2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

പ്രാദേശികഭാഷകളുടെ മരണം ഉറപ്പാക്കലാണ് കോര്‍പ്പറേറ്റ് വിപണിയുടെ ലക്ഷ്യം - എം.പി.വീരേന്ദ്രകുമാര്‍.

തിരുവനന്തപുരം: പ്രാദേശികഭാഷകളുടെ മരണം ഉറപ്പാക്കുകയാണ് കോര്‍പ്പറേറ്റ് ഭീമന്മാരുടെ ലക്ഷ്യമെന്ന് 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. 'ഒ.എന്‍.വി. സഹസ്രപൂര്‍ണിമ' ആഘോഷങ്ങളുടെ ഭാഗമായി നടന്ന 'മലയാളം എന്റെ ജന്മാവകാശം' എന്ന വിഷയത്തിലുള്ള സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെല്ലായിടത്തും ഉല്പന്നങ്ങളെത്തിച്ച് വില്‍ക്കുന്നതിനുള്ള ഭാഷയാണ് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടത്. ഭാഷയെ അക്കങ്ങളും കോഡുകളുമാക്കി മാറ്റുന്നത് ഈ ലക്ഷ്യത്തോടെയാണ്. കോളനിവത്കരണം നിലനിന്ന രാജ്യങ്ങളിലാണ് പ്രാദേശികഭാഷകളുടെ മരണം നടക്കുന്നത്. മലയാളവും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കുന്നതിനായി കവി ഒ.എന്‍.വി. കുറുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനവികതയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.കോടതിഭാഷയും ഭരണഭാഷയും മലയാളത്തിലായാല്‍ മാത്രമേ, കേരളത്തില്‍ ആദിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളൂ.കോടതിയിലെത്തുന്ന ആദിവാസികളും പാവപ്പെട്ടവരും ഇംഗ്ലീഷ് ഭാഷയിലുള്ള കോടതിവ്യവഹാരങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ ചെന്നാല്‍ അവിടെയുള്ള രാഷ്ട്രീയനേതാക്കളും ജനങ്ങളും നമ്മളോട് സംസാരിക്കുന്നത് അവരുടെ പ്രാദേശികഭാഷയിലാണ്. യൂറോപ്യന്‍രാജ്യങ്ങളുടെ കാര്യമായാലും ഏഷ്യന്‍രാജ്യങ്ങളിലായാലും ഇതാണ് സ്ഥിതി. എന്നാല്‍, ഇവിടെമാത്രം മലയാളം സംസാരിക്കുന്നത് അപമാനമായാണ് കണക്കാക്കുന്നത്-വീരേന്ദ്രകുമാര്‍ പറഞ്ഞു.ദേശീയതയും ഭാഷയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഇവിടെ ശാസ്ത്രവും സാങ്കേതികതയും കണക്കുമൊക്കെ പഠിക്കേണ്ടത് മലയാളത്തിലൂടെയാകണം. ഭാഷയുടെ മരണം, സമൂഹത്തിന്റെയും ഓര്‍മകളുടെയും സംസ്‌കൃതിയുടെയും മരണമാണ്. ഇന്ത്യയില്‍ ഭാഷകളെല്ലാം മരിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ അവസാനം മരിക്കുക തമിഴായിരിക്കും. കാരണം അവര്‍ ഭാഷയെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ട്. ഭാവിയിലേക്ക് സമൂഹത്തിന്റെ തുടര്‍ച്ചയുണ്ടാകണമെങ്കില്‍ ഭാഷയെ നിലനിര്‍ത്തുകയാണ് വേണ്ടത്. മനുഷ്യന്റെ നിലനില്പും അവന്റെ വികാരവിചാരങ്ങളും മാതൃഭാഷയിലൂടെയാണെന്ന കാര്യം വിസ്മരിക്കരുത്. നമ്മുടെ ഭാഷ നമ്മുടെ ജന്മാവകാശമാണ് -വീരേന്ദ്രകുമാര്‍ പറഞ്ഞു.എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി അധ്യക്ഷനായി. മലയാളഭാഷാ ബില്‍ അവതരിപ്പിക്കുന്നതിന് സര്‍ക്കാരിന് എന്താണ് പ്രതിബന്ധമെന്ന് വ്യക്തമാക്കണമെന്ന് രാമനുണ്ണി പറഞ്ഞു. സ്വന്തം ഭാഷ ജന്മാവകാശമാണെന്ന് പ്രഖ്യാപിക്കേണ്ടിവരുന്ന അവസ്ഥതന്നെ അതിഭീകരമാണ്. സ്വാമി വിവേകാനന്ദന്‍ 'ഭ്രാന്താലയം' എന്നുവിളിച്ച അവസ്ഥയിലേക്കുതന്നെയാണ് മാതൃഭാഷയോടുള്ള അവഗണനയിലൂടെ നാം ഇപ്പോഴും പോകുന്നത്. വരുംതലമുറയുടെ മാനുഷികമൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന് മാതൃഭാഷ നിലനിര്‍ത്തേണ്ടതുണ്ട്. ശാസ്ത്രവും സാങ്കേതികതയുമെല്ലാം മാതൃഭാഷയിലൂടെയാണ് പകര്‍ന്നുനല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയ്ക്കുവേണ്ടി ഒമ്പത് എഡിറ്റോറിയലുകളാണ് 'മാതൃഭൂമി' എഴുതിയിട്ടുള്ളതെന്നും രാമനുണ്ണി പറഞ്ഞു. ഇന്ത്യയുടെ ചിഹ്നവ്യവസ്ഥയുടെ നശീകരണമാണ് പ്രാദേശികഭാഷകളെ ഇല്ലാതാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. പി.പവിത്രന്‍ പറഞ്ഞു. മലയാളത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍, എതിര്‍പ്പുമായി ആദ്യമെത്തുക മലയാളി ഉദ്യോഗസ്ഥരാണെന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ പറഞ്ഞു.പ്രൊഫ. അലിയാര്‍ സ്വാഗതം ആശംസിച്ചു.http://www.mathrubhumi.com/story.php?id=549267

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.