തിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബന്ധമാക്കാന്‍ വ്യവസ്‌ഥ ചെയ്യുന്ന മലയാളഭാഷാ വ്യാപനവും പരിപോഷണവും ബില്‍ നിയമസഭ പസാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി മന്ത്രി കെ.സി. ജോസഫ് അവതരിപ്പിച്ച ബില്‍ വിശദമായ ചര്‍ച്ചയ്‌ക്കുശേഷമാണ് പാസാക്കിയത്.
അതേസമയം, ബില്‍ അവതരണവേളയില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സഭയില്ലാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഈ സമയം മന്ത്രിസഭാ യോഗം ചേരുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതു സഭയോടുള്ള അനാദരവാണെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ എകാധിപത്യനിലപാട് ഈക്കാര്യത്തില്‍ കാണിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എ.ഐ.സി.സിക്ക് നല്‍കിയ കത്തില്‍ പറയുന്നത് മുഖ്യമന്ത്രി ഏകാതിപത്യസമീപനം സ്വീകരിക്കുന്നൂവെന്നാണ്. രമേശ് ചെന്നിത്തലയുടെ അഭിപ്രായമാണ് ഈക്കാര്യത്തില്‍ തനിക്കുമുള്ളതെന്നു കോടിയേരി പറഞ്ഞു.
സഭ നടക്കുമ്പോള്‍ പുറത്തു മന്ത്രിസഭയോഗം നടക്കുന്നതായി തനിക്കറിയില്ലെന്ന് സ്‌പീക്കര്‍ പറഞ്ഞു. മന്ത്രിസഭയോഗം നടക്കുന്നതായി തന്റെ അറിവിലില്ലെന്ന് മന്ത്രി കെ.സി.ജോസഫും സഭയെ അറിയിച്ചു. മുഖ്യമന്ത്രിയൊഴികെയുള്ള മന്ത്രിമാര്‍ സഭയില്‍ എത്തിയതിനെതുടര്‍ന്നാണ് പ്രതിപക്ഷ ബഹളം അവസാനിച്ചത്. മലയാള ഭാഷാ ബില്‍ അനുസരിച്ച് ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റെഗുലേഷനുകളും മലയാളത്തിലാകണമെന്നു വ്യവസ്‌ഥ ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന കേന്ദ്ര നിയമങ്ങളും സംസ്‌ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തണം. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമെ അര്‍ധസര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്‌ഥാപനങ്ങള്‍ക്കും ഇതു ബാധകമാകും. അതേസമയം, സ്‌കൂളിലോ ഹയര്‍ സെക്കന്‍ഡറിയിലോ ബിരുദപഠനത്തിലോ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിനു മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ലോമയ്‌ക്കു തുല്യമായ പി.എസ്.സി പരീക്ഷ ജയിക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കിയാണു ബില്‍ പാസാക്കിയത്.
പി.എസ്.സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്‌ഥാപനങ്ങള്‍ അവരുടെ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയാറാക്കണം. കേന്ദ്രസര്‍ക്കാരുമായും കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനങ്ങളുമായും വിദേശരാജ്യങ്ങളുമായും മറ്റു സംസ്‌ഥാനങ്ങളുമായും ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. സംസ്‌ഥാനത്തെ ഭാഷ ന്യൂനപക്ഷങ്ങളുമായുള്ള ഔദ്യോഗിക കത്തിടപാടുകളും മറ്റും ഇംഗ്ലീഷിലോ അവരുടെ ഭാഷയിലോ ആകുന്നതില്‍ തെറ്റില്ല.
മലയാള ഭാഷയല്ലാതെ മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്‌പുറമേ മലയാളം കൂടി പഠിക്കാന്‍ അവസരം നല്‍കണം. ഇതര സംസ്‌ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും കേരളത്തില്‍ വന്നു പഠിക്കുന്ന മലയാളികളല്ലാത്ത വിദ്യാര്‍ഥികളെ ഒന്‍പത്, പത്ത് ക്ലാസുകളിലും ഹയര്‍സെക്കന്‍ഡറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതില്‍നിന്ന് ഒഴിവാക്കും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്‌ഥാപനങ്ങളുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍ കൂടി നല്‍കണം. സര്‍ക്കാറിന്റെ ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണമെന്നും ബില്ലില്‍ വ്യവസ്‌ഥയുണ്ട്.
2015, ഡിസംബർ 21, തിങ്കളാഴ്‌ച
മലയാളഭാഷാ ബില്‍ പസാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.