എഡിറ്റോറിയല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എഡിറ്റോറിയല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, മാർച്ച് 28, ശനിയാഴ്‌ച

പരീക്ഷാമുറിയില്നിന്നു പുറത്താക്കപ്പെടുന്ന മലയാളം

ഭരണഭാഷ മലയാളമാണെന്നും അതുകൊണ്ടുതന്നെ ഭരണനടപടിക്രമങ്ങളും കാര്യാലയങ്ങളിലെ
എഴുത്തുകുത്തുകളും മലയാളത്തില്ത്തന്നെ വേണമെന്നുമാണ് സര്ക്കാറിന്റെ നയം. എന്നാല്,
ഭരണത്തിന്റെ തലസ്ഥാനമായ സെക്രട്ടേറിയറ്റില് ഉദ്യോഗം നേടുന്നവര്ക്കു മലയാളം എഴുതാനും
വായിക്കാനും അറിയണമെന്നില്ല. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി നേടിയെടുത്തതില്
അഭിമാനിക്കുന്ന സര്ക്കാറിന്റെ നയം എന്തായാലും ഉദ്യോഗാര്ഥികളെ തിരഞ്ഞെടുക്കുന്ന
പബ്ലിക് സര്വീസ് കമ്മീഷന്റെ അഭിപ്രായം എതിര്ദിശയിലാണ്. സെക്രട്ടേറിയറ്റ്,
പി.എസ്.സി., ലോക്കല് ഫണ്ട് ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്
തസ്തികയ്ക്കുള്ള പരീക്ഷയില്നിന്ന് മലയാളഭാഷ ഒഴിവാക്കിയിരിക്കുന്നു.
വെറും പത്തുമാര്ക്കിനുള്ള ചോദ്യങ്ങളാണ് മലയാളഭാഷാ പരിജ്ഞാനം അളക്കാനായി ഈ
പരീക്ഷയ്ക്കുണ്ടായിരുന്നത്. കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങള് പരാതിപ്പെട്ടതിനാലാണ്
മാതൃഭാഷയായ മലയാളം ഒഴിവാക്കിയതെന്നാണ് പി.എസ്.സി. അധ്യക്ഷന്റെ വിശദീകരണം.
ന്യൂനപക്ഷങ്ങളുടെ ഭാഷകളായ കന്നഡയിലും തമിഴിലും ചോദ്യങ്ങള് തയ്യാറാക്കാനുള്ള
സാങ്കേതിക ബുദ്ധിമുട്ടാണ് മറ്റൊരുകാരണം. ന്യൂനപക്ഷാവകാശങ്ങള്
സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില് ആര്ക്കും എതിരഭിപ്രായമുണ്ടാവാന് തരമില്ല.
പക്ഷേ, അതുപോലെത്തന്നെ പ്രധാനമാണ് ഭൂരിപക്ഷത്തിന്റെ മാതൃഭാഷാവകാശവും.
കഴിഞ്ഞവര്ഷം കാസര്കോട് ജില്ലയില് ഒരു പി.എസ്.സി. പരീക്ഷ നടക്കുമ്പോള്
മലയാളത്തില്മാത്രം ഉത്തരമെഴുതാന് കഴിയുന്ന ചോദ്യങ്ങള് ഉള്ളതിന്റെ പേരില് വലിയ
പ്രതിഷേധമുണ്ടായിരുന്നു. ബി.ജെ.പി. പ്രവര്ത്തകര് ചോദ്യക്കടലാസ് കീറിയെറിഞ്ഞ് പരീക്ഷ
തടസ്സപ്പെടുത്തിയതോടെ പി.എസ്.സി. ആ പരീക്ഷതന്നെ വേണ്ടെന്നുവെച്ചു. കാസര്കോട്ടെ
കന്നഡ ന്യൂനപക്ഷത്തിനിടയില് ഈ മലയാളവിരുദ്ധ സമരത്തിലൂടെ ബി.ജെ.പി.
നേട്ടമുണ്ടാക്കുമെന്നുഭയന്ന മറ്റു രാഷ്ട്രീയകക്ഷികളും ഇടതു വലതുഭേദമില്ലാതെ
പ്രതിഷേധവുമായി രംഗത്തെത്തുകയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പു വരാന് പോകുന്നതിന്റെ
പശ്ചാത്തലത്തിലുള്ള തന്ത്രമായിരുന്നു ആ ന്യൂനപക്ഷപ്രേമം
കേരളത്തിലെ മറ്റൊരു സ്ഥലത്തും തമിഴ് സ്വാധീനതയുള്ള പ്രദേശങ്ങളില്പ്പോലും നമ്മുടെ
മുഖ്യരാഷ്ട്രീയകക്ഷികള് അത്തരമൊരു നിലപാടു സ്വീകരിച്ചിട്ടില്ലെന്നുകൂടി ഓര്ക്കണം.
കേരളപ്രേമവും ശ്രേഷ്ഠമലയാള പ്രേമവും പ്രകടിപ്പിക്കുന്ന രാഷ്ട്രീയപ്പാര്ട്ടികളുടെ
ഇരട്ടത്താപ്പാണ് മലയാളം ഒഴിവാക്കാന് പബ്ലിക് സര്വീസ് കമ്മീഷനെ പ്രേരിപ്പിച്ചത്
എന്നതാണു വാസ്തവം. മലയാളം ഒഴിവാക്കുന്നതിലൂടെ ന്യൂനപക്ഷനീതി
ഉറപ്പാക്കാനാവുമെങ്കിലും ഭരണഭാഷ മലയാളമാകണമെന്ന സര്ക്കാര്നയം നടപ്പാക്കാന്
കഴിയണമെന്നില്ല. ഉദ്യോഗം ലഭിക്കുന്നവര് മലയാളംമിഷന്റെ പരീക്ഷ ജയിച്ചാല്മതിയെന്ന
മറുമരുന്നാണ് പി.എസ്.സി.യുടെ കൈവശമുള്ളത്. ജയിച്ചില്ലെങ്കിലോ എന്ന സംശയാലുക്കളുടെ
ചോദ്യത്തിന് ഉത്തരമില്ല.
മാതൃഭാഷയായ മലയാളവും കേരളസംസ്കാരവും പരിചയമില്ലാത്ത ഒരു ഉദ്യോഗസ്ഥവര്ഗം
മലയാളം മാത്രമറിയാവുന്ന ബഹുഭൂരിപക്ഷം ആശ്രയിക്കുന്ന സര്ക്കാര് കാര്യാലയങ്ങളില്
ഉണ്ടാകുന്നത് അഭികാമ്യമാണോ എന്ന് ആലോചിക്കേണ്ടത് സംസ്ഥാന സര്ക്കാറാണ്.
മലയാളത്തില്മാത്രം ഉത്തരമെഴുതാന് കഴിയുന്ന ഭാഷാനൈപുണിചോദ്യങ്ങള് ഒഴിവാക്കിയ
പി.എസ്.സി. പകരം വെച്ചിട്ടുള്ളത് സര്ക്കാറിന്റെ സാമൂഹികക്ഷേമ പരിപാടികളെപ്പറ്റിയുള്ള
ചോദ്യങ്ങളാണ്. അവിടെ ഇംഗ്ലീഷിലും അവയ്ക്ക് ഉത്തരമെഴുതാന് കഴിയുന്ന കേരള
സംസ്കാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള് ആകാമായിരുന്നു.
എന്തുകൊണ്ടോ അങ്ങനെയൊരു തീരുമാനം പി.എസ്.സി.യില് നിന്നുണ്ടായില്ല. മലയാളത്തോട്
ഔദ്യോഗികതലത്തില് തുടരുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമായാണ്
ഭൂരിപക്ഷംജനങ്ങളും പി.എസ്.സി.യുടെ തീരുമാനത്തെ കാണുന്നത്, അവരുടെ നയപരവും
സാങ്കേതികവുമായ വിഷമങ്ങള് എന്തുതന്നെയായാലും. മലയാളത്തെ പത്താംക്ളാസ്സുവരെ
നിര്ബന്ധിത ഒന്നാംഭാഷയായി പ്രഖ്യാപിച്ച സ്വന്തം ഉത്തരവുനടപ്പാക്കാന് സര്ക്കാര്
ഇനിയും തുനിഞ്ഞിട്ടില്ലാത്ത കേരളത്തില് മാതൃഭാഷാദ്രോഹനടപടികള് ഇനിയുമുണ്ടാകുമെന്നാണ്
സ്വാഭിമാനികളായ ഭാഷാസ്നേഹികള് കരുതുന്നത്. ശ്രേഷ്ഠമലയാളത്തോടുള്ള കൂറ്
യഥാര്ഥമാണെന്നു തെളിയിക്കുന്ന നിലപാട് സ്വീകരിക്കാന് ഇനി സംസ്ഥാന സര്ക്കാറിനുമാത്രമേ
കഴിയൂ. ആ ഇച്ഛാശക്തിയാണു സര്ക്കാര് പുലര്ത്തേണ്ടത്.

2013, മാർച്ച് 14, വ്യാഴാഴ്‌ച

എല്ലായിടത്തും വേണം മലയാളം

മാതൃഭാഷയുടെ വളര്‍ച്ചയ്ക്കുവേണ്ടിയുള്ള ഏതുനടപടിയും നിലപാടും ദേശാഭിമാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആവിഷ്‌കരണങ്ങളാണ്. ഒരു ജനതയുടെ ആകമാനം അഭിനന്ദനം നേടിക്കൊടുക്കുന്ന കര്‍മങ്ങള്‍. കേരളസര്‍ക്കാറും കേരള പബ്ലിക് സര്‍വീസ് കമ്മീഷനും ആ അഭിനന്ദനം നേടുകയാണിപ്പോള്‍. കേരളത്തില്‍ സര്‍ക്കാര്‍ജോലി ലഭിക്കണമെങ്കില്‍ മലയാളം അറിഞ്ഞേതീരൂവെന്ന് വ്യവസ്ഥചെയ്യാന്‍ സര്‍ക്കാറും പി.എസ്.സി.യും തീരുമാനിച്ചതിനെ ചരിത്രപരമെന്നുതന്നെ വിശേഷിപ്പിക്കണം. പി.എസ്.സി. നിശ്ചയിക്കുന്ന യോഗ്യതാപരീക്ഷ ജയിച്ചാല്‍മാത്രമേ ഇനി കേരളസര്‍ക്കാറില്‍ ഉദ്യോഗസ്ഥരാവാന്‍ കഴിയൂ. ദീര്‍ഘകാലമായി ഭാഷാഭിമാനികളും സംഘടനകളും ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണിത്. സാധാരണ ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സേവനങ്ങള്‍ ചെയ്യേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും മാതൃഭാഷയായ മലയാളം എഴുതാനോ വായിക്കാനോ അറിയില്ല എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഈ നിര്‍ദേശം സര്‍ക്കാറിനുമുന്നില്‍ വെച്ചത്. അതിന് അംഗീകാരം നല്‍കിയ മന്ത്രിസഭയും ആ ശുപാര്‍ശ അംഗീകരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ച പബ്ലിക് സര്‍വീസ് കമ്മീഷനും വെറുമൊരു ഔദ്യോഗിക തീരുമാനം കൈക്കൊള്ളുകയായിരുന്നില്ല. മലയാളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിച്ചുപോലും സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ തീരുമാനത്തിന് ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. മലയാളം പഠിച്ചാല്‍ തൊഴില്‍ കിട്ടില്ലെന്ന് വാദിച്ച് മറ്റുഭാഷകള്‍ക്കുപിന്നാലെ പായുന്ന പ്രയോജനവാദികളുടെ കണ്ണുതുറപ്പിക്കാന്‍ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെ മാതൃഭാഷാപഠനത്തിന്റെ വളര്‍ച്ചയ്ക്കും അത് ഗുണംചെയ്യും. 

ഇതുകൊണ്ട് മാത്രമായില്ല. ആശയവിനിമയത്തിന്റെയും സാഹിത്യത്തിന്റെയും മാത്രമല്ല, ജീവിതവിനിമയത്തിന്റെയും മാധ്യമമായ മലയാളം മറ്റുരംഗങ്ങളിലും കടന്നുവന്നേ തീരൂ. കോടതികളുടെ കാര്യം നോക്കുക. വ്യവഹാരത്തിന്റെ ഭാഷ ഇംഗ്ലീഷാണിപ്പോഴും. സാധാരണ മനുഷ്യര്‍പോലും ഒരു വൈദേശികഭാഷയുടെ അപരിചിതത്വത്തില്‍ തങ്ങളുടെ നൈതികപ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ നിര്‍ബന്ധിതരാവുന്നതാണ് ഇപ്പോഴുമുള്ള സാഹചര്യം.

നീതി ലഭിച്ചാലും നീതിയുടെ നടപടിക്രമങ്ങള്‍ വ്യവഹാരിക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന ഈ അവസ്ഥ മാറണമെങ്കില്‍ മാതൃഭാഷ കോടതിയില്‍ പ്രവേശിച്ചേപറ്റൂ. സര്‍ക്കാര്‍ജോലിക്ക് തദ്ദേശീയഭാഷ അറിയണമെന്ന കാര്യത്തിലെന്നപോലെ ഇതിലും മറ്റുസംസ്ഥാനങ്ങള്‍ കേരളത്തിന് മാതൃകയായുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ പഞ്ചാബി ഭാഷാനിയമത്തില്‍ സമീപകാലത്ത് കൊണ്ടുവന്ന സുപ്രധാനമായ ഭേദഗതി എല്ലാകോടതികളിലും പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലും പഞ്ചാബിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ്. ഗുജറാത്ത് ഹൈക്കോടതി 2012 ജനവരി ഒന്നിന് നടത്തിയ പ്രസിദ്ധമായ പ്രഖ്യാപനം 'ഗുജറാത്തില്‍ ഹിന്ദി ഒരു വിദേശഭാഷയാണ്' എന്നായിരുന്നു. ദേശീയപാതാ അതോറിറ്റി ഹിന്ദിയില്‍ പാത വീതികൂട്ടല്‍ സംബന്ധിച്ച് അറിയിപ്പ് നല്‍കിയതിനെ ജുനഗഢിലെ കര്‍ഷകര്‍ കോടതിയില്‍ ചോദ്യംചെയ്തപ്പോഴായിരുന്നു ഈ നിരീക്ഷണം. ഗുജറാത്ത് ഹൈക്കോടതിയില്‍ ഗുജറാത്തിഭാഷ ഉപയോഗിക്കാന്‍ അവിടത്തെ സര്‍ക്കാര്‍ കേന്ദ്രഭരണകൂടത്തോട് അനുമതി തേടിയിട്ടുമുണ്ട്.

നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്നാണ് കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പത്താംതരംവരെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായി മാറിയത്. പക്ഷേ, കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം പഠിക്കേണ്ടതില്ല. എന്നാല്‍, അവിടെ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയ എന്‍.സി.ഇ.ആര്‍.ടി. അതിന്റെ കരിക്കുലം ഫ്രെയിംവര്‍ക്ക്എന്ന ദേശീയ നയരേഖയുടെ മൂന്നാമധ്യായത്തില്‍ പറയുന്നത് 'മാതൃഭാഷ, ഗോത്രഭാഷകള്‍ ഉള്‍പ്പെടെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, അവര്‍ എത്ര ന്യൂനപക്ഷമായിരുന്നാല്‍പ്പോലും പരമാവധി അവസരവും പ്രോത്സാഹനവും നല്‍കണം. ഇംഗ്ലീഷ് പഠിപ്പിക്കാം എന്നാല്‍, അത് ഇന്ത്യന്‍ ഭാഷകളുടെ ചെലവിലാകരുത്' എന്നാണ്. വിദ്യാലയ മാനേജ്‌മെന്റുകളുടെയും വിദ്യാഭ്യാസവകുപ്പിന്റെയും കണ്ണുതുറപ്പിക്കേണ്ട നിര്‍ദേശമാണിത്. പത്താംക്ലാസുവരെ തമിഴ് നിര്‍ബന്ധമാക്കിയ തമിഴ്‌നാട് സര്‍ക്കാറിന്റെ നിയമനിര്‍മാണത്തെ ചില സംഘടനകള്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരുന്നു. അത് തള്ളിക്കൊണ്ട് ജസ്റ്റിസ് അരിജിത് പാസായത്തും ജസ്റ്റിസ് പാഞ്ചലും നടത്തിയ നിരീക്ഷണം, 'തദ്ദേശീയഭാഷ പഠിക്കാതിരിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്നും പഠിക്കല്‍ കുട്ടിയുടെ താത്പര്യമാണ്' എന്നുമാണ്. മാതൃഭാഷാപഠനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ നടപടികള്‍ നമ്മുടെ സര്‍ക്കാറിന്റെയും പരിഗണനയ്ക്കുവന്നേ തീരൂ.

മാതൃഭൂമി 14.03.2013

2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

മലയാളം എന്ന വികാരം


നവംബറിന്റെ വരവ് മലയാളത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. കേരളപ്പിറവി ആഘോഷവും മാതൃഭാഷാവാരാചരണവും ഭരണഭാഷ മലയാളമാക്കുന്നതിനെക്കുറിച്ചുള്ള ശില്പശാലകളും പ്രതിജ്ഞയെടുക്കലുകളുമായി നവംബറിന്റെ ആദ്യവാരം മാതൃഭാഷാസ്‌നേഹത്താല്‍ നിര്‍ഭരമാകും. അതുകഴിഞ്ഞാല്‍ എല്ലാം പഴയപടിയാവുന്നതാണ് കാലാകാലങ്ങളായുള്ള അനുഭവം. എന്നാല്‍, വ്യത്യസ്തമാണ് ഈ വര്‍ഷം. മലയാള സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനവും രണ്ടുകോടിരൂപ ചെലവിട്ട് വിശ്വമലയാളമഹോത്സവം നടത്താനുള്ള തീരുമാനവും മാതൃഭാഷാ സ്‌നേഹികളില്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. വാഗ്ദാനങ്ങളില്‍ നിന്ന് പ്രായോഗികതലത്തിലെത്തി എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നേട്ടം. എന്നാല്‍, മാതൃഭാഷയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ കാണിക്കുന്ന ശുഷ്‌കാന്തി താഴേത്തട്ടുകളില്‍ കാണുന്നില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കുന്നതിന് മുഖ്യമന്ത്രി പലതവണ ഉത്തരവിട്ടിട്ടും വിദ്യാഭ്യാസ വകുപ്പില്‍ അത് തടഞ്ഞുനിന്നത് ഉദാഹരണം. മാതൃഭാഷാ സ്‌നേഹികളുടെ സംഘടനകള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഇതിന്റെ നിര്‍ദേശം വിദ്യാലയങ്ങളില്‍ എത്തിയത്. സി.ബി.എസ്.ഇ. പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളില്‍ ഉത്തരവുനടപ്പാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരശ്രദ്ധ പതിപ്പിച്ചേ പറ്റൂ. കേരളത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹികവുമായ അസ്തിത്വത്തിന്റെ അടിസ്ഥാനമാണ് മലയാളമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.


മാതൃഭാഷാ പോഷണത്തെക്കുറിച്ചുള്ള ഉദ്ദേശ്യശുദ്ധി നിറഞ്ഞ സങ്കല്പങ്ങള്‍, വിശാലമായ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും ആത്മാര്‍ഥതയുമില്ലാത്തതുകൊണ്ട് വഷളായിത്തീരുന്നതിന് സര്‍ക്കാറിന്റെയും സര്‍വകലാശാലയുടെയുമൊക്കെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ തെളിവാണ്. രാഷ്ട്രപതി ഒക്ടോബര്‍ 30-ന് ഉദ്ഘാടനം ചെയ്യുന്ന വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പിനെപ്പറ്റി ഉയരുന്ന ആക്ഷേപങ്ങള്‍ സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയെയാണ് കളങ്കപ്പെടുത്തുന്നത്. സംഘാടനത്തിലെ പിഴവുകളും സ്വകാര്യ താത്പര്യങ്ങളുമാണ് ആക്ഷേപങ്ങള്‍ക്കിടയാക്കിയത്. മലയാളത്തിന്റെ മഹിമ ലോകത്തോട് വിളിച്ചുപറയാന്‍ വേണ്ടിയുള്ള ഈ ഉത്സവത്തിന്റെ പ്രചാരണത്തിനായി താത്കാലികമായി സ്ഥാപിച്ച പ്രതിമകളില്‍ പറ്റിയ പിഴവുകള്‍ ദുഃഖകരമായിരുന്നു. മലയാളത്തിലെ ആഖ്യായികാസാഹിത്യത്തിലെ കുലപതികളിലൊരാളായ സി.വി. രാമന്‍പിള്ളയ്ക്കുപകരം വിശ്രുത ഭൗതികശാസ്ത്രജ്ഞനായ സി.വി. രാമന്റെ പ്രതിമ വെച്ചും മുപ്പത്തേഴാം വയസ്സില്‍ മരിച്ച ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ വൃദ്ധരൂപം സ്ഥാപിച്ചുമൊക്കെയായിരുന്നു പ്രചാരണം. ചരിത്രസംഭവമാകേണ്ട ഒരു മഹാസമ്മേളനം തിടുക്കപ്പെട്ട് രൂപപ്പെടുത്തുകയും അതിന്റെ സംഘാടനം ഏതാനും വ്യക്തികളിലേക്ക് ഒതുക്കുകയും ചെയ്തിടത്താണ് പിഴവുണ്ടായത്. സുതാര്യത നഷ്ടപ്പെട്ടുവെന്ന ആശങ്ക സമ്മേളനം കഴിഞ്ഞാലും പരിഹരിക്കേണ്ടതാണ്. ക്ലാസിക്കല്‍ പദവിക്കുവേണ്ടിയുള്ള അവകാശവാദം തിരസ്‌കരിക്കപ്പെട്ട മലയാളത്തിന്റെ യഥാര്‍ഥ ശ്രേഷ്ഠത വിളിച്ചോതുന്നതാവണം വിശ്വമലയാള മഹോത്സവം. സുതാര്യവും സത്യസന്ധവും ജനാധിപത്യപരവുമായ നടപടികള്‍ സംഘാടകര്‍ സ്വീകരിച്ചില്ലെങ്കില്‍ വെറുതേ പഴി കേള്‍ക്കേണ്ടിവരിക രാഷ്ട്രീയനേതൃത്വത്തിനാണ്.ഭരണഭാഷാവാരാചരണവും വിശ്വമലയാളോത്സവവും മലയാള സര്‍വകലാശാലയുമെല്ലാം ഒരു ജീവല്‍മലയാളത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാവണം. ഇംഗ്ലീഷിന്റെയും സംസ്‌കൃതത്തിന്റെയും പ്രസരം കുറഞ്ഞ ഒരു മലയാളം വികസിപ്പിച്ചെടുക്കാനാണ് സാംസ്‌കാരികസ്ഥാപനങ്ങളും സര്‍വകലാശാലകളും ശ്രമിക്കേണ്ടത്. ശ്രേഷ്ഠഭാഷാപദവിക്കുപിന്നാലെപ്പോയി നേരംകളയുന്നതിനേക്കാള്‍ നല്ല മലയാളമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍, സാംസ്‌കാരികസ്ഥാപനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങള്‍പോലും അബദ്ധമുക്തമല്ല. ക്ലാസിക്കല്‍മലയാളത്തേക്കാള്‍ ക്ലാസില്‍ പഠിപ്പിക്കുന്ന മലയാളമുണ്ടാവുമ്പോഴേ തെളിമലയാളം ഉരുത്തിരിയൂ. ഒന്നാംഭാഷ മലയാളമാവേണ്ടതിന്റെ ആവശ്യകത അതാണ്. അത് നടപ്പാക്കാന്‍ തടസ്സവാദങ്ങള്‍ എവിടെനിന്നെങ്കിലും ഉണ്ടാവുകയാണെങ്കില്‍ നിയമനിര്‍മാണം നടത്താനുള്ള ധീരത സര്‍ക്കാര്‍ കാണിക്കണം. സുതാര്യവും നീതിപൂര്‍വവും ആത്മാര്‍ഥവുമായ പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാറും ജനങ്ങളും ഒത്തുചേര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനമാണ് മാതൃഭാഷാവികസനം. അതില്‍ മുഖ്യപങ്കുവഹിക്കേണ്ടത് സാംസ്‌കാരികസ്ഥാപനങ്ങളാണ്. വിദഗ്ധമായ നേതൃത്വവും ഉന്നതലക്ഷ്യമുള്ള പ്രവര്‍ത്തനങ്ങളും വഴി അവയ്ക്ക് അത് കൈവരിക്കാനാവും. അത് നിര്‍വഹിക്കണമെന്നേയുള്ളൂ. നവംബറിലെ ആദ്യവാരത്തില്‍ മാത്രം ഓര്‍ക്കാനുള്ളതല്ല എല്ലാനിമിഷവും തീവ്രമായി നില്‍ക്കാനുള്ള വികാരമാണ് മലയാളിക്ക് മലയാളം.


2011, ഡിസംബർ 1, വ്യാഴാഴ്‌ച

മലയാളം ഒന്നാം ഭാഷ: ഉത്തരവ് നടപ്പാക്കണം - (മാതൃഭൂമി എഡിറ്റോറിയല്‍)

മലയാളം ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ട് മൂന്നുമാസം പിന്നിട്ടെങ്കിലും സ്‌കൂളുകളില്‍ അത് നടപ്പായിട്ടില്ലെന്ന റിപ്പോര്‍ട്ട് ഭാഷാഭിമാനികള്‍ക്കെല്ലാം അസ്വസ്ഥതയുണ്ടാക്കും. തീരുമാനങ്ങള്‍ കടലാസിലുറങ്ങുന്നതിന് പലപ്പോഴും കാരണമാകുന്നത് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയോ കെടുകാര്യസ്ഥതയോ ആണ്. ഭാഷയെ സ്‌നേഹിക്കുന്നവര്‍ ദീര്‍ഘകാലമായി നടത്തിവന്ന പ്രചാരണത്തെയും സമ്മര്‍ദത്തെയുംതുടര്‍ന്ന് എടുത്ത ഈ തീരുമാനം ഒട്ടും വൈകാതെത്തന്നെ നടപ്പാക്കേണ്ടതായിരുന്നു. എല്ലാ കക്ഷികളിലുംപെട്ട ജനപ്രതിനിധികള്‍ അതിനെ പിന്തുണച്ചിരുന്നു. എന്നാല്‍, അനുകൂലമായ തീരുമാനമെടുത്ത് ആവശ്യക്കാരെ തത്കാലം തൃപ്തരാക്കിയശേഷം നടപ്പാക്കല്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന ശൈലി നമ്മുടെ ഭാഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍പ്പോലും അധികൃ തര്‍ തുടരുകയാണ്. എല്ലാനിലയ്ക്കും അപലപനീയമാണിത്.

പത്താംക്ലാസ്സുവരെ, സി.ബി.എസ്.ഇ. ഉള്‍പ്പെടെ, എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഉത്തരവ് സപ്തംബര്‍ ഒന്നിനാണ് ഇറക്കിയത്. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് അതില്‍ നിര്‍ദേശിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കാനുള്ള പ്രാരംഭനടപടികള്‍പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെ ഗൗരവമായിത്തന്നെ കാണണം. വിശദമായ ആലോചനകള്‍ക്കുശേഷമാണ് മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനമെടുത്തത്. അതു നടപ്പാക്കുമ്പോഴുണ്ടാകാവുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികളും ആയിടെ നിര്‍ദേശിച്ചിരുന്നു. ഉത്തരവിലും അതിനെക്കുറിച്ച് പറയുന്നുണ്ട്. ചില ക്രമീകരണങ്ങളിലൂടെ മലയാളപഠനത്തിന് മതിയായ സമയം കണ്ടെത്താവുന്നതേയുള്ളൂ. മലയാളം അധികമായി പഠിപ്പിക്കേണ്ടിവരുന്ന സ്‌കൂളുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നോ ദിവസവേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിശ്ചയിക്കാനും അനുവദിച്ചിരുന്നു. എന്നാല്‍, പഠനസമയം ക്രമീകരിക്കാനോ പുതിയ അധ്യാപകരെ നിശ്ചയിക്കാനോ സ്‌കൂളുകള്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ക്രമീകരണങ്ങളും തീരുമാനങ്ങളും നടപ്പാക്കാന്‍ കഴിയാത്തതെന്തുകൊണ്ട് ?

മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി പറയുന്നു. ഉത്തരവിറങ്ങിയെന്നല്ലാതെ വിശദാംശങ്ങള്‍ രേഖാമൂലം തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ചില സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ പറയുന്നത്. തീരുമാനം നടപ്പാക്കല്‍ എത്രവേണമെങ്കിലും വൈകിയേക്കാം എന്നാണ് ഇത് നല്‍കുന്ന സൂചന. ഉത്തരവിറക്കിയതുകൊണ്ടുമാത്രം അധികൃതരുടെ ചുമതല തീരുന്നില്ല. അത് നടപ്പാക്കുന്നുവെന്ന് അവര്‍ ഉറപ്പുവരുത്തുകയുംവേണം. ഭരണകൂടത്തിനു മാത്രമല്ല, മലയാളിസമൂഹത്തിനാകെ അപമാനകരമാണ് ഈ അനിശ്ചിതത്വം. ഭാഷയെ വളര്‍ത്താനും പഠിതാക്കളെ അതിലേക്ക് ആകര്‍ഷിക്കാനും പലതലങ്ങളിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നവംബറില്‍ പലേടത്തും വിപുലമായ തോതില്‍ ഭാഷാവാരം ആചരിക്കുകയുണ്ടായി. ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഭാഷാഭിമാനം വളര്‍ത്താനുള്ള പരിപാടികള്‍ നടത്തിവരുന്നു. ഇവയുടെയെല്ലാം ഫലമായി ഭാഷാസംരക്ഷണത്തിനും പ്രചാരണത്തിനും സഹായകമായ ചലനങ്ങളും പ്രതികരണങ്ങളും സമൂഹത്തിന്റെ പലകോണുകളിലും കണ്ടുതുടങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍, അനുകൂലമായ നിലപാടും നടപടികളുംകൊണ്ട് സമൂഹത്തിനാകെ മാതൃക കാണിക്കാന്‍ സര്‍ക്കാറിന് കഴിയണം. മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. സര്‍ക്കാറിന്റെ തീരുമാനം പ്രാവര്‍ത്തികമാകാതിരിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് നമ്മുടെ ഭാഷ തന്നെയാണ്.

2011, ജൂൺ 1, ബുധനാഴ്‌ച

മാതൃഭാഷാ പഠനം: അവഗണനയ്ക്ക് നീതീകരണമില്ല - ജനയുഗം എഡിറ്റോറിയല്‍

ജനയുഗം മുഖപ്രസംഗം
DATE : 2011-06-01

മലയാളഭാഷയെ അവഗണിക്കാനും അവഹേളിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും ശ്രമം അങ്ങേയറ്റം അപലപനീയവും നാടിന് അപമാനകരവുമാണ്. മാതൃഭാഷയായ മലയാളം ഒന്നാംഭാഷയാക്കണമെന്നും നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്നുമുള്ള ആവശ്യം നിരവധി പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്നതാണ്. മാതൃഭാഷാ സ്‌നേഹികളും വിദ്യാഭ്യാസ വിചക്ഷണരും അധ്യാപകശ്രേഷ്ഠന്‍മാരും സാംസ്‌കാരികനായകന്‍മാരുമെല്ലാം ഈ ആവശ്യത്തിന്റെ യുക്തിഭദ്രത ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഭാഷ മലയാളമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുമായി സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കുകയും പ്രാരംഭനടപടികള്‍ക്ക് തുടക്കമിടുകയും ചെയ്‌തെങ്കിലും പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് അത് മുന്നോട്ടുകൊണ്ടു പോകാനായില്ല. തുടര്‍ന്നുള്ള കാലത്താണ് പുതുതലമുറയില്‍ നിന്ന് മാതൃഭാഷ കൂടുതല്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെട്ടത്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനവും മലയാളികളുടെ സാംസ്‌കാരികബോധത്തിലുണ്ടായ അപചയവും മലയാളഭാഷ മാറ്റിനിര്‍ത്തപ്പെടുന്നതിന് കാരണമായി.
തെല്ലും ഗുണകരമല്ലാത്ത ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായാണ് ഇക്കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ മാതൃഭാഷ നിര്‍ബന്ധിത പഠനവിഷയമാക്കാന്‍ തീരുമാനിച്ചത്. കക്ഷിരാഷ്ട്രീയഭേദമന്യേ ഏവരാലും സ്വാഗതം ചെയ്യപ്പെട്ടതും ശ്ലാഘനീയവുമായിരുന്നു ആ നടപടി. എന്നാല്‍ ഈ മഹത്തായ തീരുമാനത്തില്‍ നിന്ന് ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്നോക്കം പോകുന്നതാണ് കേരളം കാണുന്നത്. മലയാളം നിര്‍ബന്ധിത പഠനവിഷയമാക്കുന്ന കാര്യം ഈ അധ്യയനവര്‍ഷം നടപ്പാക്കാനാവില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പറയുന്നത്. അതിന് കാരണമായി അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ യുക്തിയും ന്യായവുമില്ലാത്തതാണു താനും. മാതൃഭാഷാ പഠനത്തിനുള്ള പീരിയഡുകള്‍ വര്‍ധിപ്പിക്കുന്നത് അനായാസകരമായ കാര്യമല്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. ആഴ്ചയില്‍ ആറുമണിക്കൂര്‍ എന്നതാണ് നിലവിലുള്ള മലയാളപഠന സമയം. അത് ഏഴുമണിക്കൂറായി വര്‍ധിപ്പിക്കുക എന്നത് പ്രയാസകരമാണെന്ന നിലപാട് ആശ്ചര്യകരമാണ്. കേന്ദ്ര സിലബസ് അവലംബിക്കുന്ന നൂറുകണക്കിന് വിദ്യാലയങ്ങളില്‍ മലയാളഭാഷ പടിക്കു പുറത്താണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനപ്രകാരം ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാതൃഭാഷാ പഠനം നിര്‍ബന്ധിതമാവണം. എന്നാല്‍ ഇടതുസര്‍ക്കാരിന്റെ തീരുമാനത്തെ സംബന്ധിച്ച് വിശദീകരണ ഉത്തരവ് പുറപ്പെടുവിക്കാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ യു ഡി എഫ് സര്‍ക്കാര്‍ സന്നദ്ധമായില്ലെന്ന് മാത്രമല്ല, മാതൃഭാഷാ പഠനത്തിന് എതിരായി പരോക്ഷമായി നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു.
ഭാഷകള്‍ മണ്‍മറഞ്ഞു പോകുന്ന ദുരവസ്ഥയെക്കുറിച്ച് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെയും അനധികൃത വിദ്യാലയങ്ങളുടെയും അതിപ്രസരം മലയാളഭാഷയെ പുതുതലമുറയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതു നമ്മുടെ മാതൃഭാഷയുടെ ആയുസിനെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 'എന്റെ മലയാളത്തെ എന്തു ചെയ്തു' എന്ന് നമ്മുടെ കവികള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ആകുലപ്പെടുന്നുണ്ട്. അണ്‍ എയ്ഡഡ്- അനധികൃത വിദ്യാലയങ്ങള്‍ പുതുതലമുറയില്‍ നിന്ന് മലയാളഭാഷയെ അകറ്റിനിര്‍ത്തുകയും ആംഗലേയഭാഷയില്‍ സംസാരിക്കുന്നതാണ് അഭിമാനത്തിന്റെ ചിഹ്നമെന്ന മൗഢ്യം അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ വിപല്‍ക്കരമായ പ്രവണതയ്ക്ക് പ്രചുരപ്രചാരം നല്‍കാന്‍ കേരളത്തിലെ ഒരുപറ്റം രക്ഷകര്‍ത്താക്കള്‍ യത്‌നിക്കുന്ന ദൗര്‍ഭാഗ്യകരമായ അനുഭവവും കാണാതിരുന്നുകൂടാ.
നമ്മുടെ സംസ്ഥാനത്തെപ്പോലെ മാതൃഭാഷയെ ഒഴിവാക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണത മറ്റു സംസ്ഥാനങ്ങളിലൊന്നും കാണുക സാധ്യമല്ല. മാതൃഭാഷയെ തങ്ങളുടെ സ്വത്വബോധത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായി കരുതുന്നവരാണവര്‍. ആംഗലഭാഷ തീര്‍ച്ചയായും പഠിക്കേണ്ടതുതന്നെ. ലോകമെങ്ങും ഉള്ള ആശയവിനിമയത്തിന് അത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതിന്റെ പേരില്‍ മാതൃഭാഷ ഉപേക്ഷിക്കപ്പെടുന്നതിന് ന്യായീകരണമില്ല. ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ് മാതൃഭാഷ. മര്‍ത്യന് പെറ്റമ്മ മാതൃഭാഷയാണെന്നും മറ്റുള്ള ഭാഷകള്‍ കേവലം വളര്‍ത്തമ്മമാരാണെന്നും മഹാകവി വള്ളത്തോള്‍ പാടിയതു ഈ സത്യത്തെ മുന്‍നിര്‍ത്തിയാണ്.
ഡോ. ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശപ്രകാരം മാതൃഭാഷാപഠനം നിര്‍ബന്ധിതമാക്കുകയും പീരിയഡുകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടിയെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കപ്പെടേണ്ടതാണ്. അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വക്താക്കളും മലയാള പഠനത്തിന്റെ പീരിയഡ് വര്‍ധനവില്‍ അസ്വസ്ഥത പൂണ്ട തല്‍പ്പരകക്ഷികളും ഈ അട്ടിമറിക്ക് പിന്നില്‍ ചരടുവലിക്കുന്നുണ്ടെന്ന ആക്ഷേപം ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മാതൃഭാഷയെ അവമതിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകയും വേണം. അതിനായി എല്ലാ മാതൃഭാഷാ സ്‌നേഹികളും ഒന്നിച്ച് ശബ്ദമുയര്‍ത്തുകയും വേണം.

2011, മേയ് 30, തിങ്കളാഴ്‌ച

മലയാളത്തിന്റെ കാര്യത്തില്‍ പിന്നോട്ടുപോകരുത്‌ - മാതൃഭൂമി എഡിറ്റോറിയല്‍


» പ്രിന്റ് എഡിഷന്‍ » മുഖപ്രസംഗം
Posted on: 30 May 2011
മാതൃഭാഷയായ മലയാളം കേരളത്തിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത പാഠ്യവിഷയമാക്കിയതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍, മുഴുവന്‍ മലയാളികള്‍ക്കും വേദനയും ലജ്ജയുമുണ്ടാക്കുന്നതാണ്. മാതൃഭാഷ പഠിപ്പിക്കുന്നതിനെ തുരങ്കംവയ്ക്കാന്‍, ആ ഭാഷ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു വിഭാഗം തന്നെ ഗൂഢമായി ശ്രമിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്. ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളും അടിസ്ഥാനശൂന്യമായ ഭയവും നിമിത്തം, മഹത്തായ ഒരു ചുവടുവയ്പില്‍നിന്ന് ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പിന്നോട്ടു പോയാല്‍ അത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മാതൃഭാഷാഭിമാനികളെ കടുത്ത നൈരാശ്യത്തിലും പ്രതിഷേധത്തിലുമാവും കൊണ്ടുചെന്നെത്തിക്കുക.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന അധ്യയന വര്‍ഷം തന്നെ പത്താംതരം വരെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീരുമാനമെടുത്തത്. നിയമസഭയിലും ഏകകണ്ഠമായ പിന്തുണ മാതൃഭാഷാ പോഷണത്തിനുള്ള ആ നടപടിക്ക് ലഭിച്ചു. പക്ഷേ, ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ ഭരണത്തിലെത്തിയതിനുശേഷം അതിനുള്ള തുടര്‍നടപടികള്‍ ഉണ്ടായിക്കാണുന്നില്ല.വിശദീകരണ ഉത്തരവും തുടര്‍ നടപടികളും ഉണ്ടായെങ്കില്‍ മാത്രമേ ഈ അധ്യയന വര്‍ഷത്തില്‍ നിര്‍ബന്ധിത മലയാളപഠനം സാധ്യമാകൂ. ആഴ്ചയില്‍ ആറുമണിക്കൂര്‍ എന്ന നിലവിലുള്ള മലയാള പഠനസമയം, നിര്‍ബന്ധിത ഒന്നാം ഭാഷയാകുന്നതോടെ ഏഴുമണിക്കൂറായി മാറും. ഒരു പീരിയഡ് കൂടിപ്പോകുന്നത് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് ഭയക്കുന്ന ചിലരാണ് ഈ നീക്കത്തിനെതിരെ അണിയറയില്‍ ചരടുവലിക്കുന്നതെന്ന് പറയുന്നു. ബഹുജനാഭിലാഷത്തിന്റെ ഫലമായി എല്ലാ കക്ഷികളിലുംപെട്ട ജനപ്രതിനിധികളുടെയും പിന്തുണയോടെ വിശദമായ പഠനം നടത്തിയശേഷം സംസ്ഥാന ഭരണകൂടം കൈക്കൊണ്ട തീരുമാനത്തിനെതിരെ ഒരു ഉദ്യോഗസ്ഥന്‍ എതിര്‍പ്പ് രേഖപ്പെടുത്തി സര്‍ക്കാരിന് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

വിദ്യാഭ്യാസ വിചക്ഷണനായ ഡോ. ആര്‍.വി.ജി. മേനോന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന്, പാഠ്യപദ്ധതി നടപ്പാക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി.യാണ് മലയാളത്തിന് പുതിയ പീരിയഡ് കണ്ടെത്താന്‍ വഴി നിര്‍ദേശിച്ചത്.മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. അല്പം പിന്നോട്ടു പോയാല്‍ ദേശീയ സ്വാതന്ത്ര്യസമരകാലത്തുതന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാതൃഭാഷാവകാശത്തിനു വേണ്ടി സമരപതാക ഉയര്‍ത്തിയിരുന്നതായി കാണാം. പിന്നീടും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളും പ്രചാര ണങ്ങളും നടന്നു. ഈ സാഹചര്യത്തില്‍, വ്യക്തമായ ഉത്തരവുകളും തുടര്‍നടപടികളും വഴി ഈ വര്‍ഷംതന്നെ മലയാളത്തെ നിര്‍ബന്ധിത ഒന്നാംഭാഷയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

സാധാരണക്കാരും അധ്യാപകരും ബുദ്ധിജീവികളുമെല്ലാമടങ്ങുന്ന ബഹുജനങ്ങള്‍ സമരരംഗത്തിറങ്ങിയാണ് മലയാളാവകാശം സാധിച്ചെടുത്തത്. നടപ്പാകുമെന്നായപ്പോള്‍ അത് തടസ്സപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതില്‍ മാതൃഭാഷാഭിമാനികള്‍ക്ക് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. മാതൃഭാഷ ഒരു ജനതയുടെ സ്വത്വത്തിന്റെ ഏറ്റവും തിളക്കമുള്ള മുദ്രയും സംസ്‌കാരത്തിന്റെ പതാകയുമാണ്. എല്ലാ മലയാളികളുടെയും ജന്മാവകാശമായ മലയാളത്തെ വീണ്ടും തഴയാന്‍ ശ്രമിക്കുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും തങ്ങള്‍ അവഹേളിക്കപ്പെടുന്നതായി തോന്നും. ആത്മാഭിമാനത്തോടെ നില്ക്കാന്‍ ജനതയെ സഹായിക്കുകയെന്നത് ഭരണാധികാരികളുടെ കടമയാണ്. അതുകൊണ്ടുതന്നെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്ന കാര്യത്തില്‍ ഒരുതരം അനാസ്ഥയും ഉണ്ടാകാന്‍ പാടില്ല.

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

2011, ജനുവരി 28, വെള്ളിയാഴ്‌ച

മലയാളത്തിന് അംഗീകാരം




ഒരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാവുകയാണ് കേരളം. മലയാളം മലയാളിയുടെ ജന്മാവകാശമാണെന്ന്, വൈകിയാണെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നു. സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ എല്ലാ തട്ടുകളിലും മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കാനുള്ള ആര്‍.വി.ജി. മേനോന്‍സമിതിയുടെ ശുപാര്‍ശ ജനവരി 25-ന് ചേര്‍ന്ന സംസ്ഥാനമന്ത്രിസഭായോഗം അംഗീകരിച്ചപ്പോള്‍ അതൊരു തെറ്റുതിരുത്തല്‍കൂടിയായി. കേരളത്തിലെ വിദ്യാലയങ്ങളില്‍ ഇത്രകാലവും മാതൃഭാഷയായ മലയാളം പഠിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. കേരളസമൂഹത്തിന്റെ പല തലങ്ങളിലുമുള്ളവര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മാറിമാറിവന്ന ഭരണകൂടങ്ങളെല്ലാം ഇക്കാര്യത്തില്‍ മാതൃഭാഷയെ അവഗണിക്കാനാണ് ശ്രമിച്ചത്. ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായുള്ള സമിതിയുടെ ശുപാര്‍ശ നടപ്പാകുന്നതോടെ മലയാളം പഠിക്കാതെ കേരളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവില്ല എന്ന നിലവരും. കേരളീയരുടെ നീണ്ടകാലത്തെ അഭിലാഷമാണ് സംസ്ഥാനഭരണകൂടം സാക്ഷാത്കരിക്കുന്നത്. മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്ന 'മാതൃഭൂമി' ഈ ചരിത്രമുഹൂര്‍ത്തത്തെ ആഹ്ലാദപൂര്‍വം സ്വാഗതം ചെയ്യുന്നു.

ഇക്കാര്യത്തില്‍ തീരുമാനവും അംഗീകാരവുംമാത്രം പോരാ. നടപ്പാക്കലാണ് പ്രധാനം. ഇല്ലെങ്കില്‍ ഭരണഭാഷ മലയാളമാക്കാന്‍ മുന്‍പെടുത്ത തീരുമാനത്തിന്റെ വിധിതന്നെയാവും ഇതിനും. താഴത്തെത്തട്ടില്‍ മലയാളത്തില്‍ ഭരണം ഏതാണ്ടൊക്കെ നടക്കുന്നുണ്ടെങ്കിലും മേല്‍ത്തട്ടില്‍ മാതൃഭാഷയ്ക്ക് അയിത്തമാണിപ്പോഴും. അത് ഉച്ചാടനംചെയ്യാനുള്ള രാഷ്ട്രീയഇച്ഛാശക്തി ആരും പ്രകടിപ്പിച്ചുകാണുന്നില്ല. നവംബറിലെ ഭരണഭാഷാവാരാഘോഷത്തിലെ ആഹ്വാനങ്ങളും സ്ഥിതിവിവരക്കണക്കുകളുമായി 'ഭരണമലയാളം' അവസാനിക്കുന്നു. വിദ്യാഭ്യാസരംഗത്ത് അതു സംഭവിച്ചുകൂടാ. സമയബദ്ധമായി നിര്‍ബന്ധിതമലയാളപഠനം നടപ്പാക്കുകതന്നെ വേണം. സമിതിയുടെ ശുപാര്‍ശയെപ്പറ്റി വിശദമായ പ്രായോഗികനിര്‍ദേശങ്ങള്‍ നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പീരിയഡുകള്‍ ക്രമപ്പെടുത്തല്‍, അധ്യാപകതസ്തികകള്‍ നഷ്ടപ്പെടുത്താതെനോക്കല്‍, ചട്ടങ്ങള്‍ പരിഷ്‌കരിക്കല്‍, പാഠപുസ്തകങ്ങള്‍ തയ്യാറാക്കല്‍ തുടങ്ങിയ ചെറിയ കടമ്പകളുണ്ട്. തസ്തികനഷ്ടത്തെപ്പറ്റിയും മറ്റും ആശങ്കയുള്ള വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി യോജിപ്പിലെത്തണം. വിദ്യാഭ്യാസവകുപ്പും പൊതുവിദ്യാഭ്യാസഡയറക്ടറും ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചാലേ നടപടികള്‍ വേഗത്തിലാവൂ.

ഏറ്റുമുട്ടലിലൂടെയല്ല സഹകരണത്തിലൂടെയാണ് മാതൃഭാഷാപഠനം നടപ്പാക്കേണ്ടത്. ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അധ്യാപകസംഘടനകള്‍ക്കും ബഹുജനങ്ങള്‍ക്കും ആ സഹകരണം ഉറപ്പാക്കാന്‍ ധാര്‍മികബാധ്യതയുണ്ട്. മനസ്സുവെച്ചാല്‍ ജൂണില്‍ പുതിയ വിദ്യാലയവര്‍ഷാരംഭംതൊട്ടുതന്നെ മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കാനാവും. അതിനായി നടപടികള്‍ വേഗത്തിലാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തലപ്പത്തുള്ളവര്‍ നേതൃത്വംനല്‍കണം. പുതിയ വിദ്യാഭ്യാസാവകാശനിയമത്തിന്റെ ഭാഗമായി കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്‌കരിക്കുന്ന നടപടികള്‍ നടന്നുവരുകയാണിപ്പോള്‍. വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അലകുംപിടിയും മാറ്റുന്ന ഈ പ്രവര്‍ത്തനത്തിനൊപ്പം മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കാനുള്ള നടപടികളും നടപ്പാക്കാവുന്നതേയുള്ളൂ. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ പാഠ്യപദ്ധതികളില്‍ പഠിക്കുന്നവര്‍ക്ക് മലയാളം തിരഞ്ഞെടുക്കാന്‍ എല്ലാ സ്‌കൂളുകളിലും അവസരമുണ്ടാകണം. ഹയര്‍ സെക്കന്‍ഡറിയില്‍ മറ്റു ഭാഷകള്‍ക്കൊപ്പം മലയാളം തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കണം എന്നീ സുപ്രധാനശുപാര്‍ശകള്‍ സമിതി മുന്നോട്ടുവെക്കുന്നുണ്ട്. അങ്ങനെ അവസരമില്ലാതിരിക്കുന്നത് വിദ്യാര്‍ഥികളോടുമാത്രമല്ല, കേരളസംസ്‌കാരത്തോടും മാതൃഭാഷയോടുമുള്ള നീതികേടാണ്. ആ തെറ്റുതിരുത്താനുള്ള ഉത്തരവാദിത്വം ഭരണകര്‍ത്താക്കള്‍ക്കുണ്ട്. മലയാളം ഒരു ഭാഷയുടെ പേരുമാത്രമല്ല, നമ്മുടെ വംശമുദ്രയുമാണ്.

2011, ജനുവരി 18, ചൊവ്വാഴ്ച

മലയാളത്തെ ജീവല്‍ഭാഷയാക്കുക - മാതൃഭൂമി എഡിറ്റോറിയല്‍


Posted on: 18 Jan 2011


മാതൃഭാഷ സംസാരിക്കാനും സ്വകാര്യവും പൊതുവും ഔദ്യോഗികവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഒരു ജനതയ്ക്ക് മൗലികമായ അവകാശമുണ്ട്. ജനത തിരഞ്ഞെടുത്തിട്ടുള്ള ഭരണകൂടത്തിനാകട്ടെ മാതൃഭാഷ നിലനിര്‍ത്താന്‍മാത്രമല്ല, അതിന്റെ നാനാമുഖമായ വികാസത്തിനും പരിപോഷണത്തിനും വേണ്ട നടപടികള്‍ എടുക്കാനുള്ള ബാധ്യതയുമുണ്ട്. പലതരത്തിലുള്ള വെല്ലുവിളികള്‍ നമ്മുടെ മാതൃഭാഷയായ മലയാളം നേരിടുന്ന സമകാലികാവസ്ഥയില്‍ സംസ്ഥാനഭരണകൂടത്തിന്റെ ഉത്തരവാദിത്വം വളരെ വലുതാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ (ക്ലാസിക്കല്‍) പദവി കിട്ടുന്നതിനുള്ള അര്‍ഹത വിശദീകരിച്ചുകൊണ്ടുള്ള നിവേദനം ജനവരി 15-ന് സാംസ്‌കാരിക-വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് സമര്‍പ്പിക്കുകയുണ്ടായി. രണ്ടാഴ്ചയ്ക്കുള്ളില്‍ വേണ്ട നടപടികള്‍ എടുക്കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. ആയിരം വര്‍ഷത്തെ സ്വതന്ത്ര സാഹിത്യസംസ്‌കാരവും അതിനുമപ്പുറത്തേക്കു നീളുന്ന വാമൊഴിപാരമ്പര്യവും മലയാളത്തിനുണ്ടെന്നു സമര്‍ഥിക്കുന്ന ഒരു വിശദീകരണപ്രബന്ധവും മൂന്നു വാള്യത്തിലുള്ള സഹായകരേഖാസമുച്ചയവുമാണ് കേരളം സമര്‍പ്പിച്ചിരിക്കുന്നത്. ഇനി വേണ്ടത് രാഷ്ട്രീയതീരുമാനമാണ്.

ശ്രേഷ്ഠഭാഷാപദവിയുടെ ലഭ്യതയും അതിന്റെ ഭാഗമായി കിട്ടുന്ന ധനവും മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉപകരിക്കുമെങ്കില്‍ മാതൃഭാഷാവിരോധികള്‍പോലും എതിര്‍ക്കുകയില്ല. ശ്രേഷ്ഠഭാഷാപദവിക്കുവേണ്ടിയുള്ള സമ്മര്‍ദങ്ങള്‍ക്കൊപ്പം മാതൃഭാഷയുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ചുകൂടി ചിന്തിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും വിദ്യാഭ്യാസവിചക്ഷണര്‍ക്കും മറ്റും ഉത്തരവാദിത്വമുണ്ട്. ക്ലാസിക്കലാവാന്‍ ശ്രമിക്കുമ്പോഴും ക്ലാസില്‍ പഠിക്കണമെന്നു നിര്‍ബന്ധമില്ലാത്ത ഭാഷയാണ് കേരളത്തില്‍ മലയാളം. നമ്മുടെ ഭാഷ ആധുനികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടുന്നുവെന്നും അത്തരം ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള പദസമ്പത്ത് ആര്‍ജിക്കുന്നുണ്ടെന്നും സൂക്ഷ്മദൃഷ്ടിയുള്ള ആര്‍ക്കും പറയാനാവില്ല. ഉപയോഗക്ഷമവും സ്വീകാര്യവുമായ പദങ്ങളും സാങ്കേതികസംജ്ഞകളും രൂപപ്പെടുത്തുന്നതില്‍ അതിനു ചുമതലയുള്ള സ്ഥാപനങ്ങള്‍ വേണ്ടത്ര ഔത്സുക്യം കാണിക്കുന്നില്ല. മറുഭാഷാപദങ്ങള്‍ അതേപടി സ്വീകരിച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയോ തത്കാലത്തേക്കു കാര്യം കാണുകയോ ആയിരിക്കുന്നു നമ്മുടെ പതിവ്. മലയാളത്തെ ജീവല്‍ഭാഷയായി നിലനിര്‍ത്താനുള്ള അത്തരം ക്രിയാത്മകശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നാം നേടാന്‍ ശ്രമിക്കുന്ന ശ്രേഷ്ഠപദവികൊണ്ടു ഫലമില്ലാതെവരും.

വിദ്യാഭ്യാസമാണ് മാതൃഭാഷയുടെ പ്രാണന്‍ നിലനിര്‍ത്തുന്നത്. ത്രിഭാഷാപദ്ധതിയിലൂന്നുന്ന ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും അതിന്റെ മാതൃകയില്‍ സംസ്ഥാനസര്‍ക്കാര്‍ രൂപപ്പെടുത്തിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടും മാതൃഭാഷാപഠനത്തെപ്പറ്റി വാചാലമാവുന്നുണ്ട്. ഒന്നാംഭാഷ എവിടെയും തദ്ദേശീയഭാഷ അഥവാ, മാതൃഭാഷതന്നെയായിരിക്കണമെന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് അനുശാസിക്കുന്നു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് കുറേക്കൂടി തീക്ഷ്ണമായാണ് മാതൃഭാഷാ പഠനത്തെപ്പറ്റി നിര്‍ദേശിക്കുന്നത്. ''മാതൃഭാഷാപഠനത്തില്‍ സമഗ്രതയും സാര്‍വത്രികതയും ഉറപ്പുവരുത്താന്‍ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല. മലയാളമറിയാത്ത മലയാളി എന്ന അഭിമാനംകൊള്ളല്‍ കേരളീയരുടെ സാമൂഹികബോധത്തിന് ഏല്പിച്ചിട്ടുള്ള ക്ഷതങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നതേയുള്ളൂ. ഇന്ത്യയിലെവിടെയും സ്‌കൂള്‍തലത്തില്‍ മാതൃഭാഷ നിര്‍ബന്ധിതമാവുമ്പോള്‍ മാതൃഭാഷ ഒഴിവാക്കിക്കൊണ്ട് സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ അവസരമുണ്ട്'' എന്ന ആത്മവിമര്‍ശനം നടത്തുകയാണ് എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ ആ നയരേഖ. മലയാളം ജീവല്‍ഭാഷയാകണമെങ്കില്‍ അത് വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും പഠിക്കുന്നതും നിരന്തരമായി പുതുക്കപ്പെടുന്നതുമായേ തീരൂ. ഇക്കാര്യ ത്തില്‍, പ്രീണനങ്ങള്‍ക്കും തത്കാലലാഭങ്ങള്‍ക്കുംവേണ്ടി മടിച്ചുനില്‍ക്കാതെ അധികൃതര്‍ മുന്നോട്ടുപോവുകയാണ് വേണ്ടത്. മലയാളം കേരളീയരുടെ മൗലികാവകാശമാണെന്ന പ്രഖ്യാപനമാണ് ശ്രേഷ്ഠമായ ഭാഷാനയം.

2010, ഡിസംബർ 1, ബുധനാഴ്‌ച

മലയാളം നമ്മുടെ അഭിമാനമാകണം - മാതൃഭൂമി എഡിറ്റോറിയല്‍


മലയാളം നമ്മുടെ അഭിമാനമാകണം

മാതൃഭൂമി

Posted on: 01 Dec 2010

മാതൃഭാഷ പഠിക്കാനുള്ള അവകാശത്തിനും അതിന്റെ നിലനില്പിനും വേണ്ടി സ്വന്തം നാട്ടില്‍ സമരം ചെയ്യേണ്ടിവരിക എന്നതിനെക്കാള്‍ ലജ്ജാകരമായി മറ്റൊന്നുമില്ല. ദൗര്‍ഭാഗ്യവശാല്‍, അതാണ് ഇപ്പോള്‍ കേരളത്തിലെ സ്ഥിതി. ആശയവിനിമയോപാധി മാത്രമല്ല മാതൃഭാഷ. ഒരു ജനതയുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും മുദ്രയും ജീവിതവ്യവഹാരത്തിന്റെയും ആത്മാവിഷ്‌കാരത്തിന്റെയും മുഖ്യോപാധിയും കൂടിയാണത്. എന്നാല്‍, ഇന്ന് കേരളത്തില്‍ മലയാളത്തിന്റെ നിലനില്പിന്കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി നേടാന്‍ സംസ്ഥാന ഭരണകൂടവും പണ്ഡിതരും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മലയാളം, ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഭാഷയല്ലാതായിത്തീരുന്നു എന്നത് ദുഃഖകരമായ വാസ്തവമാണ്. മാതൃമൊഴിയായ മലയാളം പഠിക്കാതെ തന്നെ ഒരു കുട്ടിക്ക് കേരളത്തില്‍ പത്താംതരം ജയിക്കാനാവും. കോളേജ് തലത്തിലാകട്ടെ മലയാളത്തിന് രണ്ടാം ഭാഷയുടെ സ്ഥാനമേയുള്ളു. അത് നിര്‍ബന്ധിതവുമല്ല. സ്‌കൂള്‍തലത്തിലും മലയാളം നിര്‍ബന്ധിതമല്ല എന്നതാണ് സത്യം. കേരള പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളില്‍ത്തന്നെ സ്‌പെഷല്‍ ഇംഗ്ലീഷ് പഠിച്ചുകൊണ്ട് മലയാളം ഒഴിവാക്കാം.

സംസ്‌കൃതം, അറബി വിദ്യാലയങ്ങളില്‍ ആ ഭാഷകള്‍ പഠിച്ചാല്‍ മതി. സി.ബി.എസ്.ഇ. പോലുള്ള പാഠ്യപദ്ധതികള്‍ പിന്തുടരുന്ന കേരളത്തിലെ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതമല്ല. ചുരുക്കത്തില്‍, മലയാളം പഠിക്കാതെതന്നെ നമുക്ക് മലയാളിയാകാം. ഈ ദുരവസ്ഥയ്‌ക്കെതിരെ കേരളത്തിന്റെ പല ഭാഗങ്ങളിലും ആശങ്കകള്‍ ഉയരുകയാണിപ്പോള്‍. അതിന്റെ പ്രതിഫലനമായിരുന്നു നവംബര്‍ 29ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കോഴിക്കോട്ടെ മലയാള ഐക്യവേദി, കൊച്ചിയിലെ മലയാള സംരക്ഷണവേദി, തിരുവനന്തപുരത്തെ മലയാളസമിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനവും ധര്‍ണയും. എഴുത്തുകാരും അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ആ മാതൃഭാഷാവകാശയോഗം മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അയുക്തി കാണാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്നു തോന്നുന്നില്ല. കേരളത്തില്‍ വിദ്യാഭ്യാസം ചെയ്യുന്നവര്‍ മലയാളം പഠിച്ചിരിക്കണമെന്നത് സാംസ്‌കാരികവും രാഷ്ട്രീയവുമായ ആവശ്യമാണുതാനും. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ജോലി കിട്ടണമെങ്കില്‍ തമിഴ് പഠിച്ചിരിക്കണമെന്നുണ്ട്. അല്ലാത്തവര്‍ പത്താംതരത്തിലെ തമിഴ് തുല്യതാ പരീക്ഷ ജയിക്കണം. സി.ബി.എസ്.ഇ. വിദ്യാലയങ്ങളിലും തമിഴ് നിര്‍ബന്ധിതമാക്കുന്നതിലേക്ക് നീങ്ങുകയാണ് അവിടത്തെ സര്‍ക്കാര്‍.

നമ്മുടെ ഭരണകൂടങ്ങളാവട്ടെ മലയാളത്തിന്റെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഒരു രാഷ്ട്രീയകക്ഷിക്കും മാതൃഭാഷയുമായി ബന്ധപ്പെട്ട വ്യക്തമായ നയം ഉയര്‍ത്തിക്കാണിക്കാനില്ല. മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയായി പ്രഖ്യാപിക്കുമെന്ന്, തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍, പറയാന്‍ മുന്നണികളും കക്ഷികളും തയ്യാറാകണമെന്നാണ് മാതൃഭാഷാസ്‌നേഹികള്‍ ആവശ്യപ്പെടുന്നത്. മലയാളത്തിനു വേണ്ടിയുള്ള നിലപാട് എന്നും കേരളരാഷ്ട്രീയത്തിന്റെയും സാംസ്‌കാരിക ജീവിതത്തിന്റെയും ആധാരമായിരുന്നു. ''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍'' എന്നെഴുതിയ മഹാകവി വള്ളത്തോളിന്റെ മഹിതപാരമ്പര്യമാണ് മലയാളിയുടേത്. മാതൃഭാഷയെ രാഷ്ട്രീയായുധമായി ഉപയോഗിച്ചതാണ് 'മാതൃഭൂമി'യുടെ പാരമ്പര്യവും. സ്വാതന്ത്ര്യസമരകാലത്ത് മലയാളത്തില്‍ പ്രസംഗിക്കാന്‍ ഇംഗ്ലീഷുകാരനായ കളക്ടര്‍ അനുവദിക്കാത്തതിനാല്‍ ഇറങ്ങിപ്പോയ കെ.പി. കേശവമേനോനാണ് 'മാതൃഭൂമി'യുടെ സ്ഥാപകപത്രാധിപര്‍. 1916ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ അന്നത്തെ മദ്രാസ് ഗവര്‍ണര്‍ പെന്റ്‌ലന്‍ഡിന് സ്വീകരണം നല്‍കുന്നതിനെപ്പറ്റി ആലോചിക്കാന്‍ ചേര്‍ന്ന ആ യോഗത്തില്‍ മലയാളം വിലക്കപ്പെട്ടതിനാല്‍ ''സ്വാഭിമാനമുള്ള മലയാളികള്‍ ഈ യോഗത്തില്‍ പങ്കെടുക്കുകയില്ല'' എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ ഇറങ്ങിപ്പോക്ക് രാഷ്ട്രീയ പ്രതിഷേധമെന്ന നിലയില്‍ ഒരുപക്ഷേ, ഇന്ത്യയില്‍ നടന്ന ആദ്യത്തെ ഇറങ്ങിപ്പോക്കായിരിക്കാം. ഐക്യകേരളത്തിനുവേണ്ടി സമരംചെയ്ത മലയാളി ഇന്ന് ഐക്യമലയാള പ്രസ്ഥാനമുണ്ടാക്കി മാതൃഭാഷയ്ക്കുവേണ്ടി പൊരുതേണ്ടിയിരിക്കുന്നു. കേരളമെന്നു കേള്‍ക്കുമ്പോള്‍ മാത്രമല്ല, മലയാളമെന്നു കേള്‍ക്കുമ്പോഴും 'തുടിക്കണം ചോര നമുക്ക് ഞരമ്പുകളില്‍'.