2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

മാതൃഭാഷയ്ക്ക് പിഴ: കുട്ടികള്‍ക്ക് ശിക്ഷയില്ല, പിഴപ്പണം തിരിച്ചുനല്‍കും

മാള: മാതൃഭാഷ സംസാരിച്ചതിന് പിഴചുമത്തിയ ഹോളിഗ്രേസ് സി.ബി.എസ്.ഇ. സ്‌കൂള്‍ അധികൃതര്‍ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ചുവടുമാറ്റി. പിഴയായി ചുമത്തിയ തുക തിരിച്ചുനല്‍കാനും ഇപ്പോഴത്തെ ശിക്ഷാനടപടികളില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കാനും അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍, തുടര്‍ന്നും ഈ ശിക്ഷ നല്‍കണമോയെന്ന കാര്യം ആലോചിച്ചേ തീരുമാനിക്കാനാകൂവെന്ന നിലപാടിലാണ് അധികൃതര്‍.

സ്‌കൂള്‍ പരിസരത്ത് മലയാളം സംസാരിച്ചതിന് കഴിഞ്ഞദിവസമാണ് പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകളിലെ 80-ലധികം വിദ്യാര്‍ഥികളോട് പിഴയടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ആയിരം രൂപ പിഴയായി ആവശ്യപ്പെട്ടുവെങ്കിലും പിന്നീടത് 250 രൂപയാക്കി ചുരുക്കി. 16 പേര്‍ പിഴ അടയ്ക്കുകയും ചെയ്തു. 11 പേരൊഴികെ മറ്റുള്ളവര്‍ പിഴയടയ്ക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ക്ലാസുകളില്‍ കയറ്റുകയും ചെയ്തു. എന്നാല്‍, പിഴ ഒടുക്കുവാന്‍ വിസമ്മതിച്ച 11 പേരെ ക്ലാസില്‍ കയറ്റാന്‍ അനുവദിച്ചതുമില്ല.

സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണുണ്ടായത്. ബി.ജെ.പി., കെ.എസ്.യു. എന്നീ സംഘടനകള്‍ മാര്‍ച്ച് നടത്തി. എങ്കിലും രക്ഷിതാക്കളുടെ അംഗീകാരത്തോടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് മാതൃഭാഷ സംസാരിച്ചതിനുള്ള പിഴചുമത്തലെന്ന് സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ അഡ്വ. രാജു ഡേവിസ് പെരേപ്പാടന്‍ പിന്നീട് പറഞ്ഞു. മലയാളം നിര്‍ബന്ധവിഷയമായി പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പക്ഷേ, ഈ ശിക്ഷ ഇനിയും നടപ്പാക്കണമോയെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നാണ് ചെയര്‍മാന്‍ പിന്നീട് പറഞ്ഞത്.

സ്‌കൂളിനെതിരെ നടപടി വേണം-അഴീക്കോട്

തൃശ്ശൂര്‍: ബ്രിട്ടീഷ് ഭരണകാലത്തുപോലും നടക്കാത്തവിധം മലയാളഭാഷയെ അപമാനിച്ചതായി പറയുന്ന മാളയിലെ സ്‌കൂളിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവിലെ ഒപ്പിന്റെ മഷിമായുംമുമ്പ് ഇത്തരം കൃത്യം ചെയ്ത സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുകയാണ് വേണ്ടത്. കുറഞ്ഞപക്ഷം ഇതിന്റെ മാനേജ്‌മെന്റ് ബോഡിയെ അയോഗ്യരായി പ്രഖ്യാപിക്കുകയെങ്കിലും വേണം. ഒഴിവുസമയത്തുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന ശാഠ്യം പഴയ കൊളോണിയലിസത്തിന്റെ പ്രേതബാധയാണ്. മറ്റാരും ഇതിന് മുതിരാത്തവിധം കര്‍ശന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഴീക്കോട് പറഞ്ഞു.
മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.