മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ലക്ഷദ്വീപുകാര്‍ കൂടി ഉള്‍പ്പെടുന്ന മലയാളികള്‍. മലയാളഭാഷയുടെ ചരിത്രത്തിലെ നാഴികക്കല്ലായി ഈ അംഗീകാരം മാറുമ്പോഴും പുരാവസ്തു കേന്ദ്രത്തിലെ കാഴ്ചവസ്തുവായി മലയാളത്തെ മാറ്റാന്‍ നാം അനുവദിച്ചുകൂടാ. ഇന്നിന്റെയും നാളെയുടെയും ഭാഷയായി ഒരു ഭാഷ മാറുമ്പോഴാണ് ജനകീയതലത്തില്‍ ഭാഷ ക്ലാസിക്കലാവുന്നത്. കോടതിയും ഭരണവും ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസവും ബാങ്കിംഗ് ഇടപാടുകളും സ്വന്തം ഭാഷയില്‍ നടക്കുമെന്ന ഘട്ടം വരുമ്പോഴാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം മാതൃഭാഷ ശ്രേഷ്ഠമാവുന്നത് എന്നര്‍ഥം.
1969-ല്‍ തന്നെ കോടതിഭാഷയെ അധിനിവേശ ഭാഷയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയതാണ്. 1973-ല്‍ കോടതി വിധികള്‍ മലയാളത്തില്‍ കൂടി എഴുതാന്‍ ഉത്തരവും പുറപ്പെടുവിക്കപ്പെട്ടു. എന്നാല്‍ കാര്യമായ നടപടികളൊന്നും നീതിന്യായ വിഭാഗത്തില്‍ നിന്നും ഉണ്ടായില്ലെന്നു മാത്രമല്ല സാങ്കേതിക പ്രശ്‌നങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും പറഞ്ഞ് ജുഡീഷ്യറി പ്രശ്‌നത്തില്‍ നിന്നകലുകയാണ് ചെയ്തത്. 1985-ല്‍ ജസ്റ്റിസ് നരേന്ദ്രന്‍ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിക്കുകയും 1987ല്‍ കമ്മിറ്റി വിശദമായ റിപ്പോര്‍ട്ട് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ 26 കൊല്ലം കഴിഞ്ഞിട്ടും വഞ്ചി തിരുനക്കരയില്‍ നിന്നനങ്ങിയില്ല. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഒരു ഉന്നതതലക്കമ്മറ്റി സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം 2007 മാര്‍ച്ച് 17-ാം തീയതിയാണ് ആദ്യത്തെയും അവസാനത്തെയും യോഗം ചേര്‍ന്നത്.
വൈരുധ്യമെന്നല്ലാതെന്തു പറയാന്‍. സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഹൈക്കോടതി രജിസ്ട്രാറും ഒപ്പിട്ട യോഗതീരുമാന മിനിട്ട്‌സ് പുറത്തിറങ്ങിയതു പോലും ഇംഗ്ലീഷിലായിരുന്നു. കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരുള്‍പ്പെടെയുളളവരില്‍ 90 ശതമാനം പേരും ഇംഗ്ലീഷ് മനസിലാകാത്തവരാണെന്നാണ് വിവരാവകാശ രേഖകള്‍ കാണിക്കുന്നത്. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ വിധിയെഴുതി ഇത്തരക്കാരുടെ മനുഷ്യാവകാശത്തെപോലും ചോദ്യം ചെയ്യുകയാണ് സര്‍ക്കാരും നീതിപീഠവും.
ഭരണഭാഷയുടെ കാര്യത്തില്‍ പുരോഗതി ഉണ്ടായെങ്കിലും ജാഗ്രതയോടെ ഈ പ്രവര്‍ത്തനത്തെ കൊണ്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് 2013 ഏപ്രില്‍ മാസത്തില്‍ പൊതുജന സമ്പര്‍ക്ക വകുപ്പ് പുറത്തിറക്കിയ 'ജനപക്ഷ ചുവടുകള്‍' എന്ന 2012-13 വര്‍ഷത്തെ സര്‍ക്കാര്‍ ഉത്തരവുകളുടെ സമാഹാരം. 2012-13 വര്‍ഷം കേരള സര്‍ക്കാര്‍ ഭരണഭാഷാവര്‍ഷം ആയി പ്രഖ്യാപിക്കുകയും ആചരിക്കുകയും ചെയ്തു വരികയാണ്. എന്നിട്ടും ആകെയിറങ്ങിയ 43 ഉത്തരവുകളില്‍ പതിനൊന്നും ഇംഗ്ലീഷില്‍ ആയിരുന്നു. 25 ശതമാനത്തില്‍ കൂടുതല്‍ ഉത്തരവുകളും ഭരണഭാഷാ വര്‍ഷത്തില്‍ പോലും പുറത്തിറങ്ങിയത് ഇംഗ്ലീഷില്‍! ഉന്നത ഉദ്യോഗസ്ഥര്‍ ഭരണഭാഷാവര്‍ഷത്തെ കാര്യമാക്കുന്നുണ്ടോ എന്ന സംശയം ഇവിടെ ഉയര്‍ന്നുവരുന്നു.
കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഉത്തരവുകളിലൊന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെല്ലാം മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവായിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ (2011 മെയ് 6) മലയാളത്തെ നിര്‍ബന്ധിത ഒന്നാം ഭാഷയാക്കി ഉത്തരവിറക്കിയിരുന്നു. പിന്നീട് 27 06 2011 ന് പുതിയ സര്‍ക്കാര്‍ ഉത്തരവിറക്കി, 2012 സെപ്തംബര്‍ 1-ന് ഉത്തരവ് പുതുക്കി. എന്നാല്‍ സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ ജില്ലകളിലും ഉത്തരവ് കടലാസില്‍ ഒതുങ്ങുകയാണ്. ആര്‍ജവത്തോടെ ഇത് നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് എപ്പോഴാണ് മുന്നിട്ടിറങ്ങുക.
ഒന്നാം ഭാഷാ ഉത്തരവ് പ്രകാരം സ്വകാര്യ-ഇംഗ്ലീഷ് മാധ്യമ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയുണ്ടായി. കോടതി ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി വിധിച്ചു. (സുപ്രിംകോടതിയിലാണിപ്പോള്‍ കേസ് തുടരുന്നത്) ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മലയാളത്തിനായി പഞ്ചാബ്-തമിഴ്‌നാട് മാതൃകയില്‍ സമഗ്ര മാതൃഭാഷാനിയമം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം കെ പി രാമനുണ്ണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തിയത്. നിയമസഭ സമ്മേളിക്കുന്ന കാലത്തുതന്നെ സര്‍വകക്ഷിയോഗം വിളിച്ച് തീരുമാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും സാംസ്‌ക്കാരിക മന്ത്രിയും ഉറപ്പു നല്‍കിയെങ്കിലും അത് ജലരേഖയായി. തുടര്‍ന്നാണ് കഴിഞ്ഞ 21-ാം തീയതി ഐക്യമലയാള പ്രസ്ഥാനത്തിന് സെക്രട്ടേറിയറ്റിന് മുമ്പില്‍ 'ഓര്‍മ്മിപ്പിക്കല്‍ സമരം' നടത്തേണ്ടിവന്നത്. എന്തായാലും കോടതിഭാഷയുടെയും ഭരണഭാഷയുടെയും ഒന്നാം ഭാഷയുടെയും കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും ആത്മാര്‍ഥത കാണിക്കേണ്ടതുണ്ടെന്നു സാരം.
എന്നാല്‍ മലയാളവുമായി ബന്ധപ്പെട്ട പി എസ് സി എടുത്ത പ്രധാനപ്പെട്ട തീരുമാനം വന്നത് കഴിഞ്ഞ വര്‍ഷമാണെന്ന് നാം മറന്നുകൂടാ. കേരളത്തിലെ സാധാരണക്കാരന്റെ ഭാഷ അറിയാവുന്നവര്‍ മാത്രം കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ഇരുന്നാല്‍ മതിയെന്ന നിര്‍ദ്ദേശം ജനാധിപത്യത്തെ കൂടുതല്‍ വികസിപ്പിക്കുന്നതിന് നിദാനമാവുമെന്നതില്‍ രണ്ടുപക്ഷമില്ല.
സര്‍ക്കാരിന് മാത്രമല്ല പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മതസംഘടനകള്‍ക്കുമെല്ലാം മാതൃഭാഷയെ പരിപോഷിപ്പിക്കുന്നതില്‍ അവരുടേതായ പങ്കുവഹിക്കാനുണ്ട്. കേരളത്തിലെ ഒറ്റ അറബിക് കോളജില്‍ പോലും മലയാളം പഠിപ്പിക്കുന്നില്ലെന്നാണ് വിവരം. ഐ എ എസ് പരീക്ഷ അറബിയില്‍ എഴുതാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി കേന്ദ്രമന്ത്രി പ്രധാന മന്ത്രിയെ കാണുന്ന അവസ്ഥ വരെയുണ്ടാവുന്നു.
ഐ എ എസ് പരീക്ഷയില്‍ കേരളത്തിലെ മുസ്‌ലിങ്ങള്‍ വിജയിക്കണമെങ്കില്‍ അറബിക് കോളജുകളിലും മലയാളം പഠിപ്പിക്കണം. ഐ എ എസ് മലയാളത്തില്‍ എഴുതി വിജയിച്ചവരുടെ സാക്ഷ്യങ്ങള്‍ നമുക്കു മുമ്പില്‍ സജീവമായി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ദൃശ്യമാധ്യമങ്ങളുടെ നിലപാടുകളും മാതൃഭാഷയുടെ കാര്യത്തില്‍ ആശങ്കാ ജനകമാണ്. യുവതയെ കേന്ദ്രീകരിക്കുന്ന പരിപാടികളുടെ എല്ലാം പേരുകള്‍ ദൃശ്യമാധ്യമങ്ങള്‍ ഇംഗ്ലീഷില്‍ കൊടുക്കുന്നത് കൊളോണിയല്‍ ഭൂതത്തിന്റെ തിരിച്ചുവരവായി വേണം കാണാന്‍. കേരളത്തില്‍ ഇറങ്ങുന്ന മിക്ക സിനിമ പേരുകളും ഇംഗ്ലീഷില്‍ ആവുന്നതും അപായ സൂചന തന്നെ. കല്ല്യാണക്കത്ത് ഇംഗ്ലീഷില്‍ ആകുന്നതും ചരമക്കുറിപ്പ് മലയാളത്തിലാവുന്നതും കൂട്ടി വായിക്കുമ്പോള്‍ ഇന്നലെകളെ മാത്രം പ്രതിനിധീകരിക്കുന്ന ഒരു ഭാഷയായി മലയാളി മാതൃഭാഷയെ കാണുന്നു എന്നതും ചിന്തനീയമാണ്.
ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാനും കാര്യങ്ങളെ ശരിയായ ദിശയില്‍ കൊണ്ടുവരാനും മലയാള സര്‍വകലാശയ്ക്ക് കഴിയണം. ജര്‍മ്മനിയില്‍ താമസിക്കുന്ന വരേണ്യ മലയാളികളെ അല്‍പ്പം ഭാഷ പഠിപ്പിക്കാനാണ് പോലും ഇപ്പോള്‍ മലയാള സര്‍വകലാശാലയുടെ ഒരു തീരുമാനം.
മലയാളത്തെ ഗൃഹാതുരമായ ഒരോര്‍മ്മയാക്കി മാറ്റാന്‍ മാത്രമാണ് ഉദ്ദേശം എങ്കില്‍ ഇത് ശരിയായിരിക്കാം. എന്നാല്‍ നാളെയുടെ ഭാഷയാക്കി, ശരാശരി മലയാളിക്ക് അന്നം തരുന്ന, വിജയം തരുന്ന, ജീവിതം തരുന്ന ഭാഷയാക്കി മലയാളത്തെ വളര്‍ത്തണമെങ്കില്‍ മേല്‍പറഞ്ഞ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും വേണം. നിതാഖാത്തിനെ പേടിക്കാതെ ജീവിക്കാന്‍ മലയാളിക്ക് കഴിയണം. കൂടാതെ ലോകത്തെ വിവിധ വിജ്ഞാനങ്ങള്‍ മലയാളത്തില്‍ എത്തിക്കാന്‍ നിരന്തരമായ പ്രവര്‍ത്തനവും മലയാള സര്‍വകലാശാല നടത്തേണ്ടതുണ്ട്.
എന്തായാലും 100 കോടി ലഭിക്കുകയാണെങ്കില്‍ അന്ന് തിരുവനന്തപുരത്തെ മൈതാനങ്ങളിലും കുന്നുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ച് തീര്‍ക്കാനുള്ളതാവാതെ ഭരണ-കോടതി-വിദ്യാഭ്യാസ മേഖലകളില്‍ മാതൃഭാഷാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുള്ളതാവട്ടെ എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇതിനായി പ്രത്യേക മലയാളഭാഷവികസനവകുപ്പും കാര്യാലയവും ഉണ്ടാകുന്നത് ഉചിതമായിരിക്കും. ശ്രേഷ്ഠഭാഷയ്ക്കായി പരിശ്രമിച്ച ഇരുസര്‍ക്കാരിനെയും കമ്മിറ്റി അംഗങ്ങളെയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു.
(ലേഖിക മലയാള ഐക്യവേദി കണ്‍വീനറാണ്)
മലയാളം ഭാഷയുടെ വികസനത്തിന് കോടതി നടപടികൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റണം .
മറുപടിഇല്ലാതാക്കൂചില നിർദേശങ്ങൾ ….
1.നിയമ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക .
2.കേരളത്തിലെ സർവകലാശാലകളിലും കലാലയങ്ങളിലും നിയമ പഠനം മലയാളത്തിലേക്ക് മാറ്റുക
3.കോടതികളിൽ പ്രസ്താവിക്കുന്ന വിധികൾ ,നിർദേശങ്ങൾ മലയാളത്തിലേക്ക് മാറ്റുക
4.കോടതികളിലെ വ്യവഹാരങ്ങൾ ,വാദങ്ങൾ മലയാളത്തിലേക്ക് മാറ്റാൻ നിയമം കൊണ്ടുവരിക .
5.കേരള സംസ്ഥാന രൂപികരണം മുതൽ ഇന്ന് വരെയുള്ള കോടതികളുടെ പ്രമാണങ്ങൾ മലയാളത്തിലേക്ക് വിവര്ത്തനം ചെയുകയും അത് ഡിജിറ്റൽ ആയി സംരക്ഷിക്കുക ചെയുക.
6.ഹൈ കോടതികളിലെ വിധികൾ ഇംഗ്ലീഷിലും മലയാളത്തിലുമാക്കി മാറ്റുക .ഇത്തരത്തിൽ ഇതര സംസ്ഥാന ആവശ്യങ്ങല്കും ഉയര്ന്ന കോടതികളിലും ഉപയോഗിക്കാൻ സാധിക്കും.
7.കക്ഷികൾ ഇരുവരും മലയാളികള് ആണെങ്കിൽ മലയാളത്തിൽ വ്യവഹാരങ്ങൾ നടത്താനുള്ള അനുമതി നല്കുക .
http://malayalatthanima.blogspot.in/2013/05/blog-post_21.html
മലയാള ഭാഷയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇനി സർക്കാർ സർവീസിൽ എത്താം എന്ന തീരുമാനം തികച്ചും അനവസരത്തിലുള്ളതായി പോയി.ഭരണ ഭാഷ മലയാള ഭാഷ ആചരിക്കുന്ന വർഷം തന്നെയാണ് ഇത്തരത്തിലുള്ള തെറ്റായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമങ്ങളും ഉത്തരവുകളും ഇറക്കുന്നതിന്റെ പിന്നിൽ കേരളത്തിൽ ഒരു ഇംഗ്ലീഷ് അധിനിവേശ ലോബി ഉണ്ടെന്നുള്ളത് വാസ്തവമാണ്.അത് കൊണ്ടാണല്ലോ മലയാളം ഭാഷ യുടെ നിലനില്പിനായി പോരാടേണ്ടി വരുന്നത്. കോടതി ഭാഷ മലയാളമാക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകള വേറെയും. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാത്തവർ എങ്ങനെയാണു സാധാരണ ജനങ്ങളോട് ഇടപെഴുകുന്നത്?പൊതു ജനത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എളുപ്പ മാർഗമാണ് ഇംഗ്ലീഷിൽ ഉള്ള ഉത്തരവുകളും ഭരണവും. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍
മറുപടിഇല്ലാതാക്കൂസര്വീസില് എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസിലാക്കാനോ പോലും കഴിയാതെ വരും.മലയാളം ഭരണ ഭാഷ എന്ന നിലയിലേക്ക് ഉയർത്തപെട്ടു കഴിഞ്ഞു.എന്നാൽ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗ വർഗ്ഗം ഇംഗ്ലീഷ് ഭരണം വിടാൻ മടിച്ചു നില്ക്കുകയാണ്.ഇംഗ്ലീഷിൽ എഴുതുന്നതും സംസാരിക്കുന്നതും ഇപ്പൊഴുമൊരു ദുരഭിമാനമായി കൊണ്ട് നടക്കുന്നു.ഭാരതീയരെ അടിമകളെന്നും ഭാരതീയ ഭാഷകളെ അടിമകളുടെ ഭാഷയെന്നും മുദ്ര കുത്തിയ ബ്രിറ്റിഷുകാരുടെ കാൽകീഴിൽ കിടക്കാനാണ് ചിലർക്ക് താല്പര്യം.ഈ കുട്ടി സായിപ്പുമാരുടെ ദേശ സ്നേഹം ഭയങ്കരം തന്നെ..കേരളത്തില്‍ 96 ശതമാനത്തിലധികംപേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. കര്‍ണാടകത്തില്‍ 75 ഉം ആന്ധ്രയില്‍ 89 ഉം തമിഴ്‌നാട്ടില്‍ 83 ഉമാണ് അതത് സംസ്ഥാനഭാഷ മാതൃഭാഷയായുള്ളവര്‍. എന്നിട്ടും ഈ സംസ്ഥാനങ്ങിലൊക്കെ അതത് ഭാഷകള്‍ അറിഞ്ഞാലേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്നാണ് നിയമം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാഭ്യാസ കച്ചവടക്കാരുടെ ലോബിയുടെ സമ്മര്‍ദവും സര്‍ക്കാരിന്റെ തലതിരിഞ്ഞ ഈ തീരുമാനത്തിനു പിന്നില്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഇത് തികച്ചും തെറ്റായ നടപടിയാണ്.പ്രതികരിക്കുക,പ്രതിഷേധിക്കുക..
http://malayalatthanima.blogspot.in/