2015 ഫെബ്രുവരി 22, ഞായറാഴ്‌ച

കോടതിഭാഷ മലയാളമാക്കണം -സമദാനി

മലപ്പുറം: കോടതിനടപടികളും ഭരണനിര്‍വഹണവും ജനങ്ങളുടെ ഭാഷയിലായാലേ ജനാധിപത്യം പൂര്‍ണമാവൂവെന്ന് എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ പറഞ്ഞു.
മാതൃഭാഷാദിനത്തില്‍ മലയാള ഐക്യവേദി മലപ്പുറത്തുസംഘടിപ്പിച്ച മാതൃഭാഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടുചോദിക്കുന്ന ഭാഷയില്‍തന്നെ ഭരണം നിര്‍വഹിക്കേണ്ടത് ജനാധിപത്യത്തിന്റെ പൂര്‍ണതയ്ക്ക് ആവശ്യമാണെന്നും സമദാനി അഭിപ്രായപ്പെട്ടു.
അസമില്‍നിന്നുവന്ന് മലയാളംമാധ്യമ വിദ്യാലയത്തില്‍ പഠിക്കുന്ന പാലൂര്‍ എ.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിനി ഹിമാദ്രി മാജി ഭാഷാവകാശപ്രഖ്യാപനം നടത്തി. ഡോ. കെ.എം. അനില്‍ അധ്യക്ഷതവഹിച്ചു. കെ.പി. രാമനുണ്ണി, മണമ്പൂര്‍ രാജന്‍ബാബു, പി. ഗീത, ഗിരിജ പാതായ്ക്കര, പദ്മനാഭന്‍, ഉണ്ണി ആമപ്പാറയ്ക്കല്‍, എല്‍. സുഷമ, പി. സുരേഷ്, ജമീലബീവി, എന്‍.വി. രണ്‍ജിത്ത്, സി.ടി. സ്വലാഹുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2015 ഫെബ്രുവരി 21, ശനിയാഴ്‌ച

മാതൃഭാഷാവധം- കെ.പി. രാമനുണ്ണി

ഇന്ന് ലോക മാതൃഭാഷാദിനം

നാട്ടിലെ ജനങ്ങള്ക്ക് മാതൃഭാഷാ വ്യവഹാരം നിഷേധിക്കുന്നത് എല്ലാ തരത്തിലും ആളെപ്പിടിച്ച്
കൊല്ലുന്നതിന് തുല്യമാണെന്നാണ് പഞ്ചാബി മാതൃഭാഷാപ്രസ്ഥാനമായ ഭാഷാ ചേതനാ
മഞ്ചിന്റെ നായകന് ജോഗാസിങ് വിലയിരുത്തിയത്

'മലയാളം ഒന്നാം ഭാഷയാക്കുന്നതും പഠന ഭാഷയാക്കുന്നതും വ്യവഹാര ഭാഷയാക്കുന്നതും ഇനി മലയാളികളുടെ മാത്രം പ്രശ്‌നമായിരിക്കില്ല. മാതൃഭാഷാപ്പോരാളികളായ പഞ്ചാബികളുടെ കൂടി പ്രശ്‌നമായിരിക്കും. ഏതെങ്കിലും രാജ്യത്ത് ഭരണകൂടം ആളുകളെ പിടിച്ച് കൊല്ലുന്നുണ്ടെങ്കില് ലോകത്തെ മനുഷ്യാവകാശപ്രവര്ത്തകരെല്ലാം ചാടി വീണ് ഇടപെടുകയില്ലേ? അതേപോലെ ഗൗരവമേറിയ പ്രശ്‌നമാണ് ഒരു നാട്ടില് നാട്ടുകാര്ക്ക് മാതൃഭാഷയിലൂടെയുള്ള പഠനമോ മറ്റ് വ്യവഹാരങ്ങളോ നിഷേധിക്കുന്നത്.'
ഈ വര്ഷത്തെ തുഞ്ചന് ഉത്സവത്തിലെ ദേശീയ സെമിനാറില് സാങ്കേതികതയുടെ ആധിപത്യം ഭാഷയിലും സംസ്‌കാരത്തിലും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കാനെത്തിയെ ജോഗാസിങ്ങിന്റെ വാക്കുകളാണിവ. മാതൃഭാഷാ ഭ്രാന്തനായ ഏതോ സര്ദാര്ജിയുടെ വീണ്വാക്കുകളായി ഇതിനെ ഒരിക്കലും കണക്കിലെടുത്തുകൂടാ. കാരണം ജോഗാസിങ് പഞ്ചാബി മാതൃഭാഷാപ്രസ്ഥാനമായ ഭാഷാ ചേതനാമഞ്ചിന്റെ നായകന് മാത്രമല്ല. പട്ട്യാല സര്വകലാശാലയിലെ ലിംഗ്വിസ്റ്റിക്‌സ് പ്രൊഫസറാണ്. പഞ്ചാബി സാഹിത്യ അക്കാദമിയുടെയും കേന്ദ്രീയ ലേഖക് സഭയുടെയും ഉപദേശകസമിതി അംഗമാണ്. പഞ്ചാബി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും യു.ജി.സി. നെറ്റ് എക്‌സാമിനേഴ്‌സ് പാനല് മെമ്പറുമാണ്. ധാരാളം ദേശീയ, അന്തര്‌ദേശീയ സെമിനാറുകളില് പ്രബന്ധങ്ങള് അവതരിപ്പിക്കാന് ക്ഷണിക്കപ്പെടുന്ന പണ്ഡിതനാണ്.
ലോകവ്യാപകമായി നടത്തിയ പഠനനിരീക്ഷണങ്ങളുടെ ഉള്ബലത്തോടുകൂടിയാണ് നാട്ടിലെ ജനങ്ങള്ക്ക് മാതൃഭാഷാ വ്യവഹാരം നിഷേധിക്കുന്നത്, എല്ലാ തരത്തിലും ആളെപ്പിടിച്ച് കൊല്ലുന്നതിന് തുല്യമാണെന്ന് ജോഗാസിങ് വിലയിരുത്തിയത്. എന്തെല്ലാമാണ് അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ വീക്ഷണങ്ങളും വാദഗതികളുമെന്ന് പരിശോധിക്കാം.
ഇംഗ്ലീഷാണ് വര്ത്തമാനകാലത്തിന്റെ ഭാഷയെന്നും ഇംഗ്ലീഷിലൂടെ മാത്രമേ പുതുവിജ്ഞാനവും പുരോഗതിയും നേടാന് സാധിക്കൂ എന്നുമുള്ള ധാരണ ഒരു പോസ്റ്റ് കൊളോണിയല് കള്ളമിത്താണെന്ന് അദ്ദേഹം പറയുന്നു. എന്തെന്നാല് ശാസ്ത്രഗണിത പഠനങ്ങളില് ഏറ്റവും മികച്ച പത്തു രാജ്യങ്ങളില് ഒമ്പതെണ്ണത്തിലും പഠനമാധ്യമം ഇംഗ്ലീഷല്ല, തദ്ദേശീയ ഭാഷകളാണ്. ഏഷ്യയിലെ അത്യുന്നത നിലവാരമുള്ള 50 യൂണിവേഴ്‌സിറ്റികളുടെ കണക്കെടുക്കുകയാണെങ്കില് അതില് വളരെ കുറച്ച് എണ്ണത്തില് മാത്രമേ ഇംഗ്ലീഷ് പഠനമാധ്യമമായി നിലനില്ക്കുന്നുള്ളൂ. ഇന്ത്യക്കാര്ക്ക് ഇംഗ്ലീഷേ അറിഞ്ഞുകൂടാതിരുന്ന പതിനേഴാം നൂറ്റാണ്ടില് ലോക വാണിജ്യത്തിലെ ഭാരതീയവിഹിതം 22 ശതമാനമായിരുന്നപ്പോള് ബ്രിട്ടീഷ് അധിപത്യത്തിനും ആംഗലപ്രചാരണത്തിനും ശേഷം അത് കുറഞ്ഞ് കുറഞ്ഞ് 1.5 ശതമാനത്തിലാണ് എത്തി നില്ക്കുന്നത്. മാതൃഭാഷയിലൂടെയുള്ള ബോധനത്തിന്റെ ഗുണഗണങ്ങള് തിരിച്ചറിഞ്ഞ് കൂടുതല്ക്കൂടുതല് രാജ്യങ്ങള് തങ്ങളുടെ സ്വന്തം ഭാഷകളിലേക്ക് ഉന്നതവിദ്യാഭ്യാസമടക്കം മടക്കിയെടുക്കുയാണ്. ഫിലിപ്പീന്‌സില് അവരുടെ മാതൃഭാഷയായ ടാഗലോഗില് പഠിക്കുന്ന കുട്ടികളാണ് മറ്റുള്ളവരെ അപേക്ഷിച്ച് മുന്പന്തിയില് നില്ക്കുന്നത്. സ്വീഡനിലേക്ക് കുടിയേറിപ്പാര്ത്ത ഫിന്‌ലന്ഡുകാരുടെ മക്കളില് സ്വന്തം ഭാഷയായ ഫിന്നിഷ് അറിയുന്നവര്ക്ക് മാത്തമാറ്റിക്കല് സ്‌കില് പോലും കൂടുതലാണുള്ളത്. റഷ്യക്കാരും ജര്മന്കാരും ഫ്രഞ്ചുകാരും ചൈനക്കാരും ജപ്പാന്കാരും കൊറിയക്കാരും ഇംഗ്ലീഷ് ഭാഷയെ തൊട്ടുതീണ്ടാതെയാണല്ലോ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളില് നോബേല് സമ്മാനം വരെ നേടുന്നത്.
ഇംഗ്ലീഷിന്റെ കേദാരമായ അമേരിക്കയിലും കാനഡയിലും ന്യൂസീലന്‍ഡിലും നോണ്ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള് വര്ധിച്ചുകൊണ്ടിരിക്കുന്നു. ചൈനീസ് മീഡിയം സ്‌കൂളുകളുടെയും ചൈനീസ് പഠിക്കുന്നവരുടെയും പെരുപ്പം രണ്ടായിരാമാണ്ടിനെ അപേക്ഷിച്ച് അമേരിക്കയിലിന്ന് പത്തിരട്ടിയാണ്. ഇംഗ്ലീഷ് ആധിപത്യ രാജ്യങ്ങളിലെല്ലാം ഭാഷാന്യൂനപക്ഷങ്ങള് ഇംഗ്ലീഷിനെ വെടിഞ്ഞ് തങ്ങളുടെ മാതൃഭാഷകളിലേക്ക് എത്തുന്ന കാഴ്ച അദ്ഭുതകരമാണ്. ലോകവ്യാപകമായിത്തന്നെ എല്ലാ തുറകളിലും ഇംഗ്ലീഷിന്റെ ഉപയോഗവും മാന്യതയും കുറഞ്ഞുകൊണ്ടിരിക്കുന്നു. രണ്ടായിരാമാണ്ടില് ഇന്റര്‌നെറ്റിലെ 80 ശതമാനം ഉള്ളടക്കവും ആംഗലത്തിലായിരുന്നെങ്കില് ഇപ്പോള് അത് നാല്പത് ശതമാനത്തിന് കീഴേക്ക് പോയിരിക്കുന്നു. ബഹുഭാഷോന്മുഖമായ പ്രവണത ലോകമൊട്ടാകെ കാറ്റു പിടിക്കുന്നതിനാല് ഇംഗ്ലീഷില് മാത്രം പത്രാസടിക്കുന്ന മാതൃഭാഷാ അജ്ഞര്ക്ക് പല കമ്പനികളും ജോലി നിഷേധിക്കുന്നുണ്ട്. പ്രശസ്ത ഇംഗ്ലീഷ് മാഗസിനായ ഇക്കണോമിക്സ്റ്റിന്റെ അഭിപ്രായത്തില് ഇംഗ്ലീഷല്ലാതെ മറ്റൊന്നും വശമില്ലെന്ന ഒറ്റക്കാരണത്താല് ബ്രിട്ടീഷുകാര്ക്ക് പല മണ്ഡലങ്ങളിലും വമ്പിച്ച നഷ്ടവും തിരിച്ചടിയും നേരിടുന്നു. മൈക്രോസോഫ്റ്റിന്റെ കണക്കനുസരിച്ച് ഇന്ത്യന് കൊമേഴ്‌സിന്റെ 95 ശതമാനവും ഇന്ത്യന് ഭാഷകളിലൂടെ നടക്കുമ്പോള് ആംഗലത്തിലൂടെയുള്ള കച്ചവടം വെറും അഞ്ച് ശതമാനമാണ്.
മാതൃഭാഷാമാധ്യമം അന്യഭാഷാമാധ്യമത്തെ പഠനത്തിന്റെ സര്വതലങ്ങളിലും കടത്തിവെട്ടുന്നതിന് വസ്തുനിഷ്ഠമായ കാരണങ്ങളുണ്ട്. ഒന്നാമതായി മത്സ്യത്തെ ചെളിയില് ഇഴയ്ക്കുന്നതിന് പകരം വെള്ളത്തില് നീന്താന് വിടുന്നതിന്റെ ജനിതക ആനുകൂല്യം തന്നെ. രണ്ടാമതായി തെറ്റ് പറ്റുമോ എന്ന ഭയമില്ലാതെ കുട്ടികള്ക്ക് സ്വയം ആവിഷ്‌കരിക്കാന് സാധിക്കുന്നു. മൂന്നാമതായി മാതൃഭാഷ ഒന്നാം ഭാഷയായ മള്ട്ടിലിന്ഗ്വല് എജുക്കേഷനില് (MLE) അധ്യാപക വിദ്യാര്ഥി വിനിമയം സുഗമമാകുന്നു. സര്വോപരി മാതൃഭാഷ വിദ്യാര്ഥികളെ സമൂഹത്തില് വേരുള്ളവരാക്കി ഉറപ്പിക്കുന്നു.
മാതൃഭാഷയല്ല കുട്ടികളുടെ പഠനമാധ്യമമെങ്കില് അവരുടെ സമയത്തിന്റെയും ഊര്ജത്തിന്റെയും ഭൂരിഭാഗവും അന്യഭാഷയുമായി ഗുസ്തി പിടിക്കാനാണ് വിനിയോഗിക്കേണ്ടി വരിക. അതിനിടയില് പഠനവിഷയം പറ്റേ ചോര്ന്ന് പോകുകയും ചെയ്യും. മാതൃഭാഷാ മാധ്യമം ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പഠനത്തിന് മാത്രമല്ല, അന്യഭാഷാ പഠനത്തിന് കൂടി അത്യന്തം ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തലുകള്. അങ്ങനെ നോക്കുമ്പോള് ഇംഗ്ലീഷില് പോലും പ്രാഗല്ഭ്യമുണ്ടാകാന് മാതൃഭാഷാ മാധ്യമത്തിലാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് വരുന്നു. (കേരളം മുഴുക്കെ മലയാളം മീഡിയമായിരുന്ന കാലത്തെ പഴയ എസ്.എസ്.എല്.സി.ക്കാര് ആംഗലം വെറും ഒരു വിഷയമായി പഠിച്ചാണ് മറ്റ് സംസ്ഥാനങ്ങളില് ഇംഗ്ലീഷ് അധ്യാപകരായി പോയിരുന്നതെന്ന് ഓര്ക്കുക. ഇന്നാണെങ്കില് മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ പത്താം തരക്കാര്ക്കും ഇംഗ്ലീഷോ മലയാളമോ മര്യാദയ്ക്കറിയാത്ത അവസ്ഥയാണുള്ളത്. കനത്ത ഫീസ് വാങ്ങുന്ന പബ്ലിക് സ്‌കൂളുകളിലെ കുട്ടികള്ക്ക് നല്ല ആക്‌സന്റുണ്ടാകുമെന്നല്ലാതെ ഷേക്‌സ്​പിയറോ ജെയിംസ് ജോയ്‌സോ വായിച്ചാല് തിരിയില്ല.)
ഇംഗ്ലീഷ് പോലൊരു അന്യഭാഷ പഠിക്കാന് ആ ഭാഷ പഠനമാധ്യമമാക്കുകയാണ് വേണ്ടതെന്ന സങ്കല്പ്പം ഏറ്റവും വലിയ വങ്കത്തരമാണ്. അതേപോലെ തന്നെ അര്ഥശൂന്യമാണ് പുതിയൊരു ഭാഷ പഠിക്കാന് ചെറുപ്പത്തിലേ അതിന്റെ പഠനം തുടങ്ങണമെന്നതും മാതൃഭാഷാപഠനം മറ്റ് ഭാഷാപഠനങ്ങള്ക്ക് വിഘ്‌നം സൃഷ്ടിക്കുമെന്നതും. സത്യം നേരേ മറിച്ചാണ്. മാതൃഭാഷാ വൈദഗ്ധ്യം അന്യഭാഷകള് പരിശീലിക്കുന്നതിന് ഗംഭീരന് മസ്തിഷ്‌ക ഉപകരണങ്ങളാണ് കുട്ടികള്ക്ക് നല്കുന്നത്. മാതൃഭാഷാ ജ്ഞാനത്തിലൂടെ അവര് ഭാഷയുടെ പ്രതീകാത്മക ചിഹ്നങ്ങളും സങ്കല്പനസൂത്രങ്ങളും വേഗത്തില് ആര്ജിക്കുന്നു. സ്വതന്ത്രമായ വിനിമയത്തിന് പ്രാപ്തരാകുന്നു. പാലു കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുംപോലെ വ്യാകരണനിയമങ്ങള് സ്വാഭാവികമായി സ്വായത്തമാക്കുന്നു.
കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ രാജ്യത്തൊട്ടാകെ സുബോധമുള്ളവര് കലഹിച്ച പോലെ കേരളത്തിലെ മാതൃഭാഷാ അവഗണനയ്‌ക്കെതിരെ തമിഴനും കര്ണാടകയിലെ മാതൃഭാഷാ അവഗണനയ്‌ക്കെതിരെ ഹിന്ദിക്കാരനുമെല്ലാം സമരം ചെയ്യേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്.
ഐക്യമലയാളപ്രസ്ഥാനം നിരന്തരം നടത്തിയ സമരങ്ങള്ക്ക് ശേഷവും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്ബന്ധ ഒന്നാം ഭാഷയാക്കുന്നതിന്റെയും കോടതി ഭാഷ മലയാളമാക്കുന്നതിന്റെയും മറ്റും കാര്യങ്ങള് അവതാളത്തിലാണല്ലോ. സമഗ്ര മലയാളഭാഷാ ബില്‍ പാസാക്കിക്കൊള്ളാമെന്ന വാഗ്ദാനത്തിന്റെ പേരില് 2013 മാര്ച്ച് മാസത്തില് പ്രസ്ഥാനം നടത്തിയ നിരാഹാരസമരം പിന്വലിച്ചെങ്കിലും പിന്നെയും ഏഴോളം അസംബ്ലികള് കോലാഹലപ്പെട്ട് പിരിഞ്ഞു കഴിഞ്ഞു. ക്ഷമകെട്ട്, അപമാനിതരായ ഐക്യമലയാളപ്രവര്ത്തകര് ഫിബ്രവരി 21 മുതല് വിപുലമായ സമരപരിപാടികള് അവിഷ്‌കരിച്ചിട്ടുണ്ട്. മാര്ച്ച് 24ാ തിയ്യതി തലസ്ഥാനനഗരിയില് ഭാഷാസ്‌നേഹികളുടെ ഒരു ദിവസത്തെ സൂചനാ സത്യാഗ്രഹം മാര്ച്ച് 30, 31 തിയ്യതികളില് ഹൈക്കോടതിയില് നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള വാഹനപ്രചാരണജാഥ ഏപ്രില് എട്ടാം തിയ്യതി മുതല് ഭാഷാപ്രവര്ത്തകരുടെയും എഴുത്തുകാരുടെയും അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം ഏപ്രില് എട്ടാം തിയ്യതിയായിട്ടും സമഗ്ര ഭാഷാ ബില്‍ കേരളസര്ക്കാര് പാസാക്കിയില്ലെങ്കില് തലേക്കെട്ട് കെട്ടിയൊരു സര്ദാര്ജി സെക്രട്ടേറിയറ്റ് നടയ്ക്കല് മലയാള സംരക്ഷണത്തിനായി നിരാഹാരം കിടക്കുന്ന ചേതോഹരമായ കാഴ്ച നമുക്കെല്ലാം കാണാം.

നല്ല മലയാളം പാഠപുസ്‌തകം നമുക്കുണ്ടോ? എം. ഷാജര്‍ഖാന്‍

ഏതൊരു വേദവുമേതൊരു ശാസ്‌ത്രവുമേതൊരു
കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍
സ്വഭാഷ തന്‍ വക്‌ത്രത്തില്‍നിന്നു താന്‍ കേള്‍ക്കവേണം.
മഹാകവി വള്ളത്തോളിന്റെ ഈ വരികളില്‍നിന്നു മാതൃഭാഷയുടെ ജീവല്‍ പ്രാധാന്യമെന്താണെന്നു വ്യക്‌തമാകും ഏതൊരാള്‍ക്കും. ചിന്തയുടെ മാധ്യമം ഭാഷയാണ്‌, വിദ്യാഭ്യാസത്തിന്റെ മാധ്യമവും ഭാഷ തന്നെ. അതില്‍ മാതൃഭാഷയുടെ സ്‌ഥാനമെന്തെന്ന്‌ കവി ഉദ്‌ഘോഷിക്കുന്നു. എന്തൊക്കെയാണു മലയാളഭാഷയെ സ്‌നേഹിക്കുന്നവര്‍ കാണുന്ന സ്വപ്‌നങ്ങള്‍?
മലയാളം കേരളത്തിലെ സര്‍വവിദ്യാലയങ്ങളിലും ഒന്നാം ഭാഷയാകണം. സ്‌കൂള്‍ ക്ലാസുകളില്‍ എല്ലായിടങ്ങളിലും പഠനമാധ്യമം മലയാളമായിരിക്കണം. ഔദ്യോഗികഭാഷയും കോടതിഭാഷയും മലയാളത്തിലായിരിക്കുകയും വേണം. സര്‍വയിടങ്ങളിലും സോദരര്‍ നല്ല മലയാളം പറയുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതു കാണുക: തികച്ചും ന്യായമായ സ്വപ്‌നങ്ങള്‍. സംസ്‌ഥാനംഭരിച്ച എല്ലാ സര്‍ക്കാരുകളും മലയാളഭാഷയുടെ വികാസത്തിനു വേണ്ടി നിലകൊള്ളുന്നുണ്ട്‌ അഥവാ അങ്ങനെ ഭാവിക്കുന്നുണ്ട്‌.
എല്ലായിടത്തും മലയാളഭാഷയുടെ സാന്നിധ്യം ശക്‌തവുമാണ്‌. എന്നിട്ടുമെന്തേ മലയാളഭാഷ വിടരുന്നില്ല, പുഷ്‌പിക്കുന്നില്ല, വികസിക്കുന്നില്ലായെന്നൊക്കെയുള്ള തോന്നല്‍ പ്രകടമായി നില്‍ക്കുന്നു? മലയാളഭാഷയുടെ വികാസം ലക്ഷ്യംവച്ച്‌ എണ്ണമറ്റ കമ്മിഷനുകളും അവയുടെ റിപ്പോര്‍ട്ടുകളും അവയെ അടിസ്‌ഥാനപ്പെടുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ അനേകം ഉത്തരവുകളുമുണ്ട്‌. എന്നിട്ടും, നല്ല മലയാളം പറയുന്നവരുടെ എണ്ണം കൂടുകയല്ല കുറയുകയാണ്‌ ചെയ്യുന്നത്‌. ടെലിവിഷന്‍ അവതാരകര്‍ മാത്രമല്ല, അധ്യാപകര്‍പോലും മലയാളഭാഷാ പ്രയോഗങ്ങളില്‍ ഗുരുതരമായ തെറ്റുവരുത്തുന്നുണ്ട്‌. സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ മലയാളഭാഷാ നൈപുണി പരിശോധിച്ചാല്‍ ശോചനീയമായ സ്‌ഥിതി വ്യക്‌തമാവും.
അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട പ്രഥം എന്ന ഏജന്‍സിയുടെ ദേശീയ പഠന റിപ്പോര്‍ട്ടില്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭാഷാ നിലവാരത്തകര്‍ച്ചയെക്കുറിച്ച്‌ എടുത്തുപറയുന്നുണ്ട്‌. മലയാളഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ നാല്‍പ്പത്‌ ശതമാനത്തില്‍ താഴെയാണെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. ഭാഷാബോധനത്തിലെ വൈകല്യങ്ങളിലേക്കാണ്‌ എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും വിരല്‍ചൂണ്ടുന്നത്‌. നല്ല മലയാളം സ്‌കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കാതെ, മലയാള ഭാഷാ വികസനത്തിന്‌ വേണ്ടി കോടികള്‍ ചെലവിടുന്നത്‌ കൊണ്ടെന്ത്‌ കാര്യം?

എന്തിനേറെ, നമുക്ക്‌ നല്ല മലയാളഭാഷാ പാഠപുസ്‌തകങ്ങള്‍ ഉണ്ടോ? ഇപ്പോള്‍ നിലവിലുള്ള ഒന്നാംക്ലാസിലെ കേരളപാഠാവലി മലയാളം ഭാഗം ഒന്നു പരിശോധിച്ചാല്‍ അതില്‍ അക്ഷരപഠനത്തിനു സഹായിക്കുന്ന കലവറകളില്ലായെന്നു കാണാം. ഡി.പി.ഇ.പി. കാലത്തു ഇറങ്ങിയ പൂത്തിരി, മിന്നാമിന്നി പുസ്‌തകങ്ങളെ അപേക്ഷിച്ച്‌ ഭേദമാണ്‌ ഈ ഒന്നാംപാഠപുസ്‌തകം. പക്ഷേ 96 പേജുള്ള അഞ്ച്‌ അധ്യായങ്ങള്‍ മുഴുവന്‍ പഠിച്ചാലും കുട്ടിക്കു മലയാളഭാഷയുടെ അടിത്തറ ഉറയ്‌ക്കാന്‍ സഹായിക്കുന്ന കോപ്പുകള്‍ ലഭ്യമാവില്ല. വീട്‌ നല്ല വീട്‌, മഴമേളം, മണവും മധുരവും, ഒരുമയുടെ ആഘോഷം, നന്നായി വളരാന്‍ തുടങ്ങിയ അധ്യായങ്ങളില്‍ ചില കുഞ്ഞ്‌ കഥകളും സംഭവങ്ങളുമൊക്കെ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍, ഒന്നാം ക്ലാസിലെ കുട്ടിക്കു വേണ്ടത്‌, പാഠപുസ്‌തകത്തിലൂടെ പ്രദാനം ചെയ്യപ്പെടണമെന്ന്‌ ഉദ്ദേശ്യാധിഷ്‌ഠിതബോധനം നിഷ്‌കര്‍ഷിക്കുന്നത്‌, പുസ്‌തകത്തില്‍ കാണാനില്ല എന്ന വലിയ പരിമിതി മറികടക്കാന്‍ പരിഷ്‌കരിക്കപ്പെട്ട മലയാള ഭാഷാ പാഠപുസ്‌തകങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടോയെന്നു ഭാഷാവിദഗ്‌ധര്‍ പരിശോധിക്കുന്നതു നന്നായിരിക്കും.
മഴമേളം എന്ന രണ്ടാം അധ്യായം നിറയെ മഴ മഴ മഴവന്നു ഒരു മഴ ചെറുമഴ മഴ വന്നു മാതിരിയുള്ള ഗാനങ്ങളും കവിതകളും കൈയടക്കിയിരിക്കുന്നു. ആ അധ്യായത്തിലെ 19 പേജുകളും മഴയെക്കുറിച്ചുമാത്രമാണ്‌. കഴിഞ്ഞകാല പാഠപുസ്‌തകങ്ങളിലെ അനാവശ്യമായ അവതരണങ്ങളുടെ ആവര്‍ത്തനമാണ്‌ ഇതില്‍ മിക്കതിലും എന്നതു സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടില്ലായെന്നതിന്റെ സൂചനയായി വേണം കരുതാന്‍.
പഴയ ഒന്നാം ക്ലാസ്‌ പാഠപുസ്‌തകം വീണ്ടും താരതമ്യത്തിനു വിധേയമാക്കിയപ്പോള്‍ ഗൃഹാതുരത്വം വേട്ടയാടുകയാണ്‌. തറ പറ പുസ്‌തകം എന്ന പേരില്‍ പരിഷ്‌കാരികള്‍ തള്ളിക്കളഞ്ഞ ആ പാഠഭാഗങ്ങള്‍ എത്ര ലളിതമായിരുന്നു, മലയാളഭാഷാബോധനത്തിന്റെ വീക്ഷണത്തില്‍ വിലയിരുത്തുമ്പോള്‍. തീര്‍ച്ചയായും ആധുനിക വിദ്യാര്‍ഥിക്ക്‌ ആ പാഠപുസ്‌തകം പോരാ എന്ന കാര്യം നിസ്‌തര്‍ക്കമാണ്‌. അതിലും എത്രയോ മെച്ചപ്പെട്ട പാഠപുസ്‌തകമാണ്‌ പുതുതലമുറ കുട്ടികള്‍ അര്‍ഹിക്കുന്നത്‌. എന്നാല്‍, നമ്മുടെ സര്‍ക്കാര്‍ സിലബസിലെ പ്രാഥമിക ക്ലാസുകളിലെ മലയാള ഭാഷാ പുസ്‌തകങ്ങള്‍ക്കു കുഞ്ഞുങ്ങളെ ഭാഷയുടെ പ്രപഞ്ചത്തിലേക്കു സഞ്ചരിക്കാനുള്ള വാതില്‍ ഏതെന്നു കാട്ടിക്കൊടുക്കാനാകുന്നില്ല.
ഓരോ ക്ലാസിലേക്കുമുള്ള പാഠപുസ്‌തകങ്ങള്‍ ലക്ഷ്യാനുരോധമായാണോ തയാറാക്കപ്പെട്ടിട്ടുള്ളതെന്നും പരിശോധിക്കണം. പ്രൈമറി ക്ലാസുകളിലെ മലയാളപഠനം ഭാഷാപരമായ അടിസ്‌ഥാനകാര്യങ്ങള്‍ ലക്ഷ്യമാക്കി വേണം തയ്യാറാക്കേണ്ടത്‌. എന്നാല്‍, ഒന്നാം പാഠപുസ്‌തകത്തിലെ അധ്യായങ്ങളിലേക്ക്‌ ഒന്ന്‌ കണ്ണോടിച്ചുനോക്കിയാല്‍ നിരാശപ്പെടും. അവരുടെ ശ്രദ്ധ മഴയിലും കൃഷിയിലും പട്ടംപറത്തലിലും മറ്റുമൊക്കെയായി ചുരുങ്ങിപ്പോകുന്നു.

രണ്ടാം ക്ലാസിലെ പാഠപുസ്‌തകം എടുത്തുമറിച്ചു നോക്കൂ. ഒന്നാം ക്ലാസിലെ മലയാള പാഠങ്ങളുടെ ആവര്‍ത്തനം പോലെ മഴ കടന്നുവരുന്നു. അതിലെ ആദ്യ അധ്യായം തന്നെ പെയ്‌തിട്ടും പോരാതെ എന്ന പേരിലാണ്‌. അവസാനിക്കുന്ന അധ്യായമോ? കുംഭത്തില്‍ നട്ടാല്‍ കൃഷിക്കുണ്ടാകുന്ന അഭിവൃദ്ധിയെക്കുറിച്ചാണു വിസ്‌താരം. എന്തു വിജ്‌ഞാനമാണ്‌ ഈ പുസ്‌തകങ്ങള്‍ പകര്‍ന്നു നല്‍കുന്നത്‌? മലയാളഭാഷയോടു കുട്ടിക്ക്‌ അടുപ്പമുണ്ടാക്കുന്ന എത്ര പാഠഭാഗങ്ങളുണ്ട്‌ പൊതുവില്‍ മലയാളപാഠപുസ്‌തകങ്ങളില്‍?
പാഠപുസ്‌തകം മാത്രമല്ല കാര്യം, ക്ലാസ്‌ മുറിയിലെ അധ്യാപകന്റെ ബോധനതന്ത്രങ്ങളാണ്‌ കുട്ടിയെ വിജ്‌ഞാനത്തിലേക്ക്‌ ആകര്‍ഷിക്കുന്നത്‌ എന്ന വാദം അപ്പടി അംഗീകരിക്കാം. എന്നാല്‍, അതിനെവിടെ അധ്യാപകര്‍? ബോധനസമ്പ്രദായങ്ങള്‍ നടപ്പാക്കാന്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ഒരു ക്ലാസില്‍ ഒരു അധ്യാപിക മാത്രമേയുള്ളു എന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ? ഭാഷയും ഗണിതവും ശാസ്‌ത്രവും ഒക്കെ ഒരാള്‍തന്നെ പഠിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വിരസത എത്ര വലുതാണ്‌. ഉദ്‌ഗ്രഥിത സമീപനമെന്നൊക്കെ പറയാന്‍ കൊള്ളാം. പക്ഷേ, കുട്ടികളെ കിട്ടില്ല. സംസ്‌ഥാനത്തെ ലോവര്‍ പ്രൈമറി സ്‌കൂളുകളിലാണ്‌ ഏറ്റവുമധികം കുട്ടികള്‍ കുറഞ്ഞിട്ടുള്ളത്‌, കുറഞ്ഞുകൊണ്ടിരിക്കുന്നത്‌. സംസ്‌ഥാന സര്‍ക്കാര്‍ പൂട്ടാന്‍ തീരുമാനിച്ച 184 വിദ്യാലയങ്ങളും ലോവര്‍ പ്രൈമറി പള്ളിക്കൂടങ്ങളാണ്‌. അതിനുള്ള പ്രധാനകാരണം ഭാഷാ പഠനത്തിലെ വൈകല്യങ്ങളാണ്‌; അതിലെ നിലവാരത്തകര്‍ച്ചയാണ്‌. ഭാഷാസ്‌നേഹികള്‍ ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിച്ചിട്ടുണ്ടോ? ശ്രേഷ്‌ഠഭാഷാ പദവി അനുവദിക്കുമ്പോഴും, ഔദ്യോഗികഭാഷയായി മലയാളം പ്രഖ്യാപിക്കപ്പെടുമ്പോഴും, 100 കോടി രൂപ മലയാളം സര്‍വകലാശാലയ്‌ക്ക് നല്‍കപ്പെടുമ്പോഴും അഭിമാനപുളകിതരാകുന്നവര്‍ ക്ലാസ്‌ മുറികളില്‍ തളര്‍ന്നുകൊണ്ടിരിക്കുന്ന ഭാഷാ വിദ്യാഭ്യാസത്തിന്റെ അവസ്‌ഥകള്‍ പരിഹരിക്കുവാനുള്ള ഇടപെടലുകള്‍ക്ക്‌ മുന്‍തൂക്കം നല്‍കാത്തതെന്ത്‌?
അതല്ലെങ്കില്‍, മലയാള ഭാഷാ വികസനത്തെക്കുറിച്ചുള്ള വലിയ വലിയ പ്രോജക്‌ടുകള്‍ക്കിടയില്‍, അക്ഷരമറിയാതെ വളരുന്ന തലമുറകളുടെ എണ്ണം പെരുകികൊണ്ടേയിരിക്കും എന്ന യാഥാര്‍ഥ്യം പോലും വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോകാം.
അതിന്‌ നമുക്ക്‌ വലിയ വില ഇപ്പോള്‍ തന്നെ നല്‍കേണ്ടി വന്നിരിക്കുന്നു. നാളെ അതിന്റെ വ്യാപ്‌തി വര്‍ധിക്കും. മാതൃഭാഷാപഠനത്തിലെ സര്‍ക്കാരിന്റെ വികലനയം തിരുത്താതെ മലയാളഭാഷ വികസിക്കില്ലായെന്ന തിരിച്ചറിവില്‍ നിന്നാരംഭിക്കാം മാതൃഭാഷയുടെ വികസനവും പരിപോഷണവും.

വിവിധ ഭാഷസംഗമം- തിരുവനന്തപുരം.

ടെക്‌നോപാര്‍ക്കില്‍ പ്രതിധ്വനി സാമൂഹ്യ-സാംസ്‌കാരി സംഘടനയും മലയാളഐക്യവേദിയും സംഘടിപ്പിച്ച വിവിധ ഭാഷസംഗമം

ലോക മാതൃഭാഷാ ദിനം- പാലക്കാട്.

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച്  മലയാള ഐക്യവേദി പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഒപ്പുമരം പരിപാടിയില്‍ നിന്ന്...