മലയാള ഐക്യവേദി ഔദ്യോഗിക വെബ് പേജ്. സമഗ്ര മാതൃഭാഷാനിയമം പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുക..

2010, മേയ് 28, വെള്ളിയാഴ്‌ച

ഭാഷയ്ക്കുവേണ്ടി മലയാളികള്‍ ഒന്നും ചെയ്യുന്നില്ല - എം.ടി.

കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം (28-05-10)
വായിയ്ക്കാനായി വാര്‍ത്തയില്‍ ക്ലിക്കുക.

പൂന്താനം ജീവിതത്തിന്റെ പ്രസക്തമായ തത്വശാസ്ത്രങ്ങള്‍ ഉള്‍ക്കൊണ്ട കവി -എം.ടി

Posted on: 28 May 2010
കടപ്പാട്: മാതൃഭൂമി

പട്ടിക്കാട്: ലളിതമായ ഭാഷയില്‍ ജീവിതത്തിന്റെ പ്രസക്തമായ ചില തത്വശാസ്ത്രങ്ങള്‍ ഉള്‍ക്കൊണ്ടവതരിപ്പിച്ച കവിയാണ് പൂന്താനമെന്ന് എം.ടി.വാസുദേവന്‍നായര്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഇല്ലത്ത് സംഘടിപ്പിച്ച പൂന്താനം സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാഷയുടെ ലാളിത്യ കൊണ്ടുമാത്രമേ ജനങ്ങളിലേക്കെത്താന്‍ സാധിക്കൂ എന്ന് മനസ്സിലാക്കിയ കവിയാണ് പൂന്താനം. ഇന്നത്തെ പാഠ്യപദ്ധതിയില്‍ മലയാള ഭാഷയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതെ ഒതുക്കി നിര്‍ത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു.

2010, മേയ് 25, ചൊവ്വാഴ്ച

ക്ലാസിക്കല്‍ മലയാളമേ, മാപ്പ്‌

കടപ്പാട്: മാതൃഭൂമി
26 May 2010 ബുധനാഴ്ച ആര്‍ക്കൈവ്‌സ്

ക്ലാസിക്കല്‍ മലയാളമേ, മാപ്പ്‌
പി.കെ. രാജശേഖരന്‍

മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹിക്കുപോയ നിവേദകസംഘത്തിന് പ്രധാനമന്ത്രി എന്ത് ഉറപ്പാണ് നല്‍കിയതെന്നറിയില്ല. വിപരീതപദങ്ങളായ കേന്ദ്രവും പ്രാന്തവും തമ്മിലുള്ള അംഗാംഗിപ്പൊരുത്തത്തിന്റെ പ്രശ്‌നമായതിനാല്‍ പ്രധാനമന്ത്രി സംസ്ഥാന സാംസ്‌കാരിക മന്ത്രിയും സാഹിത്യനായകരുമടങ്ങിയ നിവേദകസംഘത്തെ നിരാശരാക്കിയിരിക്കാന്‍ ഇടയില്ല.
പരിശോധിക്കാം, വിദഗ്ദ്ധസംഘത്തെ നിയമിക്കാം എന്നൊക്കെ അദ്ദേഹം സമ്മതിച്ചിരിക്കണം. രാഷ്ട്രീയത്തിന്റെ ശബ്ദതാരാവലിയില്‍ വാഗ്ദാനത്തിന്റെ വാക്കുകള്‍ക്കു പഞ്ഞമില്ല. ക്ലാസിക്കല്‍ കസേര കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് പതിവുപോലെ കേന്ദ്രത്തെ പഴിച്ചു തലയൂരാം. കിട്ടിയാല്‍ നൂറുകോടി രൂപയുടെ കേന്ദ്രസഹായം മാത്രമല്ല, ഭരണനേട്ടത്തിന്റെ പ്രതാപവുമുണ്ട്. ഇതോടെ മലയാളം രക്ഷപ്പെടുമോ എന്ന സാമാന്യസംശയമുള്ള ജനങ്ങള്‍ക്കാകട്ടെ പുതിയൊരു വാക്കു വീണുകിട്ടുന്നു -ക്ലാസിക്കല്‍ ഭാഷ.
പ്രഭാഷണച്ചന്തകളിലും തര്‍ക്കസദസ്സുകളിലും ഭാഷാഭിമാനവും ദേശാഭിമാനവുമുയര്‍ത്തി ചോര തിളപ്പിക്കാന്‍ പോന്ന പുതിയൊരു മുദ്രാവാക്യം. ദോഷൈകദൃക്കുകള്‍പോലും ഈ ആവശ്യത്തെ എതിര്‍ക്കാന്‍ മടിക്കും. അതുകൊണ്ടുതന്നെ മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി കിട്ടിയാലുമില്ലെങ്കിലും ഈ ആവശ്യം ഭരണകൂടത്തിന് ഒരു രാഷ്ട്രീയവിജയമാണ്, ചെലവില്ലാത്ത വിജയം.
മലയാളത്തിന് ക്ലാസിക്കല്‍ പദവി വേണമെന്ന ആവശ്യമുയരുന്നത് തൊട്ടയല്‍പ്പക്കത്തെ ബന്ധുക്കളായ തമിഴും കന്നഡയും തെലുങ്കും ആ പദവി കരസ്ഥമാക്കിയ പശ്ചാത്തലത്തിലാണ്. രാഷ്ട്രീയ വിലപേശല്‍ ബലംകൂടിയുണ്ടായിരുന്നു അവരുടെ നേട്ടത്തിന് പിന്നില്‍. 2004 സപ്തംബര്‍ 17ന് കേന്ദ്രമന്ത്രിസഭായോഗമാണ് ക്ലാസിക്കല്‍ ഭാഷകള്‍ എന്ന പുതിയ സംവര്‍ഗം രൂപപ്പെടുത്താനും തമിഴിന് ആ പദവി നല്‍കാനും തീരുമാനിച്ചത്. യു.പി.എ. സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയിലെ വാഗ്ദാനമായിരുന്നു അത്.
സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശപ്രകാരം ക്ലാസിക്കല്‍ പദവി നേടുന്ന ആദ്യഭാഷയായി തമിഴ് മാറി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ബലം ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നെങ്കിലും രണ്ടായിരത്തേളം വര്‍ഷത്തെ പഴക്കമുള്ള വ്യാകരണഗ്രന്ഥമായ 'തൊല്‍കാപ്പിയമുള്ള തമിഴിന്റെ അര്‍ഹത ആരും ചോദ്യം ചെയ്തില്ല.
2005 ഒക്ടോബറില്‍ സംസ്‌കൃതത്തിനും ക്ലാസിക്കല്‍ പദവി നല്‍കി. ആ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രമന്ത്രി ജയ്പാല്‍റെഡ്ഡി, ക്ലാസിക്കല്‍ പദവിയുടെ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുന്നതായും കന്നഡ, തെലുങ്കുഭാഷകളെക്കുടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണെന്നും അറിയിച്ചിരുന്നു. 2006 ആഗസ്ത് എട്ടിന് രാജ്യസഭയില്‍ ടൂറിസം - സാംസ്‌കാരിക മന്ത്രി അംബികാസോണി ക്ലാസിക്കല്‍ ഭാഷാ പരിഗണനയുടെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി.
ഭാഷയുടെ 1500-2000 വര്‍ഷത്തെ രേഖപ്പെടുത്തിയ ചരിത്രം, ആദ്യകാല കൃതികളുടെ പുരാതനത്വം; തലമുറകള്‍ അമൂല്യപൈതൃകമായി കരുതുന്ന പ്രാചീന സാഹിത്യവും കൃതികളും; മറ്റൊരു ഭാഷയില്‍ നിന്നു കടം കൊണ്ടതല്ലാത്ത മൗലിക സാഹിത്യപാരമ്പര്യം; ആധുനിക രൂപത്തില്‍ നിന്നു വ്യത്യസ്തമായ പ്രാചീന ഭാഷാരൂപം (പ്രാചീന രൂപത്തില്‍ നിന്നുണ്ടായ മറ്റു ഭാഷകളും ആധുനിക രൂപവും തമ്മില്‍ തുടര്‍ച്ചയില്ലായ്മ പോലുമുണ്ടാവാം) തുടങ്ങിയവയായിരുന്നു ആ മാനദണ്ഡങ്ങള്‍. 2008 ഒക്ടോബര്‍ 31 ന് കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കല്‍ പദവി കിട്ടി.
അതിപ്രാചീനമായ സാഹിത്യശേഖരമുള്ളതും ആധുനിക കാലത്ത് ഉപയോഗിക്കുന്നതില്‍ നിന്ന് ഭിന്നമായ മറ്റൊരു രൂപമുള്ളതും മറ്റു ഭാഷകളില്‍ ശക്തമായ സ്വാധീനത ചെലുത്തിയിട്ടുള്ളതുമായ ഭാഷകളെയാണ് പൊതുവേ ക്ലാസിക്കല്‍ ഭാഷകളെന്നു വ്യവഹരിക്കുന്നത് (വിശിഷ്ട ഭാഷയെന്നോ ഉത്കൃഷ്ട ഭാഷയെന്നോ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താം).
നഗ്രീക്ക്, ലാറ്റിന്‍, സംസ്‌കൃതം, തമിഴ്, അറബിക്, ചൈനീസ് എന്നിവ ഉദാഹരണം. പല ക്ലാസിക്കല്‍ ഭാഷകളും മൃതഭാഷകളാണ്, ജനങ്ങള്‍ നിത്യജീവിതാവശ്യത്തിനായി ഉപയോഗിക്കാത്തവ ചിലത് 'ഡൈഗ്ലോസിയ' എന്നു ഭാഷാശസ്ത്രത്തില്‍ പറയുന്ന ഇരട്ടത്വം കാണിക്കുന്നവയാണ്. ഒരു ജനസമൂഹം ഒരേ ഭാഷയുടെ രണ്ടുരൂപങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ് ഡൈഗ്ലോസിയ.
ഭാഷയുടെ ഇന്നത്തെ രൂപവും പ്രാചീന രൂപവും ഒരു ജനസമൂഹത്തിലുള്ള സ്ഥിതി (ഉദാഹരണം ഗ്രീക്ക്. ആധുനിക ഗ്രീക്കും പ്രാചീന ഗ്രീക്കും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്). ക്ലാസിക്കല്‍ ഭാഷകള്‍ ഏതൊക്കെയാണെന്ന് അംഗീകൃതമോ സര്‍വജനസമ്മതമോ ആയ തീര്‍പ്പുകളൊന്നുമില്ല. ആദ്യകാല യൂറോപ്യന്‍ പണ്ഡിതര്‍ ഗ്രീക്കിനും ലാറ്റിനും മാത്രമേ ആ വൈശിഷ്ട്യം കല്പിച്ചിരുന്നുള്ളൂ. പില്‍ക്കാല പണ്ഡിതര്‍ സംസ്‌കൃതത്തിനും ചൈനീസിനുമൊക്കെ മഹത്ത്വമുണ്ടെന്നു സമ്മതിച്ചു. സ്വാധീനതയും മേല്‍ക്കോയ്മാ ശക്തിയുമുണ്ടെങ്കിലും ഇംഗ്ലീഷ്, ഫ്രഞ്ച്, സ്​പാനിഷ് തുടങ്ങിയവ ക്ലാസിക്കലാണെന്ന് അവകാശപ്പെടുന്നില്ല.
ഇന്ത്യയില്‍ ബ്രിട്ടീഷ് കോളനി ഭരണാധികാരികള്‍ സംസ്‌കൃതത്തിനും പേര്‍ഷ്യനും അറബിക്കിനും പ്രത്യേക പരിഗണന നല്‍കിയിരുന്നു. ആവശ്യത്തിനു ഭാഷാഭിമാനബോധമുള്ള തമിഴര്‍ തങ്ങളുടെ ഭാഷയെ വിശിഷ്ടമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടോളമായി. ഇന്ത്യയ്ക്കു പുറത്തു പ്രവര്‍ത്തിക്കുന്ന തമിഴര്‍ പോലും അതിനുവേണ്ട വലിയ യത്‌നങ്ങള്‍ നടത്തി. എന്തിന്, തമിഴ്‌നാട്ടിലെ സി.പി.എം. പോലും തമിഴിന് ക്ലാസ്സിക്കല്‍ പദവി വേണമെന്ന് ആവശ്യപ്പെട്ടു. തമിഴ് അതു കൈവരിച്ചതോടെയാണ് കന്നഡയും തെലുങ്കും കളത്തിലിറങ്ങിയത്. ഒരുമിച്ചുള്ള മുന്നേറ്റമായിരുന്നു അത്.
2008 ജൂലായില്‍ കന്നഡ സംഘം, കന്നഡ സര്‍വകലാശാല, കന്നഡ വികസന അതോറിറ്റി, അന്ധ്രയിലെ കുപ്പത്തുള്ള ദ്രാവിഡ സര്‍വകലാശാല, ഹൈദരാബാദിലെ പോറ്റി ശ്രീരാമുലു തെലുങ്കു സര്‍വകലാശാല എന്നിവ ചേര്‍ന്ന് ക്ലാസിക്കല്‍ ഭാഷാപദവി ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ ഒരു ശില്പശാല സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വീരപ്പമൊയ്‌ലിയാണ് അത് ഉദ്ഘാടനം ചെയ്തതത്. തമിഴും മലയാളവും കന്നഡയും തെലുങ്കും ഒരേ പൈതൃകമുള്ളവയായിട്ടും തമിഴിനു മാത്രം അംഗീകാരം നല്‍കുകയും കന്നഡയ്ക്കും തെലുങ്കിനും അതു നിഷേധിക്കുകയും ചെയ്യുന്നതു ശരിയല്ലെന്ന് എഴുത്തുകാരന്‍ കൂടിയായ മൊയ്‌ലി വാദിച്ചു. (കുറ്റം പറയരുതല്ലോ, മലയാളത്തിനും നിഷേധിക്കരുതെന്ന് മൊയ്‌ലി മിണ്ടിയില്ല).
മലയാളമൊഴിച്ചുള്ള ദ്രാവിഡമൊഴികള്‍ ഉയര്‍ന്നു മുഴങ്ങിയ ആ ശില്പശാലയും അത് അംഗീകരിച്ച പ്രമേയവും രണ്ടു ഭാഷകള്‍ക്കും ക്ലാസ്സിക്കല്‍ പദവി ലഭിക്കുന്നതില്‍ വലിയ പങ്കാണു വഹിച്ചത്. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ വിജയം കൂടിയായിരുന്നു അത്. ഇനി നാം തിരിഞ്ഞു നോക്കുക. ക്ലാസ്സിക്കല്‍ പദവിക്കു വേണ്ടി വൈകിയുദിച്ച വിവേകവുമായി ഡല്‍ഹിക്കു പോകുന്ന നാം എന്തൊക്കെയാണ് മാതൃഭാഷയ്ക്കുവേണ്ടി ഇതുവരെ ചെയ്തത്. മലയാളത്തിന്റെ അര്‍ഹത, പ്രാചീനകൃതികളുടെ പഴക്കം, ഭാഷാരൂപങ്ങള്‍, ഉത്പത്തി തുടങ്ങിയ വിഷയങ്ങള്‍ പണ്ഡിതര്‍ തീരുമാനിക്കട്ടെ. പള്ളിക്കൂടത്തിലും പെരുവഴിയിലും അലയുന്ന മാതൃഭാഷയെക്കുറിച്ചു മാത്രം ആലോചിക്കാം. ഡല്‍ഹിയില്‍ നടന്ന ശില്പശാലയില്‍ കന്നഡ വികസന അതോറിറ്റി, കന്നഡ സര്‍വകലാശാല, തെലുങ്കു സര്‍വകലാശാല തുടങ്ങിയവയുണ്ടായിരുന്നു. കേരളത്തില്‍ അങ്ങനെയെന്തെങ്കിലും മലയാളികള്‍ കേട്ടിട്ടുണ്ടോ. കേരളപ്പിറവിക്കു ശേഷം വന്ന സര്‍ക്കാറുകളേതെങ്കിലും അതോര്‍ത്തിട്ടുണ്ടോ. എന്തിന്, ഉന്നത വിദ്യാഭ്യാസ രംഗത്ത് മലയാളം ഇപ്പോഴും രണ്ടാം ഭാഷയാണ്. പല സ്‌കൂളുകളിലും സ്‌പെഷല്‍ ഇംഗ്ലീഷ് പഠിച്ചാല്‍ മലയാളം പഠിക്കുകതന്നെ വേണ്ട. പ്ലസ് ടുവിന് സി.ബി.എസ്.ഇ.യാണെങ്കില്‍ മലയാളം തീരെ വേണ്ട. ക്ലാസിക്കല്‍ പദവിക്കു വേണ്ടി തുനിഞ്ഞിറങ്ങുന്ന നമുക്ക് മലയാളത്തെ ഒന്നാം ഭാഷയും നിര്‍ബന്ധിതവിഷയവുമാക്കാനുള്ള രാഷ്ട്രീയ വിവേകമോ ഇച്ഛാശക്തിയോ ഉണ്ടാകുമോ.
ക്ലാസിക്കല്‍ പദവിയുടെ നൂറുകോടി മണക്കുന്ന അഭിജാത്യത്തിനായി പുറപ്പെടുമ്പോള്‍ അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് ഭാഷാഭിമാനികള്‍ പൊറുക്കട്ടെ.
മലയാളം മരിക്കാതെ നിലനിര്‍ത്താന്‍ നാം എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്. തൊട്ടപ്പുറത്തെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ തമിഴറിയാത്തവര്‍ പത്താം തരത്തിലെ തമിഴിനു തുല്യമായ തമിഴ് യോഗ്യതാ പരീക്ഷ ജയിച്ചിരിക്കണം. കന്യാകുമാരി ജില്ലയിലെ കോളേജുകളില്‍ മലയാളം പഠിപ്പിക്കുന്നവര്‍ പോലും അങ്ങനെ ചെയ്യുന്നു. പണ്ട് ജോലികിട്ടിയിട്ട് തമിഴ് പഠിച്ചാല്‍ മതിയായിരുന്നു. ഇന്ന് അതുപറ്റില്ല. തമിഴ്‌നാട്ടിലെ ജോലിക്ക് ആദ്യം തമിഴ് എന്നതാണ് നിയമം. തമിഴ് മീഡിയമില്ലെങ്കില്‍ അവിടെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കില്ല.
കേരളത്തിലോ സര്‍ക്കാര്‍ എഴുത്തുകുത്തുകള്‍ മിക്ക വകുപ്പുകളിലും ഇംഗ്ലീഷിലാണിപ്പോഴും. ഭരണഭാഷ മലയാളമാണെന്നാണു വെപ്പ്. സെക്രട്ടറിക്ക് തന്നാട്ടുകാര്യങ്ങളെപ്പറ്റി ക്ലാര്‍ക്ക് എഴുതുന്ന 'നോട്ട്' ഇപ്പോഴും ഇംഗ്ലീഷില്‍തനെയുള്ള കേരളം ക്ലാസിക്കലാവാന്‍ ചമഞ്ഞിറങ്ങുന്നതില്‍ വേദനാകരമായ വൈരുദ്ധ്യങ്ങള്‍ പലതാണ്.
മാതൃഭാഷ പെരുവഴിയില്‍ നിന്നു നിലവിളിക്കുകയാണ്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിന്നു വ്യാകരണവും വൃത്താലങ്കാരങ്ങളും കാശിക്കു പോയി. അക്ഷരങ്ങളെല്ലാം ഉണ്ടായാല്‍ മാര്‍ക്കു നല്‍കണമെന്നാണ് പുതിയ വിധി. ഭാഷാഭ്രാന്തു വേണ്ടെങ്കിലും ഭാഷയ്ക്കുവേണ്ടി ചെറിയൊരു പനിയെങ്കിലുമാവാം.
നൂറു കോടിയിലും ക്ലാസിക്കലിലും ആഡംബരത്തിലുമൊന്നും തര്‍ക്കമില്ല. എന്നാല്‍ മലയാളം മരിക്കാതിരുന്നാലേ ആ പട്ടുവസ്ത്രങ്ങള്‍ കൊണ്ടു പ്രയോജനമുള്ളൂ. ക്ലാസിക്കലാകും മുമ്പ് മലയാളം തെറ്റില്ലാത്ത ഭാഷയായി ഉപയോഗിക്കാനുള്ള വഴിയുണ്ടാവണം. ആത്മാര്‍ഥതയും സത്യസന്ധതയും ധീരതയുമുള്ള ഏതെങ്കിലും സര്‍ക്കാറോ പാര്‍ട്ടിയോ നേതാവോ മലയാളത്തെ നിര്‍ബന്ധിത വിഷയവും ഒന്നാം ഭാഷയുമാക്കട്ടെ. കുറഞ്ഞത് അങ്ങനെയാക്കുന്നതിനെപ്പറ്റി സ്വന്തം അഭിപ്രായമെങ്കിലും വെളിപ്പെടുത്തട്ടെ.

കടപ്പാട്:
മാതൃഭൂമി

2010, മേയ് 24, തിങ്കളാഴ്‌ച

മലയാള ഐക്യവേദി

മാതൃഭാഷയെ സ്നേഹിയ്ക്കുക, മലയാള ഐക്യവേദിയില്‍ അണിചേരുക

നമ്മുടെ മാതൃഭാഷ മലയാളമാണല്ലോ. മാതൃഭാഷയെന്ന നിലയില്‍ ലോകത്തില്‍ ഇരുപത്തിയാറാമത്തെ സ്ഥാനമാണ്‌ മലയാളത്തിനുള്ളത്‌. യൂറോപ്പിലെ പല ഭാഷകളെക്കാളും അധികമാണ്‌ മാതൃഭാഷയെന്ന നിലയില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം. എല്ലാ ജനതയും അവരുടെ മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനക്കുകയും അതി പുരോഗതിക്ക്‌ ശ്രമിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ നാം മലയാളികള്‍ ഏറ്റവും പിന്നിലാണ്‌. നമ്മുടെ പൊതുജീവിതത്തില്‍ നാം മലയാളത്തിന്‌ വേണ്ട സ്ഥാനം കൊടുക്കുന്നില്ല. മലയാളം മാധ്യമമായ വിദ്യാലയങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. ഈ നിലയില്‍ പോകുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനമാധ്യമമെന്ന നിലയില്‍ മലയാളം പൂര്‍ണമായും തുടച്ചു നീക്കപ്പെടും. മാതൃഭാഷ വിദ്യാഭ്യാസരംഗത്ത്‌ അവഗണിക്കപ്പെടുന്നതിന്‌ കാരണമായി പറയാറുള്ളത്‌ അതില്‍ പഠിക്കുന്നവര്‍ക്ക്‌ തൊഴില്‍ ലഭിക്കുകയില്ല എന്നാണ്‌. കേരളത്തില്‍ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇവിടെത്തന്നെയാണ്‌ തൊഴില്‍ ചെയ്യുന്നത്‌ എന്ന കാര്യം ഇതു പറയുമ്പോള്‍ നാം ഓര്‍ക്കാറില്ല. പുറത്ത്‌ അനേകം രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്‌ ഇംഗ്ളീഷല്ല, അവിടത്തെ മാതൃഭാഷയാണ്‌. മലയാളമാധ്യമത്തില്‍ പഠിക്കുന്നവര്‍ക്കും ഇംഗ്ളീഷ്‌ പഠനം മെച്ചപ്പെടുത്തിയാല്‍ അന്യനാടുകളിലുള്ള ഉപയോഗത്തിന്‌ അത്‌ മതിയാകുകയും ചെയ്യും. അന്യനാട്ടില്‍ പോകുന്നവരുടെ കാര്യമിരിക്കട്ടെ. സ്വന്തം നാട്ടില്‍ത്തന്നെ മലയാളം അവഗണിക്കപ്പെടുന്നതിന്‌ എന്തു ന്യായീകരണമാണുള്ളത്‌?മാതൃഭാഷ പൊതുജീവിതത്തില്‍ ഉപയോഗിക്കാനും മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. ജനങ്ങളെ മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയിക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യവ്യവസ്ഥയില്‍ അധികാരികള്‍ക്കുമുണ്ട്‌. 1969 മുതല്‍ നമ്മുടെ ഭരണഭാഷ മലയാളമാണെന്ന്‌ സര്‍ക്കാര്‍ അംഗീകരിച്ചത്‌ ഏറെ ശ്രമങ്ങള്‍ക്കു ശേഷമാണ്‌. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരജികള്‍ മലയാളത്തിലാണ്‌ നല്‍കേണ്ടത്‌ എന്നും ഫയലുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നും നിയമമുണ്ട്‌. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നാണ്‌ നിയമം. കോടതിനടപടികള്‍ക്കും വിധിപ്രസ്താവത്തിനും മലയാളം ഉപയോഗിക്കാമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌. എന്നാല്‍ ഇന്നും നാം ഓഫീസുകളില്‍ മലയാളം ഉപയോഗിക്കാന്‍ തയ്യാറാവുന്നില്ല. കോടതികളുടെ കാര്യവും അതുതന്നെ. ഇതൊക്കെ പാലിക്കപ്പെടണമെങ്കില്‍പൊതുജീവിതത്തില്‍ നമ്മളും മലയാളം നിലനിര്‍ത്തേണ്ടതുണ്ട്‌. കടകളുടെ പേരുകള്‍ പോലും മലയാളത്തിലെഴുതുന്നതിന്‌ നാം മടിക്കുകയാണ്‌. മലയാളി മലയാളിക്ക്‌ നല്‍കുന്ന കല്യാണക്കത്തുകള്‍ ഇംഗ്ളീഷില്‍ മാത്രം അച്ചടിക്കുന്നതിന്‌ പിന്നിലുള്ളത്‌ ഭാഷയെക്കുറിച്ചുള്ള അഭിമാനക്കുറവ്‌ മാത്രമാണ്‌. ഇതെല്ലാം ചെയ്യുന്ന നമ്മുടെ പ്രതിനിധികള്‍ തന്നെയാണല്ലോ ഉദ്യോഗസ്ഥരായും അധികാരികളായും വരുന്നത്‌. എല്ലാ ആധുനിക ജനാധിപത്യസമൂഹങ്ങളും ഒരു സമൂഹമായി തങ്ങളെ തിരിച്ചറിയുന്നത്‌ മാതൃഭാഷയെ മുന്‍നിര്‍ത്തിയാണ്‌. മലയാളഭാഷ ഇല്ലാതാകുമ്പോള്‍ ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പാണ്‌ ഇല്ലാതാകുന്നത്‌. മാതൃഭാഷയ്ക്കു വേണ്ടിയുള്ള വാദം മറ്റു ഭാഷകള്‍ക്കെതിരല്ല. മറ്റു നാടുകളില്‍ നിന്ന്‌ വരുന്നവര്‍ കേരളത്തില്‍ ജോലി ചെയ്യുന്നതിനും വ്യക്തികളെന്ന നിലയില്‍ ഉദ്യോഗ-ഭരണതലത്തില്‍ പ്രവേശിക്കുന്നതിനും അത്‌ എതിരാവുന്നില്ല. എല്ലാ ജനതയും പരസ്പരം ഇടകലരുക എന്നത്‌ സ്വാഭാവികവും അനിവാര്യവുമായ ജനാധിപത്യ പ്രക്രിയയാണ്‌. ഒരു നാട്ടില്‍ ജീവിക്കേണ്ടത്‌ അവിടെ ജനിച്ചവര്‍ മാത്രമായിരിക്കണം എന്ന സങ്കുചിതമായ മണ്ണിണ്റ്റെ മക്കള്‍ വാദമല്ല, ഭരണത്തിലും പൊതുജീവിതത്തിലും മാതൃഭാഷ ഉപയോഗിക്കുക എന്നത്‌ ഒരു ജനതയുടെ അവകാശമാണ്‌ എന്ന വിശാലമായ ആധുനിക ജനാധിപത്യസങ്കല്‍പമാണ്‌ മാതൃഭാഷയ്ക്കു വേണ്ടി നിലക്കൊള്ളുന്നവരെ നയിക്കേണ്ടത്‌. അന്യനാടുകളില്‍ എത്തിച്ചേരുന്ന മലയാളികളും അവിടത്തെ ജനതയെയും അവിടത്തെ മാതൃഭാഷയെയും ബഹുമാനിക്കാന്‍ ബാധ്യസ്ഥരാണ്‌. കേരളത്തിനകത്തുതന്നെ ഭാഷാന്യൂനപക്ഷങ്ങളെയും ആദിവാസികളെയും അവരുടെ ഭാഷകളെയും നാം ബഹുമാനിക്കേണ്ടതുണ്ട്‌. മലയാളത്തിനു വേണ്ടി വാദിക്കുന്നത്‌ എല്ലാ ജനതകളുടെയും മാതൃഭാഷകളെ ബഹുമാനിക്കുന്നതിണ്റ്റെ ഭാഗമാണ്‌.മലയാളം നേരിടുന്ന അവഗണന തിരിച്ചറിഞ്ഞ്‌ മാതൃഭാഷയുടെ പ്രാധാന്യം ഉറപ്പിക്കാനാണ്‌ മലയാള ഐക്യവേദി എന്ന പേരില്‍ ഒരു കൂട്ടായ്മ സംസ്ഥാനത്താകമാനം പ്രവര്‍ത്തിക്കുന്നത്‌. വിദ്യാര്‍ത്ഥികളും അധ്യാപകരും എഴുത്തുകാരും സമൂഹത്തില്‍ എല്ലാ തരത്തിലുമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ആളുകളുടെ വിശാലമായ ഒരു കൂട്ടായ്മയാണിത്‌. സ്നേഹത്തിലും സൌഹൃദത്തിലും ജനാധിപത്യബോധത്തിലും ഊന്നുന്ന ഒരു സമൂഹം നിലനില്‍ക്കണമെങ്കില്‍ മാതൃഭാഷ നിലനില്‍ക്കേണ്ടതുണ്ട്‌ എന്ന ബോധമാണ്‌ ഈ കൂട്ടായ്മയെ ബന്ധിപ്പിക്കുന്നത്‌. രാഷ്ട്രീയ-മത-ജാതി പരിഗണനകള്‍ക്കതീതമായി നില്‍ക്കുന്ന ഈ കൂട്ടായ്മയിലേക്ക്‌ എല്ലാ ഭാഷാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു. ഓരോ പ്രദേശത്തും നമുക്ക്‌ ഇത്തരം കൂട്ടായ്മകള്‍ പടുത്തുയര്‍ത്താം.

സ്നേഹപൂര്‍വം( ഒപ്പ്‌ )

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍,‍ പ്രസിഡന്‍റ്റ്

കെ.എം.ഭരതന്‍, ജന. സെക്രട്ടറി

പി. പവിത്രന്‍, കണ്‍വീനര്‍

ഈ മാസത്തെ ജനപ്രിയ പോസ്റ്റുകള്‍‌

ലേബലുകളിലൂടെ തിരയൂ...

അജിത്. കെ (1) അടൂര്‍ (1) അനുസ്മരണം (1) അരുണ്‍. എസ്. ശശി (1) അസീസ് തരുവണ (1) ആദരാഞ്ജലികള്‍ (2) ആര്‍.വി.ജി.റിപ്പോര്‍ട്ട് (1) ആലപ്പുഴ (1) ആല്‍ബം (7) ആശംസകള്‍ (4) ഇ.ദിനേശന്‍ (1) ഇന്ത്യാ ടുഡേ (4) ഉത്തരവ് (8) ഉപവാസ സമരം (1) ഉമ്മര്‍. ടി. കെ (1) എ.എന്‍.പി. ഉമ്മര്‍കുട്ടി (1) എഡിറ്റോറിയല്‍ (12) എന്‍. വി. പി. ഉണ്ണിത്തിരി (1) എം. ആര്. രാഘവവാര്യര് (1) എം.ടി. (2) എം.പി. വീരേന്ദ്രകുമാര്‍ (1) എര്‍ണാകുളം (3) എസ്. ആര്‍. ഹരീഷ് (1) എസ്.സി.ഇ.ആര്‍.ടി. (1) ഐക്യമലയാള പ്രസ്ഥാനം (3) ഒന്നാം ഭാഷ (12) ഓണ്‍ലൈന്‍ പ്രചരണം (1) ഓർഡിനൻസ് (1) ഓര്‍മിപ്പിക്കല്‍ സമരം (1) ഔദ്യോഗികഭാഷ (3) കണ്ണൂര്‍ (8) കത്ത് (5) കന്നട (1) കരുണാനിധി (1) കല്പറ്റ നാരായണന്‍ (1) കല്‍പറ്റ നാരായണന്‍ (1) കവിത (1) കാര്‍ട്ടൂണ്‍ (1) കാവുമ്പായി ബാലക‍ൃഷ്ണന്‍ (1) കാസര്‍കോട് (4) കൃഷ്ണയ്യര്‍ (1) കെ. എം. അബ്ദുള്‍ സലാം (1) കെ.കെ.കൊച്ച് (1) കെ.പി.രാമനുണ്ണി (6) കേരള സിലബസ് (1) കേരളകൌമുദി (6) കൈരളി ടിവി (2) കൊയിലാണ്ടി (1) കൊല്ലം (1) കോടതിഭാഷ (21) കോണ്ടാക്റ്റ് (1) കോഴിക്കോട് (10) ക്യാമ്പ് (2) ക്ലാസിക്കല്‍ പദവി (1) ഗീത (2) ഗൂഗിള് ട്രാന്സ്ലേറ്റ് (1) ഗ്രന്ഥാലോകം (1) ചലച്ചിത്രോത്സവം (1) ചാനല്‍ ചര്‍ച്ച (1) ചിത്രങ്ങള്‍ (49) ജനയുഗം (8) ജന്മഭൂമി (3) ജില്ലാ കൂടിയിരുപ്പ് (1) ജില്ലാ ക്യാമ്പ് (1) ജില്ലാ സമിതി (3) ജില്ലാ സംഗമം (1) ജില്ലാ സമ്മേളനം (14) ജോര്‍ജ് വര്‍ഗീസ് (1) ടി. മധു (1) ടിക്കറ്റ് (1) ഡി. ദയാനന്ദന്‍ (1) ഡി. വിനയചന്ദ്രന്‍ (1) തമിഴ് (3) തിരുവനന്തപുരം (21) തുഞ്ചന്‍ ഉത്സവം (2) തൃശ്ശൂര്‍ (3) തേജസ് (2) ദ ഹിന്ദു (5) ദേശാഭിമാനി (22) ധര്‍ണ്ണ (4) നടുവട്ടം ഗോപാലകൃഷ്ണന്‍ (1) നിയമസഭയില്‍ ലഭിച്ച മറുപടി (1) നിയമസഭാ മാര്‍ച്ച് (1) നിരാഹാരസമരം (2) നിവേദനം (2) നോട്ടീസ് (34) പത്തനംതിട്ട (4) പത്രക്കുറിപ്പ് (3) പത്രസമ്മേളനം (2) പരമ്പര (1) പാഠപുസ്തകം (1) പാലക്കാട് (14) പാലോട് രവി (1) പി. കെ. ശ്രീകുമാര്‍ (1) പി. ജെ. ഫ്രാന്‍സിസ് (1) പി. സുരേഷ് (1) പി.ആര്‍.നാഥന്‍ (1) പി.ഐ. ശങ്കരനാരായണന്‍ (1) പി.കെ.രാജശേഖരന്‍ (1) പി.ജി. (1) പി.പവിത്രന്‍ (22) പുസ്തകപരിചയം (2) പൊതുവിദ്യാഭ്യാസം (2) പോസ്റ്റര്‍ (12) പ്രതികരണം (1) പ്രബന്ധാവതരണ പരമ്പര (1) പ്രബന്ധാവതരണം (1) പ്രാദേശിക സമിതി (10) പ്രേമചന്ദ്രന്‍ (2) പ്ലസ് വണ്‍ (5) ഫീച്ചര്‍ (1) ബി.എസ്.വാരിയര്‍ (1) ബ്ലോഗന (1) ഭരണ ഭാഷ (1) ഭാരവാഹികള്‍ (2) ഭാഷ (4) ഭാഷാനിയമം (2) ഭാഷാപോഷിണി (1) മനോരമ ഓണ്‍ലൈന്‍ (2) മംഗളം (5) മലപ്പുറം (31) മലയാള മനോരമ (21) മലയാള സര്‍വകലാശാല (8) മലയാളം (6) മലയാളം ടെക്സ്റ്റ് (5) മലയാളം വാരിക (5) മറാത്തി (1) മാതൃഭാഷാദിനം (45) മാതൃഭാഷാവകാശജാഥ (9) മാതൃഭാഷാസംഗമം (9) മാതൃഭൂമി (131) മാതൃഭൂമി ആഴ്ചപ്പതിപ്പ് (3) മാധ്യമം (16) മാസിക (1) മിനിറ്റ്സ് (1) മൊബൈല്‍ (1) രാഘവന്‍ പയ്യനാട് (2) രാജന്‍ ഗുരുക്കള്‍ (1) രൂപരേഖ (1) ലേഖനം (112) വത്സലന്‍ വാതുശ്ശേരി (1) വയനാട് (6) വായനശാല (1) വാര്‍ത്ത (209) വാർത്ത (9) വാര്‍ഷികം (3) വി. ആര്‍. കൃഷ്ണയ്യര്‍ (1) വി. പി. മാര്‍ക്കോസ് (1) വി.ആർ.കൃഷ്ണയ്യർ (1) വി.സി.അഭിലാഷ് (1) വിക്കിപീഡിയ (1) വിജ്ഞാന മലയാളം (18) വിജ്ഞാനകൈരളി (27) വിദ്യ. എസ് (1) വിദ്യാര്‍ത്ഥി മലയാളവേദി (6) വീക്ഷണം (1) വീരേന്ദ്രകുമാര്‍ (1) ശങ്കരനാരായണന്‍ (1) ശാസ്ത്രഭാഷ ഗവേഷണഭാഷ (1) ശാസ്ത്രവാര്‍ത്തകള്‍ (11) ശില്പശാല (1) ഷാജി ജേക്കബ് (1) ഷിജു. ആര്‍ (1) സതീശ് സൂര്യന്‍ (1) സബ്ടൈറ്റില്‍ (1) സമഗ്ര മലയാള നിയമം (19) സമഗ്രമലയാള നിയമം (4) സമരം (7) സമരവിളംബരം (9) സംഘടന (1) സംസ്ഥാന സമ്മേളനം (26) സി. രാധാകൃഷ്ണന്ർ (1) സി. ശ്രീകുമാര്‍ (1) സിന്ധു (1) സിലബസ് (1) സിറാജ് (3) സുകുമാര്‍ അഴീക്കോട് (1) സുബൈര്‍ അരിക്കുളം (4) സെക്രട്ടറിതലസമിതി (1) സെമിനാര്‍ (4) സൗമ്യ ബേബി (1) സ്കൂള്‍ (1) ഹരജി (1) ഹിന്ദി പാഠപുസ്തകം (2) ഹേമ ജോസഫ് (1)