2013, നവംബർ 1, വെള്ളിയാഴ്‌ച

മുടിക്കണോ നാം മക്കളെ- കെ.പി.രാമനുണ്ണി

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയമില്ലെങ്കില്‍ കുട്ടികള്‍ കുടിയൊഴിയുമെന്നും ജനത്തിന്റെ മിഥ്യാഭ്രമങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പ് വഴങ്ങണമെന്നുമാണ് ലളിതയുക്തി. സ്‌കൂള്‍വിദ്യാഭ്യാസം അന്യഭാഷയില്‍ ചെലുത്തുന്നത് രക്ഷാകര്‍തൃത്വത്തിന്റെ ആത്മഹത്യയും കുഞ്ഞുപ്രജ്ഞകളുടെ കൊലപാതകവും തന്നെയാണ്


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തലമുറയെ അതില്‍നിന്ന് രക്ഷിക്കുന്നതിനുപകരം കഴുമരത്തിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ചചെയ്യുന്നപോലെയാണ് ഇപ്പോഴത്തെ പാഠ്യപദ്ധതി തര്‍ക്കങ്ങളെന്ന് തോന്നുന്നു. അസീസ്‌കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും വേണ്ട കെ.സി.എഫ്. 2007 തുടര്‍ന്നാല്‍ മതിയെന്നും മറ്റുമുള്ള വാദങ്ങള്‍ക്ക്, കൊലക്കയര്‍ മാറ്റണോ അതോ പഴയത് മതിയോ എന്ന പ്രശ്‌നത്തിന്റെ പ്രസക്തിയേ സത്യത്തില്‍ ഉള്ളൂ. എന്തെന്നാല്‍, പഴയ പാഠ്യപദ്ധതിയായാലും പുതിയ പാഠ്യപദ്ധതിയായാലും അത് പ്രവര്‍ത്തനക്ഷമമാകുന്നത് ഭാഷയിലൂടെയാണ്. നമ്മുടെ സ്‌കൂള്‍ പഠിപ്പിന് കൊള്ളാത്ത അന്യഭാഷയിലൂടെ നടപ്പില്‍വരുത്തുമ്പോള്‍ ഏത് പാഠ്യപദ്ധതിയായാലും കുട്ടികളെ സര്‍ഗാത്മകതലത്തില്‍ കൊല്ലുകയാണ് ചെയ്യുന്നത്. കേരളത്തില്‍ കൂടുതല്‍ക്കൂടുതല്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് മീഡിയം എജ്യുക്കേഷനും നിശ്ശബ്ദമായി ചെയ്തുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. ഈ മഹാപാതകത്തിന് ചൂട്ടുപിടിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെടിപ്പില്ലാതെത്തന്നെ ഇറങ്ങിയിട്ടുമുണ്ട്. 

പകര്‍ച്ചവ്യാധിയുടെ ആരംഭം


ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഭരണഘടന വിഭാവനംചെയ്ത ഭാഷാസംസ്ഥാനങ്ങളുടെ വികാസസ്വപ്നത്തിനൊത്ത് വിദ്യാഭ്യാസം സ്റ്റേറ്റ്‌ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതായത്, പ്രാദേശിക ഭാഷാസംസ്‌കൃതിയിലൂടെയുള്ള അധ്യയനം എന്നതുതന്നെ ഉദ്ദേശ്യം. എന്നാല്‍, ഭരണനടത്തിപ്പിന്റെ അനിവാര്യ തിന്മയായ ബ്യൂറോക്രസിയുടെ ചില ഗതികേടുകള്‍ കേന്ദ്രസര്‍ക്കാറിന് നേരിടേണ്ടിവന്നു. ഇടയ്ക്കിടെ സ്ഥലംമാറ്റപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് തങ്ങള്‍ പോകുന്ന ഇടങ്ങളില്‍ മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടാന്‍ സാധ്യമല്ലല്ലോ. എന്തുചെയ്യും? ആ പ്രശ്‌നത്തിനുള്ള മുട്ടുശാന്തിയായാണ് ഇംഗ്ലീഷ് പഠനമാധ്യമമായ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ രാജ്യത്ത് പരിമിതമായി സ്ഥാപിക്കപ്പെട്ടത്.
പിന്നീട് ബ്യൂറോക്രാറ്റുകള്‍ മാത്രമല്ല, ഹിപ്പോക്രാറ്റുകള്‍ കൂടി സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ കുട്ടികളെ അയയ്ക്കാന്‍ തുടങ്ങി. രാജ്യത്താകമാനം ഇത്തരം വിദ്യാലയങ്ങള്‍ തഴച്ചുവളര്‍ന്നു. പണ്ടേ തുക്ടി സായ്‌വാകാന്‍ പരാക്രമം കാട്ടുന്ന, സാമ്രാജ്യത്വഹാല് ഒട്ടും മാറിയിട്ടില്ലാത്ത കേരളക്കരയില്‍നിന്നാണ് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കുള്ള എന്‍.ഒ.സി.കള്‍ ഏറ്റവുമധികം കുറിക്കപ്പെട്ടതെന്ന് കാണാം.
പിന്നീട്, 1990-കള്‍ മുതല്‍ നിവൃത്തിയില്ലായ്മയില്‍മാത്രം വിദേശഭാഷാമാധ്യമമെന്ന തത്ത്വത്തെ കുരുതികൊടുത്ത് സംസ്ഥാനസര്‍ക്കാര്‍ പ്രൈവറ്റ് അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് വ്യാപകമായ അനുമതി നല്‍കി. അതോടെ നാട്ടിലെങ്ങും വിദ്യാഭ്യാസ കച്ചവടക്കാര്‍ മൊഞ്ചുള്ള കെട്ടിടങ്ങളും ലങ്കുന്ന യൂണിഫോമുകളും പ്രദര്‍ശിപ്പിച്ച് പിള്ളേരെ മാട്ടിപ്പിടിക്കാന്‍ ഒരുമ്പട്ടിറങ്ങി. മിടുക്കും ചുറ്റുപാടുമുള്ള കുട്ടികള്‍ അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലും ചണ്ടിപണ്ടാരങ്ങള്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലുമെന്ന അവസ്ഥ ഉരുത്തിരിഞ്ഞു.

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടി അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം എത്തിയിട്ടും അണ്‍എയ്ഡഡ് സ്‌കൂളുകള്‍ നിയന്ത്രിച്ച് രാഷ്ട്രത്തിന്റെ വിദ്യാഭ്യാസനയത്തിനൊത്ത് തങ്ങളുടെ വിദ്യാലയങ്ങള്‍ മെച്ചപ്പെടുത്താനല്ല സര്‍ക്കാര്‍ മുതിര്‍ന്നത്. കള്ളന്റെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരനെപ്പോലെ അണ്‍എയ്ഡഡ് സ്‌കൂളുകളുമായി മത്സരിക്കാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ഇംഗ്ലീഷ്മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. കവര്‍ച്ചയ്ക്കായാലും കള്ളക്കടത്തിനായാലും മത്സരം മഹത്തരമാണെന്ന ഉദാരീകരണയുക്തി അപ്പോഴേക്ക് പ്രചരിച്ചുകഴിഞ്ഞിരുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ ഇംഗ്ലീഷ്മീഡിയത്തിന്റെ തുടക്കം പലതരം പ്രശ്‌നങ്ങളാണ് പൊടുന്നനെ ഉണ്ടാക്കിയത്. വിവിധ വിഷയങ്ങള്‍ ആംഗലേയത്തില്‍ പഠിപ്പിക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരില്ല, പാഠപുസ്തകങ്ങളില്ല, പഠനസഹായികളുമില്ല. മിടുക്കുള്ള മാഷന്മാരെ ഇംഗ്ലീഷ് ഡിവിഷനുകളിലേക്ക് പറഞ്ഞയച്ച് കഴിവുകുറഞ്ഞവരെ മലയാളം ഡിവിഷനുകളില്‍ നിലനിര്‍ത്തിയത് ഇംഗ്ലീഷ് മീഡിയത്തെ മെച്ചപ്പെടുത്തിയില്ലെന്ന് മാത്രമല്ല, മലയാളം മീഡിയത്തെ കൂടുതല്‍ പാപ്പരാക്കുകയും ചെയ്തു. മലയാളം മീഡിയത്തിന്റെ അധോഗതി ഇംഗ്ലീഷ് മീഡിയത്തിന് വേണ്ടിയുള്ള മുറവിളി വളര്‍ത്തി. രണ്ട്ക്ക് ഒന്ന് എന്ന അനുപാതം ഒന്ന്ക്ക് ഒന്ന് എന്നാക്കാന്‍ പ്രേരിപ്പിച്ചു. ഇംഗ്ലീഷറിയാത്ത മക്കളും ഇംഗ്ലീഷില്‍ തപ്പുന്ന മാഷന്മാരും തമ്മിലുള്ള യുദ്ധംവെട്ട് പിള്ളേരെ മലയാളത്തില്‍ വിഷയങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ഇംഗ്ലീഷില്‍ ഉത്തരക്കടലാസില്‍ ഛര്‍ദിപ്പിക്കുന്ന ഏര്‍പ്പാടിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്.

മേല്‍പ്പറഞ്ഞ വിക്രിയകള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോഴും ദേശീയതലത്തിലെ സകല വിദ്യാഭ്യാസ കമ്മീഷനുകളും മാതൃഭാഷയിലൂടെയുള്ള ബോധനമാര്‍ഗത്തെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു എന്നതാണ് സത്യം. മാത്രമല്ല, മാതൃഭാഷയാണ് കുട്ടികളില്‍ വിഷയഗ്രഹണം സുഗമമാക്കുന്നതെന്നും അവരുടെ ഭാഷേന്ദ്രിയത്തെ പുഷ്ടിപ്പെടുത്തുന്നതെന്നും പുതിയ അന്വേഷണങ്ങള്‍ തിരിച്ചറിഞ്ഞു. മാതൃഭാഷ ഒരു ജനതയുടെ ജന്മാവകാശമാണെന്ന് ഐക്യരാഷ്ട്രസഭയും പ്രഖ്യാപിച്ചു. ഒടുവില്‍ 2009-ലെ ഇന്ത്യന്‍ ആര്‍.ടി.ഇ.ആക്ട് എട്ടാംക്ലാസ് വരെയെങ്കിലും പഠനമാധ്യമം മാതൃഭാഷയാക്കണമെന്ന് കര്‍ശനമായി നിഷ്‌കര്‍ഷിച്ചു. (നിവൃത്തിയില്ലാത്ത സന്ദര്‍ഭങ്ങളിലൊഴികെ- നിവൃത്തിയില്ലായ്മ എന്നുപറഞ്ഞാല്‍ പഞ്ചാബിയായ ഉദ്യോഗസ്ഥന്‍ കേരളത്തില്‍ ജോലിചെയ്യുമ്പോള്‍ അയാളുടെ മക്കള്‍ക്ക് പഞ്ചാബി മീഡിയം നല്‍കാന്‍ സാധിക്കാത്ത നിവൃത്തിയില്ലായ്മയാണ്. ഇംഗ്ലീഷ് മീഡിയം കച്ചവടക്കാര്‍ പണവും സ്വാധീനവുമായി പിറകെ നടക്കുന്നതിന്റെ നിവൃത്തിയില്ലായ്മയല്ല.)

എന്നിട്ടും ഈ ഒക്ടോബര്‍ എട്ടാം തീയതി നടന്ന സംസ്ഥാന കരിക്കുലംകമ്മിറ്റിയോഗം ഇംഗ്ലീഷ് മീഡിയംനടത്തിപ്പ് സുഖസുന്ദരമാക്കാന്‍ പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി.യെക്കൊണ്ടുതന്നെ പുറത്തിറക്കിക്കാനാണ് തീരുമാനിച്ചത്. ഇതിന്റെ തുടര്‍ച്ച ഇംഗ്ലീഷ് മീഡിയം ടീച്ചേഴ്‌സിനുള്ള ട്രെയിനിങ്ങുകളും മറ്റുമായി കേരളം മൊത്തം അന്യഭാഷാ പഠനമാധ്യമത്തിലേക്ക് പരിണമിപ്പിക്കാനുള്ള ഒത്താശയായി ഉരുത്തിരിയും. ഈ വൈരുധ്യം തിരുവനന്തപുരം ഡയറ്റ് അധ്യാപകനായ എ. മുഹമ്മദ് കബീര്‍ കരിക്കുലംകമ്മിറ്റിയോഗത്തില്‍ സൂചിപ്പിച്ചപ്പോള്‍ ഹാളില്‍ കനത്ത നിശ്ശബ്ദത വിങ്ങി. ഒരു യൂണിയന്‍ പ്രതിനിധിയും പ്രശ്‌നത്തെ ഗൗരവപൂര്‍വം ഏറ്റുപിടിച്ചില്ല.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയമില്ലെങ്കില്‍ കുട്ടികള്‍ കുടിയൊഴിയുമെന്നും ജനത്തിന്റെ മിഥ്യാഭ്രമങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പ് വഴങ്ങണമെന്നുമായിരുന്നു പൊതുവേ കേട്ട ലളിതയുക്തി. അപ്പോള്‍ നിര്‍ണായകമായ ഒരു വിഷയത്തെ സംബന്ധിച്ച് സര്‍ക്കാറിന് വ്യക്തമായ നയപരിപാടികള്‍ ആവശ്യമില്ലേ? ഒരുകൂട്ടം ആളുകള്‍ ആത്മഹത്യാപ്രവണത കാണിക്കുന്നെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്ക് ഭംഗിയുള്ള കയര്‍ക്കുരുക്കുകള്‍ വിതരണംചെയ്യുകയാണോ വേണ്ടത്? സ്‌കൂള്‍വിദ്യാഭ്യാസം അന്യഭാഷയില്‍ ചെലുത്തുന്നത് രക്ഷാകര്‍തൃത്വത്തിന്റെ ആത്മഹത്യയും കുഞ്ഞുപ്രജ്ഞകളുടെ കൊലപാതകവും തന്നെയാണ്.

സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും കുറ്റകൃത്യം


അത്യന്തം സമ്പുഷ്ടമായൊരു മാതൃഭാഷയുള്ളപ്പോള്‍ അന്യഭാഷയിലൂടെ സ്‌കൂള്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കുന്നത് ഏതുനിലയ്ക്ക് നോക്കിയാലും സമൂഹവും സര്‍ക്കാറും ചെയ്യുന്ന കുറ്റകൃത്യമാണെന്ന് കാണാം.
ഒന്നാമതായി അത് ഭരണഘടനാതത്ത്വങ്ങളുടെയും ദേശീയ വിദ്യാഭ്യാസനയങ്ങളുടെയും ഐക്യരാഷ്ട്രസഭാ വീക്ഷണങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. രണ്ടാമതായി പുത്തന്‍ വിജ്ഞാനവിസ്‌ഫോടനങ്ങള്‍ക്കുനേരേയുള്ള കടുത്ത മുഖംതിരിക്കലാണ്. ആറുമാസംവരെ മുലപ്പാലൊഴികെയുള്ള ഏത് പാലും കുഞ്ഞുങ്ങള്‍ക്ക് അപകടമാണെന്ന് തെളിഞ്ഞാല്‍ ടിന്‍പാല്‍ വര്‍ജിക്കുന്നതിനായി അതിന്റെ ദോഷഫലങ്ങള്‍ പ്രചരിപ്പിക്കേണ്ടപോലെയായിരിക്കണം ഇംഗ്ലീഷ് മീഡിയത്തോടും തലയ്ക്ക് വെളിവുള്ളവര്‍ പുലര്‍ത്തേണ്ട സമീപനം. 

എങ്ങനെയാണ് വിമുക്തി


കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സകല സ്‌കൂളുകളിലും പത്താംക്ലാസ്‌വരെ മലയാളമല്ലാത്ത പഠനമാധ്യമങ്ങള്‍ നിയമത്താല്‍ നിരോധിക്കല്‍മാത്രമേ നാട്ടില്‍ പടര്‍ന്നിട്ടുള്ള 'ആംഗലോളിസ'ത്തിന് പ്രതിവിധിയുള്ളൂ എന്നാണ് എസ്.സി.ഇ.ആര്‍.ടി.യിലെ ചില ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇത്തരം നടപടികള്‍ക്ക് മൗലികാവകാശലംഘനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലേയെന്ന് സംശയംതോന്നാം. എന്നാല്‍, അത്തരം പരീക്ഷണസാധ്യതയും തള്ളിക്കളയാന്‍ വയ്യെന്ന് കര്‍ണാടകത്തിലെ സകലവിദ്യാലയങ്ങളിലും പഠനമാധ്യമം കന്നടമാത്രമാക്കി സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് ഹൈക്കോടതിശരിവെച്ചത് തെളിയിക്കുന്നു.സ്വകാര്യ മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍പോയിട്ടുള്ള ഈ കേസില്‍ കേരളസര്‍ക്കാറിനും കര്‍ണാടകത്തിന്റെ ഭാഗം കക്ഷിചേരാവുന്നതാണ്. സ്വകാര്യ മാനേജ്‌മെന്റുകളുടെ മൗലികാവകാശ സംരക്ഷണം കുഞ്ഞുങ്ങളുടെ മൗലികാവകാശധ്വംസനമായി മാറുന്നു എന്ന വാദവും ഉയര്‍ത്താവുന്നതാണ്- തിരിച്ചറിവില്ലാത്ത കുട്ടികളുടെ നേര്‍ക്കുള്ള പൂതനാപ്രയോഗം.
ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് ഇങ്ങനെയൊരു നീക്കം നടത്തുകയാണെങ്കില്‍ ഇന്നേവരെ തുടര്‍ന്നുവന്ന എല്ലാ കക്ഷിരാഷ്ട്രീയപാപങ്ങള്‍ക്കും അത് പ്രായശ്ചിത്തമായി ഭവിക്കും.

കുട്ടികള്‍ക്ക് ഇക്കാലത്ത് ഇംഗ്ലീഷ് അറിയേണ്ടേ, മറുനാടുകളില്‍ അവര്‍ക്ക് പിഴയ്‌ക്കേണ്ടേ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചാണ് തത്പരകക്ഷികള്‍ സാധാരണക്കാരുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് ആട്ടിത്തെളിക്കാറുള്ളത്. ഇംഗ്ലീഷ് അറിയാനും മറ്റുദേശങ്ങളില്‍ പിഴയ്ക്കാനും ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കുകയല്ല, നല്ലപോലെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് വേണ്ടത്. ഒന്നാം ക്ലാസ്മുതല്‍തന്നെ പ്രഗല്ഭരായ അധ്യാപകരെവെച്ച് എല്ലാ വിദ്യാലയങ്ങളിലും ഇംഗ്ലീഷ് ഒരു വിഷയമായി പഠിപ്പിച്ചാല്‍ കുട്ടികള്‍ അസ്സലായി ഇംഗ്ലീഷ് കൈകാര്യംചെയ്യാന്‍ തുടങ്ങും. അതേസമയം, ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളിലെ മാതൃഭാഷയുടെ ഇടനിലക്കുറവ് സൃഷ്ടിക്കുന്ന വിഷയഗ്രഹണവീഴ്ച, വികാരദാരിദ്ര്യം, പ്ലാസ്റ്റിക്‌വത്കരണം, സ്വന്തം നാടിനോടുള്ള പുച്ഛം എന്നീ വിപത്തുകളില്‍നിന്ന് അവര്‍ രക്ഷപ്പെടുകയും ചെയ്യും.

അന്യഭാഷാ മാധ്യമത്തിലുള്ള അധ്യയനം കുട്ടികള്‍ക്കുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും പഠനം മാതൃഭാഷയില്‍ നടത്തിയാലുള്ള അത്ഭുതനേട്ടങ്ങളെക്കുറിച്ചും എഴുത്തുകാരായ എഴുത്തുകാരെല്ലാം പ്രചണ്ഡമായ പ്രചാരണം സമൂഹത്തില്‍ നടത്തുകതന്നെ വേണം. ഇതില്‍ സംഭവിക്കാവുന്ന ചെറിയൊരു ഇടങ്ങേറ് പല എഴുത്തുകാരുടെയും കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠനം
പൂര്‍ത്തീകരിച്ചവരാണ് എന്നതാണ്! മലയാളം മീഡിയം സ്‌കൂളുകളുടെ ശോച്യാവസ്ഥകൊണ്ടും അന്യഭാഷാ പഠനമാധ്യമത്തിന്റെ ആപത്തിനെക്കുറിച്ച് ഇത്രത്തോളം തിരിച്ചറിവ് ഇല്ലാതിരുന്നതുകൊണ്ടും സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിച്ചുപോയി എന്നതിനാല്‍ ആരുംതന്നെ തിരിഞ്ഞുകളിക്കേണ്ടതില്ല. പറ്റിപ്പോയ അമളിയില്‍ കടിച്ചുതൂങ്ങുന്നതിനേക്കാള്‍ അത് അംഗീകരിച്ച് തിരുത്തുന്നതിലാണ് ധീരത. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതുകൊണ്ട് തങ്ങളുടെ കുട്ടികള്‍ക്ക് വലിയ കുഴപ്പമൊന്നും പറ്റിയിട്ടില്ലല്ലോ എന്നാണെങ്കില്‍ നഷ്ടപ്പെട്ടുപോയ വസന്തസാധ്യതകള്‍ അത്യുദാത്തമായിരുന്നേനേ എന്നേ ഉത്തരമുള്ളൂ.

സകല വിവരവുമുണ്ടെങ്കിലും ഒരുതരം മണ്ടത്തരം, എല്ലാ സുഖസൗകര്യങ്ങളുമുണ്ടെങ്കിലും ഒരുജാതി വിഷണ്ണത, എത്ര സ്‌നേഹിച്ചാലും തിരിച്ചൊരു കൂറില്ലായ്മ, എന്താച്ചാ ആയ്‌ക്കോട്ടെ എന്ന മട്ടുംമാതിരിയും-ഇതെല്ലാം നമുക്ക് നമ്മുടെ കുട്ടികളില്‍ തോന്നുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മലയാളത്തിന്റെയും മലയാളസാഹിത്യത്തിന്റെയും പോഷണക്കുറവുകൊണ്ട് തന്നെയാണ്.
പൊതുബോധവും സര്‍ക്കാര്‍നയവും മാതൃഭാഷാ പഠനമാധ്യമത്തിന്റെ വഴിക്ക് വന്നാലും അന്യഭാഷാ ലോബിയുടെ കൂട്ടിക്കൊടുപ്പുകാരായി ചിലര്‍ ബാക്കിനില്‍ക്കും. കുഞ്ഞുങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന പുതുകാല കംസന്മാരായി, വേദഗ്രന്ഥോചിതമായ ഉര്‍ഫിനെ ധിക്കരിക്കുന്നവരായി, ശാസ്ത്രസത്യങ്ങളെ കൊഞ്ഞനം കുത്തുന്ന അന്ധവിശ്വാസികളായി. അവരെ അപ്പോള്‍ നമുക്ക് ഒന്നിച്ച് നേരിടേണ്ടിവരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.