2013, ജനുവരി 26, ശനിയാഴ്‌ച

കോടതിഭാഷ ഇംഗ്ലീഷായി തുടരുന്നത് അഴിമതിക്ക് മറയിടാന്‍. -സ്വാമി അഗ്‌നിവേശ്

കോഴിക്കോട്: കോടതിനടപടികള്‍ പ്രാദേശികഭാഷയിലാക്കുന്നതിനെ എതിര്‍ക്കുന്നത് നീതിന്യായരംഗത്തെ അഴിമതി തുടരാനാണെന്ന് സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് പറഞ്ഞു. രാഷ്ട്രീയസംവിധാനത്തെയും ബ്യൂറോക്രസിയെയും പോലെ രാജ്യത്തെ നീതിന്യായവ്യവസ്ഥയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിവിരുദ്ധ കാമ്പയിന്‍കമ്മിറ്റി നടത്തിയ നഗരം അഴിമതിക്കെതിരെ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സി.ബി.ഐ. കോടതിയിലെ ജഡ്ജിക്കെതിരെവരെ അഴിമതി ആരോപണം രാജ്യത്തുണ്ടായി. ഒരു സിറ്റിങ്ങിന് അഞ്ചുലക്ഷം രൂപയാണ് സുപ്രീംകോടതിയിലെ അഭിഭാഷകരില്‍ ചിലര്‍ ഈടാക്കുന്നത്. കേസുകള്‍ നീട്ടിക്കൊണ്ടുപോകുന്നത് ഇവര്‍ക്ക് കൂടുതല്‍ പണം സ്വരൂപിക്കാന്‍ സഹായകമാവും. അതുകൊണ്ടാണ് കേസുകള്‍ അനന്തമായി നീളുന്നത്. പാര്‍ലമെന്റില്‍ ചെറിയ ഭേദഗതി കൊണ്ടുവന്നാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശികഭാഷകള്‍ വ്യവഹാരഭാഷയാക്കാം. നാലു സംസ്ഥാനങ്ങളൊഴികെ എല്ലായിടത്തും ഇംഗ്ലീഷാണ് ഇപ്പോള്‍ കോടതിഭാഷ. ഇത് മാറ്റാന്‍ അഭിഭാഷകര്‍ അനുവദിക്കില്ല. അവരുടെ വരുമാനം കുറയുന്നതിലേക്ക് ഇത് നയിക്കും. പഠനമാധ്യമം ഇംഗ്ലീഷാവുന്നതോടെ പാവങ്ങളും സാധാരണക്കാരും പിന്തള്ളപ്പെടുകയാണ്. ഇത് വിദ്യാഭ്യാസമേഖലയിലും അഴിമതിക്കിടയാക്കുന്നുണ്ട്. 

എല്ലാ രംഗത്തെയും അഴിമതി കണ്ടെത്തി സമരം നടത്താന്‍ പ്രയാസമാണ്. പോയകാലത്തെ സമരങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് വിലയിരുത്തണം. അണ്ണ ഹസാരെയുടെയും കെജ്‌രിവാളിന്റെയും സമരങ്ങള്‍പോലും ഇപ്പോള്‍ എവിടെയുമില്ല. അഴിമതിക്കെതിരായ പോരാട്ടം മദ്യത്തിനെതിരായി വ്യാപിപ്പിക്കണം. ആല്‍ക്കഹോളിസം പ്രോല്‍സാഹിപ്പിക്കുന്നത് സര്‍ക്കാറുകളും രാഷ്ട്രീയപാര്‍ട്ടികളുമാണ്. സര്‍ക്കാറുകള്‍ക്ക് ഏറ്റവുംകൂടുതല്‍ വരുമാനം നല്‍കുന്നത് മദ്യക്കച്ചവടമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൂടുതല്‍ സംഭാവന കിട്ടുന്നത് മദ്യക്കച്ചവടക്കാരില്‍നിന്നാണ്. കേരളംപോലും മദ്യത്തില്‍ മുങ്ങിനില്‍ക്കുകയാണ്. 

ആദിവാസികളും ദളിതരും സ്ത്രീകളും രാജ്യത്ത് ഇപ്പോഴും പാര്‍ശ്വവത്കരിക്കപ്പെട്ടുതന്നെയാണ് ജീവിക്കുന്നത്. ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണം. മിശ്രവിവാഹിതര്‍ക്ക് സര്‍ക്കാര്‍ സംവരണം നല്‍കണം. അഴിമതിക്കെതിരെ സാമൂഹികമാറ്റത്തിനുവേണ്ടി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണം. എന്നാല്‍, സമരങ്ങള്‍ മാവോയിസ്റ്റ് രീതിയിലേക്ക് നീങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. 

അഡ്വ. കെ. ആനന്ദകനകം അധ്യക്ഷതവഹിച്ചു. അഡ്വ. പി. കുമാരന്‍കുട്ടി, എ. വാസു, പി. വാസു, കെ.എസ്. ഹരിഹരന്‍, പി.ടി. ജോണ്‍, പി. കോയ തുടങ്ങിയവര്‍ സംസാരിച്ചു. 

മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.