2012 ജൂൺ 11, തിങ്കളാഴ്‌ച

പ്ലസ് വണ്‍ പ്രവേശനം: കേരള സിലബസുകാരുടെ സാധ്യത മങ്ങുന്നു

മലപ്പുറം: പൊതുപരീക്ഷകൂടാതെ പത്താംക്ലാസ് യോഗ്യത നേടിയ സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് ഏകജാലകം വഴി പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നല്‍കിയത് സംസ്ഥാന സിലബസുകാരായ നിരവധി വിദ്യാര്‍ഥികളുടെ സാധ്യത ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ട്രയല്‍ അലോട്ട്‌മെന്റ് പുറത്തുവന്നപ്പോള്‍ സി ബി എസ് ഇ വിദ്യാര്‍ഥികളില്‍ മിക്കവരും സീറ്റുറപ്പിച്ചപ്പോള്‍ സാധാരണ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പുറത്താണ്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കേന്ദ്ര സിലബസില്‍ പഠിച്ചവര്‍ക്കും ആദ്യ അലോട്ട്‌മെന്റ് മുതല്‍ തന്നെ സംസ്ഥാന സിലബസിലേക്ക് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കുകയായിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ സി ബി എസ് ഇ, ഐ സി എസ് ഇ ക്കാര്‍ക്ക് മൂന്നാമത്തെ അലോട്ട്‌മെന്റ് മുതലാണ് ഇതിനുളള അവസരം ലഭിച്ചിരുന്നത്. അപ്പോള്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് നല്‍കിയതിനു ശേഷമുള്ള സീറ്റുകളിലാണ് സി ബി എസ് ഇ ക്കാര്‍ പ്രവേശനം നേടാറുളളത്. ഇക്കുറി സംസ്ഥാനത്തെ പത്താംക്ലാസ് ഫലം നേരത്തേ വന്നെങ്കിലും കേന്ദ്ര സിലബസുകാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം ഒരുക്കുന്നതിന് ഏകജാലക സംവിധാനത്തിന്റെ നടപടിക്രമങ്ങള്‍ വൈകിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. പൊതു പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യതനേടുന്ന സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സ്‌കൂള്‍തല പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്കുമായെത്തുന്ന സി ബി എസ് ഇക്കാര്‍ ഉയര്‍ത്തുന്നത്.

സി ബി എസ് ഇ യില്‍ പരീക്ഷാബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ എഴുതണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ തല പരീക്ഷയെഴുതി യോഗ്യത തെളിയിക്കുകയാണ് ചെയ്യുന്നത്. സി ബി എസ് ഇ സ്‌കൂളുകളുടെ സംഘടന തയ്യാറാക്കുന്ന മാതൃകാ ചോദ്യപേപ്പറില്‍ നിന്ന് അതാത് സ്‌കൂളുകള്‍ താത്പര്യമുള്ള ഒരെണ്ണം തിരഞ്ഞെടുക്കുകയാണ് പതിവ്. മൂല്യനിര്‍ണയവും അതാത് സ്‌കൂളുകളില്‍ തന്നെയാണ് നടത്തുന്നത്. സ്‌കൂള്‍ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് സി ബി എസ് ഇ ക്ക് അപ്‌ലോഡ് ചെയ്ത് നല്‍കിയാല്‍ ബോര്‍ഡ് മാര്‍ക്ക് ലിസ്റ്റ് നല്‍കും. ഈ സാഹചര്യത്തില്‍ സി ബി എസ് ഇക്കാര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കാനുള്ള സ്ഥിതിവിശേഷമാണുള്ളത്. ഇങ്ങനെ ലഭിക്കുന്ന മാര്‍ക്കും സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടത്തുന്ന പൊതുപരീക്ഷയായ എസ് എസ് എല്‍ സിയുടെ മാര്‍ക്കും തുല്യമായാണ് പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കുന്നത്. സ്വാഭാവികമായും സ്‌കൂള്‍ നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിക്കുന്ന സി ബി എസ് ഇ വിദ്യാര്‍ഥികളുടെ മെറിറ്റുമായി തട്ടിച്ചുനോക്കുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ നിന്ന് പത്താംക്ലാസ് പരീക്ഷയെഴുതി മികച്ച ഗ്രേഡ് നേടിയവര്‍ പോലും വളരെ പിറകിലാണ്.

2012 മേയ് 17, വ്യാഴാഴ്‌ച

ഡോ. എം.എന്‍.കാരശ്ശേരിക്ക് സ്‌നേഹാദരം

പുസ്തകപ്രകാശനം, പ്രഭാഷണം

മെയ് 19 ശനി 2.30
സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ ഹാള്‍, മാനാഞ്ചിറ, കോഴിക്കോട്

ശ്രീ.അബ്ദുസ്സമദ് സമദാനി
എം.എല്‍.
ശ്രീ..പ്രദീപ്കുമാര്‍ എം.എല്‍.
ഡോ.സി.രാജേന്ദ്രന്‍
ഡോ.പി.പവിത്രന്‍
കെ.സി.നാരായണന്‍
എന്നിവര്‍ പങ്കെടുക്കുന്നു

പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍:
തായ്‌മൊഴി
നല്ല മലയാളം
ഡോ.എം.എന്‍.കാരശ്ശേരി

നവമാര്‍ക്‌സിസ്റ്റ് വിമര്‍ശനം
മലയാളത്തില്‍
സി.കെ.സതീഷ് കുമാര്‍

പുസ്തക പരിചയം:
ഡോ.കെ.എം.ഭരതന്‍,
പി.സുരേഷ്

ആമുഖഭാഷണം:
ഡോ.പി.പവിത്രന്‍

പ്രഭാഷണം:
വൈജ്ഞാനികഭാഷ എന്ന നിലയില്‍
മലയാളത്തിന്റെ ഭാവി
ഡോ. സി.രാജേന്ദ്രന്‍

2012 ഏപ്രിൽ 6, വെള്ളിയാഴ്‌ച

മലയാളം ഒന്നാം ഭാഷ: സര്‍ക്കാര്‍ ഉത്തരവുകളെല്ലാം ഏട്ടിലെ പശുവായി

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയാക്കുന്നതിന് സര്‍ക്കാര്‍ മൂന്ന് ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും വര്‍ഷം ഒന്നായിട്ടും ഒരു തുടര്‍ നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായില്ല . അടുത്ത അധ്യയന വര്‍ഷവും മലയാളം ഒന്നാംഭാഷയാക്കല്‍ ഉത്തരവുകളില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത. വിവിധ തരത്തില്‍പ്പെടുന്ന സ്‌കൂളുകളില്‍ വ്യത്യസ്തമായ തുടര്‍ നടപടികളെടുത്താലെ ഈ നിര്‍ദേശം പ്രായോഗികമായി നടപ്പാകൂ. മറ്റെല്ലാ സംസ്ഥാനങ്ങളും അവരവരുടെ മാതൃഭാഷ ഒന്നാംഭാഷയാക്കിയിട്ടും കേരളത്തില്‍ മാത്രം ഇതിന് തുടര്‍ച്ചയായി തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് മലയാളികളായ ഉദ്യോഗസ്ഥര്‍ തന്നെയെന്നതാണ് ഏറെ കൗതുകം.

പൊതുവിദ്യാലയങ്ങളില്‍ മലയാളം ഒന്നാംഭാഷയാക്കണമെന്നതാണ് ഉത്തരവിലെ ആദ്യ നിര്‍ദേശം. ഇതിനായി മലയാളത്തിന് അധിക പീരിയഡുകള്‍ കണ്ടെത്തണം. എല്ലാ സ്‌കൂളുകളിലും അതുണ്ടായില്ല. ആവശ്യമായ തസ്തികയും സൃഷ്ടിച്ചിട്ടില്ല. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായിട്ടുള്ള കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ അവസരം നല്‍കണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു. ഇത് സംബന്ധിച്ച് ഒരു കത്ത് പോലും സ്‌കൂളുകളിലേക്ക് ഇനിയും അയച്ചിട്ടില്ല. അറബി, സംസ്‌കൃതം, ഓറിയന്റല്‍ സ്‌കൂളുകളില്‍ ഒന്നാം ഭാഷ പാര്‍ട്ട് രണ്ടില്‍ പഠിപ്പിക്കണം. എന്നാല്‍ ഇക്കാര്യം സംബന്ധിച്ചും ഒരു കത്തുപോലും ഡി.പി.ഐ ഓഫീസില്‍ നിന്ന് സ്‌കൂളുകളിലേക്ക് പോയിട്ടില്ല.

സ്‌പെഷ്യല്‍ ഇംഗ്ലീഷ് അടക്കമുള്ളവ ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്നതായിരുന്നു മറ്റൊരു നിര്‍ദേശം. ഇക്കാര്യത്തിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. കേന്ദ്രസിലബസ് സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കണമെന്നാണ് നിര്‍ദേശം. ഇത്തരം സ്‌കൂളുകള്‍ക്ക് നല്‍കുന്ന അംഗീകാര സര്‍ട്ടിഫിക്കറ്റില്‍ ഇതൊരു വ്യവസ്ഥയാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തെ നിയമം ഇത്തരം സ്‌കൂളുകള്‍ക്ക് ബാധകമല്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. മാത്രമല്ല പുതുതായി ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പോലും ഈ മാനദണ്ഡം ബാധകമാക്കിയിട്ടില്ല.

വി.എച്ച്.എസ്.സിയില്‍ മലയാളം പഠിപ്പിക്കുന്നേയുണ്ടായിരുന്നില്ല. മലയാളം പഠിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതുമുണ്ടായില്ല. ഹയര്‍ സെക്കന്‍ഡറിയില്‍ മലയാളം , ഉറുദു, അറബി, സംസ്‌കൃതം , ഹിന്ദി എന്നിവ പഠിപ്പിക്കുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മലയാളത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും ആയിട്ടില്ല. അറബി, ഉറുദു, സംസ്‌കൃതം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ടായി.

അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്ക് എസ്.സി ഇ.ആര്‍.ടി.തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിക്കാമെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന കുട്ടികള്‍ ഒന്നാംഭാഷയായി മലയാളം പഠിക്കണം. എന്നാല്‍ ഇതിനുള്ള പാഠപുസ്തകവും തയ്യാറായിട്ടില്ല. ഇതേസമയം സമാന ആവശ്യത്തിനുള്ള സ്‌പെഷ്യല്‍ ഇംഗ്ലീഷ്, ആഡീഷണല്‍ ഹിന്ദി എന്നിവയ്ക്കുള്ള പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുമുണ്ട്.

അടുത്ത അധ്യയന വര്‍ഷമെങ്കിലും മലയാളം ഒന്നാം ഭാഷയായി സ്‌കൂളുകളില്‍ പഠിക്കണമെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടായേ കഴിയൂവെന്നിരിക്കെ, ഉദ്യോഗസ്ഥ തലത്തില്‍ മലയാളത്തോട് ചിറ്റമ്മനയമാണ് പുലര്‍ത്തുന്നതെന്ന് ആക്ഷേപമുയരുന്നു. ഐക്യമലയാളപ്രസ്ഥാനം ഇത് സംബന്ധിച്ച വിശദമായ പരാതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അടുത്ത അധ്യയന വര്‍ഷം മുതല്‍ മലയാള ഭാഷാ പഠനം അവഗണിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രമുഖ സാഹിത്യ സാംസ്‌കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഐക്യമലയാളപ്രസ്ഥാനം ഭാരവാഹികള്‍ പറഞ്ഞു.
മാതൃഭൂമി