2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

പാറകമരവും ഇത്തിക്കണ്ണിയും - പി.ആര്‍. നാഥന്‍

മാതൃഭാഷയിലൂടെ ലോകത്തെ കാണുക എന്ന ആശയം ഒരു പരിഹാസമായി മാറുകയാണ്. ഒരു കാര്യം പഴമനസ്സുകള്‍ തറപ്പിച്ച് പറയും. മലയാളമറിയാത്തവര്‍ വരുത്തുന്ന നഷ്ടം ഇംഗ്ലീഷ് തരുന്ന ലാഭത്തെക്കാള്‍ ഭയങ്കരമാണ്




മലയാളമറിയാത്ത മലയാളികള്‍ ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിന് പേര്‍ ഈ ഭൂമിമലയാളത്തില്‍ ജീവിച്ചിരിപ്പുണ്ട്. ഇക്കൂട്ടത്തില്‍ ഭൂരിപക്ഷം പേര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയുകയില്ല. മലയാളം തീരെ സംസാരിക്കാന്‍ അറിയാത്ത ഒരു ന്യൂനപക്ഷം മലയാളികളും ഉണ്ട്. എന്തിന് വിദേശത്തേക്ക് പോകുന്നു. നമ്മുടെയൊക്കെ വീടുകളില്‍ മലയാളം വായിക്കാനറിയാത്തവരുണ്ട്. മലയാളഭാഷ കണ്ടാല്‍ ഇത് മലയാളമാണെന്ന് അറിയാത്തവരുണ്ട്. ജീവിതലക്ഷ്യം ധനസമ്പാദനമാണെന്ന്, പരിഷ്‌കരിച്ച മനുഷ്യര്‍ തിരിച്ചറിഞ്ഞു. ധനമുണ്ടാക്കാനാണ് മനുഷ്യജന്മം എന്ന അറിവ് ഇന്നും നേടാത്തവരുണ്ട്. അതുകൊണ്ടാണല്ലോ ഹിമാലയത്തിലെ ഗ്രാമീണര്‍ കളഞ്ഞുകിട്ടിയ വസ്തുക്കളെല്ലാം ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കുന്നത്.

മലയാളം മാത്രം അറിയുന്ന സാധാരണക്കാരുടെ പ്രൊവിഡന്റ് ഫണ്ട് കാര്യങ്ങള്‍ നോക്കുന്ന ഒരു സ്ഥാപനത്തിലാണ് ഞാന്‍ ജോലിചെയ്തിരുന്നത്. മലയാളത്തില്‍ അയയ്ക്കുന്ന കത്തുകള്‍ക്ക് ഇംഗ്ലീഷില്‍ മറുപടിയെഴുതണം. ആ മറുപടികള്‍ വെട്ടിത്തിരുത്തി മേലുദ്യോഗസ്ഥന്മാര്‍ അവരുടെ ഭാഷാപരിജ്ഞാനം പ്രകടമാക്കുമായിരുന്നു. സര്‍ക്കാറില്‍നിന്ന്മറുപടി കിട്ടുന്ന സാധാരണക്കാരന്‍ ആ കത്ത് വായിക്കാനായി മറ്റൊരാളിന്റെ സഹായം തേടുന്നു. ഇംഗ്ലീഷില്‍ പറയുന്നതെന്തും ശരിയാണെന്ന ധാരണ മാത്രമല്ല ഉണ്ടായത്. ഇംഗ്ലീഷ് ഭാഷ കൈാര്യം ചെയ്യാനറിയാത്തവര്‍ മണ്ടന്മാരായി. ഇംഗ്ലീഷ് മരുന്നിന് വില കൂടുതലാണ്. ഇംഗ്ലീഷ് ഡോക്ടര്‍ക്ക് കൂടുതല്‍ പ്രതിഫലം കൊടുക്കണം.

എന്റെ പിതാവ് അധ്യാപകനായിരുന്നു. ഭേദപ്പെട്ട കൃഷിക്കാരനുമായിരുന്നു. അച്ഛന്റെ സഹോദരിയിലുണ്ടായ മക്കള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മരുമക്കളാണ്. മരുമക്കളും അമ്മാവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിസ്തരിക്കേണ്ടതില്ല. മലയാളമറിയുന്നവര്‍ക്കെല്ലാം അത് അറിയാം. മലയാളമറിയാത്തവര്‍ ഇത് വായിക്കുകയുമില്ല. മരുമക്കള്‍ക്ക് മലയാളം അറിഞ്ഞുകൂടായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് അവര്‍ വളര്‍ന്നത്. ഭാഷ അറിയാത്ത അവരെ കാണുമ്പോള്‍ മറ്റൊരു ജീവജാലത്തെ കാണുന്ന അനുഭവമാണ് ഉണ്ടാകുന്നതെന്ന് എന്റെ പിതാവ് പറയുമായിരുന്നു. യഥാര്‍ഥ ആശയവിനിമയം ഭാഷയിലൂടെയാണ്. ഒരു ജീവിയെ ചൂണ്ടിക്കാട്ടി ഇത് മകനാണെന്നോ മരുമകനാണെന്നോ പേരക്കുട്ടിയാണെന്നോ പറഞ്ഞാല്‍, മനസ്സില്‍ യാതൊരു വികാരവും ഉണ്ടാകുകയില്ല. അതുകൊണ്ടാണല്ലോ അപകടത്തില്‍പ്പെട്ട് മൂവായിരം പേര്‍ മരിച്ചു എന്ന് പത്രത്തില്‍ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് ഇങ്ങനെ ചോദിച്ചുപോകുന്നത്. അക്കൂട്ടത്തില്‍ മലയാളികള്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യം മനസ്സിലുദിക്കുന്നു. മലയാളികള്‍ ആരും അക്കൂട്ടത്തിലില്ല എന്ന വരി നമുക്ക് ആശ്വാസം നല്‍കുന്നു. അടിസ്ഥാനമായി ഈ ഭാഷയെ പുറന്തള്ളുമ്പോള്‍ അവനില്‍ കവിത അസ്തമിക്കുന്നു. ഫലിതബോധം ഇല്ലാതാകുന്നു. മറ്റൊരു ഭാഷയുമായി എത്രതന്നെ പരിചയം ഉണ്ടായാലും ആ ഭാഷയുടെ മുമ്പില്‍ ഒരു അന്യതാബോധം ഉണ്ടാകുന്നു. ചുരുക്കത്തില്‍ അവര്‍ മലയാളികളല്ല. മറ്റ് ഭാഷക്കാരുമല്ല. മാതൃഭാഷയില്‍ മാതാവിനോട് സംസാരിച്ച ഭാഷയില്‍നിന്നും അകലുന്നതോടെ നാം സാംസ്‌കാരികമായി രോഗാതുരരാകുന്നു.

എന്റെ കുടുംബത്തിലെ പുതിയ തലമുറയില്‍പ്പെട്ട പലര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയുകയില്ല. അവരില്‍ പലരും വിദേശത്ത് താമസമാക്കിക്കഴിഞ്ഞു. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരും അക്കൂട്ടത്തിലുണ്ട്. എന്തിനീ മാതൃഭാഷ എന്ന് അവര്‍ ചോദിക്കുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറഞ്ഞുകൂട. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നശേഷം പ്രദോഷംവരെയും ഈ ഭാഷയുമായി ബന്ധപ്പെടേണ്ട ഒരു സന്ദര്‍ഭവും ഉണ്ടാകുന്നില്ലെങ്കില്‍ ഭാഷയ്ക്ക് എന്താണ് പ്രസക്തി?

എന്റെ ഒരു സഹോദരപുത്രന് മലയാളം വായിക്കാന്‍ അറിയില്ല. സംസാരിക്കാന്‍ ഒരുവിധം അറിയാം. സംസാരിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഞാന്‍ ആശയവിനിമയത്തിനായി വിഷമിക്കുകയുണ്ടായി. ഭാഷയുമായി ബന്ധപ്പെട്ട് ഒന്നും വായിക്കാന്‍ കഴിയാത്ത ആ യുവാവിനോട് എന്താണ് സംസാരിക്കുക. ഞാന്‍ എഴുതുന്നതൊന്നും അയാള്‍ ഒരിക്കലും വായിക്കാന്‍ സാധ്യതയില്ല. ഹൃദയബന്ധങ്ങള്‍ നിലനില്‍ക്കുന്നത് ഭാഷയിലൂടെയാണ്. വൈകാരികമായ എല്ലാ തലങ്ങളെയും തൊട്ടുണര്‍ത്തുന്നത് മാതൃഭാഷയാണ്. മലയാളമറിയാത്തവര്‍ക്കൊന്നും വൈകാരികബന്ധങ്ങളില്ല എന്നല്ല പറഞ്ഞതിനര്‍ഥം. ഈ അടിസ്ഥാന സംസ്‌കാരം നമ്മുടെ സമ്പത്താണ്.

ഭാരതത്തിലെ ഒരു മഹാപണ്ഡിതനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു. അങ്ങയുടെ വിജയരഹസ്യം എന്താണ്. അദ്ദേഹം പറഞ്ഞു: ഞാന്‍ ദിവസേന എന്റെ അമ്മയോട് അരമണിക്കൂറെങ്കിലും സംസാരിക്കും. മാതൃഭാഷയിലൂടെയുള്ള ആശയവിനിമയം അത്രമാത്രം ആഹ്ലാദകരമാണ്. മകന്‍ അന്യഭാഷ പറഞ്ഞ് ശീലിക്കട്ടെ എന്നുകരുതി മകനോടുപോലും മലയാളത്തില്‍ സംസാരിക്കാത്ത അമ്മമാരുണ്ട്. അവര്‍ വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. മോന് തൂറ്റലാണ് എന്ന് പറയുന്ന സുഖം സ്റ്റൊമക്ക് ഡിസ്ഓര്‍ഡറാണ് എന്നു പറഞ്ഞാല്‍ കിട്ടില്ല. നമ്മുടെ പശ്ചാത്തലം, മറ്റ് ജീവജാലങ്ങളുമായുള്ള ബന്ധം, സസ്യലതാദികള്‍ ഇതൊക്കെ ജീവിതത്തിന്റെ ഭാഗംതന്നെയാണ്.

ഭാഷയില്‍നിന്ന് അകലുന്നവരോടുള്ള മാനസികബന്ധം നിലനിര്‍ത്താന്‍ പഴയ തലമുറയ്ക്ക് കഴിയാതെപോകും. ഏതൊരുവനും ആശ്വാസം നല്‍കുന്നത് പേരക്കുട്ടികളാണ്. പേരക്കുട്ടികളുടെ മുഖം കാണുുമ്പാള്‍ സന്തോഷം തോന്നാത്തവര്‍ ഉണ്ടാകുകയില്ല. ഈയിടെ ഒരു അമ്മൂമ്മ എന്നോട് പറഞ്ഞ ഫലിതം ഇവിടെ കുറിക്കുകയാണ്. പേരക്കുട്ടികളോട് ഇന്റര്‍നെറ്റില്‍ സംസാരിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് നൂറ് യൂണിറ്റ് സ്‌നേഹമാണ്. അതിലും വലിയ ആനന്ദം വേറെയില്ല. പക്ഷേ, അവര്‍ മലയാളത്തിലായിരുന്നു സംസാരിച്ചിരുന്നത് എങ്കില്‍ എന്റെ ആഹ്ലാദം ആയിരം യൂണിറ്റ് ആകുമായിരുന്നു. ഇതുവരെ ചിന്തിച്ചത് മലയാള ഭാഷയെക്കുറിച്ചല്ല. മാതൃഭാഷയെക്കുറിച്ചാണെന്ന് ഓര്‍ക്കണം.

ഇനി വരാനിരിക്കുന്നത് ഭാഷയെക്കുറിച്ച് കുറേക്കൂടി അവഗണനയുടെ കാലങ്ങളാണ്. ഭാരതത്തിന്റെ പൈതൃകമായ സംസ്‌കൃതഭാഷയില്‍ സംസാരിക്കുന്നവരുടെ എണ്ണം കുറവാണ്. നമ്മുടെ കാര്യസാധ്യങ്ങള്‍ക്ക് വേണ്ടിയാണല്ലോ ഭാഷ ഉണ്ടായത്. ആവശ്യമില്ലാത്ത ഭാഷകള്‍ക്ക് നിലനില്പില്ല. ലോകത്തിലെ എത്രയോ ഭാഷകള്‍ അന്യംനിന്നുപോയിട്ടുണ്ട്.

ഭാഷയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു വയോവൃദ്ധന്‍ പറഞ്ഞ അനുഭവം ഓര്‍മവരികയാണ്. ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ കണ്ണുകള്‍ക്ക് അസുഖം തുടങ്ങിയിരുന്നു. വിദേശത്തെ വലിയ ആസ്​പത്രികളില്‍ കൊണ്ടുപോയെങ്കിലും ധാരാളം പണം ചെലവായി എന്നല്ലാതെ ഗുണമൊന്നും ഉണ്ടായില്ല. കണ്ണിന്റെ കാഴ്ചശക്തി ക്രമേണ കുറഞ്ഞുവരികയാണ്. വിദേശങ്ങളിലെ ആസ്​പത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരില്‍ പലരും മലയാളികളാണ്. ഈ രോഗത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് അവര്‍ മറുപടി പറഞ്ഞു. ആവര്‍ത്തിച്ച് പറയാന്‍ ബുദ്ധിമുട്ടുള്ള ഒരു ശാസ്ത്രനാമം അവര്‍ രോഗത്തെക്കുറിച്ച് പറഞ്ഞു. രോഗത്തിന് നാമമുണ്ടായതുകൊണ്ട് കാര്യമില്ലല്ലോ. വിവരമറിഞ്ഞ് മുത്തച്ഛന് വിഷമം തോന്നി. ബാല്യത്തില്‍ ഇതേ അസുഖം അദ്ദേഹത്തിന് വന്നിട്ടുണ്ട്. അത് എങ്ങനെയാണ് മാറിയത് എന്ന കാര്യം അദ്ദേഹം മാതൃഭാഷയിലൂടെ ചിന്തിച്ചു.

കണ്ണിന്റെ അസുഖക്കാര്യം അച്ഛനോട് പറഞ്ഞു. അച്ഛനും മകനും കൂടി നാട്ടിന്‍പുറത്തെ വൈദ്യരെ ചെന്നുകണ്ടു. ചെക്കന്റെ കണ്ണിന് എന്തോ ദീനമുണ്ടെന്ന് അച്ഛന്‍. ഒരുപകരണത്തിന്റെയും സഹായമില്ലാതെ വൈദ്യര്‍ ദീനം കണ്ടുപിടിച്ചു.

''എന്താ വീട്ടുപേര്?''
''പയ്യനാട്ട്''
''തൊടിയില്‍ പാറകമര*മുണ്ടാകുമല്ലോ അല്ലേ?''
''ഉണ്ട്''
''പാറകമരത്തിലെ ഇത്തിക്കണ്ണിയെടുത്ത് ചെന്തെങ്ങിന്‍കരിക്കിലിട്ട് അടച്ചശേഷം അഞ്ച് ഇടങ്ങഴി വെള്ളത്തില്‍വെച്ച് പുഴുങ്ങുക. അത് മൂന്ന് ഇടങ്ങഴിയാക്കുക. കേട്ടുവോ?''
''കേട്ടു''
''എന്താ കേട്ടത്''
കേട്ടതെല്ലാം വക്കുപൊട്ടാതെ വൈദ്യര്‍ക്ക് പറഞ്ഞുകൊടുത്തു. സ്ഥലംവിട്ടുകൊള്ളാനായി വൈദ്യര്‍ പറഞ്ഞു. വീട്ടില്‍ എത്തിയശേഷം അച്ഛന്‍ പാറകമരത്തിന്റെ മുകളില്‍ കയറി ഇത്തിക്കണ്ണി പൊട്ടിച്ചു. ചെന്തെങ്ങിന്റെ കരിക്കിലിട്ട് പുഴുങ്ങി. കറുത്ത നിറമുള്ള ഒരു പശപോലെയായിരുന്നു ആ കഷായം. കഷായമുണ്ടാക്കിയശേഷം വീണ്ടും വൈദ്യരെ കണ്ടു.

''മരുന്ന് തയ്യാറായോ?''
''തയ്യാറായി''
വൈദ്യര്‍ അത് വാങ്ങി. അനുഗ്രഹിച്ചു. ഇത് ഗൃഹവൈദ്യമാണ്. രോഗിയുടെ മുഖം വൈദ്യര്‍ മനസ്സില്‍ സങ്കല്പിക്കണം. എങ്കിലേ രോഗം മാറുകയുള്ളൂ. സ്‌നേഹമാണ് അവിടത്തെ മന്ത്രം.
''ഈ ചെക്കനിപ്പൊ എത്ര യവസ്സായി''
''കര്‍ക്കിടകത്തില് പത്ത് തികയും''
''പൊയ്‌ക്കൊള്ളൂ. അസുഖം മാറിക്കൊള്ളും''
ആ മരുന്ന് കഴിച്ചു. അസുഖം മാറി.
എല്ലാ വൃക്ഷങ്ങളും തൊടിയില്‍ ഉണ്ടെങ്കില്‍ മാത്രമാണ് പാറകമരം വളരുക. എല്ലാ മരത്തിലും ഇത്തിക്കണ്ണി വളര്‍ന്ന് മറ്റെവിടെയും സ്ഥാനം കിട്ടിയില്ലെങ്കില്‍ അത് പാറകമരത്തില്‍ ചേക്കേറും. പരിസ്ഥിതിയെ സംരക്ഷിച്ചാല്‍ മാത്രമാണ് ഗൃഹവൈദ്യം നിലനില്‍ക്കുക. ഇതിനെയൊക്കെ നിലനിര്‍ത്തുന്നത് മാതൃഭാഷയാണ്.

മുത്തച്ഛന്‍ കൈമലര്‍ത്തുന്നു. പാറകമരത്തിന് ഇംഗ്ലീഷില്‍ എന്താണ് പറയുക? ഇത്തിക്കണ്ണിയുടെ യഥാര്‍ഥ തര്‍ജമ എന്താണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇത്തിക്കണ്ണി എന്ന് നാം പറയുന്ന ഫലം കിട്ടുമോ? കോള്‍ഡ് എന്നു പറയുമ്പോള്‍ ചീരാപ്പ് എന്നു പറഞ്ഞ സുഖം കിട്ടുമോ? കറമ്പിപ്പയ്യ് എന്ന് പറയുന്ന ജീവിതന്നെയാണോ കൗ എന്ന ജീവി. മുത്തച്ഛന്റെ കണ്ണുകള്‍ക്ക് ഇപ്പോഴും നല്ല കാഴ്ചശക്തിയുണ്ട്. ഇന്ന് പാറകമരം എന്നുപറഞ്ഞാല്‍ എത്രപേര്‍ അത് തിരിച്ചറിയും. നമ്മുടെ വീട്ടുമുറ്റത്തെ ചെടികളുടെ നാമം മലയാളികള്‍ക്കറിയുമോ? മുറ്റം കോണ്‍ക്രീറ്റ് ചെയ്താല്‍ എവിടെയാണ് ചെടി വളരുക.

മാതൃഭാഷയിലൂടെ ലോകത്തെ കാണുക എന്ന ആശയം ഒരു പരിഹാസമായി മാറുകയാണ്. ഒരു കാര്യം പഴമനസ്സുകള്‍ തറപ്പിച്ച് പറയും. മലയാളമറിയാത്തവര്‍ വരുത്തുന്ന നഷ്ടം ഇംഗ്ലീഷ് തരുന്ന ലാഭത്തെക്കാള്‍ ഭയങ്കരമാണ്. അന്യഭാഷകള്‍ നമുക്ക് തരുന്നത് നൂറു കോടിയാണ്. മാതൃഭാഷയില്‍ നിന്നകലുമ്പോള്‍ നമുക്കുണ്ടാകുന്ന നഷ്ടം ആയിരം കോടിയുടേതാണ്.

മാതൃഭാഷ എന്ന സൗഭാഗ്യത്തെ വിസ്മരിക്കുന്നവര്‍ നഷ്ടങ്ങളെക്കുറിച്ച് അറിയുകയില്ല. മലയാളികള്‍ വായിക്കാനായി ഈ ലേഖനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യേണ്ടിവരുമോ എന്നാണിപ്പോള്‍ ചിന്തിക്കുന്നത്.
* പരുപരുത്ത ഇലയുള്ള ഒരു ചെടി

5 അഭിപ്രായങ്ങൾ:

  1. കവി കുരീപ്പുഴ ശ്രീകുമാർ എഴുതിയ അമ്മ മലയാളം എത്ര ആഴമുള്ള വാക്കാണെന്നു എന്ന് ഓർക്കുകയായിരുന്നു.. സത്യം അല്ല യഥാർത്ഥ്യം ആണ് ശരിയായ വാക്ക് ഈ ലേഖനത്തെ കുറിച്ച് പറയുവാൻ

    മറുപടിഇല്ലാതാക്കൂ
  2. മാതൃഭാഷയിലൂടെ ലോകത്തെ കാണുക എന്ന ആശയം ലോകത്തിന്റെ ഇതര രാജ്യങ്ങളിൽ എല്ലാം പ്രാവർത്തികമായ ഒരു കാര്യമാണ് . പൊതു വിദ്യാഭ്യാസം തൊട്ടു ഉന്നത വിദ്യാഭ്യാസം വരെ മാതൃഭാഷയില്‍ നടത്തുന്ന രാജ്യങ്ങളിൽ അവർ ലോകത്തെ കാണുന്നത് മാതൃഭാഷയിലൂടെയാണ് . ആശയ വിനിമയ ആവശ്യത്തിനുള്ള ഉപാധി മാത്രമല്ല ഭാഷ എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഈ ലേഖനം . പ്രാദേശികമായ അറിവുകളെയും സംസ്കാരത്തെയും സംരക്ഷിക്കുന്ന ചാലകമാണ് ഭാഷ. ലേഖകന് ആശംസകൾ നേരുന്നു .

    malayalatthanima.blogspot.in

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. അച്ഛന്റെ ഏതു സഹോദരിയുടെ മക്കൾക്കാണ് മലയാളം പറയാൻ അറിയാത്തത്? എനിക്ക് അറിഞ്ഞിടത്തോളം ചേട്ടന്റെ അച്ഛന്റെ എല്ലാ സഹോദരി പുത്രര്ക്കും മലയാളം പറയാൻ അറിയാം

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.