2013 ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം തന്നെ

തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിക്ക് മലയാളത്തിലുള്ള അറിവ് നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാരിന്റെ മുന്‍ തീരുമാനം ബാധകമാക്കും. എന്നാല്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് മലയാളപഠനത്തിന് അനുവദിച്ചിരുന്ന കാലാവധി ദീര്‍ഘിപ്പിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ മലയാളം പഠിച്ച് പി.എസ്.സി നടത്തുന്ന അഭിരുചി പരീക്ഷ പാസായിരിക്കണമെന്ന നിബന്ധനയാകും ഏര്‍പ്പെടുത്തുക. 
ഇത് സംബന്ധിച്ച അന്തിമതീരുമാനം മന്ത്രിസഭയായിരിക്കും കൈക്കൊള്ളുക. മലയാളത്തിലുള്ള അറിവ് നിര്‍ബന്ധമാക്കുന്ന ഉത്തരവ് പിന്‍വലിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭാഷാന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കയകറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എ മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. ഈ യോഗത്തിലാണ് അവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മലയാള പഠനത്തിന് ഇളവ് അനുവദിക്കുന്നതിന് ധാരണയായത്. 
കന്നഡ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയില്‍ നിന്നുള്ള അബ്ദുള്‍ റസാക്ക്, എന്‍.എ. നെല്ലിക്കുന്ന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തമിഴ് ന്യൂനപക്ഷ വിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന ഇ.എസ്. ബിജിമോള്‍ യോഗത്തിനെത്തിയില്ല. എന്നാല്‍ അവര്‍ കത്ത് മുഖേന അഭിപ്രായം അറിയിച്ചു. പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മലയാളം പഠിച്ചിരിക്കണമെന്ന നിര്‍ദേശത്തോട് ജനപ്രതിനിധികള്‍ വിയോജിച്ചില്ല. എന്നാല്‍ അതിനുള്ള കാലാവധി രണ്ട് വര്‍ഷമെന്നത് നീട്ടിനല്‍കണമെന്നായിരുന്നു ആവശ്യം. ഇതംഗീകരിക്കാനാണ് തത്വത്തില്‍ ധാരണയായത്.

2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച

ഭാഷാന്യൂനപക്ഷങ്ങളും മലയാളവും - പി. പവിത്രന്‍

മലയാളം പഠിക്കാതെ കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ നിശ്ചിത കാലയളവിനുള്ളില്‍ മലയാളത്തിലെ ഒരു പരീക്ഷ പാസായിരിക്കണമെന്ന പി.എസ്.സി.യുടെ നിര്‍ദേശം ന്യൂനപക്ഷ വിരുദ്ധമാണെന്ന വാദം തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടായതാണ്. യഥാര്‍ഥത്തില്‍ 1956 നവംബര്‍ ഒന്നിന് സംസ്ഥാനം രൂപവത്കരിച്ച ഘട്ടം മുതല്‍ ഭാഷാന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍നിന്ന സംസ്ഥാനമാണ് കേരളം.

മാതൃഭാഷ പഠനമാധ്യമമായും ഭരണപരമായ എഴുത്തുകുത്തുകള്‍ക്കും ഉപയോഗിക്കാനുള്ള ജനങ്ങളുടെ അവകാശം ഭരണഘടന സംരക്ഷിക്കുന്നുണ്ട്. ഒരു സംസ്ഥാനത്ത് പ്രബലഭാഷാവിഭാഗത്തില്‍നിന്ന് വ്യത്യസ്തമായ മാതൃഭാഷ ഉപയോഗിക്കുന്നവരാണ് ഭാഷാന്യൂനപക്ഷങ്ങള്‍. അവര്‍ക്ക് മാതൃഭാഷ പ്രാഥമിക വിദ്യാഭ്യാസഘട്ടത്തിലെ മാധ്യമമെന്ന നിലയിലും സര്‍ക്കാറുമായുള്ള വിനിമയങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അവകാശമുണ്ട് എന്നത് ഭരണഘടന പ്രത്യേകം എടുത്തുപറയുന്നു. ഭൂരിപക്ഷത്തിന്റെ ഭാഷ സ്വാഭാവികമായും ഭരണഭാഷയും പഠനമാധ്യമവുമാകും എന്ന സങ്കല്പത്തിലാണ് ഇക്കാര്യംമാത്രം ഭരണഘടന പ്രത്യേകം ഊന്നുന്നത്.

ഭരണഘടനയുടെ എട്ടാംപട്ടികയില്‍ കൊടുത്തിരിക്കുന്ന ഭാഷകളില്‍പ്പെട്ട തമിഴും കന്നഡയും കേരളത്തില്‍ ഇത്തരത്തില്‍ ന്യൂനപക്ഷഭാഷാപദവി കൈയാളുന്നുണ്ട്. ഒരു മുനിസിപ്പല്‍ ടൗണിലോ അതല്ലാത്ത പ്രദേശത്തോ 15 ശതമാനം ആളുകള്‍ വ്യത്യസ്തമായ മാതൃഭാഷ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ പ്രദേശത്തെ ഭാഷാന്യൂനപക്ഷ പ്രദേശമായി കണക്കാക്കണമെന്നാണ് നിലവിലുള്ള നിയമം. ഒരു വ്യക്തിയുടെയോ കുറച്ച് വ്യക്തികളുടെയോ അല്ല, ഒരു പ്രാദേശിക സമൂഹത്തിന്റെ ഭാഷ എന്ന പദവി കൈയാളുന്നുണ്ടെങ്കില്‍ മാത്രമാണ് അതിന് ന്യൂനപക്ഷഭാഷാപദവി ലഭിക്കുന്നത്. ഈ നിലപാട് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഷകളുടെ കാര്യത്തിലേക്ക് ഇനിയും വികസിക്കേണ്ടതുണ്ടെന്നുമാത്രം.

ഈ നിലയിലാണ് കാസര്‍കോട്, തിരുവനന്തപുരം, പാലക്കാട്, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളെ ഭാഷാന്യൂനപക്ഷമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട്ട് കന്നഡയും മറ്റുജില്ലകളില്‍ തമിഴുമാണ് ന്യൂനപക്ഷപദവിയിലുള്ളത്. അവിടെ എല്ലാതരം ഭരണനടപടികള്‍ക്കും മലയാളത്തിനുപുറമേ അതത് ഭാഷകള്‍കൂടി ഉപയോഗിക്കണം എന്നുണ്ട്. ന്യൂനപക്ഷഭാഷയില്‍ നല്‍കുന്ന എഴുത്തുകള്‍ക്ക് ആ ഭാഷയില്‍ത്തന്നെ മറുപടിനല്‍കണം. മലയാളത്തിലുള്ള ഫോറങ്ങള്‍ ഇവിടങ്ങളില്‍ ന്യൂനപക്ഷഭാഷകളില്‍ക്കൂടി അച്ചടിക്കണം. തിരഞ്ഞെടുപ്പുപട്ടികയും റേഷന്‍കാര്‍ഡും അനുബന്ധരേഖകളും ആ ഭാഷയില്‍ക്കൂടി തയ്യാറാക്കണം. കോടതികളില്‍ ന്യൂനപക്ഷഭാഷയില്‍ രേഖകള്‍ ഫയല്‍ചെയ്യാന്‍ അനുവദിക്കണം. അത്തരം പ്രദേശങ്ങളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ കഴിയുന്നിടത്തോളം ആ ഭാഷ അറിയുന്നവരാകണം. നാഴികക്കല്ലുകളും സ്ഥലനാമങ്ങളും ആ ഭാഷയില്‍ക്കൂടി കൊടുത്തിരിക്കണം. തമിഴ്, കന്നഡ ഭാഷകള്‍ മാധ്യമമായെടുത്ത് പഠിക്കാനുള്ള അവകാശവും ഈ പ്രദേശത്തുണ്ട്. ഈ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍മുതല്‍ കോളേജുകള്‍വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അഞ്ചുശതമാനം സീറ്റും സംവരണംചെയ്തിട്ടുണ്ട്.

ഒരു പ്രാദേശികസമൂഹമെന്ന നിലയിലുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ നിലനില്പിനെ അംഗീകരിച്ചുകൊണ്ടുതന്നെ മലയാളം വിദ്യാഭ്യാസത്തിലും ഭരണത്തിലും ഉപയോഗിക്കേണ്ടതിനുള്ള പരിശീലനവും കേരളസര്‍ക്കാര്‍ അനുശാസിക്കുന്നുണ്ട്. അത് രണ്ടുവിധത്തിലാണ്.

1. സ്‌കൂളില്‍ ഒന്നാം ഭാഷയെന്നനിലയില്‍ അവരുടെ മാതൃഭാഷ തിരഞ്ഞെടുക്കുന്ന ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ അതിലെ രണ്ടാംപേപ്പറില്‍ രണ്ടുപിരീഡ് മലയാളംകൂടി പഠിക്കണം. ഒന്നാം ക്ലാസുമുതല്‍ നാലാം ക്ലാസുവരെ പൂര്‍ണമായും അവരുടെ മാതൃഭാഷതന്നെ പഠിച്ച് അഞ്ചാംക്ലാസുമുതല്‍മാത്രമേ ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മലയാളം ഒരുപേപ്പര്‍ പഠിക്കേണ്ടതുള്ളൂ
( 1983-ലെ ഉത്തരവ്).

2. പി.എസ്.സി.വഴി നിയമനംകിട്ടുന്ന ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ടവര്‍ ഉദ്യോഗംകിട്ടിയാല്‍ പ്രൊബേഷനുമുമ്പ് നാലുവര്‍ഷത്തിനുള്ളില്‍ ഒരുമലയാളം പരീക്ഷ പാസാകണം ( 1966-ലെ ഉത്തരവ്). ഇത് പിന്നീട് പത്തുവര്‍ഷമായി ഇളവുചെയ്തു. അതിന്റെ പാഠ്യപദ്ധതിയും വളരെ ലഘൂകരിച്ചു. പി.എസ്.സി. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഈ പരീക്ഷ നടത്തിപ്പോന്നിട്ടുണ്ട്. സമാനമായ പരീക്ഷകള്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമുണ്ട്. അന്യസംസ്ഥാനക്കാരായ ഐ.എ.എസ്., ഐ.പി.എസ്. കാര്‍ക്കും ഇത് ബാധകമാണ്.

വിദ്യാഭ്യാസത്തില്‍ മാധ്യമമെന്നനിലയിലും ഒരു വിഷയമെന്നനിലയിലും ന്യൂനപക്ഷഭാഷകളെ അംഗീകരിക്കുന്നുണ്ടെന്ന് ഈ ഉത്തരവുകള്‍ വ്യക്തമാക്കുന്നു. ഭാഷാന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അവരുടെ മാതൃഭാഷ കഴിഞ്ഞിട്ടേ മലയാളം പഠിക്കേണ്ടതുള്ളൂ എന്നും ഈ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് അടിവരയിടുന്നതാണ് പി.എസ്.സി. പരീക്ഷയുടെ മാധ്യമം ഏതായിരിക്കണമെന്ന കാര്യവും. പി.എസ്.സി. മലയാളത്തില്‍ എപ്പോഴെല്ലാം പരീക്ഷകള്‍ നടത്തുന്നുണ്ടോ അപ്പോഴെല്ലാം തമിഴ്, കന്നഡ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ എഴുതാനുള്ള അവസരവും നല്‍കണമെന്ന് 1965-ല്‍ത്തന്നെ ഉത്തരവ് നിലവിലുണ്ട്. മലയാളമല്ല, മാതൃഭാഷയാണ് പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സാമൂഹികപദവിയുള്ള സ്വന്തം മാതൃഭാഷയോട് കൂറുള്ളവര്‍ക്കേ ഉദ്യോഗത്തിലിരുന്നാലും സാമൂഹികബോധമുണ്ടാകൂ എന്നനിലപാടാണ് ഇതിലടങ്ങിയിട്ടുള്ളത്.

യഥാര്‍ഥത്തില്‍ പുതിയ നിര്‍ദേശം ഭാഷാന്യൂനപക്ഷങ്ങളെ ബാധിക്കുന്നതല്ല. അവര്‍ക്ക് ഇപ്പോഴുള്ള പത്തുവര്‍ഷത്തെ കാലയളവിനുള്ളില്‍ത്തന്നെ മലയാളം ഒരുപേപ്പര്‍ എഴുതിയെടുത്താല്‍മതി. പുതിയനിര്‍ദേശം മലയാളം മാതൃഭാഷയായിട്ടുള്ളവരെയാണ് ലക്ഷ്യംവെക്കുന്നത്. 96 ശതമാനത്തിലേറെവരുന്ന മലയാളികളില്‍ ഒരുവിഭാഗംതന്നെ മലയാളം പഠിക്കാതിരിക്കുന്നതിനെതിരെയാണ് ആ നിര്‍ദേശം. ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ആ നിര്‍ദേശത്തിലുള്ളത്.

എന്നാല്‍, ഇതിനിടയില്‍ പി.എസ്.സി.ക്ക് ഒരു അബദ്ധം പറ്റി. ആ അബദ്ധവും ഈ നിര്‍ദേശവും കൂടിക്കുഴഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. പി.എസ്.സി. പരീക്ഷയ്ക്ക് മലയാളത്തില്‍ ഒരുപേപ്പര്‍ ഉണ്ടാകുമ്പോള്‍ കന്നഡ/തമിഴ് ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അത് കന്നഡയിലോ തമിഴിലോ എഴുതാമെന്നുള്ളത് നിലവിലുള്ള നിയമമാണ്. തമിഴോ കന്നഡയോ ആണ് ഈ പരീക്ഷയില്‍ സ്വീകരിക്കുന്നതെങ്കില്‍ അവര്‍ ജോലിയില്‍പ്രവേശിച്ചാല്‍ നിശ്ചിതകാലയളവിനുള്ളില്‍ (ഇപ്പോള്‍ പത്തുവര്‍ഷം) മലയാളത്തില്‍ നേരത്തേ സൂചിപ്പിച്ച പരീക്ഷ പാസാകണം എന്നേയുള്ളൂ. ജോലിയില്‍ പ്രവേശിച്ചാല്‍മാത്രമേ ഇത് വേണ്ടൂ. അതിനര്‍ഥം കന്നഡയോ തമിഴോ മാതൃഭാഷയായിട്ടുള്ളവര്‍ക്ക് മലയാളം തീരേ അറിയില്ലെങ്കിലും പി.എസ്.സി. പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാം എന്നാണ്.

എന്നാല്‍, ഇപ്രാവശ്യം പി.എസ്.സി. ആ പരീക്ഷയുടെ കാര്യത്തില്‍ ഒരുവീഴ്ച കാണിച്ചു. ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്ന പരീക്ഷയ്ക്കുതന്നെ മലയാളപരിജ്ഞാനം ഭാഷാന്യൂനപക്ഷങ്ങള്‍ക്കുവേണം എന്നമട്ടില്‍ മലയാള ചോദ്യങ്ങള്‍ നിര്‍ബന്ധമാക്കി. ആ പരീക്ഷ പൂര്‍ണമായും മലയാളത്തില്‍ത്തന്നെ എഴുതണമെന്ന നിര്‍ദേശം കൊടുത്തു. മലയാളചോദ്യങ്ങള്‍ക്കുപകരം തിരഞ്ഞെടുക്കാന്‍ തമിഴ്/കന്നഡ ചോദ്യങ്ങള്‍ കൊടുത്തതേയില്ല. അതോടെ ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ഥികളും മലയാളത്തില്‍ ഉത്തരമെഴുതാന്‍ ബാധ്യതപ്പെട്ടു. ഇതാണ് രണ്ടുമാസം മുമ്പ് കാസര്‍കോട്ട് പി.എസ്.സി. പരീക്ഷ തടസ്സപ്പെടുത്തുന്നനിലയില്‍ കാര്യങ്ങളെത്തിച്ചത്. പി.എസ്.സി.യുടെ നിര്‍ദേശവും പി.എസ്.സി. പരീക്ഷയിലെ പാകപ്പിഴയും കൂടിക്കുഴയുകയും പരസ്​പരം തെറ്റിദ്ധരിക്കുകയും ചെയ്തപ്പോഴാണ് എളുപ്പത്തില്‍ സര്‍ക്കാറിന് മലയാളം മലയാളിക്ക് നിര്‍ബന്ധമാക്കുന്ന പി.എസ്.സി.യുടെ നിര്‍ദേശം പിന്‍വലിക്കാന്‍ കഴിഞ്ഞത്.

ഇത് നിഷ്‌കളങ്കമായ ഒരു തെറ്റിദ്ധാരണയല്ല, ഇംഗ്ലീഷ് മീഡിയത്തിന് പിന്നാലെപ്പോകുന്ന മധ്യവര്‍ഗ മനസ്സിന്റെ വ്യഗ്രതയില്‍നിന്നും മാതൃഭാഷാവിരോധത്തില്‍നിന്നുമാണ് ഈ തെറ്റിദ്ധാരണ രൂപപ്പെട്ടത്. അത് ഉദ്യോഗസ്ഥ-സര്‍ക്കാര്‍ തലങ്ങളില്‍ പ്രതിഫലിച്ചെന്നുമാത്രം.

മലയാളത്തിന്റെ ശത്രു തമിഴോ കന്നഡയോ അല്ല. മലയാളത്തിന്റെയും തമിഴിന്റെയും കന്നഡയുടെയും പൊതുശത്രു ഇംഗ്ലീഷ് മീഡിയം ലോബിയാണ്. ഇംഗ്ലീഷ്ഭാഷപോലുമല്ല. ഇംഗ്ലണ്ടിലും അമേരിക്കയിലും തങ്ങളുടെ മാതൃഭാഷയായ ഇംഗ്ലീഷ് അഭിമാന
പൂര്‍വം ഉപയോഗിക്കുന്ന തന്റേടികളുടെ ഇംഗ്ലീഷ് ഭാഷാപ്രേമമല്ല, മാതൃഭാഷ കൈയൊഴിഞ്ഞ് പകരം അന്യഭാഷ സ്വീകരിക്കുന്ന ഭീരുക്കളായ നമ്മുടെ നാട്ടുകാരുടെ ഇംഗ്ലീഷ് ഭ്രമം. (പ്രേമവും ഭ്രമവും രണ്ടാണെന്നോര്‍ക്കുക). മാതൃഭാഷ നഷ്ടപ്പെടാതെ ഇംഗ്ലീഷ് പഠിക്കാനുള്ള സംവിധാനങ്ങള്‍ മലയാളമോ തമിഴോ കന്നഡയോ മാതൃഭാഷയായ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കുണ്ട്. അതുകൊണ്ട് പി.എസ്.സി.യുടെ മാതൃഭാഷ നിര്‍ബന്ധമാക്കുന്ന നിര്‍ദേശം പിന്‍വലിച്ചത് മലയാളത്തിനുമാത്രമല്ല, കന്നഡയിലെയും തമിഴിലെയും മാതൃഭാഷാഭിമാനികള്‍ക്ക് (എന്തിന് ഇംഗ്ലണ്ടില്‍ ഇംഗ്ലീഷിനെ സ്‌നേഹിക്കുന്ന മാതൃഭാഷാഭിമാനികള്‍ക്കും) നേരേയുമുള്ള വെല്ലുവിളിയാണ്.

മലയാളം മാതൃഭാഷയായ വിദ്യാര്‍ഥികളെ മലയാളം പഠിപ്പിക്കാതിരിക്കാനുള്ള സി.ബി.എസ്.ഇ.-അണ്‍ എയ്ഡഡ്-ഇംഗ്ലീഷ് മീഡിയം ലോബിയുടെ ജനാധിപത്യവിരുദ്ധമായ നിലപാടിന് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിക്കുകയാണ് ഇപ്പോള്‍ യഥാര്‍ഥത്തില്‍ ചെയ്തിരിക്കുന്നത്. കേരളത്തിലായാലും കര്‍ണാടകത്തിലായാലും തമിഴ്‌നാട്ടിലായാലും മാതൃഭാഷാനുകൂല നിയമങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുന്നത് മാതൃഭാഷാഭിമാനികളല്ല. പകരം, ഇംഗ്ലീഷ് മാധ്യമലോബിയാണ്. ഇന്ത്യന്‍ഭാഷകള്‍ക്കുമേലുള്ള ഈ കടന്നുകയറ്റത്തെ ചെറുക്കാന്‍ ഇന്ത്യന്‍ഭാഷകളെ സ്‌നേഹിക്കുന്നവരുടെ ദേശീയമായ കൂട്ടായ്മ ആവശ്യമായിരിക്കുന്നു.

2013 ജൂലൈ 30, ചൊവ്വാഴ്ച

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ഭാഷ മലയാളം

കൊച്ചി: ശ്രേഷ്ഠഭാഷയായി രണ്ടുമാസം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട മലയാളത്തിന് മറ്റൊരു അംഗീകാരം കൂടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ഭാഷ മലയാളമാണെന്നാണ് പുതിയ സര്‍വേ പറയുന്നത്. മലയാളഭാഷ മരണത്തിലേക്ക് പോവുകയല്ല മറിച്ച് കൂടുതല്‍ നവീകരണം സംഭവിച്ച് രാജ്യത്തെ തന്നെ ഏറ്റവും വികാസം പ്രാപിച്ച ഭാഷയായി മാറുകയാണെന്ന് പഠനം സമര്‍ത്ഥിക്കുന്നു. ബറോഡയില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാ റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ പീപ്പിള്‍സ് ലിംഗ്വിസ്റ്റിക്‌സ് സര്‍വേയിലാണ് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കണ്ടെത്തല്‍. 
കേരളത്തില്‍ 96.7ശതമാനം ആളുകളും മലയാളം സംസാരിക്കുന്നവരാണ്. മലയാളത്തിനു പുറമെ 27 ഭാഷകള്‍ കേരളത്തില്‍ സജീവമാണെന്നും സര്‍വേയിലുണ്ട്. സപ്തംബര്‍ 5ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുമെന്നും കേരളത്തില്‍ പുറത്തിറക്കുന്ന ദിവസം ഉടന്‍ അറിയിക്കുമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. ജി. എന്‍.ദേവി പറഞ്ഞു.
വിദേശീയാധിപത്യത്തില്‍ കഴിഞ്ഞിട്ടും നിരവധി സംസ്‌കാരിക മാറ്റങ്ങള്‍ക്കു വിധേയമായിട്ടും മലയാളഭാഷ കൂടുതല്‍ വികസിക്കുകയും ഭാഷാ പോഷണം സംഭവിക്കുകയുമാണ് ചെയ്തതെന്ന് കുപ്പം ദ്രാവിഡ സര്‍വകലാശാലയിലെ ഡോ.എം. ശ്രീനാഥന്‍ പറഞ്ഞു. മറ്റുള്ള ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് കൂടുതല്‍ പദങ്ങള്‍ കടന്നു വരികയായിരുന്നു. അത്തരം പദങ്ങളില്‍ ഭൂരിഭാഗവും വളരെ വേഗത്തില്‍ തന്നെ താഴേക്കിടയിലുള്ളവരിലേക്കുവരെ എത്തുകയും ചെയ്യുന്നുണ്ട്. ഈയൊരു വളര്‍ച്ച ഹിന്ദിക്കോ തമിഴിനോ ബംഗാളി ഭാഷയ്‌ക്കോ പോലും അവകാശപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഷാവൈവിദ്ധ്യമുള്ള ജില്ല എറണാകുളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
1.8 ശതമാനം ആളുകള്‍ കേരളത്തില്‍ തമിഴ് സംസാരിക്കുന്നുണ്ട്. 1.5 ശതമാനം തുളു, കന്നഡ, തെലുങ്കു, ഇന്തോ-ആര്യന്‍ തുടങ്ങി മറ്റു ഗോത്ര ഭാഷകളും സംസാരിക്കുന്നുണ്ട്. മലയാളത്തിന്റെ വകഭേദമെന്നു കരുതുന്ന ആദിവാസിഭാഷകളെ അവരുടെ തനതുഭാഷയായി പരിഗണിച്ചാണ് റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതിനായി കേരളത്തില്‍ അറിയപ്പെടുന്ന 35 ഓളം ആദിവാസി വിഭാഗങ്ങളുടെ പ്രതിനിധിയോഗം 2012ല്‍ കിര്‍ത്താഡ്‌സില്‍ നടത്തിയിരുന്നു. ഇതില്‍ അടിയ, ഇരുള, കാട്ടുനായിക്ക, കൊറഗ, കുറിച്യ, കുറുമ്പ, മന്നാന്‍, മുതുവാന്‍, മുഡുഗ, പണിയ, ബൊട്ടകുറുമ തുടങ്ങിയവര്‍ക്കു തനതുഭാഷയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിനെല്ലാം പുറമെ ലിപിയടിസ്ഥാനത്തിലും പഠനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
രാജ്യാന്തരതലത്തില്‍ നടന്ന പഠനത്തില്‍ ഇന്ത്യയിലെ 172ലധികം ഭാഷകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയിരുന്നതിന്റെ അടിസ്ഥാനത്തില്‍ 2010ലാണ് പഠനം ആരംഭിച്ചതെന്ന് ജി.എന്‍. ദേവി പറഞ്ഞു. ഇതിലൂടെ ഭാഷകളെ സംരക്ഷിക്കാനും സാമ്പത്തിക, സാങ്കേതിക വികാസങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുംകാല തലമുറയ്ക്ക് അവരുടെ പൂര്‍വികഭാഷയെ കുറിച്ചുള്ള അറിവു നല്‍കാനും ഇതുപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി മറ്റിടങ്ങളിലുള്ളതുപോലെ ലാഗ്വേജ് ബാങ്കുകള്‍ പ്രാബല്യത്തില്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വൈ.എം.സി.എ.യില്‍ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫ. ജോസഫ് കോയിപ്പള്ളിയും പങ്കെടുത്തു. ഓറിയന്റ് ബ്ലാക്ക് സ്വാനാണ് അമ്പത് വാല്യങ്ങളിലുള്ള സര്‍വേ റിപ്പോര്‍ട്ടിന്റെ പ്രസാധകര്‍.

മാതൃഭൂമി

മാതൃഭാഷ പഠിക്കാന്‍ അവസരം വേണം - വിദ്യാര്‍ത്ഥി മലയാളവേദി


2013 ജൂലൈ 18, വ്യാഴാഴ്‌ച

15 റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ മലയാളത്തിലാക്കി

മംഗലാപുരം: ശ്രേഷ്ഠഭാഷാപദവിക്കു പിന്നാലെ മലയാളത്തിന് ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകാരവും. കേരളത്തിലെ പതിനഞ്ചു റെയില്‍വേ സ്റ്റേഷനുകളുടെ പേര് ശുദ്ധമലയാളത്തിലാക്കി റെയില്‍വേ ഉത്തരവിറക്കി. 

നേരത്തേ സര്‍ക്കാര്‍ ഇക്കാര്യമാവശ്യപ്പെട്ട് റെയില്‍വേക്ക് അപേക്ഷ നല്‍കിയിരുന്നു. സ്റ്റേഷനുകളിലെ ബോര്‍ഡുകളില്‍ മുമ്പുതന്നെ മാറ്റം വരുത്തിയിരുന്നെങ്കിലും രേഖകളില്‍ പഴയ പേരായിരുന്നു.

ഇതുപ്രകാരം പാല്‍ഗാട്ട് പാലക്കാടായും കാലിക്കറ്റ് കോഴിക്കോടായും ട്രിച്ചൂര്‍ തൃശ്ശൂരായും മാറും. കാനന്നൂരിനെ കണ്ണൂരാക്കാനും ട്രിവാന്‍ഡ്രം സെന്‍ട്രലിനെ തിരുവനന്തപുരം സെന്‍ട്രലാക്കാനും തീരുമാനിച്ചു. മറ്റു പേരുകള്‍ താഴെക്കൊടുക്കുന്നു:

ആലപ്പി-ആലപ്പുഴ, ചങ്ങനാചേരി-ചങ്ങനാശ്ശേരി, ആല്‍വെ-ആലുവ, കുരിക്കാട്-ചോറ്റാനിക്കര റോഡ്, ടെലിച്ചെറി-തലശ്ശേരി, ബടകര-വടകര, കൊയിലോണ്‍-കൊല്ലം, ചിറയിന്‍കീല്‍- ചിറയിന്‍കീഴ്, കൊച്ചിന്‍-കൊച്ചി, ചേര്‍ത്തലൈ-ചേര്‍ത്തല

മാതൃഭൂമി
18.07.13

2013 ജൂലൈ 2, ചൊവ്വാഴ്ച

ശ്രേഷ്ഠഭാഷയിലാവണം കോടതിയും ഭരണവും വിദ്യാഭ്യാസവും

മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ലക്ഷദ്വീപുകാര്‍ കൂടി ഉള്‍പ്പെടുന്ന മലയാളികള്‍. മലയാളഭാഷയുടെ ചരിത്രത്തിലെ നാഴികക്കല്ലായി ഈ അംഗീകാരം മാറുമ്പോഴും പുരാവസ്തു കേന്ദ്രത്തിലെ കാഴ്ചവസ്തുവായി മലയാളത്തെ മാറ്റാന്‍ നാം അനുവദിച്ചുകൂടാ. ഇന്നിന്റെയും നാളെയുടെയും ഭാഷയായി ഒരു ഭാഷ മാറുമ്പോഴാണ് ജനകീയതലത്തില്‍ ഭാഷ ക്ലാസിക്കലാവുന്നത്. കോടതിയും ഭരണവും ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസവും ബാങ്കിംഗ് ഇടപാടുകളും സ്വന്തം ഭാഷയില്‍ നടക്കുമെന്ന ഘട്ടം വരുമ്പോഴാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം മാതൃഭാഷ ശ്രേഷ്ഠമാവുന്നത് എന്നര്‍ഥം. 
1969-ല്‍ തന്നെ കോടതിഭാഷയെ അധിനിവേശ ഭാഷയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയതാണ്. 1973-ല്‍ കോടതി വിധികള്‍ മലയാളത്തില്‍ കൂടി എഴുതാന്‍ ഉത്തരവും പുറപ്പെടുവിക്കപ്പെട്ടു.  എന്നാല്‍ കാര്യമായ നടപടികളൊന്നും നീതിന്യായ വിഭാഗത്തില്‍ നിന്നും ഉണ്ടായില്ലെന്നു മാത്രമല്ല സാങ്കേതിക പ്രശ്‌നങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും പറഞ്ഞ് ജുഡീഷ്യറി പ്രശ്‌നത്തില്‍ നിന്നകലുകയാണ് ചെയ്തത്. 1985-ല്‍ ജസ്റ്റിസ് നരേന്ദ്രന്‍ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിക്കുകയും 1987ല്‍ കമ്മിറ്റി വിശദമായ റിപ്പോര്‍ട്ട് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ 26 കൊല്ലം കഴിഞ്ഞിട്ടും വഞ്ചി തിരുനക്കരയില്‍ നിന്നനങ്ങിയില്ല.  നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഒരു ഉന്നതതലക്കമ്മറ്റി സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം 2007 മാര്‍ച്ച് 17-ാം തീയതിയാണ് ആദ്യത്തെയും അവസാനത്തെയും യോഗം ചേര്‍ന്നത്. 
വൈരുധ്യമെന്നല്ലാതെന്തു പറയാന്‍. സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഹൈക്കോടതി രജിസ്ട്രാറും ഒപ്പിട്ട യോഗതീരുമാന മിനിട്ട്‌സ് പുറത്തിറങ്ങിയതു പോലും ഇംഗ്ലീഷിലായിരുന്നു. കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരുള്‍പ്പെടെയുളളവരില്‍ 90 ശതമാനം പേരും ഇംഗ്ലീഷ് മനസിലാകാത്തവരാണെന്നാണ് വിവരാവകാശ രേഖകള്‍ കാണിക്കുന്നത്. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ വിധിയെഴുതി ഇത്തരക്കാരുടെ മനുഷ്യാവകാശത്തെപോലും ചോദ്യം ചെയ്യുകയാണ് സര്‍ക്കാരും നീതിപീഠവും.
ഭരണഭാഷയുടെ കാര്യത്തില്‍ പുരോഗതി ഉണ്ടായെങ്കിലും ജാഗ്രതയോടെ ഈ പ്രവര്‍ത്തനത്തെ കൊണ്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് 2013 ഏപ്രില്‍ മാസത്തില്‍ പൊതുജന സമ്പര്‍ക്ക വകുപ്പ് പുറത്തിറക്കിയ 'ജനപക്ഷ ചുവടുകള്‍' എന്ന 2012-13 വര്‍ഷത്തെ സര്‍ക്കാര്‍ ഉത്തരവുകളുടെ സമാഹാരം.  2012-13 വര്‍ഷം കേരള സര്‍ക്കാര്‍ ഭരണഭാഷാവര്‍ഷം ആയി പ്രഖ്യാപിക്കുകയും ആചരിക്കുകയും ചെയ്തു വരികയാണ്. എന്നിട്ടും ആകെയിറങ്ങിയ 43 ഉത്തരവുകളില്‍ പതിനൊന്നും ഇംഗ്ലീഷില്‍ ആയിരുന്നു.  25 ശതമാനത്തില്‍ കൂടുതല്‍ ഉത്തരവുകളും ഭരണഭാഷാ വര്‍ഷത്തില്‍ പോലും പുറത്തിറങ്ങിയത് ഇംഗ്ലീഷില്‍! ഉന്നത ഉദ്യോഗസ്ഥര്‍ ഭരണഭാഷാവര്‍ഷത്തെ കാര്യമാക്കുന്നുണ്ടോ എന്ന സംശയം ഇവിടെ ഉയര്‍ന്നുവരുന്നു.  
കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഉത്തരവുകളിലൊന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെല്ലാം മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവായിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ (2011 മെയ് 6) മലയാളത്തെ നിര്‍ബന്ധിത ഒന്നാം ഭാഷയാക്കി ഉത്തരവിറക്കിയിരുന്നു. പിന്നീട് 27 06 2011 ന് പുതിയ സര്‍ക്കാര്‍ ഉത്തരവിറക്കി, 2012 സെപ്തംബര്‍ 1-ന് ഉത്തരവ് പുതുക്കി. എന്നാല്‍ സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ ജില്ലകളിലും ഉത്തരവ് കടലാസില്‍ ഒതുങ്ങുകയാണ്. ആര്‍ജവത്തോടെ ഇത് നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് എപ്പോഴാണ് മുന്നിട്ടിറങ്ങുക.  
ഒന്നാം ഭാഷാ ഉത്തരവ് പ്രകാരം സ്വകാര്യ-ഇംഗ്ലീഷ് മാധ്യമ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയുണ്ടായി.  കോടതി ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി വിധിച്ചു.  (സുപ്രിംകോടതിയിലാണിപ്പോള്‍ കേസ് തുടരുന്നത്) ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മലയാളത്തിനായി പഞ്ചാബ്-തമിഴ്‌നാട് മാതൃകയില്‍ സമഗ്ര മാതൃഭാഷാനിയമം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം കെ പി രാമനുണ്ണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തിയത്.  നിയമസഭ സമ്മേളിക്കുന്ന കാലത്തുതന്നെ സര്‍വകക്ഷിയോഗം വിളിച്ച് തീരുമാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും സാംസ്‌ക്കാരിക മന്ത്രിയും ഉറപ്പു നല്‍കിയെങ്കിലും അത് ജലരേഖയായി.  തുടര്‍ന്നാണ് കഴിഞ്ഞ 21-ാം തീയതി ഐക്യമലയാള പ്രസ്ഥാനത്തിന് സെക്രട്ടേറിയറ്റിന് മുമ്പില്‍ 'ഓര്‍മ്മിപ്പിക്കല്‍ സമരം' നടത്തേണ്ടിവന്നത്. എന്തായാലും കോടതിഭാഷയുടെയും ഭരണഭാഷയുടെയും ഒന്നാം ഭാഷയുടെയും കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും ആത്മാര്‍ഥത കാണിക്കേണ്ടതുണ്ടെന്നു സാരം. 
എന്നാല്‍ മലയാളവുമായി ബന്ധപ്പെട്ട പി എസ് സി എടുത്ത പ്രധാനപ്പെട്ട തീരുമാനം വന്നത് കഴിഞ്ഞ വര്‍ഷമാണെന്ന് നാം മറന്നുകൂടാ.  കേരളത്തിലെ സാധാരണക്കാരന്റെ ഭാഷ അറിയാവുന്നവര്‍ മാത്രം കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ഇരുന്നാല്‍ മതിയെന്ന നിര്‍ദ്ദേശം ജനാധിപത്യത്തെ കൂടുതല്‍ വികസിപ്പിക്കുന്നതിന് നിദാനമാവുമെന്നതില്‍ രണ്ടുപക്ഷമില്ല.
സര്‍ക്കാരിന് മാത്രമല്ല പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മതസംഘടനകള്‍ക്കുമെല്ലാം മാതൃഭാഷയെ പരിപോഷിപ്പിക്കുന്നതില്‍ അവരുടേതായ പങ്കുവഹിക്കാനുണ്ട്.  കേരളത്തിലെ ഒറ്റ അറബിക് കോളജില്‍ പോലും മലയാളം പഠിപ്പിക്കുന്നില്ലെന്നാണ് വിവരം. ഐ എ എസ് പരീക്ഷ അറബിയില്‍ എഴുതാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി കേന്ദ്രമന്ത്രി പ്രധാന മന്ത്രിയെ കാണുന്ന അവസ്ഥ വരെയുണ്ടാവുന്നു. 
ഐ എ എസ് പരീക്ഷയില്‍ കേരളത്തിലെ മുസ്‌ലിങ്ങള്‍ വിജയിക്കണമെങ്കില്‍ അറബിക് കോളജുകളിലും മലയാളം പഠിപ്പിക്കണം. ഐ എ എസ് മലയാളത്തില്‍ എഴുതി വിജയിച്ചവരുടെ സാക്ഷ്യങ്ങള്‍ നമുക്കു മുമ്പില്‍ സജീവമായി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ദൃശ്യമാധ്യമങ്ങളുടെ നിലപാടുകളും മാതൃഭാഷയുടെ കാര്യത്തില്‍ ആശങ്കാ ജനകമാണ്.  യുവതയെ കേന്ദ്രീകരിക്കുന്ന പരിപാടികളുടെ എല്ലാം പേരുകള്‍ ദൃശ്യമാധ്യമങ്ങള്‍ ഇംഗ്ലീഷില്‍ കൊടുക്കുന്നത് കൊളോണിയല്‍ ഭൂതത്തിന്റെ തിരിച്ചുവരവായി വേണം കാണാന്‍.  കേരളത്തില്‍ ഇറങ്ങുന്ന മിക്ക സിനിമ പേരുകളും ഇംഗ്ലീഷില്‍ ആവുന്നതും അപായ സൂചന തന്നെ.  കല്ല്യാണക്കത്ത് ഇംഗ്ലീഷില്‍ ആകുന്നതും ചരമക്കുറിപ്പ് മലയാളത്തിലാവുന്നതും കൂട്ടി വായിക്കുമ്പോള്‍ ഇന്നലെകളെ മാത്രം പ്രതിനിധീകരിക്കുന്ന ഒരു ഭാഷയായി മലയാളി മാതൃഭാഷയെ കാണുന്നു എന്നതും ചിന്തനീയമാണ്.  
ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാനും കാര്യങ്ങളെ ശരിയായ ദിശയില്‍ കൊണ്ടുവരാനും മലയാള സര്‍വകലാശയ്ക്ക് കഴിയണം. ജര്‍മ്മനിയില്‍ താമസിക്കുന്ന വരേണ്യ മലയാളികളെ അല്‍പ്പം  ഭാഷ പഠിപ്പിക്കാനാണ് പോലും ഇപ്പോള്‍ മലയാള സര്‍വകലാശാലയുടെ ഒരു തീരുമാനം. 
മലയാളത്തെ ഗൃഹാതുരമായ ഒരോര്‍മ്മയാക്കി മാറ്റാന്‍ മാത്രമാണ് ഉദ്ദേശം എങ്കില്‍ ഇത് ശരിയായിരിക്കാം. എന്നാല്‍ നാളെയുടെ ഭാഷയാക്കി, ശരാശരി മലയാളിക്ക് അന്നം തരുന്ന, വിജയം തരുന്ന, ജീവിതം തരുന്ന ഭാഷയാക്കി മലയാളത്തെ വളര്‍ത്തണമെങ്കില്‍ മേല്‍പറഞ്ഞ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും വേണം. നിതാഖാത്തിനെ പേടിക്കാതെ ജീവിക്കാന്‍ മലയാളിക്ക് കഴിയണം.  കൂടാതെ ലോകത്തെ വിവിധ വിജ്ഞാനങ്ങള്‍ മലയാളത്തില്‍ എത്തിക്കാന്‍ നിരന്തരമായ പ്രവര്‍ത്തനവും മലയാള സര്‍വകലാശാല നടത്തേണ്ടതുണ്ട്. 
എന്തായാലും 100 കോടി ലഭിക്കുകയാണെങ്കില്‍ അന്ന് തിരുവനന്തപുരത്തെ മൈതാനങ്ങളിലും കുന്നുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ച് തീര്‍ക്കാനുള്ളതാവാതെ ഭരണ-കോടതി-വിദ്യാഭ്യാസ മേഖലകളില്‍ മാതൃഭാഷാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുള്ളതാവട്ടെ എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇതിനായി പ്രത്യേക മലയാളഭാഷവികസനവകുപ്പും കാര്യാലയവും ഉണ്ടാകുന്നത് ഉചിതമായിരിക്കും. ശ്രേഷ്ഠഭാഷയ്ക്കായി പരിശ്രമിച്ച ഇരുസര്‍ക്കാരിനെയും കമ്മിറ്റി അംഗങ്ങളെയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു.
(ലേഖിക മലയാള ഐക്യവേദി കണ്‍വീനറാണ്)

2013 ജൂൺ 20, വ്യാഴാഴ്‌ച

മാതൃഭാഷയും പരിസ്ഥിതിയും - ഡോ. വത്സലന്‍ വാതുശ്ശേരി

മാതൃഭാഷയും ഇതരഭാഷകളും തമ്മില്‍ പ്രവര്‍ത്തനത്തില്‍ വലിയ അന്തരമുണ്ട്. ആശയസംവേദനത്തിന് ഉപയോഗിക്കുന്ന ഭാഷാമാധ്യമം എന്നതിനപ്പുറം മാതൃഭാഷ ഒരു ആവാസവ്യവസ്ഥകൂടിയാണ്. മാതൃഭാഷ, ഓരോ വ്യക്തിക്കും നല്‍കുന്ന ആവാസപരമായ സുരക്ഷിതബോധവും പരിസരബോധവും സാംസ്‌കാരികമായ സ്വത്വബോധവും അന്യഭാഷയ്ക്ക് നല്‍കാനാവുന്നതല്ല. ലോകത്തെവിടെയും ഒരുവ്യക്തിയുടെ സ്വത്വനിര്‍ണയനത്തിനുള്ള ഉപാധികളിലൊന്ന് അയാളുടെ മാതൃഭാഷയാണ്. ഭാഷയും സംസ്‌കാരവും തമ്മില്‍ ഇഴപിരിക്കാന്‍ കഴിയാത്ത നാടുകളെ സംബന്ധിച്ച് സ്വത്വനിര്‍ണയനത്തിന്റെ പ്രധാന ഉപാധിയും മാതൃഭാഷയാണ്. മലയാളം ഇത്തരത്തിലുള്ള ഒരു ഭാഷയാണ്.

ഒരു വ്യക്തി തന്റെ ചുറ്റുപാടുകളെ സൂക്ഷ്മതലത്തില്‍ ഗ്രഹിക്കുന്നതും തന്റെ ലോകബോധത്തിലേക്ക് സ്വാംശീകരിക്കുന്നതും മാതൃഭാഷവഴിയാണ്. മാതൃഭാഷ ഒരു ജൈവസാന്നിധ്യമായാണ് അവനില്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ, മാതൃഭാഷയിലൂടെയാണ് ഏതൊരാള്‍ക്കും ഒരു പരിസരജീവിതം ഉണ്ടാകുന്നതെന്നര്‍ഥം. ഒരാളുടെ പരിസ്ഥിതിബോധം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും അയാളുടെ മാതൃഭാഷാ പദകോശത്തിലാണെന്ന് പറയാം. തെങ്ങ് എന്ന വൃക്ഷത്തെ തന്നെയെടുക്കുക. തെങ്ങുമായി ബന്ധപ്പെട്ട് വിപുലമായ ഒരു പദകോശം മലയാളത്തിലുണ്ട്. മലയാളം മാതൃഭാഷയായിട്ടുള്ളവര്‍ തെങ്ങിനെ അറിയുന്നത് ഈ പദസമ്പത്ത് മുന്‍നിര്‍ത്തിയാണ്. തെങ്ങ്, ഓല, പട്ട, ഈര്‍ക്കിള്‍, കൊതുമ്പ്, കോഞ്ഞാട്ട, വെള്ളയ്ക്ക, കരിക്ക്, ഇളനീര്‍, പൊങ്ങ്, കൊപ്ര, വെളിച്ചെണ്ണ, ചിരട്ട, ചകിരി, മടല്‍, മൊരി എന്നിങ്ങനെ നീണ്ടുപോകുന്ന ആ പദകോശം. മാതൃഭാഷ വിട്ട് ഒരു അന്യഭാഷയില്‍ വ്യവഹരിക്കാന്‍ തുടങ്ങുന്ന ഒരാള്‍ക്ക് ഈ വാക്കുകള്‍ക്ക് തുല്യമായി ആ അന്യഭാഷയിലുള്ള എല്ലാ പദങ്ങളും അറിയേണ്ടിവരുന്നില്ല. തുല്യമായ പദങ്ങള്‍ ആ ഭാഷയില്‍ ഉണ്ടാവണമെന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ അവ പ്രയോഗിക്കാന്‍ അവസരവുമില്ല. സ്വാഭാവികമായും അയാളുടെ പ്രയോഗമേഖലയിലില്ലാത്ത പദങ്ങളും അത് സംവഹിക്കുന്ന ആശയങ്ങളും അയാളില്‍നിന്ന് അന്യമായി ഭവിക്കുന്നു. കോക്കനട്ട് ലീഫ്, കോക്കനട്ട് ഓയില്‍, കോക്കനട്ട് ട്രീ എന്നൊക്കെയുള്ള പദങ്ങള്‍കൊണ്ട് തെങ്ങുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഇംഗ്ലീഷില്‍ കൈമാറാന്‍ ഒരാള്‍ക്ക് കഴിയുമായിരിക്കാം. എന്നാല്‍, കോഞ്ഞാട്ടയും കൊതുമ്പും തെങ്ങിന്‍മൊരിയുമൊക്കെ അയാളുടെ വ്യവഹാരത്തില്‍നിന്ന് പുറത്താകുന്നു. അതോടെ അത് പ്രതിനിധാനംചെയ്യുന്ന പരിസ്ഥിതിജ്ഞാനവും അയാള്‍ക്ക് അന്യമായിത്തീരുന്നു.

തെങ്ങിന്‍പട്ടയുടെ ചുവടുഭാഗത്ത് പൂപ്പല്‍പോലെ കാണപ്പെടുന്ന ഒരു വസ്തുവാണ് 'മൊരി'. കേരളത്തിലെ ചില പ്രദേശങ്ങളില്‍ മുറിവുണക്കാനുള്ള ഉപാധിയായി ഇത് ഉപയോഗിക്കാറുണ്ട്. മൊരി എന്ന വാക്കിന് തുല്യമായി ഇംഗ്ലീഷില്‍ ഒരു വാക്കുണ്ടോ എന്നറിയില്ല. എന്തായാലും മൊരി എന്ന വാക്ക് നഷ്ടപ്പെടുന്നതോടെ ആ വസ്തു അയാള്‍ക്ക് അജ്ഞാതമായി മാറുന്നു. അതിന്റെ ഉപയോഗവും അജ്ഞാതമായി മാറുന്നു. നമ്മുടെ തദ്ദേശീയമായ ഔഷധപ്രയോഗങ്ങള്‍ പലതും നമുക്ക് അന്യമായി മാറുന്നതിന് ഒരു കാരണം അവയുടെ ഭാഷാപരമായ കോഡുകളുടെ-പദങ്ങളുടെ-നഷ്ടമാണ്. നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ ധാരാളം ഔഷധസസ്യങ്ങളുണ്ട്. പഴമക്കാര്‍ക്ക് അവയുടെ പേരും പ്രയോഗവും പരിചയമുണ്ടായിരുന്നു. പേരും സസ്യവും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അറിവ് ഇല്ലാതാവുന്നതോടെ ആ സസ്യംതന്നെ അവഗണനയിലേക്ക് പോകുന്നു. പേരറിയാത്തതുകൊണ്ടാണ് നമ്മുടെ ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങള്‍ നമ്മള്‍ നശിപ്പിച്ചുകളയുന്നത്. അങ്ങനെ നമ്മുടെ പദകോശത്തിലെ കുറവ് പരിസ്ഥിതിയെ നേരിട്ടുതന്നെ ബാധിക്കുന്നു. നമ്മുടെ മാതൃഭാഷാ വ്യവഹാരത്തിന്റെ സ്ഥിതിതന്നെ ഇപ്രകാരമാണെങ്കില്‍ അന്യഭാഷാ വ്യവഹാരത്തിലെത്തുമ്പോള്‍ നമ്മുടെ പരിസ്ഥിതിബോധത്തിന് എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ല.

നമ്മുടെ സമസ്ത വ്യവഹാരങ്ങളും നിലനില്‍ക്കുന്നത് ഭാഷാധിഷ്ഠിതമായാണെന്ന് ആധുനിക ഭാഷാശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. ഭാഷയില്ലാതെ ചിന്തയോ ആശയമോ ഉണ്ടാവുകയില്ല. ഇത് എല്ലാ ഭാഷാവ്യവഹാരങ്ങളിലും ബാധകമായ കാര്യമാണ്. പരിസ്ഥിതിയുടെ കാര്യത്തിലാവുമ്പോള്‍ ഏതെങ്കിലും ഭാഷയുമായല്ല, മാതൃഭാഷയുമായാണ് അത് ബന്ധപ്പെട്ടുനില്‍ക്കുന്നത്. പരിസ്ഥിതി നിലനില്‍ക്കുന്നത് മിക്കവാറും മാതൃഭാഷയില്‍ത്തന്നെയാണ്. മാതൃഭാഷയുടെ വ്യവഹാരമണ്ഡലത്തിലാണ് ഒരാളുടെ പരിസരജീവിതവും പരിസ്ഥിതിജീവിതവും യഥാര്‍ഥത്തില്‍ പ്രവര്‍ത്തനക്ഷമമാവുന്നത്. അതുകൊണ്ടുതന്നെ മാതൃഭാഷയുമായുള്ള ബന്ധം ദുര്‍ബലപ്പെടുന്നതിനനുസരിച്ച് പരിസ്ഥിതിയുമായുള്ള ബന്ധവും ദുര്‍ബലമാവും. അതുകൊണ്ട് പരിസ്ഥിതിസംരക്ഷണത്തിനുള്ള ഒരു പ്രധാനമാര്‍ഗം മാതൃഭാഷയുമായുള്ള ബന്ധം ദൃഢപ്പെടുത്തുക എന്നതാണ്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മിക്ക സ്‌കൂളുകളിലെയും പഠനമാധ്യമം മാതൃഭാഷയല്ല, ഇംഗ്ലീഷാണ്. കേരളത്തില്‍ ഇതിന്റെ അനുപാതം വളരെ കൂടുതലാണ്. സമീപകാലത്തായി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശത്തിനും കാര്‍ഷികവിമുഖതയ്ക്കും പിന്നില്‍ പഠനമാധ്യമത്തിലുണ്ടായ ഈ മാറ്റവും പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ ഗാര്‍ഹികാന്തരീക്ഷത്തില്‍ മാതൃഭാഷതന്നെയാണ് ഉപയോഗിക്കുന്നത്. അത്രത്തോളം പാരിസ്ഥിതികാവബോധം അവര്‍ ആര്‍ജിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇംഗ്ലീഷ് മീഡിയത്തിലുള്ള വിദ്യാഭ്യാസം ആരംഭിക്കുന്നതോടുകൂടി ഈ പാരിസ്ഥിതികബന്ധത്തിന് സ്വാഭാവികമായ തുടര്‍ച്ച എളുപ്പമല്ലാതായിമാറുന്നു. മാതൃഭാഷാവ്യവഹാരത്തിലൂടെ ലഭ്യമാവുന്ന, ലഭ്യമാവേണ്ടുന്ന പരിസ്ഥിതിപദസമ്പത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷ്ഭാഷയിലൂടെ കടന്നുവരുന്ന പദങ്ങള്‍ക്കും പരിസ്ഥിതിബന്ധത്തിനും മാത്രമേ അവസരം ലഭിക്കുന്നുള്ളൂ. ഈ അറിവ് യാന്ത്രികമോ സാങ്കേതികമോ ആണ്, ജൈവികമല്ല. നമ്മുടെ ജീവിതാനുഭവങ്ങളില്‍ നിന്നല്ല അത്തരം അറിവുകള്‍ കടന്നുവരുന്നത് എന്നതുതന്നെ കാരണം.

പരിസ്ഥിതിയെ സംബന്ധിച്ച വസ്തുനിഷ്ഠമായ ചില അറിവുകള്‍ അതിലൂടെ നേടാനായേക്കാം. എന്നാല്‍, പരിസ്ഥിതിയുമായുള്ള ആത്മബന്ധം അതിലൂടെ ഉണ്ടാക്കാനാവുകയില്ല. മാത്രമല്ല, മുന്‍പറഞ്ഞപോലെ പരിസ്ഥിതിജീവിതവുമായി ബന്ധപ്പെട്ട നിരവധി വാക്കുകള്‍ പ്രയോഗിക്കാന്‍ അവസരമില്ലാതെ നഷ്ടപ്പെട്ടുപോവുകയും ചെയ്യും. ഭാഷയുടെ മേഖലയിലുണ്ടാവുന്ന ഈ നഷ്ടം ജീവിതബോധത്തിലും ലോകബോധത്തിലുമൊക്കെ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുക. പരിസ്ഥിതി സമ്പര്‍ക്കമില്ലാത്ത, പരിസ്ഥിതിബോധം ദുര്‍ബലമായ ഒരു തലമുറയാണ് ഇങ്ങനെ ഉണ്ടായിത്തീരുന്നത്. ഇംഗ്ലീഷ് മാധ്യമത്തിലൂടെ പഠിച്ചുവരുന്ന ഒരു തലമുറ ഉന്നതമായ കരിയര്‍ ആര്‍ജിക്കുന്നുണ്ടാവാം. എന്നാല്‍, സാമൂഹികബോധം, പൗരബോധം, സാംസ്‌കാരികാവബോധം, കാര്‍ഷികാഭിമുഖ്യം, പരിസ്ഥിതിബോധം, ചരിത്രബോധത്തോടുകൂടിയ വായനശീലം തുടങ്ങിയവ അവരില്‍ താരതമ്യേന ദുര്‍ബലമായിരിക്കും. ഇങ്ങനെയുള്ള ഒരു വിഭാഗത്തിന് മേല്‍ക്കോയ്മ കിട്ടുന്ന ഒരു ലോകത്ത് പരിസ്ഥിതി ഒരു ജൈവാനുഭവമല്ലാതാവും. കാര്‍ഷികവൃത്തിയോട് ആഭിമുഖ്യമില്ലാതാവും.

ഇതിന്റെ ദൂഷ്യഫലങ്ങള്‍ കേരളം അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. മലയിടിക്കാനും വയല്‍ നികത്താനും മരം മുറിക്കാനും ജീവികളെ കൊന്നൊടുക്കാനും വികസനത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായി പെരുമാറാനും കീടനാശിനികള്‍ ആവശ്യംതന്നെ എന്ന് വാദിക്കാനും മനുഷ്യനെ പരീക്ഷണവസ്തുവാക്കാനും കൃഷിയെ അവജ്ഞയോടെ കാണാനും മടിയില്ലാത്ത ഒരു തലമുറ വളര്‍ന്നുവരുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണം മാതൃഭാഷയെ മറന്നുകൊണ്ട് നമ്മള്‍ നടത്തിയ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളാണ്. പരിസ്ഥിതി നഷ്ടപ്പെടുത്തുന്നതിനുമുമ്പേ നമ്മള്‍ മാതൃഭാഷയെ നഷ്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്. മാതൃഭാഷയുടെ നഷ്ടമാണ് പരിസ്ഥിതിയുടെ നഷ്ടമായി പിന്നീട് നമുക്ക് അനുഭവിക്കാനിടവരുന്നത്; വലിയ ഒരളവോളമെങ്കിലും. ഇംഗ്ലീഷ്മീഡിയത്തോടുള്ള വിവേകരഹിതമായ അഭിനിവേശം കൈവെടിഞ്ഞ് സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ മാതൃഭാഷാമാധ്യമത്തെ 
പൂര്‍ണമായും പുനഃസ്ഥാപിക്കുന്നില്ലെങ്കില്‍ പിന്നീട് അതിനുള്ള മറുപടി നല്‍കുക പരിസ്ഥിതിതന്നെയായിരിക്കും. ദയാരഹിതമായ ആ മറുപടി അത്ര അകലെയൊന്നുമായിരിക്കില്ലെന്നും നമ്മള്‍ കരുതിയിരിക്കുക.

2013 ജൂൺ 12, ബുധനാഴ്‌ച

സഭയില്‍ മലയാളം മുഴങ്ങി

തിരുവനന്തപുരം: ആറ് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ‘ഓണറബിള്‍ മെംബേഴ്സ് ഓണറബിള്‍ സ്പീക്കര്‍’ എന്ന വിളിച്ചുചൊല്ലല്‍ നിയമസഭയില്‍ നിന്ന് പടിയിറങ്ങി.പകരം മലയാളം സ്ഥാനം പിടിച്ചു. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിനെ തുടര്‍ന്നാണ് മാറ്റം.
സ്പീക്കര്‍ സഭയില്‍ പ്രവേശിക്കുന്നതിന് വരവറിയിക്കുന്ന സമ്പ്രദായം ആരംഭിച്ചത് 1949 ഡിസംബറില്‍ തിരു-കൊച്ചി നിയമസഭയിലാണ്. സ്പീക്കര്‍ വരുന്ന വിവരം സഭയെ അറിയിക്കണമെന്ന് 1949 ഡിസംബര്‍ 13ന് തിരു-കൊച്ചി സഭയില്‍ കെ.കൊച്ചുകുട്ടനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്പീക്കര്‍ ടി.എം. വര്‍ഗീസിന്‍െറ നിര്‍ദേശ പ്രകാരം ‘ഓണറബിള്‍ മെംബേഴ്സ് ഓണറബിള്‍ സ്പീക്കര്‍’ എന്ന അറിയിപ്പ് നിലവില്‍ വന്നു. ആദ്യകാലത്ത് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിമാരാണ് ഇത് വിളിച്ചു പറഞ്ഞിരുന്നത്. പിന്നീടാണ് സുരക്ഷാ ചുമതലയുള്ള മാര്‍ഷലിന്‍െറ ചുമതലയായത്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സഭയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ‘ബഹുമാനപ്പെട്ട അംഗങ്ങളേ, ബഹുമാനപ്പെട്ട സഭാധ്യക്ഷന്‍’എന്ന അറിയിപ്പാണ് വന്നത്. കൈകള്‍ കൂപ്പി നമസ്കാരം പറഞ്ഞാണ് സഭാധ്യക്ഷനെ അംഗങ്ങള്‍ എതിരേറ്റത്.