26 May 2010 ബുധനാഴ്ച ആര്‍ക്കൈവ്‌സ്
ക്ലാസിക്കല്‍ മലയാളമേ, മാപ്പ്
പി.കെ. രാജശേഖരന്‍
മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹിക്കുപോയ നിവേദകസംഘത്തിന് പ്രധാനമന്ത്രി എന്ത് ഉറപ്പാണ് നല്‍കിയതെന്നറിയില്ല. വിപരീതപദങ്ങളായ കേന്ദ്രവും പ്രാന്തവും തമ്മിലുള്ള അംഗാംഗിപ്പൊരുത്തത്തിന്റെ പ്രശ്‌നമായതിനാല്‍ പ്രധാനമന്ത്രി സംസ്ഥാന സാംസ്‌കാരിക മന്ത്രിയും സാഹിത്യനായകരുമടങ്ങിയ നിവേദകസംഘത്തെ നിരാശരാക്കിയിരിക്കാന്‍ ഇടയില്ല.
പരിശോധിക്കാം, വിദഗ്ദ്ധസംഘത്തെ നിയമിക്കാം എന്നൊക്കെ അദ്ദേഹം സമ്മതിച്ചിരിക്കണം. രാഷ്ട്രീയത്തിന്റെ ശബ്ദതാരാവലിയില്‍ വാഗ്ദാനത്തിന്റെ വാക്കുകള്‍ക്കു പഞ്ഞമില്ല. ക്ലാസിക്കല്‍ കസേര കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് പതിവുപോലെ കേന്ദ്രത്തെ പഴിച്ചു തലയൂരാം. കിട്ടിയാല്‍ നൂറുകോടി രൂപയുടെ കേന്ദ്രസഹായം മാത്രമല്ല, ഭരണനേട്ടത്തിന്റെ പ്രതാപവുമുണ്ട്. ഇതോടെ മലയാളം രക്ഷപ്പെടുമോ എന്ന സാമാന്യസംശയമുള്ള ജനങ്ങള്‍ക്കാകട്ടെ പുതിയൊരു വാക്കു വീണുകിട്ടുന്നു -ക്ലാസിക്കല്‍ ഭാഷ.
പ്രഭാഷണച്ചന്തകളിലും തര്‍ക്കസദസ്സുകളിലും ഭാഷാഭിമാനവും ദേശാഭിമാനവുമുയര്‍ത്തി ചോര തിളപ്പിക്കാന്‍ പോന്ന പുതിയൊരു മുദ്രാവാക്യം. ദോഷൈകദൃക്കുകള്‍പോലും ഈ ആവശ്യത്തെ എതിര്‍ക്കാന്‍ മടിക്കും. അതുകൊണ്ടുതന്നെ മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി കിട്ടിയാലുമില്ലെങ്കിലും ഈ ആവശ്യം ഭരണകൂടത്തിന് ഒരു രാഷ്ട്രീയവിജയമാണ്, ചെലവില്ലാത്ത വിജയം.
മലയാളത്തിന് ക്ലാസിക്കല്‍ പദവി വേണമെന്ന ആവശ്യമുയരുന്നത് തൊട്ടയല്‍പ്പക്കത്തെ ബന്ധുക്കളായ തമിഴും കന്നഡയും തെലുങ്കും ആ പദവി കരസ്ഥമാക്കിയ പശ്ചാത്തലത്തിലാണ്. രാഷ്ട്രീയ വിലപേശല്‍ ബലംകൂടിയുണ്ടായിരുന്നു അവരുടെ നേട്ടത്തിന് പിന്നില്‍. 2004 സപ്തംബര്‍ 17ന് കേന്ദ്രമന്ത്രിസഭായോഗമാണ് ക്ലാസിക്കല്‍ ഭാഷകള്‍ എന്ന പുതിയ സംവര്‍ഗം രൂപപ്പെടുത്താനും തമിഴിന് ആ പദവി നല്‍കാനും തീരുമാനിച്ചത്. യു.പി.എ. സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയിലെ വാഗ്ദാനമായിരുന്നു അത്.
സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശപ്രകാരം ക്ലാസിക്കല്‍ പദവി നേടുന്ന ആദ്യഭാഷയായി തമിഴ് മാറി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ബലം ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നെങ്കിലും രണ്ടായിരത്തേളം വര്‍ഷത്തെ പഴക്കമുള്ള വ്യാകരണഗ്രന്ഥമായ 'തൊല്‍കാപ്പിയമുള്ള തമിഴിന്റെ അര്‍ഹത ആരും ചോദ്യം ചെയ്തില്ല.
2005 ഒക്ടോബറില്‍ സംസ്‌കൃതത്തിനും ക്ലാസിക്കല്‍ പദവി നല്‍കി. ആ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രമന്ത്രി ജയ്പാല്‍റെഡ്ഡി, ക്ലാസിക്കല്‍ പദവിയുടെ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുന്നതായും കന്നഡ, തെലുങ്കുഭാഷകളെക്കുടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണെന്നും അറിയിച്ചിരുന്നു. 2006 ആഗസ്ത് എട്ടിന് രാജ്യസഭയില്‍ ടൂറിസം - സാംസ്‌കാരിക മന്ത്രി അംബികാസോണി ക്ലാസിക്കല്‍ ഭാഷാ പരിഗണനയുടെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി.
ഭാഷയുടെ 1500-2000 വര്‍ഷത്തെ രേഖപ്പെടുത്തിയ ചരിത്രം, ആദ്യകാല കൃതികളുടെ പുരാതനത്വം; തലമുറകള്‍ അമൂല്യപൈതൃകമായി കരുതുന്ന പ്രാചീന സാഹിത്യവും കൃതികളും; മറ്റൊരു ഭാഷയില്‍ നിന്നു കടം കൊണ്ടതല്ലാത്ത മൗലിക സാഹിത്യപാരമ്പര്യം; ആധുനിക രൂപത്തില്‍ നിന്നു വ്യത്യസ്തമായ പ്രാചീന ഭാഷാരൂപം (പ്രാചീന രൂപത്തില്‍ നിന്നുണ്ടായ മറ്റു ഭാഷകളും ആധുനിക രൂപവും തമ്മില്‍ തുടര്‍ച്ചയില്ലായ്മ പോലുമുണ്ടാവാം) തുടങ്ങിയവയായിരുന്നു ആ മാനദണ്ഡങ്ങള്‍. 2008 ഒക്ടോബര്‍ 31 ന് കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കല്‍ പദവി കിട്ടി.
അതിപ്രാചീനമായ സാഹിത്യശേഖരമുള്ളതും ആധുനിക കാലത്ത് ഉപയോഗിക്കുന്നതില്‍ നിന്ന് ഭിന്നമായ മറ്റൊരു രൂപമുള്ളതും മറ്റു ഭാഷകളില്‍ ശക്തമായ സ്വാധീനത ചെലുത്തിയിട്ടുള്ളതുമായ ഭാഷകളെയാണ് പൊതുവേ ക്ലാസിക്കല്‍ ഭാഷകളെന്നു വ്യവഹരിക്കുന്നത് (വിശിഷ്ട ഭാഷയെന്നോ ഉത്കൃഷ്ട ഭാഷയെന്നോ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താം).
നഗ്രീക്ക്, ലാറ്റിന്‍, സംസ്‌കൃതം, തമിഴ്, അറബിക്, ചൈനീസ് എന്നിവ ഉദാഹരണം. പല ക്ലാസിക്കല്‍ ഭാഷകളും മൃതഭാഷകളാണ്, ജനങ്ങള്‍ നിത്യജീവിതാവശ്യത്തിനായി ഉപയോഗിക്കാത്തവ ചിലത് 'ഡൈഗ്ലോസിയ' എന്നു ഭാഷാശസ്ത്രത്തില്‍ പറയുന്ന ഇരട്ടത്വം കാണിക്കുന്നവയാണ്. ഒരു ജനസമൂഹം ഒരേ ഭാഷയുടെ രണ്ടുരൂപങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ് ഡൈഗ്ലോസിയ.
ഭാഷയുടെ ഇന്നത്തെ രൂപവും പ്രാചീന രൂപവും ഒരു ജനസമൂഹത്തിലുള്ള സ്ഥിതി (ഉദാഹരണം ഗ്രീക്ക്. ആധുനിക ഗ്രീക്കും പ്രാചീന ഗ്രീക്കും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്). ക്ലാസിക്കല്‍ ഭാഷകള്‍ ഏതൊക്കെയാണെന്ന് അംഗീകൃതമോ സര്‍വജനസമ്മതമോ ആയ തീര്‍പ്പുകളൊന്നുമില്ല. ആദ്യകാല യൂറോപ്യന്‍ പണ്ഡിതര്‍ ഗ്രീക്കിനും ലാറ്റിനും മാത്രമേ ആ വൈശിഷ്ട്യം കല്പിച്ചിരുന്നുള്ളൂ. പില്‍ക്കാല പണ്ഡിതര്‍ സംസ്‌കൃതത്തിനും ചൈനീസിനുമൊക്കെ മഹത്ത്വമുണ്ടെന്നു സമ്മതിച്ചു. സ്വാധീനതയും മേല്‍ക്കോയ്മാ ശക്തിയുമുണ്ടെങ്കിലും ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയവ ക്ലാസിക്കലാണെന്ന് അവകാശപ്പെടുന്നില്ല.
ഇന്ത്യയില്‍ ബ്രിട്ടീഷ് കോളനി ഭരണാധികാരികള്‍ സംസ്‌കൃതത്തിനും പേര്‍ഷ്യനും അറബിക്കിനും പ്രത്യേക പരിഗണന നല്‍കിയിരുന്നു. ആവശ്യത്തിനു ഭാഷാഭിമാനബോധമുള്ള തമിഴര്‍ തങ്ങളുടെ ഭാഷയെ വിശിഷ്ടമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടോളമായി. ഇന്ത്യയ്ക്കു പുറത്തു പ്രവര്‍ത്തിക്കുന്ന തമിഴര്‍ പോലും അതിനുവേണ്ട വലിയ യത്‌നങ്ങള്‍ നടത്തി. എന്തിന്, തമിഴ്‌നാട്ടിലെ സി.പി.എം. പോലും തമിഴിന് ക്ലാസ്സിക്കല്‍ പദവി വേണമെന്ന് ആവശ്യപ്പെട്ടു. തമിഴ് അതു കൈവരിച്ചതോടെയാണ് കന്നഡയും തെലുങ്കും കളത്തിലിറങ്ങിയത്. ഒരുമിച്ചുള്ള മുന്നേറ്റമായിരുന്നു അത്.
2008 ജൂലായില്‍ കന്നഡ സംഘം, കന്നഡ സര്‍വകലാശാല, കന്നഡ വികസന അതോറിറ്റി, അന്ധ്രയിലെ കുപ്പത്തുള്ള ദ്രാവിഡ സര്‍വകലാശാല, ഹൈദരാബാദിലെ പോറ്റി ശ്രീരാമുലു തെലുങ്കു സര്‍വകലാശാല എന്നിവ ചേര്‍ന്ന് ക്ലാസിക്കല്‍ ഭാഷാപദവി ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ ഒരു ശില്പശാല സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വീരപ്പമൊയ്‌ലിയാണ് അത് ഉദ്ഘാടനം ചെയ്തതത്. തമിഴും മലയാളവും കന്നഡയും തെലുങ്കും ഒരേ പൈതൃകമുള്ളവയായിട്ടും തമിഴിനു മാത്രം അംഗീകാരം നല്‍കുകയും കന്നഡയ്ക്കും തെലുങ്കിനും അതു നിഷേധിക്കുകയും ചെയ്യുന്നതു ശരിയല്ലെന്ന് എഴുത്തുകാരന്‍ കൂടിയായ മൊയ്‌ലി വാദിച്ചു. (കുറ്റം പറയരുതല്ലോ, മലയാളത്തിനും നിഷേധിക്കരുതെന്ന് മൊയ്‌ലി മിണ്ടിയില്ല).
മലയാളമൊഴിച്ചുള്ള ദ്രാവിഡമൊഴികള്‍ ഉയര്‍ന്നു മുഴങ്ങിയ ആ ശില്പശാലയും അത് അംഗീകരിച്ച പ്രമേയവും രണ്ടു ഭാഷകള്‍ക്കും ക്ലാസ്സിക്കല്‍ പദവി ലഭിക്കുന്നതില്‍ വലിയ പങ്കാണു വഹിച്ചത്. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ വിജയം കൂടിയായിരുന്നു അത്. ഇനി നാം തിരിഞ്ഞു നോക്കുക. ക്ലാസ്സിക്കല്‍ പദവിക്കു വേണ്ടി വൈകിയുദിച്ച വിവേകവുമായി ഡല്‍ഹിക്കു പോകുന്ന നാം എന്തൊക്കെയാണ് മാതൃഭാഷയ്ക്കുവേണ്ടി ഇതുവരെ ചെയ്തത്. മലയാളത്തിന്റെ അര്‍ഹത, പ്രാചീനകൃതികളുടെ പഴക്കം, ഭാഷാരൂപങ്ങള്‍, ഉത്പത്തി തുടങ്ങിയ വിഷയങ്ങള്‍ പണ്ഡിതര്‍ തീരുമാനിക്കട്ടെ. പള്ളിക്കൂടത്തിലും പെരുവഴിയിലും അലയുന്ന മാതൃഭാഷയെക്കുറിച്ചു മാത്രം ആലോചിക്കാം. ഡല്‍ഹിയില്‍ നടന്ന ശില്പശാലയില്‍ കന്നഡ വികസന അതോറിറ്റി, കന്നഡ സര്‍വകലാശാല, തെലുങ്കു സര്‍വകലാശാല തുടങ്ങിയവയുണ്ടായിരുന്നു. കേരളത്തില്‍ അങ്ങനെയെന്തെങ്കിലും മലയാളികള്‍ കേട്ടിട്ടുണ്ടോ. കേരളപ്പിറവിക്കു ശേഷം വന്ന സര്‍ക്കാറുകളേതെങ്കിലും അതോര്‍ത്തിട്ടുണ്ടോ. എന്തിന്, ഉന്നത വിദ്യാഭ്യാസ രംഗത്ത് മലയാളം ഇപ്പോഴും രണ്ടാം ഭാഷയാണ്. പല സ്‌കൂളുകളിലും സ്‌പെഷല്‍ ഇംഗ്ലീഷ് പഠിച്ചാല്‍ മലയാളം പഠിക്കുകതന്നെ വേണ്ട. പ്ലസ് ടുവിന് സി.ബി.എസ്.ഇ.യാണെങ്കില്‍ മലയാളം തീരെ വേണ്ട. ക്ലാസിക്കല്‍ പദവിക്കു വേണ്ടി തുനിഞ്ഞിറങ്ങുന്ന നമുക്ക് മലയാളത്തെ ഒന്നാം ഭാഷയും നിര്‍ബന്ധിതവിഷയവുമാക്കാനുള്ള രാഷ്ട്രീയ വിവേകമോ ഇച്ഛാശക്തിയോ ഉണ്ടാകുമോ.
ക്ലാസിക്കല്‍ പദവിയുടെ നൂറുകോടി മണക്കുന്ന അഭിജാത്യത്തിനായി പുറപ്പെടുമ്പോള്‍ അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് ഭാഷാഭിമാനികള്‍ പൊറുക്കട്ടെ.
മലയാളം മരിക്കാതെ നിലനിര്‍ത്താന്‍ നാം എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്. തൊട്ടപ്പുറത്തെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ തമിഴറിയാത്തവര്‍ പത്താം തരത്തിലെ തമിഴിനു തുല്യമായ തമിഴ് യോഗ്യതാ പരീക്ഷ ജയിച്ചിരിക്കണം. കന്യാകുമാരി ജില്ലയിലെ കോളേജുകളില്‍ മലയാളം പഠിപ്പിക്കുന്നവര്‍ പോലും അങ്ങനെ ചെയ്യുന്നു. പണ്ട് ജോലികിട്ടിയിട്ട് തമിഴ് പഠിച്ചാല്‍ മതിയായിരുന്നു. ഇന്ന് അതുപറ്റില്ല. തമിഴ്‌നാട്ടിലെ ജോലിക്ക് ആദ്യം തമിഴ് എന്നതാണ് നിയമം. തമിഴ് മീഡിയമില്ലെങ്കില്‍ അവിടെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കില്ല.
കേരളത്തിലോ സര്‍ക്കാര്‍ എഴുത്തുകുത്തുകള്‍ മിക്ക വകുപ്പുകളിലും ഇംഗ്ലീഷിലാണിപ്പോഴും. ഭരണഭാഷ മലയാളമാണെന്നാണു വെപ്പ്. സെക്രട്ടറിക്ക് തന്നാട്ടുകാര്യങ്ങളെപ്പറ്റി ക്ലാര്‍ക്ക് എഴുതുന്ന 'നോട്ട്' ഇപ്പോഴും ഇംഗ്ലീഷില്‍തനെയുള്ള കേരളം ക്ലാസിക്കലാവാന്‍ ചമഞ്ഞിറങ്ങുന്നതില്‍ വേദനാകരമായ വൈരുദ്ധ്യങ്ങള്‍ പലതാണ്.
മാതൃഭാഷ പെരുവഴിയില്‍ നിന്നു നിലവിളിക്കുകയാണ്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിന്നു വ്യാകരണവും വൃത്താലങ്കാരങ്ങളും കാശിക്കു പോയി. അക്ഷരങ്ങളെല്ലാം ഉണ്ടായാല്‍ മാര്‍ക്കു നല്‍കണമെന്നാണ് പുതിയ വിധി. ഭാഷാഭ്രാന്തു വേണ്ടെങ്കിലും ഭാഷയ്ക്കുവേണ്ടി ചെറിയൊരു പനിയെങ്കിലുമാവാം.
നൂറു കോടിയിലും ക്ലാസിക്കലിലും ആഡംബരത്തിലുമൊന്നും തര്‍ക്കമില്ല. എന്നാല്‍ മലയാളം മരിക്കാതിരുന്നാലേ ആ പട്ടുവസ്ത്രങ്ങള്‍ കൊണ്ടു പ്രയോജനമുള്ളൂ. ക്ലാസിക്കലാകും മുമ്പ് മലയാളം തെറ്റില്ലാത്ത ഭാഷയായി ഉപയോഗിക്കാനുള്ള വഴിയുണ്ടാവണം. ആത്മാര്‍ഥതയും സത്യസന്ധതയും ധീരതയുമുള്ള ഏതെങ്കിലും സര്‍ക്കാറോ പാര്‍ട്ടിയോ നേതാവോ മലയാളത്തെ നിര്‍ബന്ധിത വിഷയവും ഒന്നാം ഭാഷയുമാക്കട്ടെ. കുറഞ്ഞത് അങ്ങനെയാക്കുന്നതിനെപ്പറ്റി സ്വന്തം അഭിപ്രായമെങ്കിലും വെളിപ്പെടുത്തട്ടെ.
മാതൃഭൂമി
"ഭാഷാഭ്രാന്തു വേണ്ടെങ്കിലും ഭാഷയ്ക്കുവേണ്ടി ചെറിയൊരു പനിയെങ്കിലുമാവാം."
മറുപടിഇല്ലാതാക്കൂമലയാള ഐക്യവേദി ഉഷാറാകട്ടെ...
വളരെ നന്നായിപ്പറഞ്ഞു. അഭിനന്ദനങ്ങള്‍. എന്‍റെ പോസ്റ്റ് വായിച്ചതിനു നന്ദി.
മറുപടിഇല്ലാതാക്കൂആശയപരമായി ക്ലാസ്സിക്കല്‍ പദവി കിട്ടുന്നതിനോട് ഒരു യോജിപ്പുമില്ല. തെലുങ്കിനും കന്നഡയ്ക്കും കൊടുക്കരുതായിരുന്നു. നമ്മുടെ നാടിന്റെ പ്രശ്നം ഇതല്ലേ. നിയമങ്ങള്‍ ഉണ്ടാക്കുന്നു... മത, ജാതി, പ്രാദേശിക, രാഷ്ട്രീയ (അങ്ങനെ എന്തെല്ലാം) സങ്കുചിത, സമ്മര്‍ദ്ദ തന്ത്രങ്ങളുടെ കുത്തൊഴുക്കില്‍ പ്രഹസനമാകുന്നു.
ഇനി ക്ലാസ്സിക്കല്‍ പദവിയ്ക്കുള്ള നെട്ടോട്ടം. ഒന്നിനോടും പ്രതിബദ്ധതയില്ലാതെ, വെറുതെ ഓരോന്നു കാട്ടിക്കൂട്ടുക. നാടിനോടും നാട്ടാരോടും സ്നേഹമില്ലാതെ സ്വാര്‍ത്ഥത മാത്രം കൈമുതലുള്ള ഒരു വര്‍ഗം വോട്ടിനും ധൂര്‍ത്തിനും വേണ്ടി ഭാഷയുടെ രാഷ്ട്രീയ കളി കളിക്കുന്നു.
* തെലുങ്കിനും കന്നഡയ്ക്കും ക്ലാസ്സിക്കല്‍ പദവി കിട്ടിയത് കൊണ്ട് മാത്രമുള്ള ഒരു കാട്ടിക്കൂട്ടാണിത്.
* എന്നിട്ടോ, തെലുങ്കും കന്നഡയും ആസൂത്രിതമായി കാര്യങ്ങള്‍ നടത്തി. മലയാളി സാധാരണ പോലെ ഒരു വഴിപാടു നടത്തി. അതുപോലും വിജയിപ്പിക്കാന്‍ ആയില്ല.
എന്തുകൊണ്ട് മലയാളി എന്തു പ്രശ്നത്തിലും അവസാനമെത്തുന്നു? മുല്ലപ്പെരിയാര്‍ മുതല്‍ ക്ലാസ്സിക്കല്‍ ഭാഷ വരെ... ആത്മാര്‍ത്ഥത ഇല്ലാത്തത് തന്നെ കാരണം...
ഭാഷയെ സ്നേഹിക്കാതെ പണം വാങ്ങാന്‍ നടന്നിട്ട് കാര്യമില്ല. കിട്ടിയാല്‍ പോലും ആ പണം വക മാറ്റി ചെലവാക്കുമെന്നു ഒറപ്പ്.
മലയാളത്തിന് ക്ലാസിക്കല്‍ പദവി എന്ന പ്രയോഗത്തില്‍ തന്നെ എന്തോ ഒരു..........
മറുപടിഇല്ലാതാക്കൂക്ലസിക്കല് എന്നിടത്ത് അതിന്റെ മലയാള രൂപം ഉപയോഗിക്കുന്നതല്ലെ നല്ലത്
(എനിക്കും സത്യത്തില്‍ അതിന്റെ മലയാളം അറിഞ്ഞൂടാ)
ക്ലാസ്സിക് ഭാഷ
മറുപടിഇല്ലാതാക്കൂചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,
ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,
വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...
വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !
വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,
വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം ;
നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ
വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...
പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !, അധിപുരാതനമിത് ...
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ