മലയാള ഐക്യവേദി ഔദ്യോഗിക വെബ് പേജ്. സമഗ്ര മാതൃഭാഷാനിയമം പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുക..

2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

പൊതുജീവിതത്തിൽ മാതൃഭാഷാഭിമാനം ഉയർത്തിപ്പിടിക്കുക.

പൊതുജീവിതത്തിൽ, മാതൃഭാഷയായ മലയാളത്തെക്കാൾ മഹത്തരമാണ് ഇംഗ്ലീഷെന്ന മിഥ്യാബോധം നമ്മുടെയിടയിൽ നിലനിൽക്കുന്നുണ്ട്. നിയമം കൊണ്ടോ ഉത്തരവു കൊണ്ടോ പൂർണമായി പരിഹരിക്കാവുന്ന വിഷയമല്ല ഇത്. കൊളോണിയൽ ഭൂതം മിഥ്യാഭിമാനമായി ആവേശിച്ചതിനെ കുടഞ്ഞു കളയേണ്ടതുണ്ട്. കല്യാണക്കത്തുകൾ, കടകളുടെ ബോർഡുകൾ, വീട്ടു പേരുകൾ ഇവയെല്ലാം ഇംഗ്ലീഷിലെഴുതുന്നതാണ് അന്തസ്സ് എന്നത് സാമാന്യ ബോധമായിരിക്കുന്നു. സ്ഥലനാമങ്ങളും ഔദ്യോഗിക ഫലകങ്ങളും കടകളുടെ പേരുകളും മറ്റേതു ഭാഷയിലും ഉണ്ടായിക്കൊള്ളട്ടെ, അവയിലെല്ലാം ഒന്നാം സ്ഥാനം നൽകി മലയാളത്തിൽക്കൂടി എഴുതുമ്പോഴേ ഭാഷാ ജനാധിപത്യത്തിലേക്ക് നമുക്കു പ്രവേശിക്കാനാകൂ. മാതൃഭാഷയിലൂടെയാണ് ഒരു ബഹുഭാഷാലോകത്തെ നാം സ്വപ്നം കണ്ടു തുടങ്ങേണ്ടത്. വലിയ തോതിലുള്ള ബോധ നിർമ്മാണ പ്രവർത്തനവും ഇതര പ്രായോഗിക പ്രവർത്തനങ്ങളും ഭാഷാ പ്രവർത്തകർ ഏറ്റെടുക്കേണ്ടതുണ്ട്. നിലവിലുള്ള ഭാഷാ ഉത്തരവുകൾ നടപ്പിലാക്കുന്നുണ്ടോ എന്ന് നാം നിരന്തരം പരിശോധിച്ചു കൊണ്ടേയിരിക്കണം. ബാങ്കിടപാടുകൾക്കുള്ള
ഫോറങ്ങൾ, മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള ബില്ലുകൾ,  രോഗവിവരങ്ങളുടെ രേഖപ്പെടുത്തലുകൾ, ആയുർവേദമുൾപ്പെടെയുള്ള മരുന്നു കുറിപ്പടികൾ, കെ.എസ്.ആർ.ടി.സി.ടിക്കറ്റുകൾ, ഉപകരണങ്ങളുടെ ഉപയോഗക്രമം വിശദീകരിക്കുന്ന കുറിപ്പുകൾ..... എല്ലാം ഇംഗ്ലീഷിലാണ്. ഇതര സംസ്ഥാനങ്ങളിൽ ഇതല്ല സ്ഥിതിയെന്നറിയേണ്ടതുണ്ട്. പുത്തൻ സാങ്കേതിക വിദ്യകൾക്ക് ഏതെങ്കിലുമൊരു ഭാഷയോട് യാതൊരു കൂറുമില്ല. ഇവയെല്ലാം എളുപ്പത്തിൽ സാധാരണ ജനത്തിന്റെ ഭാഷയിലേക്ക് മാറ്റാനാകും. നമ്മുടെ തൊട്ടടുത്തുള്ള ചുറ്റുപാടുകളിൽ നിന്നാണ് നാം ഭാഷാവാദം ഉയർത്തിക്കൊണ്ടുവരേണ്ടത്. ഭരണകൂടം മുകളിൽ നിന്ന് തളികയിൽ വച്ചു നൽകുന്ന ഉത്തരവുകളിലൂടെയല്ല, അടിത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങളിലൂടെയാണ് നമ്മുടെ മാതൃഭാഷയെന്ന പദവിയിലേക്ക് മലയാളത്തെ നാം കൈ പിടിച്ചു നടത്തേണ്ടത്. ഇത്തരം സമരങ്ങളുടെ ബാക്കിപത്രമാണ് കഴിഞ്ഞ അഞ്ചാറു വർഷക്കാലത്തുണ്ടായ ഭാഷാ സംബന്ധമായ മുഴുവൻ സർക്കാർ നടപടികളുമെന്നത് ഭാവിയിലേക്കുള്ള നമ്മുടെ ഊർജ്ജമാണ്. തോൽക്കാൻ തയ്യാറായി തുടങ്ങിയ ഒരു സമരമാണ്  ഭാവിയിലേക്കുള്ള വഴിയടയാളമായി നമ്മുടെ മുൻപിൽ നിൽക്കുന്നത്. കഴിഞ്ഞ പത്തു വർഷക്കാലയളവിൽ കേരളത്തിലുയർന്നു വന്ന വിഷയങ്ങളിൽ ഏറ്റവും മുന്നോട്ടു നീങ്ങിയ സമരമുഖം മാതൃഭാഷയുടേതാണെന്ന് നിസ്സംശയം പറയാം. പൊതുജീവിതത്തിൽ മാതൃഭാഷാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള ജീവിത സമരത്തിലാണ് നാം ഏർപ്പെടേണ്ടത്. കൊളോണിയൽ ഭാഷ എന്ന ഭൂതത്തെ കയ്യൊഴിയുകയെന്നാൽ ഒരു മനോഭാവത്തെക്കൂടിയാണ് നാം കയ്യൊഴിയുന്നത്. ഭാഷാ സ്വാതന്ത്ര്യമില്ലാത്ത രാഷ്ട്രീയ സ്വാതന്ത്ര്യത്തെയല്ല നാം പുണരേണ്ടതെന്ന വലിയ തിരിച്ചറിവാണത്. ഐക്യകേരളത്തിലെ മാതൃഭാഷയായി മലയാളത്തെ മാറ്റിത്തീർക്കാനുള്ള ഉടമ്പടിയുടെ പേരായിത്തീരണം ഐക്യമലയാള പ്രസ്ഥാനം.

നമ്മുടെ അസ്വാതന്ത്ര്യത്തെക്കുറിച്ചു പറയാനുള്ള ഭാഷപോലും കൈവശമില്ലാത്തതുകൊണ്ടാണ്  സ്വതന്ത്രരാണെന്നു നമുക്കു തോന്നുന്നത്.
                                        - സിസെക്

ഒക്ടോബർ 22 മുതൽ 31 വരെ മാതൃഭാഷാവകാശ ജാഥ കാസർഗോഡ് - തിരുവനന്തപുരം. ആശയ പ്രചാരണത്തിലും പ്രായോഗിക പ്രവർത്തനങ്ങളിലും പങ്കാളിയാകൂ...

2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

കോടതിഭാഷ മലയാളമാക്കുക, നരേന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക.

ആധുനിക ജനാധിപത്യത്തിന്റെ അടിത്തറകളിൽ നീതിന്യായ വ്യവസ്ഥയ്ക്കും കോടതികൾക്കും നിർണായ സ്ഥാനമാണുള്ളത്. എന്നാൽ കോടതി സംവിധാനങ്ങൾ മാതൃഭാഷയിലാകാതിരിക്കുന്നത് ഈ ജനാധിപത്യ പ്രക്രിയയെ പിന്നോട്ടടിക്കുന്നതാണ്. അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. വാദിക്കും പ്രതിക്കും മനസ്സിലാകാത്ത ഭാഷയിൽ വാദം നടക്കുന്നു. വിധിന്യായവും അങ്ങനെതന്നെ. എന്തൊക്കെ നിയമപരമായ നടപടിക്രമങ്ങളിലൂടെയാണ് തങ്ങളെ ശിക്ഷിച്ചതെന്ന് വ്യക്തമായറിയാത്ത എത്രയോപേർ നമ്മുടെ ജയിലുകളിലുണ്ട്. വളരെക്കുറച്ചു പേർക്കു മാത്രം അറിയാവുന്ന ഭാഷയിൽ കോടതി നടപടികൾ നടക്കുമ്പോൾ, അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. 1973 മെയ് 11-ലെ പ്രത്യേക നോട്ടിഫിക്കേഷൻ പ്രകാരം ഹൈക്കോടതിക്കു കീഴിൽ വരുന്ന എല്ലാ സിവിൽ, ക്രിമിനൽ കോടതികളിലും ഇംഗ്ലീഷോ മലയാളമോ ഉപയോഗിക്കാം. എന്നാൽ അത് നടപ്പിലായില്ല. ജസ്റ്റിസ് കെ.കെ.നരേന്ദ്രൻ അധ്യക്ഷനായ കമ്മിറ്റി 1987-ൽ നൽകിയ റിപ്പോർട്ട്, എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും കോടതി ഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല എന്ന് നിർദ്ദേശിക്കുകയുണ്ടായി. നീതി തേടി കോടതിയിലെത്തുന്ന സാധാരണക്കാർക്കും കോടതി നടപടികൾക്കും മധ്യേ നിലകൊള്ളുന്ന ഇരുമ്പുമറയാണ് ഇംഗ്ലീഷ് എന്നും അതു മാറിയാലേ കോടതി നടപടികളിൽ സാധാരണക്കാർക്ക് സഹകരിക്കാൻ കഴിയൂ എന്നും കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. കോടതി നടപടികൾ മാതൃഭാഷയിലാക്കുന്ന പ്രക്രിയയിൽ ഏറ്റവും പിറകിൽ നിൽക്കുന്നത് കേരളമാണ് എന്നും കമ്മിറ്റി നിരീക്ഷിച്ചു. ഭരണം ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് അറിയാവുന്ന അവരുടെ മാതൃഭാഷയിലായിരിക്കണമെന്ന ഉറച്ച അഭിപ്രായമാണ് ഭരണഘടനാ നിർമ്മാണ സമിതിക്കുണ്ടായിരുന്നത് എന്നാണ് ഇന്ത്യൻ ഭരണഘടനയുടെ 17-ാം ഭാഗത്തിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള അനുച്ഛേദങ്ങൾ വ്യക്തമാക്കുന്നത്.
കോടതിഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നടത്തിയ ഇടപെടലുകൾ ഈ ഘട്ടത്തിൽ ഓർക്കാം. ഐക്യമലയാള പ്രസ്ഥാനത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചരിത്രപരമാണ്. ഇതെത്തുടർന്ന് പൊടി തട്ടിയെണീറ്റ ഭരണതല കമ്മിറ്റികളും പ്രവർത്തനങ്ങളും പെരുവഴിയിൽത്തന്നെയാണ്. ഇംഗ്ലണ്ടിലെ കോടതികളിൽ ഒരു കാലത്ത് ലാറ്റിനും ഫ്രഞ്ചും മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷല്ലാത്ത ഭാഷയിൽ കോടതിയിൽ സംസാരിച്ചാൽ അൻപതു പവൻ പിഴ എന്ന നിയമം കൊണ്ടുവന്നാണ് ഇംഗ്ലണ്ടിൽ മാതൃഭാഷയായ ഇംഗ്ലീഷിനെ കോടതി ഭാഷയാക്കിയത് എന്നോർമ്മിക്കുക. ഇക്കാര്യത്തിലും നാം ഇംഗ്ലീഷ് മാതൃക സ്വീകരിച്ചിരുന്നെങ്കിൽ!
സംവിധാനങ്ങളുടെ ജനാധിപത്യവത്കരണം നടക്കേണ്ടത് മാതൃഭാഷയിലാണ്. സിവിൽ, ക്രിമിനൽ കേസുകളുടെ അടിസ്ഥാന രേഖകൾ മുഴുവനും മാതൃഭാഷയിലായിരിക്കുമ്പോൾ, വാദവും വിധിയും ഇംഗ്ലീഷിലാവുന്നത് വൈരുദ്ധ്യമാണ്. ജഡ്ജിക്ക് മലയാളമറിയില്ല, മലയാള നിയമ പുസ്തകങ്ങളില്ല, നിയമ വിദ്യാഭ്യാസം മലയാളത്തിലല്ല എന്നൊക്കെയുള്ള മുട്ടുന്യായങ്ങൾ ബഹുഭൂരിപക്ഷം വരുന്ന മാതൃഭാഷ മാത്രമറിയുന്ന ജനതയെ നോക്കി കൊഞ്ഞനം കുത്തുകയാണ്. ഇതെല്ലാം ഇച്ഛാശക്തിയുണ്ടെങ്കിൽ സാധ്യമാകാത്ത കാര്യങ്ങളല്ല. ഒരു ജനത, അവർക്കു വേണ്ടി അവരുടെ നികുതിപ്പണം കൊണ്ടാണ് ഈ സംവിധാനങ്ങളെ നിലനിർത്തുന്നത് എന്ന യാഥാർത്ഥ്യത്തോട് പുറം തിരിഞ്ഞു നിൽക്കുകയാണ് അനുഭവ യാഥാർത്ഥ്യം. ഈ മാതൃഭാഷാ നിഷേധം നിയമത്തിന്റെ എന്നതിനേക്കാൾ നീതിയുടെ വിഷയമാണ്. അതിനാൽ ഇത് നിയമം മൂലം തിരുത്തപ്പെടണം. കക്ഷിരാഷ്ട്രീയത്തിനതീതമായ മാതൃഭാഷാ പ്രസ്ഥാനമാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് നമ്മുടെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ.എം.എസ് പറഞ്ഞുവച്ചത് ഇവിടെ യോർക്കാം.
ഒക്ടോബർ 22 മുതൽ 31 വരെ മാതൃഭാഷാവകാശ ജാഥ കാസർഗോഡ് - തിരുവനന്തപുരം. ആശയ പ്രചാരണത്തിലും പ്രായോഗിക പ്രവർത്തനങ്ങളിലും പങ്കാളിയാകൂ....

മാതൃഭാഷ എഴുതാനും വായിക്കാനും കഴിയാത്തവർ സാക്ഷരരല്ല.

മാതൃഭാഷയിൽ എഴുതാനും വായിക്കാനുമറിയാതെ ഏതു ബിരുദവും കരസ്ഥമാക്കാൻ കഴിയുന്ന ലോകത്തിലെ അപൂർവ്വ സ്ഥലമാണ് കേരളം. പൊതു വിദ്യാലയങ്ങളിൽ മാതൃഭാഷയായ മലയാളം അവഗണിക്കപ്പെടുന്നു. മാതൃഭാഷാ മാധ്യമ പഠനം രണ്ടാംകിടയാവുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ പലതിലും മലയാളം ഒരു ഭാഷയായിപ്പോലും പഠിപ്പിക്കുന്നില്ല. ഓറിയൻറൽ സ്കൂളുകളിൽ മലയാളത്തിന് സ്ഥാനമില്ല. മാതൃഭാഷ എഴുതാനും വായിക്കാനും കഴിയാത്തവരാണ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന നമ്മുടെ കുട്ടികളിൽ പലരുമെന്നത് ഞെട്ടിപ്പിക്കുന്ന അനുഭവ യാഥാർത്ഥ്യമാണ്. മാതൃഭാഷ എഴുതാനും വായിക്കാനുമറിയുന്നതിനെയാണ് സാക്ഷരത എന്നു പറയുന്നത്. സ്വന്തം സമൂഹത്തോട് അക്ഷരത്തിലൂടെ വിനിമയം ചെയ്യാൻ പഠിക്കലാണത്. സമ്പൂർണ സാക്ഷര സംസ്ഥാനം എന്ന് കേരളത്തെ വിശേഷിപ്പിക്കണമെങ്കിൽ മാതൃഭാഷാ സാക്ഷരത നിർബന്ധമാക്കണം. നമ്മുടെ ഏറ്റവും മുതിർന്ന തലമുറ സാക്ഷരതാ പ്രസ്ഥാനത്തിലൂടെയും മറ്റും സാക്ഷരത കൈവരിച്ചെങ്കിൽ ഏറ്റവും ഇളയ തലമുറയെ നിരക്ഷരരാക്കുന്ന പ്രക്രിയയാണ് കേരളത്തിലെ മേൽപ്പറഞ്ഞ സ്കൂളുകളിൽ നടക്കുന്നത്. നിരക്ഷരരെ സൃഷ്ടിക്കുന്ന ഈ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യൻ ജനാധിപത്യത്തോടും സമ്പൂർണ സാക്ഷരത എന്ന പ്രഖ്യാപിത ലക്ഷ്യത്തോടുമുള്ള വെല്ലുവിളി കൂടിയാണ്. ഇത് നിയമംമൂലം നിരോധിക്കപ്പെടണം.
ഒക്ടോബർ 22 മുതൽ 31 വരെ മാതൃഭാഷാവകാശ ജാഥ കാസർഗോഡ് - തിരുവനന്തപുരം. ആശയ പ്രചാരണത്തിലും പ്രായോഗിക പ്രവർത്തനങ്ങളിലും പങ്കാളിയാകൂ....

ജാഥ കടന്നുപോകുന്ന വഴികള്‍.

ജാഥാറൂട്ട്.

ഈ മാസത്തെ ജനപ്രിയ പോസ്റ്റുകള്‍‌

ലേബലുകളിലൂടെ തിരയൂ...

അജിത്. കെ (1) അടൂര്‍ (1) അനുസ്മരണം (1) അരുണ്‍. എസ്. ശശി (1) അസീസ് തരുവണ (1) ആദരാഞ്ജലികള്‍ (2) ആര്‍.വി.ജി.റിപ്പോര്‍ട്ട് (1) ആലപ്പുഴ (1) ആല്‍ബം (7) ആശംസകള്‍ (4) ഇ.ദിനേശന്‍ (1) ഇന്ത്യാ ടുഡേ (4) ഉത്തരവ് (8) ഉപവാസ സമരം (1) ഉമ്മര്‍. ടി. കെ (1) എ.എന്‍.പി. ഉമ്മര്‍കുട്ടി (1) എഡിറ്റോറിയല്‍ (12) എന്‍. വി. പി. ഉണ്ണിത്തിരി (1) എം. ആര്. രാഘവവാര്യര് (1) എം.ടി. (2) എം.പി. വീരേന്ദ്രകുമാര്‍ (1) എര്‍ണാകുളം (3) എസ്. ആര്‍. ഹരീഷ് (1) എസ്.സി.ഇ.ആര്‍.ടി. (1) ഐക്യമലയാള പ്രസ്ഥാനം (3) ഒന്നാം ഭാഷ (12) ഓണ്‍ലൈന്‍ പ്രചരണം (1) ഓർഡിനൻസ് (1) ഓര്‍മിപ്പിക്കല്‍ സമരം (1) ഔദ്യോഗികഭാഷ (3) കണ്ണൂര്‍ (8) കത്ത് (5) കന്നട (1) കരുണാനിധി (1) കല്പറ്റ നാരായണന്‍ (1) കല്‍പറ്റ നാരായണന്‍ (1) കവിത (1) കാര്‍ട്ടൂണ്‍ (1) കാവുമ്പായി ബാലക‍ൃഷ്ണന്‍ (1) കാസര്‍കോട് (4) കൃഷ്ണയ്യര്‍ (1) കെ. എം. അബ്ദുള്‍ സലാം (1) കെ.കെ.കൊച്ച് (1) കെ.പി.രാമനുണ്ണി (6) കേരള സിലബസ് (1) കേരളകൌമുദി (6) കൈരളി ടിവി (2) കൊയിലാണ്ടി (1) കൊല്ലം (1) കോടതിഭാഷ (21) കോണ്ടാക്റ്റ് (1) കോഴിക്കോട് (10) ക്യാമ്പ് (2) ക്ലാസിക്കല്‍ പദവി (1) ഗീത (2) ഗൂഗിള് ട്രാന്സ്ലേറ്റ് (1) ഗ്രന്ഥാലോകം (1) ചലച്ചിത്രോത്സവം (1) ചാനല്‍ ചര്‍ച്ച (1) ചിത്രങ്ങള്‍ (49) ജനയുഗം (8) ജന്മഭൂമി (3) ജില്ലാ കൂടിയിരുപ്പ് (1) ജില്ലാ ക്യാമ്പ് (1) ജില്ലാ സമിതി (3) ജില്ലാ സംഗമം (1) ജില്ലാ സമ്മേളനം (14) ജോര്‍ജ് വര്‍ഗീസ് (1) ടി. മധു (1) ടിക്കറ്റ് (1) ഡി. ദയാനന്ദന്‍ (1) ഡി. വിനയചന്ദ്രന്‍ (1) തമിഴ് (3) തിരുവനന്തപുരം (21) തുഞ്ചന്‍ ഉത്സവം (2) തൃശ്ശൂര്‍ (3) തേജസ് (2) ദ ഹിന്ദു (5) ദേശാഭിമാനി (22) ധര്‍ണ്ണ (4) നടുവട്ടം ഗോപാലകൃഷ്ണന്‍ (1) നിയമസഭയില്‍ ലഭിച്ച മറുപടി (1) നിയമസഭാ മാര്‍ച്ച് (1) നിരാഹാരസമരം (2) നിവേദനം (2) നോട്ടീസ് (34) പത്തനംതിട്ട (4) പത്രക്കുറിപ്പ് (3) പത്രസമ്മേളനം (2) പരമ്പര (1) പാഠപുസ്തകം (1) പാലക്കാട് (14) പാലോട് രവി (1) പി. കെ. ശ്രീകുമാര്‍ (1) പി. ജെ. ഫ്രാന്‍സിസ് (1) പി. സുരേഷ് (1) പി.ആര്‍.നാഥന്‍ (1) പി.ഐ. ശങ്കരനാരായണന്‍ (1) പി.കെ.രാജശേഖരന്‍ (1) പി.ജി. (1) പി.പവിത്രന്‍ (22) പുസ്തകപരിചയം (2) പൊതുവിദ്യാഭ്യാസം (2) പോസ്റ്റര്‍ (12) പ്രതികരണം (1) പ്രബന്ധാവതരണ പരമ്പര (1) പ്രബന്ധാവതരണം (1) പ്രാദേശിക സമിതി (10) പ്രേമചന്ദ്രന്‍ (2) പ്ലസ് വണ്‍ (5) ഫീച്ചര്‍ (1) ബി.എസ്.വാരിയര്‍ (1) ബ്ലോഗന (1) ഭരണ ഭാഷ (1) ഭാരവാഹികള്‍ (2) ഭാഷ (4) ഭാഷാനിയമം (2) ഭാഷാപോഷിണി (1) മനോരമ ഓണ്‍ലൈന്‍ (2) മംഗളം (5) മലപ്പുറം (31) മലയാള മനോരമ (21) മലയാള സര്‍വകലാശാല (8) മലയാളം (6) മലയാളം ടെക്സ്റ്റ് (5) മലയാളം വാരിക (5) മറാത്തി (1) മാതൃഭാഷാദിനം (45) മാതൃഭാഷാവകാശജാഥ (9) മാതൃഭാഷാസംഗമം (9) മാതൃഭൂമി (131) മാതൃഭൂമി ആഴ്ചപ്പതിപ്പ് (3) മാധ്യമം (16) മാസിക (1) മിനിറ്റ്സ് (1) മൊബൈല്‍ (1) രാഘവന്‍ പയ്യനാട് (2) രാജന്‍ ഗുരുക്കള്‍ (1) രൂപരേഖ (1) ലേഖനം (112) വത്സലന്‍ വാതുശ്ശേരി (1) വയനാട് (6) വായനശാല (1) വാര്‍ത്ത (209) വാർത്ത (9) വാര്‍ഷികം (3) വി. ആര്‍. കൃഷ്ണയ്യര്‍ (1) വി. പി. മാര്‍ക്കോസ് (1) വി.ആർ.കൃഷ്ണയ്യർ (1) വി.സി.അഭിലാഷ് (1) വിക്കിപീഡിയ (1) വിജ്ഞാന മലയാളം (18) വിജ്ഞാനകൈരളി (27) വിദ്യ. എസ് (1) വിദ്യാര്‍ത്ഥി മലയാളവേദി (6) വീക്ഷണം (1) വീരേന്ദ്രകുമാര്‍ (1) ശങ്കരനാരായണന്‍ (1) ശാസ്ത്രഭാഷ ഗവേഷണഭാഷ (1) ശാസ്ത്രവാര്‍ത്തകള്‍ (11) ശില്പശാല (1) ഷാജി ജേക്കബ് (1) ഷിജു. ആര്‍ (1) സതീശ് സൂര്യന്‍ (1) സബ്ടൈറ്റില്‍ (1) സമഗ്ര മലയാള നിയമം (19) സമഗ്രമലയാള നിയമം (4) സമരം (7) സമരവിളംബരം (9) സംഘടന (1) സംസ്ഥാന സമ്മേളനം (26) സി. രാധാകൃഷ്ണന്ർ (1) സി. ശ്രീകുമാര്‍ (1) സിന്ധു (1) സിലബസ് (1) സിറാജ് (3) സുകുമാര്‍ അഴീക്കോട് (1) സുബൈര്‍ അരിക്കുളം (4) സെക്രട്ടറിതലസമിതി (1) സെമിനാര്‍ (4) സൗമ്യ ബേബി (1) സ്കൂള്‍ (1) ഹരജി (1) ഹിന്ദി പാഠപുസ്തകം (2) ഹേമ ജോസഫ് (1)