2011, ജനുവരി 5, ബുധനാഴ്‌ച

വേണം മലയാള സര്‍വകലാശാല


വേണം മലയാള സര്‍വകലാശാല
ഡോ. എ.എം. ഉണ്ണികൃഷ്ണന്‍
മലയാള സര്‍വകലാശാലയ്ക്ക് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടിട്ട് കാലമേറെയായി. പക്ഷേ, അധികാരികളുടെ കാതുകളില്‍ അത് ഇന്നുവരെ ചെന്നെത്തിയിട്ടില്ല. കേരളത്തില്‍ മലയാളത്തിന്റെ നില ഏറ്റവും ശോചനീയമാണ്. നമ്മുടെ വിദ്യാഭ്യാസത്തില്‍ മലയാളത്തിന് നീക്കിവെച്ചിരിക്കുന്ന രണ്ടാംകിട പദവിയും ഔദ്യോഗികരംഗത്തും മറ്റും അതിന് കല്പിക്കുന്ന പാതിത്യവും ഇക്കാര്യം വ്യക്തമാക്കുന്നു. മലയാളിക്ക് മലയാളം ശരിയായി സ്വാംശീകരിക്കാനുള്ള അവസരം പോലും നിഷേധിക്കുന്ന മട്ടിലാണ് ഉത്തരവാദപ്പെട്ടവര്‍ അതിനോട് അനുവര്‍ത്തിച്ചുവരുന്ന ചിറ്റമ്മനയം. ഇതിന് മാറ്റംവരുത്താവുന്ന ഒരു ശ്രമവും ഒരിടത്തും നടക്കുന്നില്ല. മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാല സ്ഥാപിതമായാല്‍ ഈ ദുരവസ്ഥയ്ക്ക് നല്ല പരിഹാരമാകും. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനവും വിശ്വാസവുമുള്ള സമൂഹങ്ങള്‍ ചെയ്തിട്ടുള്ളത് അതാണ്.
മലയാള സര്‍വകലാശാലയ്‌ക്കെതിരെ രണ്ട് വാദങ്ങളാണ് ചിലര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അതിലൊന്ന്, മലയാളം നമ്മുടെ മാതൃഭാഷയല്ലേ, അതിന് ഒരു സര്‍വകലാശാല വേണമോ എന്നതാണ്. എന്നാല്‍, ഇത് ഒട്ടും ശരിയല്ല എന്നാണല്ലോ മുകളില്‍ വിവരിച്ച വസ്തുതകള്‍ ബോധ്യമാക്കുന്നത്.
മറ്റൊന്ന്, ഒരു വിഷയത്തിന് മാത്രമായി ഒരു സര്‍വകലാശാല ആവശ്യമുണ്ടോ എന്നതാണ്. ഇത് മലയാള സര്‍വകലാശാല എന്ന പേര് മലയാളം എന്ന വിഷയത്തെമാത്രം പ്രതിനിധാനം ചെയ്യുന്നു എന്ന തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടാകുന്നതാണ്. മലയാള സര്‍വകലാശാലയുടെ വിവക്ഷിതം, അത് കേവലം മലയാളഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടിയുള്ളതല്ല; മലയാളിയുടെ ജീവിതത്തോടുബന്ധപ്പെട്ട സകലജ്ഞാനമണ്ഡലങ്ങളെയും ഉള്‍ക്കൊള്ളുന്ന നിരവധി പഠനഗവേഷണാദി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രം എന്നതാണ്. മലയാളിയുടെ ജീവിതത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമായി ചേര്‍ന്നുനില്‍ക്കുന്നതായി എന്തൊക്കെയുണ്ടോ അവയെല്ലാം അവിടെ നടക്കുന്ന ഗവേഷണങ്ങളില്‍ ഉണ്ടായിരിക്കണം. അങ്ങനെയാകുമ്പോള്‍ നമ്മുടെ ചരിത്രവും ശാസ്ത്രവും സംസ്‌കാരവും ദര്‍ശനവും മാത്രമല്ല, ആധുനികവിജ്ഞാനങ്ങള്‍ പോലും മലയാളത്തില്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യം സൃഷ്ടിക്കപ്പെടും. അതായത്, ഭാഷയ്ക്കും സാഹിത്യത്തിനും അപ്പുറം ശാസ്ത്രസാങ്കേതികവിദ്യകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധമുള്ള മലയാളത്തിന്റെ വികസനമായിരിക്കും മലയാള സര്‍വകലാശാല നിര്‍വഹിക്കുന്ന സാമൂഹികോത്തരവാദിത്വം. ഇത് മലയാളിയുടെ ആത്മവിശ്വാസവും പൈതൃകത്തോടുള്ള പ്രതിജ്ഞാബദ്ധതയും വര്‍ധിപ്പിക്കുമെന്നുറപ്പാണ്.
''മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാലയോ'' എന്ന സന്ദേഹം ഇനിയും തീരാത്തവരോട് ഒരുകാര്യം കൂടി പറഞ്ഞോട്ടെ. ലോകത്ത് ഇത്തരം ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍ നൂറുകണക്കിനുണ്ട്. ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. അവയില്‍ പലതും നമ്മുടേതിനെക്കാള്‍ വികാസവും പുരോഗതിയും കൈവരിച്ച നാടുകളിലാണ് ഏറെക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മാതൃഭാഷാ സര്‍വകലാശാലകളാകട്ടെ, നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ത്തന്നെ നാലെണ്ണമുണ്ട്. തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാല, ഹൈദരാബാദിലെ തെലുങ്കു സര്‍വകലാശാല, ഹംപിയിലെ കന്നഡ സര്‍വകലാശാല, കുപ്പത്തെ ദ്രവീഡിയന്‍ സര്‍വകലാശാല എന്നിവയാണവ. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് മാതൃഭാഷാസര്‍വകലാശാല ഇല്ലാത്തത്.
എന്തിന് മറ്റുസ്ഥലങ്ങളിലേക്കു നോക്കണം? കേരളത്തില്‍ത്തന്നെയുണ്ടല്ലോ എത്രയോ ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍. കാര്‍ഷിക സര്‍വകലാശാല, നിയമ സര്‍വകലാശാല, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, വെറ്ററിനറി യൂണിവേഴ്‌സിറ്റി, ഫിഷറീസ് യൂണിവേഴ്‌സിറ്റി, സഹകരണ സര്‍വകലാശാല ഇവയൊക്കെ കേരളത്തില്‍ത്തന്നെയല്ലേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്? എങ്കില്‍, നമ്മുടെ സ്വന്തം സംസ്‌കാരത്തിനും ഭാഷാസാഹിത്യങ്ങള്‍ക്കും വേണ്ടിയുള്ള മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ മാത്രം എന്തു തടസ്സമാണുള്ളത്?
മുകളില്‍പ്പറഞ്ഞ സര്‍വകലാശാലകളൊക്കെ കേരളത്തിന്റെ അഭിമാനവും മുതല്‍ക്കൂട്ടുമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഇവയിലേതെങ്കിലും ഒന്ന് ഇവിടെ സ്ഥാപിതമായില്ല എന്നതുകൊണ്ട് എന്ത് കോട്ടമാണ് മലയാളിയുടെ ജീവിതത്തില്‍ സംഭവിക്കുമായിരുന്നത്? എന്നുതന്നെയല്ല, ഇവയില്‍ പലതും ലോകത്തെവിടെ വേണമെങ്കിലും തുടങ്ങാവുന്നതും അവയുടെ പ്രയോജനം നമുക്കുകൂടി അനുഭവിക്കാവുന്നതുമല്ലേയുള്ളൂ?
എന്നാല്‍, ഇങ്ങനെയാണോ മലയാള സര്‍വകലാശാലയുടെ കാര്യം? കേരളത്തിന്റെ മണ്ണിലല്ലാതെ മറ്റൊരിടത്തും മലയാള സര്‍വകലാശാല സ്ഥാപിക്കാനാവുകയില്ലല്ലോ. എന്നിട്ടും എന്തേ ഈ മണ്ണില്‍ മലയാള സര്‍വകലാശാല മാത്രം സ്ഥാപിക്കാന്‍ തയ്യാറാകാതിരിക്കുന്നത്?
ഇവിടെയാണ് മലയാളിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. മിഥ്യകളില്‍ അഭിരമിക്കുകയും തനതായതിനോടൊക്കെ തികഞ്ഞ അവജ്ഞ പുലര്‍ത്തുകയുമാണല്ലോ മലയാളിയുടെ ശീലം. ഇതിനിടയില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നാമൊട്ടറിയുകയുമില്ല.
ഇപ്പോള്‍ ക്ലാസിക്കല്‍പദവി ലഭിക്കുന്നതിനുവേണ്ടി മലയാളത്തിന്റെ പഴക്കത്തെയും മറ്റു സമ്പത്തുകളെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണല്ലോ. അത് പല പുതിയ കണ്ടെത്തലുകളിലേക്കും നമ്മെ കൊണ്ടെത്തിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം നാം വിചാരിച്ചതുപോലെ ആറോ ഏഴോ നൂറ്റാണ്ടല്ല, അതിന്റെ ഇരട്ടിയിലധികമാണ്. അതായത്, കന്നഡത്തിന് ഏറെ പുറകിലുമല്ല, ഏതാണ്ടു തെലുങ്കിനൊപ്പവുമാണ് മലയാളം സ്വതന്ത്രഭാഷയാകാന്‍ തുടങ്ങിയത്. പക്ഷേ, ആ ഭാഷകള്‍ക്ക് അവിടത്തെ ജനങ്ങളും ഭരണകൂടങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹപരിചരണങ്ങളുടെ ഒരംശം പോലും കേരളത്തില്‍ മലയാളത്തിനു കിട്ടുന്നില്ലല്ലോ. ആ ഭാഷകളൊക്കെ ഇതിനകം ക്ലാസിക്കല്‍പദവിയും അനുബന്ധനേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു. മാതൃഭാഷാഭിവൃദ്ധിക്കുവേണ്ടിയുള്ള നിരന്തരശ്രമങ്ങളിലൂടെയും മാതൃഭാഷാ സര്‍വകലാശാലകളിലെ ഗവേഷണപഠനങ്ങളിലൂടെയുമാണ് അവ ഈ നേട്ടങ്ങളൊക്കെ കൈവരിച്ചത്.നമ്മുടെ വരുംതലമുറകള്‍ സ്വന്തം ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമൊക്കെ ശരിയായി ഉള്‍ക്കൊണ്ടുവേണം വളരേണ്ടത്. അതിന് സ്‌കൂള്‍വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മലയാളത്തിന് അവകാശപ്പെട്ട ഒന്നാംസ്ഥാനം ലഭിച്ചേ മതിയാവൂ. അതിലേറെ, നമ്മുടെ സാംസ്‌കാരികചൈതന്യത്തിന്റെ ഫലപ്രദമായ വിനിമയം നടക്കുകയും വേണം. അതിന് ഉത്കൃഷ്ടമായ ലക്ഷ്യധര്‍മങ്ങളും ഉന്നതനിലവാരമുള്ള മലയാള സര്‍വകലാശാല അനിവാര്യമാണ്.
മറ്റെല്ലാ സങ്കുചിത താത്പര്യങ്ങളും വെടിഞ്ഞ് മലയാളികള്‍ ഒറ്റക്കെട്ടായി മലയാള സര്‍വകലാശാലയ്ക്കുവേണ്ടി അണിനിരക്കണം. സര്‍ക്കാര്‍ ഈ ജനഹിതം മനസ്സിലാക്കി ആ ചരിത്രനിയോഗം പൂര്‍ത്തീകരിക്കുകയും വേണം. കാരണം, മലയാളിയുടെ ഭാവിയെ നിര്‍ണയിക്കുന്ന മഹാദൗത്യമായിരിക്കും അതു നിറവേറ്റുക.

9 അഭിപ്രായങ്ങൾ:

  1. മലയാള സർവ്വകലാശാലയുടെ അത്യാവശ്യകത തെല്ലും ബോധ്യപ്പെടാത്ത ഒരു പാവം മലയാളിയാണു ഞാൻ. അനാവശ്യമായ ഒരാഢംബരമായും ദുർവ്യയമായും മാത്രമാണ് ഞാൻ ഈ ആവശ്യത്തെക്കാണുന്നത്. (തെറ്റെങ്കിൽ തിരുത്താൻ ഒരു മടിയുമില്ല.)

    കേരളത്തിൽ മലയാളത്തിന്റെ നില വളരെ ശോചനീയമാണ് എന്നതിനോട് ഞാനും യോജിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ രംഗത്ത് മലയാളത്തിനു രണ്ടാംകിട പദവിയാണെന്ന അഭിപ്രായത്തിനോടും എനിക്ക് യോജിപ്പാണ്. പക്ഷേ, അതെല്ലാമവസാനിപ്പിക്കനുള്ള ഒറ്റമൂലി ‘മലയാള സർവ്വകലാശാല’യാണെന്ന വാദത്തിനോട് ഒരു തരത്തിലും യോജിക്കാനാവുന്നില്ല. സ്വന്തം ഭാഷയിലും സംസ്കാരത്തിലും അഭിമാനവും വിശ്വാസവുമുള്ള സമൂഹങ്ങൾ, അഭിമാനിക്കുന്നതും വിശ്വസിക്കുന്നതും സർവ്വകലാശാലകളിലല്ല ; ഭാഷയിലും സംസ്കാരത്തിലുമാണ്. കേരളത്തിൽ, ലേഖകൻ സൂചിപ്പിക്കുന്നതു പോലെ ഒരുപാട് സർവ്വകലാശാലകളുണ്ട്. അവയുടെ പ്രവർത്തനം നമുക്കറിയാവുന്നതുമല്ലേ? വിദേശ സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളുമായി ഏതെങ്കിലും വിധത്തിൽ താരതമ്യപ്പെടുത്താവുന്ന ഏതെങ്കിലും സർവ്വകലാശാല കേരളത്തിലുണ്ടോ? സംശയമുണ്ടെങ്കിൽ, ‘കാലിക്കറ്റ് സർവ്വകലാശാല -- കേംബ്രിഡ്ജ് സർവ്വകലാശാല’ എന്നു പറഞ്ഞു നോക്കൂ. മനസ്സിൽ തെളിയുന്ന ചിത്രങ്ങൾക്ക് എന്തൊരു വൈരുദ്ധ്യമാണ്!

    മറുപടിഇല്ലാതാക്കൂ
  2. കേരളത്തെ സംബന്ധിച്ചിടത്തോളം സർവ്വകലാശാല എന്നത് ഒരു പരീക്ഷാ നടത്തിപ്പു കേന്ദ്രം മാത്രമാണ്. പിന്നെ, വേണ്ടപ്പെട്ടവരെ കുടിയിരുത്താനുള്ള ദന്തഗോപുരവും. വൈസ് ചാൻസലർ മുതൽ മീനിയൽ വരെയുള്ള നിയമനങ്ങൾ വീതംവയ്പ്പും ചാകരയുമാണ്. മൂന്നു പ്രധാന സർവ്വകലാശാലകളെ മാത്രം നോക്കുക. കേരള സർവ്വകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനം ഹിന്ദുക്കൾക്ക്, വിശേഷിച്ച് നായന്മാർക്ക് അനൌദ്യോഗികമായി സംവരണം ചെയ്തിരിക്കുന്നു. ‘ക്രിസ്ത്യാനികൾക്കായി ക്രിസ്ത്യാനികളാൽ’ രൂപീകരിക്കപ്പെട്ടതാണ് എം.ജീ. യൂണിവേഴ്സിറ്റി. അവിടെ, മധ്യതിരുവിതാംകൂറിലെ കിരീടംവയ്ക്കാത്ത രാജാവായ രഷ്ട്രീയനേതാവിന്റെ നോമിനികളേ വീസീമാരാകൂ. കാലിക്കറ്റിൽ ‘പച്ചച്ചെങ്കൊടി’യാണു പാറിക്കളിക്കുന്നത്. അവിടെ വീസീനിർണ്ണയനാവകാശം വേറേ ചിലർക്കാണ്. ഒരു സർവ്വകലാശാല കൂടി രൂപീകരിക്കപ്പെടുമ്പോൾ ഒരു കൂട്ടം സ്ഥാനമോഹികൾക്കല്ലാതെ മലയാളത്തിനെവിടെ മെച്ചമുണ്ടാകാൻ.! കാലടിയിലെ സംസ്കൃത സർവ്വകലാശാല സംസ്കൃതത്തിനും സാക്ഷാൽ ശങ്കരാചാര്യർക്കും നാണക്കേടല്ലാതെ എന്തെങ്കിലും സമ്പാദിച്ചു കൊടുക്കുന്നുണ്ടോ?! ഈ സർവ്വകലാശാലകളെല്ലാം ഗവേഷണങ്ങളെപ്പറ്റി വാതോരാതെ സംസാരിച്ചവരാണ്.

    ദക്ഷിണേന്ത്യയിൽ കേരളത്തിനു മാത്രമാണു മാതൃഭാഷാ സർവ്വകലാശാലയില്ലാത്തതെന്നത് ശരിതന്നെ. പക്ഷേ അവയിലൂടെ, ശാസ്ത്രസാങ്കേതികവിദ്യകൾ വരെ ഉൾക്കൊള്ളാൻ കഴിയുംവിധം ഭാഷകൾ വികസിക്കുന്നു എന്നത് വസ്തുതാപരമല്ല. തമിഴ്നാട്ടിലെ സർവ്വകലാശാലകളിൽ ബിരുദാനന്തരബിരുദപഠനം പോലും തമിഴിൽ നിർവ്വഹിക്കനാകും. പക്ഷേ, ബിരുദാനന്തരബിരുദപഠനം തമിഴിൽ നിർവ്വഹിക്കുന്ന ഭൂരിപക്ഷത്തിന്റെ അവസ്ഥയെന്താണ്? വിജ്ഞാനവിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ, സംസ്ഥാനത്തിന്റെ അതിരുകൾക്കപ്പുറം സംവദിക്കാനാകാതെ ഭാഷാപരിമിതിയിൽ തളയ്ക്കപ്പെട്ടു പോവുകയാണവർ. (അവിടെച്ചെന്ന് ഇംഗ്ലീഷിൽ അതേ പരീക്ഷയെഴുതി മലയാളികൾ മിടുക്കന്മാരാകുന്നുണ്ട്. )

    മറുപടിഇല്ലാതാക്കൂ
  3. കേരളത്തിലെ ഏകവിഷയാധിഷ്ഠിത സർവ്വകലാശാലകളുടെ അവസ്ഥ തന്നെയായിരിക്കും മലയാളം സർവ്വകലാശാലയുടേതും. സർവ്വകലാശാലയുണ്ടായതു കൊണ്ടോ ക്ലാസിക്കൽ പദവി ലഭിച്ചതു കൊണ്ടോ പൈതൃകഭാഷയായതു കൊണ്ടോ ഒന്നും ഒരിക്കലും മലയാളം രക്ഷപ്പെടാൻ പോകുന്നില്ല. അതിനു മലയാളികളുടെ മനോഭാവം മാറണം. മലയാളത്തിനു വേണ്ടി വലിയവായിലേ വിലപിക്കുന്ന പലരും സ്വന്തം മക്കളെയും കൊച്ചുമക്കളെയും മലയാളം മീഡിയത്തിൽ പഠിപ്പിക്കാറില്ല. തങ്ങളുടെയും മക്കളുടെയും സംസാരഭാഷയിലെ ഒഴിവാക്കാവുന്ന ഇംഗ്ലീഷ്സ്വാധീനം ഉപേക്ഷിക്കാറില്ല. പക്ഷേ, മലയാളമെന്നു കേട്ടാൽ തിളയ്ക്കും ചോര ഞരമ്പുകളിൽ!

    കേരളത്തിലും ചരിത്രവും പാരമ്പര്യവുമൊന്നും ഏകമുഖമല്ല. തിരിഞ്ഞു നോക്കി നടക്കുന്നത് നല്ലതാവാം. പക്ഷേ, ഉപേക്ഷിച്ചവയെ വീണ്ടും പുണരാനായുന്നത് ബുദ്ധിയായിരിക്കില്ല.

    കുറേപേർക്കുകൂടി വീസീമാരും സിൻഡിക്കേറ്റ് – സെനറ്റ് മെമ്പർമാരും മറ്റുമാകാൻ ഉപകരിക്കുമെന്നതല്ലാതെ, മലയാള സർവ്വകലാശാല കൊണ്ട് എന്താണിവിടെ സംഭവിക്കാൻ പോകുന്നത്? ദൈനംദിന ജീവിതത്തിൽ നിന്ന് മലയാളത്തെ പടിയടച്ച് പിണ്ഡം വച്ചവർ, സർക്കാർ ചെലവിൽ മലയാളത്തെ പൊക്കാനിറങ്ങും. പൊതുജനത്തിന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയുണ്ടാക്കുന്ന നികുതിക്കാശ് ചിലർ ചേർന്ന് പുട്ടടിക്കും.കൊട്ടും കുരവയുമായി കുറേപ്പേരെ കെട്ടിയെഴുന്നള്ളിക്കും. ‘ദീപസ്തംഭം മഹാശ്ചര്യം’ എന്നു ദർബാറുകളിൽ മുഴങ്ങിക്കേൽക്കും.പാവം മലയാളം കുമ്പിളിൽ കഞ്ഞിപോലുമില്ലാതെ കണ്ടമ്പരന്നു നിൽക്കും.

    ഇതല്ലാതെന്താണു സാർ, സംഭവിക്കാൻ പോകുന്നത്?

    മറുപടിഇല്ലാതാക്കൂ
  4. ലേഖനവും പ്രതികരണവും വായിച്ചു. ലേഖനത്തോടാണ് ഈയുള്ളവന് യോജിപ്പ്. കാരണങ്ങള്‍ പലതുണ്ട്.
    1.മലയാളം എന്‍റെ മാതൃഭാഷയാണ്. അതിലൂടെ അറിവാര്‍ജ്ജിക്കുക എന്‍റെ അവകാശവും. 2.കേരളത്തില്‍ ഈ ഭാഷയോട് നിലവിലുള്ള അവഗണന മാറേണ്ടതുണ്ട്. അതിനുള്ള ഒരു മാര്‍ഗ്ഗമായി ഞാന്‍ ഇതിനെ കാണുന്നു.(സമൂഹ മനോഭാവം തനിയെ മാറുന്ന ഒന്നല്ലെന്നര്‍ത്ഥം.) 3.ഭാഷയുടെ പുതിയ കാലഘട്ടത്തിലെ വളര്‍ച്ചയ്ക്ക് ഒരു ദിശാബോധം ആവശ്യമായ ഘട്ടമാണ് ഇത്. അത് നല്കാന്‍ സര്‍വകലാശാല കൊണ്ട് കഴിയും. 4. ഭാഷയില്‍ നിലവിലുള്ള അറിവിനെ ഉറപ്പിക്കാനും പുതു അറിവുകളെ ഇവിടേയ്ക്കെത്തിക്കാനും ഈ ആശയം സഹായകമാകും.
    പിന്നെ അഴിമതി നടക്കും അതുകൊണ്ട് വേണ്ട എന്ന് പറഞ്ഞ് കൊണ്ടിരുന്നാല്‍ നമുക്ക് പുഴയ്ക്കക്കരെ എത്താനാകില്ല.(കാരണം പാലം വരില്ലല്ലോ). തമിഴ് ഭാഷാഭിമാനത്തെ അവിടെ മോശമായി കാണുന്നു എന്നെനിയ്ക്ക് തോന്നുന്നില്ല. ഏറെ മികച്ച ഐ.ടി.വിദഗ്ധര്‍ അവിടെയും ഉണ്ടാകുന്നുണ്ട്. ആ മേഖലയിലെ കേരളത്തിലെയും അവിടുത്തെയും തൊഴില്‍ സാധ്യതകളെ വിലയിരുത്താവുന്നതാണ്. പിന്നെ കേരളത്തിലെ സര്‍വകലാശാലകളെ മോശമായി ചിത്രീകരിക്കുമ്പോള്‍ അവ ഈ സമൂഹത്തിന് നല്‍കിയിട്ടുള്ള സംഭാവനകളെ കാണാതിരുന്നു കൂടാ.

    ഇത് കൂടുതല്‍ സംവാദങ്ങള്‍ നടക്കേണ്ട വിഷയം തന്നെ.

    ഒരു കാര്യം കൂടെ, ഭാഷയ്ക്കു വേണ്ടി നിരാഹാരമിരുന്നവര്‍ക്ക് അഭിവാദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  5. വിഷയാധിഷ്ഠിത സർവ്വകലാശാല പ്രതികരണൻ പറഞ്ഞ തടസ്സവാദങ്ങളൊക്കെയുണ്ടെങ്കിലും അതിന്റെ ലക്ഷ്യത്തിലെത്തിച്ചേരാൻ കൂടുതൽ സഹായകമാവുമെന്നു മാത്രമല്ല വിഷയത്തിലുള്ള പുതിയ പല അവസരങ്ങളും തുറന്നു കിട്ടുകയും ചെയ്യും.
    ഞാൻ ഈ ലേഖകനോട് യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. മലയാളം സർവ്വകലാശാല വന്നാൽ എന്താണ് ഭാഷക്ക് കിട്ടുന്ന പ്രയോജനം...?

    മറുപടിഇല്ലാതാക്കൂ
  7. തെലുങ്ക്, കന്നട, ദ്രാവീഡിയൻ സർവ്വകലാശാലകളൊക്കെ ആകാമെങ്കിൽ എന്തുകൊണ്ടും മലയാളം സർവ്വകലാശാലയും ആകാം.

    മറുപടിഇല്ലാതാക്കൂ
  8. മലയാളം സര്‍വകലാശാല ആകാം, എന്നാല്‍ അത് കൊണ്ടു മലയാളഭാഷക്ക് വളര്‍ച്ചയുണ്ടാകണം.മലയാളത്തോടുള്ള, മലയാളിയുടെ തന്നെ അവജ്ഞ മാറണം.മലയാളം തെറ്റുകൂടാതെ എഴുതാനും പറയാനും എങ്കിലും മലയാളിക്ക് കഴിയണം.... ഇതിനൊന്നും ഒരു സര്‍വകലാശാല വേണമെന്നില്ല, മാതൃഭാഷയോടുള്ള നമ്മുടെ മനോഭാവം മാറണം.

    മലയാളം എന്ന ഭാഷ അന്യം നിന്ന് പോകാതിരിക്കാന്‍ ഒരു സര്‍വകലാശാലയെങ്കിലും ഉണ്ടാവട്ടെ അല്ലേ...?

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.