പൊതുജീവിതത്തിൽ, മാതൃഭാഷയായ മലയാളത്തെക്കാൾ മഹത്തരമാണ് ഇംഗ്ലീഷെന്ന മിഥ്യാബോധം നമ്മുടെയിടയിൽ നിലനിൽക്കുന്നുണ്ട്. നിയമം കൊണ്ടോ ഉത്തരവു കൊണ്ടോ പൂർണമായി പരിഹരിക്കാവുന്ന വിഷയമല്ല ഇത്. കൊളോണിയൽ ഭൂതം മിഥ്യാഭിമാനമായി ആവേശിച്ചതിനെ കുടഞ്ഞു കളയേണ്ടതുണ്ട്. കല്യാണക്കത്തുകൾ, കടകളുടെ ബോർഡുകൾ, വീട്ടു പേരുകൾ ഇവയെല്ലാം ഇംഗ്ലീഷിലെഴുതുന്നതാണ് അന്തസ്സ് എന്നത് സാമാന്യ ബോധമായിരിക്കുന്നു. സ്ഥലനാമങ്ങളും ഔദ്യോഗിക ഫലകങ്ങളും കടകളുടെ പേരുകളും മറ്റേതു ഭാഷയിലും ഉണ്ടായിക്കൊള്ളട്ടെ, അവയിലെല്ലാം ഒന്നാം സ്ഥാനം നൽകി മലയാളത്തിൽക്കൂടി എഴുതുമ്പോഴേ ഭാഷാ ജനാധിപത്യത്തിലേക്ക് നമുക്കു പ്രവേശിക്കാനാകൂ. മാതൃഭാഷയിലൂടെയാണ് ഒരു ബഹുഭാഷാലോകത്തെ നാം സ്വപ്നം കണ്ടു തുടങ്ങേണ്ടത്. വലിയ തോതിലുള്ള ബോധ നിർമ്മാണ പ്രവർത്തനവും ഇതര പ്രായോഗിക പ്രവർത്തനങ്ങളും ഭാഷാ പ്രവർത്തകർ ഏറ്റെടുക്കേണ്ടതുണ്ട്. നിലവിലുള്ള ഭാഷാ ഉത്തരവുകൾ നടപ്പിലാക്കുന്നുണ്ടോ എന്ന് നാം നിരന്തരം പരിശോധിച്ചു കൊണ്ടേയിരിക്കണം. ബാങ്കിടപാടുകൾക്കുള്ള
ഫോറങ്ങൾ, മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള ബില്ലുകൾ, രോഗവിവരങ്ങളുടെ രേഖപ്പെടുത്തലുകൾ, ആയുർവേദമുൾപ്പെടെയുള്ള മരുന്നു കുറിപ്പടികൾ, കെ.എസ്.ആർ.ടി.സി.ടിക്കറ്റുകൾ, ഉപകരണങ്ങളുടെ ഉപയോഗക്രമം വിശദീകരിക്കുന്ന കുറിപ്പുകൾ..... എല്ലാം ഇംഗ്ലീഷിലാണ്. ഇതര സംസ്ഥാനങ്ങളിൽ ഇതല്ല സ്ഥിതിയെന്നറിയേണ്ടതുണ്ട്. പുത്തൻ സാങ്കേതിക വിദ്യകൾക്ക് ഏതെങ്കിലുമൊരു ഭാഷയോട് യാതൊരു കൂറുമില്ല. ഇവയെല്ലാം എളുപ്പത്തിൽ സാധാരണ ജനത്തിന്റെ ഭാഷയിലേക്ക് മാറ്റാനാകും. നമ്മുടെ തൊട്ടടുത്തുള്ള ചുറ്റുപാടുകളിൽ നിന്നാണ് നാം ഭാഷാവാദം ഉയർത്തിക്കൊണ്ടുവരേണ്ടത്. ഭരണകൂടം മുകളിൽ നിന്ന് തളികയിൽ വച്ചു നൽകുന്ന ഉത്തരവുകളിലൂടെയല്ല, അടിത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങളിലൂടെയാണ് നമ്മുടെ മാതൃഭാഷയെന്ന പദവിയിലേക്ക് മലയാളത്തെ നാം കൈ പിടിച്ചു നടത്തേണ്ടത്. ഇത്തരം സമരങ്ങളുടെ ബാക്കിപത്രമാണ് കഴിഞ്ഞ അഞ്ചാറു വർഷക്കാലത്തുണ്ടായ ഭാഷാ സംബന്ധമായ മുഴുവൻ സർക്കാർ നടപടികളുമെന്നത് ഭാവിയിലേക്കുള്ള നമ്മുടെ ഊർജ്ജമാണ്. തോൽക്കാൻ തയ്യാറായി തുടങ്ങിയ ഒരു സമരമാണ് ഭാവിയിലേക്കുള്ള വഴിയടയാളമായി നമ്മുടെ മുൻപിൽ നിൽക്കുന്നത്. കഴിഞ്ഞ പത്തു വർഷക്കാലയളവിൽ കേരളത്തിലുയർന്നു വന്ന വിഷയങ്ങളിൽ ഏറ്റവും മുന്നോട്ടു നീങ്ങിയ സമരമുഖം മാതൃഭാഷയുടേതാണെന്ന് നിസ്സംശയം പറയാം. പൊതുജീവിതത്തിൽ മാതൃഭാഷാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള ജീവിത സമരത്തിലാണ് നാം ഏർപ്പെടേണ്ടത്. കൊളോണിയൽ ഭാഷ എന്ന ഭൂതത്തെ കയ്യൊഴിയുകയെന്നാൽ ഒരു മനോഭാവത്തെക്കൂടിയാണ് നാം കയ്യൊഴിയുന്നത്. ഭാഷാ സ്വാതന്ത്ര്യമില്ലാത്ത രാഷ്ട്രീയ സ്വാതന്ത്ര്യത്തെയല്ല നാം പുണരേണ്ടതെന്ന വലിയ തിരിച്ചറിവാണത്. ഐക്യകേരളത്തിലെ മാതൃഭാഷയായി മലയാളത്തെ മാറ്റിത്തീർക്കാനുള്ള ഉടമ്പടിയുടെ പേരായിത്തീരണം ഐക്യമലയാള പ്രസ്ഥാനം.
നമ്മുടെ അസ്വാതന്ത്ര്യത്തെക്കുറിച്ചു പറയാനുള്ള ഭാഷപോലും കൈവശമില്ലാത്തതുകൊണ്ടാണ് സ്വതന്ത്രരാണെന്നു നമുക്കു തോന്നുന്നത്.
- സിസെക്
ഒക്ടോബർ 22 മുതൽ 31 വരെ മാതൃഭാഷാവകാശ ജാഥ കാസർഗോഡ് - തിരുവനന്തപുരം. ആശയ പ്രചാരണത്തിലും പ്രായോഗിക പ്രവർത്തനങ്ങളിലും പങ്കാളിയാകൂ...