2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

പാറകമരവും ഇത്തിക്കണ്ണിയും - പി.ആര്‍. നാഥന്‍

മാതൃഭാഷയിലൂടെ ലോകത്തെ കാണുക എന്ന ആശയം ഒരു പരിഹാസമായി മാറുകയാണ്. ഒരു കാര്യം പഴമനസ്സുകള്‍ തറപ്പിച്ച് പറയും. മലയാളമറിയാത്തവര്‍ വരുത്തുന്ന നഷ്ടം ഇംഗ്ലീഷ് തരുന്ന ലാഭത്തെക്കാള്‍ ഭയങ്കരമാണ്




മലയാളമറിയാത്ത മലയാളികള്‍ ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിന് പേര്‍ ഈ ഭൂമിമലയാളത്തില്‍ ജീവിച്ചിരിപ്പുണ്ട്. ഇക്കൂട്ടത്തില്‍ ഭൂരിപക്ഷം പേര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയുകയില്ല. മലയാളം തീരെ സംസാരിക്കാന്‍ അറിയാത്ത ഒരു ന്യൂനപക്ഷം മലയാളികളും ഉണ്ട്. എന്തിന് വിദേശത്തേക്ക് പോകുന്നു. നമ്മുടെയൊക്കെ വീടുകളില്‍ മലയാളം വായിക്കാനറിയാത്തവരുണ്ട്. മലയാളഭാഷ കണ്ടാല്‍ ഇത് മലയാളമാണെന്ന് അറിയാത്തവരുണ്ട്. ജീവിതലക്ഷ്യം ധനസമ്പാദനമാണെന്ന്, പരിഷ്‌കരിച്ച മനുഷ്യര്‍ തിരിച്ചറിഞ്ഞു. ധനമുണ്ടാക്കാനാണ് മനുഷ്യജന്മം എന്ന അറിവ് ഇന്നും നേടാത്തവരുണ്ട്. അതുകൊണ്ടാണല്ലോ ഹിമാലയത്തിലെ ഗ്രാമീണര്‍ കളഞ്ഞുകിട്ടിയ വസ്തുക്കളെല്ലാം ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കുന്നത്.

മലയാളം മാത്രം അറിയുന്ന സാധാരണക്കാരുടെ പ്രൊവിഡന്റ് ഫണ്ട് കാര്യങ്ങള്‍ നോക്കുന്ന ഒരു സ്ഥാപനത്തിലാണ് ഞാന്‍ ജോലിചെയ്തിരുന്നത്. മലയാളത്തില്‍ അയയ്ക്കുന്ന കത്തുകള്‍ക്ക് ഇംഗ്ലീഷില്‍ മറുപടിയെഴുതണം. ആ മറുപടികള്‍ വെട്ടിത്തിരുത്തി മേലുദ്യോഗസ്ഥന്മാര്‍ അവരുടെ ഭാഷാപരിജ്ഞാനം പ്രകടമാക്കുമായിരുന്നു. സര്‍ക്കാറില്‍നിന്ന്മറുപടി കിട്ടുന്ന സാധാരണക്കാരന്‍ ആ കത്ത് വായിക്കാനായി മറ്റൊരാളിന്റെ സഹായം തേടുന്നു. ഇംഗ്ലീഷില്‍ പറയുന്നതെന്തും ശരിയാണെന്ന ധാരണ മാത്രമല്ല ഉണ്ടായത്. ഇംഗ്ലീഷ് ഭാഷ കൈാര്യം ചെയ്യാനറിയാത്തവര്‍ മണ്ടന്മാരായി. ഇംഗ്ലീഷ് മരുന്നിന് വില കൂടുതലാണ്. ഇംഗ്ലീഷ് ഡോക്ടര്‍ക്ക് കൂടുതല്‍ പ്രതിഫലം കൊടുക്കണം.

എന്റെ പിതാവ് അധ്യാപകനായിരുന്നു. ഭേദപ്പെട്ട കൃഷിക്കാരനുമായിരുന്നു. അച്ഛന്റെ സഹോദരിയിലുണ്ടായ മക്കള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മരുമക്കളാണ്. മരുമക്കളും അമ്മാവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിസ്തരിക്കേണ്ടതില്ല. മലയാളമറിയുന്നവര്‍ക്കെല്ലാം അത് അറിയാം. മലയാളമറിയാത്തവര്‍ ഇത് വായിക്കുകയുമില്ല. മരുമക്കള്‍ക്ക് മലയാളം അറിഞ്ഞുകൂടായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് അവര്‍ വളര്‍ന്നത്. ഭാഷ അറിയാത്ത അവരെ കാണുമ്പോള്‍ മറ്റൊരു ജീവജാലത്തെ കാണുന്ന അനുഭവമാണ് ഉണ്ടാകുന്നതെന്ന് എന്റെ പിതാവ് പറയുമായിരുന്നു. യഥാര്‍ഥ ആശയവിനിമയം ഭാഷയിലൂടെയാണ്. ഒരു ജീവിയെ ചൂണ്ടിക്കാട്ടി ഇത് മകനാണെന്നോ മരുമകനാണെന്നോ പേരക്കുട്ടിയാണെന്നോ പറഞ്ഞാല്‍, മനസ്സില്‍ യാതൊരു വികാരവും ഉണ്ടാകുകയില്ല. അതുകൊണ്ടാണല്ലോ അപകടത്തില്‍പ്പെട്ട് മൂവായിരം പേര്‍ മരിച്ചു എന്ന് പത്രത്തില്‍ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് ഇങ്ങനെ ചോദിച്ചുപോകുന്നത്. അക്കൂട്ടത്തില്‍ മലയാളികള്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യം മനസ്സിലുദിക്കുന്നു. മലയാളികള്‍ ആരും അക്കൂട്ടത്തിലില്ല എന്ന വരി നമുക്ക് ആശ്വാസം നല്‍കുന്നു. അടിസ്ഥാനമായി ഈ ഭാഷയെ പുറന്തള്ളുമ്പോള്‍ അവനില്‍ കവിത അസ്തമിക്കുന്നു. ഫലിതബോധം ഇല്ലാതാകുന്നു. മറ്റൊരു ഭാഷയുമായി എത്രതന്നെ പരിചയം ഉണ്ടായാലും ആ ഭാഷയുടെ മുമ്പില്‍ ഒരു അന്യതാബോധം ഉണ്ടാകുന്നു. ചുരുക്കത്തില്‍ അവര്‍ മലയാളികളല്ല. മറ്റ് ഭാഷക്കാരുമല്ല. മാതൃഭാഷയില്‍ മാതാവിനോട് സംസാരിച്ച ഭാഷയില്‍നിന്നും അകലുന്നതോടെ നാം സാംസ്‌കാരികമായി രോഗാതുരരാകുന്നു.

എന്റെ കുടുംബത്തിലെ പുതിയ തലമുറയില്‍പ്പെട്ട പലര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയുകയില്ല. അവരില്‍ പലരും വിദേശത്ത് താമസമാക്കിക്കഴിഞ്ഞു. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരും അക്കൂട്ടത്തിലുണ്ട്. എന്തിനീ മാതൃഭാഷ എന്ന് അവര്‍ ചോദിക്കുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറഞ്ഞുകൂട. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നശേഷം പ്രദോഷംവരെയും ഈ ഭാഷയുമായി ബന്ധപ്പെടേണ്ട ഒരു സന്ദര്‍ഭവും ഉണ്ടാകുന്നില്ലെങ്കില്‍ ഭാഷയ്ക്ക് എന്താണ് പ്രസക്തി?

എന്റെ ഒരു സഹോദരപുത്രന് മലയാളം വായിക്കാന്‍ അറിയില്ല. സംസാരിക്കാന്‍ ഒരുവിധം അറിയാം. സംസാരിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഞാന്‍ ആശയവിനിമയത്തിനായി വിഷമിക്കുകയുണ്ടായി. ഭാഷയുമായി ബന്ധപ്പെട്ട് ഒന്നും വായിക്കാന്‍ കഴിയാത്ത ആ യുവാവിനോട് എന്താണ് സംസാരിക്കുക. ഞാന്‍ എഴുതുന്നതൊന്നും അയാള്‍ ഒരിക്കലും വായിക്കാന്‍ സാധ്യതയില്ല. ഹൃദയബന്ധങ്ങള്‍ നിലനില്‍ക്കുന്നത് ഭാഷയിലൂടെയാണ്. വൈകാരികമായ എല്ലാ തലങ്ങളെയും തൊട്ടുണര്‍ത്തുന്നത് മാതൃഭാഷയാണ്. മലയാളമറിയാത്തവര്‍ക്കൊന്നും വൈകാരികബന്ധങ്ങളില്ല എന്നല്ല പറഞ്ഞതിനര്‍ഥം. ഈ അടിസ്ഥാന സംസ്‌കാരം നമ്മുടെ സമ്പത്താണ്.

ഭാരതത്തിലെ ഒരു മഹാപണ്ഡിതനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു. അങ്ങയുടെ വിജയരഹസ്യം എന്താണ്. അദ്ദേഹം പറഞ്ഞു: ഞാന്‍ ദിവസേന എന്റെ അമ്മയോട് അരമണിക്കൂറെങ്കിലും സംസാരിക്കും. മാതൃഭാഷയിലൂടെയുള്ള ആശയവിനിമയം അത്രമാത്രം ആഹ്ലാദകരമാണ്. മകന്‍ അന്യഭാഷ പറഞ്ഞ് ശീലിക്കട്ടെ എന്നുകരുതി മകനോടുപോലും മലയാളത്തില്‍ സംസാരിക്കാത്ത അമ്മമാരുണ്ട്. അവര്‍ വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. മോന് തൂറ്റലാണ് എന്ന് പറയുന്ന സുഖം സ്റ്റൊമക്ക് ഡിസ്ഓര്‍ഡറാണ് എന്നു പറഞ്ഞാല്‍ കിട്ടില്ല. നമ്മുടെ പശ്ചാത്തലം, മറ്റ് ജീവജാലങ്ങളുമായുള്ള ബന്ധം, സസ്യലതാദികള്‍ ഇതൊക്കെ ജീവിതത്തിന്റെ ഭാഗംതന്നെയാണ്.

ഭാഷയില്‍നിന്ന് അകലുന്നവരോടുള്ള മാനസികബന്ധം നിലനിര്‍ത്താന്‍ പഴയ തലമുറയ്ക്ക് കഴിയാതെപോകും. ഏതൊരുവനും ആശ്വാസം നല്‍കുന്നത് പേരക്കുട്ടികളാണ്. പേരക്കുട്ടികളുടെ മുഖം കാണുുമ്പാള്‍ സന്തോഷം തോന്നാത്തവര്‍ ഉണ്ടാകുകയില്ല. ഈയിടെ ഒരു അമ്മൂമ്മ എന്നോട് പറഞ്ഞ ഫലിതം ഇവിടെ കുറിക്കുകയാണ്. പേരക്കുട്ടികളോട് ഇന്റര്‍നെറ്റില്‍ സംസാരിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് നൂറ് യൂണിറ്റ് സ്‌നേഹമാണ്. അതിലും വലിയ ആനന്ദം വേറെയില്ല. പക്ഷേ, അവര്‍ മലയാളത്തിലായിരുന്നു സംസാരിച്ചിരുന്നത് എങ്കില്‍ എന്റെ ആഹ്ലാദം ആയിരം യൂണിറ്റ് ആകുമായിരുന്നു. ഇതുവരെ ചിന്തിച്ചത് മലയാള ഭാഷയെക്കുറിച്ചല്ല. മാതൃഭാഷയെക്കുറിച്ചാണെന്ന് ഓര്‍ക്കണം.

ഇനി വരാനിരിക്കുന്നത് ഭാഷയെക്കുറിച്ച് കുറേക്കൂടി അവഗണനയുടെ കാലങ്ങളാണ്. ഭാരതത്തിന്റെ പൈതൃകമായ സംസ്‌കൃതഭാഷയില്‍ സംസാരിക്കുന്നവരുടെ എണ്ണം കുറവാണ്. നമ്മുടെ കാര്യസാധ്യങ്ങള്‍ക്ക് വേണ്ടിയാണല്ലോ ഭാഷ ഉണ്ടായത്. ആവശ്യമില്ലാത്ത ഭാഷകള്‍ക്ക് നിലനില്പില്ല. ലോകത്തിലെ എത്രയോ ഭാഷകള്‍ അന്യംനിന്നുപോയിട്ടുണ്ട്.

ഭാഷയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു വയോവൃദ്ധന്‍ പറഞ്ഞ അനുഭവം ഓര്‍മവരികയാണ്. ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ കണ്ണുകള്‍ക്ക് അസുഖം തുടങ്ങിയിരുന്നു. വിദേശത്തെ വലിയ ആസ്​പത്രികളില്‍ കൊണ്ടുപോയെങ്കിലും ധാരാളം പണം ചെലവായി എന്നല്ലാതെ ഗുണമൊന്നും ഉണ്ടായില്ല. കണ്ണിന്റെ കാഴ്ചശക്തി ക്രമേണ കുറഞ്ഞുവരികയാണ്. വിദേശങ്ങളിലെ ആസ്​പത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരില്‍ പലരും മലയാളികളാണ്. ഈ രോഗത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് അവര്‍ മറുപടി പറഞ്ഞു. ആവര്‍ത്തിച്ച് പറയാന്‍ ബുദ്ധിമുട്ടുള്ള ഒരു ശാസ്ത്രനാമം അവര്‍ രോഗത്തെക്കുറിച്ച് പറഞ്ഞു. രോഗത്തിന് നാമമുണ്ടായതുകൊണ്ട് കാര്യമില്ലല്ലോ. വിവരമറിഞ്ഞ് മുത്തച്ഛന് വിഷമം തോന്നി. ബാല്യത്തില്‍ ഇതേ അസുഖം അദ്ദേഹത്തിന് വന്നിട്ടുണ്ട്. അത് എങ്ങനെയാണ് മാറിയത് എന്ന കാര്യം അദ്ദേഹം മാതൃഭാഷയിലൂടെ ചിന്തിച്ചു.

കണ്ണിന്റെ അസുഖക്കാര്യം അച്ഛനോട് പറഞ്ഞു. അച്ഛനും മകനും കൂടി നാട്ടിന്‍പുറത്തെ വൈദ്യരെ ചെന്നുകണ്ടു. ചെക്കന്റെ കണ്ണിന് എന്തോ ദീനമുണ്ടെന്ന് അച്ഛന്‍. ഒരുപകരണത്തിന്റെയും സഹായമില്ലാതെ വൈദ്യര്‍ ദീനം കണ്ടുപിടിച്ചു.

''എന്താ വീട്ടുപേര്?''
''പയ്യനാട്ട്''
''തൊടിയില്‍ പാറകമര*മുണ്ടാകുമല്ലോ അല്ലേ?''
''ഉണ്ട്''
''പാറകമരത്തിലെ ഇത്തിക്കണ്ണിയെടുത്ത് ചെന്തെങ്ങിന്‍കരിക്കിലിട്ട് അടച്ചശേഷം അഞ്ച് ഇടങ്ങഴി വെള്ളത്തില്‍വെച്ച് പുഴുങ്ങുക. അത് മൂന്ന് ഇടങ്ങഴിയാക്കുക. കേട്ടുവോ?''
''കേട്ടു''
''എന്താ കേട്ടത്''
കേട്ടതെല്ലാം വക്കുപൊട്ടാതെ വൈദ്യര്‍ക്ക് പറഞ്ഞുകൊടുത്തു. സ്ഥലംവിട്ടുകൊള്ളാനായി വൈദ്യര്‍ പറഞ്ഞു. വീട്ടില്‍ എത്തിയശേഷം അച്ഛന്‍ പാറകമരത്തിന്റെ മുകളില്‍ കയറി ഇത്തിക്കണ്ണി പൊട്ടിച്ചു. ചെന്തെങ്ങിന്റെ കരിക്കിലിട്ട് പുഴുങ്ങി. കറുത്ത നിറമുള്ള ഒരു പശപോലെയായിരുന്നു ആ കഷായം. കഷായമുണ്ടാക്കിയശേഷം വീണ്ടും വൈദ്യരെ കണ്ടു.

''മരുന്ന് തയ്യാറായോ?''
''തയ്യാറായി''
വൈദ്യര്‍ അത് വാങ്ങി. അനുഗ്രഹിച്ചു. ഇത് ഗൃഹവൈദ്യമാണ്. രോഗിയുടെ മുഖം വൈദ്യര്‍ മനസ്സില്‍ സങ്കല്പിക്കണം. എങ്കിലേ രോഗം മാറുകയുള്ളൂ. സ്‌നേഹമാണ് അവിടത്തെ മന്ത്രം.
''ഈ ചെക്കനിപ്പൊ എത്ര യവസ്സായി''
''കര്‍ക്കിടകത്തില് പത്ത് തികയും''
''പൊയ്‌ക്കൊള്ളൂ. അസുഖം മാറിക്കൊള്ളും''
ആ മരുന്ന് കഴിച്ചു. അസുഖം മാറി.
എല്ലാ വൃക്ഷങ്ങളും തൊടിയില്‍ ഉണ്ടെങ്കില്‍ മാത്രമാണ് പാറകമരം വളരുക. എല്ലാ മരത്തിലും ഇത്തിക്കണ്ണി വളര്‍ന്ന് മറ്റെവിടെയും സ്ഥാനം കിട്ടിയില്ലെങ്കില്‍ അത് പാറകമരത്തില്‍ ചേക്കേറും. പരിസ്ഥിതിയെ സംരക്ഷിച്ചാല്‍ മാത്രമാണ് ഗൃഹവൈദ്യം നിലനില്‍ക്കുക. ഇതിനെയൊക്കെ നിലനിര്‍ത്തുന്നത് മാതൃഭാഷയാണ്.

മുത്തച്ഛന്‍ കൈമലര്‍ത്തുന്നു. പാറകമരത്തിന് ഇംഗ്ലീഷില്‍ എന്താണ് പറയുക? ഇത്തിക്കണ്ണിയുടെ യഥാര്‍ഥ തര്‍ജമ എന്താണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇത്തിക്കണ്ണി എന്ന് നാം പറയുന്ന ഫലം കിട്ടുമോ? കോള്‍ഡ് എന്നു പറയുമ്പോള്‍ ചീരാപ്പ് എന്നു പറഞ്ഞ സുഖം കിട്ടുമോ? കറമ്പിപ്പയ്യ് എന്ന് പറയുന്ന ജീവിതന്നെയാണോ കൗ എന്ന ജീവി. മുത്തച്ഛന്റെ കണ്ണുകള്‍ക്ക് ഇപ്പോഴും നല്ല കാഴ്ചശക്തിയുണ്ട്. ഇന്ന് പാറകമരം എന്നുപറഞ്ഞാല്‍ എത്രപേര്‍ അത് തിരിച്ചറിയും. നമ്മുടെ വീട്ടുമുറ്റത്തെ ചെടികളുടെ നാമം മലയാളികള്‍ക്കറിയുമോ? മുറ്റം കോണ്‍ക്രീറ്റ് ചെയ്താല്‍ എവിടെയാണ് ചെടി വളരുക.

മാതൃഭാഷയിലൂടെ ലോകത്തെ കാണുക എന്ന ആശയം ഒരു പരിഹാസമായി മാറുകയാണ്. ഒരു കാര്യം പഴമനസ്സുകള്‍ തറപ്പിച്ച് പറയും. മലയാളമറിയാത്തവര്‍ വരുത്തുന്ന നഷ്ടം ഇംഗ്ലീഷ് തരുന്ന ലാഭത്തെക്കാള്‍ ഭയങ്കരമാണ്. അന്യഭാഷകള്‍ നമുക്ക് തരുന്നത് നൂറു കോടിയാണ്. മാതൃഭാഷയില്‍ നിന്നകലുമ്പോള്‍ നമുക്കുണ്ടാകുന്ന നഷ്ടം ആയിരം കോടിയുടേതാണ്.

മാതൃഭാഷ എന്ന സൗഭാഗ്യത്തെ വിസ്മരിക്കുന്നവര്‍ നഷ്ടങ്ങളെക്കുറിച്ച് അറിയുകയില്ല. മലയാളികള്‍ വായിക്കാനായി ഈ ലേഖനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യേണ്ടിവരുമോ എന്നാണിപ്പോള്‍ ചിന്തിക്കുന്നത്.
* പരുപരുത്ത ഇലയുള്ള ഒരു ചെടി

2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

വേണം മസ്തിഷ്‌ക-ഹൃദയ സമന്വിതമായ പാഠ്യപദ്ധതി - കെ.പി. രാമനുണ്ണി

വിദഗ്ധസമിതി അംഗം കെ.പി. രാമനുണ്ണിയുടെ വിയോജനക്കുറിപ്പോടെയാണ് പുതിയ സ്‌കൂള്‍ പാഠ്യപദ്ധതി റിപ്പോര്‍ട്ട് ആഗസ്ത് 29-ന് പുറത്തിറക്കിയത്. കരിക്കുലം പരിഷ്‌കരിക്കുന്നതിന് ആവശ്യമായ പുത്തനാശയങ്ങള്‍ സംഭാവന ചെയ്‌തെങ്കിലും ആര്‍.ടി.ഇ. ആക്ട് മുന്നോട്ടുവെക്കുന്ന, എട്ടാം ക്ലാസ് വരെയെങ്കിലും മാതൃഭാഷയില്‍മാത്രം പഠനം നടത്താനുള്ള കുട്ടികളുടെ അവകാശം നിഷേധിച്ചതിന്റെ പേരിലായിരുന്നു വിയോജനക്കുറിപ്പ്. ഒന്നാംഭാഷ ഉത്തരവിന്റെ താത്പര്യങ്ങള്‍ വേണ്ടവണ്ണം സംരക്ഷിക്കാത്തതും അഭിപ്രായവ്യത്യാസത്തിന് കാരണമായി. പുതിയ പാഠ്യപദ്ധതി സ്വീകരിക്കേണ്ട ദര്‍ശനങ്ങളെ സംബന്ധിച്ച് കെ.പി. രാമനുണ്ണി, വിദഗ്ധ സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം പ്രസിദ്ധീകരിക്കുന്നു


കേരള കരിക്കുലം ഫ്രേംവര്‍ക്ക് 2007-ല്‍ (കെ.സി.എഫ്.) ആരോപിക്കപ്പെട്ട ദൗര്‍ബല്യങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ടും ആര്‍.ടി.ഇ. ആക്ട് 2009-ന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടും യുനെസ്‌കോയുടെ ഗ്ലോബല്‍ മോണിറ്ററിങ് റിപ്പോര്‍ട്ടും (ജി.എം.ആര്‍. ഓഫ് യുനെസെ്കാ-2012), നാഷണല്‍ കരിക്കുലം ഫ്രേംവര്‍ക്ക് ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍.സി.എഫ്.ടി.ഇ.-2010), എജ്യുക്കേഷന്‍ ഫോര്‍ വാല്യൂസ് ഇന്‍ സ്‌കൂള്‍സ് - എ ഫ്രേം വര്‍ക്ക്, വിഷന്‍- 2030 എന്നിവയുടെ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ടുമാണ് പുതിയ പാഠ്യപദ്ധതിയുടെ ദര്‍ശനവും മാര്‍ഗനിര്‍ദേശതത്ത്വങ്ങളും തയ്യാറാക്കേണ്ടതെന്ന് തീര്‍ച്ച. മസ്തിഷ്‌കത്തിന്റെയും ഹൃദയത്തിന്റെയും ലയത്തെ ലക്ഷ്യംവെക്കേണ്ട ഈ പാഠ്യപദ്ധതി ശാസ്ത്രരംഗത്തും വൈജ്ഞാനികരംഗത്തും പ്രസരിക്കുന്ന പുത്തന്‍ വെളിച്ചങ്ങളെയും സ്വാംശീകരിക്കേണ്ടതാണ്.

കെ.സി.എഫ്. 2007-ലെ പ്രശ്‌നാധിഷ്ഠിത സമീപനത്തില്‍ (ഇഷ്യൂ ബേസ്ഡ് അപ്രോച്ച്) സൂചിതമായ എട്ട് പ്രശ്‌നങ്ങളും പ്രാധാന്യമുള്ളതാണെങ്കിലും പഠനവിഷയങ്ങള്‍ അവയ്ക്കകത്ത് മാത്രം അടച്ചിടണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ഉചിതമല്ല. എട്ട് പ്രശ്‌നങ്ങളും എപ്പോഴും കുത്തിച്ചെലുത്താനുള്ള ശ്രമത്തില്‍ ആവര്‍ത്തനവിരസതയുടെ ചവര്‍പ്പ് പഠനത്തിന് അനുഭവപ്പെടുത്തരുത്.
പ്രശ്‌നാധിഷ്ഠിത സമീപനത്തിലെ എട്ട് പ്രശ്‌നങ്ങളും നിഷേധാത്മകമായ രീതിയില്‍ അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍ മനോഭാവപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവയെ സര്‍ഗാത്മകവും ക്രിയാത്മകവുമായ രീതിയില്‍ സന്നിവേശിപ്പിക്കേണ്ടതാണ്.

സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാന്മാര്‍ഗികവുമായ കാര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാനുള്ള ശേഷിയാണല്ലോ വിമര്‍ശനാത്മക ബോധനവിദ്യയിലൂടെ (ക്രിട്ടിക്കല്‍ പെഡഗോഗിയിലൂടെ) വിദ്യാര്‍ഥികള്‍ക്ക് പകരാന്‍ എന്‍.സി.എഫ്. ഉദ്ദേശിച്ചത്. സാമൂഹികവിഷയങ്ങളെ വ്യത്യസ്ത വീക്ഷണകോണിലൂടെ നോക്കിക്കാണുന്നതിലൂടെ ജനാധിപത്യബോധവും അത് കുട്ടികളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, വിമര്‍ശനാത്മക ബോധനവിദ്യാ സങ്കല്‍പ്പത്തിന്റെ പ്രയോഗം പ്രായോഗികതലത്തില്‍ വികലമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തിനെയും ഏതിനെയും വിമര്‍ശനബുദ്ധ്യാ മാത്രം വിലയിരുത്താന്‍ പ്രേരിപ്പിക്കുന്നത് വിദ്യാര്‍ഥികളില്‍ 'ഫെസ്റ്റീഡിയസ് നേച്ചര്‍' (കുറ്റം കണ്ടെത്തല്‍ സ്വഭാവം) സൃഷ്ടിക്കുമെന്ന് മനഃശാസ്ത്രം പറയുന്നു. ഇത് അപകടകരമാണ്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാന്മാര്‍ഗിക പ്രശ്‌നങ്ങളെ വിമര്‍ശിക്കുമ്പോള്‍തന്നെ സര്‍ഗാത്മകമായ പരിഹാരങ്ങളും വിദ്യാര്‍ഥികളില്‍നിന്ന് ഉണ്ടാക്കിയെടുക്കണം. എല്ലാ അവസ്ഥകളോടുമുള്ള വിടാത്ത വിമര്‍ശം മാറ്റി താരതമ്യേന മെച്ചപ്പെട്ട അവസ്ഥകളെ അംഗീകരിക്കുന്ന താരതമ്യാത്മകവിമര്‍ശനം വിമര്‍ശനാത്മക നയത്തിന്റെ തന്നെ ഭാഗമാക്കണം. വിമര്‍ശനത്തിന് തിരികൊളുത്തുന്ന മനുഷ്യന്റെ അതൃപ്തിയാണ് ലോകത്തിന്റെ എല്ലാ പുരോഗതിക്കും കാരണമായതെങ്കിലും നേടിയേടത്തോളം കാര്യങ്ങളില്‍ തൃപ്തിയും ആവശ്യമാണ്. സ്ഥായീഭാവമായ അതൃപ്തി കുട്ടികളുടെ വ്യക്തിജീവിതത്തിന്റെ ഗുണനിലവാരത്തെയും സഹജീവികളുമായുള്ള ബന്ധത്തെയും തകരാറിലാക്കുന്നു.

വിജ്ഞാനം ഒരു സാമൂഹിക ഉത്പന്നമായതിനാല്‍ സാമൂഹികമായ ഇടപെടലിലൂടെ വിദ്യാര്‍ഥികളെ സ്വയം പഠനത്തിലേക്ക് എത്തിക്കുക എന്ന സാമൂഹിക നിര്‍മാണാത്മക രീതി (സോഷ്യല്‍ കണ്‍സ്ട്രക്റ്റിവിസ്റ്റ് രീതി) കുറച്ചുവര്‍ഷങ്ങളായി വമ്പിച്ച മാറ്റം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ അടച്ചിടാതെ വേഗത്തില്‍ സാമൂഹികജീവിതവുമായി ബന്ധപ്പെടുത്താന്‍ സാമൂഹികനിര്‍മാണാത്മകത്വം (സോഷ്യല്‍ കണ്‍സ്ട്രക്റ്റിവിസം) സഹായിക്കുന്നു. ചര്‍ച്ചകളും തര്‍ക്കങ്ങളും അവരുടെ ചിന്താശക്തിയെയും ഉയര്‍ത്തുന്നു. അതോടൊപ്പം സാമൂഹിക ഇടപെടലിന്റേതായ പ്രവര്‍ത്തനം കുട്ടികളുടെ ആരോഗ്യകരമായ ക്ലാസ്മുറി പഠനത്തെ ശ്വാസംമുട്ടിക്കാതിരിക്കാനും ശ്രദ്ധവെക്കണം. എഴുത്തും വായനയും പഠിപ്പിക്കേണ്ട സമയത്ത് അത് വേണ്ടെന്ന് വെക്കരുത്. അടിസ്ഥാനഗണിതം അവരില്‍ ഉറപ്പിക്കണം. ആവശ്യത്തിനുള്ള പകര്‍ത്തിയെഴുത്തും ഗൃഹപാഠവും കൊണ്ട് അക്ഷരബോധവും വളര്‍ത്തണം.
മനഃപാഠം പഠിക്കല്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നും കവിതകളും ശ്ലോകങ്ങളും ദിവസവും കാണാതെ ചൊല്ലി ശീലിക്കുന്നവര്‍ക്ക് വാര്‍ധക്യത്തിലും ഓര്‍മശക്തി കുറയുന്നില്ലെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മസ്തിഷ്‌കവ്യായാമമെന്ന നിലയ്ക്ക് മനഃപാഠം പഠിച്ച് അതിലുള്ള പ്രാവീണ്യം തെളിയിക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടേണ്ടതാണ്.
പഠനപ്രവര്‍ത്തനങ്ങളുടെ ആധിക്യം അധ്യാപകനില്‍നിന്ന് യാതൊന്നും ലഭിക്കാന്‍ ഇടയില്ലാതാക്കി അവരെ വെറും 'ഫെസിലിറ്റേറ്റര്‍മാരാക്കി' മാറ്റുന്നതും അഭിലഷണീയമായിരിക്കില്ല. അധ്യാപകന്‍ ക്ലാസ്മുറിയില്‍ പ്രസംഗിക്കുന്ന വിഷയങ്ങള്‍ക്കൊപ്പം അദൃശ്യമായ കുറേ പാഠങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍നിന്ന് കുട്ടികള്‍ക്ക് കാലാകാലമായി ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ജീവിതത്തോടുള്ള മനോഭാവം നിര്‍ണയിക്കുന്ന ആവേശങ്ങളും ഉത്സാഹങ്ങളും വൈകാരികതകളും തത്ത്വശാസ്ത്രങ്ങളും എല്ലാം ഇതില്‍ പെടും. അളക്കാനും തൂക്കാനും നിര്‍വചിക്കാനും കഴിയാത്ത ഈ വിദ്യാദാനം ഏതെങ്കിലും തരത്തില്‍ മുടങ്ങിപ്പോകുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും തിരിച്ചുപിടിക്കേണ്ടതാണ്. അധ്യാപകന്റെ വിജ്ഞാന-അനുഭവശേഖരങ്ങളെ വിദ്യാര്‍ഥികള്‍ക്ക് ജിജ്ഞാസയോടെ കേട്ടിരിക്കാനുള്ള സമയം 'സ്‌കൂള്‍ പിരീഡുകളില്‍' ഉണ്ടാവുകതന്നെ വേണം.

വിദ്യാഭ്യാസ ഗുണനിലവാരവും
ഭരണഘടനാ മൂല്യങ്ങളും

'വിദ്യാഭ്യാസ അവകാശനിയമം' (ആര്‍.ടി.ഇ. ആക്ട്-2009) ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പുവരുത്താനും ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്ത മൂല്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉയര്‍ത്തിപ്പിടിക്കാനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നുണ്ട്. സിലബസിന്റെ മികവിനോടൊപ്പം മൂല്യനിര്‍ണയസമ്പ്രദായങ്ങളും അതിന്റെ മാനദണ്ഡങ്ങളും സുപ്രധാനമാണ്. ഗംഭീരന്‍ സിലബസുണ്ടാവുകയും അത് പഠിച്ചിറങ്ങുന്നു എന്ന് പറയപ്പെടുന്ന വിദ്യാര്‍ഥികള്‍ ഒന്നും അറിയാത്തവരാകുകയും ചെയ്യുന്ന അവസ്ഥ കര്‍ശനമായി തടയുകതന്നെ വേണം.
ഭരണഘടനയുടെ ആമുഖത്തില്‍ (പ്രീയാംബിളില്‍) വിവരിക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക്കിനെക്കുറിച്ചുള്ള ദര്‍ശനസംഹിതകളേക്കാള്‍ പ്രധാനമാണ് മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍. ഇന്ത്യന്‍ ജനാധിപത്യം എവിടെയാണ് എത്തിച്ചേരേണ്ടത് എന്ന സ്വപ്നം വെറുമൊരു വ്യാമോഹപദ്ധതിയല്ല, ചില തത്ത്വബോധ്യങ്ങളുടെ പ്രകാശനമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയോടെ അന്തസ്സില്‍ ജീവിക്കാനുള്ള അവകാശം, ആരോഗ്യപരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള ഉറപ്പ്, ആരും ആരുടെയും കീഴിലല്ലാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മാര്‍ഗനിര്‍ദേശക തത്ത്വങ്ങളുടെ മുഖ്യഅജന്‍ഡകളാണ്. ജനാധിപത്യം, മതേതരത്വം എന്നിവയ്‌ക്കൊപ്പം സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നോര്‍ക്കണം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭക്തിപ്രസ്ഥാനക്കാലത്ത് ഉയിര്‍കൊണ്ട ജനകീയാഭിലാഷങ്ങളുടെ പരിണതപദം കൂടിയാണ് സോഷ്യലിസം. പരിസ്ഥിതിയിലെ പച്ചപ്പുപോലെ മേല്‍പ്പറഞ്ഞ സകലകാര്യങ്ങളും തളിര്‍ത്ത് നില്‍ക്കുന്നതായിരിക്കണം പുതിയ പാഠ്യപദ്ധതി.

മാതൃഭാഷ എന്ന
മനുഷ്യാവകാശം

ആര്‍.ടി.ഇ. അടിവരയിടുന്ന മറ്റൊരുകാര്യം വിവിധ വിഷയങ്ങള്‍ മാതൃഭാഷയില്‍ പഠിക്കാനുള്ള കുട്ടികളുടെ അവകാശത്തെയാണ്. മനുഷ്യന്റെ ഭാഷേന്ദ്രിയത്തിന്റെ സര്‍ഗാത്മക വളര്‍ച്ച മാതൃഭാഷയിലൂടെ മാത്രമേ സാധിക്കൂ എന്ന് ശാസ്ത്രവും തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആര്‍.ടി.ഇ. നിര്‍ദേശിച്ച ചുരുങ്ങിയ നിബന്ധനയായ എട്ടാംക്ലാസ് വരെയും തുടര്‍ന്ന് പത്തോ പന്ത്രണ്ടോ ക്ലാസ് വരെയും കുട്ടികളുടെ പഠനമാധ്യമം മലയാളം മാത്രമാക്കാനുള്ള നയം ഈ പാഠ്യപദ്ധതി തത്ത്വത്തില്‍ അംഗീകരിക്കണം. ഒറ്റദിവസം കൊണ്ട് കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടാനല്ല പറയുന്നത്. സര്‍ക്കാര്‍- സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷയിലൂടെ മാത്രം വിഷയങ്ങള്‍ പഠിക്കാനുള്ള അവകാശം ക്രമാനുഗതമായി ഉറപ്പുവരുത്തിക്കൊടുക്കണം. മലയാളം മീഡിയം സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഇംഗ്ലീഷ് ഒരു വിഷയമെന്ന നിലയ്ക്ക് കാര്യക്ഷമമായി പഠിപ്പിച്ച്, പഠിച്ചിറങ്ങുന്ന കുട്ടികളുടെ ഇംഗ്ലീഷ് ഗംഭീരമാക്കുകയും ചെയ്താല്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും മാതൃഭാഷാ മാധ്യമ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കപ്പെടും.

മലയാളം മീഡിയത്തില്‍ പഠിച്ച കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും പ്രവേശനപരീക്ഷയില്‍ മുന്‍ഗണനയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. പ്ലസ് ടു ക്ലാസുകളില്‍ ഇപ്പോള്‍ പഠനമാധ്യമം ഇംഗ്ലീഷാണെങ്കിലും വിദ്യാര്‍ഥികള്‍ക്ക് മലയാളത്തില്‍ പരീക്ഷ എഴുതാന്‍ നിയമസമ്മതിയുണ്ട്. 2013 മെയ് ആറാം തിയ്യതി ഇറക്കിയ ഒന്നാംഭാഷാ ഉത്തരവില്‍ ഇതിനുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യോട് നിര്‍ദേശിച്ചിരുന്നു. ഉടന്‍തന്നെ പ്ലസ് ടുവിന്റെ പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി. മലയാളത്തില്‍ കൊണ്ടുവരണം. ഒന്നാംഭാഷാ ഉത്തരവിന്റെ യഥാര്‍ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രായോഗിക നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ എത്രയുംവേഗം പൂര്‍ത്തീകരിക്കുകയും വേണം.
ലോകത്ത് സാമ്രാജ്യത്വ ഹാല് (കൊളോണിയല്‍ ഹാങ് ഓവര്‍) വിട്ടുമാറാത്ത ഇന്ത്യയും പാകിസ്താനുമൊഴികെ മറ്റെല്ലാ രാജ്യങ്ങളും തങ്ങളുടെ മാതൃഭാഷയിലൂടെയാണ് ഉപരിപഠനംപോലും നിര്‍വഹിക്കുന്നതെന്ന് ഇവിടെ ഓര്‍ക്കണം. തദ്ദേശീയഭാഷ പഠനമാധ്യമമായ രാഷ്ട്രങ്ങള്‍ അന്യഭാഷ പഠനമാധ്യമമായ രാഷ്ട്രങ്ങളെ സര്‍ഗാത്മകമായും സാമ്പത്തികമായും പിന്നിലാക്കുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. പ്രയോജനവാദത്തിന്റെ പേരിലായാലും തത്സ്ഥിതി നിലനിര്‍ത്തുന്നതിന്റെ പേരിലായാലും തെറ്റായ അവബോധത്തിന്റെ പേരിലായാലും ഇംഗ്ലീഷ് മീഡിയത്തിന് വേണ്ടിയുള്ള ചില വിഭാഗങ്ങളുടെ മുറവിളി പാഠ്യപദ്ധതി പരിഷ്‌കരണസമിതി ചെവിക്കൊള്ളരുത്. നിലവിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും മലയാളം മീഡിയത്തിലേക്ക് കൊണ്ടുവരിക എന്നതായിരിക്കണം വിദ്യാഭ്യാസവകുപ്പിന്റെ ദീര്‍ഘകാല ലക്ഷ്യം

ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരിക്കണം. അതില്‍ സംശയമില്ല. എന്നാല്‍, ഇക്കാര്യം മാതൃഭാഷയ്‌ക്കോ പഠനമാധ്യമം മാതൃഭാഷയില്‍ നിലനിര്‍ത്തുന്നതിനോ എതിരായ വാദമല്ല. ഇംഗ്ലീഷില്‍ പ്രാവീണ്യമുണ്ടാക്കാന്‍ പഠനമാധ്യമം ഇംഗ്ലീഷാക്കുകയല്ല, നല്ലപോലെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് വേണ്ടത്. പഠനമാധ്യമം അന്യഭാഷയാക്കുകയാണെങ്കില്‍ അത് ചെലുത്തുന്ന ഘര്‍ഷണം വിഷയങ്ങളുടെ അനായാസ സ്വാംശീകരണത്തിന് കുട്ടികളില്‍ തടസ്സമുണ്ടാക്കുന്നു. മറിച്ചാണെങ്കിലോ, മാതൃഭാഷയുടെ വിദഗ്ധ പ്രയോഗത്താല്‍ വളര്‍ച്ച പ്രാപിക്കുന്ന കുട്ടികളുടെ ഭാഷേന്ദ്രിയം ഇംഗ്ലീഷും മറ്റു ഭാഷകളും എളുപ്പത്തില്‍ പഠിക്കുന്നു. ഇംഗ്ലീഷില്‍ നല്ല വ്യുല്‍പത്തി വന്നുചേര്‍ന്ന വിദ്യാര്‍ഥിക്ക് സയന്‍സും കണക്കുമൊന്നും ഉപരിപഠനസമയത്ത് ഇംഗ്ലീഷില്‍ പഠിക്കാന്‍ പ്രയാസവുമുണ്ടാകില്ല.

ഇന്ന് ഇംഗ്ലീഷ് മീഡിയം പഠിച്ച് പുറത്തിറങ്ങുന്ന മിക്കകുട്ടികള്‍ക്കും ഒരു ഖണ്ഡിക തെറ്റില്ലാത്ത ഇംഗ്ലീഷില്‍ എഴുതാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഭൂരിപക്ഷം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും മാത്തമാറ്റിക്‌സുമെല്ലാം അധ്യാപകര്‍ കുട്ടികള്‍ക്ക് മലയാളത്തിലാണ് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുന്നത്. പിന്നെ അക്കാര്യം വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് വാചകങ്ങളില്‍ കരണ്ടെടുത്ത് ഉത്തരക്കടലാസുകളില്‍ ഛര്‍ദിക്കുകയാണ് പതിവ്. സമയത്തിന്റെയും ഊര്‍ജത്തിന്റെയും സുഗമമായ ചിന്താപ്രവാഹത്തിന്റെയും കനത്ത പാഴാക്കലാണ് ഈ ഏര്‍പ്പാട്.

ഗവണ്‍മെന്റ് ഓഫ് ഇന്ത്യാസ് റിപ്പോര്‍ട്ട് ഓണ്‍ വാല്യൂ ബേസ്ഡ് എജ്യുക്കേഷനും എന്‍.സി.എഫിന്റെ എജ്യുക്കേഷന്‍ ഫോര്‍ പീസും മൂല്യവിദ്യാഭ്യാസത്തിന്റെ സംസ്ഥാപനത്തെക്കുറിച്ച് വളരെ വേവലാതിപ്പെടുന്നുണ്ട്. എജ്യുക്കേഷന്‍ ഫോര്‍ വാല്യൂസ് ഇന്‍ സ്‌കൂള്‍സ്- എ ഫ്രേം വര്‍ക്ക് എന്ന രേഖ കുട്ടികളില്‍ സംഭവിക്കുന്ന മൂല്യശോഷണത്തെ അക്കമിട്ട് നിരത്തിക്കൊണ്ട് വെറും വസ്തുതാപഠനത്തോടുള്ള അമിതാഭിമുഖ്യത്തിന്റെ ദുരന്തഫലങ്ങളെ സൂചിപ്പിക്കുന്നു.

സ്‌നേഹവും സമാധാനവും ശാന്തിയും സമൂഹത്തില്‍ പുലരാന്‍ അവശ്യം ആവശ്യമായ മൂല്യതത്ത്വങ്ങളിലേക്ക് കുട്ടികള്‍ ഉണരണമെങ്കില്‍ ഇന്നത്തെ പാഠ്യഭാഗങ്ങളില്‍ നിന്ന് വിഭിന്നമായൊരു വിദ്യോദയസാധന സ്‌കൂളുകളില്‍ വേണ്ടിവരും. അതിനെയാണ് സൗന്ദര്യാത്മകവിദ്യാഭ്യാസം എന്ന നാമത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണസമിതിക്കുവേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

ബുദ്ധിപരവും വൈകാരികവുമായ മേഖലകള്‍ തമ്മിലുള്ള സമന്വയമാണ് മൂല്യങ്ങളില്‍ കലാശിക്കുന്നതെങ്കില്‍ സാഹിതീയവും സൗന്ദര്യാത്മകവുമായ തലങ്ങളിലൂടെയാണ് ആ പ്രക്രിയ സാക്ഷാത്കാരത്തിലെത്തുന്നത്. കലയും സാഹിത്യവും ആസ്വദിക്കാനുള്ള ശേഷി വളര്‍ത്തുന്നതിനുള്ള ഉപാധികൂടിയായിരിക്കണം വിദ്യാഭ്യാസം. ബുദ്ധിപരമായ ശേഷിയോടൊപ്പം സൗന്ദര്യാസ്വാദനശേഷിയും വികസിക്കണമെങ്കില്‍ സാഹിത്യപഠനം നിര്‍ബന്ധമായി വേണം. സാഹിത്യപഠനം എന്നത് സൗന്ദര്യാത്മക വിദ്യാഭ്യാസമാണ്.

അത് വൈകാരിക വിദ്യാഭ്യാസം കൂടിയാണ് (എഫക്റ്റിവിറ്റി). ആസ്വാദനശേഷി വര്‍ധിപ്പിക്കുന്ന തരത്തില്‍ മാതൃഭാഷയിലൂടെയുള്ള ശരിയായ സാഹിത്യപഠനം ഒരേസമയം മൂല്യപരവും സൗന്ദര്യാത്മകവുമായ അവബോധം വിദ്യാര്‍ഥിക്ക് നല്‍കുന്നു. അതിനാല്‍ എല്ലാ ക്ലാസുകളിലും മാതൃഭാഷയും മാതൃഭാഷാസാഹിത്യവും നിര്‍ബന്ധ പഠനവിഷയമാക്കണം.

പല വികസിതരാജ്യങ്ങളിലും പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍കൂടി സാഹിത്യ-കലാപഠനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ആരോഗ്യനികേതനം ആത്മാവില്‍ അലിയിച്ച ഒരു ഡോക്ടര്‍ അക്ഷരവിരോധിയായ മറ്റൊരുവനില്‍ നിന്ന് താരതമ്യങ്ങളില്ലാത്തവിധം വ്യത്യസ്തനായിരിക്കും. ഏത് പ്രൊഫഷണല്‍ മിടുക്കും പ്രവര്‍ത്തനക്ഷമമാകേണ്ടത് സമൂഹത്തിലായതിനാല്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സഹജീവിയോടുള്ള മനോഭാവം നിര്‍ണായകമാകുകയും അത് നിര്‍ണയിക്കാനുള്ള ഉപാധിയെന്ന നിലയ്ക്ക് സാഹിത്യത്തിലൂടെയുള്ള സൗന്ദര്യാത്മകവിദ്യാഭ്യാസം അതിപ്രധാനമാകുകയും ചെയ്യുന്നു.


ജീവലോകമാണ് പ്രാഥമികം

എത്രയധികം ആധുനികമായ മാധ്യമങ്ങളും വിവരസാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തിയാലും അതിനെല്ലാം പുറത്തുള്ള യഥാര്‍ഥലോകമാണ് (അതിനെ ജീവലോകം- ലൈഫ് വേള്‍ഡ് എന്ന് വിളിക്കാം) പ്രാഥമികവും പ്രധാനവുമെന്ന കാര്യം മറന്നുപോകരുത്. പഞ്ചേന്ദ്രിയങ്ങളെല്ലാം അറിവിന്റെ സ്രോതസ്സുകളാണ്. അവയെല്ലാം ഉണര്‍ന്നിരിക്കുന്നത് ജീവലോകത്താണ്. അതിനാല്‍ത്തന്നെ വിദ്യാര്‍ഥിയെ യഥാര്‍ഥജീവലോകവുമായി നിരന്തരം ബന്ധിപ്പിച്ചുനിര്‍ത്താനും അതുമായുള്ള ബന്ധത്തിന്റെ നിലവാരം പരിശോധിക്കുന്നത് മൂല്യനിര്‍ണയത്തിന്റെ ഭാഗമാക്കാനും ശ്രമിക്കേണ്ടതാണ്. കമ്പ്യൂട്ടറിനകത്തെ വെര്‍ച്വല്‍ ലോകത്ത് ഉള്ള കാര്യങ്ങള്‍ യഥാര്‍ഥലോകമല്ല, അതിന്റെ ഇമേജുകള്‍ മാത്രമാണ് എന്ന് വിദ്യാര്‍ഥിയെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. യഥാര്‍ഥലോകത്ത് യഥാര്‍ഥത്തിലുള്ള സഹജീവീവിനിമയങ്ങളുടെ, സാമൂഹികബന്ധങ്ങളുടെ, പ്രാഥമികത്വം ഉറപ്പിക്കേണ്ടതുമുണ്ട്.ലൈഫ് വേള്‍ഡുമായുള്ള ബന്ധക്കുറവ് കുട്ടികളില്‍ ഒരുതരം വസ്തുരതി ഉത്പാദിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ജീവപ്രകൃതിയോട് മനുഷ്യനുള്ള നൈസര്‍ഗികമായ അടുപ്പം (ബയോഫീലിയ) കൂടി അവരില്‍ പലപ്പോഴും നശിച്ചുപോകുന്നു. വികസിതരാജ്യങ്ങളിലെ കൗമാരക്കാര്‍ രാപകല്‍ മൊബൈല്‍ഫോണിലെ വെര്‍ച്വല്‍ ലോകത്ത് മുഴുകി സഹപാഠികളെയോ അയല്‍ക്കാരെയോ എന്തിന്, സഹോദരനെയോ സഹോദരിയെയോ പോലും തിരിഞ്ഞുനോക്കാത്തത് ലൈഫ് വേള്‍ഡ് നഷ്ടത്തിന്റെ ഗുരുതരാവസ്ഥ തന്നെയാണ്.

എന്‍.സി.എഫില്‍ പറഞ്ഞപോല വൃക്ഷങ്ങളും സസ്യങ്ങളും മൃഗങ്ങളും പറവകളും കീടങ്ങളുമെല്ലാമടങ്ങുന്ന ജീവലോകത്തിന്റേതായ ജൈവവൈവിധ്യത്തോട് (ബയോഡൈവേഴ്‌സിറ്റിയോട്) കുട്ടികളില്‍ സ്‌നേഹവും ആദരവും പരിഗണനയും സൃഷ്ടിക്കണമെങ്കില്‍ അവരില്‍ ലൈഫ് വേള്‍ഡ് ബന്ധം ഉറപ്പിക്കുകതന്നെ വേണം.


മൂന്നാംലോക പരിപ്രേക്ഷ്യം

തീര്‍ത്തും വ്യക്തിവത്കരണത്തിന് വിധേയമായി സാമൂഹികമൂല്യങ്ങള്‍ പലതും നഷ്ടപ്പെട്ട അവസ്ഥയിലാണ് പാശ്ചാത്യസമൂഹങ്ങള്‍. എന്നാല്‍, ഇപ്പോഴും സാമൂഹികബന്ധങ്ങളും മനുഷ്യ-പ്രകൃതി ബന്ധവും നിലനില്ക്കുന്ന ഇടമാണ് മൂന്നാംലോക സമൂഹങ്ങള്‍. ആ സാമൂഹികതയില്‍നിന്ന് വിദ്യാര്‍ഥിയെ പറിച്ചെടുത്ത് കേവലം കമ്പനി എക്‌സിക്യൂട്ടീവുകളാക്കി മാറ്റുക എന്നതായിരിക്കരുത് നമ്മുടെ വിദ്യാഭ്യാസത്തിലെ ആധുനികീകരണം. പരമ്പരാഗതമായ സമൂഹരൂപങ്ങളില്‍ നിലനിന്ന സാമൂഹികബോധത്തെ നമ്മുടെ രാഷ്ട്രം വിഭാവനംചെയ്യുന്ന മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങളായി പരിവര്‍ത്തനംചെയ്ത് വികസിപ്പിക്കുകയാണ്‌വേണ്ടത്. ആധുനികീകരിക്കുക എന്നാല്‍, പ്രാദേശിക മുദ്രകളെയും സവിശേഷതകളെയും അവഗണിക്കലാണ് എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. പ്രാദേശികതയുടെ സാംസ്‌കാരികവും ചരിത്രപരവും പാരിസ്ഥിതികവുമായ ഘടകങ്ങളെ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് നാം ശരിയായ രീതിയില്‍ ലോകമാനവികതയ്ക്ക് സംഭാവന ചെയ്യുന്നത്. പ്രീ-പ്രൈമറി, പ്രൈമറി, സെക്കന്‍ഡറി ഘട്ടങ്ങളിലെല്ലാം പഠനം ആരംഭിക്കേണ്ടത് മുമ്പിലുള്ള ലോകത്തോടും സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള ബന്ധത്തിലൂടെയാണ്. സാംസ്‌കാരികവും പാരിസ്ഥിതികവും ബോധപരവുമായി തനിമ ഉത്പാദിപ്പിക്കുന്നതായിരിക്കണം പാഠ്യപദ്ധതി.

വിജ്ഞാനശാഖകള്‍ തമ്മിലുള്ള വ്യത്യാസം

പ്രകൃതിശാസ്ത്രം (നാച്വറല്‍ സയന്‍സ്), സാമൂഹികശാസ്ത്രം (സോഷ്യല്‍ സയന്‍സ്), മാനവികതാപഠനങ്ങള്‍ (ഹ്യുമാനിറ്റീസ്) എന്നിവ മൂന്നും പരസ്​പരം വ്യത്യസ്തമായ സമീപനങ്ങളാണ് ആവശ്യപ്പെടുന്നത്. പാഠ്യപദ്ധതിയും പഠനരീതിയും രൂപവത്കരിക്കുമ്പോള്‍ ഈ വ്യത്യാസം ശ്രദ്ധിക്കേണ്ടതുണ്ട്. വിവരം (ഇന്‍ഫര്‍മേഷന്‍), വിജ്ഞാനം (നോളജ്), അവബോധം (എവേര്‍നസ്) എന്നിവ തമ്മിലുള്ള അനുപാതവും ഇവയില്‍ വ്യത്യസ്തമാണ്. ജീവനില്ലാത്ത പ്രകൃതിവസ്തുക്കളോട് ഇടപെടുന്നതുപോലെയല്ല, സമൂഹത്തിലെ ഇതരമനുഷ്യരോട് ഇടപെടുന്നത്. അതുപോലെയല്ല ഇന്ദ്രിയാനുഭവപരവും ആത്മബോധത്തെതന്നെ സ്​പര്‍ശിക്കുന്നതുമായ സാഹിത്യപരവും കലാപരവുമായ തലങ്ങളെ നോക്കിക്കാണേണ്ടത്.

വിവരം സ്വയംപൂര്‍ണമല്ല, അതത് വിജ്ഞാനവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് അത് അര്‍ഥം നേടുന്നത്. അടിസ്ഥാനപരമായ സങ്കല്പനങ്ങളിലാണ് ഓരോ വിജ്ഞാനവ്യവസ്ഥയും നിലനില്ക്കുന്നത്. സങ്കല്പനങ്ങളുള്‍പ്പെടുന്ന വിജ്ഞാനവ്യവസ്ഥയെ ആന്തരികവത്കരിക്കുമ്പോഴാണ് അവബോധമായി മാറുന്നത്.

അധ്യാപക, വിദ്യാര്‍ഥി ബന്ധത്തിലും ഈ വ്യത്യാസം പ്രതിഫലിക്കേണ്ടതുണ്ട്. കേവലം വിവരങ്ങള്‍ കൈമാറുന്നതും സങ്കല്പനപരമായ വിജ്ഞാനവ്യവസ്ഥ വിദ്യാര്‍ഥിയുമായി പങ്കുവെക്കുന്നതും അവബോധപരമായ തലത്തില്‍ വിദ്യാര്‍ഥിയുമായി ബന്ധം സ്ഥാപിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. കേവലം വിവരങ്ങള്‍ കൈമാറുന്നതിനുപരി സങ്കല്പനപരമായ വിജ്ഞാനവ്യവസ്ഥ വിദ്യാര്‍ഥിയുമായി പങ്കുവെക്കുകയും അവബോധപരമായ തലത്തില്‍ തങ്ങളുടെ ശിഷ്യന്മാരുമായി ബന്ധം സ്ഥാപിക്കുകയും അധ്യാപകന്‍ ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അധ്യാപകന്‍ കേവലം 'ഫെസിലിറ്റേറ്റര്‍' ആയാല്‍ പോര, അളവുകളെ അതിവര്‍ത്തിക്കുന്ന ജ്ഞാനവ്യക്തിത്വപ്രഭാവമാകണം.

സമൂഹനിരപേക്ഷവും മനുഷ്യനിരപേക്ഷവുമായ ശുദ്ധശാസ്ത്രത്തെ സങ്കല്പിക്കുന്നതുതന്നെ ശാസ്ത്രവിരുദ്ധമായിരിക്കും. കാരണം, മനുഷ്യനെന്ന ഗ്രഹണകേന്ദ്രത്തെ അടിസ്ഥാനപ്പെടുത്തിയാണല്ലോ ശാസ്ത്രതത്ത്വങ്ങളുടെ മുഴുവന്‍ രൂപവത്കരണവും. എന്നാല്‍, കാലത്തിന്റെ അധികാരഘടനകളെ സേവിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടും നില്‍ക്കുന്ന ശാസ്ത്രത്തെക്കുറിച്ച് പറയാന്‍ കഴിയും. അധികാരവിമുക്തമാകുമ്പോഴാണ് ശാസ്ത്രം പക്ഷേ, സത്യാന്വേഷണ വ്യഗ്രമാകുന്നതെന്ന് മാത്രം. ടോളമിയെ ഉപേക്ഷിച്ച് കോപ്പര്‍നിക്കസ്സിലൂടെ ശാസ്ത്രം അധികാരവിമുക്തമായപ്പോഴാണ് ഭൂമിയെ മനുഷ്യന് സത്യത്തിലേക്ക് ഉരുണ്ടുകിട്ടിയത്. അന്നത്തെകാലത്ത് ശാസ്ത്രത്തെ കൂച്ചുവിലങ്ങിടുന്ന അധികാരകേന്ദ്രങ്ങള്‍ കൂടുതലും മതസ്ഥാപനങ്ങളുടേതായിരുണെങ്കില്‍ ഇന്നത് കൂടുതലും നവമുതലാളിത്ത കോര്‍പ്പറേറ്റുകളുടേതാണ്.

ശാസ്ത്രത്തെയും അതില്‍നിന്ന് നിഷ്പന്നമാകുന്ന ടെക്‌നോളജിയെയുമെല്ലാം സ്വന്തം സാമ്പത്തികതാത്പര്യ പൂരണത്തിനായി ആ അധികാരശക്തികള്‍ മാറ്റുകയും മറിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി നമുക്ക് കാണാന്‍കഴിയുന്നത് വ്യത്യസ്ത സ്ഥാപനങ്ങളില്‍നിന്ന് വരുന്ന ശാസ്ത്രഗവേഷണ റിപ്പോര്‍ട്ടുകള്‍തന്നെ. മൊബൈല്‍ ഫോണിന്റെ ഉപയോഗം മസ്തിഷ്‌കത്തിന് ക്ഷതം വരുത്തുമെന്ന നിഗമനം ഒരു റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍, താമസിയാതെ തന്നെ ഫോണ്‍ റേഡിയേഷന്‍ അല്‍ഷിമേഴ്‌സ് രോഗം തടയാനാണ് സഹായിക്കുകയെന്ന കണ്ടുപിടിത്തം ഫോണ്‍ കമ്പനികളുടെ ഗവേഷണസ്ഥാപനങ്ങള്‍ നടത്തുന്നതായിരിക്കും. വെളിച്ചെണ്ണയും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുണ്ടായ വിവാദങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ലല്ലോ. സമ്പത്തിന്റെയും അധികാരത്തിന്റെയും താത്പര്യങ്ങള്‍ ശാസ്ത്രനിഗമനങ്ങളില്‍ കൈകടത്തുന്നതിന്റെ ലക്ഷണങ്ങളായി ഇവയെ കാണാം.

മതാധികാരകേന്ദ്രങ്ങളെയും നവമുതലാളിത്ത സ്ഥാപനങ്ങളെയും പോലെതന്നെ ശാസ്ത്രതുറസ്സിന്റെ മാര്‍ഗത്തില്‍ തടസ്സമുണ്ടാക്കുന്ന ശക്തിയാണ് യാന്ത്രികഭൗതികവാദവും. പ്രപഞ്ചവിജ്ഞാനീയ മണ്ഡലത്തിലും മറ്റും മനുഷ്യന്റെ മൂല്യാധിഷ്ഠിത ഭാവന തേടിക്കൊണ്ടിരിക്കുന്ന മനോഹര സാധ്യതകളെയെല്ലാം മുന്‍കൂര്‍ റദ്ദ് ചെയ്യാന്‍ ചില ശാസ്ത്രജ്ഞന്മാരുടെ 'കോക്കസ്സുകളുടെ' വാശി കാരണമാകുന്നുണ്ട്. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് പിറകിലുള്ള ഏത് അര്‍ഥസാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തെയും അന്ധവിശ്വാസത്തിലേക്കുള്ള നീക്കമായി മുദ്രകുത്തി തടയുകയാണ് ഇവര്‍ ചെയ്യുന്നത്.

മതാധികാരകേന്ദ്രങ്ങള്‍, നവമുതലാളിത്തശക്തികള്‍, യാന്ത്രികഭൗതികവാദ വാശികള്‍ - ഇവ മൂന്നുമാണ് ശാസ്ത്രത്തിന്റെ സത്യാന്വേഷണ പന്ഥാവില്‍ ഇന്ന് കവച്ചുവെക്കേണ്ട ചതുപ്പുനിലങ്ങള്‍. ആ ഭഗീരഥപ്രയത്‌നത്തിനുള്ള ശേഷിയും ആത്മവീര്യവും വീക്ഷണതുറസ്സും കുട്ടികളില്‍ഉണ്ടാക്കിയെടുക്കലാണ് അധികാരവിമുക്ത ശാസ്ത്രപഠനത്തിന്റെ ഉദ്ദേശ്യം.


ലക്ഷ്യം

ഏതെങ്കിലും പ്രത്യേക മേഖലയിലെ ആളുകളെ സൃഷ്ടിക്കല്‍ മാത്രമല്ല, പൊതുജീവിതത്തിന്റെ എല്ലാ മേഖലയിലും ഉള്ള ആളുകളെ സൃഷ്ടിക്കലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും മാത്രമല്ല, പ്യൂര്‍ സയന്‍സ് രംഗത്തെ സയന്റിസ്റ്റുകള്‍, മറ്റ് വിഭാഗങ്ങളിലുള്ള വിദഗ്ധര്‍, ജനനേതാക്കള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ തുടങ്ങിയവരെയെല്ലാം സൃഷ്ടിക്കുന്നതിന് പര്യാപ്തമാകണം വിദ്യാഭ്യാസം, അതിനുതകുന്ന സമഗ്രമായ അടിത്തറ പ്രീ-പ്രൈമറി, പ്രൈമറി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി മേഖലകളിലുണ്ടാകണം.

യൂറോപ്പില്‍നിന്ന് വ്യത്യസ്തമായി പരിസ്ഥിതിയിലും ഭാഷകളുടെ എണ്ണത്തിലും വൈവിധ്യം പുലര്‍ത്തുന്നതാണ് മൂന്നാംലോക രാജ്യങ്ങള്‍. ഒരു കാലഘട്ടത്തില്‍ അധിനിവേശത്തിന് വിധേയമായ സമൂഹമെന്ന നിലയില്‍ ഈ വൈവിധ്യം നമുക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ തന്നെ പരിസ്ഥിതി സംരക്ഷണവും ഭാഷാസംരക്ഷണവും തമ്മിലുള്ള ബന്ധം എടുത്തുപറയുന്നുണ്ട്. ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ പ്രീ-പ്രൈമറി ഘട്ടത്തിലെങ്കിലും അവരുടെ മാതൃഭാഷയില്‍ പഠിക്കാന്‍ അനുവദിക്കണം. സാധ്യമാകുന്നിടത്തോളം ഇത് വികസിപ്പിക്കണം.


പ്രാദേശിക ഭാഷ, മാനകഭാഷ

പ്രാദേശികഭാഷയും മാനകഭാഷയും തമ്മിലുള്ള വ്യത്യാസത്തെ എങ്ങനെയാണ് പരിഗണിക്കേണ്ടത് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സാഹിതീയവും സൗന്ദര്യാത്മകവുമായ തലങ്ങളില്‍ പ്രാദേശിക വൈവിധ്യത്തെ ആവുന്നിടത്തോളം നിലനിര്‍ത്തുന്നതും ശാസ്ത്രപഠനത്തിനും മറ്റുമുള്ള മാധ്യമമെന്ന നിലയില്‍ വരുമ്പോള്‍ മാനകഭാഷയെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് നല്ലത്.


ആണ്‍-പെണ്‍ സഹവിദ്യാഭ്യാസം

പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം രൂപപ്പെടണമെങ്കില്‍ അവര്‍ ഒരുമിച്ച് ക്ലാസിലിരുന്ന് പഠിക്കുന്ന സാഹചര്യമുണ്ടാകണം. തന്നെപ്പോലെ വ്യക്തിത്വമുള്ളവളാണ് പെണ്‍കുട്ടിയെന്ന് ഒരു ആണ്‍കുട്ടി മനസ്സിലാക്കുന്നത് ഈ ഘട്ടത്തിലാണ്. ഈ ബന്ധം വളരുന്നില്ലെങ്കില്‍ കേവലം ഒരു വസ്തുമാത്രമായി അവളെ കാണുന്ന സമീപനമാണ് രൂപപ്പെടുക. സ്ത്രീപീഡനം വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്ന ഇക്കാലത്ത് സഹവിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നതിനുള്ള ശ്രമമുണ്ടാകണം.

ഭാഷാപഠനം

പ്രാദേശിക ഭാഷാഭേദങ്ങള്‍ ഭാഷയുടെ നിലനില്പിന്റെ രീതിയാണ്. വാമൊഴി രൂപത്തില്‍ നിലനില്ക്കുന്നത് പ്രാദേശിക ഭാഷയാണ്. എന്നാല്‍, വരമൊഴിക്ക് മാനകസ്വഭാവമുണ്ട്. അച്ചടി ഭാഷയെ മാനകീകരിച്ചിട്ടുമുണ്ട്. ക്ലാസ് മുറികളില്‍ കുട്ടികളെ അവരവരുടെ പ്രാദേശിക ഭാഷാഭേദങ്ങളില്‍ ആശയപ്രകാശനം നടത്താന്‍ അനുവദിക്കണം. അതേസമയം, മാനകഭാഷ പരിചയപ്പെടുത്തുകയും വേണം. ആ ഘട്ടത്തില്‍ അക്ഷരത്തെറ്റുകളും ശരിപ്പെടുത്തിക്കൊടുക്കാവുന്നതാണ്. തെറ്റുകൂടാതെ മാതൃഭാഷ എഴുതാനുള്ള പരിശീലനം പ്രാഥമികഘട്ടത്തിലുണ്ടാകേണ്ടതുണ്ട്. ഇംഗ്ലീഷിന്റെയും ഹിന്ദി, അറബി, സംസ്‌കൃതം തുടങ്ങിയ മറ്റ് ഭാഷകളുടെയും പഠനത്തില്‍ ഈ പരിശീലനം ഉചിതഘട്ടങ്ങളില്‍ ആവശ്യമാണ്.

ഭാഷയുടെ വ്യാകരണം പ്രയോഗത്തിലാണ് നിലനില്ക്കുന്നത്. മാതൃഭാഷ സംസാരിക്കുന്ന കുട്ടി സ്വാഭാവികമായി ആ വ്യാകരണം താനറിയാതെ സ്വാംശീകരിക്കുന്നുണ്ട്. എഴുത്തിന്റെ വ്യാകരണം എഴുതിത്തന്നെ പരിശീലിക്കേണ്ടതുണ്ട്. വാക്യഘടന ഈ ഘട്ടത്തില്‍ തിരുത്തിക്കൊടുക്കാവുന്നതാണ്. വ്യാകരണം പ്രത്യേകം പഠിപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അത് പ്രയോഗത്തിന് ഊന്നല്‍ കൊടുത്തുവേണം പഠിപ്പിക്കാന്‍.


ഉപകരണ വാദത്തിനപ്പുറം

ഭാഷ കേവലം ഒരു ഉപകരണമല്ല. അതുകൊണ്ടുതന്നെ ഭാഷയുടെ സാമൂഹികവും സാഹിതീയവും സൗന്ദര്യാത്മകവുമായ തലങ്ങള്‍ ഭാഷാപഠനത്തില്‍ പരിഗണിക്കേണ്ടതുണ്ട്. വിജ്ഞാനഭാഷയെന്ന നിലയില്‍ ഭാഷയുടെ സങ്കല്പനശേഷി വിദ്യാര്‍ഥിയില്‍ വളര്‍ത്തണം. അതോടൊപ്പം ഭാഷയുടെ വൈകാരികശേഷിയെ പ്രതിഫലിപ്പിക്കുന്ന പാഠങ്ങള്‍ ഭാഷാപഠനത്തിന്റെ ഏറ്റവുംപ്രധാന ഭാഗമായിരിക്കുകയും വേണം. ഭാഷയ്ക്ക് പൊതുവേ മൂന്ന് തലങ്ങളുണ്ടെന്ന് പറയാവുന്നതാണ്. ഒന്ന്: വിവരവിനിമയതലം. രണ്ട്: ആശയവിനിമയതലം, മൂന്ന്: അനുഭവവിനിമയതലം. ശാസ്ത്രവിഷയങ്ങള്‍ കൈകാര്യംചെയ്യുമ്പോള്‍ ഭാഷ ഒട്ടുമുക്കാലും വിവരവിനിമയതലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അമൂര്‍ത്ത സങ്കല്പനങ്ങളിലേക്കും പരികല്പനകളിലേക്കും (ഹൈപ്പോതിസീസുകളിലേക്കും) ശാസ്ത്രം കടക്കുമ്പോള്‍ ഭാഷയ്ക്ക് ആശയവിനിമയതലം കൂടി കൈവരുന്നു. തത്ത്വശാസ്ത്രം, പ്രത്യയശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിഷയങ്ങളിലെ ഭാഷ പൂര്‍ണമായും ആശയവിനിമയതലത്തിലുള്ളതാണ്. വിവരവിനിമയത്തിന്റെയും ആശയവിനിമയത്തിന്റെയും വള്ളികള്‍ പടരുമെങ്കിലും സാഹിത്യകൃതികളില്‍ സവിശേഷം പൂക്കുന്ന ഭാഷ അനുഭവവിനിമയത്തിന്റേതാണ്.

നാച്വറല്‍ സയന്‍സിന്റെയും സോഷ്യല്‍ സയന്‍സിന്റെയും ക്ലാസ്സുകളില്‍ വിവരവിനിമയ ഭാഷ സ്വാഭാവികമായി പരിശീലിക്കപ്പെടുന്നതിനാല്‍ 'ലാംഗ്വേജ് ടീച്ചിങ്ങില്‍' ഊന്നല്‍ നല്‍കേണ്ടത് ഭാഷയുടെ ആശയവിനിമയതലത്തിനും അനുഭവവിനിമയതലത്തിനുമാണ്. ആധാര്‍ കാര്‍ഡിനുള്ള അപേക്ഷയോ ബാങ്ക് വായ്പയ്ക്കുള്ള അപേക്ഷയോ തയ്യാറാക്കാനുള്ള ഭാഷ, ഭാഷാധ്യാപനക്ലാസില്‍ (ലാംഗ്വേജ് ടീച്ചിങ് ക്ലാസില്‍) പഠിപ്പിക്കേണ്ടതില്ല. ഇരുപത്തഞ്ച് ശതമാനത്തോളം ആശയവിനിമയതലത്തെ കൈകാര്യം ചെയ്യുന്ന തത്ത്വചിന്താപരമായ ലേഖനങ്ങളും എഴുപത്തിയഞ്ച് ശതമാനത്തോളം അനുഭവവിനിമയതലത്തെ കൈകാര്യംചെയ്യുന്ന സാഹിത്യകൃതികളുമാണ് ഭാഷാധ്യാപനക്ലാസുകളില്‍ പഠിപ്പിക്കേണ്ടത്.

മസ്തിഷ്‌ക-ഹൃദയ സംലയനവും മൂല്യസംസ്ഥാപനവും ഈ പാഠ്യപദ്ധതീ നിര്‍ദേശത്തിന്റെ സുപ്രധാന ഊന്നല്‍തലങ്ങളാണല്ലോ. സൗന്ദര്യാത്മക വിദ്യാഭ്യാസത്തിലൂടെയാണ് ആ ലക്ഷ്യം നിറവേറേണ്ടത് എന്നതിനാലാണ് സാഹിത്യപഠനം ഭാഷാധ്യാപനത്തിന്റെ ആത്മാവായി മാറുന്നത്.

യാഥാസ്ഥിതികവും യാന്ത്രികവുമായ സമ്പ്രദായങ്ങള്‍ ഉപേക്ഷിച്ച് പുനഃസംഘാടനം ചെയ്‌തെടുത്താലേ സാഹിത്യപഠനം സൗന്ദര്യാത്മക വിദ്യാഭ്യാസമായി മാറുകയുള്ളൂ. സാഹിത്യകൃതികളിലെ വിവരങ്ങള്‍ (ഇന്‍ഫൊര്‍മേഷന്‍) ഉത്തരക്കടലാസില്‍ എഴുതിവെപ്പിക്കാനുള്ള പഠനമല്ല, സാഹിത്യസൃഷ്ടികളുടെ മണത്താലും ഗുണത്താലും സന്ദേശത്താലും വിദ്യാര്‍ഥികളെ ഇളക്കിമറിക്കുന്ന പഠനമാണ് വേണ്ടത്. ഇതില്‍നിന്ന് ഉരുവാകുന്ന സൗന്ദര്യാസ്വാദനശേഷി അവനെ - അവളെ സംവേദനക്ഷമതയുള്ളവരും പരഹൃദയജ്ഞാനികളും ജീവിതസ്‌നേഹികളുമാക്കുന്നു. പഠനത്തിനുള്ള സാഹിത്യകൃതികളുടെ തിരഞ്ഞെടുപ്പിലും സൂക്ഷ്മതപുലര്‍ത്തേണ്ടി വരുമെന്ന്മാത്രം. ഏതായാലും ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞാതാവ് ആര് എന്ന ചോദ്യത്തിന് തുഞ്ചന്‍ നമ്പ്യാര്‍, കുഞ്ചന്‍ നമ്പ്യാര്‍, കുഞ്ചൂട്ടന്‍ നമ്പ്യാര്‍, ഉണ്ണായി നമ്പ്യാര്‍ എന്നീ ഉത്തരങ്ങള്‍ നല്‍കി ശരിയായത് അടയാളപ്പെടുത്താന്‍ പറയലായിരിക്കരുത് സാഹിത്യപഠനം.

2013, സെപ്റ്റംബർ 4, ബുധനാഴ്‌ച

പാവം മലയാളത്തോട് എന്തിനിത്ര വിരോധം? - സി.ശ്രീകുമാര്‍ തൊടുപുഴ

'ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിതമാവണമന്തരംഗം,
കേരളമെന്നുകേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍.' എന്നു പാടിയ മഹാകവി വള്ളത്തോള്‍ ഭാരതീയന്റെയും പ്രത്യേകിച്ചു മലയാളിയുടെയും ദേശാഭിമാനം ജ്വലിപ്പിക്കാനാണ് ശ്രമിച്ചത്. അസ്വാതന്ത്ര്യത്തിന്റെ ആ ദിനങ്ങളില്‍ ഇത് എത്ര ആവശ്യമായിരുന്നു എന്നു പറയേണ്ട കാര്യമില്ല. സായിപ്പ് പോയിട്ട് നാളേറെക്കഴിഞ്ഞു. പക്ഷേ ഇന്നും മലയാളിയുടെ മനസ്സ് ആ അടിമത്വത്തില്‍ നിന്നും മോചിതമായിട്ടില്ല, കേരളമെന്നോ മലയാളമെന്നോ കേട്ടാല്‍ ഇന്നത്തെ മലയാളിയുടെ മനസ്സില്‍ ഉണരുന്ന വികാരം എന്തായാലും അഭിമാനമല്ല. 

മലയാളിയുടെ മനസ്സ് എന്നു മുതലാണ്, ആര്‍ക്കുമുന്നിലാണ് അടിമപ്പെട്ടുതുടങ്ങിയത്? ഈ അടിമപ്പെട്ട മനസ്സിന് ഉണര്‍വ്വു പകരാന്‍ ഏതു വിപ്ലവത്തിന് കഴിയും? അങ്ങനെയൊരു വിപ്ലവത്തിനു എത്ര നാളിനി കാത്തിരിക്കണം? 
ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണിവ. ഒരു കാലത്ത് ജന്മിമാര്‍ക്കു മുന്നില്‍ അടിമപ്പെട്ടുപോയ അടിയാന്മാരുടെ മനസ്സുണര്‍ത്താന്‍ നൂറ്റാണ്ടുകളുടെ അധ്വാനം വേണ്ടി വന്നു നമ്മുടെ സൂഹത്തിന് എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

സംസ്‌കൃതത്തിന്റെ സ്വാധീനം

നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തിലേക്ക് കുടിയേറിയ ആര്യന്മാര്‍ അവരുടെ ഭാഷയ്ക്ക് ഈ നാട്ടില്‍ പ്രചുര പ്രചാരം നല്‍കാനാണ് ആദ്യമായി ശ്രമിച്ചത്. നാട്ടുകാരുടെ ഭാഷ പഠിച്ച,് അവരുടെ സംസ്‌കാരം ഉള്‍ക്കൊണ്ട് ജീവിതം കെട്ടിപ്പടുക്കാനല്ല ആര്യന്മാര്‍ ശ്രമിച്ചത്. നാട്ടുകാരില്‍ നിന്നും തെല്ലൊന്നകന്നു നിന്ന്, അവരില്‍ ചിലരെയെല്ലാം തങ്ങളുടെ ഭാഷ പഠിപ്പിച്ച്, അവരെ പ്രമാണിമാരായി ചിത്രീകരിച്ച്, ഭാഷാപരമായ ഒരധീശത്വം നേടിയെടുക്കാനാണവര്‍ ശ്രമിച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. അതോടെ സ്വന്തം ഭാഷ അപരിഷ്‌കൃതമാണെന്ന ചിന്ത നാട്ടുകാരില്‍ മുളച്ചു. 

സംസ്‌കൃതം പഠിച്ചവന്‍ സമൂഹത്തില്‍ പ്രമാണിയായി. സംസ്‌കൃതഭാഷയുടെ പ്രചാരത്തിന് ഇതു ഹേതുവായി, ഇതിനു സമാന്തരമായി നമ്പൂതിരിമാരുടെ ആധിപത്യവും കേരളത്തില്‍ ഉറച്ചു. ഒരു ജനതയെ അടിമകളാക്കിത്തീര്‍ക്കണമെങ്കില്‍ നിങ്ങളുടെ ഭാഷ അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ മതി എന്ന പണ്ഡിതവാക്യം സത്യമാകുന്ന കാഴ്ചയാണ് ഈ ചരിത്രസന്ധിയില്‍ നാം കണ്ടത്.

സംസ്‌കൃതമറിയാത്ത കേരളീയര്‍ അതറിയാവുന്നവനെ ആദരവോടെ കണ്ടു. ആ ഭാഷയിലൂടെ പറയപ്പെട്ട വിഡ്ഢിത്തങ്ങള്‍ പോലും ആദരവോടെ കേട്ടു. ആ മനസ്സുകളില്‍ അങ്ങനെ അടിമത്തബോധം ഉറച്ചു. 

ഇംഗ്ലീഷിന്റെ വരവ്

ബ്രിട്ടീഷുകാരുടെ വരവോടെ ഇന്ത്യയിലാകെ സംഭവിച്ചതും ഇതു തന്നെയാണ്. വില്യം ബെന്‍റിക് പ്രഭുവിന്റെ കാലത്ത് മെക്കാളെ പ്രഭു ഇന്ത്യയിലെത്തിയത് ചില മുന്‍വിധികളോടെയാണ്. ഇന്ത്യന്‍ സാഹിത്യം അപ്പാടെ ഒരുമിച്ചു വച്ചാലും യൂറോപ്യന്‍ സാഹിത്യത്തിന്റെ ഒരു ഷെല്‍ഫില്‍ കൊള്ളുന്നതിനു സമമാകില്ല എന്ന് 1835 ലെ മിനിറ്റ്‌സില്‍ അദ്ദേഹം രേഖപ്പെടുത്തി. 

നിറത്തിലും രക്തത്തിലും ഇന്ത്യാക്കാരായിരിക്കുകയും ആദര്‍ശങ്ങളിലും അഭിപ്രായങ്ങളിലും ബ്രിട്ടീഷുകാരെ അനുകരിക്കുകയും ചെയ്യുന്ന കുറേപ്പേരെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഇന്ത്യക്കാരായ ഗുമസ്തന്മാര്‍ ഓഫീസുകളില്‍ ഇംഗ്ലീഷ് പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം അഭിമാനപൂര്‍വ്വം പരാമര്‍ശിച്ചിട്ടുണ്ട്. ഇതെല്ലാം നോക്കുമ്പോള്‍ മെക്കാളെ പ്രഭു തന്റെ വിവാദമായ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയത് ഭരണത്തില്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ പര്യാപ്തമായ ഒരു കൂട്ടം കറുത്ത സായിപ്പന്മാരെ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമായിരുന്നോ എന്നു സംശയം തോന്നാം. മനസ്സുകൊണ്ട് യൂറോപ്യന്‍ സംസ്‌കാരത്തിനു കീഴ്‌പ്പെട്ട ഒരു ജനതയാണ് ഇന്നും ഇന്ത്യയിലുള്ളത് എന്നു ചിന്തിക്കുമ്പോള്‍ മെക്കാളെയുടെ ഗൂഢോദ്ദേശ്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കപ്പെടും.

ശാസ്ത്രപഠനത്തിനും മറ്റും നീക്കിവെച്ചിരുന്ന തുക പോലും ഇംഗ്ലീഷ് ഭാഷാ പഠനത്തിനു മാത്രമാക്കി മാറ്റിയിട്ടും അക്കാലത്ത് രാജാറാം മോഹന്‍ റോയിയെപ്പോലെയും ഗോപാലകൃഷ്ണ ഗോഖലെയെപ്പോലെയുള്ള പല പ്രമുഖരും ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ അനുകൂലിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്കുള്ള പാസ്‌പോര്‍ട്ടുമായി മാറിയതോടെ വിദ്യാഭ്യാസമെന്നാല്‍ ഇംഗ്ലീഷ് പഠനമെന്നായി. ഇന്നത്തെ അവസ്ഥയും ഇതൊക്കെത്തന്നെയല്ലേയെന്നു ചിന്തിക്കുമ്പോഴാണ് കൗതുകം തോന്നുന്നത്.

മാതൃഭാഷയില്‍ നൂറായിരും ശരികള്‍ പറയാനറിയാവുന്ന ഒരു യഥാര്‍ത്ഥ പണ്ഡിതനും സായിപ്പിന്റെ ഭാഷയില്‍ ബഡായി ഇറക്കാന്‍ മാത്രമറിയാവുന്ന ഒരുവനും തമ്മില്‍ സംഭാഷണമുണ്ടായാല്‍ ആംഗലേയം മൊഴിയുന്നവനെ ആദരവോടെ വണങ്ങുന്ന ഒരു മനസ്സാണ് ഇന്നത്തെ മലയാളിയുടേത്. ആ അടിച്ചമര്‍ത്തപ്പെട്ട മനസ്സാണ് സായിപ്പിന്നു ലക്ഷ്യം വെച്ചത്. സായിപ്പു പോയിട്ട് 65 ആണ്ടുകള്‍ പിന്നിട്ടിട്ടും നാം കേരളിയര്‍ ആ അടിമച്ചങ്ങല മടികൂടാതെ ചുമന്നു കൊണ്ടിരിക്കുന്നു. 

അടിച്ചേല്‍പ്പിക്കപ്പെട്ട ഹിന്ദി

ഇന്ത്യ സ്വാതന്ത്ര്യം നേടിയ സമയത്ത് പ്രമാണിമാരായ ഉത്തരേന്ത്യക്കാര്‍ അഹിന്ദി പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുമേല്‍ നടപ്പാക്കിയതും ഇതേ തന്ത്രം തന്നെയാണ്. ഹിന്ദി എന്ന ഭാഷ അടിച്ചേല്‍പിക്കപ്പെട്ടതോടെ- എവിടെയെല്ലാം അത് അടിച്ചേല്‍പിക്കപ്പെട്ടോ അവിടെയെല്ലാം - സമാനമായ ഒരു അടിമത്തമനോഭാവം രൂപം കൊണ്ടു. ഹിന്ദി എന്ന ഉത്തരേന്ത്യന്‍ ഭാഷയെ സ്വന്തം ഭാഷയ്ക്കു സമമായി കണക്കാക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു ജനതയാണ് കേരളീയര്‍, ഇന്ത്യയുടെ ഭരണചക്രം ഉത്തരേന്ത്യന്‍ ലോബി തിരിക്കുമ്പോഴും അവര്‍ക്കു കീഴില്‍ ഒതുങ്ങി ജീവിക്കാനാണ് ?വിദ്യരെന്നു പേരുകേട്ട കേരള ജനതയ്ക്കു താല്പര്യം. എന്താവാം കാരണം? 

ഇതുതന്നെ, അടിച്ചേല്‍പിക്കപ്പെട്ട ഹിന്ദി എന്ന ഭാഷയുടെ സ്വാധീനം നമ്മില്‍ സൃഷ്ടിച്ച അടിമത്ത മനോഭാവമാണ് ഉത്തരേന്ത്യന്‍ ലോബിയുടെ എന്തു ചെയ്ത്തിനെയും ചോദ്യം ചെയ്യാനുള്ള ശക്തി മലയാളിയ്ക്കു നല്‍കാത്തത്. ഹിന്ദി പഠനത്തിന് അനാവശ്യ പ്രാധാന്യം കൊടുക്കാത്ത തമിഴനോ കന്നടക്കാരനോ ഉത്തരേന്ത്യന്‍ ആധിപത്യം അത്രയൊന്നും വകവെയ്ക്കുന്നില്ലെന്നോര്‍ക്കണം. മാത്രമല്ല ഏതുകാര്യത്തിലും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചെടുക്കാന്‍ അവര്‍ക്കു കഴിയുന്നുമുണ്ട്. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മറ്റൊരു ഇന്ത്യന്‍ ഭാഷ പഠിക്കാനോ പഠിപ്പിക്കാനോ തയ്യാറാവാത്തത് എന്തുകൊണ്ടാണ്? അടിമത്ത മനോഭാവം വളരും എന്നു ഭയന്നിട്ടല്ല- കാരണം അടിച്ചേല്പിക്കപ്പെടാത്ത ഒരു ഭാഷയ്ക്ക് അടിമത്തമനോഭാവം വളര്‍ത്താനാവുകയില്ല- മറിച്ച് ആധിപത്യ മനസ്ഥിതി തകര്‍ന്നെങ്കിലോ എന്നു ഭയന്നാണ്. അധീശത്വം ആരും കൊതിക്കുന്ന കനിയാണ്. അതു കിട്ടാത്തവര്‍ക്കുമാത്രമെ അതിനോടു വിരക്തിയുണ്ടാവുകയുള്ളൂ.

ഇംഗ്ലീഷ് എന്ന മാധ്യമം

ഇന്നത്തെ കേരളീയര്‍ ഇംഗ്ലീഷ് എന്ന മാധ്യമത്തിലൂടെ പഠിച്ച് പുറത്തിറങ്ങുന്നവരാണ്. പഠിച്ചിറങ്ങുന്നതു തന്നെ ഉറച്ച അടിമത്ത മനസ്സോടെയെന്നു സാരം. എവിടെയും കുനിയാത്ത ശിരസ്സല്ല നമുക്കുള്ളത്. നമ്മുടെ സംസ്‌കാരത്തെക്കുറിച്ച്, നമ്മുടെ മഹത്വത്തെക്കുറിച്ച്, ബോധവാന്മാരാകാതെ, എല്ലാം യൂറോപ്യന്മാരുടെ ബുദ്ധി എന്നുറപ്പിച്ച്, കലാലയം വിട്ടിറങ്ങുന്നവരാണ് ഇന്നത്തെ അഭ്യസ്തവിദ്യര്‍. ഇവിടെ സ്വതന്ത്രഭാരതം മുന്നോട്ടു വയ്ക്കുന്ന വിദ്യാഭ്യാസലക്ഷ്യങ്ങളല്ല മറിച്ച് മെക്കാളെ പ്രഭു മുന്നില്‍ കണ്ട ലക്ഷ്യങ്ങളാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്.

ആരെയും ആശ്രയിക്കാതെ, ആര്‍ക്കുമുന്നിലും തലകുനിക്കാതെ ഉയര്‍ന്നു നില്‍ക്കാനുള്ള ശേഷി ഇന്ത്യ എന്ന മഹാരാജ്യത്തിനുണ്ട്. അതിനുള്ള ബൗദ്ധികസമ്പത്തും സ്വന്തമായുണ്ട്. എന്നാല്‍ യൂറോപ്യന്മാരുടെ കക്ഷത്തിലാണ് ആ ബുദ്ധികേന്ദ്രങ്ങള്‍ ഇന്നിരിക്കുന്നത് എന്നുമാത്രം. 

അത്താഴപ്പട്ടിണിക്കാരനായ ഇന്ത്യാക്കാരന് എന്തിനാണ് കമ്പ്യൂട്ടറുകള്‍ എന്ന അമേരിക്കക്കാരന്റെ പരിഹാസമാണ് ആ രംഗത്ത് മുന്നേറാന്‍ ഇന്ത്യയ്ക്കു കരുത്തായത് എന്ന് നമുക്കറിയാം. ഇന്ന് അതേ അമേരിക്കക്കാരന് ഇന്ത്യക്കാരന്റെ കമ്പ്യൂട്ടറുകള്‍ പഥ്യമാണ്. അടിമത്ത മനോഭാവം ഒരു മനുഷ്യനെയും ഒരു രാജ്യത്തെയും വളര്‍ച്ചയിലേയ്ക്കു നയിക്കുകയില്ല. മറിച്ച് തന്റേതായ എല്ലാം നഷ്ടപ്പെടുത്തുവാന്‍ ഈ മനോഭാവം കാരണമാവുക കൂടിചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യ എന്ന മഹാരാജ്യത്തില്‍ നിന്നും ഇംഗ്ലീഷിന്റെ ആധിപത്യം എടുത്തുകളഞ്ഞേ മതിയാവൂ. അഹിന്ദിപ്രദേശങ്ങളിലെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്ന വരേണ്യഭാഷയുടെ കഥയും അതുതന്നെ.

ഇംഗ്ലീഷിനെ പുറം തള്ളുന്നത് ഈ കാലഘട്ടത്തില്‍ മണ്ടത്തരമല്ലേ എന്ന ചോദ്യം വരാം. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് ഉന്നത പരിഗണന നല്‍കിയിരുന്ന റഷ്യ ചൈന ജപ്പാന്‍ ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പോലും ഉംഗ്ലീഷിനെ പരിഗണിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ ഈ ചോദ്യം പ്രസക്തമാണുതാനും. ഒരു പരിധിവരെ മാത്രം.

ഇംഗ്ലീഷ് എന്ന ഭാഷയുടെ പ്രചാരവും അതിലെ ഗ്രന്ഥസമ്പത്തും പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയണം. അതിന് എന്തും ഏതും ആ ഭാഷയിലൂടെ പഠിച്ച് അടിമത്ത മനസ്ഥിതി ഉറപ്പിക്കണമെന്നില്ല. ഒരു ഭാഷ എന്ന നിലയില്‍ അതു പഠിയ്ക്കപ്പെടുക തന്നെ വേണം. ആ ഭാഷയില്‍ സംസാരിക്കാനും എഴുതാനും വായിച്ചു മനസ്സിലാക്കാനും നമുക്കു കഴിയണം. അതിനു പര്യാപ്തമായ രീതിയില്‍ ആ ഭാഷ പഠനത്തെ മാറ്റിയെടുക്കണം. 

ഇവിടെ വായന എഴുത്ത് സംസാരം എന്നെല്ലാം പറഞ്ഞത് സാമാന്യമായ അര്‍ത്ഥത്തിലല്ല. ഇംഗ്ലീഷിലെ ഏതു നിലവാരത്തിലുള്ള ലേഖനങ്ങളും വായിച്ച് ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ രീതിയില്‍ വേണം ആ ഭാഷാപഠനം ആസൂത്രണം ചെയ്യാന്‍. ഇതിലുപരിയായി എന്തും ഏതും ഇംഗ്ലീഷിലെ പഠിപ്പിക്കൂ എന്ന വാശി നാം ഉപേക്ഷിക്കണം. പഠനം സാര്‍ത്ഥകമാകണമെങ്കില്‍ അത് മാതൃഭാഷയിലൂടെയാവണം എന്ന യാഥാര്‍ത്ഥ്യം നാം ഇനിയെങ്കിലും തിരിച്ചറിയണം.

മലയാളത്തെ മലയാളികള്‍ എതിര്‍ക്കുമ്പോള്‍

ഭരണഭാഷ മലയാളമാക്കുന്നതിനെ ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയ നേതൃത്വവും പഠനഭാഷ മലയാളമാക്കുന്നതിനെ കലാലയ അധ്യാപക സമൂഹവും എതിര്‍ക്കുന്ന ഒരു കാഴ്ച കേരളത്തില്‍ നാം കാണുകയുമായി. ഭരണഭാഷയും ബോധനമാധ്യമവും മാതൃഭാഷയായാല്‍ ആര്‍ക്കാണു ഗുണം ആര്‍ക്കാണു ദോഷം എന്നു ചിന്തിച്ചാല്‍ ഈ എതിര്‍പ്പുകളുടെ രഹസ്യം പുറത്തു വരും. 

ഭരണഭാഷ മാതൃഭാഷയായാല്‍ ഭരണം സുതാര്യമാവും. ഭരണകാര്യങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ശക്തമാവും. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തന്നെ ജനങ്ങളെ ഭരിക്കുന്ന വ്യവസ്ഥിതിയില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവേണ്ടതും ഈ പങ്കാളിത്തമാണ്. ജനങ്ങളുടെ ഈ പങ്കാളിത്തം തന്നെ ഉദ്യോഗസ്ഥരുടെ പ്രമാണിത്തം തകര്‍ക്കുന്നതാണ്. തങ്ങള്‍ക്കറിയാത്ത ഭാഷ സംസാരിക്കുന്ന, ആ ഭാഷയില്‍ ഉത്തരവുകളിറക്കുന്ന, നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന, ഉദ്യോഗസ്ഥരെ ഭയന്നും ബഹുമാനിച്ചും അകന്നുനിന്ന ജനം, അവരുടെ കപടമുഖം തിരിച്ചറിയുന്നതോടെ അഴിമതി തുടച്ചു നീക്കപ്പെടും. ഇതില്‍ക്കൂടുതല്‍ എന്തുകാരണം വേണം ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വത്തെ മറിച്ചു ചിന്തിപ്പിക്കുവാന്‍?

ഉന്നത വിദ്യാഭ്യാസരംഗത്തെ അധ്യാപകരുടെ കാര്യം നോക്കാം. മാതൃഭാഷയില്‍ പഠിപ്പിക്കണമെങ്കില്‍ പറയാന്‍ എന്തെങ്കിലും അറിഞ്ഞിരിക്കണം. പറയുന്നതിനെക്കുറിച്ച് ശരിയായ ധാരണ വേണം. ആ മാധ്യമത്തിന്റെ അറിവിന്റെ കൈമാറ്റം മാത്രമല്ല നടക്കുന്നത്. ആ അറിവ് പ്രയോഗക്ഷമമാവുക കൂടിയാണ്. ഇന്നത്തെ കലാലയാധ്യാപകരിലേറെയും ഇംഗ്ലീഷ് ഭാഷാസ്വാധീനം ഉപയോഗിച്ച് കസര്‍ത്തു നടത്തി പിടിച്ചു നില്‍ക്കുന്നവരാണെന്നത് ഒരു കേവല യാഥാര്‍ത്ഥ്യമാണ്. പാഠപുസ്തകത്തിനപ്പുറത്തേയ്ക്ക് ചിന്തയെയോ മനസ്സിനെയോ കൊണ്ടുപോകാന്‍ കഴിയാത്ത ഈ കസര്‍ത്തുകാര്‍ മാതൃഭാഷയിലൂടെയുള്ള പഠനത്തെ എതിര്‍ക്കാതിരുന്നാലല്ലേ അതിശയിക്കേണ്ടതുള്ളൂ.

ഇത്തരത്തില്‍ പലപല സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മലയാളത്തിന് അയിത്തം കല്പിക്കുന്ന വലിയൊരു വിഭാഗം മലയാളികള്‍ നമ്മുടെ ഇടയില്‍ത്തന്നെയുണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇവിടെ പത്താം ക്ലാസ്സ് കഴിഞ്ഞാല്‍പിന്നെ മലയാളം രണ്ടാം ഭാഷയാണ്. തന്റെ വിവാഹത്തിന്റെ പിറ്റേന്നു മുതല്‍ ഒരു മകന്‍ സ്വന്തം അമ്മയെ, രണ്ടാനമ്മേ എന്നഭിസംബോധന ചെയ്തു തുടങ്ങും പോലെ അരോചകമാണത്. 

ലോകത്തൊരു ജനതയും സ്വന്തം ഭാഷയെ രണ്ടാം ഭാഷയെന്ന നിലയില്‍ പഠിക്കുന്നില്ല എന്നറിയുമ്പോഴാണ് നമ്മുടെ ഭാഷാഭിമാനം എത്രത്തോളമുണ്ടെന്നു നാം തിരിച്ചറിയുന്നത്. ഭാഷയാകുന്ന മഹാവൃക്ഷത്തിലാണ് സംസ്‌കാരം കൂടുകെട്ടുന്നതെന്ന വസ്തുത ഓര്‍ക്കാതെ, സ്വഭാഷയെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന നാമോരോരുത്തരും അടിമത്തത്തിന്റെ മറ്റൊരു ദുരന്തകാലത്തെ ക്ഷണിച്ചു വരുത്തിക്കൊണ്ടിരിക്കുകയാണ് എന്നെ പറയേണ്ടൂ.

മാതൃഭൂമി_03.09.2013