമായ കാര്യങ്ങളും പറയാവുന്ന വിധം എന്‍െറ ഭാഷ മാറേണമേ. മറ്റുള്ളവര്‍ക്ക് അപ്രാപ്യമായതുകൊണ്ട് മാത്രം മൂല്യം വര്‍ധിച്ച ഉപായങ്ങളുള്ള ഒരു ഹിംസാത്മകലോകത്താണ് നാം. അതില്‍നിന്ന് പുറത്തുകടക്കാന്‍ ഭാഷ അതിന്‍െറ ഹിംസാസ്മകത വെടിയണം. പൂന്താനവും നാരായണ ഗുരുവും എം. ഗോവിന്ദനും ആറ്റൂര്‍ രവിവര്‍മയുമെല്ലാം നമ്മുടെ മുന്നിലുണ്ട്. ബാല്യകാലസഖിയില്‍നിന്ന് പാത്തുമ്മയുടെ ആടിലേക്ക് ബഷീര്‍ സഞ്ചരിച്ചത് ഈ ഗാന്ധിയന്‍ വഴിയിലൂടെയായിരുന്നു. ആരും സഞ്ചരിക്കാത്തതിനാല്‍ കളകയറി ഇപ്പോഴാ വഴിയില്‍.
നാലാളെ കണ്ടാല്‍ നാം ഇംഗ്ളീഷിലോ സംസ്കൃതത്തിലോ വാലാട്ടും. ചൊറിയും ചിരങ്ങുംപോലുള്ള ഇംഗ്ളീഷ് നാമങ്ങള്‍ അപരിചിതമായ പത്രാസില്ലാത്ത രോഗങ്ങള്‍ മലയാളികള്‍ ഡോക്ടര്‍മാരോട് പറയാറില്ല. പരിഷ്കാരത്തിനുവേണ്ടി ചിലതൊക്കെ നാം പിന്നിലൊളിച്ചുവെക്കും. മോരിന്‍െറ ഇംഗ്ളീഷ് പര്യായമെന്താണ് എന്ന് ചോദിച്ച് വി.കെ. എന്നിന്‍െറ ഹാജ്യാര്‍ കളിയാക്കിയ പത്രാസ് നാം കൈവിടില്ല. എനിക്ക് ഇംഗ്ളീഷ് അറിയാം എന്ന പരാധീനതയുമുണ്ട് എന്ന് മറ്റൊരു വി.കെ.എന്‍ കഥാപാത്രം. പരിരക്ഷ കിട്ടാത്തതുകൊണ്ട് ദുര്‍ബലമായ മാതൃഭാഷയില്‍ പറയാതെ ഇംഗ്ളീഷിലോ സംസ്കൃതത്തിലോ പറയുന്നത് പരാധീനത തന്നെയല്ലേ?

2014 ജനുവരി 6, തിങ്കളാഴ്‌ച

ശ്രേഷ്ഠ മലയാളി മറന്നുകളയുന്ന ഭാഷയുടെ ബഹുസ്വരത- ഡോ. അസീസ് തരുവണ

മലയാളഭാഷ ‘ശ്രേഷ്ഠ’പദവി നേടിയശേഷം ഭാഷയുടെ നിലനില്‍പിനെപ്പറ്റിയും പ്രചാരണത്തെക്കുറിച്ചുമുള്ള ആലോചനകളും ചര്‍ച്ചകളും പലവിധത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഭാഷാസ്നേഹികളെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമാണിത്. ക്ളാസിക്കല്‍ പദവിപോലെ സന്തോഷിപ്പിച്ച മറ്റൊരു കാര്യം, തുഞ്ചത്തെഴുത്തച്ഛന്‍െറ മണ്ണില്‍ മലയാള സര്‍വകലാശാല സ്ഥാപിതമായതാവണം. അതേസമയം, ആഹ്ളാദാരവങ്ങള്‍ക്കിടയില്‍ മലയാള ഭാഷയുമായി ബന്ധപ്പെട്ട പല അടിസ്ഥാന ചോദ്യങ്ങളും വിസ്മരിക്കപ്പെടുകയാണ്. മലയാള ഭാഷയുടെ ബഹുസ്വരമായ പൈതൃകമാണ് അതില്‍ മുഖ്യം.
കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടക്കാണ് കേരളത്തില്‍ പൊതുമണ്ഡലം രൂപപ്പെട്ടതും എല്ലാവരും ഒരൊറ്റ ‘മാനക’ ഭാഷയിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ടതും. അതിനുമുമ്പ് കേരളത്തിലെ ഓരോ ജാതിമത വിഭാഗത്തിനും തനതായ എഴുത്തും സംസാരഭാഷയും ശൈലിയുമാണുണ്ടായിരുന്നത്. എന്നുമാത്രമല്ല അന്ന് നമ്പൂതിരിമാര്‍ എഴുത്തിനും മറ്റും ഏറക്കുറെ ഉപയോഗിച്ചിരുന്നത് സംസ്കൃതമായിരുന്നു. ക്രിസ്ത്യാനികള്‍ സുറിയാനിയും സുറിയാനി മലയാളവും. മുസ്ലിംകളാവട്ടെ, അറബിയും അറബി മലയാളവും. സവര്‍ണ മധ്യവര്‍ഗ വിഭാഗങ്ങളാണ് മുഖ്യമായും മലയാളമെന്ന് ഇന്ന് നാം വ്യവഹരിക്കുന്ന ഭാഷാരൂപം ഉപയോഗിച്ചിരുന്നത്. ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കാവട്ടെ, അക്ഷരവും തത്ജന്യമായ ജ്ഞാനലോകവും വിലക്കപ്പെട്ട കനിയായിരുന്നു. അന്ന് ഏകീകൃതമായ ഒരു ലിപി വ്യവസ്ഥപോലും നമുക്കുണ്ടായിരുന്നില്ല എന്ന് ചരിത്രം.
ബ്രിട്ടീഷുകാര്‍ പൊതുപള്ളിക്കൂടങ്ങള്‍ ആരംഭിക്കുകയും എല്ലാവരും ‘ഒരൊറ്റ’ മലയാളം പഠിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തതോടെയാണ് ഇന്നത്തെ മലയാളം എല്ലാവരുടേതുമായി തീര്‍ന്നത്. അതിനുമുമ്പ് സവര്‍ണ മധ്യവര്‍ഗം ഉപയോഗിച്ചിരുന്ന ഈ ഭാഷാരൂപം ഒരു ചെറുന്യൂനപക്ഷത്തിന്‍േറത് മാത്രമായിരുന്നു. ടെക്സ്റ്റ് ബുക്കുകളും മറ്റും നിര്‍മിച്ചവര്‍ മലയാളത്തിന്‍െറ ബഹുസ്വരമായ പൈതൃകത്തെ അവഗണിച്ചുകൊണ്ട് ‘സവര്‍ണ മലയാള’ത്തെ പൊതുവാക്കി മാറ്റി. അതോടെ നിരവധി വിഭാഗങ്ങള്‍ സാഹിത്യത്തിന്‍െറയും സംസ്കാരത്തിന്‍െറയും കേന്ദ്രസ്ഥലിയില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടു; ഒരു കാലത്ത് സവര്‍ണ വിഭാഗങ്ങള്‍ ഭക്തിയുടെ ഭാഗമായി മാത്രം പാരായണം ചെയ്ത അധ്യാത്മ രാമായണമടക്കമുള്ള ഹൈന്ദവ ഭക്തിസാഹിത്യം പൊതുവായി മാറി. 20ാം നൂറ്റാണ്ടിനുമുമ്പ് രചിക്കപ്പെട്ട ‘മലയാള’ സാഹിത്യകൃതികളില്‍ 90 ശതമാനവും സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട പുരാണേതിഹാസങ്ങളുടെയും ഉപനിഷത്തുക്കളുടെയും മറ്റും അനുകരണങ്ങളോ സ്വതന്ത്ര പരിഭാഷകളോ മറ്റോ ആണ്. 150 വര്‍ഷം മുമ്പുള്ള മലയാള സാഹിത്യ ചരിത്രത്തില്‍ ഒരൊറ്റ ക്രൈസ്തവ, മുസ്ലിം, ദലിത് എഴുത്തുകാരനെയും നമുക്ക് കണ്ടത്തൊനാവാത്തത് ഈ വിഭാഗങ്ങളില്‍പെട്ടവര്‍ രചനകള്‍ നിര്‍വഹിക്കാത്തതിനാലല്ല, മറിച്ച് അന്ന് ‘പൊതുമലയാളം’ രൂപപ്പെടാത്തതിനാലായിരുന്നു.
മലയാളഭാഷ രൂപപ്പെട്ടത് മൂലദ്രാവിഡഭാഷയില്‍നിന്നും ഭാഷക്ക് ഏറ്റവുമടുപ്പം തമിഴ് ഭാഷയോടുമാണ്. മലയാള ഭാഷയുമായി ഒരു രണ്ടാംതരം ബന്ധം മാത്രമുള്ള സംസ്കൃതത്തെ മലയാളം ഐച്ഛിക വിഷയമായി പഠിക്കുന്നവര്‍ മലയാളത്തോടൊപ്പം പഠിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് തമിഴിന് ആ സ്ഥാനം നഷ്ടപ്പെട്ടു?
‘പൊതു മലയാളം’ രൂപപ്പെടുത്തിയ തിരുവിതാംകൂറിലെ ‘തമ്പുരാക്കന്മാര്‍’ ടെക്സ്റ്റ്ബുക്കുകളും മറ്റും നിര്‍മിക്കുമ്പോള്‍ അവഗണിച്ച അറബി മലയാളമടക്കമുള്ള ഭാഷാ വ്യവഹാര രൂപങ്ങള്‍ക്ക്, മലയാളത്തെ ജനാധിപത്യവത്കരിക്കണമെന്ന് വാദിക്കുന്ന ഇക്കാലത്തുപോലും അര്‍ഹിക്കുന്ന വിധത്തിലുള്ള ഇടം കിട്ടുന്നില്ല എന്നതാണ് ഖേദകരം. മലപ്പുറം ജില്ലയില്‍ ആരംഭിച്ച മലയാള സര്‍വകലാശാലയില്‍പോലും അറബി മലയാളത്തിന് അയിത്തം കല്‍പിച്ചിരിക്കുകയാണ്.
അറബി ലിപി ഉപയോഗിച്ച് മലയാളമെഴുതുന്ന സമ്പ്രദായത്തെയാണ് അറബി മലയാളം എന്നുപറയുന്നത്. ഇന്ന് ഫേസ്ബുക്കിലും മറ്റും ഇംഗ്ളീഷ് അക്ഷരങ്ങള്‍കൊണ്ട് മലയാളം എഴുതുന്നതുപോലെ എന്നുപറയാം. മലയാള ഭാഷക്ക് ഏകീകൃത ലിപി വ്യവസ്ഥയില്ലാത്ത കാലത്ത് കേരളത്തിലെ മുസ്ലിംകള്‍ മലയാളത്തെ സക്രിയമായി ഉള്‍ക്കൊള്ളുന്നതിനുവേണ്ടി ആവിഷ്കരിച്ച ലിപി സമ്പ്രദായമായിരുന്നു അറബി മലയാളം. എഴുത്തച്ഛനുമുമ്പേ ഈ ലിപിവ്യവസ്ഥ കേരളത്തില്‍ നിലനിന്നിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അറബി മലയാളത്തിലെ കണ്ടുകിട്ടിയതില്‍വെച്ച് ഏറ്റവും പഴക്കമുള്ള കൃതിയായ മുഹ്യിദ്ദീന്‍മാല എഴുത്തച്ഛനുമുമ്പ് രചിക്കപ്പെട്ടതാണ്. ഈ ലിപി വ്യവസ്ഥയില്‍ ആയിരത്തിലേറെ ഗദ്യഗ്രന്ഥങ്ങളും 6000ത്തിലേറെ പദ്യഗ്രന്ഥങ്ങളും ഉള്ളതായി ഗവേഷകനായ കെ.കെ. അബ്ദുല്‍കരീം രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്ര ഗവേഷകനായ ശൂരനാട് കുഞ്ഞന്‍പിള്ള അറബി മലയാളത്തിന്‍െറ അനന്ത സാധ്യതകളെപ്പറ്റി പറഞ്ഞത് ഇങ്ങനെ: ‘പ്രകാശിതവും അപ്രകാശിതവുമായ ആയിരക്കണക്കിന് ഗദ്യ-പദ്യ പുസ്തകങ്ങള്‍ അറബി മലയാളത്തിലുണ്ടെന്ന് കേള്‍ക്കുന്നു. കേരളയാത്രക്കിടയില്‍ അവയില്‍ പലതും ഞാന്‍ വായിച്ചുകേട്ടു. എല്ലാ ശാസ്ത്രങ്ങളെക്കുറിച്ചുമുള്ള നിലവാരം പുലര്‍ത്തുന്ന ഗ്രന്ഥങ്ങളും നിഘണ്ടുക്കളും അതില്‍പെടുന്നു. കണ്ണൂരിലെ അറക്കല്‍ ആലി രാജാവിന്‍െറ പിന്‍ഗാമികള്‍ കേരളം അടക്കിവാണിരുന്നെങ്കില്‍ മലയാള ഭാഷയുടെ സര്‍വാംഗീകൃത ലിപി തന്നെ അറബി മലയാളമാവുമായിരുന്നു’.
അറബി മലയാളത്തില്‍ അസംഖ്യം വൈജ്ഞാനിക ഗ്രന്ഥങ്ങളും സര്‍ഗാത്മക കൃതികളുമുണ്ടായിട്ടുണ്ട്. ചരിത്രം, വൈദ്യം, ഭാഷാശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സമുദ്രവിജ്ഞാനം, പരിഭാഷകള്‍ തുടങ്ങി അന്ന് വികസിച്ച എല്ലാ വൈജ്ഞാനിക ശാഖകളും ഈ ലിപി വ്യവസ്ഥയില്‍ എഴുതപ്പെട്ടിട്ടുണ്ട്. ഗാനങ്ങള്‍, കവിതകള്‍, കഥകള്‍, പേര്‍ഷ്യന്‍-അറബി നോവലുകളുടെ പരിഭാഷകള്‍, ലഘുനോവലുകള്‍ എന്നീ വിഭാഗങ്ങളില്‍ അറബി മലയാളത്തില്‍ രചിക്കപ്പെട്ട കൃതികള്‍ അസംഖ്യമാണ്.
അറബി മലയാള സാഹിത്യത്തിലെ പദ്യശാഖയാണ് മാപ്പിളപ്പാട്ടുകള്‍. മാലപ്പാട്ടുകള്‍, കിസ്സപ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, മദ്ഹ് പാട്ടുകള്‍, വിരുത്തങ്ങള്‍, കെസ്സുകള്‍ എന്നിങ്ങനെ മാപ്പിളപ്പാട്ടില്‍ നിരവധി ശാഖകളുണ്ട്. ഈ ഓരോ ശാഖയിലും നൂറുകണക്കിന് പാട്ടുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മലയാള ഭാഷയില്‍ എഴുതപ്പെട്ടതിലേറെ കൊളോണിയല്‍ വിരുദ്ധ പടപ്പാട്ടുകള്‍ അറബി മലയാളത്തിലുണ്ട്. അവയില്‍ പലതും സ്വാതന്ത്ര്യ സമര സേനാനികളെ ആവേശം കൊള്ളിച്ചവയാണ്. മലപ്പുറം പടപ്പാട്ട്, ചേറൂര്‍ പടപ്പാട്ട്, ഖിലാഫത്ത് ലഹളപ്പാട്ടുകള്‍ തുടങ്ങിയ പടപ്പാട്ടുകള്‍ എന്തുകൊണ്ടോ നമ്മുടെ ‘മുഖ്യധാര’യില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ഇതില്‍ ചേറൂര്‍ പടപ്പാട്ട് അടക്കമുള്ള നിരവധി പടപ്പാട്ടുകള്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടുകയുണ്ടായി. മലയാളത്തില്‍ സഞ്ചാരസാഹിത്യം ആരംഭിക്കുന്നതിനു പതിറ്റാണ്ടുകള്‍ക്കുമുമ്പേ അറബി മലയാളത്തില്‍ ‘സര്‍ക്കീട്ട് പാട്ടുകള്‍’ ഉണ്ടായിരുന്നു.
മലയാളത്തിലെ ലക്ഷണമൊത്ത ഒന്നാമത്തെ നോവലായി ഗണിക്കപ്പെടുന്ന ഒ. ചന്തുമേനോന്‍ രചിച്ച ‘ഇന്ദുലേഖ’ പ്രസിദ്ധീകരിക്കുന്നതിന് ആറുവര്‍ഷം മുമ്പ് അമീര്‍ ഖുസ്റു പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച ‘ചാര്‍ ദര്‍വേശ്’ അറബി മലയാളത്തില്‍ വെളിച്ചം കാണുകയുണ്ടായി. ഹിജ്റ വര്‍ഷം 1303ല്‍ തലശ്ശേരിയില്‍നിന്ന് ‘തത്തയുടെ കഥ’ എന്ന നോവല്‍ പരിഭാഷയും പ്രസിദ്ധീകരിക്കപ്പെട്ടു. അറബി മലയാളത്തില്‍ പരിഭാഷയായും സ്വതന്ത്രമായും രചിക്കപ്പെട്ട അമ്പതോളം നോവലുകളുണ്ട്. കേ
രള മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങള്‍ ആദ്യകാലത്ത് ഒട്ടേറെ അറബി മലയാള പത്രമാസികകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള മുസ്ലിം പത്രപ്രവര്‍ത്തന ചരിത്രം ആരംഭിക്കുന്നതുതന്നെ അറബി മലയാള മാസികകളിലൂടെയാണ്. സനാഉല്ല മക്തി തങ്ങള്‍, കെ.എം. മൗലവി, വക്കം മൗലവി, ശൈഖ് ഹമദാനി തങ്ങള്‍, കേരള മുസ്ലിം ഐക്യസംഘം, കേരള ജംഇയ്യതുല്‍ ഉലമ തുടങ്ങി ആദ്യകാല നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും പ്രസിദ്ധീകരിച്ച അറബി മലയാള പത്രമാസികകള്‍ കേരള മുസ്ലിം നവോത്ഥാനത്തിന്‍െറ ഭാഗമാണ്. ഒരുപക്ഷേ, കേരളത്തില്‍ ഉണ്ടായ ആദ്യത്തെ വനിതാമാസിക 1929ല്‍ കോമുകുട്ടി മൗലവി വനിതകള്‍ക്കായി പ്രസിദ്ധീകരിച്ച നിസാഉല്‍ ഇസ്ലാം മാസികയാണ്.
അറബി മലയാളത്തെ മലയാള ലിപിക്കനുസരിച്ച് പരിഷ്കരിച്ചതും വ്യാകരണ വ്യവസ്ഥകള്‍ തയാറാക്കിയതും നവോത്ഥാന നായകനായ മക്തി തങ്ങള്‍ അടക്കമുള്ള മഹാന്മാരായിരുന്നു. മലയാളത്തിന് ഏകീകൃതമായ ലിപി വ്യവസ്ഥയില്ലാതെ വട്ടെഴുത്തിലും കോലെഴുത്തിലും തോന്നിയപോലെ എഴുതിയിരുന്ന കാലത്ത് മലയാളത്തെ ക്രിയാത്മകമായി അടയാളപ്പെടുത്താനും ഉള്‍ക്കൊള്ളാനുംവേണ്ടി രൂപപ്പെടുത്തിയ അറബി മലയാളത്തില്‍ കത്തെഴുത്ത് മുതല്‍ സകല വ്യവഹാരങ്ങളും നിര്‍വഹിക്കപ്പെട്ടിരുന്നു. സി.എച്ച്. മുഹമ്മദ്കോയ പറഞ്ഞതുപോലെ, ‘കേരളത്തിലെ മുസ്ലിംകള്‍ എക്കാലത്തും അറബി മലയാളത്തിലൂടെ സാക്ഷരത കൈവരിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരള മുസ്ലിം ചരിത്രമെഴുതിയവരില്‍ പലരും അറബിയിലും അറബി മലയാളത്തിലും നിരക്ഷരരായിരുന്നതുകൊണ്ട് അവയിലുണ്ടായ സാഹിത്യ സമ്പത്തിനെയോ പൈതൃകത്തെയോ അവര്‍ക്ക് കാണാന്‍ പറ്റിയില്ല’.
ബ്രിട്ടീഷുകാര്‍ പൊതുപള്ളിക്കൂടങ്ങളിലേക്കുള്ള പാഠപുസ്തകങ്ങള്‍ തയാറാക്കാന്‍ ഏല്‍പിച്ച സവര്‍ണ എഴുത്തുകാര്‍ ചെയ്ത വലിയൊരു പാതകം കൂടി ഇതോടൊപ്പം ചര്‍ച്ച ചെയ്യേണ്ടതാണ്. അവര്‍ പരിഗണിച്ചത് ആര്യനെഴുത്തിനെ മാത്രമായിരുന്നു. ആര്യനെഴുത്താവട്ടെ, ദലിതുകള്‍ അടക്കമുള്ള കീഴാള വിഭാഗങ്ങളുടെ വാമൊഴി ഭാഷകളെ തകര്‍ത്തുകൊണ്ടാണ് കേരളത്തില്‍ ആധിപത്യം നേടിയത്. പറയഭാഷ പോലുള്ള ദലിത് ഭാഷകളില്‍നിന്ന് നാമ്പെടുത്തതാണ് മലയാള ഭാഷയെന്നും വാമൊഴിയായ ദലിത് ഭാഷകളെ പിന്തള്ളി ആദ്യം ചെന്തമിഴും പിന്നെ സംസ്കൃതവും കീഴാളരിലേക്ക് അരിച്ചിറങ്ങുകയായിരുന്നെന്നും ‘ദലിത് ഭാഷ’ എന്ന പുസ്തകത്തില്‍ കവിയൂര്‍ മുരളി രേഖപ്പെടുത്തുന്നു.
വിവിധ ജാതി വിഭാഗങ്ങളുടെ ഭാഷാഭേദങ്ങളെ തകര്‍ത്തുകൊണ്ടാണ് ആര്യസംസ്കൃതിയുടെ ഭാഷയും സംസ്കാരവും കേരളത്തില്‍ അടിച്ചേല്‍പിക്കപ്പെട്ടത്. അതോടെ വേറിട്ട സ്വത്വം കാത്തുസൂക്ഷിച്ച മാപ്പിള മുസ്ലിംകളുടെ ലിഖിതഭാഷയായ അറബി മലയാളവും ‘മാപ്പിള മലയാള’വും പ്രാന്തവത്കരിക്കപ്പെട്ടു; നൂറ്റാണ്ടുകള്‍ പഴക്കമുള്ള കീഴാളരുടെ വാമൊഴി സാഹിത്യം തമസ്കരിക്കപ്പെട്ടു. ചെറുത്തുനില്‍പിന്‍െറ പാരമ്പര്യമുള്ള മുസ്ലിംകള്‍ സ്വാഭാവികമായും സാംസ്കാരികമായ ഈ അധിനിവേശത്തോടു കലഹിച്ചുനിന്നു. അറബി മലയാളത്തില്‍നിന്ന് ‘പൊതുമണ്ഡല’ത്തിലെ മലയാളത്തിലേക്ക് മാറുന്ന സന്ദിഗ്ധ ഘട്ടത്തില്‍ ‘നായര്‍ മലയാള’ വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍ അടങ്ങുന്ന ‘ബൈത്തു’കള്‍ അറബി മലയാളത്തില്‍ ഉണ്ടായതിന്‍െറ ചരിത്ര പശ്ചാത്തലമിതാണ്.
മലയാള സര്‍വകലാശാല അടക്കമുള്ള കേരളത്തിലെ സര്‍വകലാശാലകള്‍ ഇത്തരം ഭാഷാരൂപങ്ങളെക്കൂടി ഉള്‍ക്കൊള്ളാന്‍ വിശാലമായ കാഴ്ചപ്പാടിലേക്ക് വളരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ ശ്രേഷ്ഠമലയാളം ജനാധിപത്യവത്കരിക്കപ്പെട്ടു എന്ന് അഭിമാനിക്കാന്‍ സാധിക്കുകയുള്ളൂ. ഒപ്പം ക്ളാസിക്കല്‍ പദവിയിലൂടെ ലഭ്യമാവുന്ന നൂറുകോടിയില്‍നിന്നും ഒരു തുക അറബി മലയാള ലിപിവ്യവസ്ഥയിലെ ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് ലിപ്യന്തരണം നടത്താന്‍ വിനിയോഗിക്കേണ്ടതുണ്ട്. കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകംപോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍വഴി ലിപ്യന്തരണ പദ്ധതി നടപ്പാക്കാവുന്നതാണ്.
മലയാള സര്‍വകലാശാലയില്‍ അറബി മലയാള ഭാഷാപഠനത്തിനും ഗവേഷണത്തിനും പ്രത്യേക പഠനവിഭാഗം ആരംഭിക്കേണ്ടത് മലയാളത്തിന്‍െറ വികാസത്തിന് അനിവാര്യമാണ്.

മാധ്യമം

2013 ജൂൺ 12, ബുധനാഴ്‌ച

സഭയില്‍ മലയാളം മുഴങ്ങി

തിരുവനന്തപുരം: ആറ് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ‘ഓണറബിള്‍ മെംബേഴ്സ് ഓണറബിള്‍ സ്പീക്കര്‍’ എന്ന വിളിച്ചുചൊല്ലല്‍ നിയമസഭയില്‍ നിന്ന് പടിയിറങ്ങി.പകരം മലയാളം സ്ഥാനം പിടിച്ചു. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിനെ തുടര്‍ന്നാണ് മാറ്റം.
സ്പീക്കര്‍ സഭയില്‍ പ്രവേശിക്കുന്നതിന് വരവറിയിക്കുന്ന സമ്പ്രദായം ആരംഭിച്ചത് 1949 ഡിസംബറില്‍ തിരു-കൊച്ചി നിയമസഭയിലാണ്. സ്പീക്കര്‍ വരുന്ന വിവരം സഭയെ അറിയിക്കണമെന്ന് 1949 ഡിസംബര്‍ 13ന് തിരു-കൊച്ചി സഭയില്‍ കെ.കൊച്ചുകുട്ടനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്പീക്കര്‍ ടി.എം. വര്‍ഗീസിന്‍െറ നിര്‍ദേശ പ്രകാരം ‘ഓണറബിള്‍ മെംബേഴ്സ് ഓണറബിള്‍ സ്പീക്കര്‍’ എന്ന അറിയിപ്പ് നിലവില്‍ വന്നു. ആദ്യകാലത്ത് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിമാരാണ് ഇത് വിളിച്ചു പറഞ്ഞിരുന്നത്. പിന്നീടാണ് സുരക്ഷാ ചുമതലയുള്ള മാര്‍ഷലിന്‍െറ ചുമതലയായത്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സഭയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ‘ബഹുമാനപ്പെട്ട അംഗങ്ങളേ, ബഹുമാനപ്പെട്ട സഭാധ്യക്ഷന്‍’എന്ന അറിയിപ്പാണ് വന്നത്. കൈകള്‍ കൂപ്പി നമസ്കാരം പറഞ്ഞാണ് സഭാധ്യക്ഷനെ അംഗങ്ങള്‍ എതിരേറ്റത്.

2013 മേയ് 22, ബുധനാഴ്‌ച

‘കോടതികള്‍ സാധാരണക്കാരന്‍െറ ഭാഷ സ്വീകരിക്കണം’

കാസര്‍കോട്: കോടതിയുടെ ഇംഗ്ളീഷ് ഭാഷ മാറ്റി സാധാരണക്കാരന്‍െറ ഭാഷയില്‍ കോടതി വ്യവഹാരങ്ങള്‍ നടത്തണമെന്ന് ഔദ്യാഗിക ഭാഷ ഉന്നതതല സമിതി അംഗവും എഴുത്തുകാരനുമായ കെ.എല്‍. മോഹനവര്‍മ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ജില്ല ഭരണകൂടം സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയില്‍ എന്ത് നടക്കുന്നുവെന്ന് സാധാരണക്കാര്‍ക്ക് അറിയുന്നില്ല. സാധാരണക്കാരന്‍െറ ഭാഷ ഇന്നും കോടതിക്ക് പുറത്തുതന്നെയാണ്. അതത് പ്രദേശത്തിന്‍െറ ഭാഷ കൂടി ഉള്‍പ്പെട്ടതായിരിക്കണം ഭരണഭാഷ. പൊതുജനങ്ങളുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ സാധാരണക്കാരന്‍െറ ഭാഷതന്നെ ഉപയോഗിക്കണം. അതിര്‍ത്തി പ്രദേശമായ കാസര്‍കോട്ട് നീതി ഉറപ്പാക്കാന്‍ കന്നടക്കാര്‍ക്ക് കൂടി പരിഗണന നല്‍കണമെന്നും മോഹനവര്‍മ അഭിപ്രായപ്പെട്ടു. മാതൃഭാഷയാണ് ഏറ്റവും ശക്തമായ ഭാഷ. അതുകൊണ്ടുതന്നെ മാതൃഭാഷയെ പുഷ്ടിപ്പെടുത്തണമെന്ന് എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പറഞ്ഞു. കാസര്‍കോടിന്‍െറ വൈവിധ്യം നിലനിര്‍ത്തി ഭരണഭാഷ നടപ്പാക്കണമെന്നും ഇംഗ്ളീഷ് മിശ്രിത പത്രഭാഷകള്‍ ഭാഷയുടെ തനത് സംസ്കാരത്തെ ഇല്ലാതാക്കുന്നുവെന്നും ഡോ. എ.എം. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍, പത്മനാഭന്‍ ബ്ളാത്തൂര്‍, എ.എസ്. മുഹമ്മദ്കുഞ്ഞി എന്നിവര്‍ പങ്കെടുത്തു. ജില്ല കലക്ടര്‍ പി. എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും എ.ഡി.എം എച്ച്. ദിനേശന്‍ നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി നടത്തിയ പ്രശ്നോത്തരി മത്സരത്തിലും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തിയ കവിതാരചന മത്സരത്തിലും വിജയികളായവര്‍ക്ക് കെ.എല്‍. മോഹനവര്‍മ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പി. സേതുലക്ഷ്മി കുമാരനാശാന്‍െറ കവിത ആലപിച്ചു.

മാധ്യമം

2013 മേയ് 15, ബുധനാഴ്‌ച

സിവില്‍ സര്‍വീസില്‍ മലയാളത്തിന്റെ ‘ഹരിത ശ്രീ’


തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന് അഭിമാനനേട്ടം; ആദ്യ നാല് റാങ്കുകളില്‍ മൂന്നും മലയാളികള്‍ക്ക്. തിരുവനന്തപുരം തൈക്കാട് സംഗീത് നഗര്‍ സായ്സിന്ദൂരത്തില്‍ ഹരിത വി. കുമാറിനാണ് ഒന്നാം റാങ്ക്. 22 വര്‍ഷത്തിനുശേഷമാണ് ഒരു മലയാളി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമതെത്തുന്നത്. എറണാകുളം എസ്.എ റോഡ് രാമസ്വാമികോളനി 28/1031 കൃഷ്ണാലയത്തില്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ രണ്ടും എറണാകുളം അഞ്ചല്‍പ്പെട്ടി കുപ്പമലയില്‍ ആല്‍ബി ജോണ്‍ വര്‍ഗീസ് നാലും റാങ്കുകള്‍ നേടി. ആദ്യത്തെ 918 റാങ്കുകളില്‍ 34 മലയാളികളാണ് ഇടം നേടിയത്.
വിജയകുമാര്‍-ചിത്ര ദമ്പതികളുടെ മകളായ ഹരിത നാലാംതവണയാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. എന്‍ജിനീയറിങ് ബിരുദധാരിയാണ്. രണ്ടാംതവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 179ാം റാങ്ക് നേടിയിരുന്നു. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രവേശം ലഭിച്ച ഹരിത പരിശീലനത്തിന്‍െറ ഭാഗമായി ഫരീദാബാദിലാണിപ്പോള്‍. ഒന്നാംറാങ്ക് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഹരിത പറഞ്ഞു. 22 വര്‍ഷം മുമ്പ് രാജുനാരായണസ്വാമിയാണ് അവസാനമായി ഒന്നാംറാങ്ക് നേടിയ മലയാളി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലുള്‍പ്പെടെ സ്റ്റേറ്റ് സിലബസില്‍ പഠിച്ചാണ് ഹരിത ഒന്നാംറാങ്ക് സ്വന്തമാക്കിയതെന്നതും നേട്ടത്തിന്‍െറ മധുരം കൂട്ടുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏഴാം റാങ്കും കരസ്ഥമാക്കിയിരുന്നു. എം.ബി.ബി.എസ് ബിരുദധാരിയാണ് രണ്ടാംറാങ്ക് നേടിയ ശ്രീറാം വെങ്കിട്ടരാമന്‍. കോച്ചിങ് ക്ളാസിലൊന്നും പോകാതെയാണ് ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാംറാങ്ക് കരസ്ഥമാക്കിയത്.
തിരുവനന്തപുരം ഗൗരീശപട്ടം ജി.ആര്‍.എ-158 രേഖലയില്‍ അവിനാഷ് മേനോന്‍ രാജേന്ദ്രന്‍ (30ാം റാങ്ക്), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സുദര്‍ശനത്തില്‍ ഗായത്രി കൃഷ്ണന്‍ ഭവാനി (37) കവടിയാര്‍ ശ്രീകൃഷ്ണലെയ്ന്‍ ലക്ഷ്മീവരത്തില്‍ എസ്. വിനീത് (56), വട്ടിയൂര്‍ക്കാവ് കുതിരക്കാട് ലെയ്ന്‍ അല്‍മോലില്‍ കെ. മഞ്ജുലക്ഷ്മി (63), തൃശൂര്‍ പണിക്കാശ്ശേരി ഹൗസില്‍ ശ്രേയ പി. സിങ് (86), പത്തനംതിട്ട കോയിപ്പുറം നെല്ലിക്കല്‍ പനപ്പട്ടില്‍ ഹൗസില്‍ പി. ഹരിശങ്കര്‍ (116), തൃശൂര്‍ പൊന്‍കുന്നം ശ്രീമുരുകനഗര്‍ ശ്രീമൂലത്തില്‍ വാസുദേവ് രവി (134), തിരുവനന്തപുരം വഴുതക്കാട് പ്രതിഭയില്‍ വി. അശ്വതി (141), കൊല്ലം സ്വരസുധയില്‍ ജി. ജയ്ദേവ് (158), തിരുവനന്തപുരം കുടപ്പനക്കുന്ന് ജാനസില്‍ അനുപമ ജയിംസ് (159), എറണാകുളം വൈപ്പിന്‍ കലങ്കത്ത് ഹൗസില്‍ മയൂരി വാസു (216), എറണാകുളം എസ്.ആര്‍.എം റോഡ് പുല്ലുക്കാട്ടില്‍ പി.ജി. ഗായത്രി (449), തിരുവനന്തപുരം തച്ചങ്കോണം ശൈലത്തില്‍ എസ്.എസ്. ശ്രീജു (489), മലപ്പുറം തേഞ്ഞിപ്പലം ചീരക്കുന്നത്ത് സി. അനീസ് (525), കോട്ടയം രാമപുരംബാസാര്‍ പട്ടാണിയില്‍ഹൗസില്‍ ജോര്‍ജി ജോര്‍ജ് (548), പത്തനംതിട്ട ആറന്മുള അമ്പാടിയില്‍ സുരേഖ് രഘുനാഥന്‍ (614), ആലപ്പുഴ കുട്ടനാട് ഇല്ലിക്കലില്‍ അജയ്ജോയ് (629), ഇടുക്കി കട്ടപ്പന തെന്നിപ്പാറയില്‍ ജോയ്സ് ഫിലിപ്പ് (631), എറണാകുളം പുത്തന്‍വേലിക്കര കൂട്ടളഹൗസില്‍ കെ. ജോബിതോമസ് (634), തിരുവനന്തപുരം പുളിമാത്ത് രാജിഭവനില്‍ എന്‍.എസ്. രാജി (727), തിരുവനന്തപുരം നാലാഞ്ചിറ പനവിള ഹൗസിങ് ബോര്‍ഡില്‍ എം.എസ്. ലക്ഷ്മിപ്രിയ (743), തിരുവല്ല ശ്രീഹര്‍ഷത്തില്‍ ഹ്രുദീപ് പി. ജനാര്‍ദനന്‍ (751), എറണാകുളം മീരാഭവനില്‍ മീരാ വിജയരാജ് (796), തിരുവനന്തപുരം തളിയില്‍ ടി.സി. 50/995 ല്‍ കെ. വിശാഖ് (869), പേരൂര്‍ക്കട മേനോന്‍സ് ലെയ്നില്‍ സ്റ്റെഫി സോഫി (918) എന്നിവരാണ് റാങ്കുകള്‍ നേടിയ മറ്റുള്ളവര്‍. ഒന്നാംറാങ്ക് നേടിയ ഹരിതയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.
2012 ഒക്ടോബറില്‍ നടന്ന പ്രധാന പരീക്ഷയുടെയും 2013 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തില്‍ 998 പേരെ സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുത്തതായി യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍െറ (യു.പി.എസ്.സി) വെബ്സൈറ്റില്‍ പറയുന്നു.
ജനറല്‍ 457, ഒ.ബി.സി 295, പട്ടിക ജാതി 169, പട്ടിക വര്‍ഗം 77 എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. 92 പേര്‍ പ്രൊവിഷനല്‍ ലിസ്റ്റിലുണ്ട്. മൂന്നു പേരുടെ ഫലം തടഞ്ഞുവെച്ചു. 1091 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാങ്ക് അനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് (ഐ.എ.എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐ.പി.എസ്) തുടങ്ങിയവയില്‍ നിയമനം ലഭിക്കും.

2013 മാർച്ച് 17, ഞായറാഴ്‌ച

മലയാളത്തിനായി സാഹിത്യനായകരുടെ അനിശ്ചിതകാല നിരാഹാരം 18 മുതല്‍

തിരുവനന്തപുരം: ഒന്നാംഭാഷ മലയാളമാക്കിയ ഉത്തരവ് കോടതിയില്‍ ചോദ്യംചെയ്യാന്‍ കഴിയാത്ത നിലയിലുള്ള നിയമനിര്‍മാണം നടത്തുക, കോടതിഭാഷ മലയാളമാക്കുക, പ്രവേശപരീക്ഷകള്‍ മലയാളത്തിലെഴുതാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്‍െറ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 18 മുതല്‍ സാഹിത്യനായകരുടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും.
എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ നേതൃത്വത്തില്‍ 18ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിന് മുന്നിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. ഒന്നാംഭാഷ ഉത്തരവ് സംരക്ഷിക്കുന്ന നിയമനിര്‍മാണം ഈ ബജറ്റ് സമ്മേളനത്തില്‍ നടത്തണമെന്നും കോടതിഭാഷ മലയാളത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രവേശ പരീക്ഷകള്‍ മലയാളത്തില്‍ എഴുതാനുള്ള തീരുമാനമെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മലയാളത്തിന് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഐക്യ മലയാള പ്രസ്ഥാനം ചെയര്‍മാന്‍ കെ.കെ. സുബൈര്‍, കണ്‍വീനര്‍ എം.വി. പ്രദീപന്‍, സെക്രട്ടറി ഹരിദാസന്‍ എന്നിവര്‍ അറിയിച്ചു.

മാധ്യമം 17.03.2013

2012 ഒക്‌ടോബർ 31, ബുധനാഴ്‌ച

സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിക്കണം

സര്‍ക്കാര്‍ ഖജനാവിലെ രണ്ടു കോടിയിലധികം തുക ചെലവിട്ടു കൊണ്ടുള്ള വിശ്വമലയാള മഹോത്സവം തിരുവനന്തപുരത്ത് നടക്കുകയാണല്ലോ. രണ്ടു കോടിയുടെ ഇരഎറിഞ്ഞ് ക്ളാസിക്കല്‍ പദവി എന്ന നൂറ് കോടിയുടെ മീന്‍പിടിക്കുക എന്നതാണ് ഉദ്ദേശ്യമെങ്കില്‍ സര്‍ക്കാര്‍ അതിനുമുമ്പേ നടപ്പാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
സര്‍ക്കാറിന്‍െറ ഔദ്യാഗിക ഭാഷ മലയാളമാണെന്ന് പറയുമ്പോഴും സാംസ്കാരിക വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളില്‍നിന്ന് പുറത്തിറങ്ങുന്ന മിക്ക ഉത്തരവുകളും ആംഗലേയത്തില്‍ തന്നെയാണ്. കേരളത്തില്‍ പൊതുവിതരണവകുപ്പ് നടത്തി വരുന്ന മാവേലി സ്റ്റോറുകളിലെ ബില്ലുകള്‍ ഇപ്പോഴും ഇംഗ്ളീഷില്‍ തന്നെയാണ് വിതരണം ചെയ്യുന്നത്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളുടെ ബോര്‍ഡുകളും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ബോര്‍ഡുകളും മലയാളത്തില്‍ ആയിരിക്കണം എന്ന് ഉത്തരവുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല.
ഇന്ത്യയില്‍ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഹൈകോടതി ഭാഷ ഉള്‍പ്പെടെ മാതൃഭാഷ ആക്കിയിട്ടും കേരളത്തില്‍ വഞ്ചി തിരുനക്കരയില്‍ നിന്ന് ഇളക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. 1969ലും 73ലും 75ലും കീഴ്കോടതി ഭാഷ മലയാളമാക്കുന്നതിനായി ഉത്തരവുകളും സര്‍ക്കുലറുകളും പുറത്തിറങ്ങിയെങ്കിലും പ്രായോഗികമായി ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിനടപടികള്‍ മലയാളത്തില്‍ നിര്‍വഹിക്കുന്നതിന് വേണ്ടി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 1985ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ അധ്യക്ഷനായി ഏഴംഗ സമിതി രൂപവത്കരിച്ചത്. രണ്ടുവര്‍ഷമെടുത്ത് വിശദമായി പഠിച്ച് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ‘സാധാരണക്കാരായ വ്യവഹാരിക്കും കോടതിനടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ളീഷ് ഭാഷയാകുന്ന ഇരുമ്പുമറ മാറിയാലല്ലാതെ സാധാരണക്കാര്‍ക്ക് കോടതിനടപടികളില്‍ കൂടുതല്‍ സജീവമായി സഹകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല’ എന്നാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറഞ്ഞത്. ജില്ലാകോടതികള്‍ വരെയുള്ള കീഴ്കോടതികള്‍ ആദ്യം മലയാളത്തിലാവണമെന്നും തുടര്‍ന്ന് ഹൈകോടതിയിലും ഭാഷാമാറ്റം പരിഗണിക്കാവുന്നതാണെന്നും കമീഷന്‍ എടുത്തുപറയുന്നു. കീഴ്കോടതി ഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിന് രണ്ടുവര്‍ഷത്തെ കാലയളവാണ് കമീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍ നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 25വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാറും ഹൈകോടതിയും ഇക്കാര്യത്തില്‍ ഒരു നടപടിയും കൈക്കൊണ്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.
കോടതികളില്‍ ഉപയോഗിക്കുന്ന ഇംഗ്ളീഷ് ഭാഷ വിദ്യാസമ്പന്നരായ മലയാളികള്‍ക്ക് പോലും മനസ്സിലാവുന്നില്ല എന്നതാണ് സത്യം. ഭാഷയുടെയും സാങ്കേതിക പദങ്ങളുടെയും ദുര്‍ഗ്രഹത നിലനില്‍ക്കുന്നത് കൊണ്ടുതന്നെ അദാലത്തുകളില്‍ പോലും വന്‍തുക നല്‍കി വക്കീലന്മാരെ കൂട്ടിവരേണ്ട ഗതികേടിലാണ് കേരളീയര്‍. ജനാധിപത്യം പുലരുന്നു എന്നു പറയുമ്പോഴും നീതി തേടിയെത്തുന്ന ബഹു ഭൂരിപക്ഷത്തിനും മനസ്സിലാകാത്ത ഭാഷയില്‍ ജനാധിപത്യത്തിന്‍െറ പ്രധാന സ്തംഭങ്ങളിലൊന്നായ ജുഡീഷ്യറി പ്രവര്‍ത്തിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്.
കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കാനായി (ഇന്ത്യയില്‍ മാതൃഭാഷ അല്‍പം പോലും പഠിക്കാതെ ഏത് ബിരുദവും കരസ്ഥമാക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമാണ് കേരളം) 2010 മേയ് ആറ് മുതല്‍ 2011 മേയ് 19 വരെ വിവിധ ഉത്തരവുകള്‍ ഇറങ്ങിയെങ്കിലും ഏട്ടിലെപശു പുല്ലു തിന്നാത്തതുകൊണ്ടുതന്നെ ഇതുവരെ നടപ്പായിട്ടില്ല. ആത്മാര്‍ഥമായ ഒരു ശ്രമവും സര്‍ക്കാറിന്‍േറയോ വിദ്യാഭ്യാസ വകുപ്പിന്‍േറയോ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നതിനാല്‍ ഉത്തരവ് കടലാസില്‍ ഉറങ്ങുകയാണ്.
കേരളവികസനത്തിന് ഭാവിയില്‍ ഏറ്റവുംകൂടുതല്‍ സംഭാവനകള്‍ നല്‍കേണ്ട ഒരു സര്‍വകലാശാലയാണ് മലയാള സര്‍വകലാശാല. എന്നാല്‍, കേന്ദ്ര സര്‍വകലാശാലക്ക് 400 ഏക്കറിലധികവും അലീഗഢ് സര്‍വകലാശാലയുടെ ഒരു കേന്ദ്രത്തിന് 450 ഏക്കറും കണ്ടെത്താന്‍ കഴിഞ്ഞ സര്‍ക്കാറിന് വിശാലമായ ഒറ്റ കാമ്പസ് പോലും മലയാള സര്‍വകലാശാലക്കായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആസ്ഥാന കാര്യാലയം തിരൂര്‍ തുഞ്ചന്‍ കോളജിലും ലൈബ്രറി 30 കിലോമീറ്റര്‍ ദൂരെ തിരുന്നാവായയിലും വകുപ്പുകള്‍ വിവിധ പഞ്ചായത്തുകളിലും എന്നിങ്ങനെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സ്ഥലം ലഭ്യമാവുന്ന ഒറ്റസ്ഥലത്ത് തുടങ്ങുന്നതിന് പകരം ആരുടെയെല്ലാമോ താല്‍പര്യ സംരക്ഷണത്തിനായി ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ ചുരുക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല. മാത്രമല്ല ലോകത്തെ വിവിധ ഭാഷകളില്‍നിന്ന് ശാസ്ത്രവും സാമൂഹിക ശാസ്ത്രവും ഉള്‍പ്പെടെയുള്ള വിജ്ഞാനം മലയാളത്തില്‍ എത്തിക്കാനും എല്ലാ വിഷയങ്ങളും (വൈദ്യശാസ്ത്രം ഉള്‍പ്പെടെ) മലയാളത്തില്‍ പഠിക്കാനുമുതകുന്ന തരത്തിലുള്ള ഉന്നതമായ ഒരു സങ്കല്‍പനം മലയാള സര്‍വകലാശാലയുടെ ഉള്ളടക്കത്തില്‍ ഉണ്ടാവുകയും വേണം. ഇലകളുടെ ഫോസിലുകള്‍ ചുമക്കുന്ന ഭാഷയായല്ല നാളെയുടെ പ്രതീക്ഷകളെ പ്രതിനിധാനം ചെയ്യുന്ന ഭാഷയായി മലയാളത്തെ ഉയര്‍ത്തുക എന്നതായിരിക്കണം സര്‍വകലാശാലയുടെ ലക്ഷ്യം. അത്തരം ഒരു സര്‍വകലാശാലക്ക് മാത്രമേ ഭാവിയില്‍ നിലനില്‍പുണ്ടാവൂ എന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്.
വിഷയങ്ങളിലൊന്നും ആത്മാര്‍ഥമായ നടപടികള്‍ സ്വീകരിക്കാതെ അനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കുന്നത് തികച്ചും അപഹാസ്യമാണ്. വിശ്വമലയാള മഹോത്സവം എന്നപേരില്‍ കോടികള്‍ ചെലവഴിച്ച് കെട്ടുകാഴ്ചകള്‍ നടത്തുകയല്ല, കോടതിയും ഭരണവും വിദ്യാഭ്യാസവും മലയാളത്തിലാക്കി ആത്മാര്‍ഥത തെളിയിക്കുകയാണ് ഇത്തരുണത്തില്‍ ജനാധിപത്യ സര്‍ക്കാറിന് അഭികാമ്യം. 
-സുബൈര്‍ അരിക്കുളം
(മലയാള ഐക്യവേദി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
മാധ്യമം
31.10.2012

2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

കോടതിഭാഷ മലയാളമാക്കാന്‍ ആവശ്യം ശക്തം

കൊച്ചി: കോടതിഭാഷ മലയാളമാക്കാനുള്ള ആവശ്യം ശക്തിപ്പെടുന്നു. അറിവ് നിഷേധിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന കാഴ്ചപ്പാടിലൂന്നിയാണ് മലയാളഭാഷാവാദികള്‍ ഇതിനുള്ള ശ്രമം പുനരാരംഭിച്ചത്. ഭാഷ മലയാളമാക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ ലക്ഷ്യമിട്ട് കാല്‍ ലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട ഭീമ ഹരജി കഴിഞ്ഞ വര്‍ഷം മലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഒപ്പം കീഴ്കോടതി ഭാഷ മലയാളമാക്കണമെന്നാവശ്യപ്പെടുന്ന ഹരജി പ്രഫ. എം.എന്‍. കാരശേരി കോടതിയില്‍ നേരത്തേ നല്‍കിയിട്ടുണ്ട്. ഈ ഹരജിയില്‍ നിലപാടറിയിക്കാന്‍ രജിസ്ട്രാറോട് ഹൈകോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
കേരളത്തിന്‍െറ ഔദ്യാഗിക ഭാഷ മലയാളമാക്കണമെന്ന അച്യുതമേനോന്‍ സമിതിയുടെ ശിപാര്‍ശ 1958 ല്‍ നല്‍കിയിരുന്നു. ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഫലം കണ്ടില്ല. 1969 ല്‍ ഭരണഭാഷാ പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ കോടതികളിലെ ഭാഷ മലയാളമാക്കണമെന്ന നിര്‍ദേശം സര്‍ക്കാറിന് ലഭിച്ചിരുന്നു. 1973 ല്‍ വീണ്ടും ഈ ആവശ്യം ശക്തമായതോടെ കീഴ്കോടതികളില്‍ മലയാളം നടപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കി. 1987 ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ കമീഷന്‍ ഇതേ ആവശ്യം വിശദമായ നിര്‍ദേശങ്ങള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, 40 വര്‍ഷം പിന്നിട്ടിട്ടും ഭാഷ മലയാളമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കോടതികളില്‍ നീതി തേടി എത്തുന്നവര്‍ ഭൂരിഭാഗവും ഇംഗ്ളീഷ് പരിജ്ഞാനം ഇല്ലാത്തവരാണ്. ചട്ടങ്ങളും ഉപവകുപ്പുകളും കടുപ്പമേറിയ പദപ്രയോഗങ്ങളുമടങ്ങുന്ന കോടതി നടപടി രേഖകള്‍ ഇംഗ്ളീഷില്‍ നല്‍കുന്നത് കക്ഷികള്‍ക്ക് ആശയക്കുഴക്കം സൃഷ്ടിക്കുമെന്ന് മലയാള ഭാഷാവാദികള്‍ പറയുന്നത്.
ഇംഗ്ളീഷിലുള്ള അറിവില്ലായ്മ കൊണ്ട് അഭിഭാഷകരുടെ ചൂഷണം ഏറെയാണ്. കോടതിയിലെ വാദവും വിധിന്യായവും കൂടുതലും ഇംഗ്ളീഷിലാണ്. അതുകൊണ്ടുതന്നെ കോടതി മുറികളില്‍ അര്‍ഥമറിയാതെ നില്‍ക്കുന്നവരാണ് കക്ഷികളില്‍ കൂടുതലും. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉത്തരേന്ത്യയിലും കോടതി നടപടികള്‍ അവരവരുടെ ഭാഷകളിലാണ് രേഖപ്പെടുത്തുന്നത്.
മറ്റ് രാജ്യങ്ങളിലും ഇത്തരത്തില്‍ സ്വന്തം ഭാഷ ആക്കുന്നതിന് സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്.
നിലവില്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നതും മൊഴിയെടുക്കുന്നതും രേഖകള്‍ സമര്‍പ്പിക്കുന്നതുമെല്ലാം മലയാളത്തിലാണ്. ഇത് കോടതികളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം ശനിയാഴ്ച എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വൈകുന്നേരം മൂന്നിന് കോടതി ഭാഷാ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി നടപ്പാക്കുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഭാഷാ വാദികളുടെ തീരുമാനം.

2012 ജൂലൈ 11, ബുധനാഴ്‌ച

മലയാളം ഒന്നാംഭാഷയാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു - വി.എസ്

കൊച്ചി: മലയാളം ഒന്നാംഭാഷയും നിര്‍ബന്ധിത ഭാഷയും ആക്കാനുള്ള തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മലയാളത്തെ ഒന്നാം ഭാഷയാക്കാനുള്ള ഉത്തരവ് രണ്ടാമത്തെ അധ്യയനവര്‍ഷം ആരംഭിച്ചിട്ടും നടപ്പാക്കാതെ സര്‍ക്കാര്‍ പൂഴ്ത്തിവെക്കുകയാണെന്നും അദേഹം ആരോപിച്ചു.
മഹാരാജാസ് സെന്‍റിനറി ഹാളില്‍ നടന്ന ജഗതിക് കൊങ്കണി സംഘടനയുടെ കേരള പ്രദേശ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിന് ക്ളാസിക്കല്‍ പദവി നല്‍കണമെന്ന കേരളത്തിന്‍െറ അവശ്യത്തില്‍ കേന്ദ്രം വിവേചനം കാട്ടുകയാണ്.
മലയാളത്തിന് ക്ളാസിക് പദവി നല്‍കണമെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാറിനുപോലും ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ല. അതിനാലാണ് മലയാളം ഒന്നാംഭാഷയാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത്. പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ വലിയഭാഷകള്‍ അധിനിവേശം നടത്തുകയാണ്. ഇംഗ്ളീഷും ഹിന്ദിയും മാത്രം പഠിച്ചാലെ പ്രയോജനമുള്ളൂവെന്ന തരത്തില്‍ പ്രചാരണവും നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്‍െറ പ്രവര്‍ത്തനം ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭാഷക്കുനേരെയുള്ള കടന്നുകയറ്റങ്ങള്‍ സാംസ്കാരിക അധിനിവേശമായി കണക്കാക്കണം. പ്രാദേശികഭാഷകള്‍ അതത് സമൂഹത്തിന്‍െറ സാംസ്കാരിക തനിമഉള്‍ക്കൊള്ളുന്നതാണ്. മാതൃഭാഷയെ മറക്കുകയെന്നാല്‍ അമ്മയെ മറക്കുന്നതിനു തുല്യമാണ്്. സംസ്കാരത്തിന്‍െറ കാതലാണ് ഭാഷയെന്നും വി.എസ് പറഞ്ഞു.
ജഗതിക് കൊങ്കണി സംഘടനയുടെ പ്രസിഡന്‍റ് തൊമസിഞ്ഞോ കാര്‍ഡോസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എറിക് ഒസാറിയോ മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ കെ.കെ. ഉത്തരന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നാല് സെഷനിലായി കൊങ്കണി ഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും നടന്നു.
മാധ്യമം

2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

മലയാളം സര്‍വകലാശാല: നടപടി വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളം സര്‍വകലാശാലക്ക് ആവശ്യമായ നടപടി വേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലയാളം ഒന്നാം ഭാഷയാക്കി അംഗീകരിച്ചുള്ള തീരുമാനത്തില്‍ അവ്യക്തത ഉണ്ടെങ്കില്‍ അതില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'കേരള വികസനവും മലയാള സര്‍വകലാശാലയും' എന്ന വിഷയത്തില്‍ ഐക്യ മലയാള പ്രസ്ഥാനം സംഘടിപ്പിച്ച ചര്‍ച്ചയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ അടുത്തയാഴ്ച ദല്‍ഹി ട്രിവാന്‍ഡ്രം ഹൗസില്‍ മലയാളം ലൈബ്രറി ആരംഭിക്കും. മലയാളത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ഓരോ മലയാളിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരപരിശ്രമം അണിയറയില്‍ ഉണ്ടായാലേ രംഗവേദിയില്‍ എന്തെങ്കിലും സാധ്യമാകൂ എന്നറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ മലയാള ഭാഷക്ക് വേണ്ടി ഉണ്ടാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി ഒ.എന്‍.വി കുറുപ്പ് പറഞ്ഞു. പൊതുചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ മലയാള സര്‍വകലാശാല സംബന്ധിച്ച രൂപരേഖയും മലയാളം ഒന്നാം ഭാഷയാക്കിയുള്ള ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയ നിവേദനവും ഒ.എന്‍.വി മുഖ്യമന്ത്രിക്ക് നല്‍കി.

ഡോ. എം.കെ. ശാന്തിരാജ് അധ്യക്ഷത വഹിച്ചു. ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, ആര്‍. ഗോപിക്കുട്ടന്‍, കാനായി കുഞ്ഞിരാമന്‍, ഡോ. ബി.കെ. രാജശേഖരന്‍, ഡോ.എം.ആര്‍.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.
മാധ്യമം

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

കരുത്ത് മലയാളത്തിലൂടെ - ഗീത

മാധ്യമം

ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം
ജനശക്തി ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു
ഫെബ്രുവരിയെ നാം ജ്വലിപ്പിക്കും
എങ്ങനെ മറക്കാന്‍ കഴിയും
എനിക്കാ ഫെബ്രുവരി 21നെ?
(എന്റെ സഹോദരങ്ങളുടെ രക്തം ചിന്തിയ ഫെബ്രുവരി 21 എന്ന കവിതയില്‍ നിന്ന്)

മാതൃഭാഷയായ ബംഗാളി ഭരണഭാഷയാക്കണമെന്നാവശ്യപ്പെട്ട് കിഴക്കന്‍ പാകിസ്താനില്‍ നടന്ന വിദ്യാര്‍ഥിപ്രക്ഷോഭത്തെപ്പറ്റി അബ്ദുല്‍ഗഫാര്‍ ചൗധരിയെഴുതിയ കവിതയാണിത്. ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുള്‍പ്പെട്ട വമ്പിച്ച ജനാവലി തങ്ങള്‍ ചിന്തിക്കുന്ന ഭാഷക്കുവേണ്ടി തെരുവിലിറങ്ങി രക്തം ചിന്തി. 1952 ഫെബ്രുവരി 21നായിരുന്നു, ചരിത്രപരമായ ഭാഷാ സമരം നടന്നത്. അങ്ങനെ കിഴക്കന്‍ പാകിസ്താനില്‍ ഔദ്യോഗികഭാഷ മാതൃഭാഷയായി ഉറപ്പിച്ചെടുത്തത് മനുഷ്യരക്തത്തിലാണ്. കിഴക്കന്‍ പാകിസ്താനില്‍ നടന്ന ഭാഷക്കുവേണ്ടിയുള്ള രക്തസമര സ്മരണയാണ് ഫെബ്രുവരി 21നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയെപ്പോലും നിര്‍ബന്ധിച്ചത്.
വ്യത്യസ്തഭാഷകളില്‍ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ജനസമൂഹങ്ങള്‍ ഒന്നടങ്കം എന്തിനാണ് ഇങ്ങനെയൊരു ലോക മാതൃഭാഷാദിനം ആചരിക്കുന്നത്? അവര്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥിസമരത്തോട് സാഹോദര്യപ്പെടുന്നത് വൈകാരികവും ബുദ്ധിപരവുമായാണ്. എന്നെ ഞാനുണ്ട് എന്നറിയിക്കുന്നത് എന്റെ ഭാഷയാണ് എന്ന തിരിച്ചറിവാണ് വികാരവും ബുദ്ധിയും. അതായത് ഭാഷയെന്നാല്‍ ആശയവിനിമയ സങ്കേതം മാത്രമല്ലെന്ന തിരിച്ചറിവാണ് മനുഷ്യരെ മനുഷ്യരാക്കുന്നത്. കാരണം, പക്ഷിമൃഗാദികള്‍ക്കിടയിലും ആശയവിനിമയം നടക്കുന്നുണ്ട്. അതിനവര്‍ സ്‌കൂളിലോ കോളജിലോ സര്‍വകലാശാലകളിലോ പോയി പഠിക്കേണ്ടതില്ലല്ലോ. സ്വഭാവികചോദനങ്ങളാണ് ഏതു ജീവിയുടെയും ആശയവിനിമയോപാധികളെ രൂപപ്പെടുത്തുന്നത്. അതായത് അതിനപ്പുറത്തുള്ള വികസിത സാംസ്‌കാരിക പ്രവര്‍ത്തനമാണ് ഏതു ജനതയുടെയും ഭാഷ.
നിര്‍ഭാഗ്യവശാല്‍ ആശയവിനിമയോപാധി മാത്രമാണ് ഭാഷയെന്നും ഭാഷക്ക് തനിയേ നില്‍ക്കാനാവില്ലെന്നും ഭാഷ മറ്റു വിഷയങ്ങളെ ആശ്രയിച്ചു മാത്രമാണ് നില്‍ക്കുന്നതെന്നുമൊക്കെ പറയുകയും പ്രചരിപ്പിക്കുകയും അടിച്ചേല്‍പിക്കുകയും ചെയ്യുന്ന അക്കാദമിക ബുദ്ധിജീവിവര്‍ഗവും അധികാരികളും നിലനില്‍ക്കുന്നത് കേരളത്തില്‍ മാത്രമായിരിക്കും. അതുകൊണ്ടാണവര്‍ ഭാഷാ സാഹിത്യങ്ങളെയും മാനവിക വിഷയങ്ങളെയും വികസനത്തിനും തൊഴില്‍സാധ്യതക്കുമെതിരെന്നു പ്രചരിപ്പിക്കുന്നതും ന്യായത്തിന്മേല്‍ മലയാളത്തെ കേരളത്തില്‍ കൊന്നുതള്ളുന്നതും. വരും തലമുറകളോടവര്‍ ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണ്. എന്തെന്നാല്‍ ചിന്തിക്കുന്ന ഭാഷയിലാണ് ഏതൊരാളും വികസിക്കുക. ശുദ്ധശാസ്ത്രം മാത്രമല്ല, സാങ്കേതികവിദ്യകളും ആള്‍ സ്വാംശീകരിക്കുന്നത് സ്വഭാഷയിലൂടെയാണ്. നമ്മുടെ സ്‌നേഹം, സമരം, വിപ്ലവം, വികസനം എല്ലാം ഭാഷയിലൂടെയാണ് സംഭവിക്കുക. മാതൃഭാഷയില്ലാതാകുന്നതോടെ ഏതു ജനതയും വംശനാശത്തിലേക്ക് നയിക്കപ്പെടും. ഭാഷയില്ലാത്തവരുടെ പാരമ്പര്യവും ചരിത്രവും സംസ്‌കാരവും ഭാഷയുള്ളവര്‍ കവര്‍ന്നെടുക്കുന്നു.
സ്വന്തം ഭാഷയെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി മലയാളികള്‍ മാറിയതിന്റെ ഫലമായി കേരളത്തില്‍ മലയാളം പരിഹാസ്യവും അപരിഷ്‌കൃതവുമെന്നു വിധിക്കപ്പെട്ടു. അങ്ങനെ മലയാളം മാധ്യമമായുള്ള സ്‌കൂളുകള്‍ കുറഞ്ഞുവരുകയും ഇംഗ്ലീഷ് മാധ്യമമായുള്ളവ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു. മലയാളം പഠിക്കുന്നതും മലയാളത്തില്‍ പഠിക്കുന്നതും തൊഴില്‍സാധ്യതയില്ലാതാക്കുമെന്നതാണ് മുഖ്യപ്രചാരണം. കേരളത്തിനു പുറത്തുപോയാല്‍ മലയാളം കൊണ്ടെന്തു പ്രയോജനമെന്ന് യുവതയെ മരവിപ്പിച്ചുനിര്‍ത്താന്‍ അധികാരികള്‍ ശ്രമിക്കുന്നു. ഏതു വിഷയവും 'സ്വഭാഷ തന്‍ വക്ത്രത്തില്‍നിന്നു'ഗ്രഹിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുകയും നമ്മുടേതാവുകയും ചെയ്യുക. ദഹിക്കാത്ത വറ്റുകള്‍ ഛര്‍ദിക്കുന്നതുപോലെ വിജ്ഞാനം വിളമ്പുന്ന അന്തസ്സാരശൂന്യരെയാണോ നമുക്കിനി വാര്‍ത്തെടുക്കേണ്ടത്?
ഉത്തരേന്ത്യയില്‍ ഹിന്ദി, അറേബ്യന്‍നാടുകളില്‍ അറബി, മറ്റേതു നാട്ടിലും അന്നാട്ടിലെ മാതൃഭാഷയുമാണ് ജീവിതഭാഷ. അപ്പോള്‍പ്പിന്നെ, അവിടെപ്പോകാന്‍ ഇംഗ്ലീഷ് മാത്രം പഠിപ്പിച്ചാല്‍ മതിയോ? മാത്രമല്ല നമ്മുടെ കുട്ടികള്‍ തൊഴിലെടുക്കേണ്ടത് നമ്മുടെ നാട്ടിലാവരുതെന്ന അബോധമായ നിര്‍ബന്ധവും ഇംഗ്ലീഷ് പ്രേമത്തിന്റെ പിന്നിലുണ്ടെന്ന് കാണാം. അതോടൊപ്പം പണ്ട് ഭരിച്ചു മടങ്ങിപ്പോയ പഴയ ഇംഗ്ലീഷുകാരനോടും ഇനി ഭരിക്കാന്‍ വരുന്ന പുതിയ ഇംഗ്ലീഷധികാരിയോടുമുള്ള വിനീതവിധേയത്വവും നമ്മുടെ അധികാരികളുടെ നടു കുനിച്ചിരിക്കുന്നു.
മാതൃഭാഷയെന്നാല്‍ വെറും ഭാഷയല്ല. അതു നാം കുടിക്കുന്ന ജീവജലമാണ്. ശ്വസിക്കുന്ന വായുവാണ്. ചവിട്ടിനില്‍ക്കുന്ന മണ്ണാണ്. നമ്മെ ഉള്ളടക്കുന്ന ആകാശമാണ്. നമ്മുടെ നാട്ടിലെ പുഴയാണ്, മലയാണ്, വയലാണ്, നമ്മുടെ അന്നമാണ്... അതുകൊണ്ടാണ് മലയാളി മലയാളത്തില്‍ ചിന്തിക്കുകയും സംസാരിക്കുകയും പ്രണയിക്കുകയും ചെയ്യുന്നത്. അഹോ കഷ്ടം! ഭാഷാടിസ്ഥാനത്തില്‍ രൂപപ്പെട്ട സംസ്ഥാനമായിട്ടും കേരളത്തില്‍ മലയാളി മലയാളം പഠിക്കണോ എന്ന് നിശ്ചയിക്കാന്‍ കമ്മിറ്റി രൂപവത്കരിക്കേണ്ട ഗതികേടിലാണ് കേരളത്തിലെ ജനാധിപത്യ സര്‍ക്കാര്‍. ഭാഷാനിന്ദയിലൂടെ മൂല്യശോഷണം നേരിട്ട ജനതയാവുന്നു മലയാളി സമൂഹം. ഭാഷയും സാഹിത്യവുമില്ലാത്തവര്‍ക്ക് ശാസ്ത്രവും സാങ്കേതിക വിദ്യകളും വഴങ്ങില്ലെന്ന അടിസ്ഥാന പ്രമാണം പോലും നമ്മുടെ നേതാക്കള്‍ മറന്നുപോയല്ലോ.
ലോക മാതൃഭാഷാദിനത്തില്‍ അണിചേര്‍ന്ന് ഭാഷാസ്വത്വം വീണ്ടെടുക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് സാധിക്കട്ടെ. അങ്ങനെ അവകാശബോധമുള്ള ഒരു ജനതയായി മലയാളി വികസിക്കട്ടെ. കാരണം, മാതൃഭാഷ ഏതു ജനതയുടെയും മൗലികാവകാശമാണ്. മലയാളമാണ് കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും. കാരണം, മലയാളമാണ് കേരളത്തിന്റെ രാഷ്ട്രീയം. അങ്ങനെ ആഗോളീകരണത്തെയും വംശനാശഭീഷണിയെയും ചെറുക്കാന്‍ മലയാളത്തിലൂടെ മലയാളി കരുത്താര്‍ജിക്കട്ടെ.