സാമൂഹ്യ
ജീവിതത്തെ സ്വതന്ത്രവും ചലനാത്മകവുമാക്കുന്നതിൽ മാതൃഭാഷാ വിദ്യാഭ്യാസത്തിനുള്ള
പ്രാധാന്യം സമരോത്സുകമായ ദേശീയ പ്രസ്ഥാനത്തിന്റെ കാലം ഊട്ടിയുറപ്പിച്ചതാണ്.
വ്യക്തിയുടെ ആന്തരിക ചോദനകളെ ഉണർത്തി ആത്മബലം നൽകാൻ മാതൃഭാഷയിലൂടെ കഴിയുമെന്ന്
ഗാന്ധിജിയുൾപ്പെടെയുള്ള മഹാരഥന്മാർ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് തന്നെയാണ് ഇങ്ങ്
കേരളത്തിലും സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് ഐക്യനിര കെട്ടിപ്പടുക്കാനും, സ്വാതന്ത്ര്യബോധത്തെ ഒരു
ലഹരിയെന്ന നിലയിൽ പരിവർത്തിപ്പിച്ചെടുക്കാനും വള്ളത്തോൾ ഉൾപ്പെടെയുള്ള കവികൾക്കും
മറ്റെല്ലാ എഴുത്തുകാർക്കും പ്രേരണയായത്.
സ്വാതന്ത്ര്യം ജീവിതമാണെന്ന് പറയുമ്പോഴും പ്രവർത്തിച്ചത് ഈ മാതൃഭാഷാവബോധം
തന്നെ.
അടുത്ത
തലമുറയിൽ എൻ.വി.കൃഷ്ണവാര്യരായിരുന്നു മുഖ്യമായും മാതൃഭാഷയുടെ ഈ ദീപശിഖ
ഉയർത്തിപ്പിടിച്ചത്. അനേകം ഭാഷകൾ അനായാസം കൈകാര്യം ചെയ്ത എൻ.വി.ജൈവികമായ അനുഭവം
എന്ന നിലയിലും വൈജ്ഞാനിക മേഖലയിലെ അനിവാര്യത എന്ന നിലയിലും മാതൃഭാഷയുടെ
അവകാശത്തിനായി നിരന്തരം പോരാടി. എഴുത്തിലൂടെ സമൂഹത്തിന് ആത്മവീര്യം പകർന്നു.
സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജവും പാരമ്പര്യവുമുള്ള അദ്ദേഹത്തോടൊപ്പം കാലത്തെ
ഉഴുതുമറിച്ച സാമൂഹ്യ നവോത്ഥാനത്തിന്റെ എഴുത്തുകാരും അണിനിരന്നു. സാമൂഹ്യ
അസമത്വങ്ങളെ ചോദ്യം ചെയ്യാനും,
ദുരാചാരങ്ങളെ ഇല്ലാതാക്കാനുമുള്ള ആത്മവീര്യം മാതൃഭാഷയുടെ ഈ അടരുകളിൽ
നിന്നുമാണ് അവർ സ്വരൂപിച്ചെടുത്തത്.
ഇപ്പോൾ ഈ
പ്രക്ഷോഭത്തിൽ ഉൾച്ചേരുമ്പോൾ പാരമ്പര്യത്തിന്റെ ആ ധാര തന്നെയാണ് നമുക്ക് ഊർജ്ജം
പകരുന്നത്. മാതൃഭാഷ നമ്മുടെ ജീവിതം
തന്നെയാണെന്ന് തിരിച്ചറിയുന്നത്. ക്ലാസ്സ് മുറികളിൽ നിന്ന് ഭാഷയും സാഹിത്യവും
അകന്നു പോവുമ്പോൾ ആത്മാഭിമാനത്തോടെ അവർ ഉയർത്തിപ്പിടിച്ച കൊടിപ്പടമാണ് താഴ്ന്നു
പോവുന്നതെന്ന് നാമറിയുന്നു. സൗന്ദര്യാത്മകമായ ഒരു ലോകത്തിന്റെ പുതുചരിത്രം
രചിക്കേണ്ട തലമുറയെ പുറത്തിട്ടടക്കുമ്പോൾ ഇതേ വരെ നാം സ്വരൂപിച്ചെടുത്ത മുഴുവൻ
സാമൂഹ്യ നന്മകളുമാണ് ഇല്ലാതാവുകയെന്നും ഭയത്തോടെ നമ്മൾ തിരിച്ചറിയുന്നു. ഈ
ഇരുട്ടിലേക്ക് തെന്നി വീഴാതെ വ്യക്തിക്കും സമൂഹത്തിനും വെളിച്ചത്തിന്റെ വഴി
കാണിച്ചു കൊടുക്കുക എന്ന ദൗത്യം ഇപ്പോൾ ഐക്യമലയാള പ്രസ്ഥാനം ഏറ്റെടുക്കുമ്പോൾ
തീർച്ചയായും അത് മനുഷ്യാവകാശത്തിനായുള്ള സ്വാതന്ത്ര്യ സമര പ്രക്ഷോഭമെന്ന നിലയിൽ
ചരിത്രം രേഖപ്പെടുത്തും. അണഞ്ഞു പോവാത്ത നന്മയുടെ പതാക വാഹകർക്ക് അത് എക്കാലവും
ഊർജ്ജം പകരും. ആയതിനാൽ 'സ്നേഹ സുന്ദര പാതയിലൂടെ
വേഗമാവട്ടെ, വേഗമാവട്ടെ!
വി.
ബാബുരാജ്
മുഖ്യമന്ത്രി
ഈ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടുള്ള ഭീമഹർജിയിൽ ഒപ്പുവെക്കൂ
നിങ്ങളും
പങ്കാളിയാവൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.