മാതൃഭാഷയെ സ്നേഹിയ്ക്കുക, മലയാള ഐക്യവേദിയില്‍ അണിചേരുക
നമ്മുടെ മാതൃഭാഷ മലയാളമാണല്ലോ. മാതൃഭാഷയെന്ന നിലയില്‍ ലോകത്തില്‍ ഇരുപത്തിയാറാമത്തെ സ്ഥാനമാണ് മലയാളത്തിനുള്ളത്. യൂറോപ്പിലെ പല ഭാഷകളെക്കാളും അധികമാണ് മാതൃഭാഷയെന്ന നിലയില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം. എല്ലാ ജനതയും അവരുടെ മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനക്കുകയും അതി പുരോഗതിക്ക് ശ്രമിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ നാം മലയാളികള്‍ ഏറ്റവും പിന്നിലാണ്. നമ്മുടെ പൊതുജീവിതത്തില്‍ നാം മലയാളത്തിന് വേണ്ട സ്ഥാനം കൊടുക്കുന്നില്ല. മലയാളം മാധ്യമമായ വിദ്യാലയങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ നിലയില്‍ പോകുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനമാധ്യമമെന്ന നിലയില്‍ മലയാളം പൂര്‍ണമായും തുടച്ചു നീക്കപ്പെടും. മാതൃഭാഷ വിദ്യാഭ്യാസരംഗത്ത് അവഗണിക്കപ്പെടുന്നതിന് കാരണമായി പറയാറുള്ളത് അതില്‍ പഠിക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കുകയില്ല എന്നാണ്. കേരളത്തില്‍ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇവിടെത്തന്നെയാണ് തൊഴില്‍ ചെയ്യുന്നത് എന്ന കാര്യം ഇതു പറയുമ്പോള്‍ നാം ഓര്‍ക്കാറില്ല. പുറത്ത് അനേകം രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത് ഇംഗ്ളീഷല്ല, അവിടത്തെ മാതൃഭാഷയാണ്. മലയാളമാധ്യമത്തില്‍ പഠിക്കുന്നവര്‍ക്കും ഇംഗ്ളീഷ് പഠനം മെച്ചപ്പെടുത്തിയാല്‍ അന്യനാടുകളിലുള്ള ഉപയോഗത്തിന് അത് മതിയാകുകയും ചെയ്യും. അന്യനാട്ടില്‍ പോകുന്നവരുടെ കാര്യമിരിക്കട്ടെ. സ്വന്തം നാട്ടില്‍ത്തന്നെ മലയാളം അവഗണിക്കപ്പെടുന്നതിന് എന്തു ന്യായീകരണമാണുള്ളത്?മാതൃഭാഷ പൊതുജീവിതത്തില്‍ ഉപയോഗിക്കാനും മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ജനങ്ങളെ മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയിക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യവ്യവസ്ഥയില്‍ അധികാരികള്‍ക്കുമുണ്ട്. 1969 മുതല്‍ നമ്മുടെ ഭരണഭാഷ മലയാളമാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചത് ഏറെ ശ്രമങ്ങള്‍ക്കു ശേഷമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരജികള്‍ മലയാളത്തിലാണ് നല്‍കേണ്ടത് എന്നും ഫയലുകള്‍ മലയാളത്തിലാണ് എഴുതേണ്ടത് എന്നും നിയമമുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മലയാളത്തിലാണ് എഴുതേണ്ടത് എന്നാണ് നിയമം. കോടതിനടപടികള്‍ക്കും വിധിപ്രസ്താവത്തിനും മലയാളം ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇന്നും നാം ഓഫീസുകളില്‍ മലയാളം ഉപയോഗിക്കാന്‍ തയ്യാറാവുന്നില്ല. കോടതികളുടെ കാര്യവും അതുതന്നെ. ഇതൊക്കെ പാലിക്കപ്പെടണമെങ്കില്‍പൊതുജീവിതത്തില്‍ നമ്മളും മലയാളം നിലനിര്‍ത്തേണ്ടതുണ്ട്. കടകളുടെ പേരുകള്‍ പോലും മലയാളത്തിലെഴുതുന്നതിന് നാം മടിക്കുകയാണ്. മലയാളി മലയാളിക്ക് നല്‍കുന്ന കല്യാണക്കത്തുകള്‍ ഇംഗ്ളീഷില്‍ മാത്രം അച്ചടിക്കുന്നതിന് പിന്നിലുള്ളത് ഭാഷയെക്കുറിച്ചുള്ള അഭിമാനക്കുറവ് മാത്രമാണ്. ഇതെല്ലാം ചെയ്യുന്ന നമ്മുടെ പ്രതിനിധികള്‍ തന്നെയാണല്ലോ ഉദ്യോഗസ്ഥരായും അധികാരികളായും വരുന്നത്. എല്ലാ ആധുനിക ജനാധിപത്യസമൂഹങ്ങളും ഒരു സമൂഹമായി തങ്ങളെ തിരിച്ചറിയുന്നത് മാതൃഭാഷയെ മുന്‍നിര്‍ത്തിയാണ്. മലയാളഭാഷ ഇല്ലാതാകുമ്പോള്‍ ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പാണ് ഇല്ലാതാകുന്നത്. മാതൃഭാഷയ്ക്കു വേണ്ടിയുള്ള വാദം മറ്റു ഭാഷകള്‍ക്കെതിരല്ല. മറ്റു നാടുകളില്‍ നിന്ന് വരുന്നവര്‍ കേരളത്തില്‍ ജോലി ചെയ്യുന്നതിനും വ്യക്തികളെന്ന നിലയില്‍ ഉദ്യോഗ-ഭരണതലത്തില്‍ പ്രവേശിക്കുന്നതിനും അത് എതിരാവുന്നില്ല. എല്ലാ ജനതയും പരസ്പരം ഇടകലരുക എന്നത് സ്വാഭാവികവും അനിവാര്യവുമായ ജനാധിപത്യ പ്രക്രിയയാണ്. ഒരു നാട്ടില്‍ ജീവിക്കേണ്ടത് അവിടെ ജനിച്ചവര്‍ മാത്രമായിരിക്കണം എന്ന സങ്കുചിതമായ മണ്ണിണ്റ്റെ മക്കള്‍ വാദമല്ല, ഭരണത്തിലും പൊതുജീവിതത്തിലും മാതൃഭാഷ ഉപയോഗിക്കുക എന്നത് ഒരു ജനതയുടെ അവകാശമാണ് എന്ന വിശാലമായ ആധുനിക ജനാധിപത്യസങ്കല്‍പമാണ് മാതൃഭാഷയ്ക്കു വേണ്ടി നിലക്കൊള്ളുന്നവരെ നയിക്കേണ്ടത്. അന്യനാടുകളില്‍ എത്തിച്ചേരുന്ന മലയാളികളും അവിടത്തെ ജനതയെയും അവിടത്തെ മാതൃഭാഷയെയും ബഹുമാനിക്കാന്‍ ബാധ്യസ്ഥരാണ്. കേരളത്തിനകത്തുതന്നെ ഭാഷാന്യൂനപക്ഷങ്ങളെയും ആദിവാസികളെയും അവരുടെ ഭാഷകളെയും നാം ബഹുമാനിക്കേണ്ടതുണ്ട്. മലയാളത്തിനു വേണ്ടി വാദിക്കുന്നത് എല്ലാ ജനതകളുടെയും മാതൃഭാഷകളെ ബഹുമാനിക്കുന്നതിണ്റ്റെ ഭാഗമാണ്.മലയാളം നേരിടുന്ന അവഗണന തിരിച്ചറിഞ്ഞ് മാതൃഭാഷയുടെ പ്രാധാന്യം ഉറപ്പിക്കാനാണ് മലയാള ഐക്യവേദി എന്ന പേരില്‍ ഒരു കൂട്ടായ്മ സംസ്ഥാനത്താകമാനം പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും എഴുത്തുകാരും സമൂഹത്തില്‍ എല്ലാ തരത്തിലുമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ആളുകളുടെ വിശാലമായ ഒരു കൂട്ടായ്മയാണിത്. സ്നേഹത്തിലും സൌഹൃദത്തിലും ജനാധിപത്യബോധത്തിലും ഊന്നുന്ന ഒരു സമൂഹം നിലനില്‍ക്കണമെങ്കില്‍ മാതൃഭാഷ നിലനില്‍ക്കേണ്ടതുണ്ട് എന്ന ബോധമാണ് ഈ കൂട്ടായ്മയെ ബന്ധിപ്പിക്കുന്നത്. രാഷ്ട്രീയ-മത-ജാതി പരിഗണനകള്‍ക്കതീതമായി നില്‍ക്കുന്ന ഈ കൂട്ടായ്മയിലേക്ക് എല്ലാ ഭാഷാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു. ഓരോ പ്രദേശത്തും നമുക്ക് ഇത്തരം കൂട്ടായ്മകള്‍ പടുത്തുയര്‍ത്താം.
സ്നേഹപൂര്‍വം( ഒപ്പ് )
ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, പ്രസിഡന്‍റ്റ്
കെ.എം.ഭരതന്‍, ജന. സെക്രട്ടറി
പി. പവിത്രന്‍, കണ്‍വീനര്‍
സജീവചര്‍ച്ച ആവശ്യമായ ഒരു വിഷയമാണ് ഐക്യവേദി അവതരിപ്പിച്ചിട്ടുള്ളത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
മറുപടിഇല്ലാതാക്കൂകോഴിക്കൊട് ദേവഗിരി കോളെജ്,ഗുരുവായൂരപ്പന്‍ കോളെജ്,ഫാറൂക്ക് കോളെജ് എന്നിവിടങ്ങ്ളില്‍ ബി.കോമിന്ന് രണ്ടൊം ഭാഷയായി മലയാളം അനുവദിക്കാത്ത പ്രശ്നത്തില്‍ വേദി ഉടനടി ഇടപെടണം.
മറുപടിഇല്ലാതാക്കൂ