2014, മാർച്ച് 14, വെള്ളിയാഴ്‌ച

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളമെഴുതാന്‍ ഇന്‍ഡിക് കീബോര്‍ഡ്

മലയാളമുള്‍പ്പടെ 15 ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണില്‍ അനായാസം എഴുതാന്‍ സഹായിക്കുന്ന 'ഇന്‍ഡിക് കീബോര്‍ഡ്' ( Indic Keybord ) രംഗത്തെത്തി. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പുറത്തിറക്കിയ ഇന്‍ഡിക് കീബോര്‍ഡ്, ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണിലുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷാസ്‌നേഹികള്‍ക്ക് അനുഗ്രഹമാകും. 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഇന്‍ഡിക് കീബോര്‍ഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം
. ആന്‍ഡ്രോയ്ഡ് 4.1 ന് മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ഇന്‍ഡിക് കീബോര്‍ഡ് പ്രവര്‍ത്തിക്കും. 

'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേറി ' ( ICFOSS ) ന്റെ സഹകരണത്തോടെ, ഭാഷാകമ്പ്യൂട്ടിങ് കൂട്ടായ്മയായ 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങി' ( SMC ) ലെ ജിഷ്ണു മോഹനാണ് ഇന്‍ഡിക് കീബോര്‍ഡ് വികസിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ പിന്തുണയും സംരംഭത്തിനുണ്ടായിരുന്നു. 


ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ 15 ഇന്ത്യന്‍ ഭാഷകളെയും വ്യത്യസ്തങ്ങളായ 15 കീബോര്‍ഡ് ലേഔട്ടുകളെയും പിന്തുണയ്ക്കുന്നതാണ് ഇന്‍ഡിക് കീബോര്‍ഡ്. മിക്ക ഔദ്യോഗിക ഇന്ത്യന്‍ ഭാഷകളും ഇതില്‍ ഉള്‍പ്പെടുന്നു. 

ആസാമിസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഉര്‍ദ്ദു എന്നീ ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ, നേപ്പാളി, സിംഹളീസ് എന്നീ ഭാഷകളെയും ഇന്‍ഡിക് കീബോര്‍ഡ് പിന്തുണയ്ക്കും. മലയാളം ഉള്‍പ്പടെയുള്ള ഭാഷകള്‍ നേരിട്ട് ഫോണിലേക്ക് ഇന്‍പുട്ട് ചെയ്യാം. കൂടാതെ ട്രാന്‍ലിറ്ററേഷനും സാധ്യമാണ്. 

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന രണ്ടുദിവസത്തെ 'ഫ്രീ മൊബൈല്‍ പ്ലാറ്റ്‌ഫോം' വര്‍ക്ക്‌ഷോപ്പിന്റെ ഉത്ഘാടനവേളയിലാണ്, ഇന്‍ഡിക് കീബോര്‍ഡ് കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയത്.
മാതൃഭൂമി

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

ലോകമാതൃഭാഷാദിനമാചരിക്കുന്പോൾ - ഗീത

ലോകം മുഴുവൻ മാതൃഭാഷയ്‌ക്കായി സമർപ്പിച്ച ദിവസമാണ്‌ ഫെബ്രുവരി 21. ലോകത്തിനാകെ ഒരേയൊരു മാതൃഭാഷ എന്നതല്ല സങ്കല്‌പം. ഓരോ ജനതയ്‌ക്കും അവർ ചിന്തിക്കുന്ന ഭാഷ ഉപയോഗിക്കുന്നതിനുള്ള മനുഷ്യാവകാശ പ്രഖ്യാപനമാണത്‌.
ബാബേൽ ഗോപുരം തകർക്കപ്പെട്ടതിന്റെ മാനുഷികമായ യുക്‌തിയും വ്യാഖ്യാനവുമാണത്‌. ലോക മാതൃഭാഷാദിനത്തിന്റെ പ്രാധാന്യം ചരിത്രപരമായി രൂപപ്പെട്ടതെങ്ങനെയെന്ന അനേ്വഷണം ഇവിടെ സംഗതമാണ്‌. പാകിസ്‌താൻ രൂപീകൃതമായപ്പോൾത്തന്നെ ഉർദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചു. തുടർന്ന്‌ പാകിസ്‌താനിലെ പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗീകരിച്ച ഭാഷകളുടെ കൂട്ടത്തിൽനിന്ന്‌ ബംഗാളിയെ നീക്കം ചെയ്‌തു. പാകിസ്‌താൻ സർക്കാറിന്റെ ഇത്തരത്തിലുള്ള ഭാഷാനയങ്ങൾക്കെതിരേ കലാപമാരംഭിച്ചത്‌ കിഴക്കൻ പാക്കിസ്‌ഥാനിലെ ഡാക്ക സർവകലാശാലയിലെ വിദ്യാർഥികളായിരുന്നു. 1948 മാർച്ച്‌ മുതൽതന്നെ അവർ സമരമാരംഭിച്ചിരുന്നു. തങ്ങൾ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്‌യുന്ന ബംഗാളിയെ പാകിസ്‌താനിലെ ഔദ്യോഗിക ഭാഷയാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.
രാഷ്‌ട്ര രൂപീകരണത്തിൽ സ്വന്തം പ്രസക്‌തി തിരിച്ചറിഞ്ഞ വിദ്യാർഥി പ്രസ്‌ഥാനമെന്ന നിലയിൽ ഈ ഭാഷാവാദക്കാർ ചരിത്രത്തിൽ സ്വയം സ്‌ഥാനം പിടിച്ചവരാണ്‌. പാകിസ്‌താനിലെ സർക്കാർ ഇതംഗീകരിച്ചില്ല. എന്നു മാത്രമല്ല ബംഗാളി ഭാഷ സജീവമായ കിഴക്കൻ പാകിസ്‌താനിൽ ഉർദു മാത്രം മതിയെന്ന തീരുമാനം അവർ ആവർത്തിച്ചു. സ്വന്തമായ ലിപി പാരന്പര്യമുള്ള ബംഗാളി ഭാഷയെഴുതാൻ അറബി ലിപി ഉപയോഗിക്കണമെന്നു പോലും ഈ ഘട്ടത്തിൽ അവർ ശഠിച്ചു. ഇത്‌ വലിയ പ്രതിരോധത്തിനിടയാക്കി.
1952 ജനുവരി 30 ന്‌ ഡാക്ക സർവകലാശാലയിലെ ലൈബ്രറി ഹാളിൽ ചേർന്ന സർവ കക്ഷി ആക്‌ഷൻ കമ്മിറ്റി ഫെബ്രു. 21 പ്രതിഷേധദിനമായി ആചരിക്കാൻ തീരുമാനിച്ചു. പാകിസ്‌താൻ സർക്കാറിനെ ഈ തീരുമാനം പ്രകോപിപ്പിച്ചതിൽ അദ്‌ഭുതപ്പെടാനില്ല. 1952 ഫെബ്രു 21 ന്‌ ഡാക്ക സർവകലാശാലയിലും പരിസരത്തും പാകിസ്‌താൻ സർക്കാർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പോലീസ്‌ സർവകലാശാല വളഞ്ഞു. പോലീസ്‌ വലയം ഭേദിച്ച്‌ കിഴക്കൻ പാകിസ്‌താനിലെ നിയമസഭാപരിസരത്തെത്തിയ വിദ്യാർഥികൾക്കു നേരെ വെടിവയ്‌പ്പുണ്ടായി.
അന്നും പിറ്റേന്നുമായി നടന്ന വെടിവയ്‌പ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. അനേകം പേർ ജയിലിലായി. ഭാഷയ്‌ക്കു വേണ്ടി ആദ്യമായി മരിച്ചുവീണ രക്‌തസാക്ഷികൾക്കായി അവർ വീണ മണ്ണിൽത്തന്നെ സ്‌മാരകമുയർത്താൻ ഡാക്ക സർവകലാശാലയിലെ വിദ്യാർഥികൾ തയാറായി. മൂന്നു ദിവസത്തിനുള്ളിൽ ഫെബ്രു. 24 ന്‌ തന്നെ ഷഹീദ്‌ സ്‌മൃതി സ്‌തംഭം എന്നാേലഖനം ചെയ്‌ത സ്‌മൃതി സ്‌തംഭം ഉയർത്തപ്പെട്ടു. എന്നാൽ ഫെബ്രു 26 ന്‌ പോലീസ്‌ ഈ സ്‌മാരകം നശിപ്പിച്ചു. ഭാഷയും ഭരണാധികാരവും നേർക്കുനേർ ഏറ്റുമുട്ടിയ ആദ്യത്തെ ചരിത്രസന്ദർഭമായി ഈ കലാപത്തെ വിലയിരുത്താം.
ഫെബ്രു 21 രക്‌തസാക്ഷി ദിനമായി ആചരിക്കാൻ ഡാക്ക വെടിവയ്‌പ്പിന്റെ ഒന്നാം വാർഷികത്തിൽ സർവകക്ഷി ഭാഷാസമര സമിതി തീരുമാനിച്ചു. മാതൃഭാഷാ സമരത്തിൽ ജയിലിലടക്കപ്പെട്ടവരെ തുറന്നു വിടാൻ അപ്പോഴും സർക്കാർ വിസമ്മതിച്ചു. മാത്രമല്ല, മാതൃഭാഷയായ ബംഗാളിക്കു വേണ്ടി വാദിക്കുന്നവരെ രാജ്യദ്രോഹികളായി അധികാരികൾ പ്രഖ്യാപിച്ചു. 1954 ഫെബ്രു 21 ന്റെ രക്‌തസാക്ഷി ദിനാചരണം വലിയ പ്രതിഷേധത്തിലും അറസ്‌റ്റിലുമാണവസാനിച്ചത്‌. ഇത്‌ ഭാഷയ്‌ക്കെതിരേയുള്ള സർക്കാർ നടപടിയെന്നതിനപ്പുറം ഒരു ജനതയ്‌ക്കെതിരേ ഭരണാധികാരികൾ സ്വീകരിച്ച അക്രമാസക്‌തമായ നിലപാടായിരുന്നു എന്ന്‌ വ്യക്‌തമാക്കിക്കൊണ്ട്‌ 1954 ൽ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പിൽ ബംഗാളി ഭാഷാസമരത്തെ പിന്തുണച്ച ഐക്യമുന്നണി അധികാരത്തിലെത്തി.
ആ സർക്കാരാണ്‌ ബംഗാളി ഭാഷയ്‌ക്കു വേണ്ടി അക്കാദമി സ്‌ഥാപിക്കുന്നത്‌. 1956ൽ വീണ്ടും അതേ ഐക്യമുന്നണി തെരഞ്ഞെടുക്കപ്പെട്ടു. അവർ ഭാഷാരക്‌തസാക്ഷികൾക്ക്‌ സ്‌മാരകമുണ്ടാക്കി. അതായത്‌ ഒരു പതിറ്റാണ്ട്‌ നീണ്ടുനിന്ന ഭാഷാസമരത്തിനൊടുവിൽ 1956 ഫെബ്രു 21 ന്‌ പാകിസ്‌താനിലെ രണ്ടാമത്തെ ഔദ്യോഗികഭാഷയായി ബംഗാളി അംഗീകരിക്കപ്പെട്ടു. ഐക്യരാഷ്‌ട്ര സഭ 2000 ൽ ലോകമാതൃഭാഷാദിനമായി ഫെബ്രു. 21 നെ അംഗീകരിച്ചു. ഇത്രയും മഹത്തായ സമരപാരന്പര്യമുള്ള മാതൃഭാഷാദിനം ലോകമെന്പാടും സമുചിതമായി ആഘോഷിക്കുന്പോൾ മലയാളിയുടെ മനോഭാവത്തെ സ്വയം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്‌. ഇതേ 1956 നവം ഒന്നിനാണ്‌ മാതൃഭാഷാടിസ്‌ഥാനത്തിൽ കേരളം ഒരു സംസ്‌ഥാനമായി അംഗീകരിക്കപ്പെടുന്നത്‌. കേരളം മലയാളത്തോട്‌ സ്വീകരിച്ച സമീപനമെന്തായിരുന്നു? 2013ൽ ഒരു മലയാളസർവകലാശാലയുണ്ടായതും മലയാളത്തിന്‌ ക്ലാസിക്കൽ പദവി ലഭിച്ചതും ഭാഷാപണ്‌ഡിതന്മാർ എടുത്തുപറയുന്ന നേട്ടങ്ങളായേക്കാം. എന്നാൽ ഓരോ നിമിഷത്തിലും കേരളത്തിന്റെ തെക്കും വടക്കും നടുക്കും കൂണു പോലെ മുളച്ചു പൊന്തുന്ന അൺഎയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മാധ്യമ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്തിന്റെ തെളിവാണ്‌ ? അവിടെ കോട്ടും ടൈയും ഷൂവുമിട്ട കുട്ടി സായ്‌പന്മാരും മദാമ്മക്കുട്ടികളും ഉല്‌പാദിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇവർ മലയാളം പഠിക്കുന്നില്ല എന്നതുകൊണ്ടു തന്നെ കേരളത്തിന്റെ മണ്ണിനെയോ മനസിനെയോ ആകാശത്തെപ്പോലുമോ സ്‌പർശിക്കാൻ ഇവരുടെ മനസുകൾക്കാവില്ല.
മസ്‌തിഷ്‌ക ചോർച്ചകൾക്കെതിരേ എത്ര ലക്ഷം നക്ഷത്രദീപങ്ങൾ ഉയർത്തിക്കാട്ടിയാലും ഇവർക്ക്‌ കേരളത്തിലെ വായു ശ്വസിക്കാനോ കേരളത്തിനു വേണ്ടി ചിന്തിക്കാനോ സാധ്യമാകുകയില്ല തന്നെ. കാരണം മാന്യതയുടെയും അന്തസിന്റെയും മൂശ ഇംഗ്ലീഷിലാണ്‌ വാർക്കപ്പെട്ടിരിക്കുന്നത്‌. അവന്റെ മലയാളം ഇംഗ്ലീഷിലാണ്‌ ഉച്ചരിക്കപ്പെടുന്നത്‌. അവന്റെ ബാല്യകൗമാരങ്ങളും യൗവനവും ഇംഗ്ലീഷിലാണ്‌ പുളയ്‌ക്കുന്നത്‌. ഈ വിദ്യാർഥികളുടെ രക്ഷിതാക്കളും ഇവരെ പഠിപ്പിക്കുന്ന അധ്യാപകരും വിദ്യാഭ്യാസ അവകാശ സംരംക്ഷണത്തിനായി ജാഥകൾ നടത്തുന്പോൾ അവരുയർത്തുന്ന മുദ്രാവാക്യങ്ങൾക്കർഥം ഇവിടം വിട്ടുപോയ ഇംഗ്ലീഷുകാരന്‌ ഇവിടെ ജീവിക്കുന്ന മലയാളി ഇനിയും കപ്പം കൊടുക്കണമെന്നാണ്‌.
മലയാളം പറഞ്ഞാൽ പിഴ ഈടാക്കുന്ന ഈ അധ്യാപകർ മലയാളിയുടെ നികുതി പിരിക്കുന്ന സർക്കാറിനോട്‌ ഇംഗ്ലീഷിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌ മലയാളത്തെ കൊന്ന്‌ കുഴിച്ചു മൂടാനാണ്‌. എട്ടാം ക്ലാസുവരെ വിദ്യാഭ്യാസ മാധ്യമം മാതൃഭാഷയായിരിക്കണമെന്ന, ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ അവകാശനിയമത്തിലെ വകുപ്പിനെപ്പോലും അംഗീകരിക്കാനുള്ള ജനാധിപത്യബോധം ഇവർക്കില്ല. ഇവരെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ഇച്‌ഛാശക്‌തി കേരള സർക്കാർ കാണിച്ചില്ലെങ്കിൽ മലയാളി ഗതി മുട്ടിപ്പോകും. മലയാളിക്ക്‌ ക്ലാസിക്കൽ പദവിയും മലയാളസർവകലാശാലയുമല്ല വേണ്ടത്‌, മലയാളമാണ്‌ വേണ്ടത്‌.

മംഗളം

സത്യേന്ദ്രനാഥബോസും ലോകമാതൃഭാഷാദിനവും - പി. പവിത്രന്‍

സ്വന്തം പ്രദേശത്തും സ്വന്തം ഭാഷയിലും ഊന്നിയാണ് ഒരാള് ലോകപൗരനാകുന്നതും ലോകശാസ്ത്രജ്ഞനാകുന്നതും എന്നതിന്റെ ഉദാഹരണമാണ് ബോസ് സത്യേന്ദ്രനാഥബോസ് ജവാഹര്‌ലാല് നെഹ്‌റുവിനൊപ്പം


ഇന്ന് ലോക മാതൃഭാഷാദിനം


യൂറോപ്യന് ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും കൃതികള് ഇന്ത്യന്ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യുന്നത് സര്വസാധാരണമാണ്. എന്നാല്, ഇന്ത്യന് ശാസ്ത്രജ്ഞരുടെ കൃതികള് യൂറോപ്യന്ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യുന്നത് അത്ര സാധാരണമല്ല. 1924ല് ഒരു ഇന്ത്യന് ശാസ്ത്രജ്ഞന്റെ പ്രബന്ധം ജര്മന്ഭാഷയിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ടു. വിവര്ത്തനംചെയ്തത് മറ്റാരുമല്ല, സാക്ഷാല് ആല്ബര്ട്ട് ഐന്‍സ്െറ്റെന്തന്നെ. വിവര്ത്തനം ചെയ്യപ്പെട്ട ശാസ്ത്രജ്ഞനാകട്ടെ, സത്യേന്ദ്രനാഥബോസും (18941974).
ക്വാണ്ടം മെക്കാനിക്‌സിലാണ് ബോസിന്റെ പ്രസിദ്ധമായ സംഭാവന. 2013ല്‌ െനാേ

ബല് സമ്മാനം ലഭിച്ച, ദൈവകണമെന്ന് വിശേഷിപ്പിക്കപ്പെട്ട ഹിഗ്‌സ്‌ബോസോണ് എന്ന പേരില് മുദ്രിതമായത് സത്യേന്ദ്രനാഥബോസാണ്. ബോസിനെ മുന്നിര്ത്തി ബോസോണ് എന്ന പേര് നല്കിയതാകട്ടെ, മറ്റൊരു െനാേബല് സമ്മാനജേതാവായ പോള് ഡിറാക്കും. ബോസ്‌ഐന്‍സ്െറ്റെന് സ്റ്റാറ്റിസ്റ്റിക്‌സിലും ബോസ്‌ഐന്‍സ്െറ്റെന് ഘനീകരണത്തിലും വരുന്നതും സത്യേന്ദ്രനാഥബോസ് തന്നെ.

സത്യേന്ദ്രനാഥബോസിനെ കല്ക്കത്ത പ്രസിഡന്‌സി കോളേജില് ഭൗതികശാസ്ത്രം പഠിപ്പിച്ചത് ജഗദീശ് ചന്ദ്രബോസും രസതന്ത്രം പഠിപ്പിച്ചത് പി.സി.റേയുമായിരുന്നു. മേഘനാഥ് സാഹ സഹപാഠിയായിരുന്നു. 1916ല് കല്ക്കത്ത സര്വകലാശാലയില് ആപേക്ഷികതാസിദ്ധാന്തത്തെ സംബന്ധിച്ച ഗവേഷണം ബോസ് ആരംഭിച്ചു. 1916'21 കാലത്ത് കല്ക്കത്ത സര്വകലാശാലയില് ഫിസിക്‌സ് അധ്യാപകനായി ജോലിചെയ്തു. തുടര്ന്ന് ധാക്ക സര്വകലാശാലയില് റീഡറായി ജോലിയില് പ്രവേശിച്ചു. ആ കാലത്താണ് മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം വികിരണനിയമത്തെ മുന്നിര്ത്തി ആറ് പുറത്തിലുള്ള പ്രബന്ധം (പ്ലാങ്കിന്റെ നിയമവും പ്രകാശത്തിന്റെ ക്വാണ്ടവും) അദ്ദേഹം േേനര ആല്ബര്ട്ട് ഐന്‍സ്െറ്റെന് അയച്ചുകൊടുത്തത്. പ്രബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഐന്‍സ്െറ്റെന്തന്നെ സ്വയം അത് ജര്മന് ഭാഷയിലേക്ക് വിവര്ത്തനംചെയ്ത് പ്രസിദ്ധമായ ശാസ്ത്രജേണലില് പ്രസിദ്ധീകരിക്കുകയായിരുന്നു. ക്വാണ്ടം സ്റ്റാറ്റിസ്റ്റിക്‌സിന് അടിത്തറയിടുകയായിരുന്നു ബോസ്. തന്റെ പ്രബന്ധംേേനര ഐന്‍സ്െറ്റെനുതന്നെ അയച്ചുകൊടുക്കാന് ബോസിനെ പ്രേരിപ്പിച്ചത് എന്താകാം? തന്റെ അധ്യാപകനായ ജഗദീശ് ചന്ദ്രബോസിനെപ്പോലുള്ളവര്ക്ക് ലണ്ടനിലെ റോയല് ഇന്സ്റ്റിറ്റിയൂട്ടില്‌നിന്ന് നേരിട്ട അനുഭവമാകാം കാരണമെന്ന് ഇ.സി.ജി. സുദര്ശന് സൂചിപ്പിക്കുന്നുണ്ട്. ജഗദീശ് ചന്ദ്രബോസ് വൈദ്യുത കാന്തിക തരംഗങ്ങളുടെ പരീക്ഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്ക്ക് രൂപംകൊടുക്കുകയും റോയല് ഇന്സ്റ്റിറ്റിയൂട്ടിന് മുമ്പില് പ്രദര്ശിപ്പിക്കുകയും ചെയ്തിട്ടും മാര്‌ക്കോണിക്ക് മുന്ഗണന കിട്ടുകയും അദ്ദേഹത്തിന്‌ െനാേബല് സമ്മാനം ലഭിക്കുകയും ചെയ്തത് സുദര്ശന് എടുത്തുകാട്ടുന്നു.

സത്യേന്ദ്രനാഥബോസിനെ വ്യത്യസ്തനാക്കുന്നത് മാതൃഭാഷയോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ്. ബംഗാളിഭാഷ പഠനമാധ്യമമാക്കുന്നതിന് അദ്ദേഹം സര്വപ്രാധാന്യം നല്കി. പി.ജി. ക്ലാസുകളില് അദ്ദേഹം ബംഗാളി ഭാഷയിലാണ് ഭൗതികശാസ്ത്രം പഠിപ്പിച്ചത്. കല്ക്കത്ത സര്വകലാശാലയെക്കൊണ്ടും സര്ക്കാറിനെക്കൊണ്ടും ബംഗാളി പഠനമാധ്യമമായി അംഗീകരിപ്പിക്കാന് അക്കാലത്ത് അദ്ദേഹത്തിന് കഴിഞ്ഞു.

ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില് ഒരു സാംസ്‌കാരികഘടകംകൂടി ഉണ്ടായിരുന്നു. ശാസ്ത്രം സാര്വലൗകികമായിരിക്കെതന്നെ അതിലേക്കുള്ള വഴികള് പ്രാദേശികമായി ഭിന്നമാണെന്ന വീക്ഷണമാണ് അദ്ദേഹം സ്വീകരിച്ചത്. പ്രാദേശികമായ വസ്തുക്കളും പ്രാദേശികമായ സാങ്കേതികവിദ്യയും ഉപയോഗിച്ചുതന്നെ ഓരോ വിദ്യാര്ഥിയും സ്വന്തം പഠനോപകരണങ്ങളുണ്ടാക്കണമെന്ന കാര്യത്തില് അദ്ദേഹം നിര്ബന്ധംപിടിച്ചു. സര്വകലാശാലകള് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ വിപുലനമാകണം. സ്വന്തം പ്രദേശത്തും സ്വന്തം ഭാഷയിലും ഊന്നിയാണ് ഒരാള് ലോകപൗരനാകുന്നതും ലോകശാസ്ത്രജ്ഞനാകുന്നതും എന്നതിന്റെ ഉദാഹരണമാണ് ബോസ്.

ഇംഗ്ലീഷിനെ ഒന്നാംഭാഷാസ്ഥാനത്തുനിന്ന് പുറത്താക്കുക എന്ന പേരില് 1962ല് ഹൈദരബാദില് നടന്ന സമ്മേളനത്തില് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ തലക്കെട്ടുതന്നെ 'മാതൃഭാഷ' എന്നാണ്. ജപ്പാനിലെ ശാസ്ത്രപഠനരീതിയെക്കുറിച്ച് അദ്ദേഹം അതില് വിവരിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തില് തരിപ്പണമായ ജപ്പാനെ ലോകശക്തിയാക്കി മാറ്റിയതില് മാതൃഭാഷാ പഠനമാധ്യമത്തിന് പ്രധാന പങ്കുണ്ട്. 'ശാസ്ത്രവും ആധുനികയുഗവും' എന്ന പേരില് അവിടെ താന് പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനത്തിന്റെ മാധ്യമം തന്നെ ജാപ്പനീസ് ഭാഷയായിരുന്നു എന്ന കാര്യം അദ്ദേഹം എടുത്തുപറയുന്നു. സങ്കീര്ണമായ ജാപ്പനീസ് ലിപി പഠിക്കാന്തന്നെ ആറുവര്ഷം വേണം. എങ്കിലും ജപ്പാനിലെ ശാസ്ത്രവും തത്ത്വചിന്തയും പ്രകാശിപ്പിക്കപ്പെടുന്നത് ആ ഭാഷയിലാണ്.

മാതൃഭാഷയ്ക്കുവേണ്ടി വാദിച്ച സത്യേന്ദ്രനാഥബോസുമായി ലോക മാതൃഭാഷാദിനത്തിന് ബന്ധമുണ്ട്. ലോക മാതൃഭാഷാദിനത്തിലേക്ക് നയിച്ച ബംഗ്ലാദേശ് ഭാഷാസമരത്തിന്റെ ശില്പിയും മുന്നണിപ്പോരാളിയുമായി അറിയപ്പെടുന്ന അബുള് കാശെം (19201991) സത്യേന്ദ്രനാഥബോസിന്റെ ശിഷ്യനായിരുന്നു. കാശെമിന്റെ ബിരുദാനന്തര ബിരുദത്തിന്റെ മാര്ഗദര്ശിയും സത്യേന്ദ്രനാഥബോസായിരുന്നു.

വിഭജനത്തിന്റെ തൊട്ടുമുമ്പ് ധാക്ക സര്വകലാശാലയില്‌നിന്ന് സത്യേന്ദ്രനാഥബോസ് ഉദ്യോഗം വിട്ടുവരുമ്പോഴാണ് കാശെം 1946ല് അവിടെ ഭൗതികശാസ്ത്രത്തിന്റെ ലക്ചററായി ചേരുന്നത്. ബോസിനെപ്പോലെതന്നെ സര്വകലാശാലയില് കാശെമും ഭൗതികശാസ്ത്രം ബംഗാളി ഭാഷാമാധ്യമത്തിലാണ് പഠിപ്പിച്ചത്. പാകി സ്താനിലെ രാഷ്ട്രഭാഷ ബംഗ്ലായോ ഉറുദുവോ എന്ന പേരില് ആ വര്ഷംതന്നെ കാശെം പ്രസിദ്ധീകരിച്ച പുസ്തകമാണ് മാതൃഭാഷാവബോധത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില് വലിയ പങ്കുവഹിച്ചത്. ഭരണഭാഷയും കോടതിഭാഷയും വിദ്യാഭ്യാസ മാധ്യമവും മാതൃഭാഷയാകണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിനായി കര്മസമിതി രൂപവത്കരിച്ചു.

തുടര്ന്നുള്ള പ്രവര്ത്തനങ്ങളാണ് 1952 ഫിബ്രവരി 21ന് അനേകം പേരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ധാക്ക സര്വകലാശാലയിലെ വിദ്യാര്ഥിപ്രക്ഷോഭമായി വികസിച്ചത്. ബംഗാളിഭാഷയ്ക്കുവേണ്ടിയുള്ള മാതൃഭാഷാസ്‌നേഹികളുടെ ഈ രക്തസാക്ഷിത്വദിനമാണ് 2000 മുതല് ഐക്യരാഷ്ട്രസഭ ലോക മാതൃഭാഷാദിനമായി ആചരിക്കുന്നത്.

മാതൃഭാഷയില് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന ഒരു സര്വകലാശാല എന്ന സങ്കല്പം സത്യേന്ദ്രനാഥബോസ് മുന്നോട്ടുവെച്ചിരുന്നു. ഇതിനുള്ള നടപടികളെടുക്കാന് അദ്ദേഹം യു.ജി.സി.യോട് അഭ്യര്ഥിക്കുകയും ചെയ്തു. അദ്ദേഹം ഗുരുവായി കരുതിയ ആല്ബര്ട്ട് ഐന്‍സ്െറ്റെനാണ് ഹീബ്രു സര്വകലാശാലയ്ക്കുവേണ്ടി രംഗത്തിറങ്ങിയത് എന്നുകൂടി ഓര്ക്കാം. നിര്ഭാഗ്യവശാല് മാതൃഭാഷാ സര്വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം നമ്മുടെ നാട്ടില് സാഹിത്യലോകത്തുനിന്ന് മാത്രമാണ് ഉയര്ന്നുവന്നത്. അതിനാല്ത്തന്നെ നമ്മുടെ മലയാള സര്വകലാശാല ഭാഷാസാഹിത്യപണ്ഡിതരുടെ ഒരു ലോകം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.

ശാസ്ത്രപഠനത്തിനും ഗവേഷണത്തിനുമുതകുന്ന എത്ര വിഭാഗങ്ങള് മലയാള സര്വകലാശാലയിലുണ്ടെന്നും സാഹിത്യേതര ലോകത്തുനിന്ന് എത്ര പേര് മലയാള സര്വകലാശാലയുടെ നയരൂപവത്കരണ സമിതികളിലുണ്ടെന്നുമുള്ള ചോദ്യംകൂടി ലോക മാതൃഭാഷാദിനത്തില് നമുക്കുന്നയിക്കാം. ബംഗാളിയില് ശാസ്ത്രജ്ഞരുള്‌പ്പെടെ നേതൃത്വം കൊടുത്ത ഭാഷാസമരത്തിന്റെ ഓര്മ പുതുക്കല് കൂടിയാണല്ലോ ഫിബ്രവരി 21 . മാതൃഭാഷാഭിമാനിയായ ഒരു ശാസ്ത്രജ്ഞന് മലയാള സര്വകലാശാലയുടെ പടികടന്ന് ചെല്ലാന് ഇനിയും എത്ര മാതൃഭാഷാദിനങ്ങള്കൂടി കടന്നുപോകണം?

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

സമഗ്ര മലയാള നിയമം നടപ്പിലാക്കുക


വിജ്ഞാനം ജനകീയമാക്കാന്‍ - ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി

ശാസ്ത്രസാങ്കേതിക പാരിസ്ഥിതിക വികസനത്തിനും പ്രോത്സാഹനത്തിനുമായി ഒരു പ്രത്യേക വകുപ്പും പിന്നീട് വകുപ്പിന്റെ കീഴില്‍ അതേ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്വതന്ത്രമായി നിര്‍വഹിക്കാന്‍ ഒരു കൗണ്‍സിലും രൂപവത്കരിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വകുപ്പ് രൂപവത്കൃതമായത് 1972-ലാണെങ്കിലും ഗട*ടഠ' (ഗവിമാമ ടറമറവ *്ുൃരഹാ ശ്ി ടരഹവൃരവ, ഠവരസൃ്ാ്ഷള്‍ & 'ൃ്വഹി്ൃൗവൃറ) എന്ന അര്‍ധ സ്വതന്ത്ര കൗണ്‍സിലിന് രൂപംകൊടുത്തത് 2002-ലാണ്. കൗണ്‍സിലിന്റെ പ്രസിഡന്റ് മുഖ്യമന്ത്രിയാണ്. 
കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് വൈസ് പ്രസിഡന്റ് കൂടിയായ ചീഫ് എക്‌സിക്യൂട്ടീവ് ആണ്. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ഡോ. രാജശേഖരന്‍ പിള്ളയാണ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്റെ ഡയറക്ടര്‍, യു.ജി.സി. ചെയര്‍മാന്‍, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വി.സി. എന്നീ സ്ഥാനങ്ങള്‍ നേരത്തേ വഹിച്ചിട്ടുള്ള ഡോ. രാജശേഖരന്‍ പിള്ള പരിചയസമ്പന്നനായ ഒരു ഭരണാധികാരിയാണ്.
സെസ്സ്, സി.ഡബ്ല്യു.ആര്‍.ഡി.എം., കെ.എഫ്.ആര്‍.ഐ., നാറ്റ്പാക് തുടങ്ങിയ നിരവധി ദേശീയ പ്രാധാന്യമുള്ള ഗവേഷണസ്ഥാപനങ്ങള്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിനും രാജ്യത്തിനും വിലയേറിയ സംഭാവനകള്‍ ഈ ഗവേഷണസ്ഥാപനങ്ങള്‍ നല്‍കിവരുന്നു.
കൗണ്‍സിലിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി പ്രചരിപ്പിക്കാനുമായി ഓരോവര്‍ഷവും നടത്തപ്പെടുന്ന ഒരു ബൃഹത് സംഭവമാണ് കേരള ശാസ്ത്രകോണ്‍ഗ്രസ്. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ മാതൃകയിലാണ് ഇത് സംഘടിപ്പിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഓരോവര്‍ഷവും ജനവരിയിലാണ് വാര്‍ഷികാഘോഷം നടത്തുന്നത്. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്മാരും ഗവേഷകരും ബുദ്ധിജീവികളും വിദ്യാര്‍ഥികളും സജീവമായി പങ്കെടുക്കുന്ന, ഏതാനും ദിവസം നീണ്ടുനില്‍ക്കുന്ന പ്രസ്തുത സമ്മേളനം ഒരു കീഴ്‌വഴക്കമെന്നോണം ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രിയാണ്. ഇതേമാതൃകയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരള ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ജനവരി 28-ന് ആരംഭിക്കുന്ന സമ്മേളനം ഏതാനും ദിവസം നീണ്ടുനില്‍ക്കും.
കേരള സയന്‍സ് കോണ്‍ഗ്രസ് (കെ.എസ്.സി.) വാര്‍ഷികയോഗം കൂടുന്നത് വിവിധ ജില്ലകളിലാണെന്നത് വേറൊരു സവിശേഷതയാണ്. കൗണ്‍സിലിന്റെ സന്ദേശവും പ്രവര്‍ത്തനനേട്ടങ്ങളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഒരുപോലെ ലഭ്യമാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് വിവിധ നഗരങ്ങളില്‍ വാര്‍ഷിക യോഗം നടത്തുന്നത്. അതുപോലെ, ഓരോ വര്‍ഷവും ഒരു നിശ്ചിത തീയതിയിലാണ് യോഗം ആരംഭിക്കുന്നത്- ജനവരി 28-ന്. ഓരോ വാര്‍ഷികയോഗത്തിലും ചര്‍ച്ചാവിധേയമാകുന്നത് മുന്‍കൂട്ടി തിരഞ്ഞെടുത്ത ഒരു പ്രത്യേകവിഷയമാണ്. 2014-ലെ കെ.എസ്.സി. സമ്മേളിക്കുന്നത് വയനാട് ജില്ലയിലാണ്. പൂക്കോട്ടെ കേരള വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റി ആതിഥ്യംവഹിക്കുന്ന ഈ മഹാസമ്മേളനം വയനാട്ടിലെത്തുന്നത് ആദ്യമാണ്. വയനാടിന്റെ തനിമയും സ്വന്തം സംഭാവനകളും പരിഗണിച്ച് ഈ വര്‍ഷം ചര്‍ച്ചാവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് പാരമ്പര്യവിജ്ഞാനമാണ്.
ആവേശകരമായ പ്രതികരണവും പ്രോത്സാഹനവുമാണ് വയനാട് സമ്മേളനത്തിന് ലഭിച്ചിരിക്കുന്നത്. കൗണ്‍സിലിനെത്തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് 1800-ലേറെ പ്രബന്ധങ്ങളാണ് ഈ വിഷയത്തില്‍ വിവിധ മേഖലകളിലായി ലഭിച്ചിട്ടുള്ളത്. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ടവ വിവിധ സെഷനുകളിലായി നാലു ദിവസങ്ങളില്‍ അവതരിപ്പിക്കും. ഓരോ വര്‍ഷം ശാസ്ത്രകാരന്മാരില്‍നിന്നും പ്രത്യേകിച്ച് യുവശാസ്ത്രജ്ഞന്മാരില്‍നിന്നും ഗവേഷക വിദ്യാര്‍ഥികളില്‍നിന്നും കൗണ്‍സിലിന് ലഭിച്ചുകൊണ്ടിരിക്കുന്ന വര്‍ധമാനമായ സഹകരണവും പ്രോത്സാഹനവും കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ്.
ഇതിനുപുറമേ, രാജ്യത്തെ പ്രശസ്തരായ ശാസ്ത്രജ്ഞന്മാരെ സവിശേഷപ്രഭാഷണങ്ങള്‍ക്കായി ക്ഷണിക്കുന്നുണ്ട്. മണ്‍മറഞ്ഞ പ്രമുഖ മലയാളിശാസ്ത്രജ്ഞന്മാരുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടാന്‍ അനുസ്മരണപ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇതും കൂടാതെ വൈകുന്നേരങ്ങളില്‍ ജനപ്രിയഭാഷണങ്ങളും കലാപരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യമായി മലയാളത്തിന് അര്‍ഹമായ പ്രാധാന്യവും നല്കിയിട്ടുണ്ട്. അവതരിപ്പിക്കപ്പെടുന്ന ഓരോ പ്രബന്ധത്തിന്റെയും ഒരു സംഗ്രഹം മലയാളത്തില്‍ തയ്യാറാക്കി അയയ്ക്കാന്‍ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഈ നിബന്ധന ഇനിയങ്ങോട്ടുള്ള എല്ലാ സമ്മേളനങ്ങളിലും നിഷ്‌കര്‍ഷിക്കുന്നതാണ്. 
പഠന, ഗവേഷണങ്ങളില്‍ കൈവരിച്ച കണ്ടെത്തലുകളുടെയും നേട്ടങ്ങളുടെയും ലളിതഭാഷയിലുള്ള സാരാംശം മലയാളവായനക്കാര്‍ക്ക്കൂടി ലഭ്യമാകണം എന്നതാണ് ഉദ്ദേശ്യം. ശാസ്ത്രമനഃസ്ഥിതിയും ശാസ്ത്രീയസമീപനവും ജനങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ ഈ നടപടി ആവശ്യമാണ്. അതുപോലെ, പരമ്പരാഗത വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള മുഖ്യ പ്രബന്ധങ്ങളും മലയാളത്തിലും പ്രസിദ്ധീകരിക്കാന്‍ കൗണ്‍സില്‍ ഉദ്ദേശിക്കുന്നു.
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
മുന്‍ വി.സി.യാണ് ലേഖകന്‍)
മാതൃഭൂമി

മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ നിയമം നിര്‍മിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളം ഔദ്യോഗിക ഭാഷയാക്കി നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഭരണതലം, വിദ്യാഭ്യാസം, കോടതി തുടങ്ങിയ മേഖലകളിലെല്ലാം മലയാളം ഔദ്യോഗിക ഭാഷയാക്കുകയാണ് ലക്ഷ്യം. നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കരട് നിയമത്തെക്കുറിച്ച് ഈ വകുപ്പുകളുമായി ചര്‍ച്ച നടത്തണം. തുടര്‍ന്ന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും-മുഖ്യമന്ത്രി പറഞ്ഞു.

പാലോട് രവിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നമുക്ക് ഭാഷാഭ്രാന്തില്ലെങ്കിലും ഭാഷയെ സ്‌നേഹിക്കുന്നവരാണ് മലയാളികളെന്ന് അദ്ദേഹം പറഞ്ഞു. മലയാളം സര്‍വകലാശാല ഒന്നാംഭാഷ മലയാളമാക്കല്‍, മലയാളം നിര്‍ബന്ധിത ഭാഷയാക്കല്‍ തുടങ്ങിയ നിയമങ്ങളൊക്കെ കൊണ്ടുവന്നു. ഇതിനൊപ്പം ഭാഷാന്യൂനപക്ഷങ്ങളുടെ ബൂദ്ധിമുട്ടുകള്‍ പരിഹരിച്ചിട്ടുമുണ്ട്.

പൊതുഭരണം, നിയമം, ആഭ്യന്തരം, ഔദ്യോഗികഭാഷ, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് ഔദ്യോഗിക ഭാഷാകാര്യം. ഈ വകുപ്പുകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സേവന, വേതന വ്യവസ്ഥകള്‍ നടപ്പാക്കുമെന്നും പുതുതായി അംഗീകാരം നല്‍കുന്ന എല്ലാ അണ്‍ എയ്ഡഡ് സ്‌കൂളുകളുമായും കരാറിലേര്‍പ്പെടുന്നുണ്ടെന്നും മന്ത്രി പി. കെ. അബ്ദുറബ് പറഞ്ഞു. ഇക്കാര്യം നിര്‍ദേശിക്കുന്ന കോടതിയുത്തരവുമുണ്ട്. എന്നാല്‍ എല്ലാ മാനേജ്‌മെന്റുകളും ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല. പരാതി ലഭിച്ചാല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനും പരിശോധിക്കാനും കഴിയും. എന്നാല്‍ ഈ മേഖലയില്‍ നിന്ന് പരാതി ലഭിക്കുന്നില്ലെന്നതാണ് സത്യം. പി. ശ്രീരാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ വിമുക്തഭടന്മാര്‍ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കേരളത്തിലും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവിടെ കുറവുണ്ടായിരുന്ന പല ആനുകൂല്യങ്ങളും നല്‍കി. ഇനിയുള്ളതും നല്‍കും. കേന്ദ്ര സര്‍ക്കാര്‍ വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി തുടങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ലഭ്യമാക്കുമെന്നും തേറമ്പില്‍ രാമകൃഷ്ണന്റെ സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വിവാഹമടക്കം പല ചടങ്ങുകളുമായും ബന്ധപ്പെട്ട ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. നിയമനിര്‍മാണത്തിന് മുമ്പ് മതമേലധ്യക്ഷന്മാര്‍, രാഷ്ട്രീയ, സാമൂഹ്യ നേതാക്കന്മാര്‍ എന്നിവരുടെയൊക്കെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത് ഇക്കാര്യത്തില്‍ ബോധവത്കരണത്തിനുള്ള നടപടികള്‍ ആലോചിക്കും. നിയമനിര്‍മാണത്തെ കോടതി എങ്ങനെ കാണുമെന്നതും ആലോചിക്കണം. പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമായി ഇത്തരം നിയന്ത്രണങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം. പാകിസ്താനിലെ പഞ്ചാബില്‍ ആര്‍ഭാടവിവാഹങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം ഉണ്ടെന്നും സി.പി. മുഹമ്മദിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ദേശീയപാത വികസനത്തിന് ഭൂമി നഷ്ടപ്പെടുന്നവര്‍ക്കായി മെച്ചപ്പെട്ട പാക്കേജ് തന്നെയായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന് അനുസൃതമായി നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രം പ്രഖ്യാപിച്ച പാക്കേജാണെങ്കിലും മെച്ചപ്പെട്ട തുകയായിരിക്കും ലഭിക്കുക. കെ.ടി. ജലീലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. വിത്തുതേങ്ങയുടെ സംഭരണവില 32 രൂപയാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഇ.കെ. വിജയന്റെ സബ്മിഷന് മറുപടിയായി മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. 

2014, ജനുവരി 24, വെള്ളിയാഴ്‌ച

യുവജനോത്സവത്തിനപ്പുറം ഒരു സ്‌കൂള്‍ വിദ്യാര്‍ഥി

കൂടെപ്പഠിക്കുന്ന കൂട്ടുകാരൊക്കെ കമ്പ്യൂട്ടറില്‍ ഗെയിമും സിനിമയും കാര്‍ട്ടൂണുമായി കഴിയുമ്പോള്‍ തന്റെ പ്രായത്തില്‍ 'എടുത്താല്‍ പൊങ്ങാത്ത' സോഫ്റ്റ്‌വെയറുകളുടെ ലോകത്തിലാണ് നന്ദന്‍. ഈ പതിനേഴുകാരന്‍ ആറ് സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ നിര്‍മിച്ചുകൊണ്ടാണ് തന്റെ പ്രായത്തെ മധുരപ്പതിനേഴാക്കുന്നത്.
2012- ല്‍ കേരളത്തിലെ നൂറുകണക്കിന് സ്‌കൂളുകളില്‍ നടന്ന 
ലീഡര്‍ തിരഞ്ഞെടുപ്പിന് ഒരു സവിശേഷതയുണ്ടായിരുന്നു. അതുവരെ കുട്ടികള്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ വിന്‍ഡോസ് അടക്കമുള്ള സോഫ്റ്റ്‌വെയറുകള്‍ നിയമവിരുദ്ധമായി പകര്‍ത്തുകയായിരുന്നു സ്‌കൂളുകള്‍ ചെയ്തിരുന്നത്. 
എന്നാല്‍, ആ വര്‍ഷം ചില സ്‌കൂളുകളില്‍ 'സമ്മതി' എന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെയാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ സമ്മതി
ദാനം രേഖപ്പെടുത്തിയത്. ആ 
ശ്രമം പരീക്ഷിച്ചുവിജയിച്ചപ്പോള്‍ അത് പ്രയോജനപ്പെടുത്തിയ 
സ്‌കൂളുകള്‍പോലും അറിഞ്ഞില്ല 
അതിന്റെ പിന്നില്‍ ഒരു സ്‌കൂള്‍ 
വിദ്യാര്‍ഥിയുടെ തലയാണെന്ന്. 
മലപ്പുറം ആതവനാട് കുറുമ്പത്തൂരിലെ നന്ദന്‍ എന്ന നന്ദകുമാറിന്റെ 'സമ്മതി' ഉപയോഗിച്ചാണ് ഇപ്പോള്‍ കേരളത്തിലെ ആയിരക്കണക്കിന് 
സ്‌കൂളുകള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. കല്‍പ്പകഞ്ചേരി കല്ലിങ്ങല്‍ പറമ്പ് എം.എസ്.എം.എച്ച്. എസ്. എസ്സിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഇപ്പോള്‍ 
നന്ദകുമാര്‍.
ഒരു പതിനേഴുകാരന്‍ കമ്പ്യൂട്ടര്‍ സംബന്ധമായ എന്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ ഉപയോഗിക്കൂ എന്ന് നിര്‍ബന്ധംപിടിച്ചാല്‍ 'ഇവനാര് റിച്ചാഡ് സ്റ്റാള്‍മാനോ' എന്ന് നമ്മള്‍ മലയാളികള്‍ നെറ്റിചുളിച്ചേക്കും. എന്നാല്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പിതാവായ ഡോ. റിച്ചാഡ് സ്റ്റാള്‍മാന്‍പോലും പ്രശംസിച്ച 
ഒരു വിദ്യാര്‍ഥിയാണ് തങ്ങളുടെ സ്‌കൂളിലുള്ളത് എന്ന് നന്ദകുമാറിന്റെ അധ്യാപകര്‍ക്കെങ്കിലും 
ഇന്നറിയാം. 
ഒരു ചെറിയ ഗ്രാമത്തിലെ െ
ചറിയ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ 
പഠിച്ച നന്ദകുമാറിന്റെ 
ലോകം പക്ഷേ, ഒരുപാട് വലിയതായിരുന്നു. യു.പി. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് 
ആദ്യത്തെ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത്. 'ചലനം' എന്ന ആ സോഫ്റ്റ്‌വെയര്‍ ആനിമേഷന് വേണ്ടിയുള്ളതായിരുന്നു. പിന്നീട് സ്‌കൂള്‍ തിരഞ്ഞെടുപ്പിലെ ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അടുത്ത സോഫ്റ്റ്‌വെയറിനെപ്പറ്റി ചിന്തിച്ചു. 

'ഉബുണ്ടു' എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന സ്‌കൂളുകളില്‍പ്പോലും തിരഞ്ഞെടുപ്പ് നടത്താന്‍ നിയമ വിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത വിന്‍ഡോസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ത്തന്നെ നിലവില്‍ കമ്പ്യൂട്ടറിലുള്ള പല വിവരങ്ങളും നഷ്ടമായേക്കും എന്നൊരു സാധ്യതയുമുണ്ടായിരുന്നു. ഒരു സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് രണ്ട് കമ്പ്യൂട്ടറുകളും വേണം. അങ്ങനെ പല പുകിലുകള്‍ നിലനിന്ന സാഹചര്യത്തിലാണ് നന്ദകുമാര്‍ ഇതിനായി ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചെടുത്തത്. അങ്ങനെ 'ഉബുണ്ടു' വില്‍തന്നെ പ്രവര്‍ത്തിക്കുന്ന 'സമ്മതി' തയ്യാറായി. കൈലാസ്‌നാഥ് തുടങ്ങിവെച്ച 'ഓളം' എന്ന പ്രശസ്തമായ ഓണ്‍ലൈന്‍ നിഘണ്ടുവിന് തുല്യമായി 'തീരം' എന്ന ഒരു പുതിയ ഓഫ്‌ലൈന്‍ പതിപ്പ് തയ്യാറാക്കിക്കഴിഞ്ഞു നന്ദകുമാര്‍. 
'സംസാരിക്കു'മെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്നുലക്ഷത്തോളം വാക്കുകളുടെ അര്‍ഥം സംസാരിച്ചുകേള്‍ക്കാം. കണ്ണുകാണാത്തവര്‍ക്ക് ഒരു അനുഗ്രഹംതന്നെയാണിത്. രഹസ്യഭാഷയുമായി ബന്ധപ്പെട്ടതാണ് നന്ദന്റെ 'ഗോപനം' എന്ന മറ്റൊരു സോഫ്റ്റ്‌വെയര്‍. ഫയലുകള്‍ ഇതുപയോഗിച്ച് 
ഗോപ്യമായി പൂട്ടിവെക്കാം!
എസ്.എസ്.എല്‍.സി. പരീക്ഷാഫലം, സ്‌കൂള്‍-സബ്ജില്ലാ തലത്തില്‍ വേര്‍തിരിക്കല്‍ അധ്യാപകര്‍ക്ക് ഒരു വലിയ തലവേദനയായിരുന്നു. ഇതിനൊരു പരിഹാരം കാണാന്‍ അധ്യാപകരുടെ അഭ്യര്‍ഥന മാനിച്ച് നന്ദകുമാര്‍ നിര്‍മിച്ച സോഫ്റ്റ്‌വെയറാണ് 'ജയവിശകലനം'. ഇംഗ്ലീഷ് അക്ഷരങ്ങള്‍ മലയാളത്തിലേക്ക് മാറ്റുന്ന 'പറയുംപോലെ' എന്ന സോഫ്റ്റ്‌വെയറും നന്ദന്റേതാണ്. യൂണീകോഡില്‍ ആര്‍ക്കും ലളിതമായി മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയും എന്നതാണ് 
ഇതിന്റെ പ്രത്യേകത.
നന്ദന്റെ എല്ലാ സോഫ്റ്റ്‌വെയറും സോഴ്‌സ് കോഡ് സഹിതം 
ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാണ്. കമ്പ്യൂട്ടര്‍ അറിവ് ആരുടെയും കുത്തകയാവാന്‍ പാടില്ലെന്നും 
അതിന് ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് തന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ എന്നും നന്ദകുമാര്‍ പറയുന്നു. റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാര്‍ഥി സജീവമാണ്. അങ്ങനെയാണ് സ്റ്റാള്‍മാന്റെ 
അഭിനന്ദനം ഇ- മെയിലായി നന്ദനെ തേടിയെത്തിയത്. 

സോഫ്റ്റ്‌വെയര്‍ നിര്‍മാണം 
മാത്രമല്ല, കമ്പ്യൂട്ടര്‍ സംബന്ധമായ രണ്ട് പുസ്തകങ്ങളും തയ്യാറാക്കിക്കഴിഞ്ഞു നന്ദന്‍. കമ്പ്യൂട്ടര്‍ വിജ്ഞാനകോശം, പൈത്തണ്‍ പ്രോഗ്രാമിങ് എന്നിവയാണിവ. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന പൈത്തണ്‍ ഭാഷയുമായി ബന്ധപ്പെട്ട് 
മലയാളത്തില്‍ ഒരു പുസ്തകവും നിലവിലുണ്ടായിരുന്നില്ല. അങ്ങനെയാണ് ഇതിനായി ശ്രമം തുടങ്ങിയത്. 
മലയാളഭാഷയെ അടുത്തറിയാന്‍ പ്രൈമറി തലത്തിലുള്ളവരെ ലക്ഷ്യംവെച്ച് ഇപ്പോള്‍ ഗെയിമുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് മലയാളത്തെ സ്‌നേഹിക്കുന്ന നന്ദന്‍. മലയാള അക്കങ്ങളെ പരിചയപ്പെടാനുള്ള കളിയും തയ്യാറായിക്കഴിഞ്ഞു. വെബ്‌സൈറ്റുകളുടെ മലയാള പരിഭാഷ തയ്യാറാക്കല്‍, സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ മലയാളത്തിലാക്കല്‍ തുടങ്ങിയ സേവനങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന നന്ദകുമാര്‍ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും എഴുതുന്നു. 
പന്ത്രണ്ടാംവയസ്സില്‍ ദിനോസറുകളെക്കുറിച്ചുള്ള ഒരു കഥാപുസ്തകം പ്രസിദ്ധീകരിച്ച നന്ദകുമാര്‍, 
'ഓപ്പണ്‍ സോഴ്‌സ് ഫോര്‍ യു' ' എന്ന മാസികയില്‍ ലേഖനങ്ങളുമെഴുതാറുണ്ട്. 
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോ. ഇ. ശങ്കരന്റെയും 
അധ്യാപികയായ നര്‍മദയുടെയും മകനാണ് നന്ദകുമാര്‍.
മാതൃഭൂമി

2014, ജനുവരി 18, ശനിയാഴ്‌ച

മാതൃഭാഷകള്‍ക്ക് ഒരു പ്രകടനപത്രിക - പി. പവിത്രന്‍

ഇന്ത്യയിലെ വിവിധ മാതൃഭാഷാസംഘടനകളുടെ കൂട്ടായ്മയായ ഭാരതീയ ഭാഷാപ്രസ്ഥാനം 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുമ്പാകെ വെക്കുന്ന പ്രകടനപത്രിക.
ഭാഷാപരമായ മനുഷ്യാവകാശം ഐക്യരാഷ്ട്രസഭ അംഗീകരിച്ച കാഴ്ചപ്പാടാണ്. ഭാഷാപരമായ വിവേചനം വര്‍ണവിവേചനം പോലെയും ലിംഗവിവേചനം പോലെയുമുള്ള മനുഷ്യത്വഹീനമായ നടപടിയായി ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ബഹുധ്രുവലോകം ബഹുഭാഷാപരം കൂടിയായിരിക്കുമെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഭരണഭാഷ ഭരിക്കുന്നവരുടെ ഭാഷയല്ല, ഭരിക്കപ്പെടുന്നവരുടെ ഭാഷയാണ് എന്നത് ജനാധിപത്യത്തിന്റെ ആദ്യപാഠമാണ്. 
ഭാഷ എന്നത് കേവലമായ ഒരു ഉപകരണമല്ല, അത് ചരിത്രപരവും സാമൂഹികവും സൗന്ദര്യാത്മകവുമായ ഒരു പ്രതിഭാസമാണ്. മാതൃഭാഷകളെ അംഗീകരിക്കുമ്പോള്‍ ഒരു ജനതയുടെ ചരിത്രപരവും സാമൂഹികവും സൗന്ദര്യാത്മകവുമായ അസ്തിത്വത്തെത്തന്നെയാണ് നാം അംഗീകരിക്കുന്നത്. 

ഇന്ത്യ ഒരു ഫെഡറല്‍സംവിധാനമാണ്. അഖിലേന്ത്യാതലത്തില്‍ സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷകള്‍ അംഗീകരിക്കപ്പെടാതിരിക്കുമ്പോള്‍ സ്വാഭാവികമായും ഇന്ത്യയുടെ അഖണ്ഡതയെയും ഏകതയെയും അത് ബാധിക്കും. ഇന്ത്യന്‍ യൂണിയന്‍ എന്ന സംവിധാനത്തില്‍ തങ്ങളുടെ ഭാഷയും സംസ്‌കാരവും നശിക്കുകയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ പ്രാദേശികതലത്തില്‍ നിഷേധാത്മക പ്രവണതകള്‍ ഉയര്‍ന്നുവരും. ഇത് ഇല്ലാതാകണമെങ്കില്‍ അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍തന്നെ ഇന്ത്യയിലെ മാതൃഭാഷകളെ സംരക്ഷിക്കുന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കേണ്ടതുണ്ട്. 
ബഹുഭാഷാനയത്തെ അംഗീകരിക്കാത്തിടത്തോളം ജനാധിപത്യം കേവലം സാങ്കേതികവും ഔപചാരികവും മാത്രമായിരിക്കും. ഒരു ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി മാതൃഭാഷയിലൂടെ മാത്രമാണ് കൈവരിക്കാനാകുക എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. പാരിസ്ഥിതികാവബോധവും മാതൃഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ഒരുവ്യക്തിയെ സംബന്ധിച്ചിടത്തോളം മാതൃഭാഷാപരിജ്ഞാനം സാമൂഹിക, സാംസ്‌കാരിക, സൗന്ദര്യാത്മക അവബോധത്തിന്റെ അടിത്തറയാണ്. ഒരു കുട്ടി മാതൃഭാഷയിലൂടെ തൊട്ടടുത്ത സമൂഹവുമായി നേടുന്ന ആഴത്തിലുള്ള ബന്ധമാണ് പില്‍ക്കാലത്ത് എല്ലാ തലങ്ങളിലുമുള്ള സാമൂഹികബന്ധങ്ങളെ നിര്‍മിക്കുന്നതിനുള്ള അടിസ്ഥാനപാഠമാകുന്നത്. ജനാധിപത്യപരമായ സമൂഹനിര്‍മാണത്തിനും രാഷ്ട്രനിര്‍മാണത്തിനും വ്യക്തികളുടെ മാതൃഭാഷാബോധനവും മാതൃഭാഷാവബോധവും അനിവാര്യമാണ്. 
ഭാഷാപരമായ വികേന്ദ്രീകരണമില്ലെങ്കില്‍ അധികാര വികേന്ദ്രീകരണം അര്‍ഥശൂന്യമായിരിക്കും. വിവരാവകാശനിയമം പോലുള്ള പുതിയ ജനാധിപത്യസംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ വിവരങ്ങള്‍ ജനതയ്ക്ക് ലഭിക്കുന്നത് മാതൃഭാഷയില്‍ത്തന്നെയായിരിക്കണം. 
ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ആദ്യത്തെ 35 ഭാഷകളില്‍ മൂന്നിലൊന്നും ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം പട്ടികയില്‍പ്പെട്ട ഭാഷകളാണ് എന്ന കാര്യം നാം മറന്നുപോകരുത്. പല യൂറോപ്യന്‍ ഭാഷകളേക്കാളും അധികം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷകളാണിവയെല്ലാം. 

യൂറോപ്യന്‍ യൂണിയനിലെ ഭാഷകളും ഇന്ത്യന്‍ ഭാഷകളും




ഇന്ത്യയിലെ ജനസംഖ്യ 121 കോടിയാണെങ്കില്‍ യൂറോപ്പിലെ ആകെ ജനസംഖ്യ 74 കോടി മാത്രമാണ്. യൂറോപ്യന്‍ യൂണിയന്‍ 24 ഭാഷകളെ ഔദ്യോഗികഭാഷകളായി അംഗീകരിച്ചിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച യൂറോപ്യന്‍ ഭാഷകളെയും ഇന്ത്യന്‍ ഭാഷകളെയും താരതമ്യം ചെയ്താല്‍ നമുക്ക് നമ്മുടെ മാതൃഭാഷകള്‍ അനുഭവിക്കുന്ന അവഗണന വ്യക്തമാകും.
ഗ്രീക്ക് ഭാഷ മാതൃഭാഷയായിട്ടുള്ളവര്‍ 1.2 കോടിയും ചെക്ക് ഭാഷ മാതൃഭാഷയായിട്ടുള്ളവര്‍ ഒരുകോടിയും സ്വീഡിഷ് മാതൃഭാഷയായിട്ടുള്ളവര്‍ 87 ലക്ഷവുമാണെന്ന് ഓര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് ലോകത്തിലുള്ള സ്ഥാനം വ്യക്തമാകും. 
ഒരൊറ്റ രാഷ്ട്രത്തിന് കീഴിലാണ് നില്‍ക്കുന്നത് എന്നതുകൊണ്ടുമാത്രം ഇന്ത്യന്‍ ഭാഷകള്‍ ഭരണ, വിദ്യാഭ്യാസ, വൈജ്ഞാനിക, നീതിന്യായ മേഖലകളില്‍ അവഗണിക്കപ്പെട്ടുകൂടാ. നമ്മുടെ രാഷ്ട്രീയമായ ഏകത നമ്മുടെ ഭാഷാവൈവിധ്യത്തെ മര്‍ദിച്ചൊതുക്കുന്നതിനും ഭാഷകളെ മുരടിപ്പിക്കുന്നതിനുമുള്ള കാരണമായിക്കൂടാ. നമ്മുടെ രാഷ്ട്രീയമായ ഐക്യം നമ്മുടെ രാജ്യത്തെ മാതൃഭാഷകള്‍ക്ക് ബാധ്യതയായി മാറുകയല്ല, സാധ്യതയായിത്തീരുകയാണ് വേണ്ടത്. 
ഇന്ത്യന്‍ യൂണിയന്‍ രണ്ട് ഭാഷകളെ മാത്രമാണ് ഔദ്യോഗികഭാഷകളായി അംഗീകരിച്ചിട്ടുള്ളത്. അതിലൊന്നാകട്ടെ ഇന്ത്യന്‍ ജനതയുടെ മാതൃഭാഷയുമല്ല. ഇന്ത്യയിലെ മിക്കഭാഷകളും യൂറോപ്യന്‍ ഭാഷകളെക്കാളേറെ ആളുകള്‍ മാതൃഭാഷയായി ഉപയോഗിക്കുമ്പോഴും തത്തുല്യമായ അംഗീകാരം ലഭിക്കുന്നില്ല എന്ന് വ്യക്തമാണ്. ഇന്ത്യയിലെ മാതൃഭാഷകള്‍ക്ക് അര്‍ഹമായ അംഗീകാരം എല്ലാതലത്തിലും ലഭിക്കേണ്ടതുണ്ട്. 
ഔദ്യോഗിക/ദേശീയഭാഷകളായി അംഗീകരിച്ച ഭാഷകളെ എല്ലാതലങ്ങളിലും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ജനാധിപത്യസംവിധാനം ആഴത്തില്‍ വേരോടിയ രാജ്യങ്ങളില്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്ന നയമാണ് എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.


ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:
ഭാഷാവൈവിധ്യത്തെ അംഗീകരിക്കുന്നതിന് നമ്മുടെ റിപ്പബ്ലിക്കിന് ഇനിയും സാധിച്ചിട്ടില്ല എന്നാണ് മേല്‍സൂചിപ്പിച്ച രാജ്യങ്ങളുമായുള്ള താരതമ്യം കാണിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഈ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ താഴെപറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു: 
1. ഭരണഘടനയിലെ എട്ടാംപട്ടികയില്‍പ്പെട്ടതും സംസ്ഥാനങ്ങളില്‍ ഔദ്യോഗികഭാഷാപദവിയുള്ളതുമായ എല്ലാ ഭാഷകളും ഇന്ത്യയുടെ ഔദ്യോഗികഭാഷകളാക്കുക.
2. അഖിലേന്ത്യാതലത്തിലുള്ള എല്ലാതരം തൊഴില്‍ പരീക്ഷകളുടെയും മാധ്യമമായി എട്ടാംപട്ടികയില്‍പ്പെട്ട മാതൃഭാഷകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക. 
3. അഖിലേന്ത്യാതലത്തിലുള്ള എല്ലാതരം പ്രവേശന പരീക്ഷകളിലും മാതൃഭാഷ മാധ്യമമായി അനുവദിക്കുക.
4. എല്ലാതരം തൊഴില്‍പരീക്ഷകളിലും മാതൃഭാഷാപരിജ്ഞാനം പരീക്ഷിക്കുന്നതിനുള്ള ചോദ്യപ്പേപ്പര്‍ നിര്‍ബന്ധമാക്കുക.
5. എല്ലാതരം പ്രവേശനപരീക്ഷകളിലും മാതൃഭാഷാപരിജ്ഞാനം പരിശോധിക്കുന്നതിനുള്ള ചോദ്യപ്പേപ്പര്‍ നിര്‍ബന്ധമാക്കുക.
6.സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍ക്ക് മാതൃഭാഷകള്‍ മാധ്യമമായി അനുവദിക്കുക. മാതൃഭാഷാപരിജ്ഞാനം പരീക്ഷിക്കുന്ന ചോദ്യപ്പേപ്പര്‍ ഉള്‍പ്പെടുത്തുക.
7. എല്ലാതരം ബാങ്കിങ് റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കും മാതൃഭാഷ മാധ്യമമായി അനുവദിക്കുക. മാതൃഭാഷാപരിജ്ഞാനം പരീക്ഷിക്കുന്ന ചോദ്യപേപ്പര്‍ ഉള്‍പ്പെടുത്തുക.
8. ഇന്ത്യന്‍ മിലിറ്ററി അക്കാദമി, നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശനപരീക്ഷകളില്‍ തദ്ദേശീയഭാഷ മാധ്യമമായി ഉപയോഗിക്കാന്‍ അനുവദിക്കുക. 
9. വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന മട്ടില്‍ എട്ടാംതരം വരെ തദ്ദേശീയഭാഷകള്‍ തന്നെ നിര്‍ബന്ധമായും പഠനമാധ്യമമാക്കുക. 
10. സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പ്രാദേശിക ഭാഷകള്‍ പഠനമാധ്യമമായി അംഗീകരിക്കുക. 
11. കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠനമാധ്യമമായി പ്രാദേശിക ഭാഷകള്‍ അംഗീകരിക്കുക.
12. ഐ.സി.എസ്.ഇ. വിദ്യാലയങ്ങളിലെ പഠനമാധ്യമമായി എട്ടാംപട്ടികയിലുള്ള ഭാഷകള്‍ അംഗീകരിക്കുക.
13. എല്ലാതരം വിദ്യാലയങ്ങളിലും ഹയര്‍സെക്കന്‍ഡറി തലംവരെ ഒന്നാംഭാഷയായി പ്രാദേശികതലത്തിലുള്ള മാതൃഭാഷ നിര്‍ബന്ധമായി പഠിപ്പിക്കുക. ഇംഗ്ലീഷ് രണ്ടാംഭാഷയായി നിലനിര്‍ത്തുക. 
14. യു.ജി.സി.-ജെ.ആര്‍.എഫ്. പരീക്ഷകള്‍ക്ക് മാധ്യമമായി മാതൃഭാഷകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക.
15. എല്ലാ സര്‍വകലാശാലകളിലും ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠനമാധ്യമമായും പരീക്ഷാമാധ്യമമായും മാതൃഭാഷകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക.
16. പിഎച്ച്.ഡി. ഉള്‍പ്പെടെ എല്ലാതരം ഗവേഷണപ്രബന്ധങ്ങളും തദ്ദേശീയ ഭാഷകളില്‍ സമര്‍പ്പിക്കാനുള്ള അനുമതി നല്‍കുക. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ പൊതുസമൂഹത്തിനും താഴെത്തട്ടിലുള്ള വിദ്യാഭ്യാസ സംവിധാനത്തിലുമെത്തണമെങ്കില്‍ ഇത് അനിവാര്യമാണ്. മേലെനിന്നുള്ള കണ്ടെത്തലുകള്‍ താഴേക്കും താഴെയുള്ള വിവരങ്ങള്‍ മേലേക്കും എത്തിച്ചേരുന്ന മട്ടില്‍ പ്രാഥമിക, ദ്വിതീയ, ഉന്നത തലങ്ങളെ ആകെ ബന്ധിപ്പിക്കുന്ന വിജ്ഞാനവിനിമയചക്രം അപ്പോഴേ പൂര്‍ത്തിയാകുന്നുള്ളൂ. ഔപചാരിക പഠനഗവേഷണങ്ങളുടെ ഫലങ്ങള്‍ അതിനുപുറത്തുള്ള വിഭാഗങ്ങള്‍ക്കും അപ്പോഴാണ് ലഭ്യമാകുക. വിവരവിനിമയത്തെ ഇത് ജനകീയമായ ഒരു പ്രക്രിയയാക്കുന്നു.
17. കേന്ദ്രസര്‍വകലാശാലകളിലും ഐ.ഐ.ടി.കളിലും ഇന്ത്യന്‍ ഭാഷാവിഭാഗങ്ങള്‍ തുടങ്ങുക. എല്ലാ കേന്ദ്രസര്‍വകലാശാലയിലും തദ്ദേശീയ ഭാഷാപഠനവിഭാഗം ആരംഭിക്കുക.
18. ഓരോ സംസ്ഥാനത്തും ഇന്ത്യയിലെ പ്രമുഖ മാതൃഭാഷകളെല്ലാം പഠിപ്പിക്കുന്ന ഒരു പഠനകേന്ദ്രം സ്ഥാപിക്കുക. ഇന്ത്യയിലെ വിവിധ ഭാഷകളിലെ ജനങ്ങള്‍ തമ്മിലുള്ള ഭാഷാപരവും സാംസ്‌കാരികവുമായ വിനിമയത്തിനുള്ള വേദിയാകണം ഇത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന തൊഴിലന്വേഷകരെയും തൊഴിലാളികളെയും ഭാഷാപരമായി സഹായിക്കാന്‍ ഈ കേന്ദ്രത്തിന് കഴിയണം. 
19. മാതൃഭാഷയില്‍ ഉന്നതവിദ്യാഭ്യാസത്തിന് പാഠപുസ്തകങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രത്യേകസംവിധാനവും ഫണ്ടും അനുവദിക്കുക.
20. വിദ്യാഭ്യാസം സംസ്ഥാനലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. 
21. 60 ശതമാനം ജനങ്ങള്‍ ഒരു സംസ്ഥാനത്ത് മാതൃഭാഷയായി ഉപയോഗിക്കുന്ന ഭാഷ ആ സംസ്ഥാനത്തെ ഹൈക്കോടതിയിലെ എല്ലാതരം നടപടികള്‍ക്കുമുള്ള മാധ്യമമായി അംഗീകരിക്കുക. ഭരണഘടനയിലെ 348-ാം അനുച്ഛേദത്തില്‍ ഇതിനുവേണ്ട ഭേദഗതി വരുത്തുക. ന്യൂനപക്ഷവിഭാഗങ്ങളുടെ ഭാഷാപരമായ അവകാശം സംരക്ഷിച്ചുകൊണ്ട് ഇത് നിര്‍വഹിക്കുക. 
22. സുപ്രീംകോടതി വിധികളുടെ പകര്‍പ്പ് കക്ഷികള്‍ക്ക് മാതൃഭാഷയില്‍ നല്‍കുക. കക്ഷികള്‍ക്ക് മാതൃഭാഷ ഉപയോഗിക്കാനുള്ള അനുവാദം നല്‍കുക. 
23. ആദിവാസികള്‍ക്ക് അവരുടെ മാതൃഭാഷാമാധ്യമത്തില്‍ പ്രാഥമികതലത്തിലുള്ള വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനമുണ്ടാക്കുക. ആദിവാസിഭാഷകളെ അത്തരം സ്ഥലങ്ങളിലെ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. 
24. പ്രത്യേക സാമ്പത്തികമേഖലകളില്‍ എല്ലാതരം ഇടപാടുകള്‍ക്കും പ്രാദേശികഭാഷകള്‍ ഉപയോഗിക്കുക. പേര് പലകകള്‍, രശീതികള്‍, വിനിമയങ്ങള്‍ എല്ലാറ്റിനും പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുക.
25. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ വിവരങ്ങളും എട്ടാംപട്ടികയില്‍പ്പെട്ട എല്ലാഭാഷകളിലും ലഭിക്കാനുള്ള സംവിധാനമുണ്ടാക്കുക.
26. എട്ടാംപട്ടികയില്‍പ്പെട്ട ഭാഷകള്‍ തമ്മിലുള്ള ഓണ്‍ലൈന്‍ വിവര്‍ത്തനത്തിന് വഴിയൊരുക്കുക. ഏതെങ്കിലും ഭാഷയില്‍ വളരുകയും പരിശീലനം ലഭിക്കുകയും ചെയ്ത ഏതൊരാള്‍ക്കും സ്വന്തം ഭാഷയില്‍ത്തന്നെ മറ്റുഭാഷകളിലുള്ള അറിവുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടാകുക എന്നതാണ് വിശാലമായ ലക്ഷ്യമാകേണ്ടത്. ഭാഷകള്‍ തമ്മില്‍ വിവരങ്ങള്‍ വിനിമയം ചെയ്യാനും പങ്കിടാനും കഴിയുന്ന അവസ്ഥ സൃഷ്ടിക്കലാകണം ലക്ഷ്യം. വിവരസാങ്കേതികവിദ്യയുടെ വിവിധ ഘടകങ്ങളിലെല്ലാമുള്ള ഭാഷാപ്രക്രിയയില്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉപയോഗിക്കണം. ഇന്ത്യന്‍ ഭാഷകളെ വികസിപ്പിക്കുന്നതിനുതകുമാറ് സ്വതന്ത്ര സോഫ്റ്റ് വേറിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ അടിയന്തരപദ്ധതി രൂപവത്കരിക്കണം. 

2014, ജനുവരി 6, തിങ്കളാഴ്‌ച

ശ്രേഷ്ഠ മലയാളി മറന്നുകളയുന്ന ഭാഷയുടെ ബഹുസ്വരത- ഡോ. അസീസ് തരുവണ

മലയാളഭാഷ ‘ശ്രേഷ്ഠ’പദവി നേടിയശേഷം ഭാഷയുടെ നിലനില്‍പിനെപ്പറ്റിയും പ്രചാരണത്തെക്കുറിച്ചുമുള്ള ആലോചനകളും ചര്‍ച്ചകളും പലവിധത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഭാഷാസ്നേഹികളെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമാണിത്. ക്ളാസിക്കല്‍ പദവിപോലെ സന്തോഷിപ്പിച്ച മറ്റൊരു കാര്യം, തുഞ്ചത്തെഴുത്തച്ഛന്‍െറ മണ്ണില്‍ മലയാള സര്‍വകലാശാല സ്ഥാപിതമായതാവണം. അതേസമയം, ആഹ്ളാദാരവങ്ങള്‍ക്കിടയില്‍ മലയാള ഭാഷയുമായി ബന്ധപ്പെട്ട പല അടിസ്ഥാന ചോദ്യങ്ങളും വിസ്മരിക്കപ്പെടുകയാണ്. മലയാള ഭാഷയുടെ ബഹുസ്വരമായ പൈതൃകമാണ് അതില്‍ മുഖ്യം.
കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടക്കാണ് കേരളത്തില്‍ പൊതുമണ്ഡലം രൂപപ്പെട്ടതും എല്ലാവരും ഒരൊറ്റ ‘മാനക’ ഭാഷയിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ടതും. അതിനുമുമ്പ് കേരളത്തിലെ ഓരോ ജാതിമത വിഭാഗത്തിനും തനതായ എഴുത്തും സംസാരഭാഷയും ശൈലിയുമാണുണ്ടായിരുന്നത്. എന്നുമാത്രമല്ല അന്ന് നമ്പൂതിരിമാര്‍ എഴുത്തിനും മറ്റും ഏറക്കുറെ ഉപയോഗിച്ചിരുന്നത് സംസ്കൃതമായിരുന്നു. ക്രിസ്ത്യാനികള്‍ സുറിയാനിയും സുറിയാനി മലയാളവും. മുസ്ലിംകളാവട്ടെ, അറബിയും അറബി മലയാളവും. സവര്‍ണ മധ്യവര്‍ഗ വിഭാഗങ്ങളാണ് മുഖ്യമായും മലയാളമെന്ന് ഇന്ന് നാം വ്യവഹരിക്കുന്ന ഭാഷാരൂപം ഉപയോഗിച്ചിരുന്നത്. ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കാവട്ടെ, അക്ഷരവും തത്ജന്യമായ ജ്ഞാനലോകവും വിലക്കപ്പെട്ട കനിയായിരുന്നു. അന്ന് ഏകീകൃതമായ ഒരു ലിപി വ്യവസ്ഥപോലും നമുക്കുണ്ടായിരുന്നില്ല എന്ന് ചരിത്രം.
ബ്രിട്ടീഷുകാര്‍ പൊതുപള്ളിക്കൂടങ്ങള്‍ ആരംഭിക്കുകയും എല്ലാവരും ‘ഒരൊറ്റ’ മലയാളം പഠിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തതോടെയാണ് ഇന്നത്തെ മലയാളം എല്ലാവരുടേതുമായി തീര്‍ന്നത്. അതിനുമുമ്പ് സവര്‍ണ മധ്യവര്‍ഗം ഉപയോഗിച്ചിരുന്ന ഈ ഭാഷാരൂപം ഒരു ചെറുന്യൂനപക്ഷത്തിന്‍േറത് മാത്രമായിരുന്നു. ടെക്സ്റ്റ് ബുക്കുകളും മറ്റും നിര്‍മിച്ചവര്‍ മലയാളത്തിന്‍െറ ബഹുസ്വരമായ പൈതൃകത്തെ അവഗണിച്ചുകൊണ്ട് ‘സവര്‍ണ മലയാള’ത്തെ പൊതുവാക്കി മാറ്റി. അതോടെ നിരവധി വിഭാഗങ്ങള്‍ സാഹിത്യത്തിന്‍െറയും സംസ്കാരത്തിന്‍െറയും കേന്ദ്രസ്ഥലിയില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടു; ഒരു കാലത്ത് സവര്‍ണ വിഭാഗങ്ങള്‍ ഭക്തിയുടെ ഭാഗമായി മാത്രം പാരായണം ചെയ്ത അധ്യാത്മ രാമായണമടക്കമുള്ള ഹൈന്ദവ ഭക്തിസാഹിത്യം പൊതുവായി മാറി. 20ാം നൂറ്റാണ്ടിനുമുമ്പ് രചിക്കപ്പെട്ട ‘മലയാള’ സാഹിത്യകൃതികളില്‍ 90 ശതമാനവും സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട പുരാണേതിഹാസങ്ങളുടെയും ഉപനിഷത്തുക്കളുടെയും മറ്റും അനുകരണങ്ങളോ സ്വതന്ത്ര പരിഭാഷകളോ മറ്റോ ആണ്. 150 വര്‍ഷം മുമ്പുള്ള മലയാള സാഹിത്യ ചരിത്രത്തില്‍ ഒരൊറ്റ ക്രൈസ്തവ, മുസ്ലിം, ദലിത് എഴുത്തുകാരനെയും നമുക്ക് കണ്ടത്തൊനാവാത്തത് ഈ വിഭാഗങ്ങളില്‍പെട്ടവര്‍ രചനകള്‍ നിര്‍വഹിക്കാത്തതിനാലല്ല, മറിച്ച് അന്ന് ‘പൊതുമലയാളം’ രൂപപ്പെടാത്തതിനാലായിരുന്നു.
മലയാളഭാഷ രൂപപ്പെട്ടത് മൂലദ്രാവിഡഭാഷയില്‍നിന്നും ഭാഷക്ക് ഏറ്റവുമടുപ്പം തമിഴ് ഭാഷയോടുമാണ്. മലയാള ഭാഷയുമായി ഒരു രണ്ടാംതരം ബന്ധം മാത്രമുള്ള സംസ്കൃതത്തെ മലയാളം ഐച്ഛിക വിഷയമായി പഠിക്കുന്നവര്‍ മലയാളത്തോടൊപ്പം പഠിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് തമിഴിന് ആ സ്ഥാനം നഷ്ടപ്പെട്ടു?
‘പൊതു മലയാളം’ രൂപപ്പെടുത്തിയ തിരുവിതാംകൂറിലെ ‘തമ്പുരാക്കന്മാര്‍’ ടെക്സ്റ്റ്ബുക്കുകളും മറ്റും നിര്‍മിക്കുമ്പോള്‍ അവഗണിച്ച അറബി മലയാളമടക്കമുള്ള ഭാഷാ വ്യവഹാര രൂപങ്ങള്‍ക്ക്, മലയാളത്തെ ജനാധിപത്യവത്കരിക്കണമെന്ന് വാദിക്കുന്ന ഇക്കാലത്തുപോലും അര്‍ഹിക്കുന്ന വിധത്തിലുള്ള ഇടം കിട്ടുന്നില്ല എന്നതാണ് ഖേദകരം. മലപ്പുറം ജില്ലയില്‍ ആരംഭിച്ച മലയാള സര്‍വകലാശാലയില്‍പോലും അറബി മലയാളത്തിന് അയിത്തം കല്‍പിച്ചിരിക്കുകയാണ്.
അറബി ലിപി ഉപയോഗിച്ച് മലയാളമെഴുതുന്ന സമ്പ്രദായത്തെയാണ് അറബി മലയാളം എന്നുപറയുന്നത്. ഇന്ന് ഫേസ്ബുക്കിലും മറ്റും ഇംഗ്ളീഷ് അക്ഷരങ്ങള്‍കൊണ്ട് മലയാളം എഴുതുന്നതുപോലെ എന്നുപറയാം. മലയാള ഭാഷക്ക് ഏകീകൃത ലിപി വ്യവസ്ഥയില്ലാത്ത കാലത്ത് കേരളത്തിലെ മുസ്ലിംകള്‍ മലയാളത്തെ സക്രിയമായി ഉള്‍ക്കൊള്ളുന്നതിനുവേണ്ടി ആവിഷ്കരിച്ച ലിപി സമ്പ്രദായമായിരുന്നു അറബി മലയാളം. എഴുത്തച്ഛനുമുമ്പേ ഈ ലിപിവ്യവസ്ഥ കേരളത്തില്‍ നിലനിന്നിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അറബി മലയാളത്തിലെ കണ്ടുകിട്ടിയതില്‍വെച്ച് ഏറ്റവും പഴക്കമുള്ള കൃതിയായ മുഹ്യിദ്ദീന്‍മാല എഴുത്തച്ഛനുമുമ്പ് രചിക്കപ്പെട്ടതാണ്. ഈ ലിപി വ്യവസ്ഥയില്‍ ആയിരത്തിലേറെ ഗദ്യഗ്രന്ഥങ്ങളും 6000ത്തിലേറെ പദ്യഗ്രന്ഥങ്ങളും ഉള്ളതായി ഗവേഷകനായ കെ.കെ. അബ്ദുല്‍കരീം രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്ര ഗവേഷകനായ ശൂരനാട് കുഞ്ഞന്‍പിള്ള അറബി മലയാളത്തിന്‍െറ അനന്ത സാധ്യതകളെപ്പറ്റി പറഞ്ഞത് ഇങ്ങനെ: ‘പ്രകാശിതവും അപ്രകാശിതവുമായ ആയിരക്കണക്കിന് ഗദ്യ-പദ്യ പുസ്തകങ്ങള്‍ അറബി മലയാളത്തിലുണ്ടെന്ന് കേള്‍ക്കുന്നു. കേരളയാത്രക്കിടയില്‍ അവയില്‍ പലതും ഞാന്‍ വായിച്ചുകേട്ടു. എല്ലാ ശാസ്ത്രങ്ങളെക്കുറിച്ചുമുള്ള നിലവാരം പുലര്‍ത്തുന്ന ഗ്രന്ഥങ്ങളും നിഘണ്ടുക്കളും അതില്‍പെടുന്നു. കണ്ണൂരിലെ അറക്കല്‍ ആലി രാജാവിന്‍െറ പിന്‍ഗാമികള്‍ കേരളം അടക്കിവാണിരുന്നെങ്കില്‍ മലയാള ഭാഷയുടെ സര്‍വാംഗീകൃത ലിപി തന്നെ അറബി മലയാളമാവുമായിരുന്നു’.
അറബി മലയാളത്തില്‍ അസംഖ്യം വൈജ്ഞാനിക ഗ്രന്ഥങ്ങളും സര്‍ഗാത്മക കൃതികളുമുണ്ടായിട്ടുണ്ട്. ചരിത്രം, വൈദ്യം, ഭാഷാശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സമുദ്രവിജ്ഞാനം, പരിഭാഷകള്‍ തുടങ്ങി അന്ന് വികസിച്ച എല്ലാ വൈജ്ഞാനിക ശാഖകളും ഈ ലിപി വ്യവസ്ഥയില്‍ എഴുതപ്പെട്ടിട്ടുണ്ട്. ഗാനങ്ങള്‍, കവിതകള്‍, കഥകള്‍, പേര്‍ഷ്യന്‍-അറബി നോവലുകളുടെ പരിഭാഷകള്‍, ലഘുനോവലുകള്‍ എന്നീ വിഭാഗങ്ങളില്‍ അറബി മലയാളത്തില്‍ രചിക്കപ്പെട്ട കൃതികള്‍ അസംഖ്യമാണ്.
അറബി മലയാള സാഹിത്യത്തിലെ പദ്യശാഖയാണ് മാപ്പിളപ്പാട്ടുകള്‍. മാലപ്പാട്ടുകള്‍, കിസ്സപ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, മദ്ഹ് പാട്ടുകള്‍, വിരുത്തങ്ങള്‍, കെസ്സുകള്‍ എന്നിങ്ങനെ മാപ്പിളപ്പാട്ടില്‍ നിരവധി ശാഖകളുണ്ട്. ഈ ഓരോ ശാഖയിലും നൂറുകണക്കിന് പാട്ടുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മലയാള ഭാഷയില്‍ എഴുതപ്പെട്ടതിലേറെ കൊളോണിയല്‍ വിരുദ്ധ പടപ്പാട്ടുകള്‍ അറബി മലയാളത്തിലുണ്ട്. അവയില്‍ പലതും സ്വാതന്ത്ര്യ സമര സേനാനികളെ ആവേശം കൊള്ളിച്ചവയാണ്. മലപ്പുറം പടപ്പാട്ട്, ചേറൂര്‍ പടപ്പാട്ട്, ഖിലാഫത്ത് ലഹളപ്പാട്ടുകള്‍ തുടങ്ങിയ പടപ്പാട്ടുകള്‍ എന്തുകൊണ്ടോ നമ്മുടെ ‘മുഖ്യധാര’യില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ഇതില്‍ ചേറൂര്‍ പടപ്പാട്ട് അടക്കമുള്ള നിരവധി പടപ്പാട്ടുകള്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടുകയുണ്ടായി. മലയാളത്തില്‍ സഞ്ചാരസാഹിത്യം ആരംഭിക്കുന്നതിനു പതിറ്റാണ്ടുകള്‍ക്കുമുമ്പേ അറബി മലയാളത്തില്‍ ‘സര്‍ക്കീട്ട് പാട്ടുകള്‍’ ഉണ്ടായിരുന്നു.
മലയാളത്തിലെ ലക്ഷണമൊത്ത ഒന്നാമത്തെ നോവലായി ഗണിക്കപ്പെടുന്ന ഒ. ചന്തുമേനോന്‍ രചിച്ച ‘ഇന്ദുലേഖ’ പ്രസിദ്ധീകരിക്കുന്നതിന് ആറുവര്‍ഷം മുമ്പ് അമീര്‍ ഖുസ്റു പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച ‘ചാര്‍ ദര്‍വേശ്’ അറബി മലയാളത്തില്‍ വെളിച്ചം കാണുകയുണ്ടായി. ഹിജ്റ വര്‍ഷം 1303ല്‍ തലശ്ശേരിയില്‍നിന്ന് ‘തത്തയുടെ കഥ’ എന്ന നോവല്‍ പരിഭാഷയും പ്രസിദ്ധീകരിക്കപ്പെട്ടു. അറബി മലയാളത്തില്‍ പരിഭാഷയായും സ്വതന്ത്രമായും രചിക്കപ്പെട്ട അമ്പതോളം നോവലുകളുണ്ട്. കേ
രള മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങള്‍ ആദ്യകാലത്ത് ഒട്ടേറെ അറബി മലയാള പത്രമാസികകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള മുസ്ലിം പത്രപ്രവര്‍ത്തന ചരിത്രം ആരംഭിക്കുന്നതുതന്നെ അറബി മലയാള മാസികകളിലൂടെയാണ്. സനാഉല്ല മക്തി തങ്ങള്‍, കെ.എം. മൗലവി, വക്കം മൗലവി, ശൈഖ് ഹമദാനി തങ്ങള്‍, കേരള മുസ്ലിം ഐക്യസംഘം, കേരള ജംഇയ്യതുല്‍ ഉലമ തുടങ്ങി ആദ്യകാല നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും പ്രസിദ്ധീകരിച്ച അറബി മലയാള പത്രമാസികകള്‍ കേരള മുസ്ലിം നവോത്ഥാനത്തിന്‍െറ ഭാഗമാണ്. ഒരുപക്ഷേ, കേരളത്തില്‍ ഉണ്ടായ ആദ്യത്തെ വനിതാമാസിക 1929ല്‍ കോമുകുട്ടി മൗലവി വനിതകള്‍ക്കായി പ്രസിദ്ധീകരിച്ച നിസാഉല്‍ ഇസ്ലാം മാസികയാണ്.
അറബി മലയാളത്തെ മലയാള ലിപിക്കനുസരിച്ച് പരിഷ്കരിച്ചതും വ്യാകരണ വ്യവസ്ഥകള്‍ തയാറാക്കിയതും നവോത്ഥാന നായകനായ മക്തി തങ്ങള്‍ അടക്കമുള്ള മഹാന്മാരായിരുന്നു. മലയാളത്തിന് ഏകീകൃതമായ ലിപി വ്യവസ്ഥയില്ലാതെ വട്ടെഴുത്തിലും കോലെഴുത്തിലും തോന്നിയപോലെ എഴുതിയിരുന്ന കാലത്ത് മലയാളത്തെ ക്രിയാത്മകമായി അടയാളപ്പെടുത്താനും ഉള്‍ക്കൊള്ളാനുംവേണ്ടി രൂപപ്പെടുത്തിയ അറബി മലയാളത്തില്‍ കത്തെഴുത്ത് മുതല്‍ സകല വ്യവഹാരങ്ങളും നിര്‍വഹിക്കപ്പെട്ടിരുന്നു. സി.എച്ച്. മുഹമ്മദ്കോയ പറഞ്ഞതുപോലെ, ‘കേരളത്തിലെ മുസ്ലിംകള്‍ എക്കാലത്തും അറബി മലയാളത്തിലൂടെ സാക്ഷരത കൈവരിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരള മുസ്ലിം ചരിത്രമെഴുതിയവരില്‍ പലരും അറബിയിലും അറബി മലയാളത്തിലും നിരക്ഷരരായിരുന്നതുകൊണ്ട് അവയിലുണ്ടായ സാഹിത്യ സമ്പത്തിനെയോ പൈതൃകത്തെയോ അവര്‍ക്ക് കാണാന്‍ പറ്റിയില്ല’.
ബ്രിട്ടീഷുകാര്‍ പൊതുപള്ളിക്കൂടങ്ങളിലേക്കുള്ള പാഠപുസ്തകങ്ങള്‍ തയാറാക്കാന്‍ ഏല്‍പിച്ച സവര്‍ണ എഴുത്തുകാര്‍ ചെയ്ത വലിയൊരു പാതകം കൂടി ഇതോടൊപ്പം ചര്‍ച്ച ചെയ്യേണ്ടതാണ്. അവര്‍ പരിഗണിച്ചത് ആര്യനെഴുത്തിനെ മാത്രമായിരുന്നു. ആര്യനെഴുത്താവട്ടെ, ദലിതുകള്‍ അടക്കമുള്ള കീഴാള വിഭാഗങ്ങളുടെ വാമൊഴി ഭാഷകളെ തകര്‍ത്തുകൊണ്ടാണ് കേരളത്തില്‍ ആധിപത്യം നേടിയത്. പറയഭാഷ പോലുള്ള ദലിത് ഭാഷകളില്‍നിന്ന് നാമ്പെടുത്തതാണ് മലയാള ഭാഷയെന്നും വാമൊഴിയായ ദലിത് ഭാഷകളെ പിന്തള്ളി ആദ്യം ചെന്തമിഴും പിന്നെ സംസ്കൃതവും കീഴാളരിലേക്ക് അരിച്ചിറങ്ങുകയായിരുന്നെന്നും ‘ദലിത് ഭാഷ’ എന്ന പുസ്തകത്തില്‍ കവിയൂര്‍ മുരളി രേഖപ്പെടുത്തുന്നു.
വിവിധ ജാതി വിഭാഗങ്ങളുടെ ഭാഷാഭേദങ്ങളെ തകര്‍ത്തുകൊണ്ടാണ് ആര്യസംസ്കൃതിയുടെ ഭാഷയും സംസ്കാരവും കേരളത്തില്‍ അടിച്ചേല്‍പിക്കപ്പെട്ടത്. അതോടെ വേറിട്ട സ്വത്വം കാത്തുസൂക്ഷിച്ച മാപ്പിള മുസ്ലിംകളുടെ ലിഖിതഭാഷയായ അറബി മലയാളവും ‘മാപ്പിള മലയാള’വും പ്രാന്തവത്കരിക്കപ്പെട്ടു; നൂറ്റാണ്ടുകള്‍ പഴക്കമുള്ള കീഴാളരുടെ വാമൊഴി സാഹിത്യം തമസ്കരിക്കപ്പെട്ടു. ചെറുത്തുനില്‍പിന്‍െറ പാരമ്പര്യമുള്ള മുസ്ലിംകള്‍ സ്വാഭാവികമായും സാംസ്കാരികമായ ഈ അധിനിവേശത്തോടു കലഹിച്ചുനിന്നു. അറബി മലയാളത്തില്‍നിന്ന് ‘പൊതുമണ്ഡല’ത്തിലെ മലയാളത്തിലേക്ക് മാറുന്ന സന്ദിഗ്ധ ഘട്ടത്തില്‍ ‘നായര്‍ മലയാള’ വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍ അടങ്ങുന്ന ‘ബൈത്തു’കള്‍ അറബി മലയാളത്തില്‍ ഉണ്ടായതിന്‍െറ ചരിത്ര പശ്ചാത്തലമിതാണ്.
മലയാള സര്‍വകലാശാല അടക്കമുള്ള കേരളത്തിലെ സര്‍വകലാശാലകള്‍ ഇത്തരം ഭാഷാരൂപങ്ങളെക്കൂടി ഉള്‍ക്കൊള്ളാന്‍ വിശാലമായ കാഴ്ചപ്പാടിലേക്ക് വളരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ ശ്രേഷ്ഠമലയാളം ജനാധിപത്യവത്കരിക്കപ്പെട്ടു എന്ന് അഭിമാനിക്കാന്‍ സാധിക്കുകയുള്ളൂ. ഒപ്പം ക്ളാസിക്കല്‍ പദവിയിലൂടെ ലഭ്യമാവുന്ന നൂറുകോടിയില്‍നിന്നും ഒരു തുക അറബി മലയാള ലിപിവ്യവസ്ഥയിലെ ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് ലിപ്യന്തരണം നടത്താന്‍ വിനിയോഗിക്കേണ്ടതുണ്ട്. കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകംപോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍വഴി ലിപ്യന്തരണ പദ്ധതി നടപ്പാക്കാവുന്നതാണ്.
മലയാള സര്‍വകലാശാലയില്‍ അറബി മലയാള ഭാഷാപഠനത്തിനും ഗവേഷണത്തിനും പ്രത്യേക പഠനവിഭാഗം ആരംഭിക്കേണ്ടത് മലയാളത്തിന്‍െറ വികാസത്തിന് അനിവാര്യമാണ്.

മാധ്യമം