2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ മലയാളത്തിലും പേരെഴുതും - മന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ എസ്.എസ്. എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ഥിയുടെ പേര് മലയാളത്തിലും രേഖപ്പെടുത്തുമെന്ന് മന്ത്രി പി. കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ മലയാളത്തിലും വിദ്യാര്‍ഥിയുടെ പേരെഴുതിയിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷമാണ് അതുനിര്‍ത്തലാക്കിയത്. സ്‌കൂളില്‍ നിന്നും മറ്റുവിവരങ്ങളെല്ലാം അപ് ലോഡ് ചെയ്യുകയാണെന്നും പിന്നീട് മലയാളം പേര് മാത്രം ചേര്‍ക്കുമ്പോള്‍ തെറ്റ് കൂടുതലായി കടന്നുകൂടുന്നുവെന്നും കാണിച്ചാണ് ഈ രീതി ഒഴിവാക്കിയത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നു. പഴയ രീതി തുടര്‍ന്ന് 2012 മുതല്‍ വിദ്യാര്‍ഥിയുടെ പേര് മലയാളത്തിലും എഴുതും - മന്ത്രി പറഞ്ഞു.

ഡോ. എന്‍.ജയരാജാണ് സബ്മിഷനിലൂടെ ഇക്കാര്യം ഉന്നയിച്ചത്. മലയാളം ക്ലാസിക്കല്‍ ഭാഷയാക്കാനും മലയാള സര്‍വകലാശാല സ്ഥാപിക്കാനും സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ മാതൃഭാഷയില്‍ പേര് ചേര്‍ക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.