2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

പൊതുജീവിതത്തിൽ മാതൃഭാഷാഭിമാനം ഉയർത്തിപ്പിടിക്കുക.

പൊതുജീവിതത്തിൽ, മാതൃഭാഷയായ മലയാളത്തെക്കാൾ മഹത്തരമാണ് ഇംഗ്ലീഷെന്ന മിഥ്യാബോധം നമ്മുടെയിടയിൽ നിലനിൽക്കുന്നുണ്ട്. നിയമം കൊണ്ടോ ഉത്തരവു കൊണ്ടോ പൂർണമായി പരിഹരിക്കാവുന്ന വിഷയമല്ല ഇത്. കൊളോണിയൽ ഭൂതം മിഥ്യാഭിമാനമായി ആവേശിച്ചതിനെ കുടഞ്ഞു കളയേണ്ടതുണ്ട്. കല്യാണക്കത്തുകൾ, കടകളുടെ ബോർഡുകൾ, വീട്ടു പേരുകൾ ഇവയെല്ലാം ഇംഗ്ലീഷിലെഴുതുന്നതാണ് അന്തസ്സ് എന്നത് സാമാന്യ ബോധമായിരിക്കുന്നു. സ്ഥലനാമങ്ങളും ഔദ്യോഗിക ഫലകങ്ങളും കടകളുടെ പേരുകളും മറ്റേതു ഭാഷയിലും ഉണ്ടായിക്കൊള്ളട്ടെ, അവയിലെല്ലാം ഒന്നാം സ്ഥാനം നൽകി മലയാളത്തിൽക്കൂടി എഴുതുമ്പോഴേ ഭാഷാ ജനാധിപത്യത്തിലേക്ക് നമുക്കു പ്രവേശിക്കാനാകൂ. മാതൃഭാഷയിലൂടെയാണ് ഒരു ബഹുഭാഷാലോകത്തെ നാം സ്വപ്നം കണ്ടു തുടങ്ങേണ്ടത്. വലിയ തോതിലുള്ള ബോധ നിർമ്മാണ പ്രവർത്തനവും ഇതര പ്രായോഗിക പ്രവർത്തനങ്ങളും ഭാഷാ പ്രവർത്തകർ ഏറ്റെടുക്കേണ്ടതുണ്ട്. നിലവിലുള്ള ഭാഷാ ഉത്തരവുകൾ നടപ്പിലാക്കുന്നുണ്ടോ എന്ന് നാം നിരന്തരം പരിശോധിച്ചു കൊണ്ടേയിരിക്കണം. ബാങ്കിടപാടുകൾക്കുള്ള
ഫോറങ്ങൾ, മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള ബില്ലുകൾ,  രോഗവിവരങ്ങളുടെ രേഖപ്പെടുത്തലുകൾ, ആയുർവേദമുൾപ്പെടെയുള്ള മരുന്നു കുറിപ്പടികൾ, കെ.എസ്.ആർ.ടി.സി.ടിക്കറ്റുകൾ, ഉപകരണങ്ങളുടെ ഉപയോഗക്രമം വിശദീകരിക്കുന്ന കുറിപ്പുകൾ..... എല്ലാം ഇംഗ്ലീഷിലാണ്. ഇതര സംസ്ഥാനങ്ങളിൽ ഇതല്ല സ്ഥിതിയെന്നറിയേണ്ടതുണ്ട്. പുത്തൻ സാങ്കേതിക വിദ്യകൾക്ക് ഏതെങ്കിലുമൊരു ഭാഷയോട് യാതൊരു കൂറുമില്ല. ഇവയെല്ലാം എളുപ്പത്തിൽ സാധാരണ ജനത്തിന്റെ ഭാഷയിലേക്ക് മാറ്റാനാകും. നമ്മുടെ തൊട്ടടുത്തുള്ള ചുറ്റുപാടുകളിൽ നിന്നാണ് നാം ഭാഷാവാദം ഉയർത്തിക്കൊണ്ടുവരേണ്ടത്. ഭരണകൂടം മുകളിൽ നിന്ന് തളികയിൽ വച്ചു നൽകുന്ന ഉത്തരവുകളിലൂടെയല്ല, അടിത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങളിലൂടെയാണ് നമ്മുടെ മാതൃഭാഷയെന്ന പദവിയിലേക്ക് മലയാളത്തെ നാം കൈ പിടിച്ചു നടത്തേണ്ടത്. ഇത്തരം സമരങ്ങളുടെ ബാക്കിപത്രമാണ് കഴിഞ്ഞ അഞ്ചാറു വർഷക്കാലത്തുണ്ടായ ഭാഷാ സംബന്ധമായ മുഴുവൻ സർക്കാർ നടപടികളുമെന്നത് ഭാവിയിലേക്കുള്ള നമ്മുടെ ഊർജ്ജമാണ്. തോൽക്കാൻ തയ്യാറായി തുടങ്ങിയ ഒരു സമരമാണ്  ഭാവിയിലേക്കുള്ള വഴിയടയാളമായി നമ്മുടെ മുൻപിൽ നിൽക്കുന്നത്. കഴിഞ്ഞ പത്തു വർഷക്കാലയളവിൽ കേരളത്തിലുയർന്നു വന്ന വിഷയങ്ങളിൽ ഏറ്റവും മുന്നോട്ടു നീങ്ങിയ സമരമുഖം മാതൃഭാഷയുടേതാണെന്ന് നിസ്സംശയം പറയാം. പൊതുജീവിതത്തിൽ മാതൃഭാഷാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള ജീവിത സമരത്തിലാണ് നാം ഏർപ്പെടേണ്ടത്. കൊളോണിയൽ ഭാഷ എന്ന ഭൂതത്തെ കയ്യൊഴിയുകയെന്നാൽ ഒരു മനോഭാവത്തെക്കൂടിയാണ് നാം കയ്യൊഴിയുന്നത്. ഭാഷാ സ്വാതന്ത്ര്യമില്ലാത്ത രാഷ്ട്രീയ സ്വാതന്ത്ര്യത്തെയല്ല നാം പുണരേണ്ടതെന്ന വലിയ തിരിച്ചറിവാണത്. ഐക്യകേരളത്തിലെ മാതൃഭാഷയായി മലയാളത്തെ മാറ്റിത്തീർക്കാനുള്ള ഉടമ്പടിയുടെ പേരായിത്തീരണം ഐക്യമലയാള പ്രസ്ഥാനം.

നമ്മുടെ അസ്വാതന്ത്ര്യത്തെക്കുറിച്ചു പറയാനുള്ള ഭാഷപോലും കൈവശമില്ലാത്തതുകൊണ്ടാണ്  സ്വതന്ത്രരാണെന്നു നമുക്കു തോന്നുന്നത്.
                                        - സിസെക്

ഒക്ടോബർ 22 മുതൽ 31 വരെ മാതൃഭാഷാവകാശ ജാഥ കാസർഗോഡ് - തിരുവനന്തപുരം. ആശയ പ്രചാരണത്തിലും പ്രായോഗിക പ്രവർത്തനങ്ങളിലും പങ്കാളിയാകൂ...

കോടതിഭാഷ മലയാളമാക്കുക, നരേന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക.

ആധുനിക ജനാധിപത്യത്തിന്റെ അടിത്തറകളിൽ നീതിന്യായ വ്യവസ്ഥയ്ക്കും കോടതികൾക്കും നിർണായ സ്ഥാനമാണുള്ളത്. എന്നാൽ കോടതി സംവിധാനങ്ങൾ മാതൃഭാഷയിലാകാതിരിക്കുന്നത് ഈ ജനാധിപത്യ പ്രക്രിയയെ പിന്നോട്ടടിക്കുന്നതാണ്. അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. വാദിക്കും പ്രതിക്കും മനസ്സിലാകാത്ത ഭാഷയിൽ വാദം നടക്കുന്നു. വിധിന്യായവും അങ്ങനെതന്നെ. എന്തൊക്കെ നിയമപരമായ നടപടിക്രമങ്ങളിലൂടെയാണ് തങ്ങളെ ശിക്ഷിച്ചതെന്ന് വ്യക്തമായറിയാത്ത എത്രയോപേർ നമ്മുടെ ജയിലുകളിലുണ്ട്. വളരെക്കുറച്ചു പേർക്കു മാത്രം അറിയാവുന്ന ഭാഷയിൽ കോടതി നടപടികൾ നടക്കുമ്പോൾ, അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. 1973 മെയ് 11-ലെ പ്രത്യേക നോട്ടിഫിക്കേഷൻ പ്രകാരം ഹൈക്കോടതിക്കു കീഴിൽ വരുന്ന എല്ലാ സിവിൽ, ക്രിമിനൽ കോടതികളിലും ഇംഗ്ലീഷോ മലയാളമോ ഉപയോഗിക്കാം. എന്നാൽ അത് നടപ്പിലായില്ല. ജസ്റ്റിസ് കെ.കെ.നരേന്ദ്രൻ അധ്യക്ഷനായ കമ്മിറ്റി 1987-ൽ നൽകിയ റിപ്പോർട്ട്, എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും കോടതി ഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല എന്ന് നിർദ്ദേശിക്കുകയുണ്ടായി. നീതി തേടി കോടതിയിലെത്തുന്ന സാധാരണക്കാർക്കും കോടതി നടപടികൾക്കും മധ്യേ നിലകൊള്ളുന്ന ഇരുമ്പുമറയാണ് ഇംഗ്ലീഷ് എന്നും അതു മാറിയാലേ കോടതി നടപടികളിൽ സാധാരണക്കാർക്ക് സഹകരിക്കാൻ കഴിയൂ എന്നും കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. കോടതി നടപടികൾ മാതൃഭാഷയിലാക്കുന്ന പ്രക്രിയയിൽ ഏറ്റവും പിറകിൽ നിൽക്കുന്നത് കേരളമാണ് എന്നും കമ്മിറ്റി നിരീക്ഷിച്ചു. ഭരണം ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് അറിയാവുന്ന അവരുടെ മാതൃഭാഷയിലായിരിക്കണമെന്ന ഉറച്ച അഭിപ്രായമാണ് ഭരണഘടനാ നിർമ്മാണ സമിതിക്കുണ്ടായിരുന്നത് എന്നാണ് ഇന്ത്യൻ ഭരണഘടനയുടെ 17-ാം ഭാഗത്തിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള അനുച്ഛേദങ്ങൾ വ്യക്തമാക്കുന്നത്.
കോടതിഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നടത്തിയ ഇടപെടലുകൾ ഈ ഘട്ടത്തിൽ ഓർക്കാം. ഐക്യമലയാള പ്രസ്ഥാനത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചരിത്രപരമാണ്. ഇതെത്തുടർന്ന് പൊടി തട്ടിയെണീറ്റ ഭരണതല കമ്മിറ്റികളും പ്രവർത്തനങ്ങളും പെരുവഴിയിൽത്തന്നെയാണ്. ഇംഗ്ലണ്ടിലെ കോടതികളിൽ ഒരു കാലത്ത് ലാറ്റിനും ഫ്രഞ്ചും മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷല്ലാത്ത ഭാഷയിൽ കോടതിയിൽ സംസാരിച്ചാൽ അൻപതു പവൻ പിഴ എന്ന നിയമം കൊണ്ടുവന്നാണ് ഇംഗ്ലണ്ടിൽ മാതൃഭാഷയായ ഇംഗ്ലീഷിനെ കോടതി ഭാഷയാക്കിയത് എന്നോർമ്മിക്കുക. ഇക്കാര്യത്തിലും നാം ഇംഗ്ലീഷ് മാതൃക സ്വീകരിച്ചിരുന്നെങ്കിൽ!
സംവിധാനങ്ങളുടെ ജനാധിപത്യവത്കരണം നടക്കേണ്ടത് മാതൃഭാഷയിലാണ്. സിവിൽ, ക്രിമിനൽ കേസുകളുടെ അടിസ്ഥാന രേഖകൾ മുഴുവനും മാതൃഭാഷയിലായിരിക്കുമ്പോൾ, വാദവും വിധിയും ഇംഗ്ലീഷിലാവുന്നത് വൈരുദ്ധ്യമാണ്. ജഡ്ജിക്ക് മലയാളമറിയില്ല, മലയാള നിയമ പുസ്തകങ്ങളില്ല, നിയമ വിദ്യാഭ്യാസം മലയാളത്തിലല്ല എന്നൊക്കെയുള്ള മുട്ടുന്യായങ്ങൾ ബഹുഭൂരിപക്ഷം വരുന്ന മാതൃഭാഷ മാത്രമറിയുന്ന ജനതയെ നോക്കി കൊഞ്ഞനം കുത്തുകയാണ്. ഇതെല്ലാം ഇച്ഛാശക്തിയുണ്ടെങ്കിൽ സാധ്യമാകാത്ത കാര്യങ്ങളല്ല. ഒരു ജനത, അവർക്കു വേണ്ടി അവരുടെ നികുതിപ്പണം കൊണ്ടാണ് ഈ സംവിധാനങ്ങളെ നിലനിർത്തുന്നത് എന്ന യാഥാർത്ഥ്യത്തോട് പുറം തിരിഞ്ഞു നിൽക്കുകയാണ് അനുഭവ യാഥാർത്ഥ്യം. ഈ മാതൃഭാഷാ നിഷേധം നിയമത്തിന്റെ എന്നതിനേക്കാൾ നീതിയുടെ വിഷയമാണ്. അതിനാൽ ഇത് നിയമം മൂലം തിരുത്തപ്പെടണം. കക്ഷിരാഷ്ട്രീയത്തിനതീതമായ മാതൃഭാഷാ പ്രസ്ഥാനമാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് നമ്മുടെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ.എം.എസ് പറഞ്ഞുവച്ചത് ഇവിടെ യോർക്കാം.
ഒക്ടോബർ 22 മുതൽ 31 വരെ മാതൃഭാഷാവകാശ ജാഥ കാസർഗോഡ് - തിരുവനന്തപുരം. ആശയ പ്രചാരണത്തിലും പ്രായോഗിക പ്രവർത്തനങ്ങളിലും പങ്കാളിയാകൂ....

മാതൃഭാഷ എഴുതാനും വായിക്കാനും കഴിയാത്തവർ സാക്ഷരരല്ല.

മാതൃഭാഷയിൽ എഴുതാനും വായിക്കാനുമറിയാതെ ഏതു ബിരുദവും കരസ്ഥമാക്കാൻ കഴിയുന്ന ലോകത്തിലെ അപൂർവ്വ സ്ഥലമാണ് കേരളം. പൊതു വിദ്യാലയങ്ങളിൽ മാതൃഭാഷയായ മലയാളം അവഗണിക്കപ്പെടുന്നു. മാതൃഭാഷാ മാധ്യമ പഠനം രണ്ടാംകിടയാവുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ പലതിലും മലയാളം ഒരു ഭാഷയായിപ്പോലും പഠിപ്പിക്കുന്നില്ല. ഓറിയൻറൽ സ്കൂളുകളിൽ മലയാളത്തിന് സ്ഥാനമില്ല. മാതൃഭാഷ എഴുതാനും വായിക്കാനും കഴിയാത്തവരാണ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന നമ്മുടെ കുട്ടികളിൽ പലരുമെന്നത് ഞെട്ടിപ്പിക്കുന്ന അനുഭവ യാഥാർത്ഥ്യമാണ്. മാതൃഭാഷ എഴുതാനും വായിക്കാനുമറിയുന്നതിനെയാണ് സാക്ഷരത എന്നു പറയുന്നത്. സ്വന്തം സമൂഹത്തോട് അക്ഷരത്തിലൂടെ വിനിമയം ചെയ്യാൻ പഠിക്കലാണത്. സമ്പൂർണ സാക്ഷര സംസ്ഥാനം എന്ന് കേരളത്തെ വിശേഷിപ്പിക്കണമെങ്കിൽ മാതൃഭാഷാ സാക്ഷരത നിർബന്ധമാക്കണം. നമ്മുടെ ഏറ്റവും മുതിർന്ന തലമുറ സാക്ഷരതാ പ്രസ്ഥാനത്തിലൂടെയും മറ്റും സാക്ഷരത കൈവരിച്ചെങ്കിൽ ഏറ്റവും ഇളയ തലമുറയെ നിരക്ഷരരാക്കുന്ന പ്രക്രിയയാണ് കേരളത്തിലെ മേൽപ്പറഞ്ഞ സ്കൂളുകളിൽ നടക്കുന്നത്. നിരക്ഷരരെ സൃഷ്ടിക്കുന്ന ഈ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യൻ ജനാധിപത്യത്തോടും സമ്പൂർണ സാക്ഷരത എന്ന പ്രഖ്യാപിത ലക്ഷ്യത്തോടുമുള്ള വെല്ലുവിളി കൂടിയാണ്. ഇത് നിയമംമൂലം നിരോധിക്കപ്പെടണം.
ഒക്ടോബർ 22 മുതൽ 31 വരെ മാതൃഭാഷാവകാശ ജാഥ കാസർഗോഡ് - തിരുവനന്തപുരം. ആശയ പ്രചാരണത്തിലും പ്രായോഗിക പ്രവർത്തനങ്ങളിലും പങ്കാളിയാകൂ....

ജാഥ കടന്നുപോകുന്ന വഴികള്‍.

ജാഥാറൂട്ട്.

2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

മാതൃഭാഷാവകാശ ജാഥ പോസ്റ്റര്‍.

മാതൃഭാഷാവകാശ ജാഥ പോസ്റ്റര്‍.

കൽപ്പറ്റ ഗവ: കോളേജിൽ യൂണിറ്റ് രൂപീകരിച്ചു.

കൽപ്പറ്റ ഗവ: കോളേജീൽ വിദ്യാർത്ഥി മലയാള വേദി യൂണിറ്റ് രൂപീകരിച്ചു .

സെക്രട്ടറി : അക്ഷയ്,

പ്രസിഡന്റ് :ഷഹാന.

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

മാതൃഭാഷാവകാശ ജാഥയില്‍ അണിചേരൂ..

മലയാളിയുടെ മാതൃഭാഷാ സ്നേഹത്തിന്‍റയുo,അതിന് വേണ്ടി നടത്തുന്ന സമര്‍പ്പിത (പയത്നങ്ങളുടേയുo ചുരുക്കപ്പേരാണ്
'മലയാള എെക്യവേദി'
ഇതിന്‍റെ തന്നെ വിദ്യാര്‍ത്ഥി വിഭാഗമാണ്
'വിദ്യാര്‍ത്ഥി മലയാള വേദി'
      ജാതിമത ഭേതമോ,കക്ഷി രാഷ്(ടീയ വേര്‍തിരിവുകളോയില്ലാതെ മാതൃഭാഷയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഈ കൂട്ടായ്മ ഒരു പുതിയ സ്വപ്നത്തിലേക്ക് ചുവട് വെയ്‌ക്കുകയാണ്......
വരുന്ന 'ഒക്ടോബര്‍ 22-ന്,
സപ്തഭാഷകള്‍ സoസാരിക്കുന്ന കാസര്‍ക്കോഡിന്‍റെ  മണ്ണില്‍ നിന്നുo,തിരുവനന്തപുരത്തേക്ക് ''മാതൃഭാഷാ അവകാശ ജാഥ'' ആരoഭിയ്ക്കുന്നു...
ഇത് വെറുമൊരു സമരമല്ല മാതൃഭാഷയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്.
1947-ല്‍ മണ്ണിന്‍റെ സ്വാത(ന്ത്യo നമുക്ക് തന്ന്,മനസ്സിന്‍റെ സ്വാത(ന്ത്യവുo കൊണ്ടാണ് (ബിട്ടീഷുകാര്‍ പോയത്.
കെ .സേതുരാമന്‍ പറഞ്ഞതുപോലെ
'ഒരു രാജ്യത്തിന് യഥാര്‍ത്ഥത്തില്‍ സ്വാത(ന്ത്യo ലഭിക്കുന്നത് ഭാഷകൂടെ സ്വത(ന്തമാകുമ്പോഴാണ്.
    നമ്മുടെ ഭാഷയുo, സാഹിത്യവുo,സoസ്ക്കാരവുo പഠിക്കാത്ത തലമുറ ശരീരo കൊണ്ട് സ്വന്തo സമൂഹo നഷ്ടപ്പെട്ട് കഴിഞ്ഞവരാണ്....
അങ്ങനെ നോക്കുമ്പോള്‍ നാമോരോരുത്തരുo ഇറങ്ങാന്‍ പോകുന്നത് ഇനിയൊരു രണ്ടാo സ്വാത(ന്ത്യസമരത്തിലേക്കാണ്...
നമ്മുടെ മാതൃഭാഷയ്ക്ക് വേണ്ടി നടത്തുന്ന ഈ (പക്ഷോഭത്തിന് എല്ലാ തലത്തിലുമുള്ള പിന്തുണയുo,സഹായവുo,സഹകരണവുo നല്‍കണമെന്നുo..,മതജാതി രാഷ്(ടീയ വ്യത്യാസമില്ലാതെ ആത്മാഭിമാനമുള്ള സര്‍വ്വ മലയാളികളുo ഇതില്‍ അണിചേരണമെന്നുo അഭ്യര്‍ത്ഥിക്കുന്നു. മലയാളിയുടെ മാതൃഭാഷാ സ്നേഹത്തിന്‍റയുo,അതിന് വേണ്ടി നടത്തുന്ന സമര്‍പ്പിത (പയത്നങ്ങളുടേയുo ചുരുക്കപ്പേരാണ്
'മലയാള എെക്യവേദി'
ഇതിന്‍റെ തന്നെ വിദ്യാര്‍ത്ഥി വിഭാഗമാണ്
'വിദ്യാര്‍ത്ഥി മലയാള വേദി'
      ജാതിമത ഭേതമോ,കക്ഷി രാഷ്(ടീയ വേര്‍തിരിവുകളോയില്ലാതെ മാതൃഭാഷയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഈ കൂട്ടായ്മ ഒരു പുതിയ സ്വപ്നത്തിലേക്ക് ചുവട് വെയ്‌ക്കുകയാണ്......
വരുന്ന 'ഒക്ടോബര്‍ 22-ന്,
സപ്തഭാഷകള്‍ സoസാരിക്കുന്ന കാസര്‍ക്കോഡിന്‍റെ  മണ്ണില്‍ നിന്നുo,തിരുവനന്തപുരത്തേക്ക് ''മാതൃഭാഷാ അവകാശ ജാഥ'' ആരoഭിയ്ക്കുന്നു...
ഇത് വെറുമൊരു സമരമല്ല മാതൃഭാഷയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്.
1947-ല്‍ മണ്ണിന്‍റെ സ്വാത(ന്ത്യo നമുക്ക് തന്ന്,മനസ്സിന്‍റെ സ്വാത(ന്ത്യവുo കൊണ്ടാണ് (ബിട്ടീഷുകാര്‍ പോയത്.
കെ .സേതുരാമന്‍ പറഞ്ഞതുപോലെ
'ഒരു രാജ്യത്തിന് യഥാര്‍ത്ഥത്തില്‍ സ്വാത(ന്ത്യo ലഭിക്കുന്നത് ഭാഷകൂടെ സ്വത(ന്തമാകുമ്പോഴാണ്.
    നമ്മുടെ ഭാഷയുo, സാഹിത്യവുo,സoസ്ക്കാരവുo പഠിക്കാത്ത തലമുറ ശരീരo കൊണ്ട് സ്വന്തo സമൂഹo നഷ്ടപ്പെട്ട് കഴിഞ്ഞവരാണ്....
അങ്ങനെ നോക്കുമ്പോള്‍ നാമോരോരുത്തരുo ഇറങ്ങാന്‍ പോകുന്നത് ഇനിയൊരു രണ്ടാo സ്വാത(ന്ത്യസമരത്തിലേക്കാണ്...
നമ്മുടെ മാതൃഭാഷയ്ക്ക് വേണ്ടി നടത്തുന്ന ഈ (പക്ഷോഭത്തിന് എല്ലാ തലത്തിലുമുള്ള പിന്തുണയുo,സഹായവുo,സഹകരണവുo നല്‍കണമെന്നുo..,മതജാതി രാഷ്(ടീയ വ്യത്യാസമില്ലാതെ ആത്മാഭിമാനമുള്ള സര്‍വ്വ മലയാളിക ളുo ഇതില്‍ അണിചേരണമെന്നുo അഭ്യര്‍ത്ഥിക്കുന്നു. 

വിഷ്ണുമായ സി ജെ

മാതൃഭാഷാവകാശജാഥ

മാതൃഭാഷാവകാശജാഥ        കോടതിഭാഷ മലയാളമാക്കുക,പഠനമാധ്യമം മലയാളമാക്കുക,തൊഴില്‍പരീക്ഷകള്‍ മലയാളത്തിലാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐക്യമലയാളപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 22 മുതല്‍ 31  വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മാതൃഭാഷാവകാശജാഥ വരികയാണ്. മലയാളഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ഡോ.വി.പി. മാര്‍ക്കോസ് ജാഥ നയിക്കും. ഇത് മലയാളത്തിനുവേണ്ടിയുള്ള പുതിയ പോരാട്ടം. പങ്കെടുക്കുക... വിജയിപ്പിക്കുക...

2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

മാതൃഭാഷാ ദിനത്തില്‍ കൂട്ടായ്മ നടത്തി.

മാതൃഭാഷകളുടെ കാവുതീണ്ടല്‍.

ലോക മാതൃഭാഷാദിനമായ ഫിബ്രവരി 21-ന് ഇന്ത്യയിലെ മാതൃഭാഷാസംഘടനകൾ ഡൽഹിയിൽ ഒത്തുകൂടുകയാണ്. ഭരണഘടനയിലെ എട്ടാംപട്ടികയിൽപ്പെടുത്തിയ 22 ഭാഷകൾക്കു പുറമെ അതിൽപ്പെടാത്ത ന്യൂനപക്ഷഭാഷകളുടെ സംഘടനകളും ഈ സംഗമത്തിലുണ്ടാകും. മാതൃഭാഷകൾക്കായുള്ള ഒരു പൊതു അവകാശപ്രഖ്യാപനവും അവിടെ നടക്കും.സ്വാതന്ത്ര്യസമരകാലത്തെ വാഗ്ദാനമായിരുന്ന ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപവത്‌കരണം സ്വാതന്ത്ര്യത്തിനുശേഷം നിറവേറ്റപ്പെട്ടില്ല. ഇന്ത്യാ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്താതെപോയതും ഒരു ദശകം നീണ്ടുനിന്നതുമായ മറ്റൊരു സമരം വേണ്ടിവന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ ഉണ്ടാകാൻ. 1956-ൽ കേരളം പിറന്നതിനുപിന്നിൽ ഐക്യകേരളപ്രസ്ഥാനം മാത്രമല്ല വിവിധ പ്രദേശങ്ങളിൽ നടന്ന ഭാഷാസമരങ്ങളുടെ പരിണതഫലംകൂടിയുണ്ടായിരുന്നു. രൂക്ഷമായ സമരങ്ങളാണ് പലയിടത്തും നടന്നത്.

    ഭാഷാസംസ്ഥാനങ്ങൾ ഉണ്ടായിട്ടും ഭാഷാപരമായ ജനാധിപത്യം ആദ്യം വേരുറച്ചില്ല. യൂറോപ്പിലെ പല ഭാഷകളെക്കാളും അംഗസംഖ്യയുള്ള ഇന്ത്യൻ ഭാഷകൾക്ക് അർഹമായ വികസനം തടയപ്പെട്ടു. ഇന്ത്യൻ യൂണിയന്റെ ഔദ്യോഗികഭാഷയായി ഹിന്ദി പ്രഖ്യാപിക്കപ്പെട്ടു. അത് പൂർണമായി നടപ്പാകാൻ വൈകുമെന്നതിനാൽ താത്കാലികസംവിധാനമായി ഇംഗ്ലീഷും ഔദ്യോഗികഭാഷയാക്കി. ഇതോടെ ഹിന്ദിയും ഇംഗ്ലീഷും രൂപപ്പെടുന്നതിന്‌ നൂറ്റാണ്ടുകൾക്കുമുമ്പേ ശക്തിപ്രാപിച്ചിരുന്ന മലയാളമുൾപ്പെടെയുള്ള ഭാഷകൾ അവഗണിക്കപ്പെട്ടു. ഇംഗ്ലീഷിൽ ആദ്യത്തെ ശാസ്ത്രകൃതി വരുന്നതിനുമുമ്പേ മലയാളത്തിൽ ശാസ്ത്രകൃതികൾ രൂപപ്പെട്ടിരുന്നു. 1530-ൽ പുറത്തുവന്ന ‘യുക്തിഭാഷ’ എന്ന ഗണിതകൃതി ഒരുദാഹരണം മാത്രം.
    സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെവന്ന, 1948-ലെ ഡോ. എസ്. രാധാകൃഷ്ണൻ വിദ്യാഭ്യാസ കമ്മിഷൻ ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം മാതൃഭാഷയായിരിക്കണമെന്നാണു നിർദേശിച്ചത്. ഈ കാഴ്ചപ്പാടിന്റെകൂടി അടിസ്ഥാനത്തിലാണ് ഭരണ, വിദ്യാഭ്യാസ തലങ്ങളിൽ ഉപയോഗിക്കാൻകഴിയുന്ന ഭാഷകളെന്നനിലയിൽ എട്ടാംപട്ടികയിൽ ചില ഭാഷകളെ ഉൾപ്പെടുത്തിയതും.      എന്നാൽ, ഈ മേഖല പിന്നീട് അവഗണിക്കപ്പെടുകയാണുണ്ടായത്. ഇന്ന് ഇന്ത്യയിൽ പ്രാഥമികവിദ്യാഭ്യാസത്തിൽപ്പോലും മാതൃഭാഷ പിന്തള്ളപ്പെടുന്നു. സംസ്ഥാനതലപരീക്ഷകളുടെ മാധ്യമമെന്നനിലയിൽ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ മാതൃഭാഷ അവഗണനനേരിടുന്നു. ഐ.എ.എസ്., ഐ.പി.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലെഴുതാമെന്നിരിക്കെ കേരളത്തിലെ പി.എസ്.സി. പരീക്ഷകൾ മിക്കതും ഇംഗ്ലീഷിൽ മാത്രമേ എഴുതാനാവൂ എന്നതുതന്നെ ഉദാഹരണം.

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷകൾ എട്ട് ഇന്ത്യൻ ഭാഷകളിൽ നടത്താൻ തീരുമാനിക്കപ്പെടുമ്പോൾ കേരളത്തിൽ സംസ്ഥാന പ്രവേശനപരീക്ഷകൾക്കുപോലും മലയാളം മാധ്യമമല്ല. സ്വന്തം ഭാഷയിൽ ഒബ്ജക്ടീവ് ടൈപ്പിൽനിന്ന് തിരഞ്ഞെടുത്ത് എഴുതിക്കയറുന്ന കുട്ടിയുടെ വേഗത്തോട്, പൊങ്ങച്ചത്തിനായി, അറിയാത്ത ഭാഷയിൽ എഴുതുന്ന കുട്ടിക്ക് മത്സരിച്ച് ജയിക്കാൻ കഴിയില്ല. മാതൃഭാഷയിൽ അനായാസമായി എഴുതുന്ന ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികളോടുവേണം ഇനി ഇംഗ്ലീഷിൽ എഴുതുന്ന മലയാളി മത്സരിച്ചു വിജയിക്കാൻ എന്നു മനസ്സിലാക്കിത്തുടങ്ങുമ്പോൾ ഒരുപക്ഷേ, കേരളത്തിലെ രക്ഷിതാക്കൾതന്നെ മാതൃഭാഷയിൽ പ്രവേശനപരീക്ഷഴുതാനുള്ള അവകാശത്തിനുവേണ്ടി വാദിച്ചുവെന്നുവരാം.
        കേരളത്തെപ്പോലെയല്ല മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. അതിനായി അവിടങ്ങളിലെ മാതൃഭാഷാസംഘടനകൾക്ക് ശക്തമായ സർക്കാർ  പിന്തുണയുണ്ട്. ഭരണത്തിലും വിദ്യാഭ്യാസത്തിലും കോടതിയിലും മാതൃഭാഷ ഉറപ്പിക്കുന്ന തീരുമാനമെടുത്തിട്ടുള്ള മറ്റു സംസ്ഥാനങ്ങൾ തങ്ങളുടെ ഭാഷയ്ക്ക് അഖിലേന്ത്യാതലത്തിൽ കൂടുതൽ അംഗീകാരത്തിനുവേണ്ടിയാണ് രംഗത്തുവന്നിട്ടുള്ളത്. ജില്ലാക്കോടതിവരെ നേരത്തേതന്നെ തമിഴ് ഭാഷാ ഉപയോഗം നടപ്പാക്കിയ തമിഴ്നാട് ഹൈക്കോടതിയിൽ തമിഴ് ഭാഷ ഉപയോഗിക്കാനുള്ള നിയമം പാസാക്കി പ്രസിഡന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ നിലയിൽ മറ്റു സംസ്ഥാനങ്ങളിലും മുന്നേറ്റങ്ങൾ നടക്കുന്നു.
ഇന്ത്യൻ ഭരണഘടനയിലെ എട്ടാം പട്ടികയിൽപ്പെട്ട എല്ലാ ഭാഷകളും ഇന്ത്യയിലെ ഔദ്യോഗികഭാഷകളാക്കുക എന്ന മുഖ്യാവശ്യമാണ് ഡൽഹിയിൽ ഈവർഷത്തെ ലോക മാതൃഭാഷാദിനത്തിൽ നടക്കുന്ന ഭാഷാകൂട്ടായ്മയിൽ ഉന്നയിക്കപ്പെടാൻ പോകുന്നത്. കേരളത്തിലെ മാതൃഭാഷാസംഘടനകൾകൂടി പങ്കാളിയായ ഭാഷാസമത്വാവകാശപ്രസ്ഥാനമെന്ന(കാമ്പെയ്ൻ ഫോർ ലിംഗ്വിസ്റ്റിക് ഇക്വാലിറ്റി ആൻഡ്‌ റൈറ്റ്‌സ്) പൊതുസംഘടനയാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഫിബ്രവരി 21-ന് ‘ഭാഷാവകാശപ്രഖ്യാപനം ഡൽഹി’ എന്നപേരിൽ  ഇന്ത്യൻ ഭരണഘടനയിലെ എട്ടാം പട്ടികയിൽപ്പെട്ടതും പെടാത്തതുമായ 40 ഇന്ത്യൻ ഭാഷകളുടെ പ്രതിനിധികൾ ചേർന്ന്  പത്രസമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തും.
    -1എട്ടാംപട്ടികയിൽപ്പെട്ട 22 ഭാഷകളെയും ഔദ്യോഗികഭാഷകളാക്കുക എന്ന ആവശ്യത്തിനു പുറമേ എട്ടാം പട്ടികയിൽപ്പെടുത്താനായി കാലാകാലങ്ങളായി അവശ്യപ്പെട്ട ഭാഷകളെയും ഉൾപ്പെടുത്തണമെന്നുള്ളതും ഗോത്ര, ആദിവാസിഭാഷകളുടെ സംരക്ഷണത്തിനും പുരോഗതിക്കുംവേണ്ടി അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നതും ഈ അവകാശപ്രഖ്യാപനത്തിൽപ്പെടുന്നു. കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും മാതൃഭാഷാ സംരക്ഷണത്തിനുവേണ്ടി നിലവിലുള്ള നിയമങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും നിയമങ്ങളില്ലാത്ത സംസ്ഥാനങ്ങളിൽ ഉടൻ നിയമങ്ങളുണ്ടാക്കണമെന്നും പ്രഖ്യാപനത്തിൽ ആവശ്യപ്പെടും.

     ഭരണകൂടവും വ്യവസായ-വാണിജ്യസ്ഥാപനങ്ങളും പൗരരോട് അവരവരുടെ മാതൃഭാഷയിൽ വേണം ആശയവിനിമയം നടത്താൻ, അതത് സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന കേന്ദ്രസർക്കാർ ജീവനക്കാർ ആ സംസ്ഥാനത്തെ ഭാഷ പഠിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം, ഓരോ സംസ്ഥാനത്തെയും ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ സംസ്ഥാനത്തെ ഔദ്യോഗികഭാഷ ഹൈക്കോടതിയിലുൾപ്പെടെ കോടതിഭാഷയായി അംഗീകരിക്കണം, പൊതുമേഖലാ സ്ഥാപനങ്ങളുടേതുൾപ്പെടെ, കേന്ദ്രസർക്കാറിന്റെ എല്ലാ വെബ്സെറ്റുകളും എട്ടാം പട്ടികയിൽപ്പെട്ട എല്ലാ ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കണം, എല്ലാ തലങ്ങളിലുമുള്ള അക്കാദമിക പരീക്ഷകളുടെയും തൊഴിൽ പരീക്ഷകളുടെയും മാധ്യമമായി എട്ടാം പട്ടികയിലെ ഭാഷകൾകൂടി അംഗീകരിക്കപ്പെടണം എന്നിങ്ങനെ ഇന്ത്യയിലെ പ്രാദേശികഭാഷകളുടെ ഉച്ചത്തിലുള്ള ശബ്ദമായിരിക്കും പ്രഖ്യാപനത്തിലുണ്ടാവുക.    -1 ലോകമാതൃഭാഷാദിനാചരണത്തിന് അടിസ്ഥാനമായ 1952-ലെ ബംഗ്ലാദേശിലെ രക്തസാക്ഷികളുടെയും ഇന്ത്യയിലെ വിവിധ ഭാഷകൾക്കുവേണ്ടി സമരരംഗത്തിറങ്ങിയവരുടെയും ഓർമകൾക്കുമുമ്പിൽ ജന്തർമന്ദിറിൽ വൈകിട്ട് അഞ്ചുമണിക്ക് ദീപംതെളിക്കുന്നതാണ്.

ഇംഗ്ലീഷും ഹിന്ദിയും മാത്രം ഔദ്യോഗികഭാഷകളായി അംഗീകരിക്കപ്പെട്ട ഇന്ത്യൻ യൂണിയന്റെ തലസ്ഥാനത്ത് നടക്കുന്ന ഈ ഭാഷാമുന്നേറ്റം രാജപാതയിൽ ഇന്ത്യൻ ഭാഷകൾ നടത്തുന്ന ഒരു കാവുതീണ്ടലാണ്. രാജപാതകൾ ഈ നിലയിൽ ഇന്ത്യൻ ഭാഷകൾക്കും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ജനപാതകളാക്കിമാറ്റുന്നതിനുള്ള സമരത്തിന്റെ തുടക്കമാണിത്. ഈ മുന്നേറ്റം നടക്കുമ്പോഴും ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം ശതമാനം ജനങ്ങളുടെ ഔദ്യോഗികഭാഷയായ മലയാളത്തിനുമുമ്പിൽ എല്ലാ പാതകളും തുറക്കപ്പെടുന്നത് എന്നായിരിക്കും എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ‘മലയാളത്തിൽ പഠിച്ചവർ ഈവഴി നടന്നുകൂടാ’ എന്ന ഭാഷാപരമായ തീണ്ടൽപ്പലക കേരളത്തിലെ സർവകലാശാലകളുൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും കോടതികളിൽനിന്നും എടുത്തുമാറ്റാൻ ഇനിയും എത്രനാൾ കാത്തിരിക്കണം?