2015, ഡിസംബർ 21, തിങ്കളാഴ്‌ച

മലയാളഭാഷാ ബില്‍ നിയമസഭ പാസാക്കി.

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാംക്ലാസ് മുതല്‍ പത്ത് വരെ മലയാളം നിര്‍ബന്ധ ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള മലയാള ഭാഷാ ബില്‍ നിയമസഭ ഏകകണ്‌ഠേന പാസ്സാക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. അണ്‍എയ്ഡഡ് സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും നിയമപരമായ തടസ്സങ്ങള്‍ ഇതിനുണ്ടെന്ന് മുഖ്യമന്ത്രിക്കുവേണ്ടി ബില്‍ അവതരിപ്പിച്ച മന്ത്രി കെ.സി.ജോസഫ് സഭയെ അറിയിച്ചു.
അനുഭവങ്ങളുടെയും വെളിച്ചത്തിന്റെയും അടിസ്ഥാനത്തില്‍ ബില്ലില്‍ പിന്നീട് ഭേദഗതികള്‍ വരുത്താം. മലയാളികള്‍ക്ക് ഭാഷാഭ്രാന്തില്ല. എല്ലാ ഭാഷകളുടെയും സമ്മിശ്രരീതിയാണ് മലയാളികള്‍ അവലംബിക്കുന്നത്. മലയാളത്തിനായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കില്ല. നിലവിലുള്ള ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിനെ മലയാളഭാഷാവികസന വകുപ്പായി പുനര്‍നാമകരണം ചെയ്യും.
നിയമം തയ്യാറാക്കുന്നതിന് കാലതാമസം നേരിട്ടതുകൊണ്ടാണ് ബില്‍ അവതരണം വൈകിയത്. ഇതിനെ തിരഞ്ഞെടുപ്പ് സ്റ്റണ്ടായി കണ്ട് കുറ്റപ്പെടുത്തിയതില്‍ വേദനയുണ്ടെന്നും ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ നിയമം ഭാഷാന്യൂനപക്ഷങ്ങളുടെ ഒരു അവകാശവും ഇല്ലാതാക്കില്ലെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും മലയാളത്തിലാകണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന കേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണം. എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും. സ്‌കൂളിലോ പ്ലസ്ടുവിലോ ബിരുദപഠനത്തിലോ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിന് മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ലോമയ്ക്ക് തുല്യമായ പി.എസ്.സി. പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥ ബില്ലില്‍നിന്ന് നീക്കി.
സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോര്‍ഡുകളിലെ വിവരങ്ങളും മലയാളത്തിലാക്കണം. സര്‍ക്കാരില്‍നിന്നോ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നോ പ്രതിഫലം വാങ്ങി നടത്തുന്ന പരിപാടികളുടെ ബോര്‍ഡുകള്‍, പരസ്യങ്ങള്‍, രസീതുകള്‍, ബില്ലുകള്‍, അറിയിപ്പുകള്‍ എന്നിവയെല്ലാം മലയാളത്തിലാക്കണം.
കേന്ദ്രസര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദേശ രാജ്യങ്ങള്‍, മറ്റ് സംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങളുമായുള്ള ഔദ്യോഗിക കത്തിടപാടുകളും മറ്റും ഇംഗ്ലീഷിലോ അവരുടെ ഭാഷയിലോ ആകുന്നതില്‍ തെറ്റില്ല. കോടിയേരി ബാലകൃഷ്ണന്‍, സി.ദിവാകരന്‍, മാത്യു ടി.തോമസ്, ബെന്നി ബഹനാന്‍, മുല്ലക്കര രത്‌നാകരന്‍, വി.ചെന്താമരാക്ഷന്‍, എന്‍.ഷംസുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.