സുകുമാര്‍ അഴീക്കോട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സുകുമാര്‍ അഴീക്കോട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

മലയാളത്തിന് പിഴ! - സുകുമാര്‍ അഴീക്കോട്‌


നമ്മെ പലതരത്തില്‍ അസ്വസ്ഥരാക്കുന്ന മാധ്യമവാര്‍ത്തകള്‍ക്ക് ഇന്ന് ഒരു പഞ്ഞവുമില്ല. പക്ഷേ, ഒരേസമയത്ത് നാട്ടുകാരെ ലജ്ജിപ്പിക്കുകയും അപമാനിക്കുകയും പേടിപ്പിക്കുകയും കോപിപ്പിക്കുകയും ചെയ്യുന്ന ഒരു സംഭവം ആണ് മാളയിലെ ഹോളി ഗ്രേസ് വിദ്യാലയത്തില്‍ നടന്നത്. അധ്യയനസമയത്ത് സ്‌കൂളില്‍ മലയാളം പറഞ്ഞുപോയതിന് 1000 രൂപ വീതം പിഴയടയ്ക്കാന്‍ നൂറിലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യാത്തവര്‍ പുറത്തും.

ഒരൊറ്റ വിദ്യാലയത്തില്‍ത്തന്നെ മലയാളം സംസാരിച്ച 103 കുട്ടികളെ അതികഠിനമായ ശിക്ഷയ്ക്ക് ഇരയാക്കിയ മാനേജ്‌മെന്റ്, ശിക്ഷാര്‍ഹരായ വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതല്‍ കണ്ടപ്പോഴെങ്കിലും, ഇത് കുട്ടികള്‍ വ്യക്തിപരമായി ചെയ്ത തെറ്റോ കുറ്റമോ അല്ലെന്നും, ഇത് ഒരു സമൂഹശീലത്തിന്റെ ഫലമാണെന്നും ഉള്ള യാഥാര്‍ഥ്യം മനസ്സിലാക്കേണ്ടിയിരുന്നു! തങ്ങളുടെ നയമാണ് അതെന്ന് പറയുന്ന മാനേജ്‌മെന്റ് ആ നയം പവിത്രമോ അലംഘനീയമോ ആണെന്ന് വിശ്വസിച്ചുപോയ മട്ടുണ്ട്. തങ്ങള്‍ നയം എന്ന ഓമനപ്പേരില്‍ വിളിച്ച മാര്‍ഗനിര്‍ദേശം കൊളോണിയലിസത്തിനെതിരായി സ്വാതന്ത്ര്യസമരം നടത്തുകയും വിദേശഭാഷാമാധ്യമങ്ങളും മാതൃഭാഷയും വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഗാന്ധിജിയുടെ അധ്യയനഭാഷാനയം അംഗീകരിക്കപ്പെടുകയും ചെയ്ത ഇന്നത്തെ ഇന്ത്യയില്‍ വിലപ്പോവുകയില്ലെന്ന് ഇക്കാലത്തെ വിദ്യാലയഭരണാധികാരികള്‍ മറന്നേക്കരുത്. മാള ഹോളി ഗ്രേസ് അക്കാദമിയുടെ മാനേജ്‌മെന്റ് തനി റിപ്‌വാന്‍ വിങ്കിള്‍മാരെപ്പോലെയാണ് പെരുമാറിയത്.

ഇംഗ്ലീഷ്മാധ്യമത്തില്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ അധ്യയനവും അധ്യാപനവും നടക്കുമ്പോള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ് ഉപയോഗിക്കണമെന്നത് ഒരു വിദ്യാഭ്യാസനയമാണ്. അത് വലിച്ചുനീട്ടി വിദ്യാലയത്തില്‍നിന്ന് പിരിയുന്നതുവരെ ശ്വാസോച്ഛ്വാസം പോലും ഇംഗ്ലീഷില്‍ ആയിരിക്കണമെന്ന് നിര്‍ദേശിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇംഗ്ലീഷ് പഠിപ്പിക്കുമ്പോഴായാല്‍പ്പോലും ചിലപ്പോള്‍ കുട്ടികള്‍ക്ക് ആശയവും മറ്റും വിശദമാക്കാന്‍ മലയാളം വാക്ക് ഉപയോഗിക്കുന്നത് പാപമല്ല. to forget എന്ന വാക്ക് പഠിപ്പിക്കുമ്പോള്‍ 'മറക്കുക' എന്നും 'മറന്നുപോവുക' എന്നുമുള്ള മലയാളപ്രയോഗങ്ങളുടെ വ്യത്യാസം കുട്ടികളെ ബോധ്യപ്പെടുത്തേണ്ടിവരും. 'അവന്‍' എന്ന വാക്കിന് സമാനമായി ഇംഗ്ലീഷില്‍ He ഉണ്ടെങ്കിലും ' ഇവന്‍' എന്നതിന് തുല്യമായ വാക്ക് ഇല്ലെന്ന് ചൂണ്ടിക്കാണിക്കേണ്ടതാണ്. അപ്പോഴൊക്കെ മാനേജ്‌മെന്റ് അധ്യാപകനെ പിരിച്ചയയ്ക്കുമോ? ഏതു വിഷയം പഠിപ്പിക്കുമ്പോഴും അതിന്റെ ഒരു അന്തരീക്ഷം ഒരുക്കിവെക്കണം എന്ന വിദ്യാഭ്യാസനയത്തില്‍ തെറ്റില്ല. അത് അധ്യാപകന്റെ ചുമതലയാണ്. മാനേജ്‌മെന്റ് ആ ഉത്തരവാദിത്വം സ്വയം പേറി കുട്ടികളുടെ സംഭാഷണസ്വാതന്ത്ര്യത്തെ പാടേ നിയന്ത്രിക്കുന്ന സ്വേച്ഛാധിപത്യപരമായ നീക്കം നടത്തിയത് നീതീകരിക്കാനാവില്ല. 'ദൈവം ഒന്നാമത് വിഡ്ഢികളെ സൃഷ്ടിച്ചു; പിന്നീട് സ്‌കൂള്‍ ബോര്‍ഡ് അംഗങ്ങളെയും സൃഷ്ടിച്ചു' എന്ന ഒരു ഇംഗ്ലീഷ് സാഹിത്യകാരന്റെ ഫലിതത്തിന് എത്ര ആഴമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി.

ഇംഗ്ലീഷ് പഠിക്കാന്‍ ഇത്ര കടുത്ത ദണ്ഡനം ആവശ്യമാണെന്ന് ഇക്കൂട്ടര്‍ക്ക് തോന്നിയത് അദ്ഭുതംതന്നെ. ഞങ്ങളെല്ലാം ഇംഗ്ലീഷ് പഠിച്ചവരും, അത് ഒരുമാതിരി എഴുതാനും പറയാനും കഴിവുള്ളവരുമാണെന്ന് അഭിമാനിക്കുന്നു. പക്ഷേ, അതിന് 'ഇംഗ്ലീഷ് മാത്രം' എന്ന പട്ടാളച്ചിട്ടയിലൂടെ കടന്നുപോകേണ്ടിവന്നിട്ടില്ല. ഇംഗ്ലണ്ടില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് അത് സാര്‍വദേശീയഭാഷയോ ആധുനിക വിജ്ഞാനവാഹനമോ ഒക്കെയാണെന്ന നാട്യം കാരണമല്ല; അത് ഇംഗ്ലണ്ടിലെ മാതൃഭാഷയായതുകൊണ്ടാണ്. റഷ്യയിലും ജപ്പാനിലും എല്ലാം തങ്ങളുടെ ഭാഷ മികച്ചതോ മോശമോ എന്നൊന്നും ചിന്തിച്ചിട്ടല്ല മാതൃഭാഷ ഒന്നാംഭാഷയായത്. ആ രാജ്യങ്ങളിലെ ഒന്നാംഭാഷ മാതൃഭാഷയാണെന്നതിന് എതിരായ ചിന്ത അവര്‍ക്കില്ലാത്തതുകൊണ്ടാണ്.

വിദേശഭാഷയില്‍ കുട്ടികളെ പഠിപ്പിക്കുന്നതുകൊണ്ട് കുട്ടികളുടെ മനസ്സില്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ഗാന്ധിജി അന്നേ വ്യക്തമായി പറഞ്ഞുവെച്ചിരുന്നു. വളര്‍ന്നുവരുമ്പോള്‍ കുട്ടികള്‍ സ്വന്തം നാട്ടിലും വീട്ടിലും ഏതോ തരത്തില്‍ അന്യരായി മാറുകയും തങ്ങളുടെ അറിവ് പാവപ്പെട്ട ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ആകാത്തവരാവുകയും സ്വന്തം സംസ്‌കാരത്തിന്റെ വില മറന്നുപോവുകയും ഇതിന്റെയെല്ലാം ഫലമായി സ്വന്തം ആത്മാവിന്റെ പൂര്‍ണമായ വികാസം പ്രാപിക്കാന്‍ കഴിയാത്തവരാവുകയും ചെയ്യുന്നു. നെഹ്രുവിനോളം ഇന്ത്യക്കാരുമായി അടുക്കാന്‍ വി.കെ. കൃഷ്ണമേനോന് കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. ടാഗോറിന് നെബേല്‍സമ്മാനം കിട്ടിയത് ആംഗല 'ഗീതാഞ്ജലി' കൊണ്ടാണെങ്കിലും അത് ബംഗാളിരചനയുടെ അടുത്തെത്താത്ത കൃതിയാണെന്നുകൂടി ഓര്‍ക്കുക. ബംഗാളിയില്‍ ടാഗോറിനുള്ള വലിയ സ്ഥാനമാണ് അദ്ദേഹത്തിന്റെ വിശ്വാംഗീകാരത്തിന്റെ അടിസ്ഥാനം. ഇംഗ്ലീഷിലെഴുതി നേരേ ലോകബഹുമതിയിലെത്താം എന്നു കരുതി എഴുതിയ ആര്‍.കെ. നാരായണ്‍ തൊട്ട് അരുന്ധതീറോയി വരെയുള്ളവര്‍ ഈ സത്യം മറന്നുപോയി.

ഒഴിവുസമയങ്ങളില്‍ നാട്ടിലെ ഭാഷയില്‍ മൊഴിഞ്ഞുപോയ കുട്ടികളെ ശിക്ഷിക്കുന്ന മാനേജ്‌മെന്റിനോട് ഒരു കാര്യം സവിനയം ചോദിച്ചുകൊള്ളട്ടെ-ഈ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപക-അധ്യാപികമാരില്‍ എത്ര പേര്‍ക്ക് ശരിയായ ഇംഗ്ലീഷ് അറിയാം? ഉച്ചാരണം, ശൈലി, വാക്യരീതി തുടങ്ങിയവ ശുദ്ധമായ ആംഗലരീതിയില്‍ പഠിപ്പിക്കാന്‍ എത്ര പേര്‍ക്ക് കഴിവുണ്ട്? ഈ പിഴച്ച ഇംഗ്ലീഷ് പറയാതെ നല്ല മലയാളം പറഞ്ഞുപോയ കുട്ടികള്‍ക്കാണോ പിഴചുമത്തേണ്ടത്. മാനേജ്‌മെന്റംഗങ്ങളും അധ്യാപകരും മാളയില്‍ കഴിഞ്ഞുകൂടുന്നത് ഇംഗ്ലീഷ് പറഞ്ഞിട്ടാണോ, അല്ല മലയാളം വഴിയോ? നാട്ടില്‍ മലയാളം പറയുന്നതിന് പഞ്ചായത്ത് പിഴ ചുമത്തിയാല്‍ ഇവര്‍ പിഴയടയ്ക്കുമോ?

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്നാണ് ഭരണഘടനയുടെ ശാസനം. ഇതാ ഇവിടെ വിദ്യാലയങ്ങളില്‍ പുതിയൊരു ഭാഷാവിവേചനം തലപൊക്കിയിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ അര്‍ഥങ്ങളും ആവശ്യങ്ങളും പൗരന്മാര്‍ ഉള്‍ക്കൊള്ളുകയും നിലനിര്‍ത്തുകയും വേണമെന്ന് ഭരണഘടനയില്‍ പൗരകര്‍ത്തവ്യങ്ങളുടെ കൂട്ടത്തില്‍ എടുത്തുപറയുന്നുണ്ട്. ഇങ്ങനെയാണോ അത് നടപ്പാക്കേണ്ടത് ?

മാള സ്‌കൂള്‍ അധികൃതര്‍ ഇന്ത്യന്‍ ഭരണഘടനയുടെ തത്ത്വങ്ങള്‍തൊട്ട് സംസ്ഥാന ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസനയത്തെ വരെ സ്‌കൂള്‍കാര്യം എന്നു പറഞ്ഞ് സസുഖം ലംഘിച്ച് മനോഹരമായി ഇംഗ്ലീഷില്‍ ചിരിക്കുന്നു!

മലയാളം ഒന്നാം ഭാഷയാണെന്ന് നിശ്ചയിച്ച ഗവണ്‍മെന്റ് ഉത്തരവിലെ മഷി ഉണങ്ങിയിട്ടില്ല. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഈ സ്‌കൂള്‍ മാനേജ്‌മെന്റ് ലോബിയെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നുപോലും ഇന്നുവരെ വ്യക്തമാക്കിയിട്ടില്ല. ഒളിച്ചുകളിക്കാവുന്ന വിഷയമല്ല ഇതെന്ന് അവരെ ഓര്‍മിപ്പിക്കുന്നു.