മുസ്‌ലിം സമുദായത്തില്‍നിന്ന് മാതൃഭാഷയ്ക്കുവേണ്ടി 19-ാം നൂറ്റാണ്ടില്‍
മുഴങ്ങിയ ഏറ്റവും വലിയശബ്ദം സയ്യിദ് സനാഉല്ലാഹ് മക്തി
തങ്ങളുടേതാണ് (1847-1912). മലപ്പുറം ജില്ലയിലെ വെളിയങ്കോട്ടുകാരനായ അദ്ദേഹത്തിന്റെ
ചരമത്തിന്റെ നൂറാംവര്‍ഷമാണിത്
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷകളില്‍ ശതമാനക്കണക്കില്‍ ഏറ്റവും വലിയഭാഷ മലയാളമാണ്. സംസ്ഥാനത്തിന്റെ ജനസംഖ്യയില്‍ 96 ശതമാനത്തിന്റെയും മാതൃഭാഷയാണത്. മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും മാതൃഭാഷ മലയാളം തന്നെ. അതുകൊണ്ടുതന്നെ കേരളത്തില്‍ എല്ലാ മതങ്ങളുടെയും നവീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും അജന്‍ഡയിലെ മുഖ്യഇനങ്ങളിലൊന്ന് മലയാളത്തിന് വേണ്ടിയുള്ള വാദമായിരുന്നു.
മതവിഷയങ്ങളില്‍ ക്രിസ്തുമതത്തിലെയും ഇസ്‌ലാമിലെയും പുരോഹിതര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍, ഭാഷയുടെ കാര്യത്തില്‍ എല്ലാ മതങ്ങളിലെയും പുരോഗമനവാദികള്‍ക്ക് ഒറ്റ ശബ്ദമായിരുന്നു. അറിവ് സംസ്‌കൃതത്തിലായാലും സുറിയാനിയിലായാലും അറബിയിലായാലും ലത്തീനിലായാലും അത് മാതൃഭാഷയിലൂടെയാണ് ജനങ്ങളിലെത്തേണ്ടത് എന്നതായിരുന്നു നവോത്ഥാനത്തിന്റെ പൊതുവായ മുദ്രാവാക്യം.
റവ. ജോര്‍ജ് മാത്തന്‍ 1867-ല്‍ തന്റെ 'ബാലാഭ്യസനം' എന്ന പ്രഭാഷണലേഖനത്തില്‍ വിദ്യാഭ്യാസ മാധ്യമമായി ഉപയോഗിക്കേണ്ടത് മാതൃഭാഷയായ മലയാളമാകണം എന്ന് വാദിക്കുന്നുണ്ട്. കോടതിഭാഷ എന്ന നിലയിലും മലയാളമാണ് വേണ്ടത് എന്ന് ഭാഷാശാസ്ത്രജ്ഞന്‍ കൂടിയായ അദ്ദേഹം നിര്‍ദേശിച്ചു. മുസ്‌ലിംസമുദായത്തില്‍നിന്ന് മാതൃഭാഷയ്ക്കുവേണ്ടി 19-ാം നൂറ്റാണ്ടില്‍ മുഴങ്ങിയ ഏറ്റവും വലിയശബ്ദം സയ്യിദ് സനാഉല്ലാഹ് മക്തിതങ്ങളുടേതാണ് (1847-1912). മലപ്പുറം ജില്ലയിലെ വെളിയങ്കോട്ടുകാരനായ അദ്ദേഹത്തിന്റെ ചരമത്തിന്റെ നൂറാംവര്‍ഷമാണിത്.
മക്തിതങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് തലമുണ്ടായിരുന്നു. ഒന്ന് ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന ക്രൈസ്തവപുരോഹിതര്‍ക്ക് മറുപടികൊടുക്കുക, അതേ സമയം സമൂഹത്തിനകത്തെ യാഥാസ്ഥിതികതയെ തിരുത്താന്‍ ശ്രമിക്കുക. യാഥാസ്ഥിതികതയുടെ അടിസ്ഥാനങ്ങളിലൊന്നായി അദ്ദേഹം കരുതിയത് മാതൃഭാഷാപഠനത്തോട് സമുദായം കാണിക്കുന്ന അവഗണനയാണ്. അന്ന് ലഭ്യമായ വിജ്ഞാനസാധ്യത മുഴുവന്‍ ഉപയോഗപ്പെടുത്തിയാണ് മക്തിതങ്ങള്‍ ഈ രണ്ടുമേഖലയിലും സ്വന്തംവാദങ്ങള്‍ രൂപപ്പെടുത്തുന്നത്. മധ്യകാലത്ത് യൂറോപ്പ് ഇരുട്ടിലായിരുന്നപ്പോള്‍ വെളിച്ചംനല്‍കിയത് മധ്യപൗരസ്ത്യദേശമായിരുന്നു എന്ന് യൂറോപ്യന്‍ പഠിതാക്കളെ ഉദ്ധരിച്ചുകൊണ്ടുതന്നെ അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. യൂറോകേന്ദ്രീകരണത്തിനെതിരെയുള്ള വാദങ്ങളുടെ തുടക്കം തങ്ങളില്‍ കാണാം. മലയാളി മുസ്‌ലിം എന്നതാണ് അദ്ദേഹം ആവര്‍ത്തിച്ചുറപ്പിക്കുന്ന ഒരു സ്വത്വബോധം. മതകാര്യത്തില്‍ അദ്ദേഹം ഏറ്റുമുട്ടിയത് മാതൃഭാഷയുടെ മറ്റൊരു പോരാളിയായ റവ. ഫ്രോണ്‍മേയറുമായാണെന്നത് ശ്രദ്ധേയമാണ്. മേയറുടെ 1883 -ലെ 'പ്രകൃതിശാസ്ത്രം' എന്ന ഗ്രന്ഥത്തില്‍ വിവിധ വിജ്ഞാനങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ട്. മലയാളത്തിലൂന്നി വിവിധസമുദായങ്ങളിലെ ബുദ്ധിജീവികള്‍ പങ്കാളികളാകുന്ന കേരളീയ പൊതുമണ്ഡലത്തിന്റെ രൂപവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ തര്‍ക്കങ്ങളെല്ലാം.
കേരളീയ മുസ്‌ലിങ്ങളുടെ മാതൃഭാഷ മലയാളമായിരുന്നെങ്കിലും എഴുതാനുപയോഗിച്ചിരുന്നത് അറബി ലിപിയാണ്. ഇതാണ് അറബിമലയാളമെന്ന് അറിയപ്പെട്ടത്. ഇതില്‍നിന്ന് വ്യത്യസ്തമായി മലയാളലിപിയില്‍ ആദ്യമായി പുസ്തകമിറക്കിയ മുസ്‌ലിം എഴുത്തുകാരന്‍ മക്തിതങ്ങളാണ്. അദ്ദേഹത്തിന്റെ 'കഠോര കുഠോരം' (1884) എന്ന കൃതിയാണ് മലയാളി ലിപിയിലെഴുതപ്പെട്ട കേരളീയ മുസ്‌ലീമിന്റെ ആദ്യഗ്രന്ഥം.
നിരവധിലേഖനങ്ങളിലൂടെ മക്തി തങ്ങള്‍ മാതൃഭാഷാപഠനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചു. 'തമിഴ്‌രാജ്യം മുതല്‍ മലയാളരാജ്യ നിവാസികളായ മുസ്‌ലിംജനവും വിദ്യാഭ്യാസവും' എന്ന ലേഖനത്തില്‍ (മക്തിതങ്ങളുടെ സമ്പൂര്‍ണകൃതികള്‍) അദ്ദേഹം മതപഠനത്തിന് മാതൃഭാഷ എത്ര ഒഴിച്ചുകൂടാത്തതാണെന്ന് വാദിക്കുന്നു. നിലവിലിരുന്ന മതപഠനത്തിന്റെ അവസ്ഥ വിവരിച്ചശേഷം മാതൃഭാഷയ്ക്ക് സ്ഥാനം നല്‍കാത്തതിനെ വിമര്‍ശിക്കുകയാണ് അദ്ദേഹം. (കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ മലയാളം ബിരുദാനന്തരപാഠ്യപദ്ധതിയില്‍ ഈ ലേഖനമുണ്ട്).
അറബിയിലുള്ള പത്തുകിത്താബ് നേരിട്ട്പഠിക്കുന്നതിന് പകരം അത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പഠിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ''അറബി വാചകത്തെ മലയാളത്തില്‍ ഭാഷപ്പെടുത്തി പഠിക്കുന്നതിനു പകരം ആ കിത്താബ് പത്തും ഭാഷപ്പെടുത്തി ആ ഭാഷാന്തര കിത്താബ് വായിക്കുന്നതായാല്‍ ഏറ്റവും എളുപ്പമുണ്ട്. ഒരു കൊല്ലം കൊണ്ടുണ്ടാകുന്ന അറിവ് രണ്ടുമാസം കൊണ്ടുണ്ടാകും''.
ഇസ്‌ലാമെന്നാല്‍ അറബി എന്ന സമീപനത്തെയും അദ്ദേഹം എതിര്‍ക്കുന്നു. ''ഇസ്‌ലാം ജനമൊക്കെയും മൗലവിമാരാകണമെന്നോ അറബിഭാഷ പഠിച്ചിരിക്കണമെന്നോ മതം നിര്‍ബന്ധിക്കുന്നില്ല. അസാധ്യമായതില്‍ നിര്‍ബന്ധിക്കുന്നതുമല്ല. ഈ നിലയില്‍ പാഠശാലകള്‍ അത്രയും മൗലവിസ്ഥാനത്തെ ഉദ്ദേശിച്ച് സ്ഥാപിക്കുന്നതും ഉദ്ദേശ്യനിയമങ്ങളില്‍ കുട്ടികളെ കെട്ടിക്കൂട്ടുന്നതും മതവിധിക്ക് വിപരീതമെന്നുമാത്രമല്ല മതത്തിനും ജനത്തിനും ദോഷമായും ഭവിക്കുന്നു''. ദേശവാസികള്‍ ഒക്കെയും മൗലവി ആവണമെന്ന് മതം നിര്‍ബന്ധിക്കുന്നില്ല. അത് സാധിക്കുന്നതുമല്ല എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
ദാന്തെയും ലൂഥറും മുതലുള്ളവര്‍ ലോകനവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും ഭാഗമായി ഉന്നയിച്ച കാര്യങ്ങള്‍തന്നെയാണ് കേരളീയപരിസരത്ത് തങ്ങള്‍ മുന്നോട്ടുവെച്ചത്. ഭക്തി, ഹൃദയത്തോടടുക്കണമെങ്കില്‍ അത് മാതൃഭാഷയിലാകണം. ''മാതൃഭാഷ മാത്രമല്ല, മലയാളിയെ ഇസ്‌ലാമാക്കുന്ന ഗുരുഭാഷയുമായ മലയാളം പഠിക്കായ്കയാല്‍ വേദാഭ്യാസം ദോഷപ്പെടുന്നു. ഈമാന്‍ നഷ്ടപ്പെടുന്നു. എങ്ങനെയെന്നാല്‍ ഗുരുസ്ഥാനത്തിരിക്കുന്ന പണ്ഡിതന്‍ അറബി പദാര്‍ഥം ഗ്രഹിക്കാതെയും ശിഷ്യനെ ധരിപ്പിക്കാന്‍ ഭാഷാപദം അറിയാതെയും ഉഴലുന്നു. അറബിപദങ്ങളെ തന്നെ മടക്കി മടക്കി പറഞ്ഞും അതോടൊന്നിച്ച് ആംഗ്യംചേര്‍ത്തും മധ്യത്തില്‍ തോന്നിയവിധം ഓരോ വാക്കുകള്‍ പറഞ്ഞും ഒരു വിധേന കാര്യം ധരിപ്പിക്കുന്നു''.
മലയാളം മാതൃഭാഷ മാത്രമല്ല. ഗുരുഭാഷ കൂടിയാണ്. ''പടച്ചവനെ സംബന്ധിക്കുന്ന സകല അറിവുകളും ആരാധനാമുറകളും പഠിപ്പിക്കുന്ന ഗുരുവായും ലൗകിക ആവശ്യങ്ങളെ നിറവേറ്റിത്തരുന്ന സഹായിയായും ഇരിക്കുന്നത് മാതൃഭാഷയായ മലയാളം ആകുന്നു''. അറബി പഠിക്കാത്തതുകൊണ്ടല്ല, മലയാളം പഠിക്കാത്തതുകൊണ്ടാണ് വിദ്യാര്‍ഥി കാഫിറാകുന്നത് എന്നാണ് തങ്ങളുടെ വാദം. ''അറബി പദത്തിനും മലയാള പദത്തിനുമുള്ള സാരാര്‍ഥം ഗ്രഹിക്കായ്കയാല്‍ ഗുരുശിഷ്യന്മാര്‍ കാഫിറാ
കുന്നു''.
മലയാളം പഠിക്കാത്ത മതം ശുദ്ധമാകുന്നതും പ്രകാശിക്കുന്നതുമല്ല. മതപ്രചാരണത്തെ തന്നെ അതെങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു - ''പത്തും പതിന്നാലും കൊല്ലം പഠിച്ച മുസ്‌ല്യാര്‍ അറബിഭാഷയിലോ മലയാളഭാഷയിലോ ഒരു വാചകം എഴുതാനും ഒരു സദസ്സില്‍ ഇറങ്ങി ഒരു വിഷയത്തെ സംബന്ധിച്ച് സംസാരിക്കാനും നിവൃത്തിയില്ലാതിരിക്കുന്നു. ശൈഖിന്റെ ഗതിയും ഇതുതന്നെ. ഇതിന്റെ കാരണം ഭാഷ ഗ്രഹിക്കാത്തതുതന്നെ''. ദേശഭാഷ പഠിക്കാതിരിക്കുന്നതിനാല്‍ ജനം മാത്രമല്ല, മതവും ദോഷപ്പെടുന്നുവെന്നും ഖുര്‍ ആന്‍ മുതലുള്ള പ്രമാണങ്ങള്‍ ഒന്നും വിവര്‍ത്തനം ചെയ്യപ്പെടാതിരിക്കുന്നത് മതത്തിന് എങ്ങനെ ദോഷമുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സ്വന്തംഭാഷയില്‍ അറിവില്ലാതെ അന്യഭാഷയില്‍ മികവുണ്ടാകും എന്ന വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ''പൂര്‍വം മുതല്‍ ഇന്നുവരെ ഉണ്ടായിരിക്കുന്ന പാഠശാലകളില്‍ ആദ്യം സ്വന്തംഭാഷ പഠിപ്പിക്കുന്നതിന്റെയും ആ നിയമത്തെ ലോകമാസകലം സ്വീകരിച്ചിരിക്കുന്നതിന്റെയും ഉദ്ദേശ്യം ഇതുതന്നെ. ലോകനടപടിക്ക് കേവലം എതിരായി മലയാള ഇസ്‌ലാം സ്വന്തംഭാഷയെ പഠിക്കാതെ, കേവലം ത്യജിച്ച് അന്യഭാഷയായ അറബിഭാഷയെ പഠിക്കുന്നതിലുള്ള ദോഷം സ്വല്പമല്ലെ''ന്നും അദ്ദേഹം വാദിച്ചു. ഭരണകാര്യങ്ങള്‍ പരിചയപ്പെടാന്‍ ഇംഗ്ലീഷ് പഠിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
മുസ്‌ലിങ്ങളുടെ സാമൂഹികമായ അന്തസ്സുയര്‍ത്താനും മാതൃഭാഷാപഠനം അനിവാര്യമാണെന്ന് അദ്ദേഹം കണ്ടു. ''തനിക്ക് കീഴായിരിക്കുന്ന ജനത്തില്‍ വിദ്വാനായും പണ്ഡിതനായും ഘോഷിക്കുന്നതല്ലാതെ ഇതര ജനത്തില്‍ ഇറങ്ങി, ശബ്ദിക്കാന്‍ അശേഷം ധൈര്യം ഉണ്ടാകുന്നതല്ല. അഥവാ, മലയാളികളില്‍ ഇറങ്ങി സംസാരിക്കുന്നതായാല്‍ മലകളില്‍നിന്ന് കൊണ്ടുവരപ്പെട്ടതോ എന്ന് ഊഹിച്ച് വിസ്മയിക്കയോ പരിഹസിക്കയോ ചെയ്യും''.
സംസ്‌കൃതവിഭക്തിയല്ല, മലയാളഭക്തിയാണ് പ്രധാനമെന്ന് പറഞ്ഞ പൂന്താനത്തിന്റെ തുടര്‍ച്ച തന്നെയാണ് അറബി വിഭക്തിയേക്കാള്‍ പ്രധാനം മലയാളഭക്തിയാണെന്ന് പറയുന്ന മക്തിതങ്ങളിലും കാണുന്നത്. ഖുര്‍ ആന്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടവരില്‍ ഒരാള്‍ മക്തിതങ്ങളായിരുന്നു. വേദാധികാരത്തെ സംബന്ധിച്ച് ചട്ടമ്പി സ്വാമികള്‍ മുതല്‍ വള്ളത്തോള്‍ വരെ മറുവശത്ത് നടത്തികൊണ്ടിരുന്നതും ഇതു തന്നെയാണല്ലോ.
''നാട്ടുഭാഷയായ സ്വന്തംഭാഷ പഠിക്കാതെ വിദ്വാനെന്ന് നടിക്കുന്നു. വേദഭാഷയായ അറബിഭാഷയെ ഭാഷപ്പെടുത്താന്‍ ഒരുങ്ങുന്നു. നാട്ടുഭാഷയും സ്വന്തം ഭാഷയുമായ മലയാളം, വായിപ്പാനും എഴുതാനും അറിയാത്തവരെ ഗുരുക്കന്മാരാക്കി വായിപ്പാനും എഴുതാനും അറിയാത്ത കുട്ടികളെ ഏല്പിക്കുന്നു. വേദപ്രമാണങ്ങള്‍ ഭാഷപ്പെടുത്താന്‍ നിയമിക്കുന്നു'' എന്നൊക്കെ വിലപിക്കുന്നുമുണ്ട് അദ്ദേഹം.
ഇഹലോകത്ത് മാത്രമല്ല പരലോകത്തും മാതൃഭാഷയ്ക്ക് പ്രവേശമുണ്ട്. ''മലയാളഭാഷ മാതൃഭാഷയായാലും അത് ഈമാന്‍ എന്ന വിശ്വാസ സംഗതികളെ ധരിപ്പിക്കുന്ന ഗുരുവായും മരണംവരെയും മരണാനന്തരംതാനും ദൈവത്തോട് അപേക്ഷിപ്പാന്‍ തുണയായും ഇരിക്കുന്ന അവസ്ഥയ്ക്ക് ആദ്യം പഠിച്ചുണരേണ്ടതായ ഈ ഭാഷയെ നിരസിച്ചും നിന്ദിച്ചും അഭ്യസിക്കാതിരിക്കുന്നതും പടുമൂഢര്‍ക്കു മാത്രം അലങ്കാര''മാണെന്ന് അദ്ദേഹം പറഞ്ഞു.
നവോത്ഥാനത്തിന്റെ ഈ സന്ദേശം ഇന്നത്തെ പാഠശാലകള്‍ എത്രത്തോളം സ്വീകരിക്കുന്നുണ്ട് എന്ന അന്വേഷണം നാം നടത്തേണ്ടതുണ്ട്. സ്വര്‍ഗകവാടം മലയാളത്തിലും തുറക്കുമെന്നിരിക്കെ നമ്മുടെ വിദ്യാലയകവാടങ്ങളില്‍ നാം എത്രത്തോളം മലയാളം ഉപയോഗിക്കുന്നുണ്ട്? മലയാളഭാഷയും സാഹിത്യവും വിവിധ മതങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളില്‍ എത്രത്തോളം പഠിപ്പിക്കുന്നുണ്ട് എന്ന ആത്മപരിശോധനയ്ക്കുള്ള സന്ദര്‍ഭം കൂടിയാണ് മക്തിതങ്ങളുടെ ഈ 100-ാം ചരമവാര്‍ഷികം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.