2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിയണം

തിരുവനന്തപുരം: മലയാളഭാഷാ പരിജ്ഞാനം കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കുള്ള അനിവാര്യയോഗ്യതയാക്കണമെന്ന് സംസ്ഥാന സാംസ്‌കാരിക നയം ശുപാര്‍ശ ചെയ്യുന്നു. സിവില്‍ സര്‍വീസില്‍ നിന്ന് ഓരോ സംസ്ഥാനത്തും നിയമിക്കപ്പെടുന്നവര്‍ തദ്ദേശഭാഷ പഠിക്കണമെന്ന് നിര്‍ബന്ധമുള്ളപോലെയായിരിക്കണം സര്‍ക്കാര്‍ ജോലിക്കുള്ള മലയാളത്തിലെ അറിവ്.

എന്‍ജിനീയറിങ്, മെഡിസിന്‍, ഐ.ടി. എന്നിങ്ങനെ പൊതുപരീക്ഷയിലൂടെ പ്രവേശനം നടത്തുന്ന കോഴ്‌സുകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കണം. മാതൃഭാഷയിലും ഉത്തരമെഴുതാന്‍ അനുവദിക്കുകയും വേണം. പി.ടി.തോമസ് എം.പി. അധ്യക്ഷനായ സമിതി രൂപം നല്‍കിയ കരട് സാംസ്‌കാരിക നയം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഭരണഭാഷയും കോടതി ഭാഷയും പൂര്‍ണമായും മലയാളത്തിലാക്കണം. അക്കാദമികമായ എല്ലാ മേഖലകളിലും മലയാളത്തിന് പ്രവേശനം നല്‍കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സെമിനാറുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം മാതൃഭാഷയിലായിരിക്കണം.

വൈദേശിക എഴുത്തുകാരെ ആകര്‍ഷിച്ച് മലയാളം പഠിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദേശികള്‍ക്ക് മലയാളം പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. മലയാളഭാഷയ്ക്ക് മികച്ച സംഭാവന നല്‍കുന്ന വിദേശികള്‍ക്ക് ഗുണ്ടര്‍ട്ടിന്റെ പേരില്‍ പുരസ്‌കാരം നല്‍കും. ലിപി പരിഷ്‌കരണംപോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും.

ചെറിയ ക്ലാസുകള്‍ മുതല്‍ തന്നെ സാംസ്‌കാരികാവബോധം വളര്‍ത്താന്‍ തക്ക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. പ്രീ പ്രൈമറി, പ്രൈമറി തലത്തിലുള്ള അധ്യാപകര്‍ക്ക് കൈപുസ്തകമായി സാംസ്‌കാരിക പാഠങ്ങള്‍ നല്‍കണം. സമൂഹത്തിന്റെ വാമൊഴി-വരമൊഴി സമ്പത്ത് വിദ്യാഭ്യാസത്തില്‍ ഉപയോഗിക്കണം. സ്‌കൂളുകളില്‍ കലാ, കരകൗശലരംഗങ്ങളില്‍ പരിശീലനം നല്‍കാന്‍ അധ്യാപകരെ നിയമിക്കും.

ദേശീയ സാഹിത്യ, സംഗീത, നാടക അക്കാദമികളുമായി ചേര്‍ന്നുനിന്ന് സംസ്ഥാന സര്‍ക്കാരിന്റെ അക്കാദമികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണം. കേരള സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി 25 പേരടങ്ങുന്ന സാംസ്‌കാരിക ഉപദേശക കൗണ്‍സില്‍ രൂപവത്കരിക്കണം. സാംസ്‌കാരിക മന്ത്രിയായിരിക്കണം ഈ കൗണ്‍സിലിന്റെ ചെയര്‍മാന്‍.
കേരള കലാമണ്ഡലത്തെ നാടന്‍ കലകളടക്കമുള്ള കലകളുടെയും അനുബന്ധവിഷയങ്ങളുടെയും ഉന്നതപഠനത്തിനായി ഒരു സര്‍വകലാശാലയാക്കി ഉയര്‍ത്തണം. നിലവിലുള്ള നൃത്ത, സംഗീത, കലാ കോളേജുകള്‍ ഈ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യണം. നാടകം, പാരമ്പര്യകലകള്‍ എന്നിവയും പഠനവിഷയമാക്കണം. പഴയ കൊട്ടാരങ്ങള്‍, കോട്ടകള്‍, വാസ്തുശില്പങ്ങള്‍, ചരിത്രാവശിഷ്ടങ്ങള്‍ എന്നിവ സംരക്ഷിച്ച് വിനോദ സഞ്ചാരവും പരിപോഷിപ്പിക്കാം.

അന്യം നിന്നുകൊണ്ടിരിക്കുന്ന നിലത്തെഴുത്ത് കളരികള്‍ പുനരുജ്ജീവിപ്പിക്കും.കലാസാംസ്‌കാരിക രൂപങ്ങളെ രേഖപ്പെടുത്തി സംരക്ഷിക്കാന്‍ ഡോക്യുമെന്റേഷന്‍ സെന്റര്‍ സ്ഥാപിക്കും. ചരിത്രപരമായി പ്രാധാന്യമുള്ള പ്രദേശങ്ങളെ പ്രത്യേക മേഖലകളായി പ്രഖ്യാപിക്കും. സംഗീതോപകരണങ്ങള്‍, ആഭരണങ്ങള്‍, രംഗപ്രയോഗത്തിനുള്ള കോപ്പുകള്‍ എന്നിവയുടെ നിര്‍മാണം കലാപ്രവര്‍ത്തനമായി അംഗീകരിച്ച് പരിപോഷിപ്പിക്കും.

ലൈബ്രറി സെസ്സ് ഒരു ശതമാനമാക്കി ലൈബ്രറികള്‍ക്ക് ലഭിക്കുന്ന തുകയില്‍ കുറവ് വരുത്താതെ അധികമായി ലഭിക്കുന്ന തുക സാംസ്‌കാരിക വകുപ്പിന് നല്‍കണം. എഴുത്തുകാര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ വഴി വിഖ്യാത സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കും. നാടോടി, ഗോത്രകലകള്‍ സംരക്ഷിക്കാനും നടപടിയുണ്ടാകും. കളരികളും ഗുരുകുലങ്ങളും സംരക്ഷിക്കും.

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സവിശേഷതകളെ തുല്യമായി ആദരിക്കുന്ന സാംസ്‌കാരിക നയമാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് സമിതി പറയുന്നു. എം. എല്‍.എ മാരായ പാലോട് രവി, സി.പി.മുഹമ്മദ്, അബ്ദുസമദ് സമദാനി, തോമസ് ഉണ്ണിയാടന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, ടി.പി.രാജീവന്‍, എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങിയ സമതിതിയാണ് സാംസ്‌കാരിക നയത്തിന് രൂപം നല്‍കിയത്.
02.10.2012

1 അഭിപ്രായം:

  1. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളുടെ ബോര്‍ഡുകളും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ബോര്‍ഡുകളും മലയാളത്തില്‍ ആയിരിക്കണം എന്ന് ഉത്തരവുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല.സര്‍ക്കാര്‍ ഇക്കാര്യത്തിൽ അടിയന്തിരമായ ശ്രദ്ധ ചെലുത്തണം.
    malayalatthanima.blogspot.in

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.